യേശുക്രിസ്തു (ഈസാ നബി) ഖുർആനിൽ

ആദം നബി (അ) മാതാവും പിതാവുമില്ലാതെയാണു ജനിക്കുന്നത്‌. എന്നാൽ യേശുക്രിസ്തു [ഈസാ നബി (അ)]വിനു മാതാവുണ്ട്‌. പിതാവില്ല. 'മറിയമിന്റെ ഉദരത്തിൽ നീ ജന്മം കൊള്ളുക' എന്ന ദൈവവചനം കാരണം അദ്ദേഹം മനുഷ്യനായിട്ടു തന്നെ ജന്മം കൊണ്ടു. മനുഷ്യന്റെ ന്യൂനതകൾ അദ്ദേഹത്തിൽ ഉണ്ടായിരുന്നു. ദൈവത്തിനു മാത്രം അവകാശപ്പെട്ട യാതൊരു സ്വഭാവ വിശേഷണവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. വിശുദ്ധഖുർആൻ ഈ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നു.

 "അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു." [അദ്ധ്യായം 3 ആലു ഇം റാൻ 59]. ശേഷം വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു : "സത്യം നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്‌. ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവന്‍റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം.) എന്നിട്ട് കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കാം." [അദ്ധ്യായം 3 ആലു ഇംറാൻ 60,61]. നജ്‌റാനിലെ ക്രിസ്ത്യാനികളുടെ സംഘത്തെ നബി (സ) ഇപ്രകാരം പ്രാർത്ഥനക്ക്‌ വേണ്ടി ക്ഷണിച്ചപ്പോൾ അവർ പിന്മാറുകയാണുണ്ടായത്‌.

 "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്‌." [അദ്ധ്യായം 4 നിസാഅ് 171,172]

 "അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) 'മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌?' അദ്ദേഹം പറയും : 'നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ 'എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം' എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും'." [അദ്ധ്യായം 5 മാഇദ 116 - 118]

 "(നബിയേ,) പറയുക : കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും." [അദ്ധ്യായം 112 ഇഖ്‌ലാസ്‌] 

"മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക : മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ." [അദ്ധ്യായം 5 മാഇദ 17]

 "മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്‌; 'ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്‌. അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌." [അദ്ധ്യായം 5 മാഇദ 72 - 75]

 By അബ്ദുസ്സലാം സുല്ലമി @ ഇസ്‌ലാം മൗലിക പഠനങ്ങൾ from യുവത

ദൈവ പ്രീതിയിൽ സമ്പന്നനാവാം

"സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്‌. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു." [അദ്ധ്യായം 4 നിസാഅ് 29,30] 

വിശുദ്ധിയുടെ മതമാണ് ഇസ്‌ലാം. അല്ലാഹു പരിശുദ്ധനും വിശിഷ്ടമായതിനെ ഇഷ്ടപ്പെടുന്നവനുമാണ്. തന്റെ അടിമകളുടെ മനസ്സും ശരീരവും സമ്പത്തും ശുദ്ധമാവണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിനാൽ നിഷിദ്ധമാർഗ്ഗങ്ങളിലൂടെയുള്ള ധനസമ്പാദനത്തെ അവൻ നിരോധിച്ചിട്ടുണ്ട്‌. സത്യവിരുദ്ധവും മതനിയമത്തിൽ നിരുത്സാഹപ്പെടുത്തുന്നതുമായ എല്ലാ മാർഗ്ഗങ്ങളും നിഷിദ്ധ മാർഗ്ഗമാണ്. പരസ്പരം സംതൃപ്തമായ ക്രയവിക്രയങ്ങളിലൂടെ മാത്രമേ ഒരാളുടെ സമ്പത്ത്‌ മറ്റൊരാൾക്ക്‌ അനുവദനീയമാവുകയുള്ളൂ. കൂലി, ശമ്പളം, ദാനം, ലാഭം തുടങ്ങിയ രൂപത്തിൽ ഒരാൾക്ക്‌ മറ്റൊരാളിൽ നിന്ന് നിയമാനുസൃതമായ രീതിയിൽ ധനം ലഭിക്കാം. വാണിജ്യം, വ്യവസായം, തൊഴിൽ തുടങ്ങിയ ഇടപാടുകളിൽ ഒരാൾ ഇതരന്റെ ആവശ്യാർത്ഥം അധ്വാനിക്കുകയും ഇതരൻ ആ അധ്വാനത്തിനു പ്രതിഫലം നൽകുകയും ചെയ്യുന്നു. അതിനാൽ ഈ വിനിമയങ്ങൾ കച്ചവട ഇടപാടുകളുടെ പരിധിയിൽ വരുന്നു.

