സംതൃപ്തിയിലാണ് സൗഭാഗ്യം

തിരുനബി (സ) പറഞ്ഞു : അല്ലാഹു തനിക്ക്‌ വിധിച്ചിട്ടുള്ളതിൽ സംതൃപ്തനായിരിക്കുന്നതാണ് മനുഷ്യന് സൗഭാഗ്യമായിട്ടുള്ളത്‌. അല്ലാഹുവിനോട്‌ ഗുണത്തിനു വേണ്ടി പ്രാർഥിക്കാതിരിക്കലും അവന്റെ വിധിയിൽ വെറുപ്പ്‌ കാണിക്കലുമാണ് മനുഷ്യന്റെ നിർഭാഗ്യം. (തുർമുദി). തിരുനബി (സ)യുടെ ഒരു പതിവു പ്രാർഥന ഇങ്ങനെയായിരുന്നു : അല്ലാഹുവേ, നീ വിധിച്ചതല്ലാതെ യാതൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് ബോധ്യമാവുകയും നീ എനിക്ക്‌ വിഹിതമായി നൽകുന്നതിലെല്ലാം സതൃപ്തിയുണ്ടാവുകയും ചെയ്യുന്ന ദൃഢവും ഉറപ്പുള്ളതും ഹൃദയത്തിൽ വേരൂന്നിയതുമായ വിശ്വാസം എനിക്ക്‌ നീ നൽകേണമേ. (ഖുൽബുൽ മുസ്‌ലിം : മുഹമ്മദുൽ ഗസ്സാലി : 73).

സത്യവിശ്വാസത്തിന്റെ സദ്‌ഫലമായുണ്ടാകുന്ന രണ്ട്‌ നേട്ടങ്ങളാണ് തിരുനബി (സ) എടുത്തുപറയുന്നത്‌. അല്ലാഹു വിധിക്കുന്നതിലും വീതിക്കുന്നതിലും മനസ്സംതൃപ്തി വളർത്തുന്ന സത്യവിശ്വാസം മികച്ച സൗഭാഗ്യമാണ്. അംറുബ്‌നു ആസ്‌ (റ)ൽ നിന്നുദ്ധരിക്കുന്ന ഒരു തിരുവചനം ശ്രദ്ധേയമാണ്. മനുഷ്യമനസ്സ്‌ എല്ലാ താഴ്‌വരകളിലും ചുറ്റിക്കറങ്ങുകയാണ്. ഒരാൾ തന്റെ മനസ്സിനെ താഴ്‌വരകളിൽ കറങ്ങാൻ വിടുകയാണെങ്കിൽ ഏത്‌ താഴ്‌വരയാണ് അതിനെ നശിപ്പിക്കുന്നതെന്ന കാര്യം അല്ലാഹു ഗൗനിക്കുകയില്ല. എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരെ നാശമടയുന്നതിൽ നിന്നും അല്ലാഹു രക്ഷിക്കും.(ഇബ്നുമാജ).

ആർത്തിയുടേയും അമിതമോഹങ്ങളുടെയും താഴ്‌വരകളിലാണ് ആധുനിക മനുഷ്യന്റെ സഞ്ചാരം. ജീവിതവിഭവങ്ങളിലൊന്നും സംതൃപ്തി കൈവരിക്കാനാവാതെ സംഘർഷബാധിതഹൃദയത്തോടെ അരസികമായ ജീവിതമാണ് അവന്റേത്‌. സംതൃപ്തിയില്ലാത്തവന് വിജയം കൈവരിക്കാനാവില്ല. ചെറുതായിക്കൊണ്ടേയിരിക്കാൻ പഠിക്കുമ്പോഴേ സംതൃപ്തിയെന്താണെന്ന് അറിയൂ. വലിയ മോഹങ്ങൾ മെനയുന്നവർക്ക്‌ വലിയ തോതിൽ അസംതൃപ്തിയും അതിന്റെ ഫലമായുള്ള അസ്വസ്ഥതാ ജീവിതവുമാണ് പകരം ലഭിക്കുക. അവനവനിലേക്ക്‌ അധിനിവേശം ചെയ്യുന്ന ആർത്തിയുടെ വിപണിയോട്‌ അരുത്‌ എന്ന് പറയാനുള്ള നെഞ്ചൂക്ക്‌ നാം കൈവരിച്ചേ തീരൂ. ശാന്തവും ശുഭകരവുമായ മനസ്സ്‌ അവിടെ മുതൽ ആരംഭിക്കും.

 by പി എം എ ഗഫൂർ @ ഐ എസ് എം തൃശൂർ സമ്മേളന സോവനീർ

ജിന്നും പിശാചും ചില അന്ധവിശ്വാസങ്ങളും

പ്രവാചകന്മാര്‍ വേദഗ്രന്ഥങ്ങളിലൂടെ ജനങ്ങളെ പഠിപ്പിച്ചത്‌ മധ്യവര്‍ത്തികളില്ലാതെ അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണമെന്നാണ്‌. ``നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ പിറകെ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌'' (മുഅ്‌മിന്‍ 60). അല്ലാഹുവോട്‌ മധ്യവര്‍ത്തികളില്ലാതെ നേര്‍ക്കുനേരെ പ്രാര്‍ഥിച്ചെങ്കില്‍ മാത്രമേ അവന്റെ സഹായം ലഭ്യമാകൂ എന്ന്‌ വിശ്വസിക്കലാണ്‌ ഇസ്‌ലാം അംഗീകരിക്കുന്ന യഥാര്‍ഥവിശ്വാസം. അല്ലാഹുവിങ്കലേക്ക്‌ മധ്യവര്‍ത്തികളെ നിര്‍ത്തി അവര്‍ മുഖേന പ്രാര്‍ഥിച്ചെങ്കിലേ അല്ലാഹു പ്രാര്‍ഥന പരിഗണിക്കൂ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ വേറെ ചിലര്‍. ഈ വിശ്വാസം അല്ലാഹു നിരോധിച്ചതും ശിര്‍ക്കുമാണെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. "അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്ന്‌ പറയുകയും ചെയ്യുന്നു. നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ അല്ലാഹുവറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു'' (യൂനുസ്‌ 18). അപ്പോള്‍ അല്ലാഹുവിലേക്ക്‌ മധ്യവര്‍ത്തികളെ നിര്‍ത്തി അവരോട്‌ പ്രാര്‍ഥിച്ചാല്‍ ഉത്തരം കിട്ടുമെന്ന വിശ്വാസം അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌. ശിര്‍ക്ക്‌ എന്നത്‌ അന്ധവിശ്വാസത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്ന പാപമാണ്‌.

 പ്രാര്‍ഥന ചൊല്ലിക്കൊണ്ടാണ്‌ ഒരാള്‍ യാത്ര പോകാന്‍ ഗെയ്‌റ്റ്‌ തുറന്നത്‌. അപ്പോള്‍ ഒരു കറുത്ത പട്ടി തന്റെ മുന്നിലൂടെ വിലങ്ങനെ ഓടുന്നു. ലക്ഷണം ശരിയല്ലാത്തതിനാല്‍ അയാള്‍ തന്റെ യാത്ര ഒഴിവാക്കി വീട്ടിലേക്കു തന്നെ മടങ്ങുന്നു. ഈ മടക്കം അന്ധവിശ്വാസവും ശിര്‍ക്കുമാണെന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌. നബി(സ) പറഞ്ഞതായി ഇബ്‌നു മസ്‌ഊദ്‌(റ) ഉദ്ധരിക്കുന്നു: ``ലക്ഷണം നോക്കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌. നബി(സ) മൂന്നു തവണ ആവര്‍ത്തിച്ച്‌ അപ്രകാരം പറഞ്ഞു.'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍). എന്തുകൊണ്ടാണ്‌ ലക്ഷണം നോക്കല്‍ ശിര്‍ക്കും അന്ധവിശ്വാസവുമായി മാറിയത്‌? അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിനേ സാധിക്കൂ എന്ന്‌ ഒരു സത്യവിശ്വാസി വിശ്വസിക്കേണ്ടതുണ്ട്‌. മേല്‍ ഉദാഹരണത്തില്‍ പ്രസ്‌തുത അധികാരം അയാള്‍ വകവെച്ചുകൊടുത്തത്‌ അല്ലാഹുവിനല്ല. മറിച്ച്‌ വിലങ്ങനെ ഓടിയ പട്ടിക്കാണ്‌. അതുകൊണ്ടാണ്‌ ലക്ഷണംനോക്കല്‍ ശിര്‍ക്കായി മാറിയത്‌. ഈ ലോകത്ത്‌ അല്ലാഹു നല്‌കിയ മുഅ്‌ജിസത്ത്‌, കറാമത്ത്‌ എന്നീ കഴിവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ള സകല കാര്യങ്ങളും നടന്നുവരുന്നത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ലക്ഷണം നോക്കി കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കാര്യമോ കാരണമോ ബന്ധങ്ങളോ ഇല്ല എന്നതാണ്‌ വസ്‌തുത. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി നടക്കുന്ന സകല കാര്യങ്ങളും ദൈവികമായ കഴിവില്‍ പെട്ടതാകുന്നു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസം.

 ജിന്ന്‌, പിശാച്‌ എന്നിവയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്‌ യഥാര്‍ഥ വിശ്വാസം. അദൃശ്യശക്തികള്‍ ശാരീരികമായ ഖൈറും ശര്‍റും ചെയ്യുമെന്ന വിശ്വാസം ബഹുദൈവരാധകരുടേതാണ്‌. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്‌ അന്ധവിശ്വാസമാണ്‌. അത്‌ അന്ധവിശ്വാസമെന്നു പറയാന്‍ പല കാരണങ്ങളുമുണ്ട്‌.

 ഒന്ന്‌: പിശാചിന്റെ (ജിന്നില്‍ പെട്ട) രൂപം പോലും കൃത്യമായി അറിഞ്ഞവര്‍ ഏതെങ്കിലും മതക്കാരില്‍ ഉള്ളതായി അറിയപ്പെട്ടിട്ടില്ല.

 രണ്ട്‌: പിശാച്‌ ഖരവസ്‌തുവോ, ദ്രാവകമോ, വാതകമോ ആണെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല.

 മൂന്ന്‌: പിശാചിന്റെ ഭാഷ ഏതാണെന്ന്‌ ഇന്നേവരെ ഒരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

 നാല്‌: പിശാചിന്റെ ശബ്‌ദം ഏതു രൂപത്തിലാണെന്ന്‌ ഇന്നേവരെ പഠിപ്പിക്കപ്പെട്ടിട്ടില്ല.

 അഞ്ച്‌: പിശാചിന്റെ താവളം (താമസസ്ഥലം) ഇന്നേവരെ കൃത്യമായി നിജപ്പെടുത്തപ്പെട്ടിട്ടില്ല.

 ആറ്‌: ചില കഥകളല്ലാതെ നബി(സ)ക്കു ശേഷം പിശാചിനെ കണ്ടതായോ പിശാചുക്കളുമായി ആരെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയതായോ ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 സൂറത്ത്‌ `അഅ്‌റാഫ്‌' 27-ാം വചനത്തില്‍ മനുഷ്യര്‍ക്ക്‌ പിശാചിനെ കാണാന്‍ സാധ്യമല്ലെന്ന്‌ നിസ്സംശയം അല്ലാഹു പറയുന്നുണ്ട്‌. ജീവിതത്തിലൊരിക്കലും കാണാത്ത, രൂപം പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്‌തു മറ്റൊരു വ്യക്തിയുടെ ശരീരത്തില്‍ കയറി എന്ന്‌ അന്ധമായി വിലയിരുത്തലും ഊഹിക്കലും അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്‌? കയറിക്കൂടുന്നത്‌ കാണാന്‍ കഴിയാത്ത പുരോഹിതന്‌ എങ്ങനെയാണ്‌ പിശാച്‌ ശരീരത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത്‌ കാണുക?!

 By പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്‌ വാരിക

സംഘടിത പ്രവർത്തനത്തിന്റെ പ്രാധാന്യം

വിശുദ്ധ ഖുർആനും നബിചര്യയും ഒറ്റപ്പെട്ട പ്രവർത്തനത്തേക്കാൾ സംഘമായിക്കൊണ്ടുള്ള പ്രവർത്തനത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്ന സന്ദർഭത്തിൽ വരെ സംഘമായി ഭക്ഷിക്കുന്നതിനെ പ്രേരിപ്പിക്കുന്നു. ഇതുപോലെ തിന്മക്കെതിരേയുള്ള സംഘടിതമായ പ്രവർത്തനത്തേയും നന്മ പ്രചരിപ്പിക്കുവാനുള്ള സംഘടിത പ്രവർത്തനത്തേയും ഇസ്‌ലാം പ്രേരിപ്പിക്കുകയും അതിന് പ്രാമുഖ്യം കൽപ്പിക്കുകയും ചെയ്യുന്നു.

 വിശുദ്ധ ഖുർആൻ പറയുന്നു : "എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്‌) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്‌) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ?" (അദ്ധ്യായം 9 തൗബ 122) 

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍". (അദ്ധ്യായം 3 ആലു ഇംറാൻ 104) 

"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു". (അദ്ധ്യായം 3 ആലുഇംറാൻ 110)

 "സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌". (അദ്ധ്യായം 7 അഅ്‌റാഫ്‌ 181)

 നബി (സ) പറഞ്ഞു : "അല്ലാഹുവിന്റെ കരം സംഘത്തിന്റെ കൂടെയാണ്". (തുർമുദി, നസാഈ)

 "തീർച്ചയായും ദൈവികമായ അനുഗ്രഹം സംഘത്തിന്റെ കൂടെയാണ്". (ഇബ്നുമാജ)

 "ഇസ്‌ലാം അപരിചിതമായ നിലക്ക്‌ ആരംഭിച്ചു. പിറകെ അത്‌ ആരംഭിച്ചതു പോലെ അപരിചിതാവസ്ഥയിലേക്ക്‌ മടങ്ങും. അപ്പോൾ അപരിചിതന്മാർക്ക്‌ ആശിർവാദം". (മുസ്‌ലിം).

 "എന്റെ സുന്നതിൽ ജനങ്ങൾ കേടുവരുത്തിയതിനെ നന്നാക്കുന്നവരാണ് ആ അപരിചിതർ". (തുർമുദി).

 "എന്റെ മുമ്പുണ്ടായിരുന്ന സമൂഹങ്ങളിലേക്ക്‌ അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ മാർഗം അനുവാധനം ചെയ്യുകയും അദ്ദേഹത്തിന്റെ കൽപനയെ ശിരസ്സാവഹിക്കുകയും ചെയ്തിരുന്ന അനുയായികളും ഹവാരികളുമുണ്ടായിരുന്നു. ശേഷം അവരുടെ പിൻതലമുറകൾ രംഗത്തു വരും. അവർ പ്രവർത്തികാത്തത്‌ പറയും. കൽപിക്കാത്തത്‌ പ്രവർത്തിക്കും. അവരോട്‌ തന്റെ കൈ കൊണ്ട്‌ സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ നാവ്‌ കൊണ്ട്‌ സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ മനസ്സുകൊണ്ട്‌ സമരം ചെയ്യുന്നവനും വിശ്വാസിയാണ്. അതിനപ്പുറം അണുമണിതൂക്കം വിശ്വാസമില്ല". (മുസ്‌ലിം)

 by എ അബ്ദുസ്സലാം സുല്ലമി @ ഐ എസ് എം തൃശൂർ സമ്മേളന സുവനീർ

മസ്‌ലഹത്ത്‌

മനുഷ്യർക്കിടയിലുണ്ടാവുന്ന വീക്ഷണ വ്യത്യാസങ്ങൾ പരസ്പരമുള്ള അകൽച്ചക്കും ചിലപ്പോൾ കലഹങ്ങൾക്കും കാരണമാവാറുണ്ട്‌. സമൂഹത്തിലെ സ്വതന്ത്രബുദ്ധിയും തന്റേടവുമുള്ള വ്യക്തികൾക്ക്‌ സ്വന്തമായ വീക്ഷണങ്ങളും അഭിപ്രായ ഗതികളുമുണ്ടാവുക സ്വാഭാവികം മാത്രമാണ്. എന്നാൽ ഒരു വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രണ്ട്‌ പേരേയോ രണ്ട്‌ വിഭാഗങ്ങളേയോ കാലാകാലം ശത്രുക്കളായി നിർത്താൻ പാടില്ല. തെറ്റിനിൽക്കുന്ന ആളുകൾക്കിടയിൽ യോജിപ്പ്‌ (മസ്‌ലഹത്ത്‌) ഉണ്ടാക്കാൻ സമൂഹത്തിന്ന് ബാധ്യതയുണ്ടെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്‌. അതിനാൽ മസ്‌ലഹത്തിനു വേണ്ടി ശ്രമിക്കുകയെന്നത്‌ പുണ്യകർമ്മമാണ്. മസ്‌ലഹത്ത്‌ സ്വീകരിക്കൽ ബാധ്യതയുമാണ്.

 മസ്‌ലഹത്ത്‌ പൂർണ്ണമാവാൻ ചില കാര്യങ്ങൾ നിർദേശിക്കുന്നു :

 1. ഓരോ വിഭാഗത്തിനും വേണ്ടത്ര ന്യായങ്ങളുള്ളതിനാൽ മൂന്നമത്തെ ഒരു കക്ഷി മസ്‌ലഹത്തിനായി ശ്രമിക്കണം.

 2. മസ്‌ലഹത്ത്‌ ശ്രമം നടത്തുന്നവർ നീതിമാന്മാരും നിഷ്പക്ഷരുമാണെന്ന് ഉറപ്പു വരുത്തണം.

 3. ആ മധ്യസ്ഥന്മാരുടെ തീരുമാനം എന്തു തന്നെയായാലും (ചിലപ്പോൾ നമുക്കെതിരായാലും) സ്വീകരിക്കുമെന്ന് ആദ്യം തന്നെ പ്രഖ്യാപിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക.

 4. മധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിച്ച കക്ഷികൾ, ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്താതിരിക്കുകയും മധ്യസ്ഥ തീരുമാനം സ്വീകരിച്ചിരിക്കുന്നുവെന്ന ബോധമുൾക്കൊള്ളുകയും വേണം.

 5. മധ്യസ്ഥ ശ്രമങ്ങൾ അംഗീകരിക്കാത്തവർ നന്മയാഗ്രഹിക്കാത്തവനായി ഗണിക്കപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടുകയും വേണം.

 by ഹുസൈൻ മടവൂർ @ പ്രാസ്ഥാനിക ചിന്തകൾ

അഭൌതിക സഹായതേട്ടം അല്ലാഹുവോട് മാത്രം

വിജനമായ മരുഭൂമിയിലോ ഭൗതിക മാർഗത്തിൽ സഹായിക്കാൻ ആരുമില്ലാത്ത ഭയാനക സന്ദർഭത്തിലോ മലക്കിനേയോ ജിന്നിനേയോ വിളിച്ചു തേടാമോ എന്ന ഒരു പ്രശ്നം തന്നെ വിശ്വാസിയുടെ മുമ്പിൽ ഉദിക്കുന്നില്ല. കാരണം ആദർശശാലിയായ വിശ്വാസി എങ്ങനെയായിരിക്കുമെന്ന് പ്രവാചകൻ (സ) ഒരു സംഭവ വിവരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ് :

ആദർശശാലികളായ ഒരു മൂന്നംഗസംഘം യാത്രാമധ്യേ വിശ്രമാർഥം ഒരു ഗുഹയിൽ അഭയം തേടി. അതിനിടയിൽ ഗുഹാമുഖം വലിയൊരു പാറക്കല്ല് വീണ് അടഞ്ഞു പോയി. ഗുഹയിൽ നിന്ന് പുറത്തു കടക്കാൻ കഴിയാത്ത അവസ്ഥ. അവർ പരിഭ്രമം ഉള്ളിലൊതുക്കി ആത്മാർത്ഥമായി അല്ലാഹുവിനെ വിളിച്ചു സഹായം തേടി. ഹൃദയസ്പർശിയായിരുന്നു അവരുടെ പ്രാർഥന. അവർ ഓരോരുത്തരും ജീവിതത്തിൽ ചെയ്ത ഏറ്റവും അഭിമാനകരമായ പുണ്യകർമ്മം ഓർത്തെടുത്ത്‌ അത്‌ ഏറ്റുപറഞ്ഞ്‌ ആത്മാർത്ഥമായി അല്ലാഹുവിനോട്‌ പ്രാർഥിച്ചു. അൽഭുതം! ഗുഹാമുഖത്തെ അടച്ച ഭീമാകരമായ പാറക്കല്ല് മൂന്നു പേരുടേയും പ്രാർഥനക്കൊടുവിൽ വാതിൽ തുറക്കപ്പെടുന്നതു പോലെ തുറക്കപ്പെടുകയും മൂന്നു പേരും അല്ലാഹുവിനെ സ്തുതിച്ച്‌ ഗുഹയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ സംഭവത്തിൽ നിന്ന് ഒരു സത്യവിശ്വാസി വായിച്ചെടുക്കേണ്ട കുറെ ലളിത സത്യങ്ങളുണ്ട്‌.

