വാക്കിന്‍റെ ഊക്ക്

വാക്കിന്‍റെ ശക്തി അപാരം തന്നെ. ഒരു സമൂഹത്തെ ഇളക്കിമറിക്കാനും കത്തിപ്പടരുന്ന രോഷാഗ്നിയെ പെട്ടെന്ന് കെടുത്താനും അതിന്നാകുന്നു. വാക്കിന്‍റെ മാധുര്യവും ആകര്‍ഷകം തന്നെ. വേദന കൊണ്ട് പുളയുന്ന ഹൃദയങ്ങളെ ആശ്വാസത്തിന്‍റെ തെളിനീരൊഴിച്ച് തണുപ്പിക്കാന്‍ വാക്കുകള്‍ മതി. അതേയവസരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ സ്വര്‍ണനൂല്‍ പൊട്ടിക്കാനും ഒറ്റ വാക്കിനു കഴിയും. മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ അതിന്‍റെ നന്മ - തിന്മകളെക്കുറിച്ചു പൂര്‍ണ ബോധമുള്ളവനായിരിക്കണം. മറ്റുള്ളവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നതും സല്‍പ്പേരിനു ദോഷം വരുത്തുന്നതുമായ പരദൂഷണവും ഏഷണിയും എല്ലാ മതങ്ങളും എതിര്‍ക്കുന്നു.

വാക്കുകളാല്‍ വ്യക്തിഹത്യ നടത്തുന്നത് ഇന്ന് രാഷ്ട്രീയത്തില്‍ പ്രതിയോഗികളെ തളര്‍ത്താന്‍ സ്വീകരിക്കുന്ന ഏറ്റവും ദുഷിച്ച മാര്‍ഗമാണ്. എന്നാല്‍ ഒരാളുടെ ജീവന്‍ അപഹരിക്കുകയോ സ്വത്വം നശിപ്പിക്കുകയോ ചെയ്യുന്നത് പോലുള്ള മഹാപാപമാണ് മതത്തിന്‍റെ ദൃഷ്ട്ടിയില്‍ അഭിമാനത്തിനു കളങ്കമേല്‍പ്പിക്കലും. പ്രവാചകഭാര്യ ആയിശ (റ) സ്ത്രീസഹജമായ വികാരത്താല്‍ സഹകളത്രയുടെ നീളക്കുറവിനെ സൂചിപ്പിക്കുന്ന പദം പ്രയോഗിച്ചപ്പോള്‍ പ്രവാചകന്‍ (സ) ഇപ്രകാരം താക്കീതു ചെയ്തു : "നീ പറഞ്ഞ വാക്ക് കടലില്‍ കലക്കുകയാണെങ്കില്‍ അതിന്‍റെ പ്രകൃതം തന്നെ മാറും".

 റോക്ക് ഫെല്ലര്‍ കോടിക്കണക്കിനു പണത്തിന്‍റെ ഉടമയായിരുന്നു. പക്ഷെ, അതൊന്നും അദ്ദേഹത്തിന്‍റെ മനസ്സിന് ആശ്വാസം നല്‍കിയില്ല. തന്‍റെ ബന്ധുമിത്രാതികള്‍ പോലും അദ്ദേഹത്തെ സ്നേഹിച്ചിട്ടില്ല. സ്നേഹത്തിന്‍റെ ഒരു വാക്കിനു വേണ്ടി അദ്ദേഹം കൊതിക്കുകയായിരുന്നു. പണം ചോദിച്ചു വരുന്നവര്‍ക്കെല്ലാം അവര്‍ക്കാവശ്യമുള്ളത് കൊടുത്ത് അവരെ തൃപ്തിപ്പെടുത്തുവാന്‍ ഒരാള്‍ക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷെ, അവര്‍ക്ക് നല്ല വാക്ക് നല്‍കി സന്തോഷിപ്പിക്കാന്‍ കഴിയും. അതുകൊണ്ടത്രേ 'നല്ല വാക്ക് പുണ്യ ദാനമാണ്' എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. കാരണം, അത് മനസ്സിനെ തുറക്കും. അതിലെ വ്രണം ഉണക്കും. വിദ്വേഷം അകറ്റി ശാന്തത കൈവരുത്തും.

മനസ്സമാധാനത്തിനു വേണ്ടി ഉഴലുന്ന മനുഷ്യനെ ഒരിക്കലും നിരാശപ്പെടുത്തരുത്. നല്ല വാക്കുകള്‍ കൊണ്ട് അവരില്‍ പ്രതീക്ഷ ഉണര്‍ത്തണം. ഇവിടെ പ്രവാചകന്‍ (സ) പറഞ്ഞ ഒരു കഥ അനുസ്മരിക്കേണ്ടതുണ്ട്.\ തൊണ്ണൂറ്റി ഒമ്പത് പേരെ കൊന്ന ഒരു കൊലയാളി തനിക്ക് പാപമോചനത്തിനു വഴിയുണ്ടോ എന്ന് ഒരു പുരോഹിതനോട് ചോദിച്ചു. 'ഇല്ല' എന്ന പുരോഹിതന്‍റെ നിഷേധാത്മക മറുപടി അയാളെ രോഷാകുലനാക്കി. അയാള്‍ ആ പുരോഹിതനെയും വധിച്ച് നൂറു തികച്ചു. പിന്നെ ഒരു മഹാനായ പണ്ഡിതനെ സമീപിച്ചു. ഇതേ ചോദ്യമുന്നായിച്ചപ്പോള്‍ 'ഉണ്ട്' എന്നായിരുന്നു മറുപടി. നല്ല മനുഷ്യര്‍ മാത്രം താമസിക്കുന്ന ഒരു നാട്ടിലേക്ക് മാറിത്താമസിക്കാന്‍ അദ്ദേഹത്തോട് പണ്ഡിതന്‍ ഉപദേശിച്ചു. പക്ഷെ, അവിടെയെത്തും മുമ്പ് വഴി മദ്ധ്യേ അദ്ദേഹം മരണപ്പെടുകയും അല്ലാഹുവിങ്കല്‍ അയാള്‍ വിശുദ്ധനായി ഗണിക്കപ്പെടുകയും ചെയ്തു. 

പൂവിന്‍റെ സുഗന്ധവും സൌരഭ്യവുമുള്ള നല്ല വാക്കുകള്‍ മാത്രമായിരിക്കട്ടെ നമ്മുടെ നാവും തൂലികയും പുറത്ത് വിടുന്നത്.

 by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷ പ്രദമാകാന്‍ from യുവത