ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗം

ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും അടിസ്ഥാനപരമായി ദൈവികപ്രീതിയും സ്വര്‍ഗവും ലക്ഷ്യംവെച്ചുകൊണ്ടാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. എന്നാല്‍ ഹജ്ജ്‌ ചെയ്‌ത സത്യവിശ്വാസികള്‍ക്ക്‌ സ്വര്‍ഗത്തില്‍ കുറഞ്ഞ യാതൊരു പ്രതിഫലവും അല്ലാഹു കൊടുക്കാനുദ്ദേശിക്കുന്നില്ല. ഒരു നബിവചനം നോക്കൂ:

ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്‌. പുണ്യകരമായ ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.'' (ബുഖാരി, മുസ്‌ലിം)

ഈ നബിവചനം ഹജ്ജിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ഇതിന്‌ സമാനമായ പ്രയോഗം ശത്രുവുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടിവരുന്ന ജിഹാദിന്റെ പശ്ചാത്തലത്തിലാണ്‌ നബി(സ) നടത്തിയിട്ടുള്ളത്‌. യുദ്ധത്തിന്‌ പുറപ്പെടാന്‍ നബി(സ) സ്വഹാബികളോട്‌ ആഹ്വാനം ചെയ്‌തപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ, യുദ്ധത്തിന്‌ വന്നാല്‍ എന്താണ്‌ നേട്ടം? പ്രവാചകന്റെ മറുപടി പെട്ടന്നായിരുന്നു: `നിനക്ക്‌ സ്വര്‍ഗമുണ്ട്‌' എന്ന്‌.

ജിഹാദ്‌ പോലെ ക്ഷമയും ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അനിവാര്യമായ ഒരാരാധനയാണ്‌ ഹജ്ജ്‌. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, സ്‌ത്രീകള്‍ക്ക്‌ ജിഹാദുണ്ടോ? പ്രവാചകന്റെ മറുപടി `അതെ' എന്നായിരുന്നു. അദ്ദേഹം വിശദീകരിച്ചു: ``അവര്‍ക്ക്‌ ജിഹാദുണ്ട്‌. അതില്‍ പോരാട്ടമില്ല. ഹജ്ജും ഉംറയുമാണത്‌.'' (അഹ്‌മദ്‌, ഇബ്‌നുമാജ)

സ്‌ത്രീകളുടെ ജിഹാദ്‌ ഹജ്ജും ഉംറയുമാണെന്ന്‌ വ്യക്തമാക്കിയ പ്രവാചകന്‍ ഹജ്ജിനും ജിഹാദിനും സ്വര്‍ഗം തന്നെയാണ്‌ പ്രതിഫലം എന്ന്‌ ഊന്നിപ്പറയുകയും ചെയ്‌തിരിക്കുന്നു. സ്വര്‍ഗം നേടാന്‍ അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ്‌ ഹജ്ജ്‌ ചെയ്യുന്ന ഓരോ സത്യവിശ്വാസിയും കടന്നുപോകുന്നത്‌. ഹജ്ജ്‌ ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്‌. അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക്‌ അവന്‍ ഉന്നമനം നല്‌കും. അവര്‍ പാപമോചനത്തിന്‌ ചോദിച്ചാല്‍ പാപം പൊറുത്തുകൊടുക്കും'' എന്നിങ്ങനെയാണ്‌ ഹാജിമാരുടെ സുവര്‍ണാവസരങ്ങളെ പ്രവാചകന്‍ വിവരിച്ചിട്ടുള്ളത്‌. ഒടുവില്‍ മാതാവ്‌ പ്രസവിച്ച ദിവസത്തെപ്പോലെ പരിപൂര്‍ണ പരിശുദ്ധിനേടി പാപ കളങ്കം ഒട്ടുമില്ലാതെ ഹജ്ജ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കുന്നു. ഇങ്ങനെ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ്‌ നിര്‍വഹിച്ച വ്യക്തിക്കാണ്‌ അല്ലാഹു സ്വര്‍ഗം വാഗ്‌ദാനം ചെയ്‌്‌തിട്ടുള്ളത്‌.