പരസ്പരം സംതൃപ്തി ഉണ്ടാകണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ചതിയോ ഈ ഇടപാടുകളിൽ കടന്നു വരരുത്‌. സ്ത്രീധനം, കൈക്കൂലി, പലിശ, കരിഞ്ചന്ത, മായം ചേർക്കൽ തുടങ്ങിയ ഇടപാടുകളിൽ പരസ്പര സംതൃപ്തി ഇല്ല. ചില നിർബന്ധിതാവസ്ഥകളാണവയ്ക്ക്‌ പിന്നിലുള്ളത്‌. ചൂതാട്ടം, ലോട്ടറി തുടങ്ങിയവയിലും ചിലരുടെ വ്യാമോഹങ്ങളും മറ്റു ചിലരുടെ മോഹഭംഗങ്ങളുമാണ് പ്രവർത്തിക്കുന്നത്‌. അതിനാൽ സുതാര്യവും നിയമാനുസൃതവുമല്ലാത്ത എല്ലാ ഇടപാടുകളും കുറ്റാർഹമാണ്. താൽക്കാലിക നേട്ടത്തിനു വേണ്ടി വളഞ്ഞ മാർഗ്ഗത്തിലൂടെ ധനം കൈക്കലാക്കുന്നവർ തങ്ങളെതന്നെ കൊന്ന് കളയുകയാണ് ചെയ്യുന്നത്‌. അഥവാ തങ്ങളുടെ ഭാവി അവർ അപകടത്തിലാക്കുന്നു. എന്നാൽ ഒരു വിശ്വാസി ഒരിക്കലും സ്വയം മരിക്കുന്നവനും മറ്റുള്ളവരെ കൊല്ലുന്നവനും ആവരുത്‌. അറിഞ്ഞുകൊണ്ട്‌ അപകടത്തിൽ പോയി ചാടുന്നവനാകരുത്‌ വിശ്വാസി. പരസ്പര സംതൃപ്തിയില്ലാത്ത ഇടപാടുകളിലൂടെ അവൻ എത്തിച്ചേരുന്നത്‌ കത്തിയാളുന്ന നരകാഗ്നിയിലായിരിക്കും.

നമ്മുടെ ഭാവി അപകടം നിറഞ്ഞതാവാതിരിക്കാൻ കാരുണ്യവാനായ അല്ലാഹു ഇക്കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. കാര്യങ്ങൾ മനസ്സിലായിട്ടും അന്യായമായ പാത പിന്തുടർന്ന് ഹറാം തീനികളായി മുന്നോട്ട്‌ പോയാൽ കല്ലും മനുഷ്യരും ഇന്ധനമായ നരകാഗ്നിയാണ് അവരുടെ സങ്കേതം. എല്ലാം സൃഷ്ടിച്ച്‌ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന സർവ്വശക്തനായ അല്ലാഹുവിന് ധിക്കാരികളെ ശിക്ഷിക്കുന്നത്‌ ഒട്ടും പ്രയാസമുള്ള കാര്യമല്ല എന്നോർക്കുക.

 by അബ്ദു സലഫി @ പുടവ മാസിക

അധികാരവും ജനസേവനവും

ജനസേവനം ദൗത്യമായി പ്രവര്‍ത്തിക്കുന്ന എതൊരു ഭരണാധികാരിക്കും ജനങ്ങളോട് ഹൃദയബന്ധം നിലനിര്‍ത്താന്‍ കഴിയും. അത് അവരില്‍ നിന്നുള്ള അനുസരണമായും പ്രാര്‍ഥനയായും അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. നബി(സ) പറയുന്നു: ”നിങ്ങളുടെ നേതാക്കന്മാരില്‍ നല്ലവര്‍, നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ നേതാക്കന്മാരില്‍ മോശമായവര്‍, നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുകയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ്.” (മുസ്‌ലിം).

തനിക്ക് ലഭിച്ച അധികാരം ദുരുപയോഗപ്പെടുത്തുകയോ അത് ഉപയോഗിച്ച് ആളുകള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയോ ചെയ്യുന്നവര്‍ കരുതിയിരിക്കുക. നബിയുടെ പ്രാര്‍ഥന ഈ വിഷയത്തില്‍ ഗൗരവമേറിയതാണ്: ”അല്ലാഹുവേ, എന്റെ സമുദായത്തിന്റെ എന്തെങ്കിലും കാര്യം ഒരാള്‍ ഏറ്റെടുത്തിട്ട് അവരെ പ്രയാസപ്പെടുത്തിയാല്‍ അത്തരക്കാരെ നീയും പ്രയാസപ്പെടുത്തേണമേ. അവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തവര്‍ അവരോട് സൗമ്യമായി വര്‍ത്തിക്കുകയാണെങ്കില്‍ നീയും അവരോട് സൗമ്യത കാണിക്കേണമേ.” (മുസ്‌ലിം).

അധികാരമേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട ജനസേവന താല്പര്യം എങ്ങനെയായിരിക്കണമെന്ന് ഉമര്‍(റ) വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് കൂഫയിലേക്ക് അയക്കേണ്ട ഗവര്‍ണര്‍ ആരായിരിക്കണമെന്ന ചര്‍ച്ച നടന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ പലരെയും നിര്‍ദേശിച്ചു. ഉമര്‍ അതൊന്നും അംഗീകരിച്ചില്ല. താങ്കള്‍ ആരെയാണ് കാണുന്നത്? അവര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: ”ഞാനുദ്ദേശിക്കുന്ന വ്യക്തിക്ക് ഒരേയൊരു യോഗ്യത മാത്രമുണ്ടായാല്‍ മതി. ഭരണമേറ്റെടുത്ത് അയാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരില്‍ ഒരാളെപ്പോലെ കഴിയണം. ഭരണമില്ലാതെ അവര്‍ക്കിടയില്‍ കഴിയുമ്പോള്‍, അയാള്‍ ഒരു ഭരണാധികാരിയെപ്പോലെ പ്രവര്‍ത്തിക്കണം.”

