തൃപ്‌തിപ്പെടുക; ഹൃദയം കൊണ്ടും നാവുകൊണ്ടും

ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. നിഷേധികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ച്‌ കരാറൊപ്പിട്ട തിരുനബി(സ)യുടെ നടപടിയില്‍ മുസ്‌ലിംകളില്‍ പലരും മുറുമുറുപ്പ്‌ പ്രകടിപ്പിച്ചു. നബി(സ)ക്കു തന്നെ ഒരുവേള അസ്വസ്ഥതയുണ്ടായി.

നാളുകള്‍ നീങ്ങവെ കയ്‌പ്‌ മധുരമായിത്തുടങ്ങി. വ്യവസ്ഥകള്‍ തങ്ങള്‍ക്കു തന്നെ വിനയായതോടെ കരാര്‍ ലംഘനം പതിവായി. നിഷേധികള്‍ വലഞ്ഞു. ഒടുവില്‍, ഖുര്‍ആന്‍ പറഞ്ഞതുപോലെ `വ്യക്തമായ വിജയം' മുസ്‌ലിംകള്‍ക്കു സ്വന്തമായി.

കാരാര്‍ ലംഘനം മധുരവാക്കുകളില്‍ പൊതിഞ്ഞു നടന്നിരുന്ന ഇത്തരക്കാരെ ഖുര്‍ആന്‍ തുറന്നുകാട്ടുന്നതിങ്ങനെ: ``അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍കൊണ്ട്‌ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളത്രെ.'' (അല്‍ബഖറ 8)

സത്യനിഷേധികളുടെയും ബഹുദൈവവാദികളുടെയും സ്വഭാവം വളരെ കൃത്യമായി അല്ലാഹു ഇതിലൂടെ വിവരിക്കുന്നു. വിശ്വാസികളും അവിശ്വാസികളും അടിസ്ഥാനപരമായിതന്നെ വ്യത്യസ്‌തരാണ്‌. ഉദാത്തവും നിര്‍മലവുമായ വികാരങ്ങളുടെ കൂട്ടുകാരനായിരിക്കും വിശ്വാസി. അവന്റെ അകത്തും പുറത്തും അതൊന്നുമാത്രമേയുണ്ടാവൂ. എന്നാല്‍ അവിശ്വാസികളാവട്ടെ, നീചവികാരങ്ങളെ കൂട്ടുപിടിക്കുന്നു. നെഞ്ചിന്‍കൂട്ടിലെ ഹൃദയത്തിനുള്ളില്‍ അവ ഒളിപ്പിച്ച്‌ ചുണ്ടുകള്‍ക്കിടയിലെ നാവിലൂടെ മറ്റൊന്ന്‌ പുറത്തുകാട്ടുകയും ചെയ്യുന്നു. അവര്‍ അതിക്രമികള്‍, നീചന്മാര്‍, നന്ദികെട്ടവര്‍, അധമന്മാര്‍, തോന്നിവാസികള്‍ തുടങ്ങിയ വിശേഷണങ്ങളില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നവരില്‍ നിന്ന്‌ മറ്റൊന്ന്‌ പ്രതീക്ഷിക്കാനും വയ്യല്ലോ.

ചിരിച്ചുകൊണ്ട്‌ ചതിക്കാനും സ്‌നേഹിച്ചുകൊണ്ട്‌ മോഹിപ്പിക്കാനും കഴിയുന്നവനാണ്‌ മനുഷ്യന്‍. ഒരു കൈകൊണ്ട്‌ ആശീര്‍വാദിക്കാനും മറ്റേ കൈകൊണ്ട്‌ കുത്തിമലര്‍ത്തുവാനും അവന്‍ മടിക്കില്ല. കാട്ടില്‍ അലയുന്ന മൃഗം മനുഷ്യനു മുമ്പില്‍ തോറ്റുപോവുന്നത്‌ ഇതു കൊണ്ടാണല്ലോ.

കണ്‍മുമ്പില്‍ മാന്‍പേടയെ ആട്ടിപ്പിടിച്ച്‌ ദ്രംഷ്‌ടങ്ങള്‍കൊണ്ട്‌ നിഷ്‌കരുണം അതിനെ കൊന്ന്‌ ഭക്ഷണമാക്കുന്നത്‌ സിംഹത്തിന്റെ പ്രകൃതിയായ മൃഗീയത. സ്‌നേഹം ഭാവിച്ച്‌ കൂട്ടുകൂടി തന്ത്രത്തില്‍ അതിനെ ഇരയാക്കാന്‍ സിംഹത്തിനാവില്ല. അത്‌ മനുഷ്യനെകൊണ്ടേ കഴിയൂ.

ഉള്ളിന്റെ ഉള്ളില്‍ ഹൃദയമാകുന്ന പട്ടില്‍ വെറുപ്പും വിദ്വേഷവും പൊതിഞ്ഞുവെച്ച്‌ പുറത്തേക്ക്‌ സ്‌നേഹം ഭാവിച്ചും പുഞ്ചിരിതൂകിയും പഞ്ചാരവാക്കുകള്‍ മൊഴിഞ്ഞും ഇടപഴകുന്നവനെ രൂപം കൊണ്ടുമാത്രം തിരിച്ചറിയാനാവില്ല. വിഷം പുരട്ടിയ മധുരപലഹാരം തിരിച്ചറിയാന്‍ കണ്ണുകൊണ്ടാവുമോ? നാവിലൂടെ വരുന്ന മധുരമൊഴികള്‍ കൊണ്ട്‌ ഹൃദയത്തിന്റെ നിറം കറുപ്പോ വെളുപ്പോ എന്നു മനസ്സിലാകുമോ?

ശരീരത്തിലെ ഹൃദയമാകുന്ന മാംസക്കഷ്‌ണം നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി എന്നും രണ്ടു ചുണ്ടുകള്‍ക്കിടയിലുള്ള നാവിനെക്കുറിച്ച്‌ ഉറപ്പുനല്‌കുന്നവര്‍ക്ക്‌ സ്വര്‍ഗത്തിന്‌ ഞാന്‍ ജാമ്യം നില്‌ക്കാം എന്നുമുള്ള രണ്ടു തിരുമൊഴികള്‍ നാവിന്റെയും ഹൃദയത്തിന്റെയും വഴിയേതായിരിക്കണമെന്നു നിര്‍ണയിക്കുന്നു. ഇതുരണ്ടും ഒരേ വഴിയിലൂടെ ഒരുമിച്ച്‌ പോകുമ്പോള്‍ മനുഷ്യന്‍ വിശ്വാസിയാകുന്നു. രണ്ടും രണ്ടു വഴികളിലൂടെയാവുമ്പോള്‍ അവന്‍ അവിശ്വാസിയാകുന്നു. തൃപ്‌തിപ്പെടുത്തേണ്ടത്‌ നാവുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടു കൂടിയാകുന്നു.

By അബൂസന @ ശബാബ് വാരിക