ഹജ്ജ്‌ ഉള്‍പ്പെടെയുള്ള ആരാധനകളും സല്‍കര്‍മങ്ങളും അല്ലാഹു പരിഗണിച്ച്‌ പ്രതിഫലം നല്‌കണമെങ്കില്‍ കണിശമായ നാല്‌ നിബന്ധനകള്‍ പാലിച്ചിരിക്കണം. സത്യവിശ്വാസത്തിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ പിന്‍ബലത്തോടെ (ഈമാനോടെയും തൗഹീദോടെയും) നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. അല്ലാഹുവിന്‌ വേണ്ടി മാത്രം എന്ന നിഷ്‌കളങ്ക ബോധത്തോടെയായിരിക്കണം അത്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ നിയ്യത്തും ഇഖ്‌ലാസും വേണം. തന്റെ ഈ സല്‍കര്‍മത്തിന്‌ അല്ലാഹു പ്രതിഫലം നല്‌കുമെന്ന ബോധവും പ്രതീക്ഷയും വേണം. അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ സ്വീകരിക്കട്ടെ എന്ന അസ്ഥിരതയിലാവരുത്‌. അഥവാ സല്‍ക്കര്‍മങ്ങള്‍ക്ക്‌ പ്രചോദനമായി ഇഹ്‌തിസാബ്‌ (കൂലികിട്ടുമെന്ന പ്രതീക്ഷ) വേണം. ചെയ്യുന്ന കര്‍മങ്ങള്‍ മതാനുശാസിതമാണെന്ന്‌ അഥവാ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. `ഇത്തിബാഉര്‍റസൂല്‍' അഥവാ പ്രവാചകനെ പിന്‍പറ്റല്‍ എന്ന ഘടകം ആരാധനകളുടെ സ്വീകാര്യതയെന്ന്‌ അനിവാര്യമാണ്‌.

ഈ നാല്‌ നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ഹജ്ജ്‌ എന്ന ത്യാഗനിര്‍ഭരമായ പുണ്യകര്‍മം സാര്‍ഥകമാകുകയുള്ളൂ. ഇന്ന്‌ കുറെയാളുകള്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കുന്നത്‌ തൗഹീദിന്റെ പിന്‍ബലത്തോടെയല്ല. ഹജ്ജിന്‌ പോകുമ്പോഴും തിരിച്ചുവന്നാലും ധാരാളം ജാറങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ച്‌ മരിച്ചുപോയ മഹാന്മാരുടെ പൊരുത്തം തേടുന്നു! വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മിനായിലെ ടെന്റുകള്‍ക്ക്‌ തീ പിടിച്ചപ്പോഴും കഴിഞ്ഞ ഒരു വര്‍ഷം ജംറയിലെ കല്ലെറിയല്‍ കര്‍മത്തിനിടക്ക്‌ തിക്കിലും തിരക്കിലും പെട്ട്‌ ദുരന്തമുണ്ടായപ്പോഴും ബദ്‌രീങ്ങളെയും മമ്പുറത്തെ തങ്ങളെയും വിളിച്ചു കേഴുന്ന മലയാളി ഹാജിമാരെ കാണാമായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു! തൗഹീദിന്റെ വിളികേട്ട്‌ തൗഹീദിന്റെ പുണ്യഭൂമിയിലെത്തിയിട്ടും ചില ഹാജിമാര്‍ ശിര്‍ക്കിന്റെ മന്ത്രങ്ങളുരുവിടുന്നത്‌ ഏതൊരു സത്യവിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്‌. പ്രവാചകന്റെ ഹജ്ജും ഉംറയും എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായും വ്യക്തമായും ഹദീസ്‌ ഗ്രന്ഥങ്ങളിലുള്ളത്‌ കാണാതെയും ഗൗനിക്കാതെയും അനാചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ഹജ്ജ്‌ ചെയ്‌ത്‌ സായൂജ്യമടയുന്നവരെയും കാണാം. പൊങ്ങച്ചത്തിന്റെയും പ്രശസ്‌തിയുടെയും പേരില്‍ ഹജ്ജിനെത്തുന്നവരുണ്ട്‌. പ്രവാചകന്‍ സ്വര്‍ഗമുണ്ടെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഹജ്ജ്‌ ഇതൊന്നുമല്ല എന്ന്‌ നാം തിരിച്ചറിയുക.

