മനുഷ്യക്കരങ്ങളുടെ പ്രവര്‍ത്തനവും ദൈവിക പരീക്ഷണവും

ജൈവികതയുടെ ആധാരശിലയായ ജലം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്‌. മനുഷ്യന്റെ രക്തത്തില്‍ 80 ശതമാനവും അസ്ഥികളില്‍ 22 ശതമാനവും വൃക്കകളില്‍ 82 ശതമാനവും ജലമാണ്‌. ശരീരത്തിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം ജലമാണെന്നിരിക്കെ ജലത്തിന്റെ പത്ത്‌ ശതമാനം കുറവു വന്നാല്‍ മരണത്തിലെക്കേത്താന്‍ പോലും സാധ്യതയുണ്ടെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. വെള്ളം സുഭിക്ഷമായി ലഭിച്ചിരുന്നപ്പോള്‍ നന്ദി കാണിക്കാത്തവര്‍ അതിന്റെ ദൗര്‍ലഭ്യതയില്‍ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവബോധമുണ്ടാകുന്നില്ല. ``ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മേഘത്തില്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്‌?'' (56:68-70) 

 ദൈവാനുഗ്രഹത്തെ നിസ്സാരമാക്കുന്നവര്‍ക്ക്‌ ചിന്തിക്കാന്‍ വക നല്‍കുന്നതാണ്‌ വരള്‍ച്ച. ഹൂദ്‌ നബി(അ) തന്റെ ജനതയോട്‌ പറഞ്ഞു: ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുകയും ചെയ്യുക എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞുപോകരുത്‌.'' (11:52) ധിക്കാരവും അഹങ്കാരവുമായി നന്ദിയില്ലാതെ കഴിയുന്നവര്‍ക്ക്‌ വരള്‍ച്ച താക്കീതായിരിക്കുമെന്ന്‌ നൂഹ്‌(അ) തന്റെ ജനങ്ങളോട്‌ പറഞ്ഞ ഉപദേശങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്കു മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങളുണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികളുണ്ടാക്കിത്തരികയും ചെയ്യും. നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല?'' (71:10-13) 

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) ഞങ്ങളോട്‌ പ്രസംഗിച്ചുകൊണ്ടു പറഞ്ഞു: ``മനുഷ്യര്‍ അളവിലും തൂക്കത്തിലും കുറവ്‌ വരുത്തിയാല്‍ വരള്‍ച്ച കൊണ്ട്‌ അല്ലാഹു അവരെ പിടികൂടുന്നതാണ്‌. അവര്‍ സകാത്തിനെ തടഞ്ഞുവെച്ചാല്‍ അല്ലാഹു മഴയെ അവരില്‍ നിന്നും തടഞ്ഞുവെക്കുന്നതുമാണ്‌.'' (ഇബ്‌നുമാജ). ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: ``ഒരു ജനതയില്‍ പക വ്യാപകമായാല്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ പേടി ഇടാതിരിക്കില്ല. വ്യഭിചാരം പ്രചരിച്ച ഒരു ജനതയിലും മരണനിരക്ക്‌ കൂടാതിരിക്കില്ല. അളവിലും തൂക്കത്തിലും കുറവ്‌ വരുത്തിയ ജനതക്ക്‌ അവരുടെ ഉപജീവനം മുറിക്കാതിരിക്കില്ല.'' (മുവത്വ 981) ബുര്‍ദ(റ) പറയുന്നു: നബി(സ) പറഞ്ഞു: ``വല്ല സമുദായവും സകാത്ത്‌ തടഞ്ഞുവെച്ചാല്‍ അല്ലാഹു അവരില്‍ നിന്നും മഴത്തുള്ളികളെ തടഞ്ഞുവെക്കുന്നതാണ്‌.'' (ഹാകിം, ബൈഹഖി) 

അല്ലാഹുവിന്റെ അനുഗ്രഹമായി വര്‍ഷിക്കുന്ന മഴ നിമിത്തം ഭൂമി സമൃദ്ധമാവുകയും ഭക്ഷ്യവസ്‌തുക്കള്‍ സുലഭമാവുകയും ചെയ്യുന്നു. അതിന്‌ നന്ദി കാട്ടുന്നതിന്‌ പകരം ഹുങ്കും ധൂര്‍ത്തുമായി കഴിയുകയും ചെലവഴിക്കേണ്ടവര്‍ അത്‌ നിര്‍വഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ശിക്ഷയായും പരീക്ഷണമായും വരള്‍ച്ചയുണ്ടാകുമെന്ന്‌ വ്യക്തം. മനുഷ്യകരങ്ങളുടെ പാപങ്ങളാല്‍ മഴ തടയപ്പെടുമ്പോള്‍ സര്‍വ ജന്തുജാലങ്ങളുടെയും ശാപത്തിനും അവന്‍ വിധേയമാക്കപ്പെടുന്നു. സുലൈമാന്‍(അ) ഒരിക്കല്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉറുമ്പുകള്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ ശ്രദ്ധിക്കുകയും `ഉറുമ്പുകള്‍ നിമിത്തം നിങ്ങളുടെ പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട്‌ തിരിച്ചുപോകൂ' എന്ന്‌ പറഞ്ഞതായി ചില വചനങ്ങളില്‍ വന്നിട്ടുണ്ട്‌. അബൂഹുറയ്‌റ(റ) നബി(സ)യില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. ``ദൈവദൂതന്മാരിലെ ഒരു ദൂതന്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടു. അപ്പോഴതാ ഉറുമ്പ്‌ അതിന്റെ കാലുകള്‍ ആകാശത്തേക്കുയര്‍ത്തി മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മടങ്ങിക്കൊള്ളുക. ഈ ഉറുമ്പ്‌ കാരണം നിങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കപ്പെട്ടിരിക്കുന്നു.'' (ഹാകിം). നാട്ടില്‍ ഏറെ ശിശുക്കളും വൃദ്ധരും വരള്‍ച്ചയാല്‍ വിഷമിക്കുമ്പോള്‍ അവര്‍ നിമിത്തവും, ജന്തുജാലങ്ങള്‍ക്കായും മഴ വര്‍ഷിപ്പിച്ചുകൊണ്ടിരിക്കും. ``അല്ലാഹുവില്‍ നിന്നുള്ള സാവകാശം! തീര്‍ച്ചയായും ഭയഭക്തിയുള്ള യുവാക്കളും മേച്ചില്‍ സ്ഥലങ്ങളിലെ മൃഗാദികളും റുകൂഅ്‌ ചെയ്യുന്ന വൃദ്ധരും മുല കുടിക്കുന്ന ശിശുക്കളും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശക്തമായ ശിക്ഷ ചൊരിയുക തന്നെ ചെയ്യുമായിരുന്നു.'' (അബൂയഅ്‌ല, 6402) 

