കാരുണ്യത്തിന്റെ പ്രവാചകന്‍

`കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്നാണ്‌ ഖുര്‍ആന്‍ നബി(സ)യെ വിശേഷിപ്പിക്കുന്നത്‌. ജീവിതത്തിലുടനീളം കാരുണ്യത്തിന്റെ പാഠങ്ങള്‍ നല്‍കുന്നതായിരുന്നു പ്രവാചകന്റെ ജീവിതം. ആരാധനാ വേളകളില്‍പോലും നബി(സ) കാരുണ്യത്തിന്റെ ആവശ്യകത തന്റെ അനുയായികളെ പഠിപ്പിച്ചു. പ്രവാചകന്‍ പഠിപ്പിച്ച അല്ലാഹു കാരുണ്യത്തിന്റെ നിറകുടമാണ്‌. നാം ഒരു ചാണ്‍ അടുക്കുമ്പോള്‍ തന്നിലേക്ക്‌ ഒരു മുഴം അടുക്കുന്നു അല്ലാഹു. നാം നടന്നടുക്കുമ്പോള്‍ ഓടിയടുക്കുന്നു അല്ലാഹു.

കാരുണ്യം ആദ്യം കാണിക്കേണ്ടത്‌ തന്നോടുതന്നെയായിരിക്കണമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചു. ഒരാള്‍ക്ക്‌ അയാളോട്‌ കാരുണ്യമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ അതാവശ്യമുണ്ടെന്ന്‌ ബോധ്യം വരില്ല. നോമ്പുകാലത്ത്‌ ഒരു യാത്രാവേളയില്‍ സഹയാത്രികര്‍ വല്ലാതെ വിഷമിക്കുന്നത്‌ പ്രവാചകന്റെ ശ്രദ്ധേയില്‍പെട്ടു. അദ്ദേഹം ഒരു വെള്ളപ്പാത്രം പൊക്കിക്കാണിച്ച്‌ അതില്‍ നിന്നും കുടിച്ചുകൊണ്ട്‌ വ്രതം അവസാനിപ്പിച്ചു. എന്നിട്ടും ചിലര്‍ നോമ്പു മുറിക്കാന്‍ തയ്യാറായില്ല. ഈ വിവരം അറിഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “അവര്‍ കുറ്റവാളികളാണ്‌. കാരണം അവര്‍ ആരാധനപീഡനമാക്കി മാറ്റുകയാണ്‌”.

വിശന്നുകൊണ്ട്‌ നമസ്‌കാരം പോലും വേണ്ടെന്ന്‌ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌. ആദ്യം ഭക്ഷണം, പിന്നീട്‌ നമസ്‌കാരം. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വിളനിലമായിരുന്നു പ്രവാചകന്റെ ജീവിതം. അഹങ്കാരത്തിന്റെ ലാഞ്ചനപോലും തിരുമേനിയുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കണ്ടുമുട്ടുമ്പോള്‍ ആദ്യം സലാം പറഞ്ഞിരുന്നത്‌ പ്രവാചകനായിരുന്നു. ഹസ്‌തദാനം ചെയ്‌താല്‍ ഒരിക്കലും പ്രവാചകന്‍ ആദ്യം കൈ പിന്‍വലിച്ചിരുന്നില്ല. തന്നോട്‌ അതിരുകവിഞ്ഞ ആദരവ്‌ പ്രകടിപ്പിക്കല്‍ പ്രവാചകന്‍ വിലക്കിയിരുന്നു. ഒരിക്കല്‍ ഒരാൾ തിരുമേനിയെ കണ്ടമാത്രയില്‍ പേടിച്ചുവിറക്കാന്‍ തുടങ്ങി. “പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ രാജാവൊന്നുമല്ല. ഉണക്ക മാംസം പാചകം ചെയ്‌ത്‌ കഴിച്ചിരുന്ന ഒരു പാവം ഖുറൈശി വനിതയുടെ മകനാണ്‌ ഞാന്‍” എന്ന്‌ പറഞ്ഞ്‌ പ്രവാചകന്‍ അയാളെ ആശ്വസിപ്പിച്ചു.

പ്രവാചകനെ നിരന്തരം ദ്രോഹിച്ചിരുന്നവരുടെ നാശംപോലും പ്രവാചകന്‍ ആഗ്രഹിച്ചിരുന്നില്ല. ശത്രുക്കളുടെ ആക്രമണം മൂലം മക്കാജീവിതം ദുസ്സഹമായപ്പോള്‍ തിരുമേനി(സ) ത്വാഇഫിലെത്തി. അവിടെയും തിരസ്‌കാരവും മര്‍ദനങ്ങളുമായിരുന്നു തിരുമേനിക്ക്‌ അനുഭവിക്കേണ്ടിവന്നത്‌. ത്വാഇഫ്‌ നിവാസികള്‍ പ്രവാചകനെ കല്ലെറിയുകയും തെമ്മാടികളെവിട്ട്‌ അപമാനിക്കുകയും ചെയ്‌തു. എന്നിട്ടും അവര്‍ക്കുവേണ്ടി പ്രവാചകന്‍ പ്രാര്‍ഥിക്കുകയാണ്‌ ചെയ്‌തത്‌. “നാഥാ, എന്റെ ജനത വിവരമില്ലാത്തവരാണ്‌. അവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ സന്മാര്‍ഗത്തിലാക്കേണമേ’'.മനുഷ്യര്‍ക്കുവേണ്ടി തപിക്കുന്നതായിരുന്നു പ്രവാചകന്റെ ഹൃദയം. എന്റെ കണ്ണുകള്‍ ഉറങ്ങുന്നു; എന്റെ ഹൃദയം ഉറങ്ങുന്നില്ല എന്നു പറയാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത്‌ ഈ സ്‌നേഹമായിരുന്നു.

