സമയം മനുഷ്യജീവിതത്തിലെ അമൂല്യനിധി

ക്രിസ്‌തുവര്‍ഷം 2011ഉം ഹിജ്‌റ 1432 ഉം നമ്മോട്‌ വിടചൊല്ലി. ചുമരിലെ കലണ്ടറും കൈയിലെ ഡയറിയും നമ്മള്‍ പുതിയതു വാങ്ങി. സമയരേണുക്കളുടെ നിശബ്‌ദ പ്രയാണത്തില്‍ മനുഷ്യന്‍ നിസ്സഹായനായി അന്ധാളിച്ച്‌ നില്‌ക്കുന്നു.

മനുഷ്യജീവിതത്തിലെ അമൂല്യനിധിയാണ്‌ സമയം. ഏറ്റവും വലിയ നഷ്‌ടം സമയനഷ്‌ടമാണ്‌. അധികാരം നഷ്‌ടപ്പെട്ടവര്‍ക്ക്‌ അടുത്ത തെരഞ്ഞെടുപ്പില്‍ അത്‌ തിരിച്ച്‌ കിട്ടിയേക്കാം. പാവപ്പെട്ടവന്‌ കഠിനശ്രമത്തിലൂടെ പണക്കാരനാകാം. രോഗിക്ക്‌ ചികിത്സയിലൂടെ ആരോഗ്യവാനാകാം. പരീക്ഷയില്‍ തോറ്റവന്‌ അടുത്ത പരീക്ഷയില്‍ വിജയിക്കാനായേക്കാം. എന്നാല്‍ സമയത്തെ ഒരിക്കലും തിരിച്ചെടുക്കാന്‍ സാധ്യമല്ല. സമയത്തിന്‌ വലിയ പ്രാധാന്യം നല്‌കിയ മതമാണ്‌ ഇസ്‌ലാം. പുനരുത്ഥാന നാളില്‍ ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ടി വരുന്ന സുപ്രധാനമായ ചില ചോദ്യങ്ങളുണ്ട്‌.

നബി(സ) പറയുന്നു: "അഞ്ച്‌ കാര്യങ്ങളെ സംബന്ധിച്ച്‌ ചോദ്യം ചെയ്യപ്പെടാതെ ആദമിന്റെ പുത്രന്‌ പരലോക ദിനത്തില്‍ തന്റെ കാല്‍പാദങ്ങള്‍ മുന്നോട്ടുവെക്കാന്‍ കഴിയില്ല. തന്റെ ആയുസ്സ്‌ എന്തിനു ചെലവഴിച്ചുവെന്നും, യുവത്വകാലം എന്തിനു വിനിയോഗിച്ചു എന്നും തന്റെ ധനം എങ്ങനെ സമ്പാദിച്ചുവെന്നും ഏതാവശ്യത്തിന്‌ ചെലവഴിച്ചുവെന്നും തന്റെ വിജ്ഞാനം കൊണ്ട്‌ എന്ത്‌ പ്രവര്‍ത്തിച്ചുവെന്നുമാണവ" (തിര്‍മിദി). അഞ്ചില്‍ രണ്ടും സമയത്തിനെ സംബന്ധിച്ചാണ്‌.

വിശ്വാസിയുടെ ഓരോ ദിനവും പരലോകത്തേക്കുള്ള സമ്പത്തായിരിക്കണം. ഖുര്‍ആന്‍ ചോദിക്കുന്നു: ``ഓരോ വ്യക്തിയും താന്‍ നാളേക്ക്‌ വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്‌തുവെച്ചിട്ടുള്ളതെന്ന്‌ നോക്കിക്കൊള്ളട്ടെ.''

നബി(സ) പറയുന്നു: ``കാലം അടുത്തുവരുന്നതു വരെ, ലോകാവസാനം സംഭവിക്കുകയില്ല. അങ്ങനെ വര്‍ഷം മാസം പോലെയും മാസം ആഴ്‌ച പോലെയും ആഴ്‌ച ദിവസം പോലെയും ദിവസം നാഴിക പോലെയും നാഴിക തീ കൊളുത്തിയാല്‍ കത്തിപ്പിടിക്കുന്നതുപോലെയും ആയിത്തീരും.''(തിര്‍മിദി)

