പാപത്തിലേക്ക്‌ വഴുതുന്ന സിയാറത്ത്‌

നബി(സ) പറയുന്നു: ``നിങ്ങള്‍ സല്‍ക്കര്‍മങ്ങളുമായി മുന്നിടുക. ഇരുട്ടാര്‍ന്ന രാവിനെ പോലെയുള്ള നാശങ്ങള്‍ വരാനിരിക്കുന്നുണ്ട്‌. ഒരു മനുഷ്യന്‍ രാവിലെ മുഅ്‌മിനായിത്തീരുകയും വൈകുന്നേരം കാഫിറാവുകയും വൈകുന്നേരം മുഅ്‌മിനായിത്തീരുകയും രാവിലെ കാഫിറാവുകയും ചെയ്യുന്ന അവസ്ഥ വന്നെത്തുക തന്നെ ചെയ്യും. ഭൗതികമായ കാര്യത്തിനു വേണ്ടി അത്തരക്കാര്‍ തന്റെ ദീനിനെ വില്‌പനച്ചരക്കാക്കുന്നതാണ്‌'' (മുസ്‌ലിം).

 യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുസ്‌ലിം സമുദായത്തെ നയിച്ചുകൊണ്ടിരിക്കുന്നത്‌ വിഗ്രഹാരാധനയെക്കാളും കടുത്ത ശിര്‍ക്കിലേക്കാണ്‌. ഹജ്ജും ഉംറയും കഴിഞ്ഞ്‌ അല്ലാഹുവിന്റെ കൃപയിലും കാരുണ്യത്തിലും വിശ്വാസമില്ലാത്തതിനാല്‍ അജ്‌മീര്‍ ദര്‍ഗ്ഗ സിയാറത്ത്‌ നടത്തി നാട്ടിലേക്ക്‌ മടങ്ങുന്ന യാഥാസ്ഥിതികര്‍ നിരവധിയാണ്‌!! എന്തുകൊണ്ടാണ്‌ ഇപ്രകാരം സംഭവിക്കുന്നത്‌? ശിര്‍ക്കിനോടുള്ള ഭ്രമവും അല്ലാഹുവിലുള്ള വിശ്വാസക്കുറവുമാണ്‌ പ്രധാന കാരണം. ഒരു വിഗ്രഹാരാധകനും സാക്ഷാല്‍ ദൈവത്തെക്കാള്‍ അവരുടെ വിഗ്രഹങ്ങള്‍ക്ക്‌ പ്രാമുഖ്യമോ സ്ഥാനമോ നല്‌കുന്നവരല്ല. കാരണം വിഗ്രഹങ്ങള്‍ സാക്ഷാല്‍ ദൈവത്തിങ്കല്‍ എത്തിപ്പെടാനുള്ള മധ്യവര്‍ത്തികളോ അവതാരങ്ങളോ ആയിട്ടാണ്‌ അവര്‍ കണക്കാക്കുന്നത്‌. അറഫയില്‍ വെച്ചുപോലും പ്രാര്‍ഥന നടത്തിയിട്ട്‌ ഉത്തരംകിട്ടുന്ന വിഷയത്തില്‍ നിരാശയിലാണ്ട യാഥാസ്ഥിതിക മുസ്‌ല്യാക്കളും അനുയായികളും മറ്റൊരു പ്രാര്‍ഥന നടത്താന്‍ വേണ്ടി അജ്‌മീര്‍ ദര്‍ഗ്ഗയിലൂടെ നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സാമാന്യവ്യക്തി ക്കു പോലും തിരിയാവുന്ന ഒരു കാര്യമുണ്ട്‌: ``അല്ലാഹുവിനെക്കാളും പടപ്പുകളോട്‌ കൃപയുള്ളത്‌ അജ്‌മീര്‍ ശൈഖിന്റെ നുരുമ്പിയ എല്ലുകള്‍ക്കാണോ?!

 ദര്‍ഗകളില്‍ ചെന്ന്‌ മരണപ്പെട്ടുപോയവരോട്‌ `ഇസ്‌തിഗാസ' നടത്തല്‍ കൊടിയ ശിര്‍ക്കും കുഫ്‌റുമാണെന്ന്‌ അല്ലാഹുവും റസൂലും സലഫുകളായ പണ്ഡിതമഹത്തുക്കളും സംയത്തിന്നിടയില്ലാത്തവിധം പഠിപ്പിച്ചിട്ടുണ്ട്‌. ഇത്തരം ദര്‍ഗകളിലേക്കോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലേക്കോ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്രപുറപ്പെടല്‍ പോലും ഹറാമാണെന്നാണ്‌ റസൂല്‍ പഠിപ്പിച്ചത്‌: ``മൂന്ന്‌ പള്ളികളിലേക്കല്ലാതെ നിങ്ങള്‍ (പുണ്യംതേടി) യാത്ര കെട്ടിപ്പുറപ്പെടരുത്‌. മസ്‌ജിദുല്‍ ഹറാം, എന്റെ പള്ളി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``എന്റെ ഈ പള്ളിയില്‍ നടത്തുന്ന നമസ്‌കാരത്തിന്‌ മറ്റുള്ള പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ്‌ പ്രതിഫലമുണ്ട്‌. എന്നാല്‍ മസ്‌ജിദുല്‍ഹറാം അതില്‍ നിന്നൊഴിവാണ്‌. അതില്‍ ഒരു വഖ്‌ത്ത്‌ നമസ്‌കരിക്കുന്നവന്‌ ഒരു ലക്ഷം മടങ്ങ്‌ പ്രതിഫലമുണ്ട്‌'' (അഹ്‌മദ്‌).

മേല്‍പറഞ്ഞ മൂന്ന്‌ പള്ളികളിലേക്കു മാത്രമേ പ്രത്യേകം പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടാവൂ. അല്ലാത്ത സ്ഥലങ്ങളിലേക്കോ പള്ളികളിലേക്കോ പുണ്യയാത്ര നടത്തല്‍ നിഷിദ്ധമാണ്‌. ``ഖസ്‌അത്ത്‌(റ) പറയുന്നു: ``ഞാന്‍ ഇബ്‌നുഉമറിന്റെ(റ) അടുക്കല്‍ ചെന്ന്‌ പറഞ്ഞു: ഞാന്‍ ത്വൂരിസീനാമല സന്ദര്‍ശിക്കാനുദ്ദേശിക്കുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മൂന്ന്‌ പള്ളികളിലേക്കു മാത്രമേ (പുണ്യംതേടി) യാത്ര പുറപ്പെടാവൂ. ത്വൂരിസീനാമ മലയിലേക്കുള്ള യാത്ര നീ ഉപേക്ഷിക്കുക'' (അഹ്‌മദ്‌).

 ഇമാം സ്വന്‍ആനി ബുലൂഗുല്‍മറാമില്‍ പറയുന്നു: ``മേല്‍പറഞ്ഞ മൂന്നു പള്ളികളിലേക്കല്ലാതെ, അത്‌ പുണ്യസ്ഥലങ്ങളായിരുന്നാലും, ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയിട്ടുള്ളവരായിരുന്നാലും പ്രത്യേകം പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ അത്തരം സ്ഥലങ്ങളിലേക്കോ വ്യക്തികളിലോക്കോ യാത്രയ്‌ക്ക്‌ ഒരുങ്ങി പുറപ്പെടല്‍ നിഷിദ്ധമാണ്‌'' (സുബ്‌ലുസ്സലാം)

 ബൈദ്വാവി പറയുന്നു: ``മേല്‍ പറയപ്പെട്ട മൂന്നു പള്ളികളൊഴിച്ച്‌ മറ്റെല്ലാ പള്ളികളും ശ്രേഷ്‌ഠതയിലും പദവിയിലും തുല്യമായതിനാല്‍, ആ മൂന്നു പള്ളികളൊഴിച്ച്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടല്‍ നിഷ്‌ഫലവും പാഴ്‌വേലയും നിരോധിക്കപ്പെട്ടതുമാണ്‌.്‌'' (സര്‍ഖാനി, ശറഹുമുവത്വ 1:224)

 മുവത്വയുടെ വിശദീകരണത്തില്‍ ഇമാം സുബ്‌കിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``മേല്‍ പറഞ്ഞ മൂന്നു പള്ളികള്‍ ഒഴിച്ച്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടാവുന്ന ഒരു സ്ഥലവും ഈ ഭൂമുഖത്തില്ല. അവകളല്ലാത്ത മറ്റു പള്ളികളിലേക്ക്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര കെട്ടിപ്പുറപ്പെടാന്‍ പാടുള്ളതല്ല. എന്നാല്‍ വിദ്യനേടാനോ ജിഹാദിന്റെ ആവശ്യാര്‍ഥമോ അത്തരം സ്ഥലങ്ങളിലേക്ക്‌ യാത്ര പോകുന്നതില്‍ വിരോധമില്ല.'' (സര്‍ഖാനി: ശറഹുമുവത്വ: 1/224). 

അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളെക്കാള്‍ യാഥാസ്ഥിതികര്‍ പവിത്രത നല്‌കിപ്പോരുന്നത്‌ ശവകുടീരങ്ങള്‍ക്കാണ്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ വെച്ച്‌ പ്രാര്‍ഥിക്കുമ്പോള്‍ ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാത്തവര്‍ ജാറത്തിലും ദര്‍ഗയിലും പ്രാര്‍ഥിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സമുന്നത പണ്ഡിതന്‍ എന്നൊക്കെ പറഞ്ഞു യാഥാസ്ഥിതികര്‍ പുകഴ്‌ത്തിപ്പറയാറുള്ള ഇമാം റാസി, ഖബ്‌റാളിയോട്‌ ഇസ്‌തിഗാസ ചെയ്യുന്നതു പോയിട്ട്‌, ഖബ്‌റാളി തന്റെ പ്രശ്‌നം അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്ന വിശ്വാസത്തോടെ ഖബ്‌റിനെ ബഹുമാനിക്കുന്നതു പോലും വിഗ്രഹാരാധനക്കു തുല്യമാണെന്നു പ്രസ്‌താവിച്ചിട്ടുണ്ട്‌.

സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``ഖബ്‌റാളി അല്ലാഹുവിങ്കല്‍ തനിക്കു വേണ്ടി ശുപാര്‍ശ ചെയ്യും എന്ന വിശ്വാസത്തോടു കൂടി ഒരുപാട്‌ സൃഷ്‌ടികള്‍ മഹാന്മാരുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ മുഴുകിയിരിക്കുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വസ്‌തുത വിഗ്രഹാരാധനക്കു തുല്യമാണ്‌'' (തഫ്‌സീറുല്‍കബീര്‍, യൂനുസ്‌ 18)

 എന്നാല്‍ മരണപ്പെട്ടവരെ അനാദരിക്കണമെന്നോ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പാടില്ലെന്നോ ആര്‍ക്കും വാദമില്ല. മരണപ്പെട്ടവരെ ദുഷിക്കുന്നതും അനാദരിക്കുന്നതും ഇസ്‌ലാമില്‍ കുറ്റകരമാണ്‌. മരണപ്പെട്ടവരോട്‌ ആദരവാകാം, ആരാധന പാടില്ല. യാഥാസ്ഥിതികര്‍ ചെയ്യുന്നത്‌ ആദരവല്ല, മറിച്ച്‌ ആരാധനയാണ്‌. ഖബറുകള്‍ സന്ദര്‍ശിക്കുന്നതും ഖബറാളികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും സുന്നത്താണ്‌. അവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തണം. അവരോട്‌ പ്രാര്‍ഥിക്കരുത്‌. അത്‌ ശിര്‍ക്കാണ്‌. അതിന്‌ അജ്‌മീറും ഏര്‍വാടിയും മമ്പുറവും തെരഞ്ഞെടുക്കേണ്ടതില്ല. സ്വന്തം നാട്ടില്‍ മറവുചെയ്യപ്പെട്ട കുടുംബക്കാര്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സന്ദര്‍ശിച്ചാലും സുന്നത്ത്‌ ലഭിക്കും. ഏര്‍വാടിയിലേക്കും മറ്റും സിയാറത്ത്‌ ടൂര്‍ സംഘടിപ്പിക്കുന്നത്‌ അവിടെ ചെന്ന്‌ ഖബ്‌റുകള്‍ സന്ദര്‍ശിക്കാനോ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനോ അല്ല. മറിച്ച്‌, അവരോട്‌ പ്രാര്‍ഥിക്കാനും അല്ലാഹുവും റസൂലും നിരോധിച്ച മറ്റു കാര്യങ്ങള്‍ ചെയ്യാനുമാണ്‌. അത്‌ അല്ലാഹു നിരോധിച്ചതും പൊറുക്കാത്ത പാപവുമാണ്‌.

 by മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം @ ശബാബ് വാരിക

മരണം ഓര്‍മിപ്പിക്കുന്നത്‌

അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്‌. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അവന്‌ ഇവിടെനിന്ന്‌ നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‌ അവിടെനിന്ന്‌ നാം നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക്‌ നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. (വി.ഖു 3:145)

ഉഹ്‌ദ്‌ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയതാണീ സൂക്തം. മരണഭീതി നിമിത്തം ചില കപടന്മാര്‍ രണാങ്കണം വിട്ടോടാന്‍ തുടങ്ങി. ആര്‌ എപ്പോള്‍ എവിടെവെച്ച്‌ മരിക്കുമെന്ന്‌ അല്ലാഹു കുറിച്ചുവെച്ചിട്ടുണ്ട്‌. ആ അവധിക്ക്‌ മുമ്പായി ആരും മരിക്കാന്‍ പോകുന്നില്ല. ആ അവധിക്കുശേഷം ആരും ജീവിക്കാനും പോകുന്നില്ല. “എത്ര ആരോഗ്യവാന്മാര്‍ ഒരു രോഗവുംകൂടാതെ മരണപ്പെടുന്നു? എത്ര രോഗികളാണ്‌ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതും?!” എന്ന്‌ ഒരു കവി ചോദിക്കുന്നുണ്ട്‌. വീട്ടിലിരുന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചാലും നിശ്ചിത സമയത്ത്‌ മരണമെത്തും. നിങ്ങള്‍ ഭദ്രമായ കോട്ടക്കകത്താണെങ്കിലും മരണം നിങ്ങളെ തേടിയെത്തും എന്ന്‌ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ നമ്മുടെ ചിന്ത മരണത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ചായിരിക്കരുത്‌. മറിച്ച്‌, നമുക്ക്‌ ലഭിച്ച ജീവിതാവസരം എങ്ങനെ വിനിയോഗിക്കണം എന്ന ചിന്തക്കാണ്‌ പ്രസക്തി.