സ്‌നേഹവും പ്രാര്‍ഥനയും പങ്കുവെച്ച് ഭരണാധികാരിയുടെയും ജനങ്ങളുടെയും ഇടയിലുള്ള ഇത്തരം ബന്ധങ്ങള്‍ നാട്ടിലുണ്ടാകുമ്പോഴാണ് ഭരണം ഫലപ്രദവും പ്രത്യുല്‍പന്നപരവുമാകുന്നത്. അധികാരമേറ്റെടുക്കുന്നതോടെ ജനങ്ങളുമായുള്ള ഇടപെടലുകളില്‍ സമൂല മാറ്റമുണ്ടാകേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി സമഭാവത്തില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ മാത്രമേ തന്റെ ബാധ്യത പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഓരോരുത്തര്‍ക്കും തന്നില്‍ നിന്ന് ലഭിക്കേണ്ട പരിഗണന എങ്ങനെയായിരിക്കണമെന്ന് ആദ്യകാല മുസ്‌ലിം ഭരണചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉമര്‍ബിന്‍ അബ്ദുല്‍അസീസ്(റ) ഭരണമേറ്റെടുത്തപ്പോള്‍ തനിക്കാവശ്യമായ ഭരണ രൂപരേഖ നല്‍കാന്‍ സാലിം(റ)നോട് നിര്‍ദേശിച്ചു. അദ്ദേഹം പറഞ്ഞു: "താങ്കള്‍ ജനങ്ങളെ പിതാവിന്റെയും മകന്റെയും സഹോദരന്റെയും സ്ഥാനത്ത് കാണുക. പിതൃതുല്യരായുള്ളവരോട് പുണ്യം ചെയ്യുക. സഹോദരസ്ഥാനത്തുള്ളവര്‍ക്ക് സുരക്ഷ നല്‍കുക, മക്കളുടെ സ്ഥാനത്തുള്ളവരോട് കാരുണ്യവും വാത്സല്യവും പുലര്‍ത്തുക.” തന്റെ കൈകളിലെത്തുന്ന അധികാരം ഒരു ദിവസത്തേക്കാണെങ്കിലും അതിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന സേവകനാകാന്‍ കഴിഞ്ഞാല്‍ ഭരണാധികാരികള്‍ അനശ്വരമായി ജനഹൃദയങ്ങളില്‍ ജീവിക്കും.

By ഡോ. ജമാലുദ്ദീന്‍ ഫാറൂഖി @ ശബാബ് വാരിക 

ഭരണവും സ്ത്രീകളും

ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം പരിശുദ്ധ ഖുർആനാണ്. മനുഷ്യന്റെ കൈകടത്തലുകൾക്ക്‌ അതീതമായ ഗ്രന്ഥമാണത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിൽ നബി (സ) പറഞ്ഞതും നബിയുടെ പേരിൽ നിർമ്മിച്ചതുമുണ്ട്‌. ഒരു ഹദീസ്‌ ഗ്രന്ഥവും സംശയത്തിൽ നിന്ന് പൂർണ്ണമായി സുരക്ഷിതമല്ലെന്ന് ഇമാം ഗസ്സാലി (റ) ഇഹ്‌യാ ഉലൂമുദ്ദീനിൽ സ്ഥാപിച്ചിട്ടുണ്ട്‌. സ്ത്രീകൾ ഭരണം നടത്തുന്നതിനെ പരിശുദ്ധ ഖുർആൻ വിമർശ്ശിക്കുന്നില്ല, വിലക്കുന്നുമില്ല. പുറമേ പുരുഷന്മാരേക്കാൾ നല്ല രീതിയിൽ ഭരണം നടത്തുവാൻ സ്ത്രീകൾക്ക്‌ സാധിക്കുമെന്ന് സബ്ത്ത്‌ രാജ്യത്തിലെ രാജ്ഞിയുടെ ചരിത്രം വിവരിച്ചു കൊണ്ട്‌ ഖുർആൻ പറയുന്നുണ്ട്‌. യുദ്ധത്തിലേക്ക്‌ എടുത്തു ചാടുവാൻ പുരുഷന്മാരായ മന്ത്രിമാർ നിർദേശിച്ചപ്പോൾ രാജ്ഞി ചെയ്ത പ്രസ്താവന ശ്രദ്ധിച്ചാൽ ഇത്‌ ബോധ്യമാകുന്നതാണ് (അദ്ധ്യായം നംല് 34). ഈ രാജ്ഞി മുസ്‌ലിമായപ്പോൾ അവരുടെ ഭരണം അവർക്ക്‌ തന്നെ പ്രവാചകൻ നൽകിയെന്നും ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നുണ്ട്‌ (ജലാലൈനി). എന്നാൽ സ്ത്രീകളെ ഭരണരംഗത്തു നിന്ന് അകറ്റുവാൻ വേണ്ടി ജലാലൈനിയുടെ മലയാള പരിഭാഷയിൽ നിന്ന് ഈ ഭാഗം വിട്ടുകളഞ്ഞിട്ടുണ്ട്‌ (തഫ്സീറുൽ ഖുർആൻ പേജ്‌ 384).