1. സാധാരണ ജീവിതത്തിലും പ്രതിസന്ധിഘട്ടത്തിലും അല്ലാഹുവിനെ മാത്രമേ ഒരു വിശ്വാസി വിളിച്ചു തേടാവൂ.

2. മലക്കുകൾ, ജിന്നുകൾ, മഹാത്മാക്കൾ എന്നിവരോട്‌ ഒരു ഘട്ടത്തിലും ഒരു വിശ്വാസി പ്രാർഥിക്കാൻ പാടില്ല.

3. അല്ലാഹുവിനെ മാത്രം ആത്മാർഥമായി ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ആദർശ ശാലിയായ വിശ്വാസിയെ അല്ലാഹു അൽഭുതകരമായി സഹായിക്കും.

4. അല്ലാഹു അല്ലാത്ത സൃഷ്ടികളെയും ശക്തികളേയും പൂജിച്ചാലും ആരാധിച്ചാലും ഒരിക്കലും അവ നമ്മെ സഹായിക്കുകയില്ല. ഇസ്‌ലാമിക ദൃഷ്ട്യാ ഗുരുതരമായ ആദർശ വ്യതിയാനവും കുറ്റവുമാണിത്‌.

by ശംസുദ്ദീൻ പാലക്കോട്‌@ ISM തൃശൂർ സമ്മേളന സുവനീർ

വസ്ത്രധാരണം ഇസ്‌ലാമിൽ

ഭക്ഷണം, പാര്‍പ്പിടം, എന്നിവ പോലെ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ വസ്‌ത്രം. വസ്‌ത്രം ഒരു ഭൗതിക വസ്‌തുവാണെങ്കിലും വസ്‌ത്രധാരണം ഒരാശയമാണ്‌. മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. നഗ്നത മറയ്‌ക്കുക എന്നാണതിന്റെ പ്രാഥമികാവശ്യം. എന്താണ്‌ നഗ്നത? അതും മനുഷ്യന്റെ പ്രത്യേകതയാണ്‌. ശരീരത്തിലെ ഗോപ്യസ്ഥാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവെക്കുക; മറ്റുള്ളവര്‍ അത്‌ കാണുമ്പോള്‍ ലജ്ജ തോന്നുക. ഇത്‌ മനുഷ്യ പ്രകൃതിയാണ്‌. അതിനുള്ള പ്രതിവിധി അതു മറച്ചുവെക്കലാണ്‌. അതു മറച്ചുവെക്കാന്‍ എന്തുപയോഗിക്കണം? അത്‌ മനുഷ്യ പുരോഗതിക്കും നാഗരികതക്കും മനുസരിച്ച്‌ മാറ്റങ്ങള്‍ വരും. ഈ പ്രകൃതി യാഥാര്‍ഥ്യം ഏറ്റവും ബുദ്ധിപരമായും പ്രായോഗികമായും അംഗീകരിക്കുകയും അത്‌ നിയമമായി നിഷ്‌കര്‍ഷിക്കുകയും ചെയ്‌തത്‌ ഇസ്‌ലാമാണ്‌. മറ്റേതൊരു മതത്തിലും ഭൗതിക ഇസങ്ങളിലും വസ്‌ത്രധാരണം നിഷ്‌കൃഷ്‌ട നിയമമായി ഇല്ല. ചില സ്ഥാന വസ്‌ത്രങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങളോ പാരമ്പര്യ ധാരണകളോ മാത്രമേ കാണുന്നുള്ളൂ.

 മുസ്‌ലിംകള്‍ക്ക്‌ പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്‌. `പുരുഷന്‌ പട്ട്‌ നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക്‌ താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്‌. `ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്‌. സ്‌ത്രീ പുരുഷവേഷം കെട്ടരുത്‌; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്‌.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല.

ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ്‌ പെണ്‍ സൗന്ദര്യമെന്നത്‌ ഒരു പരമാര്‍ഥമാണ്‌. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക്‌ -വിശിഷ്യാ പെണ്‍മക്കള്‍ക്ക്‌ - ടീവിയില്‍ കണ്ട ഡ്രസ്‌ തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്‌. ബോഡിഷെയ്‌പ്‌, സ്‌കിന്‍ കംഫര്‍ട്ട്‌ എന്നൊക്കെ പറയുന്നത്‌ തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്‌. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്‌. കുഞ്ഞുടുപ്പുകളുടെ കാര്യമാണ്‌ ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത്‌ വൃത്തികേടാണെന്ന്‌ വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്‌. കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ്‌ ഇസ്‌ലാമിക വസ്‌ത്രമെന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്‌. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്‌. ഇത്‌ രണ്ടും അമിതമാണ്‌.

 അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട്‌ കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്‌. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്‌. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ്‌ ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത്‌ മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത്‌ മാത്രം വസ്‌ത്രം ഞെരിയാണിക്ക്‌ മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത്‌ വലിച്ചിഴയ്‌ക്കുന്നു. ഇത്‌ അനിസ്‌ലാമികമാണ്‌. നബിയുടെ രണ്ട്‌ താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക്‌ നാശം.'' ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക്‌ നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.

 from ശബാബ് എഡിറ്റോറിയല്‍

ബുദ്ധിയും യുക്തിയും ഇസ്ലാമും

മനുഷ്യരെ മറ്റുള്ള ജീവിജാലങ്ങളില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്നതു തന്നെ വിശേഷ ബുദ്ധിയാണ്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ വഹിക്കുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാമവര്‍ക്ക്‌ അന്നം നല്‍കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും നാം അവര്‍ക്ക്‌ ശ്രേഷ്‌ഠത നല്‍കുകയും ചെയ്‌തിരിക്കുന്നു.'' (ഇസ്‌റാഅ്‌ 70) ഈ വചനം ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ``മനുഷ്യന്‌ അല്ലാഹു കേള്‍വിയും കാഴ്‌ചയും എല്ലാ കാര്യങ്ങളും ഗ്രഹിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയും നല്‍കി'' (ഇബ്‌നുകസീര്‍ 3:51).

ദീനീ കാര്യങ്ങളില്‍ ബുദ്ധിക്ക്‌ സ്ഥാനമില്ല എന്ന വാദം ഖുര്‍ആനിനെ നിഷേധിക്കലാണ്‌. കാരണം അല്ലാഹു ഹകീം ആണെന്ന്‌ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്‌. ഹകീം എന്ന പദത്തിന്റെ അര്‍ഥം യുക്തിമാന്‍ എന്നാണ്‌. യുക്തി ബുദ്ധിയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന പ്രതിഭാസമാണ്‌. മനുഷ്യരായ സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു ബുദ്ധിയും യുക്തിയും പ്രദാനം ചെയ്‌തിരിക്കുന്നു എന്ന്‌ മാത്രമല്ല, അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹമായ ബുദ്ധിയെ ഉപയോഗപ്പെടുത്താത്തവരെ അല്ലാഹു ശക്തമായി ആക്ഷേപിക്കുകയും ചെയ്യുന്നു. ``തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീചന്മാര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ബധിരന്മാരും ഊമകളുമാകുന്നു.'' (അന്‍ഫാല്‍ 22) ഈ വചനം ഇബ്‌നുജരീറുത്ത്വബ്‌രി(റ) വിശദീകരിക്കുന്നു: ``അല്ലാഹുവെ സംബന്ധിച്ചും അവന്റെ നിരോധങ്ങളെയും കല്‌പനകളെയും കുറിച്ചും ചിന്തിക്കാത്തവരാണവര്‍.'' (ജാമിഉല്‍ബയാന്‍ 6:209)

ചിന്തിക്കാത്തവരെയും ബുദ്ധി ഉപയോഗിക്കാത്തവരെയും മൃഗങ്ങളെക്കാള്‍ മോശപ്പെട്ടവരായിട്ടാണ്‌ അല്ലാഹു വിലയിരുത്തുന്നത്‌. ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ബഹുഭൂരിപക്ഷത്തെയും നാം നരകത്തിനു വേണ്ടി പടച്ചുവെച്ചിരിക്കുന്നു. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുകൊണ്ടവര്‍ കാര്യം ഗ്രഹിക്കുന്നവരല്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുന്നവരല്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടുമനസ്സിലാക്കുന്നവരല്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവര്‍ തന്നെയാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാകുന്നു അശ്രദ്ധര്‍.'' (അഅ്‌റാഫ്‌ 179). വിശുദ്ധ ഖുര്‍ആനില്‍ ചിന്തിക്കാനുള്ള കല്‌പനകള്‍ പരന്നുകിടക്കുന്നു. എന്നിരിക്കെ, ഇസ്‌ലാമില്‍ ബുദ്ധിപ്രയോഗിക്കാന്‍ പാടില്ലെന്ന്‌ പറയുന്നവരുടെ അവസ്ഥ ദയനീയംതന്നെ!

ബുദ്ധി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഹദീസ്‌ റിപ്പോര്‍ട്ടര്‍മാരും വിവരിക്കുന്നുണ്ട്‌. സാമാന്യബുദ്ധിക്ക്‌ യോജിക്കാത്ത ഹദീസുകള്‍ നബി(സ)യുടെ വചനമാകാന്‍ തരമില്ലാത്തതിനാല്‍ അവ തള്ളിക്കളയേണ്ടതാണെന്ന്‌ മുഴുവന്‍ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇബ്‌നുഹജറുല്‍ അസ്‌ഖലാനി (നുഖ്‌ബതുല്‍ ഫിക്‌ര്‍, പേജ്‌ 113), ജലാലുദ്ദീനിസ്സുയൂഥി (തദ്‌രീബുര്‍റാവി 1/327), സഖാവി (ഫത്‌ഹുല്‍മുഗീസ്‌ 1/290), ഇമാം ശൗക്കാനി (ഇര്‍ശാദുല്‍ഫുഹൂല്‍ പേജ്‌ 15), ഇബ്‌നുല്‍അസീര്‍ (ജാമിഉല്‍ഉസ്വൂല്‍ 1/56) തുടങ്ങിയവര്‍ ഉദാഹരണം.

വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ബുദ്ധിപരമായ വ്യാഖ്യാനം നല്‍കേണ്ട നിരവധി വചനങ്ങളുണ്ട്‌. ``നബി(സ) പറഞ്ഞു: നിങ്ങള്‍ കാലത്തെ കുറ്റം പറയരുത്‌. തീര്‍ച്ചയായും കാലം അല്ലാഹു തന്നെയാണ്‌.'' (അഹ്‌മദ്‌ 5/299) ഇവിടെ നേര്‍ക്കുനേരെ അര്‍ഥം കല്‍പിച്ചാല്‍ അല്ലാഹുവും കാലവും ഒന്നായിത്തീരും. അത്‌ ശരിയല്ലല്ലോ. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം കാലത്തെ ആരാധിക്കാമോ? ഇമാം ശാത്വിബി ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നു: ``കാലത്തിന്‌ മാറ്റം വരുത്തുന്നത്‌ അല്ലാഹുവാണ്‌. മറിച്ച്‌, കാലമല്ല. അപ്പോള്‍ നിങ്ങള്‍ കാലത്തെ കുറ്റപ്പെടുത്തുമ്പോള്‍ കുറ്റപ്പെടുത്തല്‍ സംഭവിക്കുന്നത്‌ അല്ലാഹുവിനു നേരെയാണ്‌. ഇതാണ്‌ മേല്‍ ഹദീസിന്റെ താല്‌പര്യം.'' (അല്‍ഇഅ്‌തിസ്വാം 2/814,815)

കടപവിശ്വാസികളുടെ മനസ്സിലുള്ള രോഗത്തെ സംബന്ധിച്ച്‌ അല്ലാഹു പറയുന്നു: ``അവരുടെ മനസ്സുകളില്‍ ഒരു തരം രോഗമുണ്ട്‌. അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ധിപ്പിക്കുകയും ചെയ്‌തു.'' (അല്‍ബഖറ 10). എന്തായിരുന്നു അവരുടെ ഹൃദയങ്ങളിലുള്ള രോഗം? ഈ രോഗം കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ കാപട്യമാണെന്നാണ്‌ മുഴുവന്‍ മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ ബുദ്ധിപരമായ വ്യാഖ്യാനമാണ്‌. അപ്പോള്‍ ഖുര്‍ആനും ഹദീസും ഇജ്‌മാഉം ഖിയാസുമൊന്നും ബുദ്ധിക്ക്‌ വിരുദ്ധമല്ല. സാമാന്യബുദ്ധിക്ക്‌ വിരുദ്ധമായ ഒരു കാര്യവും അല്ലാഹുവും റസൂലും കല്‌പിക്കുന്നതല്ല. യാതൊന്നും അന്ധമായ അനുകരണത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാവതല്ല. കൃത്യമായ തെളിവിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. അല്ലാഹു പറയുന്നു: ``നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, മനസ്സ്‌ എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്‌പ്പെടുന്നതാണ്‌'' (ഇസ്‌റാഅ്‌ 36).

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്‌. ഇമാം ശാത്വബി പറയുന്നു: ``ഇസ്‌ലാമിക പ്രമാണങ്ങള്‍ യുക്തിക്കും ബുദ്ധിക്കും എതിരാകുന്നതല്ല.'' (അല്‍മുവാഫഖാത്ത്‌ 3:27). ഇബ്‌നുല്‍ഖയ്യിം പറയുന്നു: ``യുക്തിയും അര്‍ഥവും ഇല്ലാത്ത ഒരൊറ്റ വിധിയും ഇസ്‌ലാമിലില്ല'' (ഇഅ്‌ലാമുല്‍മുവഖ്‌ഖിഈന്‍ 2/67). ദീനില്‍ ബുദ്ധി പ്രയോഗിക്കാന്‍ പാടില്ല എന്നതിന്‌ ന്യായമാക്കാറുള്ളത്‌ ഹജ്ജ്‌ കര്‍മത്തെയാണ്‌. അത്‌ കുറെ ഓട്ടവും കല്ലേറും ഇടംവെക്കലുമാണ്‌ എന്നൊക്കെ പറഞ്ഞ്‌ നിസ്സാരപ്പെടുത്തുന്നവരാണിവര്‍. യഥാര്‍ഥത്തില്‍ അപ്പറഞ്ഞതൊന്നും ശരിയല്ല. ഹജ്ജ്‌ കര്‍മത്തിന്റെ പിന്നിലുള്ളത്‌ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ സ്‌മരണകളാണ്‌. അവയുടെ സ്‌മരണ നാം നിലനിര്‍ത്തുകയെന്നതാണ്‌ ഹജ്ജ്‌ കര്‍മത്തിലൂടെ ചെയ്യുന്നത്‌. ഖുര്‍ആനിലും ഹദീസിലും കൃത്യമായി തെളിയിക്കപ്പെടാത്ത യാതൊരു കാര്യവും ഹജ്ജ്‌ കര്‍മത്തിലില്ല.

by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്

ആയുസ്സിന്റെയും സമയത്തിന്റെയും വില

വിവരസാങ്കേതിക വിദ്യയുടെ ലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച്‌ 56-ാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞുപോയ സ്റ്റീവ്‌ ജോബ്‌സ്‌ ഒരിക്കല്‍ സ്റ്റാറ്റ്‌ഫോഡിലെ ബിരുദ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടു നല്‌കിയ ശ്രദ്ധേയമായൊരു ഉപദേശമുണ്ട്‌. ``പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, ഓരോ പ്രഭാതത്തിലും കണ്ണാടിക്കു മുന്നില്‍ ചെന്നുനിന്നു സ്വന്തത്തോടു പറയുക: ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ അവസാന ദിവസമായേക്കും. എങ്കില്‍ ഇന്ന്‌ ഞാന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തി യഥാര്‍ഥത്തില്‍ ഇന്നു ചെയ്യേണ്ടതു തന്നെയാണോ എന്ന്‌.'' സ്റ്റീവ്‌ ജോബ്‌സ്‌ ഇതുകൂടി പറഞ്ഞു: "വിദ്യാര്‍ഥി സഹോദരങ്ങളേ, ഞാനീ ആത്മഗതം ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഓരോദിവസവും കര്‍മനിരതമാക്കാനും അര്‍ഥപൂര്‍ണമാക്കാനും ഞാന്‍ ശ്രമിക്കുന്നു".

 സ്റ്റീവ്‌ ജോബ്‌സിന്റെ ഉപദേശം നാം ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്‌തമാണ്‌. ആയുസ്സിന്റെയും സമയത്തിന്റെയും പ്രാധാന്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്ന പ്രസ്‌തുത ഉപദേശം അവ രണ്ടും ഫലപ്രദമായി ആസൂത്രണം ചെയ്‌തു പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയും ബോധ്യപ്പെടുത്തുന്നുണ്ട്‌. ജീവിതത്തിന്റെ തിരക്കിലും ബഹളത്തിലും സ്വന്തം നിയോഗം മറന്നുപോകുന്നവനാണ്‌ മനുഷ്യന്‍. ആ മറവിയില്‍ ആയുസ്സിന്റെയും സമയത്തിന്റെയും വില അപ്രധാനമായി മാറുന്നു. യഥാര്‍ഥത്തില്‍ എപ്പോഴാണ്‌ ഒരാള്‍ ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കാന്‍ തുടങ്ങുന്നത്‌? പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തബോധം കാണിക്കുന്നത്‌? സമൂഹത്തോടും സഹജീവികളോടും പ്രതിബദ്ധത പുലര്‍ത്തുന്നത്‌? പെരുമാറ്റങ്ങളിലും ഇടപെടലുകളിലും ധാര്‍മിക വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. സ്വന്തം ആയുസ്സിനെക്കുറിച്ച്‌, ആയുസ്സിന്റെ കൃത്യതയെക്കുറിച്ച്‌, കൃത്യതയില്ലാത്ത ആയുസ്സിനകത്തെ വിലപ്പെട്ട സമയത്തെക്കുറിച്ച്‌ ശരിയായ ജാഗ്രത ഇല്ലാത്തവര്‍ക്ക്‌ ജീവിതത്തില്‍ ലക്ഷ്യബോധവും ഉത്തരവാദിത്ത ചിന്തയും പ്രതിബദ്ധതയും ധാര്‍മിക വിശുദ്ധിയും ഉണ്ടാവാനിടയില്ല.

ജീവിക്കാനുള്ള കൊതിയും ജീവിതത്തോടുള്ള ആര്‍ത്തിയും തീര്‍ത്ത ഒരു ധാര്‍മിക പ്രതിസന്ധിക്കു മുമ്പിലാണ്‌ നാമിന്നുള്ളത്‌. സുഖത്തിന്റെയും സമൃദ്ധിയുടെയും സുഭിക്ഷതയുടെയും മേച്ചില്‍പുറങ്ങളില്‍ ഭ്രാന്തമാനസരായി നാം അലഞ്ഞുനടക്കുന്നു. ജീവിതത്തിന്റെ അവധിയും നിയന്ത്രണവും തന്റെ അധികാര പരിധിക്കപ്പുറത്താണെന്നും അജ്ഞാതമായ ആ സമസ്യ തിരിച്ചറിഞ്ഞുകൊണ്ട്‌ നാളേക്കു മുതല്‍ക്കൂട്ടാവുന്ന നന്‍മകള്‍ ഇന്നുതന്നെ പരമാവധി ചെയ്യാന്‍ ശ്രമിക്കണമെന്നും പൂര്‍വസൂരികള്‍ പഠിപ്പിച്ചുപോയത്‌ കൃത്യമായ വീണ്ടുവിചാരത്തോടെയായിരുന്നു. തന്റെ ആയുസ്സ്‌ പെട്ടെന്നൊന്നും അവസാനിക്കില്ല എന്ന അബദ്ധ വിശ്വാസമാണ്‌ സമയബോധമില്ലാതെ അലയാനും ജീവിതത്തെ രതിഘോഷമാക്കി മാറ്റാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നത്‌. അങ്ങനെ ജീവിതമെന്നത്‌ കളിയും ചിരിയുമായി. ധൂര്‍ത്തും ദുര്‍വ്യയവുമായി. ആഭാസവും ആര്‍ഭാടവുമായി. പെരുമ കാട്ടലും പൊങ്ങച്ചം നടിക്കലുമായി. ഇവയ്‌ക്കെല്ലാമിടയില്‍ പ്രപഞ്ചത്തെ മറന്നു. പ്രകൃതിയെ തിരസ്‌കരിച്ചു. പരിസ്ഥിതിയെ ധിക്കരിച്ചു. നിയമങ്ങളെ വെല്ലുവിളിച്ചു.