കേവലം ഐഹിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്‌. അവന്‌ അല്ലാഹു ഇഹത്തില്‍ തന്നെ പ്രതിഫലം നല്‍കുന്നു. പക്ഷെ അത്‌ നൈമിഷികമായ ഈ ലോകത്ത്‌ പോലും അവന്‌ ഉപകാരപ്പെട്ടില്ല എന്നവരാം. അതേസമയം പരലോകത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവന്‌ ശാശ്വതമായ പ്രതിഫലം ഉറപ്പാണ്‌. പ്രതിഫലം എന്നത്‌ കര്‍മഫലം ആണ്‌. മനുഷ്യന്‌ തന്റെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി ഇഹലോകത്ത്‌ ലഭിക്കുന്ന നേട്ടങ്ങള്‍ക്കാണ്‌ ഐഹിക പ്രതിഫലമെന്ന്‌ പറയുന്നത്‌. ഇവിടുത്തെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി പരലോകത്തെ ശാശ്വത ജീവിതത്തില്‍ ലഭിക്കുന്ന നേട്ടമാണ്‌ പാരത്രിക പ്രതിഫലം.

തീര്‍ച്ചയായും, അല്ലാഹു കര്‍മങ്ങളെ പരിഗണിക്കുന്നത്‌ അത്‌ ചെയ്യുന്നവന്റെ ലക്ഷ്യമനുസരിച്ചാണ്‌. ഏതൊരാള്‍ക്കും അവന്‍ ഉദ്ദേശിച്ചതാണ്‌ ലഭിക്കുന്നത്‌. ഒരാള്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച്‌ ഹിജ്‌റ പോയാല്‍ അവന്‌ അതും, ഭൗതിക സമൃദ്ധി ആഗ്രഹിച്ച്‌ ഹിജ്‌റ പോയാല്‍ അതും അവന്‌ ലഭിക്കുമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. ഇഹലോകത്തെയാണ്‌ വല്ലവനും ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഇവിടെവെച്ച്‌ വേഗം നല്‍കും. പിന്നീടവന്‌ നരകമായിരിക്കും… ആരെങ്കിലും പരലോകം ലക്ഷ്യംവെച്ച്‌ അതിന്റെ ശ്രമം നടത്തിയാല്‍ അവരുടെ ശ്രമം പ്രതിഫലാര്‍ഹമായിരിക്കും എന്ന്‌ സൂറ ഇസ്‌റാഇല്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്‌. അല്ലാഹു തന്ന അനുഗ്രഹമാണ്‌ ഈ ജീവിതം. വിജയത്തിന്റെ വഴിയും അവന്‍ തന്നെ കാണിച്ചുതന്നിരിക്കുന്നു. എന്നിരിക്കെ അവന്‌ നന്ദി കാണിച്ച്‌ അവന്റെ പ്രീതി നേടാന്‍ ശ്രമിക്കാതെ ജീവിക്കുന്നത്‌ കടുത്ത അപരാധമാണ്‌; ശാശ്വതവിജയത്തെ ഇല്ലാതാക്കുന്നതും.

by അബ്‌ദു സലഫി @ പുടവ മാസിക

ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന സമ്പ്രദായമാണ്‌ മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍. മരിച്ച വീട്ടിലും ഖബറിനടുത്തും മരണാസന്ന വേളകളിലുമൊക്കെ ഈ പതിവ്‌ കാണാറുണ്ട്‌. ചിലര്‍ ഖബറിനടുത്ത്‌ ഖത്തപ്പുര കെട്ടി ഇടമുറിയാതെ (?) ഖുര്‍ആന്‍ പാരായണമെന്ന രീതിയും സ്വീകരിക്കുന്നു. മറ്റു അനാചാരങ്ങളെപ്പോലെ ഈ വിഷയത്തിലും നാട്ടുനടപ്പുകളുടെയും ശീലങ്ങളുടെയും വ്യതിരിക്തതകള്‍ പ്രകടമാണ്‌. അല്ലാഹുവോ റസൂലോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മിത കാര്യമാണിത്‌.

ദീനില്‍ ഒരു കാര്യം പുണ്യകര്‍മമാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നിര്‍ദ്ദേശമുണ്ടാകണമെന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്‌. മരണമടഞ്ഞവര്‍ക്ക്‌ അവരുടെ മരണാനന്തരം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിന്റെ ഏതെല്ലാം ബാധ്യതകളാണ്‌ മറ്റുളളവരാല്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകളെ ശ്‌മശാനങ്ങളോട്‌ പ്രവാചകന്‍(സ) ഉപമിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണവും മരണാനന്തര കര്‍മങ്ങളും തമ്മില്‍ പ്രത്യേക ബന്ധങ്ങളൊന്നുമില്ലെന്ന്‌ വ്യക്തമാണ.്‌ എന്നാല്‍, മരിച്ചവര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം വാശിയോടെയും മാത്സര്യ ബുദ്ധിയോടെയുമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശാഫി മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മാലികി മദ്‌ഹബിന്റെയും ശാഫിഈ മദ്‌ഹബിന്റെയും പ്രബലവും അംഗീകൃതവുമായ അഭിപ്രായം ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത്‌ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമല്ലെന്നാണ്‌.

 ഇമാം നവവി(റ)പറയുന്നു: എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌ (ശറഹ്‌ മുസ്‌ലിം). മശ്‌ഹൂറായ അഭിപ്രായത്തിന്‌ വിരുദ്ധമായ അഭിപ്രായം തിരസ്‌കരിക്കപ്പെടണമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ നിലപാട്‌. എന്നിട്ടും ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മദ്‌ഹബിന്റെ വീക്ഷണമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

സൂറതു നജ്‌മ്‌ 39-ാം വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നുകസീര്‍(റ) പറയുന്നു: ``ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല.'' (ഇബ്‌നു കസീര്‍)

 ഉസാമത്‌ബ്‌നു ആസമിബിനി മഈദില്‍ ഗ്വായിദി (റ) പറയുന്നു: ``അതിന്റെ (ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നതിന്റെ) പ്രതിഫലം മരണമടഞ്ഞവര്‍ക്ക്‌ ലഭിക്കുമായിരുന്നെങ്കില്‍ ആ കാര്യത്തില്‍ ഏറെ താല്‍പര്യത്തോടെ നബി(സ) അത്‌ ചെയ്യുകയും തന്റെ സമുദായത്തിന്‌ അത്‌ വ്യക്തമാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ നബി(സ) വിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌. അദ്ദേഹത്തിന്‌ ശേഷം ഖുലഫാഉറാശിദുകളും മറ്റു സ്വഹാബാക്കളും അദ്ദേഹത്തിന്റെ ആ ചര്യയില്‍ അത്‌ നടപ്പിലാക്കുകയും ചെയ്യുമായിരുന്നു. അവരില്‍ ഒരാളും തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മറ്റുള്ളവര്‍ക്ക്‌ ഹദ്‌യ ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. സര്‍വ നന്മകളിലും പുണ്യകരമായത്‌ അദ്ദേഹത്തിന്റെയും ഖുലഫാഉറാശിദുകളുടെയും സ്വഹാബാക്കളുടെയും മാര്‍ഗത്തില്‍ ചരിക്കലാണ്‌.

തിന്മയാകട്ടെ നബി(സ) താക്കിത്‌ നല്‍കിയ ബിദ്‌അത്തുകളും പുതു നിര്‍മ്മിതികളും പിന്‍പറ്റലുമാണ്‌. അവിടുന്ന്‌ നമ്മോട്‌ താക്കീത്‌ ചെയ്‌തു. ``നിങ്ങള്‍ പുതുനിര്‍മിതികളെല്ലാം സൂക്ഷിക്കുക, തീര്‍ച്ചയായും എല്ലാ പുതുനിര്‍മിതികളും ബിദ്‌അത്താണ്‌, എല്ലാ ബിദ്‌അത്തും വഴികേടിലുമാണ്‌.'' അദ്ദേഹം പറയുന്നു: ``നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്തത്‌ ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത്‌ തള്ളിക്കളയേണ്ടതാകുന്നു.'' അതുകൊണ്ടു തന്നെ മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍ അനുവദനീയമല്ല. അത്‌ അവര്‍ക്ക്‌ എത്തുകയുമില്ല. എന്നാല്‍ അത്‌ ബിദ്‌അത്താകുന്നു.'' (കൈഫ തഅ്‌സിലു മയ്യിതന്‍)

 നബി(സ)ക്കു പോലും ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യാന്‍ പാടില്ല എന്ന്‌ ദഹ്‌ലാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌: ``എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം നബി(സ)ക്ക്‌ (ഹദ്‌യ ചെയ്യുന്നത്‌) ശൈഖ്‌ താജുദ്ദീന്‍ ഫസാരി തള്ളിപ്പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ആ അത്യുന്നത വ്യക്തിത്വത്തിന്റെ കാര്യത്തില്‍ അവിടുന്ന്‌ അനുവദിച്ചിട്ടില്ലാത്ത ഒന്നും അനുവദനീയമല്ല. തന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലാനും തനിക്ക്‌ വേണ്ടി വസീല ചോദിക്കാനുമല്ലാതെ അവിടുന്ന്‌ അനുവാദം നല്‍കിയിട്ടുമില്ല. (ഇആനതു ത്വാലിബീന്‍, ബാബുല്‍ വസ്വിയ്യത്ത്‌ 3/259, മിന്‍ഹാജു ത്വാലിബീന്‍ കിതാബുല്‍ വസ്വായാ 1/286)

 വിശ്വാസികള്‍ സ്വന്തത്തെക്കാള്‍ അധികം സനേഹിക്കുന്ന നബി(സ)ക്ക്‌ വേണ്ടിപോലും ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യാന്‍ അനുവദിക്കപ്പെട്ടിട്ടില്ലെങ്കില്‍ മറ്റാര്‍ക്കും അത്‌ അനുവദിക്കപ്പെടില്ലെന്ന കാര്യത്തില്‍ സംശയമില്ല. ഇബ്‌നു അബ്‌ദിസ്സലാം പറയുന്നു: ``ഖുര്‍ആന്‍ ഓതി അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക്‌ ദാനംചെയ്യല്‍ അനുവദനീയമല്ല. എന്തുകൊണ്ടെന്നാല്‍ ശാരിഅ്‌ (അല്ലാഹുവിന്റെ) അനുവാദം കുടാതെ പ്രതിഫലത്തില്‍ തിരിമറി നടത്തലാണത്‌. (ഇആനതു ത്വാലിബീന്‍3/258, മുഗ്‌നി 3/69) ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായിട്ടില്ലെന്ന്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) തല്‍ഖീസ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഓതി ഹദ്‌യ ചെയ്യാമെന്ന്‌ വാദിക്കുന്നവര്‍ അതിന്‌ ഉന്നയിക്കുന്ന മുഴുവന്‍ തെളിവുകളും ബാലിശവും നിര്‍മ്മിതവുമാണ്‌. മര്‍വാനിബ്‌നു സാലിം, യഹ്‌യ ബ്‌നു അബ്‌ദുല്ലാഹിബ്‌നു ദഹ്‌ഹാക്ക്‌, അംറുബ്‌നു സിയാദ്‌ എന്നിവര്‍ വഴിയോ അബൂ ഉസ്‌മാന്‍, അയാളുടെ പിതാവ്‌ എന്നീ അറിയപ്പെടാത്തവര്‍ വഴിയോ ആയിട്ടാണ്‌ ഈ തെളിവുകള്‍ നിരത്തുന്നത്‌. കൂടാതെ ഇദ്വ്‌ത്വിറാബായ റിപ്പോര്‍ട്ടുകളാണ്‌ അവ.

 (കൂടുതല്‍ മനസ്സിലാക്കാന്‍ തഹ്‌ദീബ്‌ 9:93, തല്‍ഖീസ്‌ 5:11, അദ്‌കാര്‍ 144, മാസാന്‍ 4:91, 559, ശറഹുല്‍ മുഹദ്ദബ്‌, തദ്‌രീബ്‌ എന്നീ ഗ്രന്ഥങ്ങള്‍ സഹായകമാകും.)

 by പി മുസ്‌തഫ നിലമ്പൂര്‍ @ shabab weekly

ജീവിതത്തിന്റെ നാല്‌ ഘട്ടങ്ങള്‍

മനുഷ്യജീവിതത്തിന്‌ നാല്‌ ഘട്ടങ്ങളുണ്ട്‌. ഗര്‍ഭധാരണം നടന്നതു മുതല്‍ പ്രസവം വരെയുള്ളത്‌ ഒന്നാം ഘട്ടം. ജനനം മുതല്‍ മരണം വരെയുള്ളത്‌ രണ്ടാം ഘട്ടം, മരണം മുതല്‍ ലോകാന്ത്യം വരെയുള്ളത്‌ മൂന്നാം ഘട്ടം, ലോകാന്ത്യം മുതല്‍ അനന്തമായ കാലഘട്ടം നാലാം ഘട്ടം.

