ശാശ്വത വിജയികള്‍

"സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്" [അദ്ധ്യായം 2 ബഖറ 212]

 ഭദ്രവും ഉന്നതവുമായ ജീവിതവീക്ഷണമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. ഭൌതിക ലോകവും ജീവിതവും ഒരു താല്‍കാലിക പ്രക്രിയ മാത്രമാണ്. മനുഷ്യന്‍റെ ആത്യന്തിക ലക്‌ഷ്യം പാരത്രിക ലോകത്തെ വിജയമാണ്. അതിനു സഹായകരമായ രീതിയില്‍ മാത്രമാണ് ഭൌതിക ജീവിതത്തെ ഉപയോഗപ്പെടുത്തേണ്ടത്. എന്നാല്‍ അവിശ്വാസികള്‍ ഈ ലോകത്തിന്‍റെ മോടിയില്‍ വഞ്ചിതരായി 'ഇത് തന്നെയാണ് എല്ലാം' എന്ന് ധരിച്ചു വെച്ചിരിക്കുകയാണ്. അതിനാല്‍ സത്യം അവര്‍ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, സത്യവിശ്വാസം സ്വീകരിച്ച് നിയന്ത്രണം പാലിച്ചു ജീവിക്കുന്നവരെ അവര്‍ പരിഹസിക്കുക കൂടി ചെയ്യുന്നു. തങ്ങള്‍ക്ക് ലഭിച്ച ഭൌതിക നേട്ടങ്ങള്‍ തങ്ങള്‍ സഞ്ചരിക്കുന്ന വഴി ശരിയാണ് എന്നതിന്‍റെ തെളിവായി അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ് എന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോയി. സത്യവിശ്വാസികള്‍ പ്രയാസപ്പെടുമ്പോഴും ദൈവമാര്‍ഗത്തില്‍ അധ്വാന പരിശ്രമങ്ങള്‍ നടത്തുമ്പോഴും ദാനധര്‍മങ്ങള്‍ ചെയ്യുമ്പോഴും ഈ നിഷേധികള്‍ക്ക് പരിഹാസമാണ്.

 എന്നാല്‍ അവരുടെ കളിയാക്കളില്‍ ഒരു കാര്യവുമില്ല. ശാശ്വത ജീവിതമാകുന്ന പരലോകജീവിതത്തില്‍ സത്യവിശ്വാസികള്‍ തന്നെയായിരിക്കും അത്യുന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍. സത്യവിശ്വാസികള്‍ സ്വര്‍ഗീയ സുഖങ്ങളില്‍ ആറാടി നടക്കുന്നത് കാണുമ്പോള്‍ സങ്കടപ്പെടുകയും ഭക്ഷണവും ജലവും യാചിക്കുകയും ചെയ്യുന്ന ദയനീയ സ്ഥിതിയാണ് ഈ അവിശ്വാസികള്‍ക്ക്‌ വരാന്‍ പോകുന്നതെന്ന് ഖുര്‍ആനിലൂടെ അല്ലാഹു ഉണര്‍ത്തുന്നു. "നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്‌" [അദ്ധ്യായം 7 അഅ'റാഫ് 50 ] 

സത്യവിശ്വാസികളെ കളിയാക്കിയ നിഷേധികളെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക : "തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌" [അദ്ധ്യായം 83 മുത്വഫ്ഫിഫീന്‍ 29 - 36]

 by അബ്ദു സലഫി @ പുടവ മാസിക