 ജീവിതമെന്നത്‌ സൈക്കിളുകളാണ്‌, സാകല്യമാണ്‌ എന്ന്‌ നാമോര്‍ക്കണം. ഓരോരുത്തരുടെയും ജീവിതയാത്രയില്‍ അനിവര്യമായും ആവര്‍ത്തിക്കപ്പെടുന്ന വ്യത്യസ്‌ത ഘട്ടങ്ങളുടെ വരവും പോക്കുമാണ്‌ സൈക്കിളുകള്‍. ശൈശവത്തിനു പിറകെ ബാല്യം. പിന്നെ കൗമാരം. തുടര്‍ന്ന്‌ യുവത്വം. അതുകഴിഞ്ഞ്‌ വാര്‍ധക്യം. സൈക്കിളുകളുടെ കാര്യത്തില്‍ അപവാദങ്ങളുണ്ടാകാം. ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചും പക്ഷെ, ഇത്‌ യാഥാര്‍ഥ്യമാണ്‌. ജീവിതയാത്രയിലെ സൈക്കിളുകള്‍ സമയത്തിന്റെ വേഗതയെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. ജീവിതത്തെ ജാഗ്രതയോടെ സമീപിക്കാന്‍ ആ ഓര്‍മപ്പെടുത്തലുകള്‍ നമ്മെ സഹായിക്കണം. വാര്‍ധക്യത്തിനു മുമ്പുള്ള യുവത്വത്തെയും രോഗാവസ്ഥക്കു മുമ്പുള്ള ആരോഗ്യത്തെയും ദാരിദ്ര്യത്തിനു മുമ്പുള്ള ഇടവേളകളെയും മരണത്തിനു മുമ്പുള്ള ജീവിതത്തെയും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അപ്പോഴേ നമുക്കു കഴിയൂ.

നബി(സ) ഒരിക്കല്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടുനില്‌ക്കെ ചുമരില്‍ ഒരു ചതുരം വരച്ചു. നേര്‍രേഖയുടെ അറ്റം ചതുരവും വിട്ട്‌ അല്‌പം പുറത്തേക്ക്‌ തള്ളിനില്‌ക്കുന്നുണ്ടായിരുന്നു. അതുകഴിഞ്ഞ്‌ നബി തിരുമേനി നേര്‍രേഖയുടെ ഇരു വശങ്ങളിലുമായി കുറെ കൊച്ചുകൊച്ചു വരകള്‍ വരച്ചു. അപ്പോള്‍ സ്വഹാബികള്‍ ചുമരിലേക്കു കൗതുകപൂര്‍വം നോക്കിയിരിക്കുകയായിരുന്നു. ചതുരത്തിനകത്തെ നേര്‍രേഖയിലേക്കു ചൂണ്ടി നബി പറഞ്ഞു: ``ഇത്‌ മനുഷ്യന്‍'' ചതുരത്തിലേക്ക്‌ ചൂണ്ടി അവിടുന്നു പറഞ്ഞു. ``ഇതാണ്‌ മനുഷ്യന്റെ ആയുസ്സ്‌.'' ചതുരത്തെയും വിട്ടു തള്ളിനില്‌ക്കുന്ന നേര്‍രേഖയുടെ അഗ്രം തൊട്ടുകാണിച്ചിട്ട്‌ തിരുമേനി അരുളി: ``ഇത്‌ മനുഷ്യന്റെ മോഹങ്ങള്‍.'' നേര്‍രേഖയുടെ ഇരുവശത്തുള്ള വരകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു പ്രവാചകന്‍ മൊഴിഞ്ഞു: ``ഇതൊക്കെ മനുഷ്യനെ കാത്തുകിടക്കുന്ന പരീക്ഷണങ്ങള്‍. ഒന്നിനെ അതിജീവിക്കുമ്പോള്‍ മറ്റൊന്നു പ്രത്യക്ഷപ്പെടുന്നു.'' ഇരു കണ്ണുകളും തുടച്ച്‌ അനുചരന്‍മാര്‍ നബി തിരുമേനിയുടെ വാക്കുകള്‍ നെഞ്ചിനകത്തേക്കു ചേര്‍ത്തുവെച്ചു. ആയുസ്സിനുമപ്പുറത്തേക്കു നീണ്ടു നീണ്ടു പോകുന്ന മോഹങ്ങള്‍ നിയന്ത്രിച്ച്‌ ജീവിതത്തെ പാകപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ അപ്പോഴേക്കു പഠിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു.

by ഡോ. കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ @ ശബാബ്

മതാന്തര ബന്ധം സാമൂഹ്യ ജീവിതത്തില്‍

കടുത്ത ശാരീരിക മാനസിക പീഡനങ്ങളനുഭവിച്ച്‌ തളര്‍ന്ന പ്രവാചക ശിഷ്യന്മാര്‍ പ്രവാചകനോട്‌ ഇതിന്‌ പരിഹാരം തേടി സമീപിച്ചപ്പോള്‍ അവിടുത്തെ പ്രതികരണം നോക്കുക: ഖബ്ബാബ്‌ ബിന്‍ അറത്ത്‌(റ) പറയുന്നു: നബി(സ) പുതപ്പണിഞ്ഞ്‌ കഅ്‌ബാലയത്തണലില്‍ ഇരിക്കുന്നതിനിടെ ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യോട്‌ ആവലാതി പറഞ്ഞു. ഞങ്ങള്‍ ചോദിച്ചു: `അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി സഹായാര്‍ത്ഥന നടത്തുന്നില്ലേ? അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലേ?' നബി(സ) പറഞ്ഞു: `നിങ്ങള്‍ക്ക്‌ മുന്‍പുള്ള ജനതയില്‍ ചിലരെ കുഴികുത്തി അതിലിറക്കി ഈര്‍ച്ചവാള്‍കൊണ്ട്‌ തല രണ്ടായി പിളര്‍ന്ന സംഭവമുണ്ടായിരുന്നു. അതൊന്നും അവരെ അവരുടെ മതത്തില്‍ നിന്ന്‌ തടഞ്ഞിരുന്നില്ല. ഇരുമ്പിന്റെ ചീര്‍പ്പ്‌ കൊണ്ട്‌ വാര്‍ന്നെടുത്ത്‌ മാംസവും എല്ലും ഞരമ്പുകളും വേര്‍തിരിച്ചിരുന്നു. അതും അവരെ അവരുടെ മതത്തില്‍ നിന്ന്‌ തടഞ്ഞിരുന്നില്ല. അല്ലാഹുവില്‍ സത്യം! ഈ കാര്യം അല്ലാഹു ഇവിടെ പൂര്‍ത്തിയാക്കുക തന്നെചെയ്യും. അങ്ങനെ, ഒരു യാത്രക്കാരന്‍ സ്വന്‍ആഅ്‌ മുതല്‍ ഹളര്‍മൗത്‌ വരെ യാത്ര ചെയ്യുക തന്നെ ചെയ്യും. അല്ലാഹുവിനെയല്ലാതെ അവന്‍ ഭയപ്പെടുകയില്ല. അല്ലെങ്കില്‍, തന്റെ ആടിന്റെ കാര്യത്തില്‍ ചെന്നായയെല്ലാതെയും ഭയപ്പെടേണ്ടിവരില്ല. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ്‌'. (ബുഖാരി, അഹ്‌മദ്‌).

നബി(സ)ക്ക്‌ ആദ്യം വെളിപാട്‌ കിട്ടിയ സന്ദര്‍ഭത്തില്‍, അതെന്തെന്ന്‌ അറിയാത്തതുകൊണ്ട്‌ അതിനെക്കുറിച്ചറിയാന്‍ അവിടുന്ന്‌ ഖദീജ(റ)യുടെ അമ്മാവനും ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചയാളുമായ വറഖത്ത്‌ ബിന്‍ നൗഫലിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: `ഇത്‌ മൂസായുടെ അടുക്കല്‍ മലക്ക്‌ വന്നതുപോലെയുള്ള സംഭവമാണ്‌. അതിനാല്‍ താങ്കള്‍ പ്രവാചകനായി രംഗത്ത്‌ വരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ഉണ്ടെങ്കില്‍ ശക്തമായ പിന്തുണയും സഹായവും ഞാന്‍ താങ്കള്‍ക്ക്‌ അര്‍പ്പിക്കുന്നതാണ്‌'. പക്ഷേ, അദ്ദേഹം അതിന്‌ മുമ്പു തന്നെ മൃതിയടഞ്ഞു. എന്നാല്‍ തിരുദൂതര്‍ ഈ കാര്യങ്ങളൊന്നും മറന്നില്ല. അവിടുന്ന്‌ വറഖത്തിന്റെ വിശ്വാസത്തെ പുകഴ്‌ത്തിക്കൊണ്ട്‌ പറഞ്ഞത്‌ നോക്കുക: നിങ്ങള്‍ വറഖതിനെ ആക്ഷേപിക്കരുത്‌, അദ്ദേഹത്തിന്‌ ഒന്നോ രണ്ടോ സ്വര്‍ഗത്തോപ്പുകളുള്ളതായി ഞാന്‍ കാണുകയുണ്ടായി. (ഹാകിം തന്റെ മുസ്‌തദ്‌റകില്‍ ആഇശയില്‍ നിന്ന്‌ ഉദ്ധരിച്ചത്‌).

ജൂതക്രൈസ്‌തവ വിഭാഗം കാലാന്ത്യം വരെയും ഈ ഭൂമുഖത്ത്‌ അവശേഷിക്കുമെന്ന വസ്‌തുത പ്രവാചകന്‍ (സ) തിരിച്ചറിയുന്നു. അതിനാല്‍, അവരെ അംഗീകരിച്ചും ഏറ്റവും നല്ല രീതിയില്‍ അവരോടൊന്നിച്ച്‌ സഹകരിച്ചും ജീവിക്കേണ്ടതെങ്ങനെയെന്ന്‌ അദ്ദേഹം ആരായുന്നു. അതിനായി അവരുടെ അസ്‌തിത്വം അവിടുന്ന്‌ അംഗീകരിക്കുന്നു. അവരുടെ അസ്‌തിത്വം അംഗീകരിക്കുന്നതും അവരെ പുകഴ്‌ത്തുന്നതും കേവലമായ ഒരു ചിന്തയോ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുള്ള സുഖിപ്പിക്കലോ ആയിത്തീരുന്നില്ല. ഇതര ജനവിഭാഗങ്ങളുമായി ഒരു സമുദായത്തിനകത്ത്‌ എങ്ങനെയെല്ലാം സഹകരിച്ചും സഹവസിച്ചും മുന്നോട്ടുപോകാമെന്നുള്ളതിന്‌ രേഖയായി മാറുന്ന മൗലികമായ ഒരു നിയമനിര്‍മ്മാണമായി മാറുന്നു. അതിനാല്‍, തിരുദൂതരുടെ മദീന, പ്രവേശനത്തിന്റെ ഒന്നാം നാളില്‍ തന്നെ ജൂത വിഭാഗവുമായി എങ്ങനെ സഹകരിച്ചു ജീവിക്കാമെന്നതിന്‌ ആവശ്യമായ ചിന്ത സ്വീകരിക്കുന്നു. എന്നിട്ട്‌, സുപ്രധാനമായ ചില കരാറുകള്‍ അവരുമായി ഈ കാര്യത്തില്‍ ഉണ്ടാക്കുക തന്നെ ചെയ്‌തു. ഈ കരാറിലെ വ്യവസ്ഥകള്‍ ഒരിക്കലും കാലഹരണപ്പെടുകയോ തിരസ്‌കരിക്കുകപ്പെടുകയോ ചെയ്യേണ്ടവയായിരുന്നില്ല. പക്ഷേ, വഞ്ചനയും കരാര്‍ ലംഘനവും പതിവായി ജൂത വിഭാഗത്തിന്റെ ഭാഗത്തു നിന്ന്‌ വന്നുകൊണ്ടിരുന്നു. എങ്കിലും പ്രവാചകന്‍(സ) സമാധാനപരമായ സഹകവര്‍ത്തിത്വം നിലനിര്‍ത്തിയും ഇതര വിഭാഗങ്ങളെ അംഗീകരിച്ചും കഴിഞ്ഞു കൂടുന്നു. ഗുരുതരമായ കടന്നാക്രമണമോ അപകടകരമായ നിയമലംഘനമോ വരാത്ത കാലമത്രയും അവിടുന്ന്‌ ഈ നിലപാടു തന്നെ പുലര്‍ത്തി.

 മദീനയുടെ സുരക്ഷിതത്വവും സമാധാനാന്തരീക്ഷവും പരിരക്ഷിക്കാന്‍ വേണ്ടി ഒട്ടനവധി തവണ പ്രവാചകന്‍ (സ) ഉദാത്തമായ വിട്ടുവീഴ്‌ച നടത്തുകയും തന്റെ നിലപാടില്‍ അദ്ദേഹം മരണം വരെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. നബി(സ)യുടെ അവസാന കാലത്തെ പ്രവര്‍ത്തനം ഒട്ടനവധി പേരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്‌തു. അവിടുന്ന്‌ ഭക്ഷണ സാധനം ആവശ്യമായി വന്നപ്പോള്‍ തന്റെ ഇരുമ്പുകൊണ്ടുള്ള അങ്കി ഒരു ജൂതന്‌ പണയപ്പെടുത്തി അദ്ദേഹത്തില്‍ നിന്ന്‌ ഭക്ഷണം വാങ്ങുന്നു! മദീനയില്‍ അവിടുത്തെ ഒട്ടനവധി ശിഷ്യന്മാര്‍ സമ്പന്നരായി നിലനില്‍ക്കെ അവരാലെങ്കിലും അവിടുത്തേക്ക്‌ ഭക്ഷണം സമ്മാനമായി നല്‍കുകയോ അവരില്‍ നിന്ന്‌ കടമായി ഈടാക്കുകയോ അങ്കി അവരുടെ ആരുടെയെങ്കിലും പക്കല്‍ പണയം വെക്കുകയോ ചെയ്യുക എന്നത്‌ ഏറ്റവും എളുപ്പവും സൗകര്യവുമുള്ള കാര്യമായിരുന്നല്ലോ. എന്നിട്ടും അവിടുന്ന്‌ ഒരു ജൂതനില്‍ നിന്ന്‌ അങ്കി പണയപ്പെടുത്തി ഭക്ഷണം സ്വീകരിക്കുന്നു! അവിടുന്ന്‌ ഇങ്ങനെ ചെയ്‌തത്‌ ഇതനുവദനീയമാണെന്ന്‌ മുസ്‌ലിംകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാണ്‌. മുസ്‌ലിംകളുമായുള്ള അയല്‍വാസം ജൂതര്‍ ആദരപൂര്‍വം നിലനിര്‍ത്തുന്ന കാലമത്രയും അവരുമായുള്ള ബന്ധം സ്വാഭാവികമായ രൂപത്തില്‍ തന്നെ ആയിത്തീരണമെന്ന്‌ മുസ്‌ലിംകളെ പഠിപ്പിക്കാന്‍ വേണ്ടിയുമാണ്‌. യുദ്ധോപകരണമായ അങ്കി ജൂതന്റെ കൈയില്‍ പണയപ്പെടുത്തുന്ന അവസ്ഥയോളം അവരുമായുള്ള ബന്ധം സദുദ്ദേശ്യത്തിന്റെ പാരമ്യത്തില്‍ സൂക്ഷിക്കുകയാണ്‌ തിരുദൂതര്‍ ഇവിടെ ചെയ്യുന്നത്‌.

 ജൂത വിഭാഗത്തോട്‌ അനുവര്‍ത്തിച്ചതുപോലെ തന്നെയാണ്‌ ക്രൈസ്‌തവ വിഭാഗത്തോടും തിരുദൂതര്‍ വര്‍ത്തിച്ചത്‌. ഒന്നിലധികം തവണ അവരുടെ അസ്‌തിത്വം അംഗീകരിച്ചുകൊണ്ട്‌ അവരുമായി അവിടുന്ന്‌ കരാറിലേര്‍പ്പെടുകയുണ്ടായി. അവരാകട്ടെ, വിശ്വാസ കാര്യങ്ങളില്‍ അടിസ്ഥാനപരമായിത്തന്നെ ഇസ്‌ലാമുമായി വിയോജിക്കുന്നവരാണ്‌. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന ഗുരുതരമായ ആശയ പ്രശ്‌നം തന്നെ അവരുമായി നിലനില്‍ക്കുന്നുണ്ട്‌. അവരുടെ പര്യാവസാനം എന്തായിരിക്കുമെന്ന ഭയാശങ്കയുമുണ്ട്‌.എന്നിട്ടും ഒരു മതം മാറ്റത്തിന്‌ അവിടുന്ന്‌ അവരെ നിര്‍ബന്ധിക്കുന്നില്ല. തിരുദൂതരെ സംബോധന ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നത്‌ നോക്കുക: ``ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99). അനുവദിച്ച വിശാലത പ്രബോധന കാര്യത്തില്‍ മാത്രമാണ്‌. അതായത്‌, ഏറ്റവും നല്ല രീതിയില്‍ പ്രബോധനം നിര്‍വഹിക്കുക, സുവ്യക്തമായി കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക, തുടര്‍ന്ന്‌, കാര്യങ്ങള്‍ പൂര്‍ണ്ണമായും ഓരോ വ്യക്തിക്കും വിട്ടുകൊടുക്കുന്നു. അവന്‌ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാം. അല്ലാഹു പറയുന്നു: ``അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ'' (18:29). ഈയടിസ്ഥാനത്തില്‍ നിന്നുകൊണ്ട്‌ പ്രവാചകന്‍ ജൂത വിഭാഗത്തെ അവരുടെ ജൂത വിശ്വാസത്തിലായിക്കൊണ്ടും ക്രൈസ്‌തവ വിഭാഗത്തെ അവരുടെ ക്രൈസ്‌തവ വിശ്വാസത്തിലായിക്കൊണ്ടും സ്വതന്ത്രമായി വിട്ടേക്കുന്നു. അതോടൊപ്പം, അവരോടെല്ലാം ശുദ്ധവും സമാധാനപരവുമായ ഇടപഴകല്‍ നിലനില്‍ത്തുകയും ചെയ്യുന്നു!