ഒന്നാം ഘട്ടം = ഗര്‍ഭസ്ഥ ശിശു 

ഗര്‍ഭസ്ഥ ശിശുവിന്റെ അതിസൂക്ഷ്‌മവും അതിസങ്കീര്‍ണവും അത്യത്ഭുതകരവുമായ ഘടനാ വികാസത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്‌ ഇപ്രകാരം: “തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന്‌ നാം സൃഷ്‌ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നീട്‌ ആ ബീജത്തെ ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. പിന്നീട്‌ ആ മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്‌ടിയായി (മനുഷ്യശിശുവായി) നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്‌ടികര്‍ത്താവായ അല്ലാഹു എത്ര അനുഗ്രഹപൂര്‍ണന്‍!” (ഖുര്‍ആന്‍ 23:12-14)

മനുഷ്യജീവിതത്തിന്റെ ഒന്നാം ഘട്ടരൂപീകരണത്തെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും ഖുര്‍ആന്‍ 22:5, 32:8,9, 76:1,2, 77:20-23, 96:2 എന്നീ സൂക്തങ്ങളിലും കൃത്യമായ സൂചനകളുണ്ട്‌. ഗര്‍ഭസ്ഥശിശുവിന്റെ രൂപീകരണത്തേയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച്‌ ഖുര്‍ആന്‍ നല്‌കിയിട്ടുള്ള കാര്യങ്ങളുടെ വിവരണം മാത്രമാണ്‌ പില്‌ക്കാലത്ത്‌ ഭൗതികശാസ്‌ത്രം നല്‍കിയിട്ടുള്ളത്‌ എന്നത്‌ ശ്രദ്ധേയമത്രെ. ഗര്‍ഭസ്ഥശിശുവിന്റെ കാര്യങ്ങള്‍ ഇത്ര വ്യക്തമായും കൃത്യമായും ആധികാരികമായും ഭൗതികശാസ്‌ത്രം പറയുന്നതിനു മുമ്പുതന്നെ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന അത്ഭുതവും കൗതുകവും തിരിച്ചറിവുമാണ്‌ ലോകപ്രശസ്‌ത ഭ്രൂണശാസ്‌ത്രജ്ഞന്‍ മോറിസ്‌ ബുഖായയെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചത്‌ എന്നതും ഇതിനോട്‌ ചേര്‍ത്തുവായിക്കുക. അതിനാല്‍, മനുഷ്യജീവിതത്തിന്റെ ഒന്നാം ഘട്ടത്തെ മതവിശ്വാസികള്‍ നിഷേധിക്കുകയില്ല കേവലം ഭൗതികവാദികള്‍ക്കും നിഷേധിക്കാനാവില്ല. മനുഷ്യന്റെ കൈകടത്തലുകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളാണ്‌ ഒന്നാം ഘട്ടത്തില്‍ നടക്കുന്നത്‌ എന്ന്‌ വ്യക്തം.

രണ്ടാം ഘട്ടം = ഈ ലോക ജീവിതം 

മനുഷ്യജീവിതത്തിന്റെ രണ്ടാംഘട്ടത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്‌ ഇപ്രകാരം: “പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (അവന്‍ നിങ്ങളെ വളര്‍ത്തുന്നു). നേരത്തെ മരണം സംഭവിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ (ദയനീയമായ അവസ്ഥയിലേക്ക്‌) മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌.”(ഖുര്‍ആന്‍ 22:5)

ഇഹലോക ജീവിതമാകുന്ന ജീവിതത്തിന്റെ രണ്ടാംഘട്ടം നാം തുടങ്ങുന്നതും അത്‌ മുന്നോട്ട്‌ നീങ്ങുന്നതും അത്‌ അവസാനിക്കുന്നതും നമ്മുടെ തീരുമാനങ്ങളനുസരിച്ചല്ല എന്നത്‌ നിഷേധിക്കാനാകാത്ത ഒരു വസ്‌തുതയാണ്‌. നമ്മുടെ ജനനത്തിയതിയും ജനനസ്ഥലവും എന്തിന്‌, നമ്മുടെ മാതാപിതാക്കളെ പോലും നാം മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ തെരഞ്ഞെടുത്തതല്ല. നമ്മുടെ മരണത്തിയ്യതിയും മരണസ്ഥലവും മരണം എങ്ങനെയായിരിക്കുമെന്നതും നമുക്കറിയാനും വഴിയില്ല. ഇഹലോകം കര്‍മവേദിയാണ്‌. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മവേദി! എന്നുവെച്ച്‌ തിന്മ ചെയ്‌ത്‌ നാം നമ്മുടെ മാനവികത നഷ്‌ടപ്പെടുത്തരുത്‌. പൈശാചിക പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി മനസ്സിനെ കയറൂരി വിടരുത്‌, ശ്രദ്ധയോടെയും ചിട്ടയോടെയും ജാഗ്രതയോടെയുമാണ്‌ ഈ ലോകത്ത്‌ നാം ജീവിക്കേണ്ടത്‌. ഈ ശ്രദ്ധയെയും ചിട്ടയെയുമാണ്‌ നാം ധാര്‍മികത, മതബോധം എന്നൊക്കെ പറയുന്നത്‌. ജീവിതത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്‌ നമ്മെ പറഞ്ഞയച്ച അല്ലാഹു പറയുന്നതുകൂടി നാം കേള്‍ക്കുക. “മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവിന്‌ സന്താനത്തെക്കൊണ്ടോ സന്താനത്തിന്‌ പിതാവിനെക്കൊണ്ടോ ഒട്ടും പ്രയോജനം ലഭിക്കാത്ത ഒരു ദിവസത്തെ- പരലോകത്തെ- നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചായയും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.”(ഖുര്‍ആന്‍ 31:33)

സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെപ്പറ്റിയുള്ള സ്‌മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാകുന്നു നഷ്‌ടക്കാര്‍.”(ഖുര്‍ആന്‍ 63:9)

നബിയേ, അവരോടു പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തേക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‌പന കൊണ്ടുവരുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക! അല്ലാഹു ധിക്കാരികളെ നേര്‍വഴിയിലാക്കുകയില്ല.” (ഖുര്‍ആന്‍ 9:24)

ബോധപൂര്‍വമായ ചിട്ടയും ശ്രദ്ധയും ധാര്‍മികതയും മാനവികതയും ഈ രണ്ടാം ഘട്ടത്തില്‍ പരമപ്രധാനമാണെന്നര്‍ഥം.

മൂന്നാം ഘട്ടം = `ബര്‍സഖ്‌’

ബര്‍സഖ്‌ എന്നാല്‍ മറക്ക്‌ പിന്നിലുള്ള ജീവിതം എന്നാണ്‌ ഉദ്ദേശം. ഭൗതികമായ മാപിനികള്‍ക്കൊന്നും അളന്ന്‌ തിട്ടപ്പെടുത്തി വിവരിക്കാന്‍ കഴിയാത്ത ഒരു ജീവിതഘട്ടമാണിത്‌. മരണത്തോടെ മനുഷ്യന്റെ ഈ മൂന്നാം ഘട്ടം ആരംഭിക്കുന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ആത്മപ്രധാനമായ ഒരു ഘട്ടമാണിത്‌. പ്രവാചകന്‍(സ) ഈ ഘട്ടത്തിന്റെ സവിശേഷതയെ പറ്റിയും അനിവാര്യതയെപ്പറ്റിയും പറഞ്ഞത്‌ ഇപ്രകാരം: “നിങ്ങളിലൊരാള്‍ മരണപ്പെട്ടാല്‍ അവന്‌ പരലോകത്ത്‌ നിശ്ചയിക്കപ്പെട്ട `സീറ്റ്‌’ രാവിലെയും വൈകുന്നേരവും അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. സ്വര്‍ഗാവകാശിയാണെങ്കില്‍ സ്വര്‍ഗം! നരകാവകാശിയാണെങ്കില്‍ നരകം! എന്നിട്ട്‌ അവനോട്‌ പറയപ്പെടും: ഇതാണ്‌ നിന്റെ സീറ്റ്‌! ഇപ്രകാരം ലോകാവസനം വരെ അഥവാ പുരനുത്ഥാനം വരെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും.

മരണപ്പെട്ടവരുടെ ഭൗതിക ശരീരത്തിന്‌ നാലിലൊരവസ്ഥയാണ്‌ വന്നുചേരുക. ഒന്നുകില്‍ മണ്ണില്‍ കുഴിച്ചിടും അഥവാ ഖബറടക്കും. അല്ലെങ്കില്‍ തീയില്‍ കത്തിക്കും. അതുമല്ലെങ്കില്‍ വെള്ളത്തില്‍ താഴ്‌ത്തപ്പെടും. അല്ലെങ്കില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണമായി ഉപേക്ഷിക്കപ്പെടും. ഇതിലേത്‌ സംഭവിച്ചാലും മനുഷ്യജീവിതം തീര്‍ന്നുവെന്നോ മനുഷ്യന്‍ രക്ഷപ്പെട്ടുവെന്നോ കരുതുന്നത്‌ മൗഢ്യമാണ്‌. ദേഹത്തെ വിട്ടുപിരിഞ്ഞ ദേഹി അഥവാ ആത്മാവ്‌ (റൂഹ്‌) സുരക്ഷിതമായി യാതൊരു ഹാനിയും സംഭവിക്കാതെ അതിന്റെ യഥാര്‍ഥ ഉടമസ്ഥന്റെ – അല്ലാഹുവിന്റെ – അധീനതയിലുണ്ട്‌. അതിനാണ്‌ പ്രവാചകന്‍ പറഞ്ഞ അനുഭവങ്ങള്‍ മൂന്നാം ഘട്ടത്തില്‍ അനുഭവിക്കാനുള്ളത്‌. ആത്മാവിനെ മണ്ണില്‍ കുഴിച്ചുമൂടുവാനോ തീയില്‍ കരിച്ചുകളയുവാനോ വെള്ളത്തില്‍ മുക്കിത്താഴ്‌ത്താനോ പക്ഷികള്‍ക്ക്‌ ഭക്ഷണമായി വച്ചുകൊടുക്കാനോ കഴിയുമെന്ന്‌ ഇന്നേവരെ ഒരു കേവല ഭൗതികവാദി പോലും പറഞ്ഞിട്ടുമില്ല. മരണത്തോടു കൂടി ജീവിതം തീര്‍ന്നുവെന്ന്‌ പറഞ്ഞ്‌ സമാധാനിക്കുന്നവര്‍ ദേഹത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ `ദേഹി’ എങ്ങോട്ടു പോകുന്നു? ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണ്‌? എന്നെങ്കിലും വിശദീകരിക്കേണ്ടതാണല്ലോ? അതവര്‍ വിശദീകരിക്കാറുമില്ല. വിശദീകരിക്കാന്‍ അവര്‍ക്ക്‌ കഴിയുകയുമില്ല.

ജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ ശരീരം അപ്രസക്തമായേക്കാമെങ്കിലും ശരീരത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ്‌ സുരക്ഷിതമായി നില്‌ക്കുന്ന ആത്മാവ്‌ പ്രസക്തമാണ്‌. രണ്ടാം ഘട്ട ജീവിതത്തിന്റെ റിസള്‍ട്ട്‌ പരലോകത്ത്‌ എങ്ങനെയായിരിക്കുമെന്നതിന്റെ അനുഭവത്തിലൂടെയും സൂചനകളിലൂടെയും ദൃശ്യങ്ങളിലൂടെയും കടന്നു പോവുകയെന്ന അവസ്ഥയാണ്‌ മനുഷ്യജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടാവുക എന്നര്‍ഥം.

നാലാം ഘട്ടം= പരലോകം 

വ്യക്തികള്‍ക്ക്‌ മരണമുള്ളതുപോലെ ഈ അത്ഭുത, വിസ്‌മയ, വിശാല പ്രപഞ്ചത്തിനും ഒരു മരണമുണ്ട്‌. അന്ന്‌ നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴും! സൂര്യന്‍ `കെട്ടുപോകും’! പര്‍വതങ്ങള്‍ തകര്‍ന്ന്‌ തരിപ്പണമായി ധൂളികളാവും! സമുദ്രത്തിന്‌ തീപിടിക്കും! കാട്ടിലെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും! മരിച്ചു മണ്ണടിഞ്ഞവരെല്ലാം ജീവനോടെ എഴുന്നേറ്റു വരും!! (സൂചന: ഖുര്‍ആന്‍ 81:1-14 ) ഇതില്‍ ആദ്യം പറഞ്ഞ അഞ്ചു കാര്യങ്ങള്‍ സംഭവിക്കുമെന്ന്‌ ഭൗതിക ലോകത്തെ ശാസ്‌ത്രവേദികളില്‍ നിന്ന്‌ സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്‌. എങ്കില്‍ അവസാനം പറഞ്ഞ കാര്യം മാത്രം നിഷേധിക്കുന്നവരോട്‌ അല്ലാഹു പറഞ്ഞതേ നമുക്കും പറയാനുള്ളൂ. അത്‌ ഇപ്രകാരമാണ്‌: “നിസ്സംശയം, അവര്‍ പിന്നീട്‌ അറിഞ്ഞുകൊള്ളും! നിസ്സംശയം അവര്‍ പിന്നീടഞ്ഞുകൊള്ളും!!” (ഖുര്‍ആന്‍ 78:4,5) അതെ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നര്‍ഥം!

ലോകാവസാനം പൂര്‍ത്തിയായി പരലോകം നിലവില്‍ വരുന്നതോടെ ദേഹവും ദേഹിയും വീണ്ടും ഒരുമിക്കുന്നു. രണ്ടാം ഘട്ടമായ ഇഹലോക ജീവിതത്തിന്റെ കര്‍മങ്ങള്‍ വിശകലനം ചെയ്‌ത്‌, വിചാരണ ചെയ്‌ത്‌, നന്മയാണോ തിന്മയാണോ കൂടുതല്‍ ചെയ്‌തത്‌ എന്നും, സ്വര്‍ഗമാണോ നരകമാണോ അര്‍ഹിക്കുന്നത്‌ എന്നും ഓരോരുത്തരെയും ബോധ്യപ്പെടുത്തിയതിനുശേഷം സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തിലേക്കും – സുഖസുന്ദര സ്വലര്‍ഗത്തിലേക്ക്‌! – നരകാവകാശികള്‍ നരകത്തിലേക്കും – നിത്യദുരിത നകരത്തിലേക്ക്‌! – പ്രവേശിക്കപ്പെടും. പിന്നെയോ? അനന്തമായ ജീവിതം! അതിന്റെ യുക്തിഭദ്രവും വിശദവുമായ കാര്യങ്ങളറിയുവാന്‍ അക്കാര്യം വിസ്‌തൃതമായി വിവരിച്ച ഖുര്‍ആന്‍ ഒരു വട്ടമെങ്കിലും ആദ്യാവസാനം വായിക്കാന്‍ മരണത്തിനു മുന്‍പ്‌ അവസരം കണ്ടെത്തുകയാണ്‌ ഏറ്റവും അഭികാമ്യം. പിന്നീട്‌ ഖേദിക്കാതിരിക്കാന്‍ അതാണ്‌ അനിവാര്യം.

