സംതൃപ്തിയിലാണ് സൗഭാഗ്യം

തിരുനബി (സ) പറഞ്ഞു : അല്ലാഹു തനിക്ക്‌ വിധിച്ചിട്ടുള്ളതിൽ സംതൃപ്തനായിരിക്കുന്നതാണ് മനുഷ്യന് സൗഭാഗ്യമായിട്ടുള്ളത്‌. അല്ലാഹുവിനോട്‌ ഗുണത്തിനു വേണ്ടി പ്രാർഥിക്കാതിരിക്കലും അവന്റെ വിധിയിൽ വെറുപ്പ്‌ കാണിക്കലുമാണ് മനുഷ്യന്റെ നിർഭാഗ്യം. (തുർമുദി). തിരുനബി (സ)യുടെ ഒരു പതിവു പ്രാർഥന ഇങ്ങനെയായിരുന്നു : അല്ലാഹുവേ, നീ വിധിച്ചതല്ലാതെ യാതൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് ബോധ്യമാവുകയും നീ എനിക്ക്‌ വിഹിതമായി നൽകുന്നതിലെല്ലാം സതൃപ്തിയുണ്ടാവുകയും ചെയ്യുന്ന ദൃഢവും ഉറപ്പുള്ളതും ഹൃദയത്തിൽ വേരൂന്നിയതുമായ വിശ്വാസം എനിക്ക്‌ നീ നൽകേണമേ. (ഖുൽബുൽ മുസ്‌ലിം : മുഹമ്മദുൽ ഗസ്സാലി : 73).

സത്യവിശ്വാസത്തിന്റെ സദ്‌ഫലമായുണ്ടാകുന്ന രണ്ട്‌ നേട്ടങ്ങളാണ് തിരുനബി (സ) എടുത്തുപറയുന്നത്‌. അല്ലാഹു വിധിക്കുന്നതിലും വീതിക്കുന്നതിലും മനസ്സംതൃപ്തി വളർത്തുന്ന സത്യവിശ്വാസം മികച്ച സൗഭാഗ്യമാണ്. അംറുബ്‌നു ആസ്‌ (റ)ൽ നിന്നുദ്ധരിക്കുന്ന ഒരു തിരുവചനം ശ്രദ്ധേയമാണ്. മനുഷ്യമനസ്സ്‌ എല്ലാ താഴ്‌വരകളിലും ചുറ്റിക്കറങ്ങുകയാണ്. ഒരാൾ തന്റെ മനസ്സിനെ താഴ്‌വരകളിൽ കറങ്ങാൻ വിടുകയാണെങ്കിൽ ഏത്‌ താഴ്‌വരയാണ് അതിനെ നശിപ്പിക്കുന്നതെന്ന കാര്യം അല്ലാഹു ഗൗനിക്കുകയില്ല. എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരെ നാശമടയുന്നതിൽ നിന്നും അല്ലാഹു രക്ഷിക്കും.(ഇബ്നുമാജ).

ആർത്തിയുടേയും അമിതമോഹങ്ങളുടെയും താഴ്‌വരകളിലാണ് ആധുനിക മനുഷ്യന്റെ സഞ്ചാരം. ജീവിതവിഭവങ്ങളിലൊന്നും സംതൃപ്തി കൈവരിക്കാനാവാതെ സംഘർഷബാധിതഹൃദയത്തോടെ അരസികമായ ജീവിതമാണ് അവന്റേത്‌. സംതൃപ്തിയില്ലാത്തവന് വിജയം കൈവരിക്കാനാവില്ല. ചെറുതായിക്കൊണ്ടേയിരിക്കാൻ പഠിക്കുമ്പോഴേ സംതൃപ്തിയെന്താണെന്ന് അറിയൂ. വലിയ മോഹങ്ങൾ മെനയുന്നവർക്ക്‌ വലിയ തോതിൽ അസംതൃപ്തിയും അതിന്റെ ഫലമായുള്ള അസ്വസ്ഥതാ ജീവിതവുമാണ് പകരം ലഭിക്കുക. അവനവനിലേക്ക്‌ അധിനിവേശം ചെയ്യുന്ന ആർത്തിയുടെ വിപണിയോട്‌ അരുത്‌ എന്ന് പറയാനുള്ള നെഞ്ചൂക്ക്‌ നാം കൈവരിച്ചേ തീരൂ. ശാന്തവും ശുഭകരവുമായ മനസ്സ്‌ അവിടെ മുതൽ ആരംഭിക്കും.

 by പി എം എ ഗഫൂർ @ ഐ എസ് എം തൃശൂർ സമ്മേളന സോവനീർ