മരണം ഓര്‍മിപ്പിക്കുന്നത്‌

അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്‌. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അവന്‌ ഇവിടെനിന്ന്‌ നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‌ അവിടെനിന്ന്‌ നാം നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക്‌ നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. (വി.ഖു 3:145)

ഉഹ്‌ദ്‌ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയതാണീ സൂക്തം. മരണഭീതി നിമിത്തം ചില കപടന്മാര്‍ രണാങ്കണം വിട്ടോടാന്‍ തുടങ്ങി. ആര്‌ എപ്പോള്‍ എവിടെവെച്ച്‌ മരിക്കുമെന്ന്‌ അല്ലാഹു കുറിച്ചുവെച്ചിട്ടുണ്ട്‌. ആ അവധിക്ക്‌ മുമ്പായി ആരും മരിക്കാന്‍ പോകുന്നില്ല. ആ അവധിക്കുശേഷം ആരും ജീവിക്കാനും പോകുന്നില്ല. “എത്ര ആരോഗ്യവാന്മാര്‍ ഒരു രോഗവുംകൂടാതെ മരണപ്പെടുന്നു? എത്ര രോഗികളാണ്‌ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതും?!” എന്ന്‌ ഒരു കവി ചോദിക്കുന്നുണ്ട്‌. വീട്ടിലിരുന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചാലും നിശ്ചിത സമയത്ത്‌ മരണമെത്തും. നിങ്ങള്‍ ഭദ്രമായ കോട്ടക്കകത്താണെങ്കിലും മരണം നിങ്ങളെ തേടിയെത്തും എന്ന്‌ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ നമ്മുടെ ചിന്ത മരണത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ചായിരിക്കരുത്‌. മറിച്ച്‌, നമുക്ക്‌ ലഭിച്ച ജീവിതാവസരം എങ്ങനെ വിനിയോഗിക്കണം എന്ന ചിന്തക്കാണ്‌ പ്രസക്തി.

കേവലം ഐഹിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്‌. അവന്‌ അല്ലാഹു ഇഹത്തില്‍ തന്നെ പ്രതിഫലം നല്‍കുന്നു. പക്ഷെ അത്‌ നൈമിഷികമായ ഈ ലോകത്ത്‌ പോലും അവന്‌ ഉപകാരപ്പെട്ടില്ല എന്നവരാം. അതേസമയം പരലോകത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവന്‌ ശാശ്വതമായ പ്രതിഫലം ഉറപ്പാണ്‌. പ്രതിഫലം എന്നത്‌ കര്‍മഫലം ആണ്‌. മനുഷ്യന്‌ തന്റെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി ഇഹലോകത്ത്‌ ലഭിക്കുന്ന നേട്ടങ്ങള്‍ക്കാണ്‌ ഐഹിക പ്രതിഫലമെന്ന്‌ പറയുന്നത്‌. ഇവിടുത്തെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി പരലോകത്തെ ശാശ്വത ജീവിതത്തില്‍ ലഭിക്കുന്ന നേട്ടമാണ്‌ പാരത്രിക പ്രതിഫലം.

തീര്‍ച്ചയായും, അല്ലാഹു കര്‍മങ്ങളെ പരിഗണിക്കുന്നത്‌ അത്‌ ചെയ്യുന്നവന്റെ ലക്ഷ്യമനുസരിച്ചാണ്‌. ഏതൊരാള്‍ക്കും അവന്‍ ഉദ്ദേശിച്ചതാണ്‌ ലഭിക്കുന്നത്‌. ഒരാള്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച്‌ ഹിജ്‌റ പോയാല്‍ അവന്‌ അതും, ഭൗതിക സമൃദ്ധി ആഗ്രഹിച്ച്‌ ഹിജ്‌റ പോയാല്‍ അതും അവന്‌ ലഭിക്കുമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. ഇഹലോകത്തെയാണ്‌ വല്ലവനും ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഇവിടെവെച്ച്‌ വേഗം നല്‍കും. പിന്നീടവന്‌ നരകമായിരിക്കും… ആരെങ്കിലും പരലോകം ലക്ഷ്യംവെച്ച്‌ അതിന്റെ ശ്രമം നടത്തിയാല്‍ അവരുടെ ശ്രമം പ്രതിഫലാര്‍ഹമായിരിക്കും എന്ന്‌ സൂറ ഇസ്‌റാഇല്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്‌. അല്ലാഹു തന്ന അനുഗ്രഹമാണ്‌ ഈ ജീവിതം. വിജയത്തിന്റെ വഴിയും അവന്‍ തന്നെ കാണിച്ചുതന്നിരിക്കുന്നു. എന്നിരിക്കെ അവന്‌ നന്ദി കാണിച്ച്‌ അവന്റെ പ്രീതി നേടാന്‍ ശ്രമിക്കാതെ ജീവിക്കുന്നത്‌ കടുത്ത അപരാധമാണ്‌; ശാശ്വതവിജയത്തെ ഇല്ലാതാക്കുന്നതും.

by അബ്‌ദു സലഫി @ പുടവ മാസിക