ഉളുഹിയ്യത്ത്

ലോകത്തുള്ള എല്ലാ മതങ്ങളേക്കാളും തത്വസംഹിതകളേക്കാളും ജന്തുവര്‍ഗത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. നായക്ക് വെള്ളം കൊടുത്ത ഒരു മനുഷ്യന്റെ സ്വര്‍ഗപ്രവേശവും പൂച്ചയെ കെട്ടിയിട്ട് അതിന്റെ ഭക്ഷണത്തിന് തടസ്സം സൃഷ്ടിച്ച ഒരു സ്ത്രീയുടെ നരക പ്രവേശനവും ഇസ്‌ലാമിക ചരിത്രം വളരെ പ്രാധാന്യത്തോടെ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു(6:38)'. മനുഷ്യരെപ്പോലെയുള്ള ഒരു സമുദായമായി സംഘമായി പക്ഷിമൃഗാദികളെ ഗണിക്കുന്ന ഇസ്‌ലാം മൂന്ന് സന്ദര്‍ഭങ്ങളില്‍ അവയെ ബലിയറുക്കുന്നത് പ്രതിഫലാര്‍ഹവും ശ്രേഷ്ഠവുമായ ഒരു മതാചാരമായി പഠിപ്പിക്കുന്നു. ഒരു കുഞ്ഞു പിറന്നാല്‍ അതിന്റെ ഭാഗമായി അറുക്കുന്ന അഖീഖയും പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ നിര്‍വഹിക്കുന്ന ബലിയും ബലിപെരുന്നാള്‍ ദിനത്തില്‍ നിര്‍വഹിക്കുന്ന ഉളുഹിയ്യത്തുമാണ് ഈ മതാചാര കര്‍മത്തില്‍ ഉള്‍പ്പെടുന്നത്.

ഉളുഹിയ്യത്തിന്റെ പിന്നിലുള്ള ചരിത്രം ഏതെങ്കിലും കെട്ടുകഥകളുടെയോ പുരാണങ്ങളുടെയോ ചരിത്രത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ചരിത്ര യാഥാര്‍ഥ്യമാണ് ഉളുഹിയ്യത്ത് എന്ന മതകര്‍മത്തിന്റെ കാതല്‍.

ഐഹിക ജീവിതത്തില്‍ ഒരു മനുഷ്യന്റെ ആവശ്യവും അത്യാവശ്യവും കണ്‍കുളിര്‍മയുമായ സന്താനസൗഭാഗ്യം അല്ലാഹു തടഞ്ഞുവെച്ച ഒരു പ്രവാചകന്‍, അല്ലാഹുവിന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച ഖലീലുള്ളാഹി അബ്‌റാഹീം(അ) ഒരു സന്താനത്തെ ലഭിക്കാന്‍ നിരന്തരമായി സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുകയും വാര്‍ധക്യാവസ്ഥയില്‍ ഒരു മകനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ലഭിക്കുകയും തന്റെ താങ്ങും തണലുമാകേണ്ട പ്രായമെത്തിയപ്പോള്‍ ദൈവകല്‍പനയാല്‍ മകനെയറുക്കാന്‍ സ്വപ്‌നദര്‍ശനമുണ്ടാകുകയും ചെയ്ത ഒരു ചരിത്രസത്യത്തെ പരിശുദ്ധ വേദഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു.

'എന്റെ രക്ഷിതാവേ, സദ് വൃത്തത്തില്‍ ഒരാളെ നീ എനിക്ക് പുത്രനായി പ്രദാനം ചെയ്യേണമേ, അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്.' അവന്‍ പറഞ്ഞു: 'എന്റെ പിതാവേ കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും ദൈവകല്‍പനക്ക് കീഴ്‌പ്പെടുകയും അവനെ ചെരിച്ച് കിടത്തുകയും ചെയ്ത സന്ദര്‍ഭം നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു ഹേ, ഇബ്‌റാഹീം തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാല്‍കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം സദ് വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാകുന്നു. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.(37: 100-107)''

തനിക്ക് ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവുമായിരുന്ന സ്വന്തം മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം നബിയുടെ ചരിത്രത്തെ അനുസ്മരിച്ച് കൊണ്ട് നമ്മുടെ ആവശ്യമായ പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരമാണ് ഉളുഹിയത്ത് എന്ന പുണ്യകര്‍മം. ഉളുഹിയത്തില്‍ നാം ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകവും ആ ധര്‍മത്തിലൂടെ നമ്മുടെ മനസ്സില്‍ നിന്ന് നിര്‍ഗളിക്കുന്ന ഭക്തി അതിന്റെ കാതലായ വശവുമാണ്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.(22:37). മറ്റു മതവിഭാഗങ്ങള്‍ ദേവനേയും ദേവിയേയും തൃപ്തിപ്പെടുത്താന്‍ ബലി നല്‍കുന്നത് പോലെയുള്ള ഒരു കര്‍മവുമല്ല ഇസ്‌ലാമിലെ ഉളുഹിയത്ത്.