 പ്രവാചകൻ (സ) അവിടുത്തെ ജീവിതത്തിന്റെ വലിയൊരു ഭാഗം കഴിച്ചുകൂട്ടിയത്‌ ബഹുദൈവാരാധകര്‍ക്കിടയിലാണ്‌. അവരോട്‌ സഹകരിച്ചുകൊണ്ടാണ്‌ കാലമത്രയും അവിടുന്ന്‌ കഴിഞ്ഞുകൂടിയത്‌. ഇതിനനുസൃതമായി ധാരാളം ഖുര്‍ആന്‍ വാക്യങ്ങള്‍ മക്കാ കാലഘട്ടത്തില്‍ അവതരിക്കുകയുണ്ടായി. ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതവും'' (109:6). ``നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും, സദാചാരം കല്‍പ്പിക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞു കളയുകയും ചെയ്യുക'' (7:199). ``ബഹുദൈവ വിശ്വാസികളില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക'. (15:94).

 by ഡോ. റാഗിബ്‌ അസ്സര്‍ജാനി @ ശബാബ്

കെട്ടുകഥകളും ഇസ്ലാമും

അധിക മതങ്ങളും സംസ്‌കാരങ്ങളും നിലനില്‌ക്കുന്നത്‌ ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും പിന്‍ബലത്തിലാണ്‌. ഇസ്‌ലാം മാത്രമേ ഇതിന്നപവാദമായുള്ളൂ. എന്നാല്‍ ഖുര്‍ആനും ശരിയായ സുന്നത്തും മാറ്റിനിര്‍ത്തി ഇസ്‌ലാമിനെ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍, ഇസ്‌ലാം വെറും കെട്ടുകഥകളും ഐതിഹ്യങ്ങളുമാണെന്ന്‌ ചിലര്‍ക്കെങ്കിലും തോന്നാനിടയുണ്ട്‌. പഴയകാലത്തെ വയദ്വുകളില്‍ മുന്തിയ സ്ഥാനം കെട്ടുകഥകള്‍ക്കായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന കഥകള്‍ പറഞ്ഞ്‌ പണ്ഡിതന്മാര്‍ സമുദായത്തെ രസിപ്പിക്കാറുണ്ടായിരുന്നു. ഇങ്ങനെ വിസ്‌മയകരമായ കഥകള്‍ പറഞ്ഞു ജനമനസ്സുകളില്‍ കയറിക്കൂടാന്‍ കഴിവുള്ള പണ്ഡിതന്മാരെക്കാള്‍ പ്രസിദ്ധി മറ്റൊരാള്‍ക്കും ലഭിക്കാറുണ്ടായിരുന്നില്ല. കെട്ടുകഥകളോട്‌ സാമ്യമുള്ളതും വിസ്‌മയകരവുമായ ചരിത്രകഥകള്‍ വളരെ അപൂര്‍വമാണ്‌. പാതിരാപ്രസംഗം തൊഴിലാക്കിയ പണ്ഡിതന്മാര്‍ക്ക്‌ കെട്ടുകഥകള്‍ പഠിക്കാന്‍ പല ഗ്രന്ഥങ്ങളും അറബി ഭാഷയിലുണ്ട്‌. തുഹ്‌ഫതുല്‍ വാഇദ്വീന്‍ എന്ന ഗ്രന്ഥമാണ്‌ ഇതില്‍ പ്രധാനം. അതില്‍ വിസ്‌മയകരമായ കഥകള്‍ ധാരാളമുണ്ട്‌. കൂട്ടത്തില്‍ സത്യമായ ചരിത്രകഥകളുമുണ്ട്‌. അല്‍ഫുലൈല വലൈല എന്ന അറബിക്കഥ വളരെ പ്രസിദ്ധമാണ്‌. ജനങ്ങളില്‍ അത്‌ നേടിയ സ്വാധീനം നിമിത്തമാണ്‌ നിരവധി ഭാഷകളിലേക്ക്‌ ആ പുസ്‌തകം വിവര്‍ത്തനം ചെയ്യപ്പെട്ടത്‌.

 എന്നാല്‍ ഇസ്‌ലാമിനെ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും അത്ഭുതകഥകളില്‍ കൂടിയല്ല. പ്രമാണങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനങ്ങളിലായിരിക്കണം. ഐതിഹ്യങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. ഇത്തരം കെട്ടുകഥകളില്‍ നിന്ന്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മോചിപ്പിക്കല്‍ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. മനുഷ്യര്‍ കെട്ടിയുണ്ടാക്കിയ ദുര്‍ബല കഥകള്‍ ചില ഉപദേശികളും വയളന്മാരായ കഥാകാരന്മാരും ജീവിതമാര്‍ഗമായി കാണുകയും അങ്ങനെ പൊതുജനങ്ങളെ കോരിത്തരിപ്പിക്കുന്ന കഥകള്‍ പറഞ്ഞു അവരുടെ സമ്പത്ത്‌ ചൂഷണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം അടുത്ത കാലം വരെ നമ്മുടെ ഇടയിലുമുണ്ടായിരുന്നു. ഇത്തരം കഥകള്‍ പറഞ്ഞ്‌ ജനങ്ങളെയും അവരുടെ സമ്പത്തിനെയും വ ശീകരിക്കുന്ന പണ്ഡിതന്മാരെപ്പറ്റി ഇമാം സുയൂത്വി തന്റെ അത്തദ്‌രീബ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``കെട്ടുകഥകള്‍ നിര്‍മിക്കുന്നവര്‍ വിവിധ തരക്കാരുണ്ട്‌. അതില്‍ ഒരു വിഭാഗം കഥകള്‍ പറഞ്ഞു പണം സമ്പാദിക്കുന്നവരും അത്‌ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരുമാണ്‌. ഉദാ: അബൂസഊദുല്‍ മദാഇനി' (അത്തദ്‌രീബ്‌ 1:286). ഇബ്‌നുസ്സലാഹ്‌ പറഞ്ഞു: ഹദീസ്‌ കെട്ടിച്ചമയ്‌ക്കുന്നവര്‍ പല വിഭാഗങ്ങളുണ്ട്‌. അവരില്‍ ഏറ്റവും അപകടകാരികള്‍ ഭൗതിക വിരക്തിയിലേക്ക്‌ ചേര്‍ക്കപ്പെട്ടവരാണ്‌. അവര്‍ ജനങ്ങളെ നന്നാക്കുന്നതില്‍ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട്‌ ഹദീസുകള്‍ കെട്ടിയുണ്ടാക്കി. അവര്‍ ജനങ്ങളില്‍ വിശ്വസ്‌തരായതു കൊണ്ടും ജനങ്ങള്‍ അവരെ ആശ്രയിക്കുന്നതു കൊണ്ടും ജനങ്ങള്‍ അതെല്ലാം സ്വീകരിച്ചുവന്നു. പിന്നീട്‌ പ്രഗത്ഭരായ ഹദീസ്‌ പണ്ഡിതന്മാര്‍ രംഗത്തുവരികയും അവര്‍ കേടുവരുത്തിയത്‌ വ്യക്തമാക്കുകയും അതിലെ ന്യൂനത മായ്‌ച്ചുകളയുകയും ചെയ്‌തു. (ഉലൂമുല്‍ ഹദീസ്‌ 213)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫളാഇലുല്‍ അഅ്‌മാല്‍ എന്ന നിലക്ക്‌ ഇത്തരം ദുര്‍ബല കഥകള്‍ ഉദ്ധരിക്കുന്നത്‌ സൂക്ഷിക്കണം. ഇമാം ഹാഫിള്‌ബ്‌നു ഹജര്‍ പറഞ്ഞു: വിധിവിലക്കുകളിലും അമലുകളുടെ ശ്രേഷ്‌ഠതയിലും ഹദീസുകൊണ്ട്‌ അമല്‍ ചെയ്യല്‍ ഒരുപോലെയാണ്‌. ഇവയെല്ലാം ശരീഅത്ത്‌ നിയമങ്ങള്‍ തന്നെയാണ്‌. (തബ്‌യീനുല്‍ അജബ്‌ 26) ദുര്‍ബലമായ ഹദീസുദ്ധരിക്കുന്നവര്‍ തൗബ ചെയ്‌തു മടങ്ങണം എന്നാണ്‌ ഇമാം ദഹബിയുടെ അഭിപ്രായം. അത്‌ ഫളാഇലുല്‍ അഅ്‌മാലിലും മറ്റു ശരീഅത്ത്‌ നിയമങ്ങളിലും ഒരുപോലെ തന്നെയാണ്‌. ഇബ്‌നു അബീഹാതിം പറയുന്നു: എന്റെ പിതാവ്‌ മസ്‌റൂഹിനെ പറ്റി അദ്ദേഹത്തോട്‌ (ദഹബിയോട്‌) ചോദിക്കുകയും മസ്‌റൂഹിന്റെ ചില ഹദീസുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ബാത്വിലായ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ തൗബ ചെയ്യണം. ഇത്‌ സൗരിയില്‍ നിന്ന്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ഇമാം ദഹബി പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ്‌ സത്യം. ഇത്‌ തന്നെയാണ്‌ സത്യം. സ്വഹീഹ്‌ അല്ലാത്ത ഹദീസ്‌ ഉദ്ധരിക്കുന്നവരെല്ലാം തൗബ ചെയ്യണം അല്ലെങ്കില്‍ (ദുര്‍ബലത) തുറന്നുകാട്ടണം (അല്‍മീസാന്‍ 4:97).

 എങ്ങനെ തൗബ ചെയ്യാതിരിക്കും? ഏറ്റവും സ്വഹീഹ്‌ ആയ മുതവാതിറിനോടടുത്തു നില്‌ക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: സലമതുബ്‌നു അക്‌വഅ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറഞ്ഞതായി ആരെങ്കിലും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഒരുക്കിവെക്കട്ടെ. (ബുഖാരി) ഇങ്ങനെ മുസ്‌ലിംകളില്‍ വളരെ പ്രചാരത്തിലുള്ളതും പണ്ഡിതന്മാര്‍ സാധാരണയായി ഉദ്ധരിക്കാറുള്ളതുമായ ചില കഥകളുടെ സ്ഥിതി നാം മനസ്സിലാക്കേണ്ടതുണ്ട്‌. സത്യങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍ പോരാ, അസത്യങ്ങളും മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അതില്‍ നിന്ന്‌ മാറിനില്‌ക്കാന്‍ സാധിക്കുകയുള്ളൂ. ഹുദൈഫത്‌ബ്‌നുല്‍ യമാന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ജനങ്ങള്‍ റസൂലിനോട്‌(സ) നല്ല കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറ്‌. എന്നാല്‍ ഞാന്‍ ചീത്ത കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറുള്ളത്‌. കാരണം ഞാന്‍ അതില്‍ ചെന്നുവീഴാതിരിക്കാന്‍. (ബുഖാരി, മുസ്‌ലിം)

by എ അബ്‌ദുല്‍ഹമീദ്‌ മദീനി @ ശബാബ് 

മനുഷ്യക്കരങ്ങളുടെ പ്രവര്‍ത്തനവും ദൈവിക പരീക്ഷണവും

ജൈവികതയുടെ ആധാരശിലയായ ജലം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്‌. മനുഷ്യന്റെ രക്തത്തില്‍ 80 ശതമാനവും അസ്ഥികളില്‍ 22 ശതമാനവും വൃക്കകളില്‍ 82 ശതമാനവും ജലമാണ്‌. ശരീരത്തിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം ജലമാണെന്നിരിക്കെ ജലത്തിന്റെ പത്ത്‌ ശതമാനം കുറവു വന്നാല്‍ മരണത്തിലെക്കേത്താന്‍ പോലും സാധ്യതയുണ്ടെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. വെള്ളം സുഭിക്ഷമായി ലഭിച്ചിരുന്നപ്പോള്‍ നന്ദി കാണിക്കാത്തവര്‍ അതിന്റെ ദൗര്‍ലഭ്യതയില്‍ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവബോധമുണ്ടാകുന്നില്ല. ``ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മേഘത്തില്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്‌?'' (56:68-70) 

 ദൈവാനുഗ്രഹത്തെ നിസ്സാരമാക്കുന്നവര്‍ക്ക്‌ ചിന്തിക്കാന്‍ വക നല്‍കുന്നതാണ്‌ വരള്‍ച്ച. ഹൂദ്‌ നബി(അ) തന്റെ ജനതയോട്‌ പറഞ്ഞു: ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുകയും ചെയ്യുക എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞുപോകരുത്‌.'' (11:52) ധിക്കാരവും അഹങ്കാരവുമായി നന്ദിയില്ലാതെ കഴിയുന്നവര്‍ക്ക്‌ വരള്‍ച്ച താക്കീതായിരിക്കുമെന്ന്‌ നൂഹ്‌(അ) തന്റെ ജനങ്ങളോട്‌ പറഞ്ഞ ഉപദേശങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്കു മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങളുണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികളുണ്ടാക്കിത്തരികയും ചെയ്യും. നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല?'' (71:10-13) 

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) ഞങ്ങളോട്‌ പ്രസംഗിച്ചുകൊണ്ടു പറഞ്ഞു: ``മനുഷ്യര്‍ അളവിലും തൂക്കത്തിലും കുറവ്‌ വരുത്തിയാല്‍ വരള്‍ച്ച കൊണ്ട്‌ അല്ലാഹു അവരെ പിടികൂടുന്നതാണ്‌. അവര്‍ സകാത്തിനെ തടഞ്ഞുവെച്ചാല്‍ അല്ലാഹു മഴയെ അവരില്‍ നിന്നും തടഞ്ഞുവെക്കുന്നതുമാണ്‌.'' (ഇബ്‌നുമാജ). ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: ``ഒരു ജനതയില്‍ പക വ്യാപകമായാല്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ പേടി ഇടാതിരിക്കില്ല. വ്യഭിചാരം പ്രചരിച്ച ഒരു ജനതയിലും മരണനിരക്ക്‌ കൂടാതിരിക്കില്ല. അളവിലും തൂക്കത്തിലും കുറവ്‌ വരുത്തിയ ജനതക്ക്‌ അവരുടെ ഉപജീവനം മുറിക്കാതിരിക്കില്ല.'' (മുവത്വ 981) ബുര്‍ദ(റ) പറയുന്നു: നബി(സ) പറഞ്ഞു: ``വല്ല സമുദായവും സകാത്ത്‌ തടഞ്ഞുവെച്ചാല്‍ അല്ലാഹു അവരില്‍ നിന്നും മഴത്തുള്ളികളെ തടഞ്ഞുവെക്കുന്നതാണ്‌.'' (ഹാകിം, ബൈഹഖി) 

അല്ലാഹുവിന്റെ അനുഗ്രഹമായി വര്‍ഷിക്കുന്ന മഴ നിമിത്തം ഭൂമി സമൃദ്ധമാവുകയും ഭക്ഷ്യവസ്‌തുക്കള്‍ സുലഭമാവുകയും ചെയ്യുന്നു. അതിന്‌ നന്ദി കാട്ടുന്നതിന്‌ പകരം ഹുങ്കും ധൂര്‍ത്തുമായി കഴിയുകയും ചെലവഴിക്കേണ്ടവര്‍ അത്‌ നിര്‍വഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ശിക്ഷയായും പരീക്ഷണമായും വരള്‍ച്ചയുണ്ടാകുമെന്ന്‌ വ്യക്തം. മനുഷ്യകരങ്ങളുടെ പാപങ്ങളാല്‍ മഴ തടയപ്പെടുമ്പോള്‍ സര്‍വ ജന്തുജാലങ്ങളുടെയും ശാപത്തിനും അവന്‍ വിധേയമാക്കപ്പെടുന്നു. സുലൈമാന്‍(അ) ഒരിക്കല്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉറുമ്പുകള്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ ശ്രദ്ധിക്കുകയും `ഉറുമ്പുകള്‍ നിമിത്തം നിങ്ങളുടെ പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട്‌ തിരിച്ചുപോകൂ' എന്ന്‌ പറഞ്ഞതായി ചില വചനങ്ങളില്‍ വന്നിട്ടുണ്ട്‌. അബൂഹുറയ്‌റ(റ) നബി(സ)യില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. ``ദൈവദൂതന്മാരിലെ ഒരു ദൂതന്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടു. അപ്പോഴതാ ഉറുമ്പ്‌ അതിന്റെ കാലുകള്‍ ആകാശത്തേക്കുയര്‍ത്തി മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മടങ്ങിക്കൊള്ളുക. ഈ ഉറുമ്പ്‌ കാരണം നിങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കപ്പെട്ടിരിക്കുന്നു.'' (ഹാകിം). നാട്ടില്‍ ഏറെ ശിശുക്കളും വൃദ്ധരും വരള്‍ച്ചയാല്‍ വിഷമിക്കുമ്പോള്‍ അവര്‍ നിമിത്തവും, ജന്തുജാലങ്ങള്‍ക്കായും മഴ വര്‍ഷിപ്പിച്ചുകൊണ്ടിരിക്കും. ``അല്ലാഹുവില്‍ നിന്നുള്ള സാവകാശം! തീര്‍ച്ചയായും ഭയഭക്തിയുള്ള യുവാക്കളും മേച്ചില്‍ സ്ഥലങ്ങളിലെ മൃഗാദികളും റുകൂഅ്‌ ചെയ്യുന്ന വൃദ്ധരും മുല കുടിക്കുന്ന ശിശുക്കളും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശക്തമായ ശിക്ഷ ചൊരിയുക തന്നെ ചെയ്യുമായിരുന്നു.'' (അബൂയഅ്‌ല, 6402) 

അല്ലാഹു ഓരോന്നിനും പ്രകൃതി നിയമങ്ങള്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. അവയെ മാറ്റംവരുത്താന്‍ പറ്റില്ല. ഭൂമിയിലുള്ളതെല്ലാം മനുഷ്യനുവേണ്ടി സൃഷ്‌ടിച്ചതാണ്‌. നമ്മുടെ നന്മക്ക്‌ വേണ്ടിയല്ലാതെ ഒന്നും അല്ലാഹു സൃഷ്‌ടിച്ചിട്ടില്ല. എന്നാല്‍ എല്ലാറ്റിന്റെയും പ്രകൃതിയെ ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും വേണം. അതില്‍ ധൂര്‍ത്തോടും അഹങ്കാരത്തോടും കൈ കടത്തുന്നത്‌ സമൂഹത്തോട്‌ ചെയ്യുന്ന വഞ്ചനയാണ്‌. മഴവെള്ളത്തെ ഭൂമിയില്‍ നിക്ഷേപിക്കുന്ന സാഹചര്യം ഇന്ന്‌ നഷ്‌ടമായിട്ടുണ്ട്‌. വീടും പരിസരവും മുഴുവന്‍ വെള്ളം താഴ്‌ന്നിറങ്ങാന്‍ ഇടമില്ലാത്ത വിധം മനുഷ്യന്‍ വികൃതമാക്കുന്നത്‌ ജലദര്‍ലഭ്യതക്ക്‌ കാരണമാകുന്നു. ഇത്തരം പ്രവണതകളെ ഖുര്‍ആന്‍ താക്കീത്‌ ചെയ്യുന്നു. ``മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവന്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.'' (30:41). ഈ വചനത്തിലെ `കുഴപ്പങ്ങള്‍' വിശദീകരിച്ചിടത്ത്‌, മനുഷ്യന്റെ കൈകടത്തലുകളാണ്‌ പ്രകൃതിയെ തകിടം മറിക്കുന്നതിനും മഴയുടെ ദൗര്‍ലഭ്യതക്കും ഉപജീവനത്തിന്‌ ക്ഷാമം നേരിടുന്നതിനും കാരണമെന്ന്‌ മുഫസ്സിറുകള്‍ വിശദമാക്കിയിട്ടുണ്ട്‌. സൂറതുല്‍ ബഖറയിലെ 205-ാം വചനം അതിലേക്ക്‌ ഉപോല്‍ബലകമായി ഉദ്ധരിക്കുകയും ചെയ്യുന്നു.

മനുഷ്യകുലത്തിന്റെ ധാര്‍മികാധപ്പതനം ക്ഷാമത്തിന്‌ നിമിത്തമാകുമെന്ന്‌ ഖുര്‍ആന്‍ താക്കീത്‌ ചെയ്യുന്നു. അല്ലാഹു പറയുന്നു: ``ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്‌മത പാലിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക്‌ അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചു തള്ളുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ അവര്‍ ചെയ്‌തു വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. എന്നാല്‍ ആ നാടുകളിലുള്ളവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ പകല്‍ സമയത്ത്‌ കളിച്ചുനടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്‌ടംപറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.'' (7:96-99).  മഴ ലഭിക്കുന്നതിനായി മഖ്‌ബറകളിലേക്ക്‌ തീര്‍ഥാടനം നടത്തുന്നവരും അല്ലാഹുവിന്റെ സൃഷ്‌ടികളിലേക്ക്‌ പ്രാര്‍ഥന സമര്‍പ്പിക്കുന്നവരുമുണ്ട്‌. കൊടിയേന്തിയും അല്ലാതെയുമുള്ള ഈ തീര്‍ഥാടനങ്ങള്‍ അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കലാണ്‌. ക്ഷാമം കൊണ്ട്‌ പ്രയാസമുണ്ടാകുമ്പോള്‍ രക്ഷിതാവായ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയാണ്‌ വേണ്ടത്‌. ക്ഷാമത്തിന്റെ പരാതി വന്നപ്പോള്‍ ജുമുഅ ഖുതുബയുടെ വേളയില്‍ തന്നെ കൈകളുയര്‍ത്തി നബി(സ) പ്രാര്‍ഥിച്ചിരുന്നു. മഴയ്‌ക്കുവേണ്ടി പ്രത്യേക നമസ്‌കാരം (സ്വലാത്തുല്‍ ഇസ്‌തിസ്‌ഖാഅ്‌) സുന്നത്തുണ്ട്‌.

By മുസ്‌തഫ നിലമ്പൂര്‍ @ ശബാബ് 

ചോദിക്കുന്നതെല്ലാം നല്‍കണോ?