അല്ലാഹു ഓരോന്നിനും പ്രകൃതി നിയമങ്ങള്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. അവയെ മാറ്റംവരുത്താന്‍ പറ്റില്ല. ഭൂമിയിലുള്ളതെല്ലാം മനുഷ്യനുവേണ്ടി സൃഷ്‌ടിച്ചതാണ്‌. നമ്മുടെ നന്മക്ക്‌ വേണ്ടിയല്ലാതെ ഒന്നും അല്ലാഹു സൃഷ്‌ടിച്ചിട്ടില്ല. എന്നാല്‍ എല്ലാറ്റിന്റെയും പ്രകൃതിയെ ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും വേണം. അതില്‍ ധൂര്‍ത്തോടും അഹങ്കാരത്തോടും കൈ കടത്തുന്നത്‌ സമൂഹത്തോട്‌ ചെയ്യുന്ന വഞ്ചനയാണ്‌. മഴവെള്ളത്തെ ഭൂമിയില്‍ നിക്ഷേപിക്കുന്ന സാഹചര്യം ഇന്ന്‌ നഷ്‌ടമായിട്ടുണ്ട്‌. വീടും പരിസരവും മുഴുവന്‍ വെള്ളം താഴ്‌ന്നിറങ്ങാന്‍ ഇടമില്ലാത്ത വിധം മനുഷ്യന്‍ വികൃതമാക്കുന്നത്‌ ജലദര്‍ലഭ്യതക്ക്‌ കാരണമാകുന്നു. ഇത്തരം പ്രവണതകളെ ഖുര്‍ആന്‍ താക്കീത്‌ ചെയ്യുന്നു. ``മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവന്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.'' (30:41). ഈ വചനത്തിലെ `കുഴപ്പങ്ങള്‍' വിശദീകരിച്ചിടത്ത്‌, മനുഷ്യന്റെ കൈകടത്തലുകളാണ്‌ പ്രകൃതിയെ തകിടം മറിക്കുന്നതിനും മഴയുടെ ദൗര്‍ലഭ്യതക്കും ഉപജീവനത്തിന്‌ ക്ഷാമം നേരിടുന്നതിനും കാരണമെന്ന്‌ മുഫസ്സിറുകള്‍ വിശദമാക്കിയിട്ടുണ്ട്‌. സൂറതുല്‍ ബഖറയിലെ 205-ാം വചനം അതിലേക്ക്‌ ഉപോല്‍ബലകമായി ഉദ്ധരിക്കുകയും ചെയ്യുന്നു.

മനുഷ്യകുലത്തിന്റെ ധാര്‍മികാധപ്പതനം ക്ഷാമത്തിന്‌ നിമിത്തമാകുമെന്ന്‌ ഖുര്‍ആന്‍ താക്കീത്‌ ചെയ്യുന്നു. അല്ലാഹു പറയുന്നു: ``ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്‌മത പാലിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക്‌ അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചു തള്ളുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ അവര്‍ ചെയ്‌തു വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. എന്നാല്‍ ആ നാടുകളിലുള്ളവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ പകല്‍ സമയത്ത്‌ കളിച്ചുനടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്‌ടംപറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.'' (7:96-99).  മഴ ലഭിക്കുന്നതിനായി മഖ്‌ബറകളിലേക്ക്‌ തീര്‍ഥാടനം നടത്തുന്നവരും അല്ലാഹുവിന്റെ സൃഷ്‌ടികളിലേക്ക്‌ പ്രാര്‍ഥന സമര്‍പ്പിക്കുന്നവരുമുണ്ട്‌. കൊടിയേന്തിയും അല്ലാതെയുമുള്ള ഈ തീര്‍ഥാടനങ്ങള്‍ അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കലാണ്‌. ക്ഷാമം കൊണ്ട്‌ പ്രയാസമുണ്ടാകുമ്പോള്‍ രക്ഷിതാവായ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയാണ്‌ വേണ്ടത്‌. ക്ഷാമത്തിന്റെ പരാതി വന്നപ്പോള്‍ ജുമുഅ ഖുതുബയുടെ വേളയില്‍ തന്നെ കൈകളുയര്‍ത്തി നബി(സ) പ്രാര്‍ഥിച്ചിരുന്നു. മഴയ്‌ക്കുവേണ്ടി പ്രത്യേക നമസ്‌കാരം (സ്വലാത്തുല്‍ ഇസ്‌തിസ്‌ഖാഅ്‌) സുന്നത്തുണ്ട്‌.

By മുസ്‌തഫ നിലമ്പൂര്‍ @ ശബാബ്