പൂർവ്വിക നബിമാരുടെ മാർഗം സ്വീകരിക്കുവാൻ മുഹമ്മദ്‌ നബി (സ)യോട്‌ പരിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്‌ കാണാം. പ്രത്യേക നിർദേശമില്ലാത്ത വിഷയങ്ങളിൽ ഈ നിർദേശം പാലിക്കുവാൻ അദ്ദേഹം കടപ്പെട്ടവനാണ്. അനുയായികളായ മുസ്‌ലിംകളും. പ്രവാചകൻ യുദ്ധരംഗത്തു പോലും പല വകുപ്പുകളും സ്ത്രീകളെ ഏൽപ്പിച്ചിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണാം. പല പ്രശ്നങ്ങളിലും അവിടുന്ന് സ്ത്രീകളോട്‌ അഭിപ്രായം ചോദിച്ചു നടപ്പിലാക്കിയത്‌ ബുഖാരിയിൽ കാണാം. പ്രവാചക പത്നി ആയിശ (റ) ഒരു യുദ്ധത്തിന് നേതൃത്വം നൽകുക പോലുമുണ്ടായി. സ്ത്രീകൾ ഭരണം നടത്താൻ പാടില്ലെന്ന് നബി (സ) വ്യക്തമായ ഭാഷയിൽ പറഞ്ഞ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെടുന്നില്ല. ഒരു ഹദീസാണ് അതിനു വേണ്ടി ചിലർ ദുരുപയോഗപ്പെടുത്താറുള്ളത്‌. ആ ഹദീസ്‌ ഇങ്ങനെ : പേർശ്യയിലെ കിസ്‌റാ രാജാവ്‌ വധിക്കപ്പെട്ടപ്പോൾ ആരാണ് ഭരണം ഏറ്റെടുത്തതെന്ന് നബി (സ) ചോദിച്ചു. കിസ്‌റയുടെ പുത്രിയാണെന്ന് മറുപടി നൽകിയപ്പോൾ 'തങ്ങളുടെ കാര്യം ഒരു സ്ത്രീയെ ചുമതലപ്പെടുത്തിയ ജനത വിജയിക്കുകയില്ല' എന്ന് നബി (സ) പറഞ്ഞു (ബുഖാരി).

ഈ ഹദീസ്‌ പിടിച്ച്‌ മതേതര സ്വഭാവമുള്ള ഒരു രാഷ്ട്രത്തിൽ സ്ത്രീകൾക്ക്‌ ഭരണത്തിൽ പങ്കുവഹിക്കാൻ പാടില്ലെന്ന് പറയുന്നത്‌ തനി വിഡ്ഢിത്തവും സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കലുമാണ്. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ പോലുള്ള രാജ്യത്ത്‌ ഭരണ-ഉദ്യോഗ രംഗങ്ങൾ സ്ത്രീകൾക്ക്‌ നിഷേധിക്കുന്നത്‌ ഒട്ടും ശരിയല്ല. കാരണം വ്യക്തമാക്കാം :-

ഒന്ന് : ഖുർആനിന്റെ പ്രസ്ഥാവനയെ മറികടന്ന് മതവിധി നൽകുവാൻ മാത്രം ശക്തമായ തെളിവല്ല ഈ ഹദീസ്‌. കാരണം, ഈ ഹദീസിൽ സ്ത്രീകളുടെ നേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത്‌ പേർശ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ അതല്ല സ്ത്രീ നേതൃത്വത്തെ തത്വത്തിൽ തന്നെ എതിർക്കുകയാണൊ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്‌. ഇമാം ത്വബ്‌രി (റ), ഇമാം മാലിക്‌ (റ) മുതലായവർ ആദ്യത്തെ അഭിപ്രായത്തെ പിന്തുണക്കുകയും സ്ത്രീകൾക്ക്‌ അധികാരം മുഴുവൻ ഒരാളിൽ നിക്ഷിപ്തമായ ഭരണകൂടത്തിന്റെ നേതൃത്വം പോലും ഏറ്റെടുക്കാമെന്ന് പറയുകയും ചെയ്തിരിക്കുന്നു.

രണ്ട്‌ : സ്ത്രീകൾ ഭരണം ഏറ്റെടുക്കുന്നത്‌ നിഷിദ്ധമാക്കുന്ന ശൈലി മേൽ ഹദീസിൽ കാണാനാവുന്നില്ല. മറിച്ച്‌ ഒരു വിമർശന ശൈലി മാത്രമാണത്‌. അധികാരം നേടാൻ ശ്രമിക്കുന്നതിനെ പൊതുവായി വിമർശിക്കുന്ന ശൈലി ഹദീസുകളിലുണ്ട്‌. ഒരു മതേതര രാഷ്ട്രത്തിൽ ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി, പാർലമന്റ്‌ പോലുള്ള ഭരണതലങ്ങളിൽ ഏതെങ്കിലും ഒരു വകുപ്പ്‌ സ്ത്രീ ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല ഹദീസിൽ പറയുന്നത്‌. മറിച്ച്‌ ഭരണാധികാരം ഒരാളിൽ നിക്ഷിപ്തമായ ഭരണരീതിയെ സംബന്ധിച്ചാണ്. ഇബ്നു ഹജർ (റ) ഇസ്വാബ എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലയുടെ പുത്രിയായിരുന്ന ശിഫാഅ് (റ) എന്ന സഹാബി വനിതയെക്കുറിച്ച്‌ എഴുതിയത്‌ ഇങ്ങനെ : 'ഖലീഫ ഉമർ (റ) ഭരണകാര്യത്തിൽ ഈ മഹതിയുടെ അഭിപ്രായങ്ങൾ അന്വേഷിക്കുകയും അവരുടെ അഭിപ്രായത്തിന്ന് മുൻഗണന നൽകുകയും പരിഗണിക്കുകയും ചെയ്തിരുന്നു. ചില സമയങ്ങളിൽ അങ്ങാടികളുടെ ഭരണ നേതൃത്വം അവരെ ഏൽപ്പിക്കാറുമുണ്ടായിരുന്നു.' 