മനുഷ്യന്റെ ശാരീരികം, മാനസികം, സാമ്പത്തികം എന്നീ ത്രിതല മാനങ്ങളെ തുല്യപ്രാധാന്യത്തോടെ പങ്കാളിയാക്കി വിശ്വാസിയെ പൂര്‍ണമായും ദൈവാര്‍പ്പണ മനസ്‌കനാക്കുന്ന മഹത്തായ ഒരാരാധനയാണ്‌ ഹജ്ജ്‌. കഅ്‌ബ എന്ന കേന്ദ്രബിന്ദുവില്‍ ഭൂലോകവാസികളിലെ സത്യവിശ്വാസികളുടെ ലക്ഷക്കണക്കിനു പ്രതിനിധികള്‍ ഒത്തുചേരുന്ന മഹത്തായ ഒരു ദൃശ്യമാണ്‌ ഹജ്ജ്‌. ഇസ്‌ലാമിന്റെ സമഭാവന പൂത്തുലഞ്ഞു നില്‌ക്കുകയും ഈമാന്‍ പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കര്‍മരംഗങ്ങളുടെ സമ്മേളനമാണ്‌ ഹജ്ജ്‌. അഥവാ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന അനുഭൂതിദായകമായ പുണ്യകര്‍മമായ ഹജ്ജ്‌ നിര്‍വഹിക്കാന്‍ വിശുദ്ധഭൂമിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവര്‍ അല്ലാഹുവിന്റെ അതിഥികളാണെന്ന വിശേഷണം ആരെയാണ്‌ കുളിരണിയിക്കുന്നത്‌. പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന തൗഹീദിന്റെ പുണ്യഭൂമിയില്‍ ദിനരാത്രങ്ങള്‍ ചെലവിടാന്‍ അവസരം ലഭിച്ച ഹാജിമാര്‍ മഹാഭാഗ്യവാന്മാര്‍. മനസ്സും ശരീരവും ശിര്‍ക്കില്‍ നിന്ന്‌ പരിശുദ്ധമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരം ഹാജിമാര്‍ ശരിയാംവിധം ഉപയോഗപ്പെടുത്തേണ്ടതാണ്‌.

by കെ പി എസ്‌ ഫാറൂഖി @ ശബാബ്

തീവ്രതയില്ലാത്ത മതം

നബി(സ) പറഞ്ഞു: ഈ മതം സുദൃഢമാണ്‌. അതിനാലതില്‍ സൗമ്യതയോടെ പ്രവേശിക്കുക. നിന്റെ നാഥന്നുള്ള ആരാധനകള്‍ നിനക്കൊരിക്കലും അരോചകമാകാതിരിക്കട്ടെ. തീവ്രവാദി ഒരു യാത്രയും പൂര്‍ത്തീകരിക്കുകയോ ഒരു വാഹനവും ബാക്കിയാക്കുകയോ ഇല്ല. അതിനാല്‍ ഒരിക്കലും മരിക്കില്ലെന്ന്‌ കരുതുന്നവനെപ്പോലെ കര്‍മംചെയ്യുകയും നാളെത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ ജാഗ്രത പാലിക്കുകയും ചെയ്യുക.'' (ബൈഹഖി)

ഇസ്‌ലാം മതം സുദൃഢമാണ്‌. വക്രതയില്ലാത്തതും സംശയത്തിന്നിടയില്ലാത്തതുമായ മതം. വ്യക്തവും ശുദ്ധവും പവിത്രവുമാണത്‌. നമ്മെ പടച്ച്‌ പരിപാലിക്കുന്ന, എല്ലാം ഏറ്റവും നന്നായി അറിയുന്നവന്റെ മതം. ആ മതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണം.

