ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗം

ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും അടിസ്ഥാനപരമായി ദൈവികപ്രീതിയും സ്വര്‍ഗവും ലക്ഷ്യംവെച്ചുകൊണ്ടാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. എന്നാല്‍ ഹജ്ജ്‌ ചെയ്‌ത സത്യവിശ്വാസികള്‍ക്ക്‌ സ്വര്‍ഗത്തില്‍ കുറഞ്ഞ യാതൊരു പ്രതിഫലവും അല്ലാഹു കൊടുക്കാനുദ്ദേശിക്കുന്നില്ല. ഒരു നബിവചനം നോക്കൂ:

ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്‌. പുണ്യകരമായ ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.'' (ബുഖാരി, മുസ്‌ലിം)

ഈ നബിവചനം ഹജ്ജിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ഇതിന്‌ സമാനമായ പ്രയോഗം ശത്രുവുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടിവരുന്ന ജിഹാദിന്റെ പശ്ചാത്തലത്തിലാണ്‌ നബി(സ) നടത്തിയിട്ടുള്ളത്‌. യുദ്ധത്തിന്‌ പുറപ്പെടാന്‍ നബി(സ) സ്വഹാബികളോട്‌ ആഹ്വാനം ചെയ്‌തപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ, യുദ്ധത്തിന്‌ വന്നാല്‍ എന്താണ്‌ നേട്ടം? പ്രവാചകന്റെ മറുപടി പെട്ടന്നായിരുന്നു: `നിനക്ക്‌ സ്വര്‍ഗമുണ്ട്‌' എന്ന്‌.

ജിഹാദ്‌ പോലെ ക്ഷമയും ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അനിവാര്യമായ ഒരാരാധനയാണ്‌ ഹജ്ജ്‌. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, സ്‌ത്രീകള്‍ക്ക്‌ ജിഹാദുണ്ടോ? പ്രവാചകന്റെ മറുപടി `അതെ' എന്നായിരുന്നു. അദ്ദേഹം വിശദീകരിച്ചു: ``അവര്‍ക്ക്‌ ജിഹാദുണ്ട്‌. അതില്‍ പോരാട്ടമില്ല. ഹജ്ജും ഉംറയുമാണത്‌.'' (അഹ്‌മദ്‌, ഇബ്‌നുമാജ)

സ്‌ത്രീകളുടെ ജിഹാദ്‌ ഹജ്ജും ഉംറയുമാണെന്ന്‌ വ്യക്തമാക്കിയ പ്രവാചകന്‍ ഹജ്ജിനും ജിഹാദിനും സ്വര്‍ഗം തന്നെയാണ്‌ പ്രതിഫലം എന്ന്‌ ഊന്നിപ്പറയുകയും ചെയ്‌തിരിക്കുന്നു. സ്വര്‍ഗം നേടാന്‍ അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ്‌ ഹജ്ജ്‌ ചെയ്യുന്ന ഓരോ സത്യവിശ്വാസിയും കടന്നുപോകുന്നത്‌. ഹജ്ജ്‌ ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്‌. അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക്‌ അവന്‍ ഉന്നമനം നല്‌കും. അവര്‍ പാപമോചനത്തിന്‌ ചോദിച്ചാല്‍ പാപം പൊറുത്തുകൊടുക്കും'' എന്നിങ്ങനെയാണ്‌ ഹാജിമാരുടെ സുവര്‍ണാവസരങ്ങളെ പ്രവാചകന്‍ വിവരിച്ചിട്ടുള്ളത്‌. ഒടുവില്‍ മാതാവ്‌ പ്രസവിച്ച ദിവസത്തെപ്പോലെ പരിപൂര്‍ണ പരിശുദ്ധിനേടി പാപ കളങ്കം ഒട്ടുമില്ലാതെ ഹജ്ജ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കുന്നു. ഇങ്ങനെ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ്‌ നിര്‍വഹിച്ച വ്യക്തിക്കാണ്‌ അല്ലാഹു സ്വര്‍ഗം വാഗ്‌ദാനം ചെയ്‌്‌തിട്ടുള്ളത്‌.

ഹജ്ജ്‌ ഉള്‍പ്പെടെയുള്ള ആരാധനകളും സല്‍കര്‍മങ്ങളും അല്ലാഹു പരിഗണിച്ച്‌ പ്രതിഫലം നല്‌കണമെങ്കില്‍ കണിശമായ നാല്‌ നിബന്ധനകള്‍ പാലിച്ചിരിക്കണം. സത്യവിശ്വാസത്തിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ പിന്‍ബലത്തോടെ (ഈമാനോടെയും തൗഹീദോടെയും) നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. അല്ലാഹുവിന്‌ വേണ്ടി മാത്രം എന്ന നിഷ്‌കളങ്ക ബോധത്തോടെയായിരിക്കണം അത്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ നിയ്യത്തും ഇഖ്‌ലാസും വേണം. തന്റെ ഈ സല്‍കര്‍മത്തിന്‌ അല്ലാഹു പ്രതിഫലം നല്‌കുമെന്ന ബോധവും പ്രതീക്ഷയും വേണം. അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ സ്വീകരിക്കട്ടെ എന്ന അസ്ഥിരതയിലാവരുത്‌. അഥവാ സല്‍ക്കര്‍മങ്ങള്‍ക്ക്‌ പ്രചോദനമായി ഇഹ്‌തിസാബ്‌ (കൂലികിട്ടുമെന്ന പ്രതീക്ഷ) വേണം. ചെയ്യുന്ന കര്‍മങ്ങള്‍ മതാനുശാസിതമാണെന്ന്‌ അഥവാ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. `ഇത്തിബാഉര്‍റസൂല്‍' അഥവാ പ്രവാചകനെ പിന്‍പറ്റല്‍ എന്ന ഘടകം ആരാധനകളുടെ സ്വീകാര്യതയെന്ന്‌ അനിവാര്യമാണ്‌.

