തിന്മകള്‍ക്കെതിരില്‍ സമൂഹത്തെ ഐക്യപ്പെടുത്തുക

ജീര്‍ണതക്കെതിരില്‍ സംസാരിക്കാനും ബോധവല്‍ക്കരണം നടത്താനും ഇന്ന് പലരും തയ്യാറായിരിക്കുന്നു. ഈ സമുദായത്തെ ജീര്‍ണതകളുടെ പടുകുഴിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വൃത്തിക്കെട്ട സ്വഭാവവും സംസ്കാരവും സമ്പ്രദായങ്ങളും സമൂഹത്തിന്‍റെ ചിത്രമായിക്കഴിഞ്ഞു. അവയില്‍ പലതും മതമായി പരിഗണിക്കപ്പെടുന്നവയാണ്.

ജീര്‍ണതക്കെതിരില്‍ രംഗത്ത്‌ വന്ന മുഴുവന്‍ പ്രസ്ഥാനങ്ങളെയും നാം അഭിനന്ദിക്കുക. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക. കാരണം ഇസ്ലാമിന്‍റെ പേരില്‍ അറിയപ്പെടുന്ന സമുദായം ജീര്‍ണതയില്‍നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. ഇവിടെ ചില കാര്യങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. ജീര്‍ണതകള്‍ ഏറെയുണ്ട്. ഖബര്‍ പൂജ, വ്യാജ ഔലിയാക്കളുടെ സ്വാധീനം, സ്ത്രീധനം, ധൂര്‍ത്ത്, മദ്യപാനം, അഴിമതി, പലിശ, കോഴ.. സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തരം തിന്മകളില്‍ അകപ്പെട്ടവരാണ്‌. ഈ സമൂഹം തിന്മകളില്‍ നിന്ന് മുക്തമാകാന്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതുണ്ട്.

ഒന്ന്‍ : പ്രസ്തുത ജീര്‍ണതകള്‍ രോഗമല്ല, രോഗ ലക്ഷണങ്ങളാണ്. അതിനാല്‍ ചികിത്സയാവശ്യം ഈ ലക്ഷണത്തിനല്ല; യഥാര്‍ത്ഥ രോഗത്തിനാണ്‌. രോഗം തൌഹീദില്‍ നിന്നുള്ള വ്യതിയാനമാണ്. അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്. അപ്പോള്‍ മേല്‍പറഞ്ഞ തിന്മകളെ വിപാടനം ചെയ്യാന്‍ മനുഷ്യരെ പടച്ചവനുമായി ബന്ധിപ്പിക്കുക. അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍റെ കല്‍പ്പനകള്‍ പാലിച്ചു കഴിയുന്നവര്‍ക്കേ തിന്മയില്‍ നിന്നും രക്ഷപ്പെടാനാവൂ. നബി (സ) യുടെ പ്രബോധനത്തില്‍ ഈ ശൈലിയാണ് കാണുന്നത്. വിശ്വാസം ശക്തമായി ഉറപ്പിച്ച ശേഷമാണ് സാമൂഹ്യ തിന്മകള്‍ക്കെതിരിലുള്ള പ്രബോധനമുണ്ടായത്.

രണ്ട് : മുസ്ലിംകള്‍ക്ക് ഈ തിന്മകള്‍ക്കെതിരില്‍ ശബ്ദിക്കാന്‍ ധാര്‍മികമായ ബാധ്യതയുണ്ട്. ഉന്നതങ്ങളിലെത്തപ്പെടുന്ന നേതാക്കന്മാര്‍ ഉള്‍പ്പെടെ പലരും തിന്മകളില്‍ ജീവിക്കുന്നു. ഇവരെ എന്ത് ചെയ്യും? ഒരു ആദര്‍ശ സമൂഹമെന്നനിലക്ക് ഇത്തരം ജീര്‍ണതകള്‍ ഉപേക്ഷിക്കുവാന്‍ അവരെ പ്രേരിപ്പിക്കേണ്ടത് പൊതുജനങ്ങളാണ്. സാമൂഹിക പ്രവര്‍ത്തകരുടെ മദ്യപാനത്തിനെതിരില്‍ സമൂഹം ഉണര്‍ന്നു വരുന്നത് ശുഭസൂചനയാണ്. കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ നടത്തപ്പെട്ട അഴിമതിവിരുദ്ധ സമ്മേളനം ഇത്തരമൊരു ചിന്തയിലേക്ക് ജനശ്രദ്ധ ക്ഷണിച്ചു. ആ സമ്മേളനം അംഗീകരിച്ച ശ്രദ്ധേയമായ പ്രമേയങ്ങളിലൊന്ന് മദ്യപാനത്തിനെതിരെയായിരുന്നു. മദ്യപന്മാര്‍ മാറണമെന്ന് സമൂഹവും ഞങ്ങള്‍ മദ്യപിക്കില്ലെന്നു നേതാക്കന്മാരും പറയുന്ന അവസ്ഥയിലെത്തി. ഈ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണം.

തിന്മകള്‍ക്കെതിരില്‍ പ്രതികരിക്കാന്‍ അല്ലാഹുവിന്‍റെ കല്പനകളുണ്ട്. ആളുകളുടെ പ്രീതി നേടാനായില്ലെങ്കിലും അല്ലാഹു നമ്മെ ഇഷ്ടപ്പെടും. അതിനാല്‍ ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമത പുലര്‍ത്താന്‍ നാം തയാറാവുക.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