സ്വര്‍ഗം സ്വപ്‌നം കാണാറുണ്ടോ?

“നിങ്ങള്‍ അല്ലാഹുവിലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിക്കുക; പിന്നെ ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ച തിന്റെ പ്രതിഫലം പൂര്‍ണമായും നല്‌കപ്പെടുന്നതാണ്‌. അവര്‍ ഒരു അനീതിക്കും വിധേയമാവില്ല” (ഖുര്‍ആന്‍ 2:281)

മനുഷ്യജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം പലരും മറന്നുപോകുന്നു. ഈ ലോകത്തെ ഏതാനും വര്‍ഷത്തെ ജീവിതത്തോടെ അവസാനിക്കുന്നതല്ല യഥാര്‍ഥത്തില്‍ ജീവിതം. ഇത്‌ ഒരു താല്‌ക്കാലിക ഇടം മാത്രം. സ്രഷ്‌ടാവ്‌ നമ്മെ ഈ ഭൂമിയിലേക്ക്‌ അയച്ചത്‌ ചില കാര്യങ്ങള്‍ നാം സമ്പാദിച്ചുവെക്കാന്‍ വേണ്ടിയാണ്‌. അത്‌ നന്മകള്‍ ചെയ്‌ത്‌ ഈ സ്വര്‍ഗപ്രവേശത്തിനുള്ള യോഗ്യത നേടുക എന്നതാണ്‌. `ഞങ്ങള്‍ അല്ലാഹുവില്‍ നിന്ന്‌ വന്നവരും അവനിലേക്ക്‌ തന്നെ തിരിച്ചുപോകേണ്ടവരുമാണ്‌.’ എന്ന ചിന്തയും പ്രഖ്യാപനവും വിശ്വാസിയില്‍ നിന്നുണ്ടാവണം. അതിനിടക്ക്‌ ഏറ്റവും കൂടുതല്‍ നന്മകളില്‍ മുന്നേറാന്‍ മത്സരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഈ ലോകം താല്‌ക്കാലിക സ്ഥലം മാത്രം. സ്രഷ്‌ടാവ്‌ തിരിച്ചുവിളിക്കുമ്പോള്‍ നാം പോകണം. അതിന്‌ മുമ്പ്‌ നാം കുറെയേറെ കാര്യങ്ങള്‍ നേടിയെടുക്കണം. ചെയ്യുന്ന ഏത്‌ പ്രവര്‍ത്തനവും ശ്രദ്ധിക്കപ്പെടുകയും പ്രതിഫലം നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. പരിപൂര്‍ണ പ്രതിഫലം ഇവിടെ ഒരാള്‍ക്കും ലഭിക്കുകയില്ല. ഈ ലോകത്ത്‌ ആത്മാര്‍ഥതയും നിഷ്‌കളങ്കതയും അളക്കാനോ കൃത്യമായ പ്രതിഫലം നിശ്ചയിക്കാനോ മാനദണ്ഡങ്ങളില്ല.

നബി(സ) മരണപ്പെടുന്നതിന്റെ ഒമ്പത്‌ ദിവസം മുമ്പാണ്‌ ഈ വചനം ഇറങ്ങിയത്‌ എന്ന്‌ അഭിപ്രായപ്പെട്ട വ്യാഖ്യാതാക്കളുണ്ട്‌.. വിശുദ്ധ ഖുര്‍ആനില്‍ അവസാനം ഇറങ്ങിയ ആയത്ത്‌ എന്ന സ്ഥാനവും പണ്ഡിതന്മാര്‍ ഇതിന്‌ നല്‌കുന്നു. ജീവിത ലക്ഷ്യം മനസ്സിലാക്കി, നാളേക്കുവേണ്ടി സ്വര്‍ഗം പണിയാന്‍ പാടുപെടുകയാണ്‌ നമ്മുടെ ജോലി. അല്ലാഹുവിന്റെ വിളി കേള്‍ക്കുമ്പോള്‍ `മരണം’ എന്ന വാതിലിലൂടെ വേണം ആ സ്വര്‍ഗലോകത്തെത്താന്‍. ഈ ചിന്ത വിശ്വാസി നിലനിര്‍ത്തണം. നമ്മുടെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നത്‌ നാം തന്നെയാണ്‌. സത്യവും അസത്യവും തിരിച്ചറിയാനുള്ള സവിശേഷ ബുദ്ധി അല്ലാഹു തന്നിട്ടുണ്ട്‌. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുമുണ്ട്‌. അതിനാല്‍ അല്ലാഹുവിലേക്ക്‌ മടങ്ങേണ്ടുന്ന ദിവസത്തെ മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കണം. പ്രവൃത്തിക്കുന്ന ഒരു കൊച്ചു കാര്യവും വൃഥാവിലാവുകയില്ല.

അര്‍ഹമായ പ്രതിഫലവും പുറമെ അല്ലാഹുവിന്റെ കാരുണ്യത്താലുള്ള വര്‍ധനവും വിശ്വാസികള്‍ക്ക്‌ ലഭിക്കും. കൃത്യമായ ശിക്ഷയും തെറ്റ്‌ ചെയ്യുന്നവര്‍ അനുഭവിച്ചേക്കും. നീതിമാനായ അല്ലാഹു ഒട്ടും അനീതി ചെയ്യുകയില്ല. മനസ്സിന്റെ വിചാരങ്ങളറിഞ്ഞ്‌ പ്രതിഫലം നല്‌കാന്‍ അവന്‌ മാത്രമേ കഴിയൂ. അതിനാല്‍ സദാ അല്ലാഹുവിനെ ഓര്‍മിച്ച്‌, പരലോക ശിക്ഷയെ ഭയന്ന്‌ കൂടുതല്‍ പുണ്യകര്‍മങ്ങളിലേര്‍പ്പെടാന്‍ കഴിയേണ്ടതുണ്ട്‌..

 by അബ്‌ദു സലഫി @ പുടവ മാസിക