തീവ്രതയില്ലാത്ത മതം

നബി(സ) പറഞ്ഞു: ഈ മതം സുദൃഢമാണ്‌. അതിനാലതില്‍ സൗമ്യതയോടെ പ്രവേശിക്കുക. നിന്റെ നാഥന്നുള്ള ആരാധനകള്‍ നിനക്കൊരിക്കലും അരോചകമാകാതിരിക്കട്ടെ. തീവ്രവാദി ഒരു യാത്രയും പൂര്‍ത്തീകരിക്കുകയോ ഒരു വാഹനവും ബാക്കിയാക്കുകയോ ഇല്ല. അതിനാല്‍ ഒരിക്കലും മരിക്കില്ലെന്ന്‌ കരുതുന്നവനെപ്പോലെ കര്‍മംചെയ്യുകയും നാളെത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ ജാഗ്രത പാലിക്കുകയും ചെയ്യുക.'' (ബൈഹഖി)

ഇസ്‌ലാം മതം സുദൃഢമാണ്‌. വക്രതയില്ലാത്തതും സംശയത്തിന്നിടയില്ലാത്തതുമായ മതം. വ്യക്തവും ശുദ്ധവും പവിത്രവുമാണത്‌. നമ്മെ പടച്ച്‌ പരിപാലിക്കുന്ന, എല്ലാം ഏറ്റവും നന്നായി അറിയുന്നവന്റെ മതം. ആ മതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണം.

ഭൗതിക പ്രസ്ഥാനത്തിലോ രാഷ്‌ട്രീയപ്പാര്‍ട്ടികളിലോ മെമ്പര്‍ഷിപ്പെടുക്കുന്ന രീതിയിലല്ല അല്ലാഹുവിന്റെ മതം സ്വീകരിക്കേണ്ടത്‌. ഹൃദയത്തിന്റെ ഉള്ളറകളിലുള്ള അടയാളപ്പെടുത്തലാണത്‌. വിശുദ്ധമായൊരു സാക്ഷ്യവാക്യം ഉരുവിട്ടുകൊണ്ടാണത്‌ ചെയ്യുന്നത്‌. അത്‌ ഹൃദയത്തില്‍ നിന്നുയരുന്നതാണ്‌. അതൊരു പേരുമാറ്റമല്ല, മനം മാറ്റമാണ്‌. സ്വഭാവ സംസ്‌കരണമാണ്‌. സര്‍വശക്തനായ ദൈവത്തിനു മുമ്പിലുള്ള കീഴൊതുങ്ങലാണ്‌. സംഘര്‍ഷമില്ലാത്ത ദിനങ്ങളിലേക്കുള്ള ശാന്തമായ കടന്നുവരവാണ്‌. ആ മാറ്റം പ്രാര്‍ഥനയോടെയാണ്‌. നിലയ്‌ക്കാത്ത സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും തള്ളിച്ചയാണവിടെ പ്രകടമാകുന്നത്‌. പശ്ചാത്താപത്തിന്റെ വിശുദ്ധിയാണവിടെ പ്രസരിക്കുന്നത്‌. അജ്ഞതയുടെയും അന്ധകാരത്തിന്റെയും കെട്ടിക്കുടുക്കുകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണത്‌. അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്കുള്ള കയറിവരവ്‌.

വിശ്വാസിക്ക്‌ പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്ന ആഗ്രഹമാണ്‌. അവന്റെ മനസ്സ്‌ എപ്പോഴും പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. അവന്‌ ആരാധനകള്‍ അരോചകമാവില്ല. വിശ്വാസത്തിന്‌ തളര്‍ച്ച ബാധിക്കുമ്പോഴാണ്‌ ആരാധനയില്‍ മടുപ്പുവരിക. മനസ്സിനകത്തെ താല്‌പര്യമാണ്‌ കര്‍മങ്ങളുടെ സ്വീകാര്യതയ്‌ക്ക്‌ പരിഗണിക്കപ്പെടുകയെന്ന്‌ നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധത്തോടെയാവണം ആരാധനാകര്‍മങ്ങള്‍. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം'' (വി.ഖു 107: 4-7).

നാഥന്നു മാത്രം അര്‍പ്പിക്കേണ്ട ആരാധനാകര്‍മങ്ങളിലുള്ള വ്യതിയാനവും മായം ചേര്‍ക്കലും, വിശ്വാസത്തിന്റെ ബലഹീനതയും അപൂര്‍ണതയുമാണ്‌ വ്യക്തമാക്കുന്നത്‌. യഥാര്‍ഥവും പൂര്‍ണവുമായ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവാണ്‌ പ്രവാചകനിവിടെ ആവശ്യപ്പെടുന്നത്‌. വിശ്വാസം പരിശുദ്ധമായാല്‍ ആരാധനകള്‍ അരോചകമാവില്ല. അതവന്റെ മനസ്സിന്‌ കുളിര്‍മയും ജീവിതത്തിന്‌ വെളിച്ചവുമാകും.