സംഗ്രഹം: “എല്ലാവരും മരണത്തിന്റെ `രുചി’ അറിയുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ (കര്‍മഫലങ്ങള്‍) ഉയര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ഏതൊരാള്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ഖുര്‍ആന്‍ 3:185)

by ശംസുദ്ദീൻ പാലക്കോട് @  പുടവ മാസിക 

മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്തു നമസ്‌കാരമുണ്ടോ?

കേരളത്തിലെ മതപ്രബോധന രംഗത്ത്‌ തീരെ പ്രാധാന്യമില്ലാതിരുന്ന ഒരു വിഷയമായിരുന്നു മഗ്‌രിബിന്‌ മുമ്പുള്ള സുന്നത്ത്‌ നമസ്‌കാരം. എന്നാല്‍, ജിന്നു-സിഹ്‌റ്‌ ബാധ പോലുള്ള ആശയങ്ങള്‍ പോലെ പുതുതായി വന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്‌. നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു പള്ളിയില്‍, മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ സുന്നത്തു നമസ്‌കാരം നിര്‍വഹിക്കാന്‍ സമയം ലഭിച്ചില്ലെന്നാരോപിച്ച്‌ ഒരാള്‍ `മുഅദ്ദി'നെ ശാസിച്ച അനുഭവം ലേഖകനുണ്ട്‌. മഗ്‌രിബിന്റെ മുമ്പ്‌ നടത്തിവരുന്ന സുന്നത്തു നമസ്‌ക്കാരത്തിന്‌ `റവാതിബ്‌' സുന്നത്തിന്റെയത്ര പ്രാധാന്യമില്ല. വേണമെങ്കില്‍ നമസ്‌കരിക്കാം എന്നുമാത്രം. ഇന്ന്‌ ചിലര്‍ അത്‌ നമസ്‌കരിക്കുന്ന വിഷയത്തില്‍ കാണിക്കുന്ന കണിശത കണ്ടാല്‍ അത്‌ പ്രബലമായ സുന്നത്താണെന്ന്‌ സംശയിച്ചുപോകും. വേണമെങ്കില്‍ നമസ്‌കരിക്കാം എന്ന നിലയില്‍ മാത്രമേ ഹദീസുകളിലും വന്നിട്ടുള്ളൂ.

അബ്‌ദുല്ലാഹിബ്‌നു മഗ്‌ഫല്‍(റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിക്കുന്നു: ``നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കുവിന്‍, നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കുവിന്‍. മൂന്നാം തവണ ഇപ്രകാരവും കൂടി പറയുകയുണ്ടായി: ആഗ്രഹിക്കുന്നവര്‍ നമസ്‌കരിച്ചാല്‍ മതി.'' (ബുഖാരി) ഇമാം മുസ്‌ലിമിന്റെ ഹദീസ്‌ ശ്രദ്ധിക്കുക: ``അനസ്‌(റ) പ്രസ്‌താവിച്ചു: സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം നബി(സ)യുടെ കാലഘട്ടത്തില്‍ ഞങ്ങള്‍ നമസ്‌കരിക്കാറുണ്ടായിരുന്നു. അഥവാ മഗ്‌രിബ്‌ നമ്‌സകാരത്തിന്‌ മുമ്പായി. അപ്പോള്‍ ഞാന്‍ (മുഖ്‌താറുബ്‌നു ഫുല്‍ഫുല്‍) അദ്ദേഹത്തോട്‌ (അനസിനോട്‌) ചോദിച്ചു: നബി(സ) അപ്രകാരം രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചിരുന്നുവോ? അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നത്‌ നബി(സ) കാണാറുണ്ടായിരുന്നു. നബി(സ) ഞങ്ങളോട്‌ നമസ്‌കരിക്കാന്‍ കല്‌പിക്കുകയോ നിരോധിക്കുകയോ ചെയ്‌തിരുന്നില്ല.'' (മുസ്‌ലിം)

 മേല്‍ ഹദീസില്‍ നബി(സ) നമസ്‌കരിച്ചിരുന്നതായി പറയുന്നില്ല. ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി പ്രസ്‌താവിക്കുന്നു: ``അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവരും മറ്റുള്ള സ്വഹാബിമാരും ഇമാം മാലിക്കും ബഹുഭൂരിപക്ഷം കര്‍മശാസ്‌ത്രപണ്ഡിതന്മാരും പ്രസ്‌തുത നമസ്‌കാരം സുന്നത്തായി കണ്ടിരുന്നില്ല. പ്രസ്‌തുത നമസ്‌കാരം അനാചാരമാണെന്ന്‌ നഖ്‌ഈ പ്രസ്‌താവിച്ചിരിക്കുന്നു.'' (ശറഹുമുസ്‌ലിം 3:385)

 ഈ വിഷയത്തില്‍ ശൈഖ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``മഗ്‌രിബിന്‌ മുമ്പുള്ള രണ്ടു റക്‌അത്ത്‌ നമസ്‌കാരത്തെക്കുറിച്ച്‌ ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഞാന്‍ അപ്രകാരം നമസ്‌കരിക്കുകയില്ല. വല്ലവനും നമസ്‌കരിക്കുന്ന പക്ഷം യാതൊരു ദോഷവുമില്ല. പ്രസ്‌തുത നമസ്‌കാരത്തെക്കുറിച്ച്‌ ഇബ്‌നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ അപ്രകാരം നമസ്‌കരിക്കുന്നതായി ഞാന്‍ ഒരാളെയും കണ്ടിട്ടില്ല. എന്നാല്‍ ഇബ്‌നു ഉമര്‍(റ) അത്‌ നിരോധിച്ചിട്ടില്ല. അനസ്‌ബ്‌നു മാലിക്കില്‍ നിന്ന്‌ ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌: ഞങ്ങള്‍ നബി(സ)യുടെ കാലത്ത്‌ മഗ്‌രിബ്‌ നമസ്‌കാരത്തിന്ന്‌ മുമ്പ്‌ സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം അപ്രകാരം രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളോടത്‌ കല്‌പിക്കുകയോ നിരോധിക്കുകയോ ചെയ്‌തിരുന്നില്ല. ഇബ്‌റാഹീം നഖഈ(റ) പ്രസ്‌താവിച്ചു: തീര്‍ച്ചയായും കൂഫാ എന്ന പ്രദേശത്ത്‌ നബി(സ)യുടെ ഉത്തമരായ സ്വഹാബികളില്‍ പെട്ട അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ), ഹുദൈഫത്‌ബ്‌നുല്‍ യമാനി(റ), അമ്മാറുബ്‌നുയാസിര്‍(റ), അബൂമസ്‌ഊദില്‍ അന്‍സാരി(റ) തുടങ്ങിയവര്‍ താമസിച്ചിരുന്നു. അവരാരും മഗ്‌രിബിന്‌ മുമ്പുള്ള രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. മേല്‍പറഞ്ഞ രണ്ടു റക്‌അത്ത്‌ നമസ്‌കാരം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ) എന്നിവരും നിര്‍വഹിച്ചിട്ടില്ല.''(അല്‍ഗുന്‍യത്‌ 2:82-83)

 സ്വര്‍ഗം വാഗ്‌ദാനം ചെയ്യപ്പെട്ട നാലു ഖലീഫമാരും സ്വഹാബികളില്‍ ബഹുഭൂരിപക്ഷവും ചെയ്യാത്ത ഒരു കാര്യത്തില്‍ അമിതമായ ആവേശം കാണിക്കുന്നതിന്‌ അര്‍ഥമില്ല. നബി(സ) നമസ്‌കരിച്ചിരുന്നുവെങ്കില്‍ നാല്‌ ഖലീഫമാര്‍ അത്‌ ഒഴിവാക്കുമായിരുന്നില്ല.

 By പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്

അസൂയയുടെ മനശ്ശാസ്‌ത്രം

അന്യന്‌ നേട്ടവും നന്മയും കൈവരുന്നത്‌ കാണുമ്പോഴുണ്ടാകുന്ന അസഹിഷ്‌ണുതയും അവന്റെ തകര്‍ച്ചയ്‌ക്കു വേണ്ടിയുള്ള ആഗ്രഹവുമാണ്‌ അസൂയ. അറബി ഭാഷയില്‍ ഗീറ, ഗിബ്‌ത്ത എന്നീ പദങ്ങളും മലയാളഭാഷയില്‍ കുശുമ്പ്‌, കണ്ണുകടി, ഈര്‍ഷ്യ, പൊറുതികേട്‌, പൊറുക്കരുതായ്‌മ, സഹനമില്ലായ്‌മ എന്നീ വാക്കുകളും അസൂയ (ഹസദ്‌) ക്ക്‌ ഉപയോഗിക്കുന്നു.

 അപരന്റെ ദുഖത്തില്‍ സന്തോഷിക്കുകയും സന്തോഷത്തില്‍ ദുഖിക്കുകയുമാണ്‌ അസൂയക്കാരന്‍ ചെയ്യുക (വി.ഖു 3:120). മറ്റുള്ളവരുടെ നന്മമൂലം തനിക്കൊന്നും നഷ്‌ടപ്പെടാനില്ലെങ്കിലും അസൂയാലുവിന്‌ അത്‌ സഹിക്കാനാവില്ല.

 ധനം, വിജ്ഞാനം, ഭംഗി, അധികാരം, ഐശ്വര്യം, ആരോഗ്യം എന്നീ അനുഗ്രഹങ്ങളില്‍ തനിക്ക്‌ ലഭിക്കാത്തത്‌ മറ്റൊരുവന്‌ കിട്ടിയതു കാരണം അവനോട്‌ പ്രകടിപ്പിക്കുന്ന കുശുമ്പ്‌ മനോഭാവവും അസൂയയാണ്‌. ഈ ഈര്‍ഷ്യ കപ്പലണ്ടി കച്ചവടക്കാരന്‍ മുതല്‍ കപ്പല്‍ കമ്പനിക്കാരന്‍ വരെ എല്ലാതരും ആളുകളിലും ഏറ്റക്കുറച്ചിലോടെ കണ്ടുവരുന്നു. കോപം, വിദ്വേഷം, ദുഖം, നിരാശ എന്നീ സ്വാഭാവിക വികാരങ്ങളുടെ സങ്കരമാണ്‌ ഈ അക്ഷാന്തി.

 `അസൂയ ആത്മാവിന്റെ മഞ്ഞപ്പിത്തമാണ്‌' എന്ന്‌ ഇംഗ്ലീഷ്‌ കവി ജോണ്‍ ഡ്രൈഡന്‍ (1631-1700) പറയുന്നു. അസൂയക്കാരനും അവനുമായി ബന്ധപ്പെടുന്നവര്‍ക്കും ഹാനികരമായി മാറുന്ന ഒരു ആത്മീയരോഗമാണിത്‌. `അസൂയ മാനസിക അര്‍ബുദമാണെന്നാണ്‌' സ്‌കോട്ടിഷ്‌ പത്രപ്രവര്‍ത്തകന്‍ ബെര്‍ട്ടി ചാള്‍സ്‌ ഫോര്‍ബ്‌സ്‌ (1880-1954) പറയുന്നത്‌. ചരിത്രത്തില്‍ അസൂയയുടെ പ്രത്യാഘാതങ്ങള്‍ അനവധിയുണ്ട്‌. ആദമിന്റെയും ഹവ്വായുടെയും സന്തതികളായ കാബീല്‍ (കായേന്‍), ഹാബീല്‍ (ഹാബേല്‍) എന്നിവരുടെ കഥ ഖുര്‍ആനിലുണ്ട്‌. അല്ലാഹു ആട്ടിടയനായ ഹാബീലിന്റെ ആടിനെ പ്രസാദിക്കുകയും കര്‍ഷകനായ ഖാബീലിന്റെ കാര്‍ഷികവിളയെ സ്വീകരിക്കാതിരിക്കുകയും ചെയ്‌തു. അസൂയ ഉറഞ്ഞുകൂടി ഖാബീല്‍ ഹാബീലിനെ കൊലപ്പെടുത്തി. ചെറിയ ഒരു പ്രശ്‌നത്തില്‍ നിന്നാണ്‌ അസൂയയുടെ വിത്തുണ്ടായതെങ്കില്‍ പോലും സ്വസഹോദരനെ വധിക്കാന്‍ വരെ അത്‌ പ്രേരകമാകുമെന്ന്‌ ഈ ചരിത്രസംഭവം (വി.ഖു 15:30-32), (ഉല്‍പത്തി 4) മനസ്സിലാക്കിത്തരുന്നു. `കാന്‍സറിനാല്‍ മരിക്കുന്നതിനെക്കാള്‍ ഒരുപക്ഷേ, കൂടുതല്‍ മനുഷ്യര്‍ അസൂയകൊണ്ടാണ്‌ മരിക്കുന്നത്‌' എന്ന്‌ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ ജോസഫ്‌ പാട്രിക്ക്‌ കെന്നഡി (1888-1969) പറയുകയുണ്ടായി.