മുഗളന്മാരുടേയും മറ്റും ഭരണകാലത്ത്‌ എല്ലാ അധികാരവും ഒരാളിൽ നിക്ഷിപ്തമായ ഭരണം മുസ്‌ലിം സ്ത്രീകൾ ഏറ്റെടുത്ത്‌ നടത്തിയത്‌ ചരിത്രത്തിലുണ്ട്‌. ഇത്‌ നിഷിദ്ധമായിരുന്നുവെന്ന് പറയുവാൻ യാതൊരുവിധ തെളിവും ഖുർആനിലോ നബിചര്യയിലോ കാണാൻ സാധ്യമല്ല. നിഷിദ്ധമായി പ്രഖ്യാപിക്കാത്തിടത്തോളം എല്ലാ സംഗതിയും എല്ലാ വ്യക്തികൾക്കും അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. 'ബറാഅതുൽ അസ്വ്‌ലിയ്യ' എന്ന് ഇതിനെ പറയുന്നു. ഇന്നത്‌ നിഷിദ്ധമാണെന്ന് അല്ലാഹുവിന്റെ നിർദ്ദേശം വന്നാൽ അത്‌ നിഷിദ്ധമായി. അനുവദനീയമാണ് എന്നതിന് പ്രത്യേകം തെളിവിന്റേയൊ മാതൃകയുടേയൊ ആവശ്യമില്ല. നിഷിദ്ധമാണെന്ന് തെളിയിക്കുന്ന തെളിവിന്റെ അഭാവം ഉണ്ടായാൽ തന്നെ മതിയാകുന്നതാണ്. മതവിധികൾ കണ്ടുപിടിക്കുമ്പോൾ മുസ്‌ലിം പണ്ഡിതന്മാർ അടിസ്ഥാനമാക്കാറുള്ള ഒരു കാര്യമാണിത്‌.

By അബ്ദുസ്സലാം സുല്ലമി @ സ്ത്രീകളുടെ അവകാശങ്ങൾ പ്രമാണങ്ങളിൽ, ചരിത്രത്തിൽ (യുവത ബുക്സ്‌)

നഹ്സും ശകുനവും

ദിവസങ്ങൾ, മാസങ്ങൾ, പക്ഷിയുടെ ശബ്ദങ്ങൾ, പിശാചുക്കൾ എന്നിവയുടെ പേരിൽ ശിർക്കുപരമായ നിരവധി ഊഹാപോഹങ്ങൾ വെച്ചു പോറ്റുന്നവർ മുസ്‌ലിംകളിൽ അനവധിയുണ്ട്‌. സ്ത്രീകൾ മുതൽ ബുദ്ധിമാന്മാരായ പുരുഷന്മാർ വരെ ഇത്തരം മൗഢ്യവിശ്വാസങ്ങൾക്കിരയായിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങൾക്കും മാസങ്ങൾക്കും അവർ നഹ്സ്‌ (അവലക്ഷണം) സങ്കൽപ്പിക്കുന്നു. പക്ഷികളുടെ ശബ്ദങ്ങൾ, മാസം മറഞ്ഞുകാണൽ, ഒരു സംഗതിക്ക്‌ വേണ്ടി പുറപ്പെടുമ്പോൾ വീണ്ടും തിരിച്ചു വരാൻ കാരണം ഉണ്ടാവൽ, എന്തെങ്കിലും ജീവികൾ എതിരെ സഞ്ചരിക്കൽ, കുട്ടികളൊ മറ്റോ വീണു അപകടം ഉണ്ടാവൽ മുതലായവ ശകുനവും അവലക്ഷണവുമായി അവർ കാണുന്നു.

അല്ലാഹു പവിത്രമാസമായി പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ച മുഹറം മാസത്തിലെ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾക്കു വരെ നഹ്സ്‌ സങ്കൽപ്പിക്കാൻ ഇവരുടെ ശിർക്കുപരമായ ഊഹാപോഹങ്ങൾക്ക്‌ സാധിക്കുന്നു! നബി (സ) സുന്നത്താണെന്ന് പ്രഖ്യാപിച്ച വിവാഹങ്ങൾ നടത്താനും മതം അനുവദിക്കുകയും പുണ്യകർമ്മമായി പ്രോൽസാഹിപ്പിക്കുകയും ചെയ്ത കച്ചവടവും മറ്റും തുടങ്ങാനും ഈ ദിവസങ്ങളിൽ അവർ ഭയപ്പെടുന്നു! മതപണ്ഡിതർ എന്ന് പറയപ്പെടുന്നവർ ഇത്തരം ശിർക്കുപരമായ വിശ്വാസങ്ങൾക്കു നേരെ കണ്ണടക്കുകയും അജ്ഞത നടിക്കുകയും ചെയ്യുന്നു.

