ഐഹികവിഭവങ്ങളില്‍ വഞ്ചിതരാകരുത്‌

ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, നാല്‌ക്കാലികള്‍, കൃഷിയിടം, എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യന്‌ അലങ്കാരമയി തോന്നിക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഈ ലോകത്തെ വിഭവങ്ങളാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ അടുക്കലാണ്‌ഉത്തമ സങ്കേതമുള്ളത്‌.” (ഖുര്‍ആന്‍ 3:14)

മനുഷ്യനെ ആകര്‍ഷിക്കുന്ന ഒട്ടേറെ വിഭവങ്ങള്‍ ഈ ഭൂമുഖത്തുണ്ട്‌. കണ്ണിന്‌ കുളിര്‍മയും മനസ്സില്‍ ആനന്ദവും ജനിപ്പിക്കുന്ന ധാരാളം വസ്‌തുക്കള്‍. ഏതൊരു മനുഷ്യനും ആകൃഷ്‌ടരായിത്തീരുന്ന ഒട്ടേറെ സാധനങ്ങള്‍. സമ്പത്തും സന്താനങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്‌. വാഹനങ്ങളും തോട്ടങ്ങളും പലര്‍ക്കും ഹരമാണ്‌. ഭാര്യമാരോടും മക്കളോടും ഒരുമിച്ച്‌ സമയം ചെലവഴിക്കാനും വിനോദയാത്രകള്‍ നടത്താനും എല്ലാവരും താല്‌പര്യം കാണിക്കാറുണ്ട്‌. സമ്പത്ത്‌ സ്വായത്തമാക്കാനുള്ള കഠിനശ്രമം നടത്തുന്നവനുമാണ്‌ മനുഷ്യന്‍. ചിലര്‍ വാഹനകമ്പക്കാരാണെങ്കില്‍ മറ്റു ചിലര്‍ക്ക്‌ വളര്‍ത്തുമൃഗങ്ങളോടാണ്‌ താല്‌പര്യം. കൃഷിയെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ഏറെ സ്‌നേഹിക്കുന്നവരും ഉണ്ട്‌. ഇതെല്ലാം ചില യാഥാര്‍ഥ്യങ്ങള്‍ മാത്രം.

ഇവ പാടെ ഒഴിവാക്കി സന്യാസ ജീവിതം നയിക്കാന്‍ മതം ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഇവക്ക്‌ വേണ്ടിയാവരുത്‌ ജീവിതം. ഈ വസ്‌തുക്കളെല്ലാം മനുഷ്യന്‌ വേണ്ടതാണ്‌; ഈ ഭൂമുഖത്ത്‌ അവന്‍ ജീവിക്കുന്ന ചുരുങ്ങിയ കാലത്തേക്ക്‌ മാത്രമേ അവയെല്ലാം മനുഷ്യന്‌ ഉപകരിക്കൂ എന്ന ചിന്ത അവനെ നയിക്കേണ്ടതുണ്ട്‌. സമ്പത്തും സന്താനങ്ങളും വാഹനങ്ങളും കൃഷിയുമെല്ലാം ഭൗതിക ജീവിതത്തിന്റെ ചില അലങ്കാരങ്ങള്‍ മാത്രമാണ്‌. വീടും കടയും മനുഷ്യര്‍ അലങ്കരിക്കാറുണ്ട്‌. ഈ അലങ്കാരം ഏതാനും ദിവസങ്ങള്‍ മാത്രമേ കാണൂ. എന്നെന്നും നിലനില്‌ക്കുന്നതാവില്ല. ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളെ ശാശ്വതമായി കാണുന്നത്‌ മനുഷ്യനെ നാശത്തിലേക്കാണ്‌ നയിക്കുക.

ഒരിക്കലും നശിക്കാത്തതും എല്ലാം ഒത്തിണങ്ങളിയതുമായ ഒരു സ്ഥലം സ്വര്‍ഗം മാത്രമാണ്‌. അല്ലാഹു തന്റെ സദ്‌വൃത്തരായ അടിമകള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന സങ്കേതമാണത്‌. കാലപ്പഴക്കം കൊണ്ട്‌ മടങ്ങിപ്പോകുന്നതോ ജീര്‍ണിച്ച്‌ നശിച്ചുപോകുന്നതോ അല്ല അതിന്റെ ഭംഗിയും അലങ്കാരങ്ങളും. മനുഷ്യന്‌ തിരിച്ചുചെല്ലാവുന്ന ഒരു ഉത്തമ സങ്കേതവും അഭയസ്ഥാനവുമാണ്‌ അല്ലാഹു വാഗ്‌ദാനം ചെയ്യുന്ന സ്വര്‍ഗലോകം. ഇന്നേവരെ ഒരു കണ്ണിനും കാണാന്‍ കഴിയാത്ത വിസ്‌മയക്കാഴ്‌ചകളുടെ ലോകം, അനന്തമായ സുഖങ്ങളുടെയും അനിര്‍വചനീയമായ അനുഭൂതികളുടെയും ശാശ്വത കേന്ദ്രം. ഭൗതിക ജീവിതത്തിലെ നൈമിഷിക സുഖങ്ങള്‍ക്കായി, അതിര്‍വരമ്പുകള്‍ ലംഘിച്ച്‌, നശ്വരമായ അലങ്കാരങ്ങള്‍ക്ക്‌ പിറകെ പായുന്നവര്‍ ഓര്‍ക്കുക; അവര്‍ നഷ്‌ടപ്പെടുത്തുന്നത്‌, ശാശ്വതവും അനന്തവുമായ അല്ലാഹുവിന്റെ സ്വര്‍ഗമാവുന്ന ഉത്തമ സങ്കേതമാണ്‌.

by അബ്ദു സലഫി @ പുടവ