സ്വവര്‍ഗരതി എന്ന പുഴുത്ത സംസ്‌കാരം

ആനന്ദകരവും ആഹ്ലാദകരവുമായ ജീവിതത്തിന് ആസ്വാദനം എന്നത് അവിഭാജ്യമായ ഒരു ഘടകമാണ്. ആസ്വദിക്കാതെയുള്ള ജീവിതത്തിന്‍റെ മുന്നോട്ടുള്ള ഓരോ കാലടികളും മനുഷ്യജീവിതത്തെ മുരടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യും. മനുഷ്യജീവിതത്തില്‍ ആനന്ദവും ആസ്വാദ്യതയും നുകരാനും അനുഭവിക്കാനും അല്ലാഹു അനുവദിച്ച ഒന്നാണ് ഇണകളായി ജീവിക്കുക എന്നത്. ജീവിതത്തിലെ സന്തോഷദായകതക്ക് ഊടുംപാവും നല്‍കുന്നതില്‍ ഇണകളായി ജീവിക്കുക എന്ന സംവിധാനം കൂടുതല്‍ കരുത്തും ഊര്‍ജവും മനുഷ്യജീവിതത്തില്‍ നല്‍കാറുമുണ്ട്. ഇണകളായി ജീവിക്കുക എന്നതും അങ്ങനെ സൃഷ്ടിക്കുക എന്നതും കുറ്റമറ്റ ദൈവിക സംവിധാനവും നിയമവുമാണ്. ഭൂമിയില്‍ കാണപ്പെടുന്ന മുഴുവന്‍ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചിരിക്കുന്നു എന്നത് ദൈവിക പരിശുദ്ധിയെയും മഹത്വത്തെയും വിളിച്ചറിയിക്കുന്നു. 'ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലുംപെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍' {വി ഖു 36:36}

മാനവരാശിയുടെ സമാധാനപൂര്‍ണമായ ജീവിതത്തിന് അല്ലാഹു സംവിധാനിച്ച ഏറ്റവും വ്യവസ്ഥാപിതവും അനുഗൃഹീതവുമായ നിയമസംവിധാനമാണ് ഇണകളായി ജീവിക്കുക എന്നത്. നാം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ വികാര വിചാരങ്ങളെ കുറിച്ച് അതിസൂക്ഷ്മമായി അറിയുന്ന അല്ലാഹു ഇണയും തുണയുമായി ജീവിക്കുക എന്നതിലൂടെ മനുഷ്യന്റെ സ്വസ്ഥതയും സമാധാനവുമാണ് ലക്ഷ്യമാക്കുന്നത്. 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ജീവിക്കുന്നതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്' (വി ഖു 30:21)

ചിന്തിക്കുന്ന ജനങ്ങളോട് സംവദിക്കുന്ന പരിശുദ്ധ ഖുര്‍ആനിന്‍റെ നിയമനിര്‍ദേശങ്ങളുടെ ആസ്വാദനത്തിന്‍റെ മറപിടിച്ച് മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ അതിര്‍ലംഘിക്കാന്‍ ശ്രമിച്ചാല്‍ അത് ജീവിതവ്യവസ്ഥയേയും പദ്ധതികളേയും താളംതെറ്റിക്കുകയും തകര്‍ത്തുകളയുകയും ചെയ്യും. മനുഷ്യന്‍റെ അനുവദനീയവും പ്രകൃതിപരവുമായ ഇണകളോടുള്ള ആകര്‍ഷണീയതയെ നിയമപരമായി അംഗീകരിക്കലാണ് ഇസ്‌ലാമിലെ വിവാഹം. വിവാഹം പുരുഷനും സ്ത്രീയും തമ്മിലാണ്. പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും വിവാഹബന്ധത്തിലേര്‍പ്പെടുക എന്നത് പ്രകൃതിവിരുദ്ധവും ദൈവികനിയമത്തെ അതിലംഘിക്കലുമാണ്.

മാനവസമൂഹത്തിന് മാര്‍ഗദര്‍ശനമായി ദൈവം അവതരിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ ഒരു ദൃഷ്ടാന്തമായും മുന്നറിയിപ്പായും ചാവുകടലിനേയും അതിന്‍റെ തെക്കേ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാന്‍സ് ജോര്‍ദനേയും വിവരിക്കുന്നുണ്ട്. മഹാനായ പ്രവാചകന്‍ ലൂത്ത് നബി (അ) നിയുക്തനായ സദൂം നിവാസികളുടെ ഏറ്റവും വലിയ അധാര്‍മികതയായിരുന്നു സ്വവര്‍ഗരതി എന്നത്. ആഡംബരത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ആട്ടുതൊട്ടിലില്‍ അഭിരമിച്ചിരുന്ന ആ സമൂഹത്തോട് മാന്യമായും പക്വമായും ആ ദുഷ്‌ചെയ്തിക്കെതിരെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹത്തെ അംഗീകരിക്കാന്‍ പോയിട്ട് കേള്‍ക്കാന്‍ പോലും ആ സമൂഹം തയ്യാറായില്ല. ആ പ്രവാചകന്‍റെ വീട്ടിലേക്ക് വന്ന സുന്ദരന്മാരായ മാലാഖമാരെപ്പോലും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ അവര്‍ ലൂത്ത് നബിയോട് ആവേശത്തോടെ ആക്രോശരൂപത്തില്‍ ആവശ്യപ്പെടുകയായിരുന്നു.

ലൂത്ത് നബി സ്വജനത്തോട് പറഞ്ഞു: "നിങ്ങള്‍ ഇത്ര നാണമില്ലാത്തവരായോ, നിങ്ങള്‍ക്ക് മുന്‍പ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തരം ചെയ്യാന്‍?' ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ അതിര് കടന്ന ജനങ്ങള്‍ തന്നെ" (വി ഖു- 7:80,81) ലൂത്ത് നബിയുടെ ഉപദേശം ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ തയ്യാറാവാത്ത ആ ജനതയെ അല്ലാഹുവിന്‍റെ പ്രകൃതിനിയമത്തെ അതിര്‍ലംഘിച്ചത് കാരണം പ്രകൃതിയെ കീഴ്‌മേല്‍ മറിച്ചിട്ടും ചൂടേറിയ ഇഷ്ടികക്കല്ലുകള്‍ വര്‍ഷിച്ചിട്ടും അല്ലാഹു നശിപ്പിച്ചുകളഞ്ഞു. 'അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ചിട്ട് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്' (ഖു: 15: 73 -75).

ജനങ്ങള്‍ക്കനുകൂലവും ഉപകാരപ്രദവുമായ ഒരു കാര്യത്തിന് നിയമാംഗീകാരം ലഭിക്കാന്‍ കാലങ്ങളും വര്‍ഷങ്ങളുമെടുക്കുമ്പോള്‍ ഏതൊക്കെയോ കശ്മലന്മാരുടെ ഇടപെടല്‍ കാരണം ഞൊടിയിടയില്‍ പാസായ സ്വവര്‍ഗരതിക്കനുകൂലമായ നിയമസംവിധാനത്തെ എതിര്‍ക്കേണ്ടതും തടയിടേണ്ടതും ഓരോ പൗരന്‍റെയും ധാര്‍മിക ഉത്തരവാദിത്തമാണ്.

by ജലീല്‍ മാമാങ്കര @ വര്‍ത്തമാനം