വെള്ളം കോരിയും വീട്ടുജോലിയെടുത്തും അലി(റ) തളര്‍ന്നു. അയല്‍പക്ക വീടുകളില്‍ മാവ്‌ അരച്ചരച്ച്‌ ഫാത്തിമ(റ)യുടെയും കൈ കുഴഞ്ഞു. പകല്‍വേളയിലെ വിശ്രമമില്ലാത്ത അധ്വാനത്താല്‍ വിവശരാവുന്ന ഇരുവരും രാത്രിയില്‍ പരസ്‌പരം പരാതി പറയും. ഒടുവില്‍ അലി ഇങ്ങനെയും പറയും: നിന്റെ പിതാവിന്‌ അല്ലാഹു എത്ര പരിചാരകരെ നല്‌കിയിട്ടുണ്ട്‌? ഒരാളെയെങ്കിലും നമുക്ക്‌ നല്‌കിക്കൂടേ? കൗമാരം വിടാത്ത ഫാത്തിമ(റ) ഓര്‍ക്കും: `ശരിയാണ്‌. ഉമ്മു അയ്‌മന്‍, ഉമ്മു സുലൈം, ഖൗല, ഏതു ജോലിയും ചെയ്യാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത സ്ഥിരം സേവികമാര്‍. അബൂത്വല്‍ഹ, ഇബ്‌നു മസ്‌ഊദ്‌, അബൂറാഫിഅ്‌ അങ്ങനെ തിരുസേവകരും എമ്പാടും. അവരില്‍ ഒരാളെ കിട്ടിയാല്‍ ഞങ്ങളുടെ പെടാപ്പാട്‌ കുറയും.'

ഫാത്തിമ(റ) പിതാവിനെ കാണാന്‍ പോയി. മനസ്സില്‍ ചെറിയ ജാള്യതയുണ്ടായിരുന്നു. മകളെ കണ്ട തിരുനബി(സ) എഴുന്നേറ്റുവന്ന്‌ കരം ഗ്രഹിച്ച്‌ സ്വീകരിച്ചു. അടുത്തിരുത്തി ക്ഷേമങ്ങളാരാഞ്ഞു. തിരുമുഖത്ത്‌ എന്തെന്നില്ലാത്ത ആനന്ദം വിരിഞ്ഞപ്പോള്‍ ഫാത്തിമ വന്ന കാര്യം തന്നെ മറന്നു. എന്തിനാണ്‌ വന്നതെന്ന ഉപ്പയുടെ ചോദ്യത്തിന്‌, സലാം പറയാന്‍ വന്നതാണെന്നു മാത്രം മൊഴിഞ്ഞു. വൈകുന്നേരം ഫാത്തിമ യാത്ര പറഞ്ഞിറങ്ങി. വെറും കൈയോടെ മടങ്ങിവന്ന ഭാര്യയെ കണ്ട്‌ അലി(റ) നിരാശനായി. ``ഉപ്പയുടെ സന്തോഷവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കത്‌ പറയാന്‍ തോന്നിയില്ല.'' ഫാത്തിമ കാരണം പറഞ്ഞു. അടുത്ത ദിവസം ഇരുവരും ഒന്നിച്ചുപോയി. ദൂതര്‍ക്ക്‌ ഇരട്ടി സന്തോഷം. മടിച്ചുമടിച്ച്‌ ഫാത്തിമ(റ) കാര്യം പറഞ്ഞു: തിരുനബി മൗനത്തിലായി: ``നിങ്ങളെക്കാള്‍ പ്രയാസപ്പെടുന്നവര്‍ മദീനയിലുണ്ട്‌. പള്ളിയുടെ തിണ്ണയില്‍ കഴിയുന്ന അഹ്‌ലുസ്സുഫ്‌ഫക്കാരെ പരിചരിക്കാന്‍ ആവശ്യത്തിനാളില്ല. അതിനാല്‍ ഇവിടെയുള്ള പരിചാരകരെ വിട്ടുതരാനാവില്ല.'' മകളെയും മരുമകനെയും ചെറു നൊമ്പരത്തോടെ തിരുനബി യാത്രയാക്കി.

മക്കള്‍ മിക്ക മാതാപിതാക്കളുടെയും ദൗര്‍ബല്യമാണ്‌. അവര്‍ പ്രത്യേകിച്ച്‌ പെണ്‍മക്കള്‍ ഒരാവശ്യവുമായി വന്നാല്‍ വെറും കൈയോടെ എത്ര പേര്‍ തിരിച്ചയക്കും? അവരൊന്നു കണ്ണു നനച്ചാല്‍ എത്ര പിതാക്കന്‍മാര്‍ അത്‌ സഹിക്കും? മകളുടെ വിവാഹത്തിന്‌ പത്തു പവന്‍ തികയ്‌ക്കാനാവത്തതിനാല്‍, ഇനിയെങ്ങനെ അവളുടെ മുഖത്തുനോക്കും എന്ന്‌ വേവലാതി പൂണ്ട്‌, വിവാഹത്തലേന്ന്‌ തീവണ്ടിക്കു മുന്നില്‍ ജീവിതമവസാനിപ്പിച്ച പിതാവിനെ ഈയുള്ളവനറിയാം. മക്കളെന്തും ചോദിക്കും. വിവേകമെത്താത്തവര്‍ വിശേഷിച്ചും. എന്നാല്‍ ആവശ്യങ്ങള്‍ തിരിച്ചറിയലും അവ നിവര്‍ത്തിച്ചു നല്‌കാന്‍ തന്നെക്കൊണ്ടാവുമോ എന്നറിയലും മാതാപിതാക്കളുടെ ബാധ്യതയാണ്‌. മക്കളുടെ കണ്ണീരിനു മുന്നില്‍ പതറിയാല്‍ ഒരുപക്ഷേ, വീണുപോവുക കുടുംബം തന്നെയാവും. ആവശ്യവും അത്യാവശ്യവും അനാവശ്യവും തിരിച്ചറിയലാണ്‌ ഇത്തരം വേളകളില്‍ വിശ്വാസി ചെയ്യേണ്ടത്‌. വെള്ളം കോരിയും മാവ്‌ കുഴച്ചും കുഴഞ്ഞ പ്രിയ മകളെയോര്‍ത്തല്ല, തുണയും കാവലുമില്ലാതെ പള്ളിത്തിണ്ണയില്‍ അഭയം തേടിയ അഹ്‌ലുസ്സുഫ്‌ഫയെ ഓര്‍ത്താണ്‌ തിരുനബി വേദനിച്ചത്‌. അന്ന്‌ രാത്രി, അലിയും ഫാത്തിമയും ഉറങ്ങാനൊരുങ്ങവേ തിരുനബി വീട്ടിലെത്തി. അനുവാദം വാങ്ങി കിടപ്പറയിലിരുന്നു. ഇടത്തും വലത്തും ഇരുവരെയുമിരുത്തി. ചേര്‍ത്തുപിടിച്ച്‌ പറഞ്ഞു: നിങ്ങള്‍ ചോദിച്ചത്‌ നല്‌കാന്‍ ഈ പിതാവിനായില്ല. മികച്ച മറ്റൊന്നു നല്‌കാം: ``ഉറങ്ങുന്നതിനു മുമ്പ്‌ സുബ്‌ഹാനല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്‌ബര്‍ എന്നിവ മുപ്പത്തി മൂന്നു പ്രാവശ്യം ചൊല്ലുക. ജിബ്‌രീല്‍ എന്നെ പഠിപ്പിച്ചതാണിത്‌.'' ദൂതരുടെ പ്രവൃത്തി ഇരുവരുടെയും കണ്ണുകളെ നിറച്ചു.

By അബൂസയ്‌ന്‍ @ ശബാബ് 

യാത്ര ജീവിതത്തിന്റെ ഒഴുക്ക്‌

ഇമാം ഗസ്സാലി പ്രശസ്‌തമായ ഇഹ്‌യ ഉലൂമുദ്ദീനില്‍ ബിശ്‌റുബ്‌നുല്‍ഹാഫിയുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്‌: 'ഭൂമിയില്‍ ചുറ്റിക്കറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും. വെള്ളം ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധമാവുകയും അത്‌ കെട്ടിനിന്നാല്‍ മോശമാവുകയും ചെയ്യുന്നത്‌പോലെ'. യാത്ര മനുഷ്യജീവിതത്തില്‍ വഹിക്കുന്ന ധര്‍മത്തെ വളരെ മനോഹരമായി ആവിഷ്‌കരിക്കുന്നു ഈ മഹദ്‌ വചനം. എങ്ങും സഞ്ചരിക്കാതെ തന്റെ വാസസ്ഥലത്ത്‌ മാത്രം ഒതുങ്ങിക്കൂടുന്ന ഒരാള്‍ കെട്ടിനില്‍ക്കുന്ന ഒരു ജലാശയം പോലെയാണെന്ന ഉപമ എത്ര അര്‍ഥവത്താണ്‌! കെട്ടിക്കിടക്കുന്ന ജലാശയം പെട്ടെന്ന്‌ ദുഷിക്കുന്നു. അതിലാണ്‌ കൊതുകുകളും കീടങ്ങളും പാര്‍ക്കുന്നത്‌. അത്‌ എളുപ്പം മാലിന്യക്കുണ്ടായി മാറുന്നു. എന്നാല്‍ ഒഴുക്കുള്ള ജലാശയം നിരന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്‌ തഴുകിയൊഴുകുന്ന വഴികളും ജീവികളും ശുദ്ധിവരുന്നു.

യാത്ര ജീവിതത്തിന്റെ ഒഴുക്കാണ്‌. സ്വാര്‍ഥതയും ആര്‍ത്തിയും മനുഷ്യ മനസ്സില്‍ അഴുക്കുകെട്ടുന്നത്‌ സമ്പര്‍ക്കമില്ലാതെ ഒറ്റപ്പെട്ടു ഒരിടത്ത്‌ കഴിയുമ്പോഴാണ്‌. പുതിയ വഴികളിലൂടെ, പുതിയ ദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കും അപരിചിതമായ കാഴ്‌ചകളിലേക്കും സഞ്ചരിക്കുന്ന ഒരാളുടെ മനസ്സിന്‌ വികാസമുണ്ടാകുന്നു. ലോകത്തിന്റെയും സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങള്‍ അനുഭവിക്കാന്‍ ഇട ലഭിക്കുമ്പോള്‍ കൈവരുന്ന സംസ്‌കരണമാണ്‌ ഒരര്‍ഥത്തില്‍ സംസ്‌കാരം. മാനവിക സംസ്‌കാരം വികാസം പ്രാപിച്ചത്‌ യാത്രകളിലൂടെ ആയിരുന്നു.

പൗരാണിക കാലത്തെ അപേക്ഷിച്ചു മനുഷ്യജീവിതത്തില്‍ ഇന്ന്‌ യാത്രകള്‍ക്ക്‌ അവസരങ്ങള്‍ കൂടുതലുണ്ട്‌. വ്യാപാരം, തൊഴില്‍, പഠനം, ചികിത്സ തുടങ്ങി പല ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയും നാം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാണ്‌. അല്‌പമെങ്കിലും യാത്രചെയ്യാത്ത ദിവസം നമ്മുടെ ജീവിതത്തില്‍ അപൂര്‍വമായിട്ടുണ്ട്‌. വേഗതയേറിയ വാഹനങ്ങളുടെ ലഭ്യത യാത്രയുടെ സമയം ലാഭിച്ചുതരുന്നു. വിവര വിനിമയരംഗത്തുണ്ടായ കുതിപ്പ്‌ യാത്രയുടെ ആവശ്യകത വന്‍തോതില്‍ ഇപ്പോള്‍ കുറച്ചിട്ടുണ്ട്‌. വീട്ടില്‍ ഇരുന്നു തന്നെ തൊഴിലും പഠനവുമൊക്കെ ചെയ്യാവുന്ന ഒരു കാലത്തിലേക്ക്‌ നാം കടന്നുകഴിഞ്ഞു. പൊതുവില്‍ യാത്രയുടെ ആനന്ദം നഷ്ടടപ്പെട്ടു എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ഏകാന്തതയുടെ പൂട്ട്‌ പൊളിച്ചു നമ്മെ ജനങ്ങളിലേക്ക്‌ കൊണ്ട്‌പോകാനുള്ള യാത്രയുടെ ക്ഷമത ഇല്ലാതായതാണ്‌ അതിന്റെ കാരണം. യാത്ര ഇപ്പോള്‍ വിരസതയുടെ വേളകള്‍ ആയി മാറിപ്പോകുന്നു.

പുതിയ ആളുകളെയും പുതിയ ദേശങ്ങളെയും പുതിയ കാഴ്‌ചകളെയും കാണുകവഴി ഓരോ ശ്വാസത്തെയും പുതുക്കാനും ശുദ്ധീകരിക്കാനും സാധ്യമാക്കുന്നതിന്‌ പകരം ഒറ്റയ്‌ക്ക്‌ മൊബൈല്‍ ഫോണില്‍ സല്ലപിച്ചാണ്‌ നമ്മുടെ യാത്രകള്‍ വഴിയില്‍ നഷ്ടപ്പെടുന്നത്‌. വാഹനം സഞ്ചരിക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ കൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നു! ഓരോ നിമിഷവും ആസ്വദിച്ചു അനുഭവിക്കാന്‍ സാധിക്കുന്ന വിധമാകണം ഉല്ലാസ യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്‌. കാഴ്‌ചകള്‍ കണ്ടും വര്‍ത്തമാനം പറഞ്ഞും ഇഷ്ടമുള്ള വിഭവങ്ങള്‍ കഴിച്ചും ദൈവത്തിന്റെ അത്ഭുതങ്ങളായ പ്രകൃതിയുടെ താളലയങ്ങളില്‍ മുഴുകിയും ആത്മീയമായ കുളിരു ലഭിക്കും വിധമാകണം കുടുംബ യാത്രകള്‍. നബി തിരുമേനി ഭാര്യമാരെയും കുട്ടികളെയും യാത്രകളില്‍ കൂടെ കൂട്ടിയിരുന്നു. അവരെ കാഴ്‌ചകള്‍ കാണിച്ചു കൊടുത്തിരുന്നു. മനസ്സിന്‌ അയവുനല്‍കുന്ന വേളകളാകണം യാത്രകള്‍. അതിലും തിരക്ക്‌ വരുമ്പോള്‍ യാത്ര മറ്റൊരു ടെന്‍ഷന്‍ ആകും. യാത്ര ഒഴുക്ക്‌ അല്ലാതെ മാറും. അറബികള്‍ ഉല്ലാസ യാത്രകളെ ഒഴുക്ക്‌ എന്ന്‌ അര്‍ത്ഥമുള്ള `സിയാഹ` എന്ന്‌ പേര്‌ വിളിക്കുന്നത്‌ എത്ര ഹൃദ്യമായിരിക്കുന്നു!

by മുജീബുർറഹ്മാൻ കിനാലൂർ @ പുടവ മാസിക 

നിഖാബ്‌ അഥവാ മുഖമറ

ലോകത്ത്‌ സ്വന്തം മുഖം ഉയര്‍ത്തിപ്പിടിച്ച്‌ നടക്കാനുള്ള അനുഗ്രഹം ലഭിച്ച ദൈവിക സൃഷ്‌ടി മനുഷ്യന്‍ മാത്രമാണ്‌. മറ്റു സൃഷ്‌ടികളില്‍ നിന്ന്‌ വ്യത്യസ്‌തമായി അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളുപയോഗിച്ച്‌ ആശയ വിനിമയം നടത്താനുള്ള സംസാരവൈഭവവും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്‌. മൂക- ബധിര വിഭാഗങ്ങളില്‍ പെട്ടവരുടെ ആശയ വിനിമയ മാധ്യമം മുഖത്തിന്റെ ഭാവഭേദങ്ങളും കയ്യിന്റെ ചലനങ്ങളുമാണുതാനും. ഇതിലൊന്നും സ്‌ത്രീപുരുഷന്മാര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഓരോരുത്തരുടെയും മനസ്സിന്റെ കണ്ണാടിയും വ്യക്തിത്വത്തിന്റെ അടയാളവും കൂടിയാണ്‌ മുഖം. മനുഷ്യമനസ്സ്‌ ഒരു ആഴക്കടല്‍ പോലെയാണ്‌. ദേഷ്യം, വെറുപ്പ്‌, സന്തോഷം, സന്താപം മുതലായ വികാരങ്ങളുടെ തിരമാലകള്‍ ആ ആഴക്കടലിലുണ്ടാകും. അതിന്റെയൊക്കെ വേലിയേറ്റങ്ങള്‍ മനസ്സിനകത്ത്‌ അലയടിച്ചുകൊണ്ടിരിക്കും. എത്ര തന്നെ മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും ഈ അലയൊലികള്‍ അവന്റെ മുഖത്ത്‌ ഭാവമാറ്റങ്ങളുണ്ടാക്കും. ആണും പെണ്ണുമെല്ലാം ഇതില്‍ തഥൈവ. അതുകൊണ്ടൊക്കെയായിരിക്കാം ഇസ്‌ലാമിക പ്രമാണങ്ങളില്‍ സ്‌ത്രീയുടെ മുഖം ഔറത്താണെന്നും അത്‌ മറച്ചുപിടിക്കല്‍ നിര്‍ബന്ധമാണെന്നും പറയാതിരുന്നത്‌.

മുഖം മറയ്‌ക്കലിനെ ന്യായീകരിക്കുന്നവര്‍ തന്നെ ചില സന്ദര്‍ഭങ്ങളില്‍ സ്‌ത്രീ അന്യപുരുഷന്മാരുടെ മുമ്പിലാണെങ്കിലും അവളുടെ മുഖം വെളിവാക്കേണ്ടിവരുമെന്ന്‌ സമ്മതിക്കുന്നുണ്ട്‌. അതിലൊന്നാണ്‌ ഹജ്ജ്‌വേള. മറ്റൊന്ന്‌ സാക്ഷ്യത്തിന്റെ അവസരം. ``നിങ്ങളില്‍ പെട്ട രണ്ട്‌ പുരുഷന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുവിന്‍. ഇനി ഇരുവരും പുരുഷന്മാരല്ലെങ്കില്‍ നിങ്ങളിഷ്‌ടപ്പെടുന്ന സാക്ഷികളില്‍ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്‌ത്രീകളുമായാലും മതി.'' (വി.ഖു 2:282) ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ഹജ്ജിന്‌ ഇഹ്‌റാം ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ കൈ ഉറയും മുഖം മറയ്‌ക്കുന്ന വസ്‌ത്രവും നബി(സ) വിരോധിക്കുന്നു. മുഖവും കൈപടവും നഗ്നത (ഔറത്ത്‌) ആണെങ്കില്‍ അവ രണ്ടും മറയ്‌ക്കുന്നത്‌ നിഷിദ്ധമാവുകയില്ല (നിഷിദ്ധം ഹജ്ജില്‍ അനുവദനീയമാവുകയില്ല). തീര്‍ച്ചയായും ആവശ്യം വെളിവാക്കുന്നതിലേക്ക്‌ ക്ഷണിക്കുന്നു. സ്‌ത്രീകള്‍ അന്യപുരുഷന്റെ മുമ്പില്‍ മുഖം വെളിവാക്കാന്‍ പാടില്ലെന്ന്‌ പറയുന്നവര്‍ പോലും അവള്‍ സാക്ഷിനില്‍ക്കുമ്പോള്‍ വെളിവാക്കുന്നതിന്‌ വിരോധമില്ലെന്ന്‌ പറയുന്നു. എന്നാല്‍ അവളുടെ തലമുടിയും മാര്‍വിടവും മറ്റും വെളിവാക്കാമെന്ന്‌ ഇവര്‍ പറയുന്നില്ല. മുഖം നഗ്നതയല്ല. മറ്റുള്ളവ തന്നെയാണ്‌. ഇതാണ്‌ ഈ വ്യത്യാസത്തിന്റെ കാരണം.'' (ശറഹുല്‍ മുഹദ്ദബ്‌ 3:167) 

അല്ലാഹു പറയുന്നു: ``നബിയേ, താങ്കള്‍ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌. സത്യവിശ്വാസിനികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (വി.ഖു 24:30-31) അനാവശ്യത്തിലേക്കും അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക. പ്രഥമ നോട്ടത്തില്‍ തനിക്ക്‌ കാണാന്‍ പറ്റാത്ത ആളോ വസ്‌തുവോ ആണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട്‌ തുടര്‍ന്ന്‌ നോക്കാതിരിക്കുക എന്നൊക്കെയാണ്‌ ദൃഷ്‌ടി താഴ്‌ത്തുക എന്നതുകൊണ്ടുദ്ദേശ്യം.