ഭൗതിക പ്രസ്ഥാനത്തിലോ രാഷ്‌ട്രീയപ്പാര്‍ട്ടികളിലോ മെമ്പര്‍ഷിപ്പെടുക്കുന്ന രീതിയിലല്ല അല്ലാഹുവിന്റെ മതം സ്വീകരിക്കേണ്ടത്‌. ഹൃദയത്തിന്റെ ഉള്ളറകളിലുള്ള അടയാളപ്പെടുത്തലാണത്‌. വിശുദ്ധമായൊരു സാക്ഷ്യവാക്യം ഉരുവിട്ടുകൊണ്ടാണത്‌ ചെയ്യുന്നത്‌. അത്‌ ഹൃദയത്തില്‍ നിന്നുയരുന്നതാണ്‌. അതൊരു പേരുമാറ്റമല്ല, മനം മാറ്റമാണ്‌. സ്വഭാവ സംസ്‌കരണമാണ്‌. സര്‍വശക്തനായ ദൈവത്തിനു മുമ്പിലുള്ള കീഴൊതുങ്ങലാണ്‌. സംഘര്‍ഷമില്ലാത്ത ദിനങ്ങളിലേക്കുള്ള ശാന്തമായ കടന്നുവരവാണ്‌. ആ മാറ്റം പ്രാര്‍ഥനയോടെയാണ്‌. നിലയ്‌ക്കാത്ത സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും തള്ളിച്ചയാണവിടെ പ്രകടമാകുന്നത്‌. പശ്ചാത്താപത്തിന്റെ വിശുദ്ധിയാണവിടെ പ്രസരിക്കുന്നത്‌. അജ്ഞതയുടെയും അന്ധകാരത്തിന്റെയും കെട്ടിക്കുടുക്കുകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണത്‌. അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്കുള്ള കയറിവരവ്‌.

വിശ്വാസിക്ക്‌ പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്ന ആഗ്രഹമാണ്‌. അവന്റെ മനസ്സ്‌ എപ്പോഴും പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. അവന്‌ ആരാധനകള്‍ അരോചകമാവില്ല. വിശ്വാസത്തിന്‌ തളര്‍ച്ച ബാധിക്കുമ്പോഴാണ്‌ ആരാധനയില്‍ മടുപ്പുവരിക. മനസ്സിനകത്തെ താല്‌പര്യമാണ്‌ കര്‍മങ്ങളുടെ സ്വീകാര്യതയ്‌ക്ക്‌ പരിഗണിക്കപ്പെടുകയെന്ന്‌ നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധത്തോടെയാവണം ആരാധനാകര്‍മങ്ങള്‍. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം'' (വി.ഖു 107: 4-7).

നാഥന്നു മാത്രം അര്‍പ്പിക്കേണ്ട ആരാധനാകര്‍മങ്ങളിലുള്ള വ്യതിയാനവും മായം ചേര്‍ക്കലും, വിശ്വാസത്തിന്റെ ബലഹീനതയും അപൂര്‍ണതയുമാണ്‌ വ്യക്തമാക്കുന്നത്‌. യഥാര്‍ഥവും പൂര്‍ണവുമായ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവാണ്‌ പ്രവാചകനിവിടെ ആവശ്യപ്പെടുന്നത്‌. വിശ്വാസം പരിശുദ്ധമായാല്‍ ആരാധനകള്‍ അരോചകമാവില്ല. അതവന്റെ മനസ്സിന്‌ കുളിര്‍മയും ജീവിതത്തിന്‌ വെളിച്ചവുമാകും.