ഒരിക്കല്‍ പ്രസംഗപീഠത്തില്‍ കയറി പ്രവാചകന്‍ പറഞ്ഞു: “ഞാന്‍ ആരുടെയെങ്കിലും ധനം അപഹരിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ ധനം എടുത്തുകൊള്ളുക. ഞാന്‍ ആരെയെങ്കിലും പ്രഹരിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ ശരീരം പ്രഹരിച്ചുകൊള്ളുക". കാരുണ്യം മനസ്സില്‍ നിറഞ്ഞ ഒരാള്‍ക്കുമാത്രമേ ഇങ്ങനെ പറായന്‍ കഴിയുകയുള്ളൂ. കാരുണ്യത്തിന്‌ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അത്‌ മനുഷ്യഹൃദയത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കും. പ്രവാചകന്‍ പോകുന്ന വഴിയില്‍ ഒളിച്ചിരുന്നു ചപ്പുചവറുകള്‍ മേലേക്കിട്ട്‌ രസിച്ചിരുന്ന ഒരു ജൂതപ്പെണ്‍കുട്ടിയുടെ കഥ പ്രസിദ്ധമാണല്ലോ. തന്റെ ഈ വീരകൃത്യം മറ്റുള്ളവരോട്‌ പറഞ്ഞ്‌ അവള്‍ ഏറെ അഹങ്കരിക്കുകയും ചെയ്‌തിരുന്നു. തിരുമേനിയുടെ അനുചരര്‍ക്ക്‌ ഇത്‌ ഇഷ്‌ടപ്പെട്ടില്ല. അവളെ ഒരു പാഠം പഠിപ്പിക്കട്ടെയെന്ന്‌ അവര്‍ പ്രവാചകനോട്‌ സമ്മതം ചോദിച്ചു. പ്രവാചകന്‍ സമ്മതിച്ചില്ല. “എനിക്ക്‌ അതുകൊണ്ട്‌ വലിയ പ്രയാസമൊന്നുമില്ല. ആ പെണ്‍കുട്ടിയാണെങ്കില്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്യുന്നു. ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമാണ്‌. സഹിക്കുന്നതിലാണ്‌ അവന്‍രെ പ്രീതിയും പ്രതിഫലവും ഉണ്ടാവുക”.

പിന്നീട്‌ കുറെ ദിവസത്തേക്ക്‌ അവളുടെ ഉപദ്രവം ഉണ്ടായില്ല. പ്രവാചകന്‍ അവളെക്കുറിച്ച്‌ അന്വേഷിച്ചു. അവള്‍ക്ക്‌ സുഖമില്ലെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. സുഖമില്ലാതെ കിടക്കുന്ന അവളെ കാണാന്‍ തിരുമേനി എത്തി. അവള്‍ പരവശയായി വേദന തിന്ന്‌ കിടക്കുകയാണ്‌. “മകളേ, നിനക്ക്‌ ശരീരം വേദനിക്കുന്നുണ്ട്‌ അല്ലേ? എന്നെ ഉപദ്രവിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടാകും അല്ലേ? നീ വ്യസനിക്കേണ്ട. ഞാന്‍ ഇതാ. ഇഷ്‌ടമുള്ളതൊക്കെ ചെയ്‌തുകൊള്ളുക”. പ്രവാചകന്റെ വാക്കുകള്‍ അവളെ പശ്ചാത്താപവിവശയാക്കി. അവളും കുടുംബവും സത്യവിശ്വാസത്തിലേക്ക്‌ കടന്നുവരാന്‍ പിന്നെ താമസമുണ്ടായില്ല. അല്ലാഹുവിനെ സ്‌നേഹിച്ച അതേ തീവ്രതയോടെ അല്ലാഹുവിന്റെ സൃഷ്‌ടികളെയും പ്രവാചകന്‍ സ്‌നേഹിച്ചു. മക്കയില്‍ പ്രവാചകനെ സര്‍വശക്തിയുമുപയോഗിച്ച്‌ എതിര്‍ത്തവര്‍ക്കുപോലും ക്ഷാമകാലത്ത്‌ പ്രവാചകന്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. ബദ്‌റില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ നിലവിളികേട്ട മാത്രയില്‍ അവരെ മോചിപ്പിക്കാതെ പ്രവാചകന്‌ ഉറക്കം വന്നില്ല.