മതം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌. മതം ഗുണകാംക്ഷയാണ്‌. ശാന്തിയും സമാധാനവും സഹിഷ്‌ണുതയും കരുണയും വിനയവും അലിവുമൊക്കെയാണ്‌ മതം ആവശ്യപ്പെടുന്നത്‌. തീവ്രവാദിയുടെ പ്രവര്‍ത്തനങ്ങളും അവന്റെ കര്‍മങ്ങളും അവന്റെ ജീവിതം തന്നെയും ദോഷം മാത്രമാണ്‌ വരുത്തിവെക്കുക. അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ആര്‍ക്കും ഒരു ഗുണവും ലഭിക്കില്ല. മറിച്ച്‌ അതുകൊണ്ട്‌ സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും ഭയാനകവുമായിരിക്കും. തീവ്രവാദിയുടെ ഒരു യാത്രയും പൂര്‍ത്തീകരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, യാത്രാ വാഹനം പോലും ബാക്കിയാവില്ലെന്ന പ്രവാചക മൊഴിയുടെ അര്‍ഥതലങ്ങള്‍ എത്ര വിസ്‌തൃതമാണ്‌. തീവ്രവാദി ഒരിക്കലും വിജയം വരിക്കുകയില്ലെന്നും പരാജയം മാത്രമേ അവനുണ്ടാവുകയുള്ളൂവെന്നും ഇവിടെ ഓര്‍മപ്പെടുത്തുന്നു. തീവ്രവാദത്തെ `ജിഹാദാ'യി തെറ്റിദ്ധരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഒരു യഥാര്‍ഥ വിശ്വാസിക്ക്‌ ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല.

പരലോക മോക്ഷമാണ്‌ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യവും മോഹവും. എന്നാല്‍ ഇഹലോകത്തെ ഗുണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മതം തെറ്റായി കാണുന്നില്ല. പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. മാന്യമായി ജീവിക്കാനുള്ള താല്‌പര്യവും അതിന്നായുള്ള പ്രവര്‍ത്തനങ്ങളും പുണ്യമാണ്‌. ഹലാലായ മാര്‍ഗത്തിലൂടെയുള്ള ധനസമ്പാദനം കുറ്റമല്ല. ഒരിക്കലും മരിക്കില്ലെന്നു കരുതുന്നുവനെപ്പോലെ കര്‍മം ചെയ്യണമെന്ന്‌ പറയുന്നത്‌ വിശ്വാസി ഊര്‍ജസ്വലനും പ്രവര്‍ത്തന സജ്ജനുമായിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്‌.

മടിയും അലസതയും വിശ്വാസിയെ ബാധിച്ചുകൂടാ. ഉറങ്ങിത്തൂങ്ങിക്കഴിയുന്ന കഴിവുകെട്ടവനാവരുത്‌ അവന്‍. വിശ്വാസി കഠിനാധ്വാനിയായിരിക്കണം. ഒരു പ്രവൃത്തിയില്‍ നിന്നും വിരമിക്കുമ്പോള്‍ മറ്റൊരു പ്രവൃത്തിയിലേര്‍പ്പെടുന്നവനായിരിക്കണം അവന്‍. വെറുതെ കളയാനവന്‌ സമയമില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന്‌ സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യണമെന്നാണ്‌ പ്രവാചകന്‍(സ) പറയുന്നത്‌. എന്നാല്‍ നാളത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ സൂക്ഷ്‌മത പുലര്‍ത്തുകയും ജാഗ്രത പാലിക്കുകയും വേണം.

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനവും ധനവിനിയോഗവും ആരാധനാ കര്‍മങ്ങളിലുള്ള താല്‌പര്യവും ജീവിതത്തിന്റെ സകല മേഖലകളിലും അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയവും അവന്റെ വിധിവിലക്കുകളനുസരിച്ച്‌ ജീവിക്കാനുള്ള സന്നദ്ധതയും അവനുണ്ടായിരിക്കണം. നാളെ മരിക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ പാപം ചെയ്യാനുള്ള തോന്നലുണ്ടാവില്ല. മോശമായ ചിന്തകള്‍പോലും കടന്നുവരില്ല. അവന്റെ ശരീരവും മനസ്സും സദാ പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. സാക്ഷാല്‍ വിശ്വാസിയുടെ ജീവിതം അങ്ങനെയായിരിക്കും.

By അബൂ നശ്'വ @ ശബാബ്