 അല്ലാഹു പറയുന്നു : "എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു : 'നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌.' ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ 'അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്' എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 7 അഅ്റാഫ്‌ 131]. മനുഷ്യർക്ക്‌ എന്തെങ്കിലും തിന്മ സംഭവിക്കുന്നുണ്ടെങ്കിൽ അത്‌ കാലത്തിന്റേയോ മറ്റു ഏതെങ്കിലും വ്യക്തികളുടേയോ ദുശ്ശകുനം കൊണ്ടോ നഹ്സ്‌ കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച്‌, അവന്റെ കർമ്മഫലമായി അല്ലാഹുവിൽ നിന്ന് സംഭവിക്കുന്നതാണ്. ഈ യാഥാർത്ഥ്യമാണ് അല്ലാഹു ഇവിടെ പറയുന്നത്‌.

"വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ (ആദ്‌ സമുദായം) നേര്‍ക്ക് അയക്കുക തന്നെ ചെയ്തു." [അദ്ധ്യായം 54 ഖമർ 19]. ദിവസങ്ങൾക്കല്ല നഹ്സ്‌, മറിച്ച്‌ മനുഷ്യന്റെ കർമ്മങ്ങൾക്കാണെന്ന് ഈ ആയത്ത്‌ വ്യക്തമാക്കുന്നു. കാരണം ഈ ദിവസം തന്നെയാണ് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്തത്‌. അതിനാൽ ഈ ദിവസം അവരെ സംബന്ധിച്ച്‌ നന്മയായിരുന്നു. തഫ്സീറുൽ സ്വാവിയിൽ എഴുതുന്നു : "സത്യനിഷേധികളുടെ മേൽ ആ ദിവസം നഹ്സിന്റെ ദിവസവും സത്യവിശ്വാസികൾക്ക്‌ ബർക്കത്തിന്റെ ദിവസവുമായിരുന്നു." (സ്വാവി 4:148)

അബുഹുറൈറ (റ) നിവേദനം : നബി (സ) അരുളി : "അല്ലാഹു പറയുന്നു : 'ആദമിന്റെ മക്കൾ എന്നെ ഉപദ്രവിക്കുന്നു. അവർ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. രാപകലുകൾ മാറ്റി മറിക്കുന്നത്‌ ഞാനാണ്'." മറ്റൊരു നിവേദനത്തിൽ നബി (സ) ഇങ്ങനെ പറഞ്ഞു : "നിങ്ങൾ കാലത്തെ ശകാരിക്കരുത്‌. നിശ്ചയം കാലം അല്ലാഹുവാണ്." [ബുഖാരി, മുസ്‌ലിം]. അപ്പോൾ ഏതെങ്കിലും ദിവസങ്ങൾക്കും മാസങ്ങൾക്കും നഹ്സും ദുശ്ശകുനവും സങ്കൽപ്പിക്കൽ അല്ലാഹുവിനെ ശകാരിക്കലും അവനെ ഉപദ്രവിക്കലുമാണ്. ഒരു ദിവസത്തിനും ഒരു മാസത്തിനും യാതൊരുവിധ കുറവോ ന്യൂനതയോ നഹ്സോ ദുശ്ശകുനമോ ഇല്ല. ഇവയെല്ലാം ഏതെങ്കിലും മനുഷ്യന് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്‌ അവന്റെ സ്വന്തം കർമ്മഫലമാണ്. അല്ലാതെ, മാസം കാരണമോ ദിവസം കാരണമോ സമയം കാരണമോ സംഭവിക്കുന്നതല്ല.

ഇബ്നു ഹജറുൽ ഹൈതമി (റ)യോട്‌ നഹ്സിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ : "നഹ്സിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവയെക്കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ അവൻ ചെയ്യുന്നതിനെ വിഢ്ഡിത്തമാക്കിയും അവനിൽ നിന്ന് പിന്തിരിഞ്ഞും അതിന്റെ തിന്മ വ്യക്തമാക്കിയുമല്ലാതെ മറുപടി പറയുന്നതല്ല. തീർച്ചയായും അത്‌ ജൂതന്മാരുടെ സുന്നതാണ്. അല്ലാതെ, തങ്കളുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുന്ന മുസ്‌ലിംകളുടെ ചര്യയിൽ പെട്ടതല്ല." [ഫതാഫൽ ഹദീസിയ്യ].

