ആയുസ്സിന്റെയും സമയത്തിന്റെയും വില

വിവരസാങ്കേതിക വിദ്യയുടെ ലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച്‌ 56-ാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞുപോയ സ്റ്റീവ്‌ ജോബ്‌സ്‌ ഒരിക്കല്‍ സ്റ്റാറ്റ്‌ഫോഡിലെ ബിരുദ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടു നല്‌കിയ ശ്രദ്ധേയമായൊരു ഉപദേശമുണ്ട്‌. ``പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, ഓരോ പ്രഭാതത്തിലും കണ്ണാടിക്കു മുന്നില്‍ ചെന്നുനിന്നു സ്വന്തത്തോടു പറയുക: ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ അവസാന ദിവസമായേക്കും. എങ്കില്‍ ഇന്ന്‌ ഞാന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തി യഥാര്‍ഥത്തില്‍ ഇന്നു ചെയ്യേണ്ടതു തന്നെയാണോ എന്ന്‌.'' സ്റ്റീവ്‌ ജോബ്‌സ്‌ ഇതുകൂടി പറഞ്ഞു: "വിദ്യാര്‍ഥി സഹോദരങ്ങളേ, ഞാനീ ആത്മഗതം ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഓരോദിവസവും കര്‍മനിരതമാക്കാനും അര്‍ഥപൂര്‍ണമാക്കാനും ഞാന്‍ ശ്രമിക്കുന്നു".

 സ്റ്റീവ്‌ ജോബ്‌സിന്റെ ഉപദേശം നാം ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്‌തമാണ്‌. ആയുസ്സിന്റെയും സമയത്തിന്റെയും പ്രാധാന്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്ന പ്രസ്‌തുത ഉപദേശം അവ രണ്ടും ഫലപ്രദമായി ആസൂത്രണം ചെയ്‌തു പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയും ബോധ്യപ്പെടുത്തുന്നുണ്ട്‌. ജീവിതത്തിന്റെ തിരക്കിലും ബഹളത്തിലും സ്വന്തം നിയോഗം മറന്നുപോകുന്നവനാണ്‌ മനുഷ്യന്‍. ആ മറവിയില്‍ ആയുസ്സിന്റെയും സമയത്തിന്റെയും വില അപ്രധാനമായി മാറുന്നു. യഥാര്‍ഥത്തില്‍ എപ്പോഴാണ്‌ ഒരാള്‍ ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കാന്‍ തുടങ്ങുന്നത്‌? പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തബോധം കാണിക്കുന്നത്‌? സമൂഹത്തോടും സഹജീവികളോടും പ്രതിബദ്ധത പുലര്‍ത്തുന്നത്‌? പെരുമാറ്റങ്ങളിലും ഇടപെടലുകളിലും ധാര്‍മിക വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. സ്വന്തം ആയുസ്സിനെക്കുറിച്ച്‌, ആയുസ്സിന്റെ കൃത്യതയെക്കുറിച്ച്‌, കൃത്യതയില്ലാത്ത ആയുസ്സിനകത്തെ വിലപ്പെട്ട സമയത്തെക്കുറിച്ച്‌ ശരിയായ ജാഗ്രത ഇല്ലാത്തവര്‍ക്ക്‌ ജീവിതത്തില്‍ ലക്ഷ്യബോധവും ഉത്തരവാദിത്ത ചിന്തയും പ്രതിബദ്ധതയും ധാര്‍മിക വിശുദ്ധിയും ഉണ്ടാവാനിടയില്ല.

ജീവിക്കാനുള്ള കൊതിയും ജീവിതത്തോടുള്ള ആര്‍ത്തിയും തീര്‍ത്ത ഒരു ധാര്‍മിക പ്രതിസന്ധിക്കു മുമ്പിലാണ്‌ നാമിന്നുള്ളത്‌. സുഖത്തിന്റെയും സമൃദ്ധിയുടെയും സുഭിക്ഷതയുടെയും മേച്ചില്‍പുറങ്ങളില്‍ ഭ്രാന്തമാനസരായി നാം അലഞ്ഞുനടക്കുന്നു. ജീവിതത്തിന്റെ അവധിയും നിയന്ത്രണവും തന്റെ അധികാര പരിധിക്കപ്പുറത്താണെന്നും അജ്ഞാതമായ ആ സമസ്യ തിരിച്ചറിഞ്ഞുകൊണ്ട്‌ നാളേക്കു മുതല്‍ക്കൂട്ടാവുന്ന നന്‍മകള്‍ ഇന്നുതന്നെ പരമാവധി ചെയ്യാന്‍ ശ്രമിക്കണമെന്നും പൂര്‍വസൂരികള്‍ പഠിപ്പിച്ചുപോയത്‌ കൃത്യമായ വീണ്ടുവിചാരത്തോടെയായിരുന്നു. തന്റെ ആയുസ്സ്‌ പെട്ടെന്നൊന്നും അവസാനിക്കില്ല എന്ന അബദ്ധ വിശ്വാസമാണ്‌ സമയബോധമില്ലാതെ അലയാനും ജീവിതത്തെ രതിഘോഷമാക്കി മാറ്റാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നത്‌. അങ്ങനെ ജീവിതമെന്നത്‌ കളിയും ചിരിയുമായി. ധൂര്‍ത്തും ദുര്‍വ്യയവുമായി. ആഭാസവും ആര്‍ഭാടവുമായി. പെരുമ കാട്ടലും പൊങ്ങച്ചം നടിക്കലുമായി. ഇവയ്‌ക്കെല്ലാമിടയില്‍ പ്രപഞ്ചത്തെ മറന്നു. പ്രകൃതിയെ തിരസ്‌കരിച്ചു. പരിസ്ഥിതിയെ ധിക്കരിച്ചു. നിയമങ്ങളെ വെല്ലുവിളിച്ചു.