മതം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌. മതം ഗുണകാംക്ഷയാണ്‌. ശാന്തിയും സമാധാനവും സഹിഷ്‌ണുതയും കരുണയും വിനയവും അലിവുമൊക്കെയാണ്‌ മതം ആവശ്യപ്പെടുന്നത്‌. തീവ്രവാദിയുടെ പ്രവര്‍ത്തനങ്ങളും അവന്റെ കര്‍മങ്ങളും അവന്റെ ജീവിതം തന്നെയും ദോഷം മാത്രമാണ്‌ വരുത്തിവെക്കുക. അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ആര്‍ക്കും ഒരു ഗുണവും ലഭിക്കില്ല. മറിച്ച്‌ അതുകൊണ്ട്‌ സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും ഭയാനകവുമായിരിക്കും. തീവ്രവാദിയുടെ ഒരു യാത്രയും പൂര്‍ത്തീകരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, യാത്രാ വാഹനം പോലും ബാക്കിയാവില്ലെന്ന പ്രവാചക മൊഴിയുടെ അര്‍ഥതലങ്ങള്‍ എത്ര വിസ്‌തൃതമാണ്‌. തീവ്രവാദി ഒരിക്കലും വിജയം വരിക്കുകയില്ലെന്നും പരാജയം മാത്രമേ അവനുണ്ടാവുകയുള്ളൂവെന്നും ഇവിടെ ഓര്‍മപ്പെടുത്തുന്നു. തീവ്രവാദത്തെ `ജിഹാദാ'യി തെറ്റിദ്ധരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഒരു യഥാര്‍ഥ വിശ്വാസിക്ക്‌ ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല.

പരലോക മോക്ഷമാണ്‌ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യവും മോഹവും. എന്നാല്‍ ഇഹലോകത്തെ ഗുണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മതം തെറ്റായി കാണുന്നില്ല. പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. മാന്യമായി ജീവിക്കാനുള്ള താല്‌പര്യവും അതിന്നായുള്ള പ്രവര്‍ത്തനങ്ങളും പുണ്യമാണ്‌. ഹലാലായ മാര്‍ഗത്തിലൂടെയുള്ള ധനസമ്പാദനം കുറ്റമല്ല. ഒരിക്കലും മരിക്കില്ലെന്നു കരുതുന്നുവനെപ്പോലെ കര്‍മം ചെയ്യണമെന്ന്‌ പറയുന്നത്‌ വിശ്വാസി ഊര്‍ജസ്വലനും പ്രവര്‍ത്തന സജ്ജനുമായിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്‌.

മടിയും അലസതയും വിശ്വാസിയെ ബാധിച്ചുകൂടാ. ഉറങ്ങിത്തൂങ്ങിക്കഴിയുന്ന കഴിവുകെട്ടവനാവരുത്‌ അവന്‍. വിശ്വാസി കഠിനാധ്വാനിയായിരിക്കണം. ഒരു പ്രവൃത്തിയില്‍ നിന്നും വിരമിക്കുമ്പോള്‍ മറ്റൊരു പ്രവൃത്തിയിലേര്‍പ്പെടുന്നവനായിരിക്കണം അവന്‍. വെറുതെ കളയാനവന്‌ സമയമില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന്‌ സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യണമെന്നാണ്‌ പ്രവാചകന്‍(സ) പറയുന്നത്‌. എന്നാല്‍ നാളത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ സൂക്ഷ്‌മത പുലര്‍ത്തുകയും ജാഗ്രത പാലിക്കുകയും വേണം.

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനവും ധനവിനിയോഗവും ആരാധനാ കര്‍മങ്ങളിലുള്ള താല്‌പര്യവും ജീവിതത്തിന്റെ സകല മേഖലകളിലും അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയവും അവന്റെ വിധിവിലക്കുകളനുസരിച്ച്‌ ജീവിക്കാനുള്ള സന്നദ്ധതയും അവനുണ്ടായിരിക്കണം. നാളെ മരിക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ പാപം ചെയ്യാനുള്ള തോന്നലുണ്ടാവില്ല. മോശമായ ചിന്തകള്‍പോലും കടന്നുവരില്ല. അവന്റെ ശരീരവും മനസ്സും സദാ പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. സാക്ഷാല്‍ വിശ്വാസിയുടെ ജീവിതം അങ്ങനെയായിരിക്കും.

By അബൂ നശ്'വ @ ശബാബ്

ഏകാന്തതയുടെ മാധുര്യം

പ്രസിദ്ധ പണ്ഡിതനായ ഇബ്നു തൈമിയ പറയുന്നു : ആരാധന, പ്രാര്‍ത്ഥന, ആത്മ പരിശോദന, ദൈവവിചാരം, തിന്മയില്‍ നിന്നുള്ള മോചനം തുടങ്ങിയവ സാധിക്കുന്നതിനു മനുഷ്യന് ഏകാന്തത അനിവാര്യമാണ്.'