പ്രവാചകന്റെയും സ്വഹാബിമാരുടെയും ജീവിതത്തില്‍ പട്ടിണിയും പ്രാരാബ്ധവും അവരെ അലട്ടിയിരുന്നുവെങ്കിലും ഉളുഹിയത്ത് എന്ന പുണ്യകര്‍മം നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്ന ചിന്തപോലും അവരില്‍നിന്ന് ഉണ്ടായിരുന്നില്ല.

ബലികര്‍മം നിര്‍ബന്ധമാണോ അതോ ഐച്ഛികമാണോ എന്ന ചോദ്യത്തിന് ഇബ്‌നു ഉമര്‍(റ) മറുപടി ഇപ്രകാരമായിരുന്നു. പ്രവാചകനുംശേഷം മുസ്‌ലിംകളും വുളുഹിയത്ത് നിര്‍വഹിച്ചിരുന്നു. ആ പുണ്യകരമായ ചര്യ തുടര്‍ന്ന് പോരുകയും ചെയ്തു(ഇബ്‌നുമാജ) ആര്‍ക്കെങ്കിലും ജീവിതത്തില്‍ വുളുഹിയത്തറുക്കാന്‍ ഭൗതിക സാഹചര്യമുണ്ടാകുകയും ശേഷം അവനത് നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ ഈദ് ഗാഹിലേക്കവന്‍ അടുക്കേണ്ടതില്ല(ഇബ്‌നുമാജ) ഈ രണ്ട് നബിവചനങ്ങള്‍ വുളുഹിയത്ത് എന്ന പുണ്യകര്‍മത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പുണ്യകരമായ കര്‍മത്തിന് മുതിരുമ്പോള്‍ അത് ഏറ്റവും നന്നാക്കി ചെയ്യുവാനും അതിലെ ഏറ്റവും നല്ലതിനെ തെരഞ്ഞെടുക്കാനും മതം പഠിപ്പിക്കുന്നു. ഇബ്‌റാഹീം നബി തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായത് ദുല്‍ഹിജ്ജ പത്തിനായിരുന്നു. ആയതിനാല്‍ ആ ദിവവസം തന്നെ ഉളുഹിയത്തിന് തെരഞ്ഞെടുക്കലാണ് കൂടുതല്‍ അഭികാമ്യം. അസൗകര്യമുണ്ടെങ്കില്‍ ദുല്‍ഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിലുമാകാം.

പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നിര്‍വഹിക്കേണ്ടത് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ.് അതിന് മുന്‍പായി നിര്‍വഹിച്ചാല്‍ അത് സ്വന്തത്തിന് വേണ്ടി നിര്‍വഹിച്ചതായേ പരിഗണിക്കൂ. സാധാരണയായി വിശ്വാസികള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ ബലികര്‍മം നിര്‍വഹിക്കുമ്പോള്‍ 'ബിസ്മില്ലാഹി റ്വഹ്മാനി റഹീം' എന്നാണ് പറയാറുള്ളത് എന്നാല്‍ വുളുഹിയത്തറുക്കുമ്പോള്‍ ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശ്രേഷ്ഠത.

പല സ്ഥലങ്ങളിലും തെറ്റിദ്ധാരണ മൂലം ബലികര്‍മത്തിന് ഒരു കൂലിക്കാരനെ ഏല്‍പിക്കുകയും പ്രതിഫലമായി ബലിമൃഗത്തിന്റെ തൊലിയോ മാംസമോ നല്‍കുകയും ചെയ്യാറുണ്ട.് എന്നാല്‍ ബലികര്‍മം എന്നത് നേരിട്ട് ഉടമസ്ഥന്‍ തന്നെ ചെയ്യുന്നതാണ് നബിചര്യ. ബലിമൃഗത്തിന്റെ മാംസവും തൊലിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുമാണ് പ്രവാചകനില്‍ നിന്നുള്ള നിര്‍ദേശം.

by ജലീല്‍ മാമാങ്കര @ വര്‍ത്തമാനം