മദ്യം : തിന്മകളുടെ മാതാവ്‌

നബി തിരുമേനി പറയുന്നു: ''മദ്യം തിന്മകളുടെ മാതാവും മഹാപാപവുമാണ്. (ത്വബ്‌റാനി)

മദ്യം തിന്മകളുടെ താക്കോലാണെന്നും മ്ലേച്ഛവൃത്തികളുടെ മാതാവാണെന്നുമൊക്കെ വിശേഷിപ്പിക്കുന്ന വേറെയും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം ഒരു സാമൂഹ്യതിന്മയാണെന്ന കാഴ്ചപ്പാടാണ് ഇത്തരം ഹദീസുകളുടെ അന്തസ്സത്ത. മദ്യോപയോഗം ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. അത് സാമൂഹ്യജീവിതത്തെ ആകപ്പാടെ താളം തെറ്റിക്കുന്നു. ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

''മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഭയങ്കരമായ ദോഷമാണുള്ളത്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ ദോഷവശം പ്രയോജനത്തേക്കാള്‍ എത്രയോ വലുതാണ്''(വി.ഖു 2:219). മദ്യപാനവും ചൂതാട്ടവുംവഴി മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വളരുമെന്നും (5:90,91) ഖുര്‍ആന്‍ പറയുന്നുണ്ട്.

നിത്യേന പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മദ്യത്തെ സംബന്ധിച്ച തിരുവചനങ്ങളെ സാധൂകരിക്കുകയാണ്. മദ്യലഹരിയില്‍ ലക്കുകെടുന്നവര്‍ ബന്ധങ്ങളുടെ എല്ലാ പവിത്രതകളെയും ചവിട്ടിമെതിക്കുന്നു. ദാമ്പത്യത്തെയും കുടുംബബന്ധങ്ങളെയും തകര്‍ക്കുന്ന പ്രധാന വില്ലന്‍ മദ്യംതന്നെ. മദ്യപിക്കുന്നയാള്‍ അനുഭവിക്കുന്ന നൈമിഷികമായ ആസ്വാദനത്തിന് കനത്തവിലയാണ് സമൂഹം നല്‍കുന്നത്. റോഡപകടങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍, ഗാര്‍ഹിക പീഡനം, നിരവധി രോഗങ്ങള്‍ എന്നിങ്ങനെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം മദ്യോപയോഗമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് മദ്യത്തെ സമ്പൂര്‍ണമായി വര്‍ജിക്കാന്‍ പ്രവാചകന്‍ കര്‍ശനമായി ആവശ്യപ്പെടുന്നത്. ലഹരി ബാധിക്കുന്ന ഒരാളുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. ബോധത്തെ വഴിതെറ്റിക്കുകയാണ് ലഹരിവസ്തുക്കള്‍ ചെയ്യുന്നത്. സ്വബോധം ഇല്ലാതാവുന്നതോടെ കര്‍തൃത്വം നഷ്ടപ്പെട്ട ഒരു ജീവിയായി മനുഷ്യന്‍ അധപ്പതിക്കുന്നു. അതിനാല്‍ ''ലഹരിയുണ്ടാക്കുന്നതൊക്കെ മദ്യവും മദ്യമൊക്കെ നിഷിദ്ധവുമാണ്.'' (മുസ്‌ലിം)

മദ്യവും ചൂതാട്ടവും ബന്ധപ്പെടുത്തിയാണ് പല ഖുര്‍ആന്‍ വചനങ്ങളും നബിമൊഴികളുമെന്നത് ചിന്തനീയമാണ്. രണ്ടിലും അടങ്ങിയിട്ടുള്ള ആസക്തിയും പ്രലോഭനീയതയുമാവാം ഈ ചേര്‍ച്ചയുടെ അടിസ്ഥാനം. ഒരു മുഴുക്കുടിയന്‍ എല്ലാം വിറ്റു തുലച്ചും മദ്യത്തെ പ്രാപിക്കുന്നപോലെ, മദ്യം സൃഷ്ടിക്കുന്നതിനു സമാനമായ സ്വപ്നതുല്യമായ ആര്‍ത്തിയും ആസക്തിയുമാണ് ഒരു ചൂതാട്ടക്കാരനെയും നയിക്കുന്നത്. വരുംവരായ്കകളും യാഥാര്‍ഥ്യബോധവും രണ്ടുപേര്‍ക്കും വിനഷ്ടമായിരിക്കും. ആസക്തികള്‍ പെരുകുന്നത് ഘട്ടംഘട്ടമായാണ്. ഒരു കവിള്‍ കുടിച്ചുതുടങ്ങുന്നവന്‍ ക്രമത്തില്‍ മുഴുക്കുടിയനാകും. 'ഒന്നുവെച്ചാല്‍ പത്തു' കിട്ടുമെന്നാശിക്കുന്നവന്‍ ക്രമത്തില്‍ ഒന്നുവെച്ചു തുടങ്ങി ഒടുവില്‍ ഒന്നുമില്ലാതാകും. ''അധികമുപയോഗിക്കുമ്പോള്‍ ലഹരിയാകുന്നത് അല്പം ഉപയോഗിക്കുന്നതും നിഷിദ്ധം തന്നെയാണ്.'' (നസാഇ).

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം