ചതിപ്രയോഗത്തിന്റെ വിപത്ത്‌

"ഒരു പ്രവാചകനും ചതിക്കുകയില്ലതന്നെ. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിക്കപ്പെട്ടതുമായി ഖിയാമത്ത്‌ നാളില്‍ വരുന്നതാണ്‌. പിന്നീട്‌ എല്ലാ വ്യക്തികള്‍ക്കും തന്റെ കര്‍മഫലം പൂര്‍ണമായി നല്‌കപ്പെടുന്നു. ആരോടും യാതൊരനീതിയും ഉണ്ടായിരിക്കുന്നതല്ല.” (ഖുര്‍ആന്‍ 3:161) 

മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിക്കാണ്‌ പ്രവാചകന്മാര്‍ നിയുക്തരായത്‌. മാതൃകാ യോഗ്യരായാണ്‌ അവര്‍ ജീവിതം നയിച്ചത്‌. വിരോധിക്കപ്പെട്ട ഒരു ദുര്‍ഗുണവും അവരില്‍ നിന്നുണ്ടായിട്ടില്ല. നീതിപൂര്‍വകമായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ചതിയും വഞ്ചനയും അവരില്‍ നിന്നുണ്ടാവുകയേ ഇല്ല. എന്നിരിക്കേ ഉഹ്‌ദ്‌ യുദ്ധവേളയില്‍ മലമുകളില്‍ നിന്നിരുന്ന ചിലര്‍, ഗനീമത്ത്‌ സ്വത്തിന്റെ വിഹിതം ഞങ്ങള്‍ക്ക്‌ ലഭിക്കാതെ പോകുമോ എന്ന്‌ സംശയിച്ച്‌, അനുമതി ലഭിക്കുന്നതിന്‌ മുമ്പേ ഇറങ്ങിവന്നത്‌ ഒട്ടും ശരിയായിരുന്നില്ല. നബി(സ) നീതിപൂര്‍വം മാത്രമേ സ്വത്ത്‌ വിഭജനവും വിതരണവുംനടത്തുകയുള്ളൂ എന്നാണ്‌ ഈ വചനത്തിലെ ആദ്യഭാഗം സൂചിപ്പിക്കുന്നത്‌. കുതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയും അനര്‍ഹമായത്‌ കൈക്കലാക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ തുടര്‍ന്ന്‌ പറയുന്നത്‌. ആരും അറിയാതെ സൂത്രത്തില്‍ കൈവശപ്പെടുത്തിയ വസ്‌തുക്കള്‍ പരലോകത്ത്‌ തനിക്ക്‌ വന്‍ ദുരന്തമാണ്‌ വരുത്താന്‍ പോകുന്നത്‌. മുഴുവന്‍ മനുഷ്യരും സമ്മേളിക്കുന്നിടത്ത്‌ വഞ്ചിച്ചെടുത്ത വസ്‌തുക്കളുമായി, നാണം കെട്ട്‌ വരുന്ന മനുഷ്യന്റെ ചിത്രമാണിവിടെ അല്ലാഹു വരച്ചുകാണിക്കുന്നത്‌. വഞ്ചിച്ചെടുത്ത ചെറുതും വലുതുമായ വസ്‌തുക്കള്‍ ചുമലില്‍ പേറിയാണ്‌ അവന്‍ പരലോകത്ത്‌ വരിക.

നബി(സ) പറഞ്ഞു: “നിങ്ങളിലൊരാള്‍ അവന്റെ പിരടിയില്‍ അലറി ശബ്‌ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍ വരുന്നത്‌ ഞാന്‍ കാണാതിരിക്കട്ടെ” (ബുഖാരി, മുസ്‌ലിം). മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: “ഹേ മനുഷ്യരേ, നിങ്ങളില്‍ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്‌തിട്ട്‌ അതില്‍ നിന്ന്‌ ഒരു സൂചിയോ അതിനേക്കാള്‍ വലിയ വല്ലതുമോ ഒളിച്ച്‌ വെക്കുന്നപക്ഷം അത്‌ വഞ്ചനയാകുന്നു. അവന്‍ അതുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍വരും” (അബൂദാവൂദ്‌, മുസ്‌ലിം). ഒരിക്കല്‍ അസദ്‌ ഗോത്രക്കാരനായ ഒരാളെ സക്കാത്ത്‌ പിരിക്കാന്‍ നബി(സ) പറഞ്ഞയച്ചു. അയാള്‍ തിരിച്ചുവന്നപ്പോള്‍ പറഞ്ഞു: ഇത്‌ നിങ്ങള്‍ക്കുള്ള സക്കാത്താണ്‌. ഇത്‌ എനിക്ക്‌ സമ്മാനമായി കിട്ടിയതുമാണ്‌. അപ്പോള്‍ നബി(സ) മിമ്പറില്‍ കയറി പറഞ്ഞു: എന്താണ്‌ ചില ജീവനക്കാരുടെ സ്ഥിതി? അവന്‍ സ്വന്തം വീട്ടിലിരുന്നാല്‍ അവന്‌ സമ്മാനം കിട്ടുമായിരുന്നോ? നിങ്ങളില്‍ ആരെങ്കിലും അങ്ങനെ അവിഹിതമായി നേടിയെടുത്താല്‍ അത്‌ പിരടിയില്‍ ചുമന്ന്‌ പരലോകത്ത്‌ വരാതിരിക്കില്ല (ബുഹാരി).

വഞ്ചനയിലൂടെയും ചതിയിലൂടെയും പലതും ഒപ്പിച്ചെടുക്കുന്നവര്‍ നാളെ നേരിടാന്‍ പോകുന്ന സ്ഥിതി വിശേഷമാണിത്‌. അല്ലാഹു കാത്തുരക്ഷിക്കട്ടെ.

by അബ്‌ദു സലഫി @ പുടവ മാസിക