മതപരിവര്‍ത്തനം എങ്ങനെ?

മതപ്രബോധനം വിശ്വാസിയുടെ ബാധ്യതയായി പരിഗണിക്കുന്ന ഇസ്‌ലാം മതപരിവര്‍ത്തനത്തിന്റെ മാര്‍ഗങ്ങളും വ്യക്തമാക്കുന്നുണ്ട്‌. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അതൊരിക്കലും അംഗീകരിക്കുന്നില്ല. ഇസ്‌ലാം ഒരാദര്‍ശമാണ്‌. പരലോക മോക്ഷമാണതിന്റെ മുഖ്യഅജണ്ട. ആദര്‍ശമുള്‍ക്കൊണ്ടുകൊണ്ട്‌ സ്വജീവിതത്തില്‍ ഇസ്‌ലാമിനെ പകര്‍ത്താന്‍ കഴിഞ്ഞവര്‍ക്ക്‌ മാത്രമേ മതത്തില്‍ പരലോകമോക്ഷത്തിന്നര്‍ഹതയുള്ളൂ. കാനേഷുമാരി അനുസരിച്ച്‌ മുസ്‌ലിം മാതാപിതാക്കള്‍ക്ക്‌ ജനിച്ചവരെയെല്ലാം പരലോകജീവിതത്തില്‍ അല്ലാഹു നരകത്തില്‍ നിന്നും മോചിപ്പിക്കുകയില്ല. മുസ്‌ലിം മാതാപിതാക്കള്‍ക്ക്‌ പിറന്നവരാണെങ്കിലും ഇസ്‌ലാം എന്ന ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ട്‌ ജീവിതത്തിലത്‌ സ്വമേധയാ അനുഷ്‌ഠിച്ചവര്‍ക്ക്‌ മാത്രമേ പരലോകവിജയം ലഭിക്കുകയുള്ളൂവെന്ന്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. (98:7,8)

ബാഹ്യശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങിക്കൊണ്ട്‌ നിര്‍ബന്ധിതനായാണ്‌ ഒരാള്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതെങ്കില്‍ അയാള്‍ക്ക്‌ പരലോകമോക്ഷം ലഭിക്കുകയില്ല. അതുകൊണ്ടാണ്‌ ഇസ്‌ലാം ആശ്ലേഷിക്കുന്ന കാര്യത്തില്‍ ഒരാളെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന്‌ ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നത്‌. ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ആരെങ്കിലും ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പൊട്ടിപ്പോവാത്ത ബലിഷ്‌ഠമായ ഒരു പാശമാണ്‌ മുറുകെ പിടിച്ചിരിക്കുന്നത്‌. ``അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:256).

ഈ വചനം വ്യക്തമാക്കുന്നതുപോലെ പരലോകമോക്ഷത്തിനുതകുന്ന സന്മാര്‍ഗവും ദുര്‍മാര്‍ഗവും ഏതാണെന്ന്‌ ഇസ്‌ലാം വേര്‍തിരിച്ചു തന്നിരിക്കുന്നു. പരലോകത്തു വെച്ച്‌ ഒരാളുടെ രക്ഷയും ശിക്ഷയും തീരുമാനിക്കുന്നത്‌ സാക്ഷാല്‍ ദൈവമായ അല്ലാഹു മാത്രമാണ്‌. മനുഷ്യകല്‌പിത ബഹുദൈവങ്ങള്‍ക്കൊന്നും പരലോകമുക്തിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയില്ല. ഈ വസ്‌തുത മനസ്സിലാക്കി ആരെങ്കിലും സ്വയം സത്യമതത്തെ പുല്‍കുന്നുവെങ്കില്‍ അതവന്‌ ഗുണകരമായിരിക്കും. അതിനെ തിരസ്‌കരിക്കുന്നവര്‍ നരക ജീവിതത്തിന്നര്‍ഹരായിത്തീരും. ഇതാണ്‌ ഖുര്‍ആന്‍ മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശം. ഈ ആദര്‍ശം ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പിക്കാന്‍ കഴിയുകയില്ല. ഉദ്‌ബോധനത്തിലൂടെ മാനസിക പരിവര്‍ത്തനം നടത്തിയാല്‍ മാത്രമേ പരലോകമോക്ഷമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ അങ്കുരിക്കുകയുള്ളൂ. അതുകൊണ്ടാണ്‌ മതാശ്ലേഷണത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം ചെലുത്തരുതെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌.