തിരക്ക് പിടിച്ച, ബഹളമയമായ ഈ ജീവിതത്തില്‍ ഓരോ ദിവസവും മനുഷ്യന്‍ കുറച്ചു നേരമെങ്കിലും ഏകാന്തതയില്‍ ലയിക്കേണ്ട തുണ്ട്. ദൈവധ്യാനത്തിലും പ്രാര്‍ത്ഥനയിലും മന്ത്രോച്ചാരണത്തിലും മുഴുകി അല്‍പനേരം മനസ്സിനെ ആത്മീയവൃത്തത്തില്‍ കേന്ദ്രീകരിച്ചു നിരത്താനായാല്‍ ചിന്തക്ക് ഏകാഗ്രതയും സംശുദ്ധതയും കൈവരുത്താന്‍ സാധിക്കും. ദിവസവും പ്രഭാതത്തിലും സന്ധ്യാസമയത്തും മറ്റു സന്ദര്‍ഭങ്ങളിലുമുള്ള പ്രാര്‍ത്ഥനക്ക് പുറമേ രാത്രിയില്‍ ലോകം നിശബ്ദതയില്‍ ലയിക്കുന്ന സന്ദര്‍ഭത്തില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുന്നത് ആത്മീയശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാവും. പ്രവാചകന്‍ (സ) രാത്രി ചിലപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ആകാശത്തേക്ക് കണ്ണുംനട്ട് ചിന്തയില്‍ മുഴുകാറുണ്ടായിരുന്നു. ജനങ്ങളെല്ലാം നിദ്രയില്‍ മുഴുകുമ്പോള്‍ രാത്രി എഴുനേറ്റിരുന്നു പ്രാര്‍ത്ഥനയില്‍ ലയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ദേവാലയത്തില്‍ വേദോക്തികള്‍ പാരായണം ചെയ്തും സ്തോത്രങ്ങള്‍ ഉരുവിട്ടും ചിന്തയില്‍ മുഴുകിയും ധ്യാനനിരതനായിക്കഴിയുന്നത് മഹത്തായ കര്‍മ്മമായി ഗണിക്കപ്പെടുന്നു. ലോകത്തെ പ്രഗല്‍ഭരായ ചിന്തകന്‍മാരും ശാസ്ത്രഞ്ജന്‍മാരും പണ്ഡിതന്മാരും ഏകാന്തത വരിച്ചു ചിന്തയെ ജ്വലിപ്പിച്ചവരായിരുന്നു. പ്രവാചകന്‍ (സ) നാല്‍പ്പതു വയസ്സിനോടടുത്തപ്പോള്‍ ഹിറാ ഗുഹയില്‍ ഏകാന്തതയില്‍ കഴിച്ചു കൂട്ടിയിരുന്നു.

ജീവിതത്തില്‍ എന്തൊക്കെ തിരക്കുണ്ടാവട്ടെ, ഏകാന്ത ധ്യാനത്തിനും ശുദ്ധമായ ചിന്തക്കും മനുഷ്യന്‍ സമയം കണ്ടെത്തണം. പ്രസിദ്ധ ചിന്തകനായ ഇബ്നുല്‍ ജൌസി പറയുന്നു : "ഏകാന്തത ആശ്വാസവും അന്തസ്സും പ്രദാനം ചെയ്യുന്നു; തിന്മയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു. സമയനഷ്ടം ഒഴിവാക്കുന്നു. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ചിന്തയുളവാക്കുന്നു. ദൈവത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ തയ്യാറാക്കുന്നു. തത്വങ്ങളുടെ നിധി പുറത്തെടുത്തു കൊടുക്കുന്നു."

