ആയിരം മാസങ്ങളേക്കാള്‍ ഉത്തമം

വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹവര്‍ഷമായി കടന്നുവരുന്ന പരിശുദ്ധ റംസാന്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി എന്ന സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നു. അതില്‍ ഏറ്റവും പ്രധാനമായതു പരിശുദ്ധ ഖുര്‍ആന്‍റെ അനുകരണമാണ്. മാനവരാശിയുടെ ചരിത്രത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു തിരികൊളുത്തി മാനവസമൂഹത്തിനാകമാനം നന്മയിലേക്കുള്ള പാത തുറന്നുകൊടുത്ത ജ്ഞാനസ്രോതസായി ഈ അമൂല്യഗ്രന്ഥം ദൈവമഹത്വവും മനുഷ്യസമത്വവും വിളംബരം ചെയ്തു വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നിലകൊള്ളുന്നു. അതെ” മാനവരാശിക്കു മാര്‍ഗദര്‍ശനവും സന്മാര്‍ഗത്തിന്‍റെയും സത്യാന്വേഷണവിവേചനത്തിന്‍റെയും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍”-(വി:ഖു: 2:185).

പരിശുദ്ധ ഖുര്‍ആന്‍റെ അവതരണം നിമിത്തം അവാച്യമായ അനുഭൂതികള്‍ കൊണ്ടും അവര്‍ണനീയമായ ശ്രേഷ്ഠതകള്‍ കൊണ്ടും ധന്യമായ രാത്രിയാണു ലൈലത്തുല്‍ ഖദര്‍. മറ്റുമാസങ്ങളെ അപേക്ഷിച്ചു ഖുര്‍ആന്‍റെ അവതരണമാണു റംസാന്‍ മാസത്തിനു ശ്രേഷ്ഠത നല്‍കുന്നതെങ്കില്‍ ലൈലത്തുല്‍ ഖദ്ര്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് അവസാന പത്തിന്‍റെ ശ്രേഷ്ഠത. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാത്രി- 83 വര്‍ഷക്കാലത്തെ നിരന്തര പുണ്യകര്‍മാനുഷ്ഠാനത്തിനു ലഭ്യമാകുന്ന പ്രതിഫലം ഒറ്റരാത്രി കൊണ്ടു നേടിയെടുക്കാന്‍ മാത്രം ഉദാത്തമായ രാത്രി, മലക്കുകളില്‍ പ്രധാനിയായ ജിബ്രീല്‍(അ)മറ്റു മലക്കുകളോടൊപ്പം എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള രക്ഷിതാവിന്‍റെ ഉത്തരവുമായി ഭൂമിയിലിറങ്ങി ശാന്തിയും സമാധാനവും നേടുന്ന അനുഗ്രഹീത രാത്രി, ഖുര്‍ആന്‍റെ അവതരണവും മലക്കുകളുടെ സാന്നിധ്യവും അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിന്‍റെയും നിരന്തര പ്രവാഹവും പാപമോചനവും കൊണ്ടു ബഹുമാനിക്കപ്പെടുകയും ആ രാത്രി സജീവമാക്കിയവന്‍ ബഹുമാനിതനാകുകയും ചെയ്യുന്ന രാത്രി, യുക്തമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു നിര്‍ണയിക്കപ്പെടുന്ന രാത്രി... എന്നിങ്ങനെ സവിശേഷതകള്‍ നിരവധിയാണ് ഈ രാത്രിക്ക്.

“നിശ്ചയം നാം അതിനെ(ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്നു നിനക്കറിയുമോ?. നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ സമാധാനമത്രെ അത് ‘(അധ്യായം 97) “ തീര്‍ച്ചയായും നാം അതിനെ(ഖുര്‍ആനിനെ) അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പു നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.’(വി.ഖു: 44:3,4)

“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നിന്നു നമസ്കരിച്ചാല്‍ അവന്‍ മുന്‍പു ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും’.(നബിവചനം)

ഏതു രാത്രിയായിരിക്കും ലൈലത്തുല്‍ ഖദ്റായി വരിക എന്നു ഖണ്ഡിതമായി അറിയിക്കപ്പെട്ടിട്ടില്ല. 23, 25, 27, 29 എന്നൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ഇമാം ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ടു 46 വീക്ഷണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. അബു സഈദുല്‍ ഖുദ്രി(റ) ഇരുപത്തിയൊന്നാം രാവിലാണെന്നും ഉബയുബ്നു കഅ്ബ്(റ) ഇരുപത്തിയേഴാം രാവിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നു അബാസ്(റ) 23,27 എന്നീ രാവാകാം എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നിഗമനങ്ങള്‍ മാത്രമാണ്.

by സലാഹുദ്ദീന്‍ മദനി @ മെട്രോ വാര്‍ത്ത