 1962-ലെ സാഹിത്യ നോബല്‍ ജേതാവായ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ സ്റ്റെയിന്‍ ബെക്ക്‌ (1902-1968) ഏദന്റെ കിഴക്ക്‌ (ഈസ്റ്റ്‌ ഓഫ്‌ ഏദന്‍) എന്ന തന്റെ കൃതിയില്‍ അസൂയയില്‍ നിന്ന്‌ ഉറവെടുക്കുന്ന ഈര്‍ഷ്യയും പ്രതികാരദാഹവും ആവിഷ്‌കരിക്കാന്‍ ആദം-ഹവ്വാ പുത്രന്മാരെ അവതരിപ്പിക്കുന്നുണ്ട്‌.

 യഅ്‌ഖൂബ്‌ നബി(അ)യുടെ 12 മക്കളില്‍ യൂസുഫി(അ)നോട്‌ മറ്റു മക്കള്‍ക്കുണ്ടായ അസൂയയും അതിന്റെ പ്രത്യാഘാതവും പരിണാമവും സൂറതു യൂസുഫില്‍ അല്ലാഹു ഭംഗിയായി പ്രതിപാദിക്കുന്നുണ്ട്‌. യഹൂദര്‍ ഈസാ(അ)യെ അസൂയയോടെ കണ്ടതുപോലെ ജൂതരും ക്രൈസ്‌തവരും മുഹമ്മദ്‌ നബി(സ)യെ അസൂയയോടെ ദര്‍ശിച്ചത്‌ അദ്ദേഹത്തെ നിഷേധിക്കുന്നതിലേക്കെത്തിച്ചു. (വി.ഖു 4:54, 2:109)

 നബി(സ)അസൂയയെ തീയിനോടും ചെന്നായയോടും ഉപമിക്കുന്നത്‌ ശ്രദ്ധിക്കുക: ``വിശന്ന രണ്ട്‌ ചെന്നായ്‌ക്കളെ ഒരു ആട്ടിന്‍കൂട്ടിലേക്ക്‌ പറഞ്ഞുവിട്ടാല്‍ അവ ആ ആട്ടിന്‍പറ്റത്തില്‍ ഉണ്ടാക്കുന്നതിനെക്കാള്‍ നാശം അസൂയാലു ഉണ്ടാക്കുന്നതാണ്‌. വിറകിനെ അഗ്നി തിന്നു നശിപ്പിക്കുന്നതു പോലെ നന്മകളെ അസൂയ തിന്നൊടുക്കുന്നു.'' (തിര്‍മിദി).

 ``അസൂയയെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. കാരണം പുല്ലിനെ തീ തിന്ന്‌ തീര്‍ക്കുന്നതു പോലെ നിശ്ചയമായും അസൂയ പുണ്യങ്ങളെ തിന്നൊടുക്കുന്നതാണ്‌.'' (അബൂദാവൂദ്‌). പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞന്‍ ട്രിവര്‍ ജോണ്‍സണ്‍ പറഞ്ഞു: ``അസൂയയെ നിങ്ങള്‍ ഗൗനിച്ചില്ലെങ്കില്‍ നിങ്ങളെയത്‌ തിന്നുതീര്‍ക്കും.''

 കോപം പോലെ പെട്ടെന്ന്‌ കെട്ടടങ്ങുന്ന സ്വഭാവമല്ല അസൂയക്കുള്ളത്‌. അതൊരു നെരിപ്പോട്‌ പോലെ നിരന്തരം ഉള്ളില്‍ എരിഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കല്‍ നബി(സ) പറഞ്ഞു: ``മൂന്നു കാര്യങ്ങളെക്കുറിച്ച്‌ ഞാന്‍ പറയട്ടെയോ, അവയില്‍ നിന്ന്‌ ആരും തന്നെ രക്ഷപ്പെടുകയില്ല. ഊഹം, ശകുനം, അസൂയ എന്നിവയാണവ. ഇവയില്‍ നിന്നുള്ള രക്ഷാമാര്‍ഗവും നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞുതരാം. ഒന്ന്‌), നീ ഊഹിച്ചാല്‍ അതിനെ സത്യപ്പെടുത്തരുത്‌. രണ്ട്‌), നിനക്ക്‌ ശകുനം തോന്നിയാല്‍ അത്‌ കാര്യമാക്കാതെ മുന്നോട്ടു നീങ്ങുക. മൂന്ന്‌), നിനക്ക്‌ അസൂയയുണ്ടായാല്‍ നീ അന്യായം കാട്ടരുത്‌. (ത്വബ്‌റാനി)

 അസൂയ എന്ന വികാരം മനസ്സില്‍ പതഞ്ഞുപൊങ്ങുമെന്നും അവയെ വരുതിയില്‍ നിര്‍ത്തണമെന്നുമുള്ള സൂചന മേല്‍ നബിവചനത്തിലുണ്ട്‌. `അസൂയക്കും കഷണ്ടിക്കും മരുന്നില്ല' എന്ന പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ധാരണ ശരിയല്ല. കഷണ്ടി എന്ന രോഗത്തിന്‌ ചികിത്സയുണ്ട്‌. എന്നതുപോലെ അസൂയ എന്ന മാനസിക അസുഖത്തിനും ശമനൗഷധമുണ്ട്‌.

 അസൂയയെ ക്രിയാത്മകമാക്കുക 

 നബി(സ) പറഞ്ഞു: ``രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയ പാടില്ല. അല്ലാഹു ധനം നല്‍കുകയും എന്നിട്ടത്‌ നല്ലതിന്‌ വേണ്ടി ചെലവഴിക്കാന്‍ സന്നദ്ധനാവുകയും ചെയ്യുന്നവനാണ്‌ ഒരാള്‍. അല്ലാഹു വിജ്ഞാനം നല്‍കുകയും എന്നിട്ടത്‌ നടപ്പിലാക്കുകയും അത്‌ പഠിപ്പിക്കുകയും ചെയ്യുന്നവനാണ്‌ മറ്റവന്‍.'' (ബുഖാരി, മുസ്‌ലിം)

 നമുക്ക്‌ അസൂയ തോന്നുന്ന വ്യക്തിയിലെ കഴിവുകളും നേട്ടങ്ങളും നമുക്കും കൈവരിക്കാനാവുമെന്ന്‌ കരുതി അതിനായി പരിശ്രമിക്കുക. ഇങ്ങനെ അസൂയയെ ക്രിയാത്മക ഊര്‍ജമാക്കി തിരിച്ചുവിടുക വഴി വ്യക്തിത്വ വികാസമാണുണ്ടാവുക.

 നേട്ടങ്ങളില്‍ സന്തോഷം: 

അപരന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും സ്വന്തം നേട്ടംപോലെ കാണുകയും ചെയ്യുക. മറ്റുള്ളവരുടെ ഉന്നതിയെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക വഴി നാം അവരെക്കാള്‍ മാനസികമായി വളരുകയാണ്‌ ചെയ്യുക. 

അഭിനന്ദിക്കുമ്പോള്‍ `ഉള്ളത്‌ പറയുകയും അല്ലാത്തപക്ഷം മിണ്ടാതിരിക്കുകയും ചെയ്യുക' എന്ന നബിവചനം ഓര്‍ക്കുന്നത്‌ നന്ന്‌. അപരന്റെ വസ്‌ത്രം, അത്തറിന്റെ പരിമളം, വീട്‌, വാഹനം, ഫര്‍ണിച്ചര്‍, സ്‌ത്രീകളുടെ പാചകം, സന്താനപരിപാലന രീതി, പ്രസംഗശൈലി, വാഹന ഡ്രൈവിംഗ്‌ എന്നീ കാര്യങ്ങളിലെ മികവിനെ പ്രശംസിക്കുന്നതില്‍ നാമെന്തിന്‌ പിശുക്കും ധൂര്‍ത്തും കാണിക്കണം.

 അസൂയ ജനിപ്പിക്കരുത്‌:

അപരന്‌ അസൂയ ജനിപ്പിക്കുന്ന രീതിയില്‍ നാം മനപ്പൂര്‍വം വ്യവഹരിക്കരുത്‌. നമ്മുടെ പെരുമാറ്റം നമ്മുടെ പ്രിയപ്പെട്ടവരില്‍ പ്രീതികരവും സന്തോഷകരവുമാക്കണം. ``സംശയമുണ്ടാക്കുന്ന സാഹചര്യം സൃഷ്‌ടിക്കരുത്‌'' എന്ന പ്രവാചകമൊഴി ശ്രദ്ധേയമാണ്‌. മറ്റുള്ളവരോട്‌ പെരുമാറുമ്പോള്‍ സമീപത്തുള്ള ഇണ, സുഹൃത്ത്‌ എന്നിവര്‍ക്ക്‌ അസൂയ തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുക.

 സ്‌നേഹം പുഷ്‌ടിപ്പെടുത്തുക:

മറ്റുള്ളവരെ നിസ്വാര്‍ഥമായി സ്‌നേഹിക്കുന്ന അവസ്ഥയൊരുക്കുക. പരസ്‌നേഹം സ്വാര്‍ഥതയില്ലാതാക്കും. ആത്മസ്‌നേഹമാണ്‌ അസൂയയുണ്ടാക്കുന്നത്‌. മകനോടുള്ള സ്‌നേഹവികാരം ശക്തിമത്തായതിനാലാണ്‌ പിതാവിന്‌ മകന്റെ പുരോഗതിയിലും, ഭര്‍ത്താവിനോടുള്ള സ്‌നേഹം ശക്തിയാര്‍ജിച്ചതിനാലാണ്‌ പത്‌നിക്ക്‌ പ്രിയതമന്റെ കാര്യത്തിലും അസൂയയില്ലാതാകുന്നത്‌. ഇതില്‍ സന്തോഷം മാത്രമേയുള്ളൂ.

 മാനസിക ധന്യതയുണ്ടാക്കുക: 

സ്വയം ആഗ്രഹിക്കുന്ന കാര്യം മറ്റുള്ളവന്‍ നേടുമ്പോഴാണ്‌ അസൂയ ഉടലെടുക്കുക. അനുഗ്രഹങ്ങളെ അനുസ്‌മരിക്കുകയും (വി.ഖു 93:11) ഉള്ളതില്‍ തൃപ്‌തിപ്പെടുന്ന മാനസികനില കാത്തുസൂക്ഷിക്കുകയും ചെയ്യുക. ``വസ്‌തുക്കളുടെ ആധിക്യത്തിലല്ല, ധന്യത നിലകൊള്ളുന്നതെന്നും മാനസിക ധന്യതയാണ്‌ പ്രധാനമെന്നുമുള്ള'' പ്രവാചകവചനം സ്‌മരണീയമാണ്‌. ഗ്ലാസില്‍ ഒഴിച്ചുവെച്ച പാതി വെള്ളത്തിലേക്ക്‌ നോക്കി സംതൃപ്‌തിയടയുകയും നിറയാത്ത പാതി നോക്കി നിരാശപ്പെടാതിരിക്കുകയും ചെയ്യുക.

 താരതമ്യം അരുത്‌:

സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. ഓരോരുത്തരുടെയും മേഖലയും കഴിവും പ്രവര്‍ത്തനവും വ്യത്യസ്‌തമാണ്‌. ``നിങ്ങളുടെ പരിശ്രമം തീര്‍ച്ചയായും വിഭിന്നമാണ്‌'' (വി.ഖു 92:4). അനാവശ്യ താരതമ്യം അസൂയ ജനിപ്പിക്കുമെന്ന്‌ ഓര്‍ക്കുക. അസൂയയെ അതിജയിക്കാന്‍ സ്വയം വിശകലനം ചെയ്യുകയും ആത്മപരിശോധന നടത്തുകയും ചെയ്യുക. അസൂയയുടെ യുക്തിരാഹിത്യത്തെയും നിരര്‍ഥകതയെയും കുറിച്ച്‌ ബോധവാനാകുക.

 ആത്മവിശ്വാസം ഉണ്ടാക്കുക: 

ദൃഢമായ ആത്മവിശ്വാസവും സ്വയം മതിപ്പും ഉള്ളവന്‌ ഒരിക്കലും അസൂയക്കാരനാകാന്‍ കഴിയുകയില്ല. കുടല്‍മാല കഴുത്തിലിട്ട ശത്രുവിനോടും കല്ലെറിഞ്ഞ ത്വാഇഫ്‌ ജനതയോടും പ്രതികാരം ചെയ്യാതിരുന്നതിന്‌ പിന്നില്‍ നബി(സ)യുടെ ദൃഢമായ ആത്മവിശ്വാസമാണെന്നതില്‍ സംശയമില്ല. ശാരീരിക വൈരൂപ്യമായ കഷണ്ടിക്ക്‌ പരിഹാരമുണ്ടാക്കാന്‍ നാം ശ്രമിക്കാറുണ്ട്‌. എന്നാല്‍ മാനസികരോഗമായ അസൂയക്ക്‌ മരുന്നുണ്ടെന്നു മനസ്സിലാക്കി അസൂയയെ അതിജീവിക്കാന്‍ എത്രപേര്‍ ശ്രമിക്കാറുണ്ട്‌?

 by പി എം മുസ്‌തഫ കൊച്ചിന്‍

സജനവാസത്തിന്റെ പ്രസക്തി

"നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകെട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു. കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന്‌ മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക്‌ പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന്‌ വില കൊടുത്ത്‌ വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച്‌ അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്ന്‌ ഒരു തീപ്പൊരി പാറി വന്ന്‌ നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരാം. അല്ലെങ്കില്‍ (പുകയും വെണ്ണീറും ശ്വസിച്ച്‌) അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാം!'' (അബൂമുസല്‍ അശ്‌അരി നിവേദനം ചെയ്‌ത്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസ്‌)

 സാമൂഹ്യ ജീവിതത്തിലെ ബന്ധങ്ങളും സഹവാസങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്‌. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക്‌ ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്‌.

 1. സാമൂഹ്യ ജീവിയായ മനുഷ്യന്‌ സാമൂഹ്യബന്ധങ്ങളില്‍ നിന്ന്‌ വേറിട്ട്‌ ഒരു ജീവിതം സാധ്യമല്ല.