ആരാധനകളിലും പുണ്യകര്‍മ്മങ്ങളിലും പലപ്പോഴും പ്രകടഭക്തിയും കീര്‍ത്തിമോഹവും കടന്നുവരാറുണ്ട്. എന്നാല്‍ ഏകാന്തതയില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍മ്മങ്ങള്‍ ഈ ദൂഷ്യങ്ങളുടെ കലപ്പില്‍ നിന്ന് ശുദ്ധമായിരിക്കും. ഏഷണി, പരദൂഷണം, അസൂയ തുടങ്ങിയ തിന്മകളില്‍ നിന്നെല്ലാം ഏകാന്തതയിലൂടെ സുരക്ഷിതത്വം നേടാനാവുന്നു. ഏകാന്തതയുടെ മാധുര്യം അനുഭവിച്ചറിഞ്ഞ ദാര്‍ശികനായ ഗസ്സാലി പറയുന്നു : "ആരാധനക്കും ചിന്തക്കും ദൈവാഭിമുഖ്യത്തിന്‍റെ രസം അനുഭവിക്കാനും ഐഹികവും പാരത്രികവുമായ ദൈവിക രഹസ്യങ്ങള്‍ കണ്ടെത്താനും ഏകാന്തത അനിവാര്യമാണ്."

എന്നാല്‍ സൃഷ്ടികളോടുള്ള കടമകള്‍ നിര്‍വഹിക്കാതെ ഏകാന്തതയില്‍ വസിച്ചു ആത്മീയോദ്കര്‍ഷം മാത്രം ലക്‌ഷ്യംവെക്കുന്ന സൂഫിസം മാനുഷികതക്കെതിരാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ജനങ്ങളുമായി ഇടപഴകി കഷ്ടപ്പെടുന്നവന്‍റെ ദുരിതമകറ്റുകയോ പട്ടിണി കിടക്കുന്നവന്‍റെ വിശപ്പകറ്റുകയോ രോഗികളെ സന്ദര്‍ശിക്കുകയോ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യാതെ സ്വത്വത്തിലേക്ക്‌ ഉള്‍വലിയുന്ന മനുഷ്യന്‍ എത്ര ആരാധനകള്‍ നടത്തിയാലും ദൈവപ്രീതി നേടുകയില്ല.

ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്നേഹശൂന്യമായ പെരുമാറ്റവും ഏറ്റവും അടുത്തവരുടെ വിയോഗവും പലപ്പോഴും മനുഷ്യനെ ഏകാന്തത എന്ന മാനസിക വിഷമത്തിലേക്ക് തള്ളിവിടാറുണ്ട്. വൃദ്ധന്മാരില്‍ പലരും ഇന്ന് ഈ ദുര്യോഗത്തിനിരയായവരാണ്. ഓരോരുത്തര്‍ക്കും ലഭിക്കേണ്ട സ്നേഹലാളനയും പരിഗണനയും ആദരവും ശുശ്രൂഷയും നല്‍കുന്നത് കൊണ്ടല്ലാതെ ഈ പ്രശ്നം പരിഹിക്കപ്പെടുകയില്ല.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്

തിന്മകള്‍ക്കെതിരില്‍ സമൂഹത്തെ ഐക്യപ്പെടുത്തുക

ജീര്‍ണതക്കെതിരില്‍ സംസാരിക്കാനും ബോധവല്‍ക്കരണം നടത്താനും ഇന്ന് പലരും തയ്യാറായിരിക്കുന്നു. ഈ സമുദായത്തെ ജീര്‍ണതകളുടെ പടുകുഴിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വൃത്തിക്കെട്ട സ്വഭാവവും സംസ്കാരവും സമ്പ്രദായങ്ങളും സമൂഹത്തിന്‍റെ ചിത്രമായിക്കഴിഞ്ഞു. അവയില്‍ പലതും മതമായി പരിഗണിക്കപ്പെടുന്നവയാണ്.

ജീര്‍ണതക്കെതിരില്‍ രംഗത്ത്‌ വന്ന മുഴുവന്‍ പ്രസ്ഥാനങ്ങളെയും നാം അഭിനന്ദിക്കുക. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക. കാരണം ഇസ്ലാമിന്‍റെ പേരില്‍ അറിയപ്പെടുന്ന സമുദായം ജീര്‍ണതയില്‍നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. ഇവിടെ ചില കാര്യങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. ജീര്‍ണതകള്‍ ഏറെയുണ്ട്. ഖബര്‍ പൂജ, വ്യാജ ഔലിയാക്കളുടെ സ്വാധീനം, സ്ത്രീധനം, ധൂര്‍ത്ത്, മദ്യപാനം, അഴിമതി, പലിശ, കോഴ.. സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തരം തിന്മകളില്‍ അകപ്പെട്ടവരാണ്‌. ഈ സമൂഹം തിന്മകളില്‍ നിന്ന് മുക്തമാകാന്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതുണ്ട്.

