മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്തു നമസ്‌കാരമുണ്ടോ?

കേരളത്തിലെ മതപ്രബോധന രംഗത്ത്‌ തീരെ പ്രാധാന്യമില്ലാതിരുന്ന ഒരു വിഷയമായിരുന്നു മഗ്‌രിബിന്‌ മുമ്പുള്ള സുന്നത്ത്‌ നമസ്‌കാരം. എന്നാല്‍, ജിന്നു-സിഹ്‌റ്‌ ബാധ പോലുള്ള ആശയങ്ങള്‍ പോലെ പുതുതായി വന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്‌. നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു പള്ളിയില്‍, മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ സുന്നത്തു നമസ്‌കാരം നിര്‍വഹിക്കാന്‍ സമയം ലഭിച്ചില്ലെന്നാരോപിച്ച്‌ ഒരാള്‍ `മുഅദ്ദി'നെ ശാസിച്ച അനുഭവം ലേഖകനുണ്ട്‌. മഗ്‌രിബിന്റെ മുമ്പ്‌ നടത്തിവരുന്ന സുന്നത്തു നമസ്‌ക്കാരത്തിന്‌ `റവാതിബ്‌' സുന്നത്തിന്റെയത്ര പ്രാധാന്യമില്ല. വേണമെങ്കില്‍ നമസ്‌കരിക്കാം എന്നുമാത്രം. ഇന്ന്‌ ചിലര്‍ അത്‌ നമസ്‌കരിക്കുന്ന വിഷയത്തില്‍ കാണിക്കുന്ന കണിശത കണ്ടാല്‍ അത്‌ പ്രബലമായ സുന്നത്താണെന്ന്‌ സംശയിച്ചുപോകും. വേണമെങ്കില്‍ നമസ്‌കരിക്കാം എന്ന നിലയില്‍ മാത്രമേ ഹദീസുകളിലും വന്നിട്ടുള്ളൂ.

അബ്‌ദുല്ലാഹിബ്‌നു മഗ്‌ഫല്‍(റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിക്കുന്നു: ``നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കുവിന്‍, നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കുവിന്‍. മൂന്നാം തവണ ഇപ്രകാരവും കൂടി പറയുകയുണ്ടായി: ആഗ്രഹിക്കുന്നവര്‍ നമസ്‌കരിച്ചാല്‍ മതി.'' (ബുഖാരി) ഇമാം മുസ്‌ലിമിന്റെ ഹദീസ്‌ ശ്രദ്ധിക്കുക: ``അനസ്‌(റ) പ്രസ്‌താവിച്ചു: സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം നബി(സ)യുടെ കാലഘട്ടത്തില്‍ ഞങ്ങള്‍ നമസ്‌കരിക്കാറുണ്ടായിരുന്നു. അഥവാ മഗ്‌രിബ്‌ നമ്‌സകാരത്തിന്‌ മുമ്പായി. അപ്പോള്‍ ഞാന്‍ (മുഖ്‌താറുബ്‌നു ഫുല്‍ഫുല്‍) അദ്ദേഹത്തോട്‌ (അനസിനോട്‌) ചോദിച്ചു: നബി(സ) അപ്രകാരം രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചിരുന്നുവോ? അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നത്‌ നബി(സ) കാണാറുണ്ടായിരുന്നു. നബി(സ) ഞങ്ങളോട്‌ നമസ്‌കരിക്കാന്‍ കല്‌പിക്കുകയോ നിരോധിക്കുകയോ ചെയ്‌തിരുന്നില്ല.'' (മുസ്‌ലിം)

 മേല്‍ ഹദീസില്‍ നബി(സ) നമസ്‌കരിച്ചിരുന്നതായി പറയുന്നില്ല. ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി പ്രസ്‌താവിക്കുന്നു: ``അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവരും മറ്റുള്ള സ്വഹാബിമാരും ഇമാം മാലിക്കും ബഹുഭൂരിപക്ഷം കര്‍മശാസ്‌ത്രപണ്ഡിതന്മാരും പ്രസ്‌തുത നമസ്‌കാരം സുന്നത്തായി കണ്ടിരുന്നില്ല. പ്രസ്‌തുത നമസ്‌കാരം അനാചാരമാണെന്ന്‌ നഖ്‌ഈ പ്രസ്‌താവിച്ചിരിക്കുന്നു.'' (ശറഹുമുസ്‌ലിം 3:385)

 ഈ വിഷയത്തില്‍ ശൈഖ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``മഗ്‌രിബിന്‌ മുമ്പുള്ള രണ്ടു റക്‌അത്ത്‌ നമസ്‌കാരത്തെക്കുറിച്ച്‌ ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഞാന്‍ അപ്രകാരം നമസ്‌കരിക്കുകയില്ല. വല്ലവനും നമസ്‌കരിക്കുന്ന പക്ഷം യാതൊരു ദോഷവുമില്ല. പ്രസ്‌തുത നമസ്‌കാരത്തെക്കുറിച്ച്‌ ഇബ്‌നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ അപ്രകാരം നമസ്‌കരിക്കുന്നതായി ഞാന്‍ ഒരാളെയും കണ്ടിട്ടില്ല. എന്നാല്‍ ഇബ്‌നു ഉമര്‍(റ) അത്‌ നിരോധിച്ചിട്ടില്ല. അനസ്‌ബ്‌നു മാലിക്കില്‍ നിന്ന്‌ ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌: ഞങ്ങള്‍ നബി(സ)യുടെ കാലത്ത്‌ മഗ്‌രിബ്‌ നമസ്‌കാരത്തിന്ന്‌ മുമ്പ്‌ സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം അപ്രകാരം രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളോടത്‌ കല്‌പിക്കുകയോ നിരോധിക്കുകയോ ചെയ്‌തിരുന്നില്ല. ഇബ്‌റാഹീം നഖഈ(റ) പ്രസ്‌താവിച്ചു: തീര്‍ച്ചയായും കൂഫാ എന്ന പ്രദേശത്ത്‌ നബി(സ)യുടെ ഉത്തമരായ സ്വഹാബികളില്‍ പെട്ട അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ), ഹുദൈഫത്‌ബ്‌നുല്‍ യമാനി(റ), അമ്മാറുബ്‌നുയാസിര്‍(റ), അബൂമസ്‌ഊദില്‍ അന്‍സാരി(റ) തുടങ്ങിയവര്‍ താമസിച്ചിരുന്നു. അവരാരും മഗ്‌രിബിന്‌ മുമ്പുള്ള രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. മേല്‍പറഞ്ഞ രണ്ടു റക്‌അത്ത്‌ നമസ്‌കാരം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ) എന്നിവരും നിര്‍വഹിച്ചിട്ടില്ല.''(അല്‍ഗുന്‍യത്‌ 2:82-83)

 സ്വര്‍ഗം വാഗ്‌ദാനം ചെയ്യപ്പെട്ട നാലു ഖലീഫമാരും സ്വഹാബികളില്‍ ബഹുഭൂരിപക്ഷവും ചെയ്യാത്ത ഒരു കാര്യത്തില്‍ അമിതമായ ആവേശം കാണിക്കുന്നതിന്‌ അര്‍ഥമില്ല. നബി(സ) നമസ്‌കരിച്ചിരുന്നുവെങ്കില്‍ നാല്‌ ഖലീഫമാര്‍ അത്‌ ഒഴിവാക്കുമായിരുന്നില്ല.

 By പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്