 അബ്‌ദുല്ലാഹില്‍ ബജലി(റ) പറയുന്നു: പെട്ടെന്നുള്ള അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അപ്പോള്‍ അവിടുന്ന്‌ എന്റെ ദൃഷ്‌ടിയെ തിരിച്ചുകൊള്ളാന്‍ കല്‌പിക്കുകയാണ്‌ ചെയ്‌തത്‌. നോട്ടത്തെ നിയന്ത്രിക്കാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാന്‍ കൂടി കല്‌പിച്ചിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. നോട്ടത്തില്‍ നിന്നാണ്‌ വ്യഭിചാരത്തിലേക്ക്‌ പ്രചോദനമുണ്ടാകുന്നത്‌. ദൃഷ്‌ടിയെ നിയന്ത്രിക്കാന്‍ പുരുഷന്മാരോടും സ്‌ത്രീയോടും വെവ്വേറെ കല്‌പിച്ചത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതൊരു കാരണത്തെ മുന്‍നിര്‍ത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ. അബ്‌ദുല്ലാഹിബിനു ഉമ്മിമക്തും എന്ന അന്ധനായ സ്വഹാബി കടന്നുവന്നപ്പോള്‍ നബി(സ) സ്വന്തം ഭാര്യമാരോട്‌ അകത്തുപോകാന്‍ കല്‌പിച്ചു. അദ്ദേഹം അന്ധനല്ലേ. ഞങ്ങളെ കാണുകയില്ലല്ലോ എന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളല്ലല്ലോ. അങ്ങോട്ട്‌ കാണുകയില്ലേ.'' (അബുദാവൂദ്‌, തിര്‍മിദി), (തഫ്‌സീറുല്‍ ഖുര്‍ആന്‍ വാള്യം 3)

 ``നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്‌ത്രീകളോടും അവര്‍ തങ്ങളുടെ മേല്‍വസ്‌ത്രങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടുവാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌.'' (വി.ഖു 33:59) ഈ ആയത്തിലെ `ജില്‍ബാബ്‌' എന്ന പദത്തിന്റെ അര്‍ഥ വ്യാപ്‌തിയില്‍ മൂടുപടം എന്ന്‌ ഉള്‍ക്കൊള്ളുന്നുണ്ട്‌. അതു വെച്ചുകൊണ്ട്‌ മഹാത്മാക്കളായ ചില പണ്ഡിതന്മാര്‍ സൂക്ഷ്‌മതയുടെ പേരില്‍ സ്‌ത്രീ അവളുടെ മുഖംകൂടി മറയ്‌ക്കേണ്ടതാണെന്നുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നു. പക്ഷേ, നബി(സ) ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ത്രീകളോട്‌ മുഖം മറയ്‌ക്കാന്‍ കല്‌പിച്ചതിന്‌ വ്യക്തമായ തെളിവുകള്‍ ഇല്ല. മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അക്കാലത്ത്‌ സ്‌ത്രീകളുടെ മുഖം വെളിവായിരുന്നു എന്നതിലേക്കാണ്‌ കൂടുതല്‍ സൂചനകളുള്ളത്‌.

 ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``അബ്ബാസിന്റെ മകന്‍ ഫള്‌ല്‌ വാഹനത്തിന്മേല്‍ നബി(സ)യുടെ പിന്നിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്‌അം ഗോത്രക്കാരിയായ ഒരു സ്‌ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്‌ല്‌ അവളുടെ നേര്‍ക്കും അവര്‍ ഫള്‌ലിന്റെ നേര്‍ക്കും നോക്കാന്‍ തുടങ്ങി. നബി(സ) ഫള്‌ലിന്റെ മുഖത്തെ മറുവശത്തേക്ക്‌ തിരിച്ചുനിര്‍ത്തി.'' (ബുഖാരി). പര്‍ദയുടെ ആയത്തുകളൊക്കെ അവതരിച്ചതിന്‌ ശേഷമുള്ള ഹജ്ജതുല്‍ വിദാഇല്‍ വെച്ചാണ്‌ ഈ സംഭവം നടക്കുന്നത്‌. ജംറത്തുല്‍ അഖബയിലെ ഒന്നാമത്തെ ഏറ്‌ കഴിഞ്ഞ്‌ ഇഹ്‌റാമിലെ ആദ്യത്തെ തഹ്‌ലീലിലൂടെ വസ്‌ത്രത്തിലെ നിയമം ഒഴിവാകുകയും ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണത്‌. ഇബ്‌നുഹസം(റ) ഈ ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട്‌ എഴുതിയത്‌ കാണുക: ``സ്‌ത്രീയുടെ മുഖം നഗ്നതയായിരുന്നുവെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച്‌ അവര്‍ മുഖം വെളിവാക്കിയതിനെ നബി(സ) അംഗീകരിക്കുമായിരുന്നില്ല. തീര്‍ച്ചയായും വസ്‌ത്രം മുഖത്തിന്റെ മേല്‍ താഴ്‌ത്തിയിടാന്‍ നബി(സ) കല്‌പിക്കുമായിരുന്നു. അവള്‍ മുഖം മറച്ചിരുന്നുവെങ്കില്‍ ഇബ്‌നുഅബ്ബാസിന്‌(റ) അവള്‍ സുന്ദരിയോ വിരൂപിയോ എന്ന്‌ വേര്‍തിരിച്ച്‌ മനസ്സിലാകുമായിരുന്നില്ല. അതിനാല്‍ മുഖം നഗ്നതയല്ലെന്ന്‌ നാം പറഞ്ഞത്‌ ഉറപ്പായും ശരിയാണ്‌, അല്ലാഹുവിനാണ്‌ സര്‍വ സ്‌തുതിയും.'' (അല്‍മുഹല്ല 3:218)

 ജാബിര്‍(റ) പറയുന്നു: ``പ്രവാചകന്റെ കൂടെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. ശേഷം നബി(സ) മുന്നോട്ടുനീങ്ങി സ്‌ത്രീകളുടെ അടുത്തുചെന്ന്‌ പ്രത്യേകം ഉത്‌ബോധിപ്പിച്ചു. അവിടുന്ന്‌ പറഞ്ഞു: നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യണം. നിങ്ങളില്‍ അധികപേരും നരകാഗ്നിയില്‍ കത്തിയെരിയുന്നവരാകുന്നു. അപ്പോള്‍ സ്‌ത്രീകളുടെ മധ്യത്തില്‍ നിന്ന്‌ ഇരുകവിളുകളിലും കറുത്ത പുള്ളിയുള്ള ഒരു മഹതി എഴുന്നേറ്റുനിന്ന്‌ നബി(സ)യോട്‌ ചോദിച്ചു: എന്തുകൊണ്ട്‌ പ്രാവചകരേ?'' (മുസ്‌ലിം 886). `സഫ ആഉല്‍ ഖൈദനി' എന്നാണ്‌ ഹദീസില്‍ പറയുന്നത്‌. കവിളില്‍ കറുത്ത പുള്ളിയുള്ള എന്നാണ്‌ ഇമാം നവവി(റ) ഇതിന്‌ അര്‍ഥം പറയുന്നത്‌. (ശറഹുല്‍ മുസ്‌ലിം 3-444) വസ്‌ത്രധാരണത്തിന്റെ നിയമം വന്നതിന്‌ ശേഷവും സ്വഹാബാ വനിതകള്‍ മുന്‍കയ്യും മുഖവും ബാക്കിവെയ്‌ക്കുന്നു. ഇസ്‌ലാമിക വേഷമല്ലാതെ മുഖം മറച്ചിരുന്നില്ല എന്നതിന്‌ ഈ സംഭവം തെളിവാകുന്നു. സ്‌ത്രീകളുടെ നിയമ വിഷയത്തില്‍ ഏറെ കര്‍ക്കശക്കാരനായിരുന്നു ഉമര്‍(റ). അദ്ദേഹത്തിന്റെ ഭരണകാലത്തും സ്‌ത്രീകള്‍ മുഖം മറച്ചിരുന്നില്ല.

 by ജമീല ടീച്ചർ എടവണ്ണ @ ശബാബ് വാരിക

ചതിപ്രയോഗത്തിന്റെ വിപത്ത്‌

"ഒരു പ്രവാചകനും ചതിക്കുകയില്ലതന്നെ. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിക്കപ്പെട്ടതുമായി ഖിയാമത്ത്‌ നാളില്‍ വരുന്നതാണ്‌. പിന്നീട്‌ എല്ലാ വ്യക്തികള്‍ക്കും തന്റെ കര്‍മഫലം പൂര്‍ണമായി നല്‌കപ്പെടുന്നു. ആരോടും യാതൊരനീതിയും ഉണ്ടായിരിക്കുന്നതല്ല.” (ഖുര്‍ആന്‍ 3:161) 

മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിക്കാണ്‌ പ്രവാചകന്മാര്‍ നിയുക്തരായത്‌. മാതൃകാ യോഗ്യരായാണ്‌ അവര്‍ ജീവിതം നയിച്ചത്‌. വിരോധിക്കപ്പെട്ട ഒരു ദുര്‍ഗുണവും അവരില്‍ നിന്നുണ്ടായിട്ടില്ല. നീതിപൂര്‍വകമായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ചതിയും വഞ്ചനയും അവരില്‍ നിന്നുണ്ടാവുകയേ ഇല്ല. എന്നിരിക്കേ ഉഹ്‌ദ്‌ യുദ്ധവേളയില്‍ മലമുകളില്‍ നിന്നിരുന്ന ചിലര്‍, ഗനീമത്ത്‌ സ്വത്തിന്റെ വിഹിതം ഞങ്ങള്‍ക്ക്‌ ലഭിക്കാതെ പോകുമോ എന്ന്‌ സംശയിച്ച്‌, അനുമതി ലഭിക്കുന്നതിന്‌ മുമ്പേ ഇറങ്ങിവന്നത്‌ ഒട്ടും ശരിയായിരുന്നില്ല. നബി(സ) നീതിപൂര്‍വം മാത്രമേ സ്വത്ത്‌ വിഭജനവും വിതരണവുംനടത്തുകയുള്ളൂ എന്നാണ്‌ ഈ വചനത്തിലെ ആദ്യഭാഗം സൂചിപ്പിക്കുന്നത്‌. കുതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയും അനര്‍ഹമായത്‌ കൈക്കലാക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ തുടര്‍ന്ന്‌ പറയുന്നത്‌. ആരും അറിയാതെ സൂത്രത്തില്‍ കൈവശപ്പെടുത്തിയ വസ്‌തുക്കള്‍ പരലോകത്ത്‌ തനിക്ക്‌ വന്‍ ദുരന്തമാണ്‌ വരുത്താന്‍ പോകുന്നത്‌. മുഴുവന്‍ മനുഷ്യരും സമ്മേളിക്കുന്നിടത്ത്‌ വഞ്ചിച്ചെടുത്ത വസ്‌തുക്കളുമായി, നാണം കെട്ട്‌ വരുന്ന മനുഷ്യന്റെ ചിത്രമാണിവിടെ അല്ലാഹു വരച്ചുകാണിക്കുന്നത്‌. വഞ്ചിച്ചെടുത്ത ചെറുതും വലുതുമായ വസ്‌തുക്കള്‍ ചുമലില്‍ പേറിയാണ്‌ അവന്‍ പരലോകത്ത്‌ വരിക.

നബി(സ) പറഞ്ഞു: “നിങ്ങളിലൊരാള്‍ അവന്റെ പിരടിയില്‍ അലറി ശബ്‌ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍ വരുന്നത്‌ ഞാന്‍ കാണാതിരിക്കട്ടെ” (ബുഖാരി, മുസ്‌ലിം). മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: “ഹേ മനുഷ്യരേ, നിങ്ങളില്‍ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്‌തിട്ട്‌ അതില്‍ നിന്ന്‌ ഒരു സൂചിയോ അതിനേക്കാള്‍ വലിയ വല്ലതുമോ ഒളിച്ച്‌ വെക്കുന്നപക്ഷം അത്‌ വഞ്ചനയാകുന്നു. അവന്‍ അതുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍വരും” (അബൂദാവൂദ്‌, മുസ്‌ലിം). ഒരിക്കല്‍ അസദ്‌ ഗോത്രക്കാരനായ ഒരാളെ സക്കാത്ത്‌ പിരിക്കാന്‍ നബി(സ) പറഞ്ഞയച്ചു. അയാള്‍ തിരിച്ചുവന്നപ്പോള്‍ പറഞ്ഞു: ഇത്‌ നിങ്ങള്‍ക്കുള്ള സക്കാത്താണ്‌. ഇത്‌ എനിക്ക്‌ സമ്മാനമായി കിട്ടിയതുമാണ്‌. അപ്പോള്‍ നബി(സ) മിമ്പറില്‍ കയറി പറഞ്ഞു: എന്താണ്‌ ചില ജീവനക്കാരുടെ സ്ഥിതി? അവന്‍ സ്വന്തം വീട്ടിലിരുന്നാല്‍ അവന്‌ സമ്മാനം കിട്ടുമായിരുന്നോ? നിങ്ങളില്‍ ആരെങ്കിലും അങ്ങനെ അവിഹിതമായി നേടിയെടുത്താല്‍ അത്‌ പിരടിയില്‍ ചുമന്ന്‌ പരലോകത്ത്‌ വരാതിരിക്കില്ല (ബുഹാരി).

വഞ്ചനയിലൂടെയും ചതിയിലൂടെയും പലതും ഒപ്പിച്ചെടുക്കുന്നവര്‍ നാളെ നേരിടാന്‍ പോകുന്ന സ്ഥിതി വിശേഷമാണിത്‌. അല്ലാഹു കാത്തുരക്ഷിക്കട്ടെ.

by അബ്‌ദു സലഫി @ പുടവ മാസിക

ആരാധനകളിലെ ഏകാഗ്രത

അല്ലാഹു മനുഷ്യനു മേല്‍ ചില ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമാക്കിയതിലും ചര്യയാക്കിയതിലും പല ഉദ്ദേശ്യലക്ഷ്യങ്ങളുമുണ്ട്‌. എന്നാല്‍ നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ഒരു ചടങ്ങ്‌ എന്നതിലുപരി അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ എത്തുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. നമസ്‌കാരവും നോമ്പും അനുഷ്‌ഠിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാള്‍ എത്രയോ കൂടുതലാണ്‌. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. സകാത്തിന്റെ കാര്യത്തിലാണ്‌ അല്‍പമെങ്കിലും ആളുകള്‍ അലസന്മാരാവുന്നത്‌. നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കറിന്‌(റ) ആദ്യമായി യുദ്ധംചെയ്യേണ്ടിവന്നത്‌ സകാത്ത്‌ മുടക്കികളോടായിരുന്നുവല്ലോ. നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നോമ്പിലും നമസ്‌കാരങ്ങളിലും ഹജ്ജിലും ഉംറയിലും സകാത്തുകളിലും സമ്പൂര്‍ണമായ ഏകാഗ്രത നമുക്ക്‌ ലഭിക്കുന്നുണ്ടോ?

നമുക്ക്‌ രാഷ്‌ട്രീയം പറയാന്‍, കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍, സംഘടനാ കാര്യം സംസാരിക്കാന്‍ കച്ചവടത്തിലും കൃഷിയിലും ലാഭവും നഷ്‌ടവും വിലയിരുത്താന്‍ ഒക്കെ യഥേഷ്‌ടം സമയമുണ്ട്‌. പക്ഷെ, നമസ്‌കരിക്കാനും അല്ലാഹുവോട്‌ പ്രാര്‍ഥിക്കാനും നമുക്ക്‌ സമയമില്ല. നമുക്കതില്‍ വേണ്ടത്ര താല്‌പര്യമോ ഏകാഗ്രതയോ ഇല്ല. പരലോകചിന്ത നമ്മില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ശരീരംകൊണ്ടു ചെയ്യുന്ന ഏറ്റവും ശ്രേഷ്‌ഠകരമായ ആരാധന നമസ്‌കാരമാണ്‌. നമസ്‌കാരത്തില്‍ കാര്യമായ ഏകാഗ്രത ലഭിക്കുന്നുണ്ടോ? ഏകാഗ്രത ലഭിക്കുന്നുണ്ടെങ്കില്‍ അതിന്‌ മൂന്ന്‌ കാരണങ്ങള്‍ ഉണ്ടാകും. ഒന്ന്‌: നിയ്യത്ത്‌, രണ്ട്‌: നിഷ്‌കളങ്കത (ഇഖ്‌ലാസ്‌), മൂന്ന്‌: നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചു തന്നതുപോലെ നിര്‍വഹിക്കുക. ഏതൊരു കര്‍മം ചെയ്യുമ്പോഴും അത്‌ മാത്രം നിജപ്പെടുത്തി അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കുന്നു എന്ന്‌ മനസ്സില്‍ കരുതുന്നതാണ്‌ നിയ്യത്ത്‌. ``തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്ത്‌ അനുസരിച്ച്‌ മാത്രമാണ്‌'' (ബുഖാരി) എന്ന നബിവചനം നിയ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.

 അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യംവെച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വഹിക്കുകയെന്നതാണ്‌ നിഷ്‌കളങ്കത അഥവാ ഇഖ്‌ലാസ്‌. ആരും കാണാന്‍ വേണ്ടിയല്ല, അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. അല്ലാഹു പറയുന്നു: ``എല്ലാ കീഴ്‌വണക്കവും അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ നിഷ്‌കളങ്കരായി അല്ലാഹുവെ ആരാധിക്കാനല്ലാതെ അവര്‍ കല്‌പിക്കപ്പെട്ടിട്ടില്ല.'' (98 അല്‍ബയ്യിനത്‌ 5) നബി(സ)യാണ്‌ എല്ലാ കാര്യത്തിലും നമ്മുടെ മാതൃക. അത്‌ വിശ്വാസകാര്യങ്ങളായിരുന്നാലും കര്‍മങ്ങളായിരുന്നാലും. നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചുതന്നതുപോലെ നമ്മള്‍ നമസ്‌കരിക്കണം. അത്‌ നബി(സ) തന്നെ നമ്മോട്‌ കല്‌പിച്ചിട്ടുള്ളതാണ്‌. ``ഞാന്‍ നമസ്‌കരിക്കുന്നത്‌ നിങ്ങള്‍ ഏത്‌ രൂപത്തില്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കുക.'' (ബുഖാരി). മേല്‍പറഞ്ഞ മൂന്ന്‌ കര്‍മങ്ങളും സമ്പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നമസ്‌കാരം നിര്‍വഹിക്കുന്നതെങ്കില്‍ നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കും. അഥവാ അല്ലാഹുവെ നേരില്‍ കണ്ട്‌ സംസാരിക്കുന്നതു പോലെ അവനുമായി സംഭാഷണം നടത്താന്‍ സാധിക്കും.

നമസ്‌കാരത്തില്‍ `അല്ലാഹുവുമായുള്ള സംഭാഷണം നടത്തുന്നതിനിടയില്‍ ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കുക' എന്നതാണ്‌ ഏകാഗ്രത കൊണ്ടുദ്ദേശിക്കുന്നത്‌. മറിച്ച്‌ നമസ്‌കാരത്തിന്റെ നിയ്യത്ത്‌ വ്യക്തമല്ലാത്ത അവസ്ഥയില്‍ സമൂഹത്തില്‍ ഞാനും നടത്തേണ്ട ഒരു ചടങ്ങ്‌ എന്ന നിലയില്‍ അശ്രദ്ധമായി ചിന്തകള്‍ എവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ട്‌ നടത്തുന്ന നമസ്‌കാരം ഏകാഗ്രമായിരിക്കുകയില്ല. അത്‌ കുറ്റകരവും കൂടിയായിരിക്കും. അതുകൊണ്ട്‌ അല്ലാഹു ഉദ്ദേശിച്ച നന്മകള്‍ അവന്റെ നമസ്‌കാരം കൊണ്ട്‌ സമൂഹത്തിന്‌ ലഭിക്കുന്നതുമല്ല. അല്ലാഹുവും റസൂലും കല്‌പിച്ച വിധം നമസ്‌കരിക്കുന്നവര്‍ സമൂഹത്തിന്‌ നന്മ ചെയ്യുന്നവരാണ്‌. അല്ലാത്തവര്‍ സമൂഹത്തിന്‌ ഉടക്ക്‌ വെക്കുന്നവരാണെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം.'' (107 മാഊന്‍ 4-7). 

