വയറുകളില്‍ നരകാഗ്നി നിറക്കുന്നവര്‍

"അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും" (അദ്ധ്യായം 2 ബഖറ 174)

മാനവസമൂഹത്തിനു മഹത്തായ ചില നാമനിര്‍ദേശങ്ങ ളുമായാണ് വേദ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഇവ പാലിക്കുന്നതിലൂടെ ശാശ്വതമായ സ്വര്‍ഗീയസുഖം അനുഭവിക്കാം എന്നതാണ് വേദഗ്രന്ഥങ്ങള്‍ ഉണര്‍ത്തുന്നത്. പ്രത്യക്ഷത്തില്‍ ചില നേരിയ നഷ്ടങ്ങള്‍ ചില കാര്യങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ സംഭവിച്ചേക്കാം. മഹത്തായ സൌഭാഗ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം വളരെ നിസ്സാരം. എന്നാല്‍ താല്‍ക്കാലികമായ ചില നേട്ടങ്ങള്‍ക്ക് വേണ്ടി മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും യഥാര്‍ത്ഥ സത്യം മൂടിവെച്ചു അര്‍ദ്ധസത്യമോ അസത്യമോ പ്രചരിപ്പിക്കുന്നവരും വേദഗ്രന്ഥത്തിന്‍റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. പക്ഷെ, അവര്‍ നേടുന്ന താല്‍ക്കാലിക ലാഭം വയറില്‍ നരകാഗ്നി നിരക്കുന്ന പ്രവൃത്തിയാണ്‌. ഐഹിക നേട്ടങ്ങള്‍ എത്ര വലിയതാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ നിസ്സാരമാണ്. "പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു" (അദ്ധ്യായം 9 തൌബ 38)

സത്യം മൂടിവെച്ച് ജനങ്ങളുടെ മുന്നില്‍ ഉന്നതന്മാരായി ചമയുന്നവരെല്ലാം അല്ലാഹു അവഗണിക്കുന്ന നിസ്സാരന്മാരായി മാറുന്നതാണ്. അല്ലാഹു അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ കൃത്യമായി മനസ്സിലാക്കിയിട്ടും അതു പിന്‍പറ്റാതെയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാതെയും ജീവിക്കുന്നവര്‍ ഇതിന്‍റെ പരിധിയില്‍ വരും. ഖുര്‍ആനിന്‍റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാന്‍ മുതിരാതെ കേവലം ധനസമ്പാദനത്തിനുള്ള വിവിധ മാര്‍ഗങ്ങളായി വിശുദ്ധ ഖുര്‍ആനെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഏറെ ഭയപ്പെടേണ്ട ഒരു വചനമാണിത്. ഖുര്‍ആന്‍ പാത്രത്തിലെഴുതിയും ഓതി നൂലുകളില്‍ കെട്ടുകളിട്ടും വില്‍പ്പനച്ചരക്കാക്കുന്ന കാഴ്ച ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. ഇവര്‍ വയറുകളില്‍ നരകാഗ്നി നിറയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. വിചാരണപോലും ഇല്ലാതെ നേരെ നരകത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാവും ഈ പ്രവൃത്തിയെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

by അബ്ദു സലഫി @ പുടവ കുടുംബ മാസിക