 2. മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്‌. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം. 

3. നല്ല മനുഷ്യരുമായി കൂടുതല്‍ സഹവസിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്‌ ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്‌.

 4. ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും കൂട്ടുകാരിലേക്ക്‌ സാംക്രമിക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യും.

 5. സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ്‌ ശ്രമിക്കേണ്ടത്‌. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ്‌ ഒന്നുകൂടി ഉയരാന്‍ അത്‌ സഹായകമാകും.

 6. ദുസ്സ്വഭാവികളുമായാണ്‌ നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത്‌ നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ്‌ തകര്‍ക്കാനാണ്‌ സഹായകമാവുക.

 എന്നാല്‍ ഒരാളുടെ നന്മയും തിന്മയും നിര്‍ണയിക്കുന്ന മാനദണ്ഡമെന്തായിരിക്കണം? ഒരാള്‍ കൂട്ടുകൂടാന്‍ പറ്റുന്ന വിധം നല്ലവനാണോ അല്ലേ എന്ന്‌ നിര്‍ണയിക്കാനുള്ള മാനദണ്ഡം എന്താണ്‌? ഒട്ടേറെ ദിവ്യസൂക്തങ്ങളിലൂടെയും നബിവചനങ്ങളിലൂടെയും ഇക്കാര്യം സുഗ്രാഹ്യമാക്കപ്പെട്ടിട്ടുണ്ട്‌. മക്കയിലെ പ്രമാണിമാരും പ്രശസ്‌തരുമായ ചിലര്‍ മാന്യനായ മുഹമ്മദ്‌(സ)യുടെ സഹവാസവും കൂട്ടുകെട്ടും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. അക്കാര്യം അവര്‍ പ്രവാചകനെ വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്‌തു. പക്ഷെ, അവര്‍ക്ക്‌ പ്രവാചകന്റെ സദസ്സില്‍ പ്രവാചകന്റെ കൂട്ടുകാരനായി വന്നിരിക്കാന്‍ ഒരു പ്രധാന തടസ്സം പ്രവാചകന്റെ സദസ്സില്‍ എപ്പോഴുമുണ്ടാകുന്ന പാവപ്പെട്ടവരും അടിമകളും അവരുടെ വീക്ഷണത്തില്‍ അപ്രസക്തരുമായ ആദര്‍ശ പ്രതിബദ്ധതയുള്ള സ്വഹാബികളായിരുന്നു. ബിലാല്‍, അമ്മാര്‍, സുഹൈബ്‌ തുടങ്ങിയവര്‍... അവരെ പ്രവാചകന്‍ തന്റെ സദസ്സില്‍ നിന്ന്‌ മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഉന്നതസ്ഥാനീയരായ തങ്ങള്‍ പ്രവാചകന്റെ സദസ്സില്‍ പ്രവാചകന്റെ ശിഷ്യരും കൂട്ടുകാരുമായി വന്നിരിക്കാന്‍ തയ്യാറാണെന്നായിരുന്നു അവരുടെ നിലപാട്‌. എന്നാല്‍ തന്റെ കൂടെയുള്ള ആദര്‍ശശാലികളായ കൂട്ടുകാരോടൊപ്പം ഉറച്ചുനില്‌ക്കാനും പ്രമാണിത്തമല്ല സഹവാസത്തിന്റെ മാനദണ്ഡമാക്കേണ്ടതെന്നും അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ദേശിച്ചു. (കഹ്‌ഫ്‌ 28-ാം സൂക്തം).

 സജ്ജന സഹവാസം എന്ന കാര്യം പരിഗണിക്കുമ്പോള്‍, സജ്ജനം എന്ന പരിഗണനയുടെ മാനദണ്ഡം എന്ത്‌ എന്ന്‌ വ്യക്തമായ ധാരണയുണ്ടായിരിക്കണം എന്നര്‍ഥം. ദൈവബോധനത്തിലൂന്നിയ ധര്‍മിഷ്‌ഠമായ ജീവിതം എന്നത്രെ ഖുര്‍ആന്‍ (അല്‍കഹ്‌ഫ്‌ 28) സജ്ജനം എന്ന പദത്തിന്‌ നല്‌കുന്ന നിര്‍വചനം. നല്ലവര്‍ നല്ലവരോട്‌ ചേരട്ടെ എന്നതും ഖുര്‍ആന്‍ വിശ്വാസികളോട്‌ നല്‌കുന്ന ഒരു നിര്‍ദേശമാകുന്നു. ഖുര്‍ആന്‍ സൂറത്തുന്നൂറില്‍ ഇക്കാര്യം സൂചിപ്പിക്കുന്ന സൂക്തങ്ങളുണ്ട്‌. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ മനുഷ്യര്‍ കാലാകാലങ്ങളില്‍ അവലംബിച്ചു വരുന്ന ചില രീതിശാസ്‌ത്രം വിവരിച്ചശേഷം പ്രവാചകന്‍(സ) ഊന്നിപ്പറഞ്ഞത്‌ ആദര്‍ശബോധത്തിലെ സാമ്യതയാണ്‌ വിവാഹബന്ധങ്ങളില്‍ വിശ്വാസികള്‍ പരിഗണിക്കേണ്ടത്‌ എന്നാണ്‌. കാരണം സമ്പത്തും സൗന്ദര്യവും തറവാടും ബന്ധങ്ങളുടെയും കൂട്ടുകെട്ടിന്റെയും മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്‌ അര്‍ഥശൂന്യമാണ്‌ എന്ന സൂചനയാണ്‌ പ്രവാചകന്‍(സ) പകര്‍ന്നു നല്‌കുന്നത്‌.

ഗതകാലത്തും സമകാലത്തും പ്രവാചക വചനങ്ങളിലെ സൂചനകളെ അന്വര്‍ഥമാക്കുന്ന ധാരാളം ഉദാഹരണങ്ങളും നാം കാണുന്നുണ്ടല്ലോ! നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക്‌ വഴുതിവീഴുകയും ചെയ്യും. അതിനാല്‍ ബന്ധങ്ങള്‍ തുടങ്ങുമ്പോഴും പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുമ്പോഴും ഇത്തരം മതകീയ തത്വങ്ങള്‍ മതവിശ്വാസികള്‍ സഗൗരവം ഗൗനിക്കേണ്ടതുണ്ട്‌. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്‌ അവന്റെ കൂട്ടുകെട്ട്‌ ആരുമായിട്ടാണ്‌ എന്നറിയുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ അബൂഹുറയ്‌റ നിവേദനം ചെയ്യുകയും തിര്‍മിദി ഉദ്ധരിക്കുകയും ചെയ്‌ത ഒരു നബിവചന സാരാംശം ഇപ്രകാരമാണ്‌: ``ഒരു വ്യക്തി വിലയിരുത്തപ്പെടേണ്ടത്‌ അവന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ്‌ കൂട്ടുകാരനാക്കുന്നതെന്ന്‌ സ്വയം പരിശോധിക്കട്ടെ.''

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ്

പ്രവാചക കീര്‍ത്തനവും ബുര്‍ദ ബെയ്‌തും

മനുഷ്യരില്‍ നിന്ന്‌ അല്ലാഹു തെരഞ്ഞെടുക്കുകയും ശ്രേഷ്‌ഠരാക്കുകയും ചെയ്‌ത മഹാന്മാരാണ്‌ പ്രവാചകന്മാര്‍. അവരില്‍ അവസാന പ്രവാചകനായ മുഹമ്മദ്‌്‌നബി(സ) മുഴുവന്‍ ലോകര്‍ക്കുമായി നിയോഗിക്കപ്പെട്ടവ്യക്തിയാണ്‌.. ഓരോ പ്രവാചകന്മാര്‍ക്കും അല്ലാഹു ചില ദൃഷ്‌ടാന്തങ്ങളും സവിശേഷതകളും നല്‌കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യെയും പല സവിശേഷതകളും നല്‍കി പദവികള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. അല്ലാഹുവിനോടുള്ള സ്‌നേഹം കഴിഞ്ഞാല്‍ ഒരു വിശ്വാസി കൂടുതലായി സ്‌നേഹിക്കേണ്ടത്‌ നബി(സ)യെയാണ്‌. സ്വന്തത്തെക്കാളും മറ്റുള്ളവരെക്കാളും നബി(സ)യെ സ്‌നേഹിക്കാത്തവന്‍ വിശ്വാസിയല്ല. റസൂല്‍(സ) കൊണ്ടുവന്നതിനെ പിന്തുടരുക എന്നത്‌ തന്റെ ഇച്ഛയാവുക അഥവാ സുന്നത്ത്‌ ജീവിപ്പിക്കുകയും പിന്‍തുടരുകയും ചെയ്യുക എന്നതാണ്‌ പ്രവാചക സ്‌നേഹം.

പ്രവാചകനെ അല്ലാഹു അറിയിച്ച കാര്യങ്ങള്‍ അഥവാ സ്വര്‍ഗപ്രവേശത്തിന്‌ നിമിത്തമാകുന്നതും നരകമോക്ഷത്തിന്‌ നിദാനമാകുന്നതുമായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന്‌ നമുക്ക്‌ അറിയിച്ചു തന്നിട്ടുണ്ട്‌. സംശയലേശമെന്യേ ഇത്‌ ഉറപ്പിച്ച്‌ അംഗീകരിക്കല്‍ ശഹാദത്തിന്റെ പൊരുളുകളില്‍ പെട്ടതാണ്‌. പ്രവാചകന്‍ പഠിപ്പിക്കാത്ത പുതുനിര്‍മിതികള്‍ പ്രവാചകനെ വഞ്ചകനായി കാണുന്നതിന്‌ തുല്യമാണ്‌. പ്രവാചകന്റെ(സ) പദവി ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്‌. അതിനുമപ്പുറം അതിരുവിട്ട്‌ പുകഴ്‌ത്തുന്നവന്‍ പ്രവാചകനെ ഇകഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹു നബി(സ)ക്ക്‌ നല്‌കിയ സ്ഥാനമഹത്വങ്ങള്‍ അംഗീകരിക്കുന്നവന്‍ മാത്രമേ മുഅ്‌മിനാവുകയുള്ളൂ എന്നപോലെ അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക്‌ ഉയര്‍ത്തുന്നത്‌ കുഫ്‌റിലേക്കെത്തിക്കും എന്ന്‌ വ്യക്തമാണ്‌.

 പാപസുരക്ഷിതനായ മുഹമ്മദ്‌ നബി(സ) ലോകജനതയുടെ നേതാവാണ്‌. സ്‌തുതിപതാകയേന്തിയെ നബി(സ)യുടെ പിന്നില്‍ പരലോകത്ത്‌ മറ്റു പ്രവാചകന്മാരുള്‍പ്പെടെ മുഴുവന്‍ ജനങ്ങളും അണിനിരക്കുന്നതായിരിക്കും. വിശേഷ ഹൗദ്വുല്‍ കൗസറില്‍ നിന്ന്‌ സുന്നത്ത്‌ പിന്‍പറ്റിയ അനുയായികള്‍ക്ക്‌ പാനജലം നല്‌കുന്ന നബി(സ)യാണ്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ തേടാന്‍ അനുമതി ചോദിക്കുകയും ലഭിക്കുകയും ചെയ്യുന്ന ആദ്യവ്യക്തി. പരലോകത്ത്‌ വാഴ്‌ത്തപ്പെട്ട സ്ഥാനവും വസീലയും ലഭിക്കാന്‍ സാധ്യതയുള്ള റസൂലാണ്‌ (സ) അന്ത്യനാളില്‍ ഖബ്‌റില്‍ നിന്ന്‌ ആദ്യമായി എഴുന്നേല്‌ക്കുന്നതും സ്വര്‍ഗകവാടത്തിങ്കല്‍ മുട്ടുന്നതും സ്വര്‍ഗപ്രവേശം നേടുന്നതും. അദ്ദേഹത്തെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലും അദ്ദേഹത്തെ പിന്‍പറ്റല്‍ ദൈവസ്‌നേഹത്തിന്‌ കാരണവുമാണ്‌. ലോകത്തുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്‌ സ്വലാത്തും സലാമും ചെയ്യുക മാത്രമല്ല, അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളും മലക്കുകളുടെ പ്രാര്‍ഥനകളും അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്ത്‌ മുഴുക്കെയും ബാങ്കൊലിയിലും ഇഖാമത്തിലും മറ്റും അദ്ദേഹത്തിന്റെ നാമം കീര്‍ത്തിപ്പെടുന്നു.

 അല്ലാഹു പറഞ്ഞു: ``നിനക്ക്‌ നിന്റെ കീര്‍ത്തി നാം ഉയര്‍ത്തുകയും ചെയ്‌തിരിക്കുന്നു.'' (വി.ഖു 94:4). അല്ലാഹു ആദരിച്ച പ്രവാചകനെ(സ) അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക്‌ ഉയര്‍ത്തരുത്‌ എന്ന്‌ താക്കീതു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. അനസ്‌(റ) പറയുന്നു: ഒരാള്‍ മുഹമ്മദേ, ഞങ്ങളുടെ നേതാവേ, നേതാവിന്റെ പുത്രരേ, ഞങ്ങളില്‍ ഉത്തമരേ, ഉത്തമന്റെ പുത്രരേ എന്നിങ്ങനെ വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ ഭക്തിയുള്ളവരാകണമെന്ന്‌ ഞാന്‍ കല്‌പിക്കുന്നു. പിശാചിന്റെ താല്‌പര്യങ്ങള്‍ക്ക്‌ നിങ്ങള്‍ കീഴ്‌പ്പെടരുത്‌. ഞാന്‍ അബ്‌ദുല്ലയുടെ പുത്രന്‍ മുഹമ്മദാകുന്നു. ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാകുന്നു. അല്ലാഹു തന്നെയാണ്‌ സത്യം. മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹു എനിക്ക്‌ അവരോധിച്ച സ്ഥാനത്തിനപ്പുറം നിങ്ങളെന്നെ പുകഴ്‌ത്തുന്നത്‌ ഞാന്‍ ഒരിക്കലും ഇഷ്‌ടപ്പെടുന്നില്ല.'' (അഹ്‌മദ്‌ 12094) ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ക്രിസ്‌ത്യാനികള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ)യെ പുകഴ്‌ത്തിയ പോലെ നിങ്ങളെന്നെ അമിതമായി പുകഴ്‌ത്തരുത്‌. തീര്‍ച്ചയായും ഞാന്‍ അവന്റെ ദാസന്‍ മാത്രമാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതരും' എന്ന്‌ നിങ്ങള്‍ (എന്നെപ്പറ്റി) പറയുക.'' (ബുഖാരി 3189) ഈ ഹദീസുകളില്‍ നിന്ന്‌ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ശൈലിയും അതിര്‍വരമ്പും വ്യക്തമാകുന്നുണ്ട്‌.