By അബ്ദുസ്സലാം സുല്ലമി @ തൗഹീദ്‌ : ഒരു സമഗ്ര വിശകലനം

പശ്ചാതാപം സ്വീകരിക്കപ്പെടാത്തവർ

"ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ ദൈവദൂതന്‍ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്‌. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവര്‍ അതില്‍ (ശാപഫലമായ ശിക്ഷയില്‍) സ്ഥിരവാസികളായിരിക്കുന്നതാണ്‌. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല. അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു. വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല." [അദ്ധ്യായം 3 ആലു ഇംറാൻ 85 - 91]

സത്യവിശ്വാസത്തെ ഏറെ ഇഷ്ടപ്പെടുകയും സത്യനിഷേധത്തെ വെറുക്കുകയും ചെയ്യത്തക്കവിധം ഒരാളുടെ ഹൃദയം വിശാലമായിക്കഴിഞ്ഞ ശേഷം അയാൾ അവിശ്വാസത്തിലേക്കും നിഷേധത്തിലേക്കും തിരിച്ചു പോകാനുള്ള സാധ്യത കുറവാണ്. സ്വാർഥമോ കാപട്യമോ പണക്കൊതിയോ പോലുള്ള കാരണങ്ങളാൽ മനസ്സ്‌ കളങ്കിതമായാലേ ഏതൊരാൾക്കും സത്യനിഷേധത്തിലേക്ക്‌ തിരിച്ചുപോകാൻ തോന്നുകയുള്ളൂ. അതുകൊണ്ടാണ് അവർ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും അർഹരാകുന്നത്‌. എന്നാലും ഒരിക്കൽ സത്യനിഷേധത്തിലേക്ക്‌ വ്യതിചലിച്ചവർ ആത്മാർത്ഥമായി പശ്ചാതപിച്ചാൽ അല്ലാഹു പൊറുത്തു തരുകയും കരുണ കാണിക്കുകയും ചെയ്യുമെന്ന് 3:89 സൂക്തത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ അവിശ്വാസത്തിലേക്ക്‌ വഴുതിപ്പോയ ശേഷം അതിൽ തന്നെ ഉറച്ചുനിൽക്കുകയും നിഷേധമനോഭാവം കൂടി വരുകയും ചെയ്തശേഷം പശ്ചാതപിച്ചാൽ അത്‌ അല്ലാഹു സ്വീകരിക്കുകയേ ഇല്ലെന്ന് 3:90 സൂക്തത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സത്യമതം തൃപ്തിപ്പെട്ട്‌ സ്വീകരിച്ചശേഷം നിഷേധത്തിന്റെ പാരമ്യത്തിലേക്ക്‌ ഒരാൾ വഴുതിപ്പോവുകയാണെങ്കിൽ അയാൾ തികഞ്ഞ ദുർമ്മാർഗി തന്നെയാകുന്നു. സത്യനിഷേധത്തിൽ നിന്നും വൻപാപങ്ങളിൽ നിന്നും എന്നെന്നേക്കുമായി പിന്മാറിയവരുടെ പശ്ചാതാപം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

By ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി @ ശബാബ് 

എല്ലാം നാഥനോട്‌ ചോദിക്കാം

"നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്‌. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്‌. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." [അദ്ധ്യായം 4 നിസാഅ്‌ 32] 

എണ്ണമറ്റ വൈവിധ്യങ്ങളുമായാണ് മനുഷ്യവർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഒരാൾ സമ്പന്നനാണെങ്കിൽ മറ്റൊരാൾ ദരിദ്രനാണ്. ഓരോരുത്തരുടേയും സൗന്ദര്യം വ്യത്യസ്തമാണ്. ശാരീരികവും മാനസികവുമായ കരുത്തിലും ഈ വൈവിധ്യം കാണാം. ചിലർക്ക്‌ ശ്രുതിമധുരമായ സ്വരമാണുള്ളതെങ്കിൽ മറ്റു ചിലരുടേത്‌ പരുക്കൻ സ്വരമാണ്. ജന്മനാ പോരായ്മകളുള്ളവരും ഇല്ലാത്തവരുമുണ്ട്‌. ധനം, ജോലി, മക്കൾ, സൗകര്യങ്ങൾ ഇവയെല്ലാം പലർക്കും ഏറ്റക്കുറവുകളോടേയാണ് ലഭിച്ചിട്ടുള്ളത്‌. ഈ സ്വാഭാവിക വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനോ കൃത്രിമ സമത്വം രൂപപ്പെടുത്താനോ ശ്രമിക്കുന്നത്‌ പ്രകൃതി വിരുദ്ധമാണ്.

 എല്ലാവർക്കും എല്ലാം നൽകിയത്‌ സർവ്വശക്തനായ അല്ലാഹുവാണ്. മറ്റൊരാൾക്ക്‌ ലഭിച്ചത്‌ താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചാൽ അത്‌ നാനാതരത്തിലുള്ള കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തും. തനിക്കില്ലാത്ത പലതും മറ്റുള്ളവർക്ക്‌ ലഭിച്ചെന്നിരിക്കാം. എന്നാൽ അവ അന്യായമായ വഴികളിലൂടെ തന്റേതാക്കാൻ കൊതിക്കുന്നത്‌ കൊടും പാതകമാണ്. സുഖസൗകര്യങ്ങൾ, സ്ഥാനമാനങ്ങൾ, നൈസർഗ്ഗിഗ ശേഷികൾ, സ്വഭാവ ഗുണങ്ങൾ എന്നിവയെല്ലാം ചിലരിൽ ഉയർന്ന നിലവാരത്തിലുണ്ടാവും. ഇതിനോട്‌ അസൂയ കാണിക്കുകയോ അവിഹിത വഴികളിലൂടെ അവ തന്റേതാക്കി മാറ്റാൻ ശ്രമിക്കുകയോ അരുത്‌. ഇതെല്ലാം വിഭജിച്ച്‌ നൽകിയത്‌ സർവ്വശക്തനായ അല്ലാഹുവാണ്.