ഒന്ന്‍ : പ്രസ്തുത ജീര്‍ണതകള്‍ രോഗമല്ല, രോഗ ലക്ഷണങ്ങളാണ്. അതിനാല്‍ ചികിത്സയാവശ്യം ഈ ലക്ഷണത്തിനല്ല; യഥാര്‍ത്ഥ രോഗത്തിനാണ്‌. രോഗം തൌഹീദില്‍ നിന്നുള്ള വ്യതിയാനമാണ്. അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്. അപ്പോള്‍ മേല്‍പറഞ്ഞ തിന്മകളെ വിപാടനം ചെയ്യാന്‍ മനുഷ്യരെ പടച്ചവനുമായി ബന്ധിപ്പിക്കുക. അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍റെ കല്‍പ്പനകള്‍ പാലിച്ചു കഴിയുന്നവര്‍ക്കേ തിന്മയില്‍ നിന്നും രക്ഷപ്പെടാനാവൂ. നബി (സ) യുടെ പ്രബോധനത്തില്‍ ഈ ശൈലിയാണ് കാണുന്നത്. വിശ്വാസം ശക്തമായി ഉറപ്പിച്ച ശേഷമാണ് സാമൂഹ്യ തിന്മകള്‍ക്കെതിരിലുള്ള പ്രബോധനമുണ്ടായത്.

രണ്ട് : മുസ്ലിംകള്‍ക്ക് ഈ തിന്മകള്‍ക്കെതിരില്‍ ശബ്ദിക്കാന്‍ ധാര്‍മികമായ ബാധ്യതയുണ്ട്. ഉന്നതങ്ങളിലെത്തപ്പെടുന്ന നേതാക്കന്മാര്‍ ഉള്‍പ്പെടെ പലരും തിന്മകളില്‍ ജീവിക്കുന്നു. ഇവരെ എന്ത് ചെയ്യും? ഒരു ആദര്‍ശ സമൂഹമെന്നനിലക്ക് ഇത്തരം ജീര്‍ണതകള്‍ ഉപേക്ഷിക്കുവാന്‍ അവരെ പ്രേരിപ്പിക്കേണ്ടത് പൊതുജനങ്ങളാണ്. സാമൂഹിക പ്രവര്‍ത്തകരുടെ മദ്യപാനത്തിനെതിരില്‍ സമൂഹം ഉണര്‍ന്നു വരുന്നത് ശുഭസൂചനയാണ്. കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ നടത്തപ്പെട്ട അഴിമതിവിരുദ്ധ സമ്മേളനം ഇത്തരമൊരു ചിന്തയിലേക്ക് ജനശ്രദ്ധ ക്ഷണിച്ചു. ആ സമ്മേളനം അംഗീകരിച്ച ശ്രദ്ധേയമായ പ്രമേയങ്ങളിലൊന്ന് മദ്യപാനത്തിനെതിരെയായിരുന്നു. മദ്യപന്മാര്‍ മാറണമെന്ന് സമൂഹവും ഞങ്ങള്‍ മദ്യപിക്കില്ലെന്നു നേതാക്കന്മാരും പറയുന്ന അവസ്ഥയിലെത്തി. ഈ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണം.

തിന്മകള്‍ക്കെതിരില്‍ പ്രതികരിക്കാന്‍ അല്ലാഹുവിന്‍റെ കല്പനകളുണ്ട്. ആളുകളുടെ പ്രീതി നേടാനായില്ലെങ്കിലും അല്ലാഹു നമ്മെ ഇഷ്ടപ്പെടും. അതിനാല്‍ ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമത പുലര്‍ത്താന്‍ നാം തയാറാവുക.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍

Popular ISLAHI Topics

ISLAHI visitors