അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍

അല്ലാഹുവിന്റെ പൊതുവായ കാരുണ്യം (വായു, വെള്ളം, അന്തരീക്ഷ സംവിധാനം തുടങ്ങിയവ) എല്ലാവര്‍ക്കും ഈ ലോകത്ത്‌ ലഭിക്കുന്നുണ്ട്‌. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അവ ഇപ്രകാരം സംഗ്രഹിക്കാം:

1. ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുക 

അല്ലാഹു പറയുന്നു: “ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്‌ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.” (ഖുര്‍ആന്‍ 7:204)

2. അല്ലാഹുവിനോട്‌ പാപമോചനം തേടുക

സ്വാലിഹ്‌ നബി(അ) തന്റെ ജനതയോട്‌ ചോദിച്ച കാര്യം അല്ലാഹു ഉദ്ധരിക്കുന്നു: “എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ്‌ നന്മയേക്കാള്‍ മുമ്പായി തിന്മക്ക്‌ തിടുക്കം കൂട്ടുന്നത്‌? നിങ്ങള്‍ക്ക്‌ അല്ലാഹുവിനോട്‌ പാപമോചനം തേടിക്കൂടേ? എങ്കില്‍ കാരുണ്യം ലഭിക്കുമല്ലോ.” (ഖുര്‍ആന്‍ 27:46)

3. നമസ്‌കാരം, സകാത്ത്‌, പ്രവാചകചര്യ എന്നിവ നിഷ്‌ഠയോടെ പാലിക്കുക 

അല്ലാഹു സത്യവിശ്വാസികള്‍ക്ക്‌ അവരുടെ വിജയത്തിന്റെ വഴികള്‍ വിവരിക്കവെ പറയുന്നു: “നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത്‌ നല്‌കുകയും പ്രവാചകനെ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.”(ഖുര്‍ആന്‍ 24:56)

4. തെറ്റി നില്‌ക്കുന്ന ബന്ധങ്ങളെ നന്നാക്കുക

നിലവിലുള്ള ബന്ധങ്ങളെ സുദൃഢമായി നിലനിര്‍ത്തുകയും അറ്റുപോയ ബന്ധങ്ങളെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യേണ്ടതിനെപ്പറ്റി അല്ലാഹു പറയുന്നു: “സത്യവിശ്വാസികള്‍ പരസ്‌പരം സഹോദരങ്ങളാണ്‌. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്‌ജിപ്പിണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.” (ഖുര്‍ആന്‍ 49:10)

5.പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമയവലംബിക്കുക

ജീവിതത്തില്‍ കടുത്ത പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാവുക സ്വാഭാവികവും അനിവാര്യവുമാണ്‌ എന്നുണര്‍ത്തിയശേഷം ക്ഷമാശീലത്തെപ്പറ്റി അല്ലാഹു പറയുന്നു: “അവര്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയും: `ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌.’ അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവില്‍ നിന്ന്‌ അനുഗ്രഹവും കാരുണ്യവും ലഭിക്കും. അവരാണ്‌ സന്മാര്‍ഗം പ്രാപിച്ചവര്‍.”(ഖുര്‍ആന്‍ 2:156,157)

6. അല്ലാഹുവിലുള്ള ദൃഢവിശ്വാസം നിലനിര്‍ത്തുക 

അല്ലാഹുവില്‍ ദൃഢമായി വിശ്വസിച്ച്‌ പ്രതീക്ഷയര്‍പ്പിച്ച്‌, അവനില്‍ കാര്യങ്ങള്‍ ഭരമേല്‌പിച്ച്‌ ജീവിക്കുന്നവരെ പറ്റി അല്ലാഹു പറയുന്നു: “ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെ പിടിക്കുകയും ചെയ്‌തുവോ അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവങ്കലേക്ക്‌ അവരെ അവന്‍ നേര്‍വഴിയിലൂടെ നയിക്കുന്നതുമാണ്‌.”(ഖുര്‍ആന്‍ 4:175)

7. ഖുര്‍ആന്‍ പിന്‍പറ്റി സൂക്ഷ്‌മതയോടെ ജീവിക്കുക

ഖുര്‍ആന്‍ അനുധാവനം ചെയ്‌ത്‌ ജീവിക്കേണ്ടതിന്റെ അനിവാര്യതയെ പറ്റി അല്ലാഹു പറയുന്നു: “ഇത്‌ നാം അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാകുന്നു. ഇതിനെ നിങ്ങള്‍ അനുധാവനം ചെയ്യുകയും സൂക്ഷ്‌മത (തഖ്‌വ) പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.”(ഖുര്‍ആന്‍ 6:155)

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കനിവിലും തണലിലുമാണ്‌ നാം ജീവിക്കുന്നത്‌. എന്നാല്‍ ഇരു ലോകത്തും യഥാര്‍ഥ വിജയവും സൗഭാഗ്യവും നമുക്ക്‌ ലഭിക്കാന്‍ അല്ലാഹു പ്രത്യേകം കനിഞ്ഞേകുന്ന കാരുണ്യം തന്നെ വേണം. അത്‌ ലഭിക്കാന്‍ അല്ലാഹു പറഞ്ഞ വഴികള്‍ നാം ശ്രദ്ധിക്കുകയും വേണം.

by ശംസുദ്ദീന്‍ പാലക്കോട്‌ @ പുടവ