കണ്ണുനീര്‍ പൊഴിക്കാത്ത കണ്ണ്‍

മനുഷ്യരെന്ന നിലയില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നവരാണ് നാം. പലതും ഭാഗ്യമായും സൌഭാഗ്യമായും മഹാഭാഗ്യമായും നാം കണക്കാക്കുമ്പോള്‍ മറ്റു പലതും നിര്‍ഭാഗ്യവും ദൌര്‍ഭാഗ്യവുമായാണ് നമ്മുടെ കണ്ണുകളില്‍ പെടുന്നത്. വിവിധ മാനദണ്ടങ്ങളിലൂടെ വിലയിരുത്തപ്പെടുകയാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. വിശ്വാസികളാണ് നാം. വിലയിരുത്തലുകള്‍ക്ക് മാനദണ്ടമുണ്ടാകണം. എങ്കിലേ അവ മൂല്യവത്താകൂ. ശേഷ്ടമായ മാനദണ്ഡം ദൈവവചനവും പ്രവാചകവചനവുമാണ്. ഇവ ഉപയോഗിച്ച് നമുക്ക് നമ്മെ വിലയിരുത്താം; നാം ഭാഗ്യവാന്മാരോ നിര്‍ഭാഗ്യ വാന്മാരോ എന്ന്.

നബി (സ)യില്‍ നിന്നും അനസുബ്നു മാലിക് (റ) ഉദ്ധരിച്ചു. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു : നാല് കാര്യങ്ങള്‍ നിര്‍ഭാഗ്യത്തിന്‍റെ നിദര്‍ശനങ്ങളാകുന്നു. അവ, കണ്‍വരള്‍ച്ച, ഹൃദയകാഠിന്യം, അതിമോഹം, ഭൌതികതയോടുള്ള ദുരാഗ്രഹം എന്നിവയാണ്.

കണ്‍വരള്‍ച്ച : കണ്ണുനീര്‍ പൊഴിക്കുന്നതിലുള്ള കണ്ണിന്‍റെ ലുബ്ധത. ദൈവഭയത്താലോ പാപബോധത്താലോ ഒരിറ്റു കണ്ണുനീര്‍പോലും പൊടിയാത്ത, പൊഴിയാത്ത കണ്ണിന്‍റെ കാഠിന്യം!

ഹൃദയകാഠിന്യം : ഒരു ഉപദേശവും പ്രതിഫലിക്കാത്ത, ഒരു ഉല്‍ബോധനവും സ്വാധീനിക്കാത്ത, ഒരു പുണ്യത്തിനും മുതിരാത്ത, ദൈവവചനത്താലോ സ്മരണയാലോ ലോലമാവാത്ത കല്ലുപോലും നാണിക്കുന്ന ഹൃദയ കാഠിന്യം! 

അതിമോഹം : മരണത്തെയും പരലോകത്തെയും മറപ്പിച്ചു കളയുന്ന മോഹങ്ങള്‍. അവയുടെ വ്യാപ്തിക്കായുള്ള നെട്ടോട്ടം. അറ്റമില്ലാത്ത ഇത്തരം ആഗ്രഹങ്ങള്‍ സത്യത്തെയും ധര്‍മ്മത്തേയും നീതിയേയും ഇതരമൂല്യങ്ങളെയും തകര്‍ത്തെറിയുന്നു.

ഭൌതികതയോടുള്ള ദുരാഗ്രഹം : ഭൌതിക സുഖപ്രാപ്തി, അതിലുള്ള തൃപ്തി, മനംനിറയെ ഭൌതികത, സുഖലോലുപത. വായ നിറയെ, വാക്ക് നിറയെ, കണ്‍ നിറയെ, കാതു നിറയെ, മനസ്സ് നിറയെ ഒരേയൊരു ചിന്ത. ഈ ലോകം....ഈ ജീവിതം.....ഈ സുഖം....

എന്നാല്‍ സത്യവിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു പറയുന്നത് കേള്‍ക്കൂ : "റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്‍റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ" (അദ്ധ്യായം 5 മാഇദ 83)

"പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത് പിളര്‍ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല" (അദ്ധ്യായം 2 ബഖറ 74)

"(സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ; പക്ഷെ, നിങ്ങള്‍ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവര്‍ക്ക് നാശം വരുന്നത്‌) പാര്‍ത്തുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞ വന്നെത്തുന്നത് വരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കാര്യത്തില്‍ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു" (അദ്ധ്യായം 57 ഹദീദ് 14)

നാമോര്‍ക്കുക, നാം ഭാഗ്യവാന്മാരോ ദൌര്‍ഭാഗ്യവാന്മാരോ? നമ്മുടെ കണ്ണുകള്‍ നിര്‍ജലങ്ങളായോ? ഹൃദയം കടുത്തുവോ? മോഹങ്ങള്‍ക്കറ്റമില്ലേ? ഈ ഭൌതികലോകം നമ്മെ വഞ്ചിച്ചുവോ? അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ, അവന്‍ നമ്മെ ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍

 by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക്‌ ഹൌസ്