വികാര ചികിത്സക്ക് വിധേയരാവുക

പലതരം പ്രവര്‍ത്തനങ്ങളില്‍ നിരതരാവുന്നവരാണ് നാം. പ്രവര്‍ത്തനങ്ങളൊക്കെയും കുറ്റമറ്റതാവാന്‍ തികഞ്ഞ ആസൂത്രണവും ശ്രദ്ധയും നാം വെച്ചുപുലര്‍ത്തുന്നു. പ്രവര്‍ത്തനാനന്തരം വിലയിരുത്തലുകളും മൂല്യനിര്‍ണയവും നടക്കുന്നു. പാളിച്ചകളെ കണ്ടെത്തുന്നു. വിജയത്തെ അംഗീകരിച്ചാനന്ദിക്കുന്നു. അല്ലാഹുവിനു നന്ദി പറയുന്നു. പക്ഷെ, വിശ്വാസികള്‍ കര്‍മ്മങ്ങളുടെ ജയപരാജയങ്ങള്‍ ഭൌതിക മാനങ്ങളിലൂടെ മാത്രം കണ്ട് ആനന്ദിക്കേണ്ടവരല്ല. പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണത, അവയുടെ വിജയപരാജയങ്ങള്‍ അതൊക്കെത്തന്നെ അവയിലടങ്ങിയ വിചാരവിശുദ്ധിയെ ആസ്പദിച്ചു നില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം അവര്‍ക്ക്.

വളരെ പ്രസിദ്ധമായ ഒരു നബിവചനത്തിന്‍റെ ആദ്യഭാഗം ഇപ്രകാരമാകുന്നു. "നിശ്ചയം കര്‍മ്മങ്ങളെല്ലാം വിചാരാധിഷ്ടിതമാണ്‌. ഓരോ മനുഷ്യനും താനെന്താണോ വിചാരിച്ചത് അതു മാത്രമാണുള്ളത്‌". കര്‍മ്മങ്ങളിലേര്‍പ്പെടുന്ന നമുക്ക് നമ്മുടെ വിചാരമാണതിലെ വിലപ്പെട്ട വസ്തു എന്ന ബോധമുണ്ടാകണം. വിചാരങ്ങളെയും ഉദേശ്യങ്ങളേയും കുറ്റമറ്റതാകാന്‍ ഇത് വഴി നമുക്ക് സാധിക്കണം. തികഞ്ഞ പരിശ്രമം നമുക്കതിനു ആവശ്യമാണ്‌. മഹാനായ സുഫ്യാനുസ്സൌരിയുടെ വാക്കുകള്‍ അതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിപ്രകാരമാണ് : "നിന്‍റെ വിചാരത്തെക്കാള്‍ കഠിനമായ മറ്റൊന്നിനെയും നിനക്ക് ചികിത്സിക്കേണ്ടി വന്നിട്ടില്ല. അതു നിന്നില്‍ സദാ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു".

ഒരു കര്‍മ്മത്തിലേര്‍പ്പെടുമ്പോള്‍ തന്നെ എത്രയെത്ര വിചാരഭാവങ്ങളാണ് നമ്മെ കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുന്നത്. വിലയിരുത്തപ്പെടാന്‍ കഴിയാത്ത ഈ വിചാര ഭാവങ്ങള്‍ എത്രയാണ് കര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയുന്നത്! അല്ലാഹുവില്‍ ശരണം. എങ്കില്‍ ഒരു വിചാരചികിത്സക്ക് നമുക്കും വിധേയരാവാം. യൂസുഫുബ്നു അസ്ബാത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്‌: "വിചാര വിശുദ്ധിക്കായുള്ള കഠിനാധ്വാനമാണ്‌ മറ്റെല്ലാ പരിശ്രമത്തേക്കാളും മുന്നില്‍ നില്‍ക്കേണ്ടത്. കാരണം ഹൃദയവിശുദ്ധി കര്‍മവിശുദ്ധിയിലും കര്‍മ്മവിശുദ്ധി വിചാരവിശുദ്ധിയിലുമാണ്".

ഇബ്നു മുബാറക്കിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്‌ : "എത്രയെത്ര ചെറിയ പ്രവര്‍ത്തനങ്ങളാണ് വിചാരവിശുദ്ധിയാല്‍ മഹത്തരമായിത്തീരുന്നത്. എത്രയെത്ര മഹദ്പ്രവര്‍ത്തനങ്ങളാണ് വിശുദ്ധമല്ലാത്ത പ്രവര്‍ത്തനങ്ങളാല്‍ വികലമായിപ്പോയത്!". സൈദിബ്നുസാബിതില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു : "ഒരുവന്‍റെ മനോവിചാരം ഭൌതികതയിലൂന്നിയതായാല്‍ അവന്‍റെ കാര്യങ്ങളെ അല്ലാഹു വികലമാക്കിക്കളയും. ദാരിദ്ര്യത്തെ അവന്‍റെ കണ്‍തടത്തിലാക്കും. ഇഹലോകത്ത്‌ അവനു നിശ്ചയിച്ചതല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല. എന്നാല്‍ ഒരുവന്‍റെ മനോവിചാരം പരലോകമായാല്‍ അവന്‍റെ സമ്പന്നതയെ അവന്‍റെ ഹൃത്തടത്തിലാക്കും. ഭൌതികത അവന്നരികിലെത്തും. പക്ഷെ അതവന്ന് നിസ്സാരമായിരിക്കും" [അഹമദ്, ഇബ്നു മാജ]

നമ്മുടെ വിചാരത്തിനു തത്തുല്യമാണ് പ്രതിഫലം. വിചാരം ഭൌതികതയിലൂന്നിയതായാല്‍ നഷ്ടപ്പെടുന്നത് പരലോക ജീവിതമാണ്‌, മനസ്സുഖമാണ്‌, ശാന്തിയും സമാധാനവുമാണ്‌. വിചാരവിശുദ്ധി കൈവരിക്കാനുള്ള കരുത്തും കെല്‍പും അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ... ആമീന്‍

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്