പ്രപഞ്ചത്തിന്റെ വ്യവസ്ഥകള്‍ക്കോ ക്രമീകരണങ്ങള്‍ക്കോ മാറ്റം വന്നിട്ടില്ല. പക്ഷെ, മനുഷ്യര്‍ തിരക്കിലാണ്‌. ഭൗതിക പ്രമത്തതയുടെ നെട്ടോട്ടത്തിലാണ്‌. ഓരോ മനുഷ്യനെയും സൃഷ്‌ടിക്കുമ്പോള്‍ തന്നെ അവന്‌ ഈ ഭൂമിയില്‍ അനുവദിച്ച വര്‍ഷവും മാസവും ദിവസവും സ്രഷ്‌ടാവ്‌ തീരുമാനിക്കുന്നുണ്ട്‌. നാം നടന്നുനീങ്ങുകയാണ്‌. ``പറയുക: നിങ്ങള്‍ക്ക്‌ ഒരു നിശ്ചിത അവധി ദിനമുണ്ട്‌. നിങ്ങളതില്‍ നിന്നൊട്ടും പിറകോട്ട്‌ പോവില്ല. മുന്നോട്ട്‌ വരികയുമില്ല.'' (34:30)

ആ ദിനത്തിന്റെ ഭീകരതയെ ഭയപ്പെടുത്താവര്‍ ആരെങ്കിലുമുണ്ടോ? 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്‌ത്രജ്ഞന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍, ജീവിതത്തിന്റെ അവസാന നാളുകളില്‍ മൂകനായിരിക്കെ, ഭാര്യ ചോദിച്ചു: ``താങ്കളെ അസ്വസ്ഥനാക്കുന്ന കാര്യമെന്ത്‌?'' മരണ ദിനമെന്നായിരുന്നു ഐന്‍സ്റ്റിന്റെ മറുപടി.

മരണത്തെ ബുദ്ധിക്ക്‌ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ലോകത്ത്‌ എത്രയെത്ര ഐന്‍സ്റ്റീന്‍മാര്‍, ന്യൂട്ടന്‍മാര്‍, ഡാര്‍വിന്‍മാര്‍ ചിരഞ്‌ജീവികളായിരുന്നു. "ഭൂമിയില്‍ നിങ്ങള്‍ക്ക്‌ അല്‌പകാലം കഴിയാന്‍ ഇടമുണ്ട്‌. കഴിക്കാന്‍ വിഭവങ്ങളും''(2:36). എത്ര വലിയ സമ്പന്നനും മരണത്തെ അതിജയിക്കാന്‍ സാധ്യമല്ല. ``നിങ്ങള്‍ക്കെല്ലാം മരണം നിശ്ചയിച്ചവരും നാം തന്നെ. നമ്മെ കടക്കാന്‍ ആരുമില്ല.''(വി.ഖു 56:60)

ദാരിദ്ര്യം, കഷ്‌ടപ്പാട്‌, ശാരീരിക പ്രയാസങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട്‌ അല്ലാഹു നമ്മെ പരീക്ഷിക്കും. എന്നാല്‍, ആ ഘട്ടത്തിലൊന്നും മരണം കൊതിക്കരുത്‌. സ്വയം മരണം നിഷിദ്ധമാണ്‌. ഇസ്‌ലാം വന്‍ പാപമായി അതിനെ കാണുന്നു. മരണം ഒന്നിനും പരിഹാരമല്ല. നബി(സ)യുടെ താക്കീത്‌: ``നിങ്ങള്‍ മരണം കൊതിക്കരുത്‌. സുകൃതം ചെയ്യുന്നവന്‌ സദ്‌കര്‍മങ്ങള്‍ അധികരിപ്പിക്കുവാനും അക്രമിക്ക്‌ പശ്ചാത്തപിക്കുവാനുമുള്ള അവസരം ലഭിക്കും.'' (മുസ്‌ലിം)

മരണം ജീവിതത്തിന്റെ അവസാനമല്ല- തുടര്‍ച്ചയാണ്‌. മറ്റൊരു ജീവിതത്തിന്റെ തുടക്കം അല്ലാഹുവിന്റെ വരദാനമായ ജീവനും ആരോഗ്യവും ആയുസ്സും സമയവും ഫലപ്രദമായി ഉപയോഗപ്പെടുത്തുമ്പോഴേ ജീവിതവിജയം നേടാന്‍ സാധിക്കൂ.

by അബ്‌ദുന്നാസര്‍ പൂക്കാടഞ്ചേരി @ ശബാബ്