ഭൂമിയിലെ മുഴുവന്‍ മനുഷ്യരും തന്റെ മതം പുല്‍കണമെന്ന്‌ അല്ലാഹുവിന്‌ യാതൊരു നിര്‍ബന്ധവുമില്ല. അല്ലാഹു നല്‍കിയ വിവേചന ബുദ്ധിയുപയോഗിച്ച്‌ നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊണ്ട്‌ പൂര്‍ണ സ്വതന്ത്രനായി ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നതാണ്‌ അല്ലാഹുവിന്റെ നിലപാട്‌. അതിനു വേണ്ട ബുദ്ധിയും വിവേകവും എല്ലാവര്‍ക്കും അവന്‍ ജന്മനാ നല്‍കുകയും ചെയ്‌തു.

എന്നാല്‍ മുഹമ്മദ്‌ നബി(സ) തന്റെ പ്രബോധിതര്‍ ഇസ്‌ലാം സ്വീകരിക്കാത്തതില്‍ ദു:ഖിതനായിരുന്നു. അവരുടെ പരലോകഭാവിയോര്‍ത്ത്‌ അദ്ദേഹം അസ്വസ്ഥനായിരുന്നു. അവര്‍ക്കൊഴിഞ്ഞുമാറാന്‍ പറ്റാത്ത രൂപത്തില്‍ അദ്ദേഹം അവരെ നിരന്തരം ഉപദേശിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തോട്‌ അല്ലാഹു ചോദിക്കുന്നത്‌ നോക്കൂ: ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99). പ്രബോധന പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍ബന്ധ രൂപത്തിലേക്ക്‌ മാറരുതെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാം ആയുധം കാണിച്ച്‌ ആളെക്കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിക്കുന്നത്‌ അപരാധം തന്നെയാണ്‌.

``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്റെ മതം'' (109:6). മതത്തിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനിന്റെ പ്രഖ്യാപനമാണിത്‌. പ്രവാചകന്റെ പ്രബോധിതരായ അമുസ്‌ലിംകളോട്‌ ഈ നയം പ്രഖ്യാപിക്കാനാണ്‌ ഖുര്‍ആനിലെ 109-ാം അധ്യായം അവതരിച്ചതു തന്നെ. പ്രവാചകനായ മുഹമ്മദ്‌ നബി(സ) അറേബ്യയുടെ ഭരണാധികാരി കൂടിയായിരുന്നു. ചെങ്കോല്‍ കൈവശമുണ്ടായിട്ടും അതുപയോഗിച്ച്‌ അദ്ദേഹം അമുസ്‌ലിംകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയില്ലെന്ന്‌ മാത്രമല്ല, ഖുര്‍ആനിന്റെ നയപ്രഖ്യാപനം നടപ്പിലാക്കുകയും ചെയ്‌തു.