 ജീവിതമെന്നത്‌ സൈക്കിളുകളാണ്‌, സാകല്യമാണ്‌ എന്ന്‌ നാമോര്‍ക്കണം. ഓരോരുത്തരുടെയും ജീവിതയാത്രയില്‍ അനിവര്യമായും ആവര്‍ത്തിക്കപ്പെടുന്ന വ്യത്യസ്‌ത ഘട്ടങ്ങളുടെ വരവും പോക്കുമാണ്‌ സൈക്കിളുകള്‍. ശൈശവത്തിനു പിറകെ ബാല്യം. പിന്നെ കൗമാരം. തുടര്‍ന്ന്‌ യുവത്വം. അതുകഴിഞ്ഞ്‌ വാര്‍ധക്യം. സൈക്കിളുകളുടെ കാര്യത്തില്‍ അപവാദങ്ങളുണ്ടാകാം. ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചും പക്ഷെ, ഇത്‌ യാഥാര്‍ഥ്യമാണ്‌. ജീവിതയാത്രയിലെ സൈക്കിളുകള്‍ സമയത്തിന്റെ വേഗതയെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. ജീവിതത്തെ ജാഗ്രതയോടെ സമീപിക്കാന്‍ ആ ഓര്‍മപ്പെടുത്തലുകള്‍ നമ്മെ സഹായിക്കണം. വാര്‍ധക്യത്തിനു മുമ്പുള്ള യുവത്വത്തെയും രോഗാവസ്ഥക്കു മുമ്പുള്ള ആരോഗ്യത്തെയും ദാരിദ്ര്യത്തിനു മുമ്പുള്ള ഇടവേളകളെയും മരണത്തിനു മുമ്പുള്ള ജീവിതത്തെയും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അപ്പോഴേ നമുക്കു കഴിയൂ.

നബി(സ) ഒരിക്കല്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടുനില്‌ക്കെ ചുമരില്‍ ഒരു ചതുരം വരച്ചു. നേര്‍രേഖയുടെ അറ്റം ചതുരവും വിട്ട്‌ അല്‌പം പുറത്തേക്ക്‌ തള്ളിനില്‌ക്കുന്നുണ്ടായിരുന്നു. അതുകഴിഞ്ഞ്‌ നബി തിരുമേനി നേര്‍രേഖയുടെ ഇരു വശങ്ങളിലുമായി കുറെ കൊച്ചുകൊച്ചു വരകള്‍ വരച്ചു. അപ്പോള്‍ സ്വഹാബികള്‍ ചുമരിലേക്കു കൗതുകപൂര്‍വം നോക്കിയിരിക്കുകയായിരുന്നു. ചതുരത്തിനകത്തെ നേര്‍രേഖയിലേക്കു ചൂണ്ടി നബി പറഞ്ഞു: ``ഇത്‌ മനുഷ്യന്‍'' ചതുരത്തിലേക്ക്‌ ചൂണ്ടി അവിടുന്നു പറഞ്ഞു. ``ഇതാണ്‌ മനുഷ്യന്റെ ആയുസ്സ്‌.'' ചതുരത്തെയും വിട്ടു തള്ളിനില്‌ക്കുന്ന നേര്‍രേഖയുടെ അഗ്രം തൊട്ടുകാണിച്ചിട്ട്‌ തിരുമേനി അരുളി: ``ഇത്‌ മനുഷ്യന്റെ മോഹങ്ങള്‍.'' നേര്‍രേഖയുടെ ഇരുവശത്തുള്ള വരകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു പ്രവാചകന്‍ മൊഴിഞ്ഞു: ``ഇതൊക്കെ മനുഷ്യനെ കാത്തുകിടക്കുന്ന പരീക്ഷണങ്ങള്‍. ഒന്നിനെ അതിജീവിക്കുമ്പോള്‍ മറ്റൊന്നു പ്രത്യക്ഷപ്പെടുന്നു.'' ഇരു കണ്ണുകളും തുടച്ച്‌ അനുചരന്‍മാര്‍ നബി തിരുമേനിയുടെ വാക്കുകള്‍ നെഞ്ചിനകത്തേക്കു ചേര്‍ത്തുവെച്ചു. ആയുസ്സിനുമപ്പുറത്തേക്കു നീണ്ടു നീണ്ടു പോകുന്ന മോഹങ്ങള്‍ നിയന്ത്രിച്ച്‌ ജീവിതത്തെ പാകപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ അപ്പോഴേക്കു പഠിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു.

by ഡോ. കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ @ ശബാബ്