സമാധാനം നല്‍കുന്ന വിധിവിശ്വാസം

ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളില്‍ തളരാതിരിക്കാനും തകരാതിരിക്കാനും വിധിവിശ്വാസം പോലെ സഹായകമായ മറ്റെന്തുണ്ട്? വിമാനം ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മുഖംകുത്തി നിലംപതിക്കുകയും വന്‍ അഗ്നിഗോളമായി യാത്രക്കാരില്‍ 95 % പേരും കത്തിച്ചാമ്പലാവുകയും ചെയ്ത സംഭവത്തില്‍ വിധിവിശ്വാസം നല്‍കുന്ന പരിഹാരത്തേക്കാള്‍ വലിയ നഷ്ടപരിഹാരം മറ്റെന്തുണ്ട്? മനുഷ്യന്‍ അനുനിമിഷം ഈ ലോകത്ത് ജീവിച്ചു മുന്നേറുന്നത് കരുണാമയനായ അല്ലാഹുവിന്‍റെ കനിവിലും തണലിലുമാണെന്ന് അവിചാരിതമായുണ്ടാകുന്ന ഓരോ ദുരന്തങ്ങളും സ്വബോധമുള്ള മനുഷ്യനെ ഓര്‍മപ്പെടുത്തേണ്ടതാണ്. വിധിവിശ്വാസം വിനയവും വിവേകവുമുള്ള സന്തുലിതജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു.

അവിചാരിതമായുണ്ടാകുന്ന സംഭവമാണെങ്കിലും ചിലപ്പോള്‍ ദുരന്തത്തിനിരയാവുന്നവരുടെ സൂക്ഷ്മതക്കുറവോ തെറ്റായ നിലപാടുകളോ അതിനു കാരണമായേക്കാം. എല്ലാ ദുരന്തങ്ങളെയും 'അല്ലാഹുവിന്‍റെ വിധി' എന്നു പറഞ്ഞു സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഉഹ്ദ് യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് നേരിട്ട ദുരന്തത്തെ പരാമര്‍ശിച്ചു അല്ലാഹു വിവരിച്ചത് ശ്രദ്ധേയമാണ്.

"ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു" (അദ്ധ്യായം 3 ആലു ഇംറാന്‍ 153).

വിഷമവേളകളില്‍ ക്ഷമിക്കാനും സന്തോഷവേളകളില്‍ വിനയാന്വിതരാകാനും വിധിവിശ്വാസം തന്നെയാണ് വിശ്വാസിക്ക് പ്രചോദനം. അക്കാര്യം സൂചിപ്പിക്കുന്ന ദിവ്യവചനം ഇപ്രകാരം : "ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. {ഇങ്ങനെ നാം ചെയ്തത്‌)} നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല" (അദ്ധ്യായം 57 ഹദീദ് 22,23).

നഷ്ടങ്ങളും കെടുതികളും സംഭവിക്കുന്നത്‌ അല്ലാഹുവിന്‍റെ യുക്തിയും തീരുമാനവുമനുസരിച്ചാണെന്നു വിശ്വസിക്കുന്ന വ്യക്തിക്ക് വിഷമഘട്ടത്തില്‍ ക്ഷമിക്കാന്‍ കഴിയുന്നു. ഏതു നേട്ടവും അല്ലാഹുവിന്‍റെ ദാനമാണെന്നു വിശ്വസിക്കുന്ന വ്യക്തി നേട്ടങ്ങളില്‍ മതി മറന്നാഹ്ലാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യില്ല.

"അല്ലാഹുവേ, നീ നല്‍കിയത് തടയുന്നവനായി ആരുമില്ല. നീ തടഞ്ഞത് നല്‍കാനും ആര്‍ക്കും സാധ്യമല്ല. ഒരാളുടെയും പ്രതാപം നിന്‍റെ പ്രതാപത്തോള മെത്തുകയുമില്ല" എന്നു ഹൃദയസാന്നിധ്യത്തോടെ നാഥനോട് പ്രാര്‍ഥിക്കുന്ന സത്യവിശ്വാസി താന്‍ ഉരുവിടുന്ന ഏറ്റവും ശക്തമായ വിജയമന്ത്രവും വിധിമന്ത്രവുമാണിതെന്ന് തിരിച്ചറിയട്ടെ.

by ഷംസുദ്ദീന്‍ പാലക്കോട് @ പുടവ