നാളത്തെ കാര്യം അറിയുന്ന പ്രവാചകന്‍ ഞങ്ങളിലുണ്ടെന്ന്‌ പാടിയ കുട്ടികളെ അതില്‍ നിന്ന്‌ വിലക്കിയ പ്രവാചകന്‍(സ) അവിടുത്തെ ബഹുമാനിച്ച്‌ എഴുന്നേല്‌ക്കുന്നത്‌ പോലും വിലക്കി. എന്നാല്‍ യാഥാസ്ഥിതികരും മറ്റും പ്രവാചകകീര്‍ത്തനത്തിന്റെ ഭാഗമായി പാരായണം ചെയ്‌തുകൊണ്ടിരിക്കുന്ന മൗലീദുകളിലും ബുര്‍ദയിലുമൊക്കെ നബി(സ)യോട്‌ പ്രാര്‍ഥിക്കുകയും ദൈവിക വിശേഷണങ്ങള്‍ അദ്ദേഹത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നു. ശാദുലി ത്വരീഖത്തിനെ പുകഴ്‌ത്തിയിരുന്ന സൂഫി കവി മുഹമ്മദ്‌ബ്‌നു സഈദ്‌ അല്‍ബുസൂരി (ജനനം 608) രചിച്ച അല്‍കവാകിബു ദുര്‍രിയ്യ ഫീ മദ്‌ഹി ഖൈരില്‍ ബരിയ്യ എന്ന ബുര്‍ദകവിതയില്‍ പ്രവാചക കീര്‍ത്തനങ്ങളായി പറഞ്ഞത്‌ കടുത്ത ശിര്‍ക്കന്‍ വിശ്വാസമാണ്‌.

 ഫഇന്നമിന്‍ ജൂദിക ദുന്‍യാ വളറര്‍തുഹാ വമിന്‍ ഉലൂമിക ഇല്‍മുല്ലൗഹി വല്‍ ഖലമി (തീര്‍ച്ചയായും ഇഹലോകവും പരലോകവും അങ്ങയുടെ ഔദാര്യമാണ്‌. ലൗഹുല്‍ മഹ്‌ഫൂദ്വിലെയും ഖലമിലെയും അറിവുകള്‍ അങ്ങയുടെ അറിവുകളില്‍ പെട്ടതാണ്‌) ഇഹത്തിലെയും പരത്തിലെയും കാര്യങ്ങള്‍ നബി(സ)യുടെ അനുഗ്രഹം കൊണ്ടാണ്‌ നടപ്പിലാകുന്നതെന്നും അദൃശ്യങ്ങളില്‍ തന്നെ അതീവ രഹസ്യമായ സുരക്ഷിത ഫലകത്തിലെ വിജ്ഞാനം പോലും നബി(സ)യുടെ അറിവില്‍ പെട്ടതാണെന്നുമുള്ള വാദം ഗുരുതരമായ അപരാധമാണ്‌. ആത്മാവിനെ സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ അത്‌ അല്ലാഹുവിന്റെ പക്കലാണെന്ന്‌ നബി(സ) പറഞ്ഞത്‌ ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. ലൗഹുല്‍ മഹ്‌ഫൂദ്വിലെ ജ്ഞാനം നബി(സ)ക്കുണ്ടായിരുന്നെങ്കില്‍ അത്‌ വ്യക്തമാക്കാമായിരുന്നുവല്ലോ. ജിബ്‌രീല്‍(അ) അന്ത്യനാളിനെപ്പറ്റി ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവും ചോദിക്കപ്പെട്ടവനും ഈ കാര്യത്തില്‍ തുല്യമാണെന്ന്‌ പറഞ്ഞ നബി(സ)ക്ക്‌ അദൃശ്യജ്ഞാനം മൊത്തമായി നല്‍കപ്പെട്ടിട്ടില്ലെന്ന്‌ വ്യക്തമാണ്‌.

 അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.'' (വി.ഖു 92:13). ``നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന്‌ തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.'' (വി.ഖു 2:107) ``ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ഥ്യങ്ങളെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നാണുള്ളത്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ്‌ അശ്രദ്ധനല്ല.'' (വി. ഖു 11:123) നബി(സ)യോട്‌ പറയാനായി ഖുര്‍ആനിന്റെ നിര്‍ദേശം ശ്രദ്ധിക്കുക: ``പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല.'' (വി.ഖു 6:50)

 ബുര്‍ദയില്‍ നിന്നുള്ള മറ്റൊരു വരി: യാ അക്‌റമല്‍ ഖല്‍ഖി മാലീമന്‍ അലുദുബിഹി സിവാക ഇന്‍ദ ഹുലുലില്‍ ഹാദിഥില്‍ ഇമമി (സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ പ്രവാചകരേ, എന്റെ എണ്ണമറ്റ പ്രയാസങ്ങള്‍ക്ക്‌ എനിക്ക്‌ അഭയമായി അങ്ങല്ലാതെ മറ്റാരുമില്ല.) ശര്‍റഫല്‍ അനാം മൗലിദില്‍ പറയുന്നു: ഫ അഗ്‌ഥ്‌നീ വഅജിര്‍നീ യാ മുജീറു മിനസ്സഈര്‍ യാ ഗിയാഥീ യാമലാദീ ഫീ മുഹിമ്മതില്‍ ഉമൂര്‍ (അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ, നരകത്തില്‍ നിന്ന്‌ രക്ഷിക്കുന്നവരേ, വിഷമവേളയില്‍ എന്റെ സഹായവും അഭയവുമായവരേ) നബി(സ)യാണ്‌ രക്ഷകനും സഹായകനുമെന്ന്‌ മാലക്കാരും ബുര്‍ദക്കാരും പറയുന്നു. എന്നാല്‍ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹായനാണ്‌ താനെന്ന്‌ പ്രഖ്യാപിക്കാന്‍ നബി(സ)യോട്‌ അല്ലാഹു നിര്‍ദേശിച്ചു:

``(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നൊക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.'' (46:9) പിതൃവ്യന്‍ അബൂത്വാലിബിന്റെ കാര്യത്തില്‍ നിസ്സഹായനായ നബി(സ) സ്വന്തത്തെ നരകത്തില്‍ നിന്ന്‌ കാക്കണമെന്ന്‌ പ്രിയപുത്രി ഫാത്വിമ(റ)യോട്‌ ഉപദേശിക്കുന്നത്‌ വിശ്വാസികള്‍ക്ക്‌ പാഠമാകാനാണ്‌. തെറ്റുകള്‍ പൊറുക്കാനും നരകത്തില്‍ നിന്നും രക്ഷപ്പെടുത്താനും അല്ലാഹുവിന്‌ മാത്രമേ സാധിക്കൂ. ``വല്ല നീചകൃത്യവും ചെയ്‌തുപോയാല്‍ അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്‌തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക്‌ മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌.'' (വി.ഖു 3:135) പ്രവാചക കീര്‍ത്തനമെന്ന പേരിലുള്ള ഈ അപരാധങ്ങള്‍ നരകത്തിലേക്കുള്ള പാതയാണ്‌. അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരമാണ്‌..

by മുസ്തഫ നിലമ്പൂർ @ ശബാബ്

പരമമായ ഇഷ്‌ടം അല്ലാഹുവിനോട്‌

“നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (വി.ഖു 3:31)

സ്‌നേഹം മനുഷ്യമനസ്സിന്റെ ഉദാത്ത ഭാവങ്ങളിലൊന്നാണ്‌. ഒരു വിശ്വാസി ഏറെ സ്‌നേഹിക്കേണ്ടത്‌ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയുമാണ്‌. ഇഷ്‌ടമുള്ളവരുടെ കൂടെ നില്‍ക്കാനും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ഏവരും സന്നദ്ധമാവാറുണ്ട്‌. സ്‌നേഹത്തിന്റെ രൂപവും ഭാവവും വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ മാറ്റങ്ങള്‍ വരുന്നവയാവും. മാതാപിതാക്കളോടും ഇണകളോടുമുള്ള സ്‌നേഹത്തില്‍ വ്യത്യാസം കാണാം. കൂട്ടുകാരെയും മക്കളെയും ഒരുപോലെയല്ല നാം സ്‌നേഹിക്കാറുള്ളത്‌.എന്നാല്‍ എങ്ങനെയാണ്‌ നാം അല്ലാഹുവെ സ്‌നേഹിക്കേണ്ടത്‌? അതിനുള്ള ഉത്തരമാണ്‌ ഈ വചനം.

മുഹമ്മദ്‌ നബി(സ) പഠപ്പിച്ച കാര്യങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ അതിന്റെ രീതി. അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആന്‍ നബി(സ)യാണ്‌ മാനവസമൂഹത്തെ ഓതിക്കേള്‍പ്പിച്ചത്‌. അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച സന്ദേശാനുസരണം അതിന്റെ വിശദീകരണവും നബി(സ)തന്നെ നിര്‍വഹിച്ചു. ഇതില്‍ വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ മാത്രമാണ്‌ അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവരുടെ പട്ടികയില്‍ നാം ഉള്‍പ്പെടുന്നത്‌.. അല്ലാഹു ഇഷ്‌ടപ്പെട്ട്‌, പ്രവാചകനെ അനുഗമിച്ച്‌, സല്‍കര്‍മങ്ങളില്‍ നിരതനാവുന്നുവെങ്കില്‍ അല്ലാഹു തിരിച്ച്‌ നമ്മെയും ഇഷ്‌ടപ്പെടുന്നു. മാത്രമല്ല, നമ്മുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. ഏറെ കരുണയുള്ളവനാണ്‌ അല്ലാഹു എന്നതിനാല്‍ പൊറുത്തുതരുന്നതാണ്‌ “ആരാണോ പ്രവാചകനെ അനുസരിച്ചത്‌ അവന്‍ അല്ലാഹുവിനെ അനുസരിച്ചു; ആരാണോ പിന്തിരിഞ്ഞത്‌ അവരുടെമേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല” (വി.ഖു 4:80)

by അബ്ദു സലഫി @  പുടവ 

സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരം

ഒരു സത്യവിശ്വാസി മരണമടഞ്ഞാല്‍ അദ്ദേഹത്തോടുള്ള സാമൂഹ്യബാധ്യതകളില്‍ പ്രധാനമായതാണ്‌ അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിക്കുകയും പാപമോചനം തേടുകയും ചെയ്യല്‍. മരണപ്പെട്ടവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും അവരില്‍ കാരുണ്യം ചൊരിയപ്പെടാനും പ്രാര്‍ഥന ഉപകരിക്കുമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ പ്രാര്‍ഥനയാണ്‌ അല്ലാഹുവിങ്കല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാകുന്നത്‌. അതില്‍ സ്‌ത്രീപുരുഷ വ്യത്യാസമില്ല. മരണമടഞ്ഞ വ്യക്തിയെ പ്രസവിച്ച്‌ വളര്‍ത്തിയ മാതാവിനും സ്വന്തം ജീവനെക്കാള്‍ സ്‌നേഹിച്ച ഭാര്യക്കും മക്കള്‍ക്കുമുണ്ടാകുന്ന ആത്മാര്‍ഥത മറ്റൊരാളില്‍ നിന്ന്‌ പ്രതീക്ഷിച്ചുകൂടാ. അവര്‍ സ്‌ത്രീയായി എന്ന കാരണത്താല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പാപമോചനം തേടി നമസ്‌കരിക്കാനുള്ള അവകാശം തടയരുത്‌..

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ആണാകട്ടെ, പെണ്ണാകട്ടെ ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.'' (വി.ഖു 4:124). ``പുരുഷനാകട്ടെ സ്‌ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' (വി.ഖു 3:195)

 സഹ്‌ലുബ്‌നു ബൈദ്വാഇ (റ)ന്റെ മയ്യിത്ത്‌ പള്ളിയില്‍ കൊണ്ടുവരികയും അദ്ദേഹത്തിനായി നബി(സ) മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്‌തപ്പോള്‍ വിശ്വാസികളുടെ മാതാക്കളായ നബിപത്‌നിമാര്‍ അതില്‍ പങ്കെടുത്തതും, ഉത്‌ബ(റ)ക്കു വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കാന്‍ ഉമ്മു അബ്‌ദില്ലയെ ഉമര്‍(റ) കാത്തുനിന്നതും ചരിത്രത്തിലുണ്ട്‌. അബൂത്വല്‍ഹ(റ)യുടെ മയ്യിത്ത്‌ നമസ്‌കാരത്തില്‍ സ്‌ത്രീകളും പങ്കാളികളായിരുന്നുവെന്ന്‌ വിവിധ പരമ്പരകളിലൂടെ സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സഅ്‌ദുബ്‌നു അബീവഖാസ്‌(റ) മരണമടഞ്ഞപ്പോള്‍ വിശ്വാസികളുടെ മാതാക്കള്‍ക്ക്‌ നമസ്‌കരിക്കാന്‍ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ കല്‌പിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിരിക്കുന്നു. സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചതിന്‌ ഇനിയും ധാരാളം തെളിവുകളുണ്ട്‌. സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ അംഗീകരിക്കുന്ന ശാഫിഈ മദ്‌ഹബിലും അവരുടെ തന്നെ സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ പോലും സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കാരം അംഗീകരിക്കുന്നതായി കാണാം.

