കുട്ടികളോട്‌ സംസാരിക്കേണ്ടതെങ്ങനെ?

മക്കളുടെ സാന്നിധ്യത്തില്‍ നിരുപദ്രവകരമെന്ന്‌ കരുതി മാതാപിതാക്കള്‍ നടത്തുന്ന പല പരാമര്‍ശങ്ങളും മക്കളുടെ സ്വഭാവ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്‌, മാതാപിതാക്കള്‍ അത്‌ വേണ്ടത്ര ഗൗനിക്കാറില്ലെങ്കിലും. കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ മാതാപിതാക്കളുടെ വാക്കുകള്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. മക്കളെ പ്രോത്സാഹിപ്പിച്ചും അനുമോദിച്ചും അവരെ വിലയിരുത്തിയും ദേഷ്യം പ്രകടിപ്പിച്ചും നാം പറയുന്ന വാക്കുകള്‍ തീര്‍ച്ചയായും അവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. കുട്ടികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ ഞാന്‍ ഇടപെടേണ്ടി വന്ന പല വിഷയങ്ങളിലും മാതാപിതാക്കളുടെ മോശം വാക്കുകളാണ്‌ കുട്ടികളെ തെറ്റായ മാര്‍ഗത്തിലേക്ക്‌ വഴിതിരിച്ചു വിടുന്നതിന്‌ കാരണമായിട്ടുള്ളതെന്ന്‌ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. മക്കളില്‍ നല്ലതല്ലാത്ത സ്വഭാവങ്ങള്‍ വളര്‍ത്തുന്നതിനും അവരുടെ സാംസ്‌കാരിക മൂല്യച്യുതിക്കും കാരണമായേക്കാവുന്ന വാക്കുകളെ കുറിച്ചും സംസാരങ്ങളെ കുറിച്ചും മാതാപിതാക്കളെ ഉണര്‍ത്താനാണ്‌ ഇവിടെ ആഗ്രഹിക്കുന്നത്‌.

01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

02. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.

03. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.

04. മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.

05. കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.

06. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.

07. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).

08. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.

09. നാശം പിടിച്ചവന്‍, അല്ലാഹു നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.

10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

 ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്‌. കുട്ടിയായിരിക്കുന്നതു മുതല്‍ കൗമാരം വരെയുള്ള കാലത്തിനിടയില്‍ ശരാശരി 16,000 ആക്ഷേപ വാക്കുകള്‍ മാതാപിതാക്കളില്‍ നിന്നും മക്കള്‍ കേള്‍ക്കുന്നതായി ഇതു സംബന്ധിമായി നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. എട്ടു വയസാകുന്നതിന്‌ മുമ്പ്‌ 5000 ത്തിലധികം ആക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു കുട്ടിയെ കുറിച്ച്‌ നിങ്ങള്‍ ആലോചിച്ചു നോക്കുക. അവന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും തകര്‍ക്കാന്‍ അതിനേക്കാള്‍ വലിയ ആയുധങ്ങള്‍ പിന്നെ ആവശ്യമുണ്ടോ?

ഇവിടെ ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും പ്രവാചകന്‍ നാലു വാക്കുകളില്‍ ഒതുക്കി വളരെ ചുരുക്കി പ്രസ്‌താവിച്ചിട്ടുണ്ട്‌. പ്രവാചകന്‍ (സ) പറഞ്ഞു : `വിശ്വാസി കുത്തുവാക്കുകളോ ശാപവാക്കുകളോ പറയുന്നവനല്ല, അവന്‍ മോശക്കാരനും മര്യാദ കെട്ടവനുമായിരിക്കില്ല`. പ്രവാചകന്‍ പറഞ്ഞ ഈ നാലു ദുസ്വഭാവങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും അതോടൊപ്പം മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക്‌ സാധിക്കണം. മക്കള്‍ക്ക്‌ നമുക്ക്‌ നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം നല്ല വാക്കുകളാണ്‌.

അല്ലാഹു പറയുന്നു : `ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്‌ച കാണിക്കലുമാകുന്നു` (അല്‍ ബഖറ : 263). നമ്മള്‍ മക്കള്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവും കളിപ്പാട്ടങ്ങളും വിദ്യാഭ്യാസവും മറ്റു പലതും നല്‍കുന്നു. എന്നാല്‍ അതേസമയം തന്നെ നമ്മുടെ വാക്കുകളിലൂടെ അവരെ നാം നശിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധമാണ്‌. ദാനവും നല്ല വാക്കുകളും മനുഷ്യ മസ്‌തിഷ്‌ക്കത്തില്‍ ഒരേ സ്വാധീനമാണ്‌ ചെലുത്തുന്നതെന്ന്‌ ആധുനിക പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. വാക്കുകള്‍ക്ക്‌ മക്കളുടെ സംസ്‌കരണ പ്രക്രിയയില്‍ വളരെ വലിയ സ്വാധീനമുണ്ടെന്ന്‌ മനസ്സിലാക്കി നാം പ്രയോഗിക്കുന്ന വാക്കുകള്‍ എപ്രകാരമുള്ളതായിരിക്കണമെന്ന്‌ നാം തന്നെ തീരുമാനിക്കണം.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്‌, ഒരു വാക്കു കൊണ്ട്‌ ഇസ്‌ലാമില്‍ പ്രവേശിക്കുകയും പുറത്തു പോവുകയും ചെയ്യാം, അതുപോലെ തന്നെ വാക്കു കൊണ്ട്‌ സ്‌ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇണകളാകുകയും വേര്‍പിരിയുകയും ചെയ്യും. അതുകൊണ്ട്‌ വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെ മക്കളുടെ വളര്‍ച്ചയിലും പുരോഗതിയിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന വാക്കുകളും വര്‍ത്തമാനങ്ങളുമായിരിക്കണം നമ്മുടേത്‌. അങ്ങനെ നമ്മുടെ മക്കള്‍ ഏറ്റവും മികച്ച സ്വഭാവത്തിനുടമകളായി മാറട്ടെ.

by ഡോ : ജാസിമുൽ മുതവ്വ (വിവ : ജലീസ് @ ശബാബ് വാരിക)