പ്രവാചകാനും അനുയായികളും മദീനയിലെ പ്രവാസ ജീവിതത്തിനു ശേഷം മക്കയിലേക്ക്‌ തിരിച്ചെത്തുന്നു. ജനിച്ച മണ്ണില്‍നിന്നും ശത്രുക്കള്‍ നിരന്തരമര്‍ദനത്തിലൂടെ തുരത്തിയതാണവരെ. മദീനയില്‍ അഭയംതേടിയ പ്രാവചകന്‍ അനുയായികളോടൊപ്പം രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി മക്ക തിരിച്ചുപിടിച്ചു. പ്രവാചകനെ മതിവരുവോളം പീഡിപ്പിച്ച പ്രവാചകന്റെ പ്രഖ്യാപിത ശത്രുക്കള്‍ മക്കാവിജയവേളയില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കാകുലരായിരുന്നു. മുഹമ്മദ്‌ തങ്ങളെ വധിച്ചുകളയുമെന്നോ ബന്ദികളാക്കുമെന്നോ അവര്‍ ഭയപ്പെട്ടു. പക്ഷെ അവരെ നോക്കിക്കൊണ്ട്‌ പ്രവാചകന്‍ പ്രഖ്യാപിച്ചു: `നിങ്ങള്‍ പോയിക്കൊള്ളുവീന്‍. നിങ്ങള്‍ സ്വതന്ത്രരാണ്‌'. നിര്‍ബന്ധ മതപരിവര്‍ത്തനത്തിലൂടെ മുസ്‌ലിം സമുദായാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നതെങ്കില്‍ ഈ സുവര്‍ണാവസരം പ്രവാചകന്‍ പാഴാക്കുകയില്ലായിരുന്നു. പ്രവാചകമാതൃക ദൈവിക പ്രഖ്യാപനത്തിന്റെ പ്രയോഗ മാതൃകയായിരുന്നു. അല്ലാഹു പറഞ്ഞു: ``പ്രവാചകരേ, പറയുക. സത്യം നിങ്ങളുടെ തമ്പുരാനില്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ.'' (വി.ഖു 18:29)

ഇസ്‌ലാം മതം മുസ്‌ലിംകള്‍ക്ക്‌ മാത്രമുള്ളതല്ല. ദൈവത്തിന്റെ സൃഷ്‌ടികളായ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്‌. അമുസ്‌ലിം സഹോദരന്‍ എന്നെപ്പോലെയുള്ള ഒരു മനുഷ്യനാകുന്നു. ഇസ്‌ലാമനുസരിച്ച്‌ ജീവിച്ചിട്ടില്ലെങ്കില്‍ മരണശേഷം ആ സഹോദരന്‍ നരകാഗ്നിയില്‍ കിടന്നെരിയേണ്ടിവരും. ഈ വസ്‌തുത അദ്ദേഹത്തെ അറിയിക്കുകയും നരകത്തില്‍നിന്നും അദ്ദേഹത്തെ തടയുകയും ചെയ്യുക എന്ന പവിത്രമായ ഏകലക്ഷ്യം മാത്രമേ ഇസ്‌ലാമിക പ്രബോധകന്‌ അമുസ്‌ലിംകളോട്‌ മതപ്രബോധനം നടത്തുമ്പോള്‍ ഉണ്ടാകുവാന്‍ പാടുള്ളൂ എന്ന്‌ മതത്തിന്‌ നിര്‍ബന്ധമുണ്ട്‌. അവരില്‍ നിന്നും ഭൗതികമായ ഒരു നേട്ടവും ആഗ്രഹിക്കുവാനും പാടില്ല. വോട്ടുബാങ്കായും ധനസമാഹരണ മാര്‍ഗമായും പാര്‍ട്ടി വളര്‍ത്താനുള്ള മനുഷ്യവിഭവമായും അവനെ ഉപയോഗിക്കാമെന്നു കരുതി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചാല്‍ അയാള്‍ മതം മാറിയാലും ഇല്ലെങ്കിലും മതപരിവര്‍ത്തനത്തിന്‌ ശ്രമിച്ച ആള്‍ക്ക്‌ നരകശിക്ഷ ഉറപ്പായി. ഇതാണ്‌ സത്യമതം പഠിപ്പിക്കുന്നത്‌. മതത്തിന്റെ ഈ സദുദ്ദേശ്യമാണ്‌ വിമര്‍ശിക്കുന്നതെങ്കില്‍ അത്‌ അവിവേകമാണ്‌. കാരണം, അകപ്പെടാന്‍ സാധ്യതയുള്ള അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കല്‍ മനുഷ്യത്വമാണല്ലോ. മനുഷ്യര്‍ പരസ്‌പരം കാത്തുസൂക്ഷിക്കേണ്ട ഗുണകാംക്ഷയുമാണത്‌..

by ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍ @ ശബാബ്