നമസ്‌കാരം കൊണ്ട്‌ ശിക്ഷ ലഭിക്കുന്നവരെ സംബന്ധിച്ചാണ്‌ മേല്‍ പ്രസ്‌താവിച്ചത്‌. അവര്‍ നമസ്‌കരിക്കുന്നത്‌ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ല. മറിച്ച്‌, ആളുകളെ കാണിക്കാന്‍ വേണ്ടിയാണ്‌. അതിനാല്‍ അവര്‍ തങ്ങളുടെ നമസ്‌കാരം അശ്രദ്ധമായി നിര്‍വഹിക്കുന്നവരാണ്‌. ഇത്തരം നമസ്‌കാരം ആത്മാര്‍ഥതയില്ലാതെ നമസ്‌കരിക്കുന്നവര്‍ മനുഷ്യന്‌ ഉപകാരം ചെയ്യുന്നവരല്ല. അത്‌ തടഞ്ഞുവെക്കുന്നവരാണ്‌. അല്ലാഹുവും റസൂലും കല്‌പിച്ചതുപോലെ നമസ്‌കരിക്കുന്നവര്‍ക്ക്‌ അവരുടെ നമസ്‌കാരങ്ങളില്‍ ഏകാഗ്രത ഉണ്ടാകുമെന്ന്‌ മാത്രമല്ല, അവരില്‍ നിന്ന്‌ മനുഷ്യര്‍ക്ക്‌ നന്മയേ ഉണ്ടാകൂ എന്നും മേല്‍വചനം സൂചന നല്‍കുന്നുണ്ട്‌. മാതൃകാപരമായി നമസ്‌കരിക്കുന്നവരില്‍ നിന്ന്‌ തെറ്റുകുറ്റങ്ങള്‍ കുറയുമെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദീകരിച്ചുതരുന്നുണ്ട്‌. ``തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍ക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു'' (29 അന്‍കബൂത്‌ 45). ``അബൂഹുറയ്‌റ പറയുന്നു: ``നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ വീടിന്റെ വാതിലിന്നരികെ ഒരു ജലാശയമുണ്ടായിരിക്കുകയും എല്ലാ ദിവസവും അതില്‍ നിന്ന്‌ അഞ്ചുതവണ കുളിക്കുകയും ചെയ്‌താല്‍ അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? നിങ്ങളെന്ത്‌ അഭിപ്രായപ്പെടുന്നു? അവര്‍ പറഞ്ഞു: അവന്റെ ശരീരത്തില്‍ യാതൊരുവിധ അഴുക്കും ചേറും അവശേഷിക്കുന്നതല്ല. നബി(സ) പറഞ്ഞു: അതുപോലെയാണ്‌ അഞ്ച്‌ വഖ്‌ത്‌ നമസ്‌കാരങ്ങള്‍. അവ കാരണം അവന്റെ പാപങ്ങള്‍ അല്ലാഹു മായ്‌ചുകളയുന്നു'' (മുത്തഫഖുന്‍ അലൈഹി). 

ഏകാഗ്രതയുള്ള നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും മനുഷ്യരെ പാപങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഒരാളുടെ നമസ്‌കാരംകൊണ്ട്‌ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരം ശരിയായ രീതിയിലല്ല എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നമസ്‌കാരം നിര്‍ബന്ധമായും അഞ്ചുതവണ അല്ലാഹു നിര്‍ബന്ധമാക്കാന്‍ കാരണം രണ്ടാണ്‌. ഒന്ന്‌ ചീത്തയും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന്‌ അകന്നുനില്‌ക്കല്‍. രണ്ട്‌, അല്ലാഹുവിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കല്‍. അല്ലാഹുവെ ഓര്‍ക്കുക എന്നുവെച്ചാല്‍ അവനെ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യുക എന്നതാണ്‌. അപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. പണ്ഡിതനായിരുന്നാലും പാമരനായിരുന്നാലും അഞ്ചുതവണ കൃത്യമായി അയാള്‍ നമസ്‌കരിച്ചിട്ടും അയാളുടെ ദുസ്വഭാവങ്ങളിലും തെറ്റുകുറ്റങ്ങളിലും കാര്യമായ മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരത്തിന്‌ എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കാം. ആത്മാര്‍ഥമായും ഏകാഗ്രതയോടുകൂടിയും അല്ലാഹുവിന്‌ ആരാധനാകര്‍മങ്ങള്‍ അര്‍പ്പിക്കുന്നവരുടെ സല്‍കര്‍മങ്ങള്‍ സഹസൃഷ്‌ടികള്‍ക്കും അനുഗ്രഹമായി മാറുന്നു. കൃത്യമായി സകാത്തും സ്വദഖയും വിതരണം ചെയ്യുന്നവരുടെ സന്മനസ്സ്‌ സമസൃഷ്‌ടികള്‍ക്ക്‌ അനുഗ്രഹമായി മാറുന്നതുപോലെ. 

ആരാധനാകര്‍മങ്ങളിലുള്ള ആത്മാര്‍ഥതയും ഏകാഗ്രതയും കുറയാനുള്ള പ്രധാന കാരണം ഭൗതികതാല്‌പര്യങ്ങളാണ്‌. പള്ളിയില്‍ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ തന്നെ രണ്ടുവിധം ആളുകളുണ്ട്‌. ഒന്ന്‌ ജമാഅത്ത്‌ പ്രതീക്ഷിച്ചിരിക്കുന്നവര്‍. ഇക്കൂട്ടര്‍ വളരെ വിരളമായിരിക്കും. ഈ കൂട്ടര്‍ അവിടെ നടക്കുന്ന സംസാരങ്ങളില്‍ പങ്കെടുക്കാതെ ഖുര്‍ആന്‍ പഠനത്തിലോ പാരായണത്തിലോ മുഴുകുന്നവരായിരിക്കും. രണ്ട്‌, ഒരു നമസ്‌കാരസമയം കഴിഞ്ഞ്‌ മറ്റൊരു നമസ്‌കാരസമയം വരെ മതരാഷ്‌ട്രീയ സാമൂഹ്യ ചര്‍ച്ചകള്‍ സജീവമാക്കുന്നവര്‍. ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും പരദൂഷണത്തിലും പൊറുക്കപ്പെടാത്ത പാപങ്ങളിലുമാണ്‌ ചെന്നെത്തിക്കുക. അതിനാല്‍ ഇത്തരക്കാരുടെ ജമാഅത്തിന്റെയും മറ്റു ആരാധനാകര്‍മങ്ങളുടെയും പ്രതിഫലം പരലോകത്ത്‌ മറ്റുള്ളവര്‍ കൈവശപ്പെടുത്താനും നേടിയെടുക്കാനും കാരണമാകുന്നു. നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയും ഏകാഗ്രതയും ഉള്ളതായിത്തീരണമെങ്കില്‍ വിനയമുള്ള മനസ്സ്‌ നിര്‍ബന്ധമാണ്‌. അല്ലാഹു വിലയിരുത്തുന്നത്‌ നമ്മുടെ ജാടകളെയോ വേഷഭൂഷാദികളെയോ അല്ല. മറിച്ച്‌, നമ്മുടെ മനസ്സിനെയും കര്‍മങ്ങളെയുമാണ്‌.

നാം പലപ്പോഴും വിലയിരുത്താറുള്ളത്‌ ഒരാളുടെ താടിയുടെ നീളം, നമസ്‌കാരത്തഴമ്പ്‌ തുടങ്ങിയവയാണ്‌. അല്‌പം വാചാലതയും കൂടിയായാല്‍ അയാള്‍ക്ക്‌ തുല്യര്‍ കുറയും. അതൊന്നുമല്ല ഒരു സത്യവിശ്വാസിയെ വിലയിരുത്താനുള്ള മാനദണ്ഡം. ഒരാളുടെ താടിയുടെ നീളത്തെക്കാളും വീതിയെക്കാളും അയാള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയവിശാലതയാണ്‌ നാം കണക്കാക്കേണ്ടത്‌. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ `സുജൂദിന്റെ അടയാളങ്ങള്‍ മുഖത്തായിരിക്കും' എന്നാണ്‌. അതുകൊണ്ടുദ്ദേശിക്കുന്നത്‌ അയാളുടെ സ്വഭാവമാണ്‌. നബി(സ)യുടെ വിയര്‍പ്പിനെക്കുറിച്ചു പോലും ഹദീസുകളില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ അവിടുത്തെയോ നാല്‌ ഖലീഫമാരുടെയോ നമസ്‌ക്കാരത്തഴമ്പുകളെ സംബന്ധിച്ച്‌ കാര്യമായ പരാമര്‍ശങ്ങള്‍ എവിടെയും വന്നിട്ടില്ല. നമ്മുടെ മനസ്സും പ്രവര്‍ത്തനങ്ങളുമാണ്‌ വിലയിരുത്തപ്പെടേണ്ടത്‌.

അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (91 ശംസ്‌ 9,10). ``തീര്‍ച്ചയായും അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ ശരീരത്തിലേക്കോ രൂപഭംഗിയിലേക്കോ അല്ല. പക്ഷെ അവന്‍ നോക്കുന്നത്‌ നിങ്ങളുടെ മനസ്സിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). അഹങ്കാരം ഒരിക്കലും ഒരാള്‍ക്കും പരലോകവിജയം നല്‍കുന്നതല്ല. വിനയമുള്ളവനേ ആരാധനാ കര്‍മങ്ങളിലും മറ്റു സല്‍ക്കര്‍മങ്ങളിലും ഏകാഗ്രതയും ആത്മാര്‍ഥതയും പുലര്‍ത്താന്‍ കഴിയൂ. വിനയത്തില്‍ ഏറ്റവും ഉന്നതമായത്‌ മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക എന്നതാണ്‌. അതിനു കഴിയാത്തവര്‍ക്ക്‌ സല്‍ക്കര്‍മികളാവാന്‍ സാധ്യമല്ല.

 by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ് വാരിക

ജീവിതവിശുദ്ധി നേടാന്‍ വന്‍പാപങ്ങള്‍ വര്‍ജിക്കുക

ജീവിതവിശുദ്ധിയിലൂടെ വിജയം കൈവരിക്കുക എന്നതാണ്‌ ഇസ്‌ലാമിന്റെ ജീവിത വീക്ഷണത്തിന്റെ അടിത്തറ. ഈ ലോകജീവിതം വിജയകരമായി മുന്നോട്ടുനീക്കുക എന്ന താത്‌ക്കാലിക സംവിധാനത്തിനപ്പുറം മരണാനന്തര ജീവിതം കൂടി ധന്യമാക്കാന്‍ ഉതകുംവിധം ജീവിതം നയിക്കുക എന്നതാണ്‌ സത്യവിശ്വാസിയുടെ ബാധ്യത. നന്മകള്‍ ധാരാളമായി ചെയ്യുകയും തിന്മകള്‍ വെടിയുകയും ചെയ്യുക എന്നതാണല്ലോ ജീവിതവിശുദ്ധി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്മതിന്മകള്‍ അവനവന്‍ തീരുമാനിക്കുന്നതല്ല. ദൈവികമായ അറിയിപ്പുകള്‍ അനുസരിച്ചാണ്‌ ആത്യന്തികമായി നന്മയേത്‌ തിന്മയേത്‌ എന്ന്‌ വ്യവച്ഛേദിക്കപ്പെടേണ്ടത്‌. എല്ലാ മതങ്ങളും-അല്ല, മാനവസമൂഹം ഒന്നടങ്കം- അംഗീകരിക്കുന്ന ചില നന്മകളുണ്ട്‌. അതുപോലെ തന്നെ ഒരാള്‍ക്കും പക്ഷാന്തരമില്ലാത്ത ചില ചീത്ത കാര്യങ്ങളുമുണ്ട്‌.

ഇസ്‌ലാമാകട്ടെ, ചെറുതും വലുതുമായ നന്മതിന്മകളുടെയൊക്കെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും വ്യക്തമാക്കിയിട്ടുണ്ടുതാനും. ഈയടിസ്ഥാനത്തില്‍ നന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക്‌ മരണാനന്തരജീവിതത്തില്‍ രക്ഷയും -സ്വര്‍ഗപ്രവേശം- തിന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക്‌ ശിക്ഷയും-നരകം- ഉണ്ടെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഒരുപാട്‌ പുണ്യം ചെയ്‌ത്‌ ജീവിതം ധന്യമാക്കി ആത്മീയതയുടെ അത്യുന്നതിയിലെത്തുന്നവരുണ്ട്‌. എന്നാല്‍ വിശുദ്ധ ജീവിതത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപമെങ്കിലും കാഴ്‌ചവയ്‌ക്കാന്‍ നമുക്ക്‌ കഴിയണം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്‌: വന്‍പാപങ്ങളും (കബാഇര്‍) മ്ലേച്ഛവൃത്തികളും (ഫവാഹിശ്‌) വെടിഞ്ഞു ജീവിക്കാന്‍ തയ്യാറാകുന്നവരില്‍ വന്നുപോയേക്കാവുന്ന ചെറുതിന്മകള്‍ ദയാലുവായ അല്ലാഹു പൊറുത്തുരും. അഥവാ മാനുഷികമായി വന്നുഭവിച്ചേക്കാവുന്ന ദോഷങ്ങളല്ലാത്ത വന്‍പാപങ്ങള്‍ വെടിഞ്ഞ്‌ ജീവിക്കുക എന്നതാണ്‌ ഉദ്ദേശ്യം.

 പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: `നിങ്ങള്‍ വന്‍പാപങ്ങള്‍ വെടിയുക' അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: `ഏതാണ്‌ പ്രവാചകരേ, വന്‍പാപങ്ങള്‍?' അദ്ദേഹം ഏഴ്‌ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു: `അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്‌), മാരണവും കൂടോത്രവും (സിഹ്‌റ്‌) ചെയ്യുക, അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിച്ചുകളയുക, പലിശ ഭക്ഷിക്കുക, അനാഥയുടെ ആസ്‌തി അന്യായമായി അനുഭവിക്കുക, ഇസ്‌ലാമിക സമൂഹത്തിന്റെ രക്ഷയ്‌ക്കായുള്ള പൊതുമുന്നേറ്റത്തില്‍നിന്ന്‌ പിന്‍വലിയുക, പതിവ്രതകളായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കുക'. അതുപോലെ ഇസ്‌ലാം നിര്‍ണിതശിക്ഷ (ഹദ്ദ്‌) നിശ്ചയിച്ച വ്യഭിചാരം, മോഷണം മുതലായവ ഉള്‍പ്പെടെയുള്ള വന്‍പാപങ്ങളും (കബാഇര്‍) സ്വവര്‍ഗരതി മുതലായ ലൈംഗിക അരാജകത്വങ്ങളും (ഫവാഹിശ്‌) പാപങ്ങളുടെ താക്കോലായ മദ്യപാനവും പൂര്‍ണമായും വെടിഞ്ഞാല്‍ തന്നെ ഒരളവോളം ജീവിതവിശുദ്ധി കൈവരിക്കാനാവും. 

മനുഷ്യര്‍ മാലാഖമാരെപ്പോലെ പാപം ചെയ്യാത്തവരോ ദൈവദൂതന്മാരായ മനുഷ്യരെപ്പോലെ പാപസുരക്ഷിതത്വം (ഇസ്‌മത്‌) ലഭിച്ചവരോ അല്ല. തെറ്റുകള്‍ ചെയ്യാന്‍ സാധ്യതയുള്ള പ്രകൃതമാണ്‌ മനുഷ്യരുടേത്‌. ഇങ്ങനെ സഹജമായ ദൗര്‍ബല്യത്താല്‍ ഒരുപാട്‌ വീഴ്‌ചകള്‍ വന്നുപോകാനിടയുണ്ട്‌. എന്നാല്‍ ബോധപൂര്‍വം ചെയ്യുന്ന നന്മകള്‍കൊണ്ട്‌ അവയെ മറികടക്കാനാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും സല്‍പ്രവര്‍ത്തനങ്ങള്‍ ചീത്ത കാര്യങ്ങളെ ഇല്ലാതാക്കിക്കളയും'. നബി(സ) ഇക്കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുന്നത്‌ നോക്കൂ: `നിഷിദ്ധ കാര്യങ്ങളെ നീ സൂക്ഷിക്കുക; നീ ജനങ്ങളില്‍ വച്ച്‌ ഏറ്റവും നല്ല ഭക്തനായിത്തീരും' (അഹ്‌മദ്‌).

വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ്‌ ഓരോ മനുഷ്യനെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്നത്‌. വ്യക്തി വിശുദ്ധി എല്ലാ മതങ്ങളും ഊന്നിപ്പറഞ്ഞ കാര്യമാണ്‌. ഇസ്‌ലാമാകട്ടെ, വിശുദ്ധജീവിതം നയിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും സാമൂഹിക ജീവിതത്തിനും ഏറെ പ്രാധാന്യം കല്‌പിക്കുന്നുണ്ട്‌. മുകളില്‍ സൂചിപ്പിച്ച വന്‍പാപങ്ങളില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന മഹാപാതകം (ശിര്‍ക്ക്‌) തികച്ചും വ്യക്‌തിപരമാണ്‌. അതേസമയം, മറ്റുള്ളവയെല്ലാം ശാന്തിയും സമാധാനവും നിലനില്‌ക്കുന്ന സമൂഹത്തിനാവശ്യമുള്ളതു കൂടിയാണ്‌. സമൂഹക്ഷേമത്തിനു വേണ്ടി ചെയ്യുന്ന ഓരോ കാര്യവും ഏറെ പ്രതിഫലാര്‍ഹമാണ്‌. മാത്രമല്ല, പുണ്യമെന്ന്‌ പറയുന്നത്‌ ദുന്‍യാവിന്റെ ഒരു മൂലയില്‍ ഒരാള്‍ ഒറ്റക്കിരുന്ന്‌ നാമം ജപിക്കുകയോ, തപസ്സു ചെയ്യുകയോ അല്ല. മറിച്ച്‌, താനല്ലാത്ത ഇതര മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കുപോലും പോറലേല്‍പിക്കാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ്‌ പുണ്യം.

 `നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടെ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‌കുകയും, കരാറിലേര്‍പ്പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാരോ അവരാണ്‌ പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍' (2:177). ജീവിതവിശുദ്ധിക്കായി നാം ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക്‌ വ്യക്തിപരമായിട്ടാണ്‌ പ്രതിഫലം ലഭിക്കുന്നത്‌. മനുഷ്യന്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക്‌ ശിക്ഷ ലഭിക്കുന്നതും അങ്ങനെത്തന്നെ. എന്നാല്‍ ഒരാളുടെ ചെയ്‌തികള്‍ സമൂഹത്തിന്‌ ദോഷകരമായി ഭവിക്കുമ്പോള്‍ അയാള്‍ ഭൗതികമായി ശിക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹസുരക്ഷയ്‌ക്കാണ്‌.

ജീവിതവിശുദ്ധിയിലൂടെ മറ്റൊരുവശം കൂടിയുണ്ട്‌. അറിവില്ലായ്‌മ മൂലമോ മറ്റു കാരണത്താലോ പുണ്യം ചെയ്യാത്ത, പാപങ്ങള്‍ ചെയ്‌തുകൂട്ടിയ, മനുഷ്യര്‍ക്കു പോലും നിരാശ വേണ്ട. ആത്മാര്‍ഥമായ കുറ്റബോധവും ആത്മവിചാരവും നിമിത്തമായി അല്ലാഹുവിനോട്‌ പാപമോചനത്തിന്‌ തേടിയാല്‍ കുറ്റവാളികള്‍ പോലും പുണ്യവാന്മാരായിത്തീരുകയും സ്വര്‍ഗപ്രവേശം സാധ്യമാവുകയും ചെയ്യുമെന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ (39:53). സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം ആത്യന്തിക വിജയം അഥവാ പരലോകമോക്ഷമാണ്‌. ഈ ലക്ഷ്യത്തിനായി ജീവിതം ക്രമപ്പെടുത്തിയവന്‍ ഈ ലോകത്തിനു വേണ്ടപ്പെട്ടവനാകും. അത്തരം വ്യക്തികള്‍ ചേര്‍ന്ന സമൂഹം മാതൃകാ യോഗ്യമാവുമെന്നതില്‍ സംശയമില്ല. അതായിരുന്നു പ്രവാചകശിഷ്യരായ സ്വഹാബത്തിന്റെ മാതൃക.

 from ശബാബ് വാരിക

കാരുണ്യത്തിന്റെ പ്രവാചകന്‍

`കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്നാണ്‌ ഖുര്‍ആന്‍ നബി(സ)യെ വിശേഷിപ്പിക്കുന്നത്‌. ജീവിതത്തിലുടനീളം കാരുണ്യത്തിന്റെ പാഠങ്ങള്‍ നല്‍കുന്നതായിരുന്നു പ്രവാചകന്റെ ജീവിതം. ആരാധനാ വേളകളില്‍പോലും നബി(സ) കാരുണ്യത്തിന്റെ ആവശ്യകത തന്റെ അനുയായികളെ പഠിപ്പിച്ചു. പ്രവാചകന്‍ പഠിപ്പിച്ച അല്ലാഹു കാരുണ്യത്തിന്റെ നിറകുടമാണ്‌. നാം ഒരു ചാണ്‍ അടുക്കുമ്പോള്‍ തന്നിലേക്ക്‌ ഒരു മുഴം അടുക്കുന്നു അല്ലാഹു. നാം നടന്നടുക്കുമ്പോള്‍ ഓടിയടുക്കുന്നു അല്ലാഹു.