പ്രവാചകനെ നിരന്തരം എതിര്‍ത്തവര്‍ മക്കാ വിജയത്തെ തുടര്‍ന്ന്‌ കീഴടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പൊതുമാപ്പ്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. മരണം പ്രതീക്ഷിച്ചു നിന്നവര്‍ക്ക്‌ ജീവിതമാണ്‌ തിരിച്ചുകിട്ടിയത്‌. “നിങ്ങളുടെ മേല്‍ ഒരു പ്രതികാര നടപടിയുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്‌” എന്ന്‌ പറഞ്ഞാണ്‌ അവരെ യാത്രയാക്കിയത്‌. ശത്രുക്കള്‍ക്കെതിരെ ശാപപ്രാര്‍ഥന നടത്താന്‍ അനുചരര്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ അതിനു തയ്യാറായില്ല. “അവര്‍ സന്മാര്‍ഗത്തിലേക്ക്‌ വന്നില്ലെങ്കിലും അവരുടെ പിന്‍തലമുറക്കാരില്‍ എനിക്ക്‌ പ്രതീക്ഷയുണ്ട്‌” എന്നായിരുന്നു പ്രവാചകന്‍ മറുപടി കൊടുത്തത്‌. മനുഷ്യരോട്‌ മാത്രമല്ല, അല്ലാഹുവിന്റെ സര്‍വസൃഷ്‌ടികളോടും കാരുണ്യം കാണിക്കാന്‍ പ്രവാചകന്‍ തന്റെ അനുയായികളോട്‌ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ മൃദുലഭാഗങ്ങളില്‍ ചൂടുവയ്‌ക്കുന്നതും കൂടുതല്‍ ഭാരം വലിപ്പിക്കുന്നതും പ്രവാചകന്‌ ഇഷ്‌ടപ്പെട്ടില്ല. മൃഗങ്ങളോടുള്ള പെരുമാറ്റത്തിലും അല്ലാഹുവിനെ ഭയപ്പെടണമെന്ന്‌ തിരുമേനി ഉപദേശിച്ചു.

ഒരിക്കല്‍ ഒരാള്‍ കുറച്ചു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവന്നു. അവയുടെ തള്ളപ്പക്ഷി അയാള്‍ക്കുമീതെ പറന്നുവന്ന്‌ കരഞ്ഞു ബഹളം വെയ്‌ക്കുന്നുണ്ടായിരുന്നു. തിരുമേനി ഇത്‌ കണ്ടു.പക്ഷിക്കുഞ്ഞുങ്ങളെ പൂര്‍വസ്ഥാനത്തുതന്നെ കൊണ്ടുപോയി വിടാന്‍ പ്രവാചകന്‍ ആജ്ഞാപിച്ചു. ദാഹിച്ചു വലഞ്ഞ ഒരു പട്ടിക്ക്‌ തന്റെ ചെരുപ്പ്‌ കിണറ്റില്‍ താഴ്‌ത്ത്‌ വെള്ളമെടുത്തു കൊടുത്തതിന്റെ പേരില്‍ പാപങ്ങള്‍ പൊറുത്തുകിട്ടിയ വേശ്യയുടെ കഥ പറഞ്ഞ്‌ സമസൃഷ്‌ടി സ്‌നേഹത്തിന്റെ ആവശ്യകത അനുയായികളെ ബോധ്യപ്പെടുത്തി. മുസ്‌ലിം സൈന്യത്തിന്റെ മക്കാ യാത്രയില്‍ ഒരു പട്ടി വഴിയില്‍ അതിന്റെ കുഞ്ഞുങ്ങളുമായി കിടന്നത്‌ പ്രവാചകന്‍ കണ്ടു. അവരെ ഉപദ്രവിക്കരുതെന്ന്‌ പ്രവാചകന്‍(സ) തന്റെ അനുയായികള്‍ക്ക്‌ നിര്‍ദേശം കൊടുത്തു. ആ നിര്‍ദേശം നടപ്പില്‍ വരുത്താന്‍ ഒരാളെ സൈന്യം കടന്നുപോകുന്നതുവരെ വഴിയില്‍ നിറുത്തുകയും ചെയ്‌തു.

കാരുണ്യവാനായ സ്രഷ്‌ടാവിന്റെ കാരുണ്യവാനായ പ്രവാചകനായിരുന്നു താനെന്ന്‌ തിരുമേനി ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു. ക്രൂതയെ ക്രൂരത കൊണ്ടല്ല, കാരുണ്യംകൊണ്ടാണ്‌ ജയിക്കേണ്ടതെന്‌ പഠിപ്പിച്ചു. കാരുണ്യത്തിന്റെ കൈകള്‍ നീട്ടി ആശ്വസിപ്പിക്കുമ്പോള്‍ ഏത്‌ കഠോര ഹൃദയവും കരുണാദ്രമായിത്തീരുമെന്നും ബോധ്യപ്പെടുത്തി.

By അസീസ്‌ അച്ചനമ്പലം @ പുടവ മാസിക