പുരുഷന്മാരുണ്ടായിട്ടും അവരാരും നമസ്‌കാരം നിര്‍വഹിക്കാതെ സ്‌ത്രീകള്‍ മാത്രം നമസ്‌കരിച്ചാല്‍ ജനാസ നമസ്‌കരിച്ചതിന്റെ നിര്‍ബന്ധബാധ്യത വിടുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ്‌ ശാഫിഈ മദ്‌ഹബിന്റെ ഗ്രന്ഥങ്ങളില്‍ ഭിന്നതയുള്ളത്‌. പുരുഷന്മാര്‍ക്ക്‌ മുമ്പ്‌ സ്‌ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കരുതെന്ന വാദം അടിസ്ഥാനരഹിതമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങളിലോ ശാഫിഈ മദ്‌ഹബിലോ ഇപ്രകാരം ഒരു നിബന്ധനയില്ല. സഅ്‌ദുബ്‌നു അബീവഖാസി(റ)ന്‌ പ്രവാചകപത്‌നിമാര്‍, നമസ്‌കരിച്ചത്‌ പുരുഷന്മാരുടെ നമസ്‌കാരത്തിന്‌ മുമ്പോ ശേഷമോ എന്ന്‌ വ്യക്തമാക്കാതിരുന്നത്‌ അതുകൊണ്ടാണ്‌.

 ഇമാം ശാഫിഈ(റ) പറയുന്നു: ``ഒരു സ്‌ത്രീ ഇമാം നിന്ന്‌ മറ്റുള്ള സ്‌ത്രീകള്‍ അവളെ തുടര്‍ന്ന്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്‌ യാതൊരു കുഴപ്പവും ഞാന്‍ കാണുന്നില്ല. അവള്‍ സ്‌ത്രീകളുടെ മധ്യത്തില്‍ നില്‍ക്കണം (കിതാബുല്‍ഉമ്മ്‌, അല്‍ജനാഇസ്‌).} ഇമാം നവവി(റ) വ്യക്തമാക്കുന്നു: ``സ്‌ത്രീകള്‍ ജമാഅത്തായി മയ്യിത്ത്‌ നമസ്‌കരിക്കല്‍ മറ്റു നമസ്‌കാരങ്ങളെപ്പോലെ തന്നെ സുന്നത്താണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌).}``മയ്യിത്തിനു വേണ്ടി സ്‌ത്രീകള്‍ മാത്രം ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്‌.'' (ഖല്‍യൂബി) ``മറ്റുള്ള നമസ്‌കാരം പോലെ തന്നെ സ്‌ത്രീകള്‍ മയ്യിത്തിന്‌ ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്‌. ഇതാണ്‌ പ്രബലമായ അഭിപ്രായം.'' (ശര്‍വാനി). ``പുരുഷന്മാര്‍ ഉണ്ടായിട്ടും സ്‌ത്രീകള്‍ മാത്രം മയ്യിത്ത്‌ നമസ്‌കരിച്ചാല്‍ ഫര്‍ദ്‌ വീടുകയില്ല എന്നാണ്‌ അസ്വഹ്‌ഹായ അഭിപ്രായം.'' (മിന്‍ഹാജ്‌)}  യാഥാസ്ഥിതിക സുന്നികളുടെ പ്രസിദ്ധീകരണങ്ങളിലും വിവര്‍ത്തന ഗ്രന്ഥങ്ങളിലും ഈ സത്യം മുമ്പ്‌ വ്യക്തമാക്കിയതാണ്‌.

സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കരിക്കാമോ എന്ന പ്രശ്‌നത്തില്‍ തടസ്സമുന്നയിക്കാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. അവരുടെ ഗ്രന്ഥങ്ങളില്‍ തന്നെ സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്‌. ``പുരുഷന്മാരാണ്‌ മയ്യിത്ത്‌ നമസ്‌കരിക്കേണ്ടത്‌. പുരുഷന്മാരെ പിന്‍തുടര്‍ന്ന്‌ സ്‌ത്രീകള്‍ക്കും നമസ്‌കരിക്കല്‍ സുന്നത്താകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വന്തമായി നമസ്‌കരിക്കുകയും ചെയ്യാം.'' (കെ വി എം മുസ്‌ല്യാര്‍ പന്താവൂര്‍, മരണം, മയ്യിത്ത്‌ നിസ്‌കാരം, സിയാറത്ത്‌, പേജ്‌ 28) ``ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്‌ത്രീകളും എന്ന ക്രമത്തില്‍ മയ്യിത്തിനോടടുത്ത്‌ നില്‌ക്കണം. പക്ഷെ, ആദ്യം വന്നത്‌ സ്‌ത്രീയാണെങ്കില്‍ അവള്‍ മുന്തി നില്‌ക്കരുത്‌. തന്റെ ശേഷം വന്ന പുരുഷന്‌ സൗകര്യം ചെയ്‌തുകൊണ്ട്‌ പിന്നിലേക്ക്‌ പോകേണ്ടതാകുന്നു.'' (ഉംദ പരിഭാഷ, പേജ്‌ 80) ``മരണസമയത്ത്‌ ഋതുമതിയാവുകയോ അവിശ്വാസി ആയിരിക്കുകയോ ചെയ്‌തവര്‍ മയ്യിത്ത്‌ മറമാടിയതിനു ശേഷം അശുദ്ധികളില്‍ നിന്നും വിമുക്തരായി മയ്യിത്ത്‌ നിസ്‌കാരം നിര്‍വഹിച്ചാല്‍ ആ നിസ്‌കാരം സാധുവാകയില്ല.'' (ഫത്‌ഹുല്‍ മുഈന്‍ പരിഭാഷ, പേജ്‌ 190)

 സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിനെതിരെ കടുത്ത നിലപാടുള്ള വിഭാഗത്തിന്റെ നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അവതാരിക എഴുതിയ ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ``സ്‌ത്രീകള്‍ മയ്യിത്ത്‌ നിസ്‌കരിക്കലും അത്‌ ജമാഅത്തായി നിര്‍വഹിക്കലും സുന്നത്താണ്‌.'' (ആധുനികപ്രശ്‌നങ്ങള്‍ ഫിഖ്‌ഹിലൂടെ 1 /72) ``കുളിപ്പിച്ച്‌ കഴിഞ്ഞ്‌ മയ്യിത്ത്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ വീട്ടിനകത്തു തന്നെ സൗകര്യമുണ്ടാക്കി പെണ്ണുങ്ങള്‍ക്കും നിസ്‌കരിക്കാം. പള്ളിയിലേക്ക്‌ പോയശേഷം വീട്ടില്‍ വെച്ച്‌ നിസ്‌കരിക്കാന്‍ പാടില്ല.'' (ഒ എം തരുവണ, മയ്യിത്ത്‌ സംസ്‌കരണം, പേജ്‌ 56, പൂങ്കാവനം ബുക്‌സ്‌)}  ``സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കാരം ഹറാമാണെന്ന്‌ ധരിച്ചുവെച്ച കുറെ ആളുകളുണ്ട്‌. അക്കാരണത്താല്‍ തന്നെ മയ്യിത്ത്‌ നിസ്‌കാരത്തിന്റെ രൂപത്തെക്കുറിച്ച്‌ അവര്‍ അജ്ഞരുമത്രെ. ഈ തെറ്റിദ്ധാരണ നീക്കാനും മയ്യിത്തിന്റെ പേരില്‍ നിസ്‌കരിച്ചതിനുള്ള പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതിനും വേണ്ടി മയ്യിത്ത്‌ കൊണ്ടുപോകുന്നതിനു മുമ്പ്‌ വീട്ടില്‍വെച്ച്‌ സ്‌ത്രീകള്‍ക്ക്‌ നിസ്‌കരിക്കാന്‍ അവസരം നല്‌കുന്നത്‌ നന്നായിരിക്കും.'' (സി വി എം ഫൈസി, നെല്ലിക്കാട്ടിരി, മരണം മുതല്‍ മഖ്‌ബറ വരെ, പേജ്‌ 8,9) 

ചുരുക്കത്തില്‍ മയ്യിത്ത്‌ നമസ്‌കാരം പുണ്യവും പ്രതിഫലാര്‍ഹവും മരണപ്പെട്ട ആളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന്‌ നിമിത്തവുമാകുമെന്ന്‌ വ്യക്തമാകുന്നു. പ്രവാചകന്റെ(സ) കാലത്തും അതിനു ശേഷവും ആ സുന്നത്ത്‌ നിലനിന്നു. മദ്‌ഹബിന്റെ ഇമാമുകളും അത്‌ അംഗീകരിച്ചു. കേരളത്തിലെ സുന്നി പണ്ഡിതന്മാരും അതിനെതിരായിരുന്നില്ല. അതുകൊണ്ട്‌ പ്രവാചകന്‍ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുണ്യകര്‍മത്തെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.

by പി മുസ്‌തഫ നിലമ്പൂര്‍ @ ശബാബ് 

പ്രപഞ്ചനാഥനില്‍ ഭരമേല്‍പിക്കുക

പറയുക, സമസ്‌താധികാരങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന്‌ അത്‌ നീ നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യരാക്കുന്നു. സൗഭാഗ്യങ്ങളഖിലം നിന്റെ കൈവശമാണ്‌. നിശ്ചയം നീ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്‌” (വി.ഖു 3:26)

ഒരു മുസ്‌ലിമിന്റെ യഥാര്‍ഥ വിശ്വാസപ്രഖ്യാപനമാണിത്‌. അതോടൊപ്പം ഒരു പ്രാര്‍ഥനയും. മനുഷ്യര്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യങ്ങളുണ്ട്‌. സമ്പത്തിലും അധികാരത്തിലും ഇത്‌ പ്രകടമായിക്കാണാം. എല്ലാവരും ഒരേ നിലവാരത്തിലും രൂപത്തിലുമല്ല ഇവിടെ ജീവിക്കുന്നത്‌. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹുവിന്റെ ഇടപെടലും നിയന്ത്രണവും പൂര്‍ണമായും മനുഷ്യന്റെ ഈ വൈവിധ്യങ്ങളിലുണ്ട്‌. പ്രവാചകത്വവും പ്രതാപവും അധികാരവുമൊക്കെ തങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന്‌ കരുതിയ ജൂതന്മാര്‍ മുമ്പ്‌ ജീവിച്ചിരിക്കുന്നു. ദീര്‍ഘനാള്‍ ജനങ്ങളെ അടക്കിഭരിച്ച ചില ക്രൂരന്മാരായ ഭരണാധികാരികള്‍ക്കും തങ്ങള്‍ മാത്രമാണ്‌ അധികാരം കൈയാളാന്‍ കരുത്തര്‍ എന്ന ചിന്തയുണ്ടായിരുന്നു. സത്യനിഷേധവും ധിക്കാരവും അതിന്റെ തുടര്‍ച്ചയായി അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള ഒരു മറുപടി ഈ വചനത്തിലുണ്ട്‌. സത്യവിശ്വാസം സ്വീകരിച്ച്‌, സൂക്ഷ്‌മത പുലര്‍ത്തി ജീവിച്ചിട്ടും ഭൗതികജീവിതത്തില്‍ കഷ്‌ടപ്പാടുകള്‍ ഉണ്ടാകുന്നുവല്ലോ എന്ന ചിന്ത ചില ദുര്‍ബല വിശ്വാസികളിലും കടന്നുവരാന്‍ തുടങ്ങി. അല്ലാഹുവിന്‌ ഇഷ്‌ടപ്പെട്ടവരാണ്‌ നിങ്ങളെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക്‌ ദുരിതങ്ങള്‍ വരും എന്ന്‌ അഹങ്കാരികളായ നിഷേധികള്‍ ചോദിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഭൗതിക ജീവിതത്തില്‍ എല്ലാ അധികാരവും പ്രതാപവും നിന്ദ്യതയും ഒക്കെ അല്ലാഹു പരീക്ഷണാര്‍ഥം നല്‍കുന്നതാണ്‌. വിശ്വാസികള്‍ക്ക്‌ ഇവിടുത്തെ ജീവിതമല്ല പ്രധാനം. അത്‌ ഒരു പരീക്ഷണം മാത്രമാണ്‌. ഇവിടെ എന്ത്‌ ലഭിച്ചാലും അത്‌ യാഥാര്‍ഥ്യബോധത്തോടെ മാത്രമേ വിശ്വാസികള്‍ കൈകാര്യം ചെയ്യുകയുള്ളൂ. സുഖങ്ങളില്‍ മതിമറക്കാതെ നന്ദി ചെയ്‌തും ദുഖങ്ങളില്‍ തളരാതെ ക്ഷമിച്ചും അവര്‍ മുന്നോട്ട്‌ നീങ്ങും. എല്ലാ കഴിവുകളുടെയും അധികാരങ്ങളുടെയും വിതരണ കേന്ദ്രമായ അല്ലാഹുവിന്റെ തീരുമാനങ്ങളിലും വിഭജനങ്ങളിലും പൂര്‍ണവിശ്വാസവും സംതൃപ്‌തിയും വെച്ച്‌ പുലര്‍ത്തി, അവനോട്‌ പ്രാര്‍ഥിച്ചും അവനിലുള്ള പ്രതീക്ഷ നിലനിര്‍ത്തിയും മുന്നോട്ട്‌ നീങ്ങുന്നവനാണ്‌ യഥാര്‍ഥ വിശ്വാസി. എല്ലാ നന്മകളുടെയും സൗഭാഗ്യങ്ങളുടെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ്‌. ഇതംഗീകരിക്കുകയും അതിന്നായി അവനോട്‌ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്‌ വിശ്വാസിയുടെ സ്വഭാവം.

by അബ്ദു സലഫി @ പുടവ മാസിക 

Popular ISLAHI Topics

ISLAHI visitors