കാരുണ്യം ആദ്യം കാണിക്കേണ്ടത്‌ തന്നോടുതന്നെയായിരിക്കണമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചു. ഒരാള്‍ക്ക്‌ അയാളോട്‌ കാരുണ്യമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ അതാവശ്യമുണ്ടെന്ന്‌ ബോധ്യം വരില്ല. നോമ്പുകാലത്ത്‌ ഒരു യാത്രാവേളയില്‍ സഹയാത്രികര്‍ വല്ലാതെ വിഷമിക്കുന്നത്‌ പ്രവാചകന്റെ ശ്രദ്ധേയില്‍പെട്ടു. അദ്ദേഹം ഒരു വെള്ളപ്പാത്രം പൊക്കിക്കാണിച്ച്‌ അതില്‍ നിന്നും കുടിച്ചുകൊണ്ട്‌ വ്രതം അവസാനിപ്പിച്ചു. എന്നിട്ടും ചിലര്‍ നോമ്പു മുറിക്കാന്‍ തയ്യാറായില്ല. ഈ വിവരം അറിഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “അവര്‍ കുറ്റവാളികളാണ്‌. കാരണം അവര്‍ ആരാധനപീഡനമാക്കി മാറ്റുകയാണ്‌”.

വിശന്നുകൊണ്ട്‌ നമസ്‌കാരം പോലും വേണ്ടെന്ന്‌ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌. ആദ്യം ഭക്ഷണം, പിന്നീട്‌ നമസ്‌കാരം. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വിളനിലമായിരുന്നു പ്രവാചകന്റെ ജീവിതം. അഹങ്കാരത്തിന്റെ ലാഞ്ചനപോലും തിരുമേനിയുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കണ്ടുമുട്ടുമ്പോള്‍ ആദ്യം സലാം പറഞ്ഞിരുന്നത്‌ പ്രവാചകനായിരുന്നു. ഹസ്‌തദാനം ചെയ്‌താല്‍ ഒരിക്കലും പ്രവാചകന്‍ ആദ്യം കൈ പിന്‍വലിച്ചിരുന്നില്ല. തന്നോട്‌ അതിരുകവിഞ്ഞ ആദരവ്‌ പ്രകടിപ്പിക്കല്‍ പ്രവാചകന്‍ വിലക്കിയിരുന്നു. ഒരിക്കല്‍ ഒരാൾ തിരുമേനിയെ കണ്ടമാത്രയില്‍ പേടിച്ചുവിറക്കാന്‍ തുടങ്ങി. “പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ രാജാവൊന്നുമല്ല. ഉണക്ക മാംസം പാചകം ചെയ്‌ത്‌ കഴിച്ചിരുന്ന ഒരു പാവം ഖുറൈശി വനിതയുടെ മകനാണ്‌ ഞാന്‍” എന്ന്‌ പറഞ്ഞ്‌ പ്രവാചകന്‍ അയാളെ ആശ്വസിപ്പിച്ചു.

പ്രവാചകനെ നിരന്തരം ദ്രോഹിച്ചിരുന്നവരുടെ നാശംപോലും പ്രവാചകന്‍ ആഗ്രഹിച്ചിരുന്നില്ല. ശത്രുക്കളുടെ ആക്രമണം മൂലം മക്കാജീവിതം ദുസ്സഹമായപ്പോള്‍ തിരുമേനി(സ) ത്വാഇഫിലെത്തി. അവിടെയും തിരസ്‌കാരവും മര്‍ദനങ്ങളുമായിരുന്നു തിരുമേനിക്ക്‌ അനുഭവിക്കേണ്ടിവന്നത്‌. ത്വാഇഫ്‌ നിവാസികള്‍ പ്രവാചകനെ കല്ലെറിയുകയും തെമ്മാടികളെവിട്ട്‌ അപമാനിക്കുകയും ചെയ്‌തു. എന്നിട്ടും അവര്‍ക്കുവേണ്ടി പ്രവാചകന്‍ പ്രാര്‍ഥിക്കുകയാണ്‌ ചെയ്‌തത്‌. “നാഥാ, എന്റെ ജനത വിവരമില്ലാത്തവരാണ്‌. അവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ സന്മാര്‍ഗത്തിലാക്കേണമേ’'.മനുഷ്യര്‍ക്കുവേണ്ടി തപിക്കുന്നതായിരുന്നു പ്രവാചകന്റെ ഹൃദയം. എന്റെ കണ്ണുകള്‍ ഉറങ്ങുന്നു; എന്റെ ഹൃദയം ഉറങ്ങുന്നില്ല എന്നു പറയാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത്‌ ഈ സ്‌നേഹമായിരുന്നു.

ഒരിക്കല്‍ പ്രസംഗപീഠത്തില്‍ കയറി പ്രവാചകന്‍ പറഞ്ഞു: “ഞാന്‍ ആരുടെയെങ്കിലും ധനം അപഹരിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ ധനം എടുത്തുകൊള്ളുക. ഞാന്‍ ആരെയെങ്കിലും പ്രഹരിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ ശരീരം പ്രഹരിച്ചുകൊള്ളുക". കാരുണ്യം മനസ്സില്‍ നിറഞ്ഞ ഒരാള്‍ക്കുമാത്രമേ ഇങ്ങനെ പറായന്‍ കഴിയുകയുള്ളൂ. കാരുണ്യത്തിന്‌ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അത്‌ മനുഷ്യഹൃദയത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കും. പ്രവാചകന്‍ പോകുന്ന വഴിയില്‍ ഒളിച്ചിരുന്നു ചപ്പുചവറുകള്‍ മേലേക്കിട്ട്‌ രസിച്ചിരുന്ന ഒരു ജൂതപ്പെണ്‍കുട്ടിയുടെ കഥ പ്രസിദ്ധമാണല്ലോ. തന്റെ ഈ വീരകൃത്യം മറ്റുള്ളവരോട്‌ പറഞ്ഞ്‌ അവള്‍ ഏറെ അഹങ്കരിക്കുകയും ചെയ്‌തിരുന്നു. തിരുമേനിയുടെ അനുചരര്‍ക്ക്‌ ഇത്‌ ഇഷ്‌ടപ്പെട്ടില്ല. അവളെ ഒരു പാഠം പഠിപ്പിക്കട്ടെയെന്ന്‌ അവര്‍ പ്രവാചകനോട്‌ സമ്മതം ചോദിച്ചു. പ്രവാചകന്‍ സമ്മതിച്ചില്ല. “എനിക്ക്‌ അതുകൊണ്ട്‌ വലിയ പ്രയാസമൊന്നുമില്ല. ആ പെണ്‍കുട്ടിയാണെങ്കില്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്യുന്നു. ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമാണ്‌. സഹിക്കുന്നതിലാണ്‌ അവന്‍രെ പ്രീതിയും പ്രതിഫലവും ഉണ്ടാവുക”.

പിന്നീട്‌ കുറെ ദിവസത്തേക്ക്‌ അവളുടെ ഉപദ്രവം ഉണ്ടായില്ല. പ്രവാചകന്‍ അവളെക്കുറിച്ച്‌ അന്വേഷിച്ചു. അവള്‍ക്ക്‌ സുഖമില്ലെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. സുഖമില്ലാതെ കിടക്കുന്ന അവളെ കാണാന്‍ തിരുമേനി എത്തി. അവള്‍ പരവശയായി വേദന തിന്ന്‌ കിടക്കുകയാണ്‌. “മകളേ, നിനക്ക്‌ ശരീരം വേദനിക്കുന്നുണ്ട്‌ അല്ലേ? എന്നെ ഉപദ്രവിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടാകും അല്ലേ? നീ വ്യസനിക്കേണ്ട. ഞാന്‍ ഇതാ. ഇഷ്‌ടമുള്ളതൊക്കെ ചെയ്‌തുകൊള്ളുക”. പ്രവാചകന്റെ വാക്കുകള്‍ അവളെ പശ്ചാത്താപവിവശയാക്കി. അവളും കുടുംബവും സത്യവിശ്വാസത്തിലേക്ക്‌ കടന്നുവരാന്‍ പിന്നെ താമസമുണ്ടായില്ല. അല്ലാഹുവിനെ സ്‌നേഹിച്ച അതേ തീവ്രതയോടെ അല്ലാഹുവിന്റെ സൃഷ്‌ടികളെയും പ്രവാചകന്‍ സ്‌നേഹിച്ചു. മക്കയില്‍ പ്രവാചകനെ സര്‍വശക്തിയുമുപയോഗിച്ച്‌ എതിര്‍ത്തവര്‍ക്കുപോലും ക്ഷാമകാലത്ത്‌ പ്രവാചകന്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. ബദ്‌റില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ നിലവിളികേട്ട മാത്രയില്‍ അവരെ മോചിപ്പിക്കാതെ പ്രവാചകന്‌ ഉറക്കം വന്നില്ല.

പ്രവാചകനെ നിരന്തരം എതിര്‍ത്തവര്‍ മക്കാ വിജയത്തെ തുടര്‍ന്ന്‌ കീഴടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പൊതുമാപ്പ്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. മരണം പ്രതീക്ഷിച്ചു നിന്നവര്‍ക്ക്‌ ജീവിതമാണ്‌ തിരിച്ചുകിട്ടിയത്‌. “നിങ്ങളുടെ മേല്‍ ഒരു പ്രതികാര നടപടിയുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്‌” എന്ന്‌ പറഞ്ഞാണ്‌ അവരെ യാത്രയാക്കിയത്‌. ശത്രുക്കള്‍ക്കെതിരെ ശാപപ്രാര്‍ഥന നടത്താന്‍ അനുചരര്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ അതിനു തയ്യാറായില്ല. “അവര്‍ സന്മാര്‍ഗത്തിലേക്ക്‌ വന്നില്ലെങ്കിലും അവരുടെ പിന്‍തലമുറക്കാരില്‍ എനിക്ക്‌ പ്രതീക്ഷയുണ്ട്‌” എന്നായിരുന്നു പ്രവാചകന്‍ മറുപടി കൊടുത്തത്‌. മനുഷ്യരോട്‌ മാത്രമല്ല, അല്ലാഹുവിന്റെ സര്‍വസൃഷ്‌ടികളോടും കാരുണ്യം കാണിക്കാന്‍ പ്രവാചകന്‍ തന്റെ അനുയായികളോട്‌ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ മൃദുലഭാഗങ്ങളില്‍ ചൂടുവയ്‌ക്കുന്നതും കൂടുതല്‍ ഭാരം വലിപ്പിക്കുന്നതും പ്രവാചകന്‌ ഇഷ്‌ടപ്പെട്ടില്ല. മൃഗങ്ങളോടുള്ള പെരുമാറ്റത്തിലും അല്ലാഹുവിനെ ഭയപ്പെടണമെന്ന്‌ തിരുമേനി ഉപദേശിച്ചു.

ഒരിക്കല്‍ ഒരാള്‍ കുറച്ചു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവന്നു. അവയുടെ തള്ളപ്പക്ഷി അയാള്‍ക്കുമീതെ പറന്നുവന്ന്‌ കരഞ്ഞു ബഹളം വെയ്‌ക്കുന്നുണ്ടായിരുന്നു. തിരുമേനി ഇത്‌ കണ്ടു.പക്ഷിക്കുഞ്ഞുങ്ങളെ പൂര്‍വസ്ഥാനത്തുതന്നെ കൊണ്ടുപോയി വിടാന്‍ പ്രവാചകന്‍ ആജ്ഞാപിച്ചു. ദാഹിച്ചു വലഞ്ഞ ഒരു പട്ടിക്ക്‌ തന്റെ ചെരുപ്പ്‌ കിണറ്റില്‍ താഴ്‌ത്ത്‌ വെള്ളമെടുത്തു കൊടുത്തതിന്റെ പേരില്‍ പാപങ്ങള്‍ പൊറുത്തുകിട്ടിയ വേശ്യയുടെ കഥ പറഞ്ഞ്‌ സമസൃഷ്‌ടി സ്‌നേഹത്തിന്റെ ആവശ്യകത അനുയായികളെ ബോധ്യപ്പെടുത്തി. മുസ്‌ലിം സൈന്യത്തിന്റെ മക്കാ യാത്രയില്‍ ഒരു പട്ടി വഴിയില്‍ അതിന്റെ കുഞ്ഞുങ്ങളുമായി കിടന്നത്‌ പ്രവാചകന്‍ കണ്ടു. അവരെ ഉപദ്രവിക്കരുതെന്ന്‌ പ്രവാചകന്‍(സ) തന്റെ അനുയായികള്‍ക്ക്‌ നിര്‍ദേശം കൊടുത്തു. ആ നിര്‍ദേശം നടപ്പില്‍ വരുത്താന്‍ ഒരാളെ സൈന്യം കടന്നുപോകുന്നതുവരെ വഴിയില്‍ നിറുത്തുകയും ചെയ്‌തു.

കാരുണ്യവാനായ സ്രഷ്‌ടാവിന്റെ കാരുണ്യവാനായ പ്രവാചകനായിരുന്നു താനെന്ന്‌ തിരുമേനി ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു. ക്രൂതയെ ക്രൂരത കൊണ്ടല്ല, കാരുണ്യംകൊണ്ടാണ്‌ ജയിക്കേണ്ടതെന്‌ പഠിപ്പിച്ചു. കാരുണ്യത്തിന്റെ കൈകള്‍ നീട്ടി ആശ്വസിപ്പിക്കുമ്പോള്‍ ഏത്‌ കഠോര ഹൃദയവും കരുണാദ്രമായിത്തീരുമെന്നും ബോധ്യപ്പെടുത്തി.

By അസീസ്‌ അച്ചനമ്പലം @ പുടവ മാസിക

കുട്ടികളോട്‌ സംസാരിക്കേണ്ടതെങ്ങനെ?

മക്കളുടെ സാന്നിധ്യത്തില്‍ നിരുപദ്രവകരമെന്ന്‌ കരുതി മാതാപിതാക്കള്‍ നടത്തുന്ന പല പരാമര്‍ശങ്ങളും മക്കളുടെ സ്വഭാവ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്‌, മാതാപിതാക്കള്‍ അത്‌ വേണ്ടത്ര ഗൗനിക്കാറില്ലെങ്കിലും. കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ മാതാപിതാക്കളുടെ വാക്കുകള്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. മക്കളെ പ്രോത്സാഹിപ്പിച്ചും അനുമോദിച്ചും അവരെ വിലയിരുത്തിയും ദേഷ്യം പ്രകടിപ്പിച്ചും നാം പറയുന്ന വാക്കുകള്‍ തീര്‍ച്ചയായും അവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. കുട്ടികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ ഞാന്‍ ഇടപെടേണ്ടി വന്ന പല വിഷയങ്ങളിലും മാതാപിതാക്കളുടെ മോശം വാക്കുകളാണ്‌ കുട്ടികളെ തെറ്റായ മാര്‍ഗത്തിലേക്ക്‌ വഴിതിരിച്ചു വിടുന്നതിന്‌ കാരണമായിട്ടുള്ളതെന്ന്‌ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. മക്കളില്‍ നല്ലതല്ലാത്ത സ്വഭാവങ്ങള്‍ വളര്‍ത്തുന്നതിനും അവരുടെ സാംസ്‌കാരിക മൂല്യച്യുതിക്കും കാരണമായേക്കാവുന്ന വാക്കുകളെ കുറിച്ചും സംസാരങ്ങളെ കുറിച്ചും മാതാപിതാക്കളെ ഉണര്‍ത്താനാണ്‌ ഇവിടെ ആഗ്രഹിക്കുന്നത്‌.

01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

02. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.

03. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.

04. മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.

05. കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.

06. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.

07. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).

08. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.

09. നാശം പിടിച്ചവന്‍, അല്ലാഹു നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.

10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

 ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്‌. കുട്ടിയായിരിക്കുന്നതു മുതല്‍ കൗമാരം വരെയുള്ള കാലത്തിനിടയില്‍ ശരാശരി 16,000 ആക്ഷേപ വാക്കുകള്‍ മാതാപിതാക്കളില്‍ നിന്നും മക്കള്‍ കേള്‍ക്കുന്നതായി ഇതു സംബന്ധിമായി നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. എട്ടു വയസാകുന്നതിന്‌ മുമ്പ്‌ 5000 ത്തിലധികം ആക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു കുട്ടിയെ കുറിച്ച്‌ നിങ്ങള്‍ ആലോചിച്ചു നോക്കുക. അവന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും തകര്‍ക്കാന്‍ അതിനേക്കാള്‍ വലിയ ആയുധങ്ങള്‍ പിന്നെ ആവശ്യമുണ്ടോ?

ഇവിടെ ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും പ്രവാചകന്‍ നാലു വാക്കുകളില്‍ ഒതുക്കി വളരെ ചുരുക്കി പ്രസ്‌താവിച്ചിട്ടുണ്ട്‌. പ്രവാചകന്‍ (സ) പറഞ്ഞു : `വിശ്വാസി കുത്തുവാക്കുകളോ ശാപവാക്കുകളോ പറയുന്നവനല്ല, അവന്‍ മോശക്കാരനും മര്യാദ കെട്ടവനുമായിരിക്കില്ല`. പ്രവാചകന്‍ പറഞ്ഞ ഈ നാലു ദുസ്വഭാവങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും അതോടൊപ്പം മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക്‌ സാധിക്കണം. മക്കള്‍ക്ക്‌ നമുക്ക്‌ നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം നല്ല വാക്കുകളാണ്‌.

അല്ലാഹു പറയുന്നു : `ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്‌ച കാണിക്കലുമാകുന്നു` (അല്‍ ബഖറ : 263). നമ്മള്‍ മക്കള്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവും കളിപ്പാട്ടങ്ങളും വിദ്യാഭ്യാസവും മറ്റു പലതും നല്‍കുന്നു. എന്നാല്‍ അതേസമയം തന്നെ നമ്മുടെ വാക്കുകളിലൂടെ അവരെ നാം നശിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധമാണ്‌. ദാനവും നല്ല വാക്കുകളും മനുഷ്യ മസ്‌തിഷ്‌ക്കത്തില്‍ ഒരേ സ്വാധീനമാണ്‌ ചെലുത്തുന്നതെന്ന്‌ ആധുനിക പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. വാക്കുകള്‍ക്ക്‌ മക്കളുടെ സംസ്‌കരണ പ്രക്രിയയില്‍ വളരെ വലിയ സ്വാധീനമുണ്ടെന്ന്‌ മനസ്സിലാക്കി നാം പ്രയോഗിക്കുന്ന വാക്കുകള്‍ എപ്രകാരമുള്ളതായിരിക്കണമെന്ന്‌ നാം തന്നെ തീരുമാനിക്കണം.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്‌, ഒരു വാക്കു കൊണ്ട്‌ ഇസ്‌ലാമില്‍ പ്രവേശിക്കുകയും പുറത്തു പോവുകയും ചെയ്യാം, അതുപോലെ തന്നെ വാക്കു കൊണ്ട്‌ സ്‌ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇണകളാകുകയും വേര്‍പിരിയുകയും ചെയ്യും. അതുകൊണ്ട്‌ വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെ മക്കളുടെ വളര്‍ച്ചയിലും പുരോഗതിയിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന വാക്കുകളും വര്‍ത്തമാനങ്ങളുമായിരിക്കണം നമ്മുടേത്‌. അങ്ങനെ നമ്മുടെ മക്കള്‍ ഏറ്റവും മികച്ച സ്വഭാവത്തിനുടമകളായി മാറട്ടെ.

by ഡോ : ജാസിമുൽ മുതവ്വ (വിവ : ജലീസ് @ ശബാബ് വാരിക)

Popular ISLAHI Topics

ISLAHI visitors