ഈ നാല്‌ നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ഹജ്ജ്‌ എന്ന ത്യാഗനിര്‍ഭരമായ പുണ്യകര്‍മം സാര്‍ഥകമാകുകയുള്ളൂ. ഇന്ന്‌ കുറെയാളുകള്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കുന്നത്‌ തൗഹീദിന്റെ പിന്‍ബലത്തോടെയല്ല. ഹജ്ജിന്‌ പോകുമ്പോഴും തിരിച്ചുവന്നാലും ധാരാളം ജാറങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ച്‌ മരിച്ചുപോയ മഹാന്മാരുടെ പൊരുത്തം തേടുന്നു! വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മിനായിലെ ടെന്റുകള്‍ക്ക്‌ തീ പിടിച്ചപ്പോഴും കഴിഞ്ഞ ഒരു വര്‍ഷം ജംറയിലെ കല്ലെറിയല്‍ കര്‍മത്തിനിടക്ക്‌ തിക്കിലും തിരക്കിലും പെട്ട്‌ ദുരന്തമുണ്ടായപ്പോഴും ബദ്‌രീങ്ങളെയും മമ്പുറത്തെ തങ്ങളെയും വിളിച്ചു കേഴുന്ന മലയാളി ഹാജിമാരെ കാണാമായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു! തൗഹീദിന്റെ വിളികേട്ട്‌ തൗഹീദിന്റെ പുണ്യഭൂമിയിലെത്തിയിട്ടും ചില ഹാജിമാര്‍ ശിര്‍ക്കിന്റെ മന്ത്രങ്ങളുരുവിടുന്നത്‌ ഏതൊരു സത്യവിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്‌. പ്രവാചകന്റെ ഹജ്ജും ഉംറയും എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായും വ്യക്തമായും ഹദീസ്‌ ഗ്രന്ഥങ്ങളിലുള്ളത്‌ കാണാതെയും ഗൗനിക്കാതെയും അനാചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ഹജ്ജ്‌ ചെയ്‌ത്‌ സായൂജ്യമടയുന്നവരെയും കാണാം. പൊങ്ങച്ചത്തിന്റെയും പ്രശസ്‌തിയുടെയും പേരില്‍ ഹജ്ജിനെത്തുന്നവരുണ്ട്‌. പ്രവാചകന്‍ സ്വര്‍ഗമുണ്ടെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഹജ്ജ്‌ ഇതൊന്നുമല്ല എന്ന്‌ നാം തിരിച്ചറിയുക.

മനുഷ്യന്റെ ശാരീരികം, മാനസികം, സാമ്പത്തികം എന്നീ ത്രിതല മാനങ്ങളെ തുല്യപ്രാധാന്യത്തോടെ പങ്കാളിയാക്കി വിശ്വാസിയെ പൂര്‍ണമായും ദൈവാര്‍പ്പണ മനസ്‌കനാക്കുന്ന മഹത്തായ ഒരാരാധനയാണ്‌ ഹജ്ജ്‌. കഅ്‌ബ എന്ന കേന്ദ്രബിന്ദുവില്‍ ഭൂലോകവാസികളിലെ സത്യവിശ്വാസികളുടെ ലക്ഷക്കണക്കിനു പ്രതിനിധികള്‍ ഒത്തുചേരുന്ന മഹത്തായ ഒരു ദൃശ്യമാണ്‌ ഹജ്ജ്‌. ഇസ്‌ലാമിന്റെ സമഭാവന പൂത്തുലഞ്ഞു നില്‌ക്കുകയും ഈമാന്‍ പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കര്‍മരംഗങ്ങളുടെ സമ്മേളനമാണ്‌ ഹജ്ജ്‌. അഥവാ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന അനുഭൂതിദായകമായ പുണ്യകര്‍മമായ ഹജ്ജ്‌ നിര്‍വഹിക്കാന്‍ വിശുദ്ധഭൂമിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവര്‍ അല്ലാഹുവിന്റെ അതിഥികളാണെന്ന വിശേഷണം ആരെയാണ്‌ കുളിരണിയിക്കുന്നത്‌. പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന തൗഹീദിന്റെ പുണ്യഭൂമിയില്‍ ദിനരാത്രങ്ങള്‍ ചെലവിടാന്‍ അവസരം ലഭിച്ച ഹാജിമാര്‍ മഹാഭാഗ്യവാന്മാര്‍. മനസ്സും ശരീരവും ശിര്‍ക്കില്‍ നിന്ന്‌ പരിശുദ്ധമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരം ഹാജിമാര്‍ ശരിയാംവിധം ഉപയോഗപ്പെടുത്തേണ്ടതാണ്‌.

by കെ പി എസ്‌ ഫാറൂഖി @ ശബാബ്