 സ്ത്രീക്കും പുരുഷനും യാതൊരു പക്ഷഭേദവുമില്ലാതെ അല്ലാഹു പ്രതിഫലം നൽകും. ഓരോരുത്തരും പ്രവർത്തിക്കുന്നത്‌ അവർക്കുതന്നെ ഗുണം ചെയ്യുന്നതാണ്. ചെറിയ ഒരു പ്രവർത്തനം പോലും ആത്മാർത്ഥമായുണ്ടായെങ്കിൽ അല്ലാഹു അംഗീകരിക്കും. അവനാണ് ആർക്ക്‌ എങ്ങനെ പ്രതിഫലം നൽകണം എന്ന് തീരുമാനിക്കുന്നതും. അതിനാൽ നമുക്ക്‌ കിട്ടാതെ പോയ അനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള വഴി, കിട്ടിയവരോട്‌ അസൂയ പുലർത്താനോ അവ നശിച്ചു കാണാൻ ആഗ്രഹിക്കലോ അല്ല. മറിച്ച്‌ ആത്മാർത്ഥമായി അല്ലാഹുവിനോട്‌ അപേക്ഷിച്ചു കൊണ്ടേയിരിക്കലാണ്. എല്ലാം അറിയുന്ന എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അല്ലാഹു നമുക്ക്‌ ഏതനുഗ്രഹവും തരാൻ കഴിവുള്ളവനാണ്. ആത്മാർത്ഥമായി അവനോട്‌ നിരന്തരം ചോദിച്ചുകൊണ്ടിരുന്നാൽ അവൻ ഒരിക്കലും ഒഴിവാക്കുന്നവനല്ല. ഇന്നല്ലെങ്കിൽ നാളെ അത്‌ നമ്മെ തേടിയെത്തും. അതിനാൽ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച്‌ അവനോട്‌ എല്ലാം ചോദിക്കുക.

By അബ്ദു സലഫി @ പുടവ മാസിക

മനുഷ്യര്‍ ഒരൊറ്റ സമൂഹം

"മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ." [അദ്ധ്യായം 10 യൂനുസ്‌ 19] 

മഹത്തായ തത്വങ്ങളിലേക്ക്‌ സൂക്തം വെളിച്ചം തൂകുന്നു.

1. അല്ലാഹു പല മതങ്ങളേയും മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെ ആദ്യ ദശയിൽ ഒരേ മതത്തിന്റെ അനുയായികളും ഒരേ ജാതിയുമായിരുന്നു. ഈ തത്വം അദ്ധ്യായം 2:ബഖറ 213ലും വിവരിക്കുന്നുണ്ട്‌. ആ ആയത്ത്‌ ഇങ്ങനെ : "മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു."

2. മനുഷ്യന്റെ സ്വാർത്ഥ താൽപര്യവും പരസ്പരം അസൂയയും അജ്ഞതയുമാണ് വിവിധ മതങ്ങളും ജാതികളും ദൈവങ്ങളും സൃഷ്ടിച്ചത്‌.

3. നന്മയിലും തിന്മയിലും നിർബന്ധിതനായ നിലക്ക്‌ മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുന്നില്ല.

4. മനുഷ്യൻ തെറ്റ്‌ ചെയ്താൽ ഉടനെ തന്നെ ഈ ഭൂമിയിൽ വെച്ച്‌ അവനെ ശിക്ഷിക്കുകയില്ല എന്ന അല്ലാഹുവിന്റെ പൊതുവായ ഒരു തീരുമാനമാണ് 'മുൻകടന്ന വചനം' എന്നതിന്റെ വിവക്ഷ.

5. ഭിന്നതയുണ്ടാക്കുന്നത്‌ മനുഷ്യൻ തന്നെയാണ്. ഭിന്നത അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നന്മയിലെ ഐക്യമാണ് അല്ലാഹു ആഗ്രഹിക്കുന്നത്‌.

by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം 

അബുദ്ദർദാഅ്‌ (റ)ന്റെ ഉപദേശങ്ങൾ

ഐഹിക വിഭവങ്ങളിൽ മുഴുകി ജീവിക്കുന്ന ശാം നിവാസികളോട്‌ ഒരിക്കൽ പ്രമുഖ സ്വഹാബിയായ അബുദ്ദർദാഅ്‌ (റ) ചെയ്ത പ്രസംഗം ഇപ്രകാരമാണ് : "നിങ്ങൾ മതത്തിൽ എന്റെ സഹോദരന്മാരാണ്. നാട്ടിൽ എന്റെ അയൽവാസികളാണ്. ശത്രുക്കൾക്കെതിരെ നമ്മൾ പരസ്പരം സഹായികളാണ്. എങ്കിലും നിങ്ങളെയോർത്ത്‌ ഞാൻ ലജ്ജിക്കുന്നു. കാരണം നിങ്ങൾക്ക്‌ ഭക്ഷിക്കാൻ കഴിയാത്തതാണ് നിങ്ങൾ ശേഖരിക്കുന്നത്‌. നിങ്ങൾക്ക്‌ താമസിക്കാൻ സാധിക്കാത്തതാണ് നിങ്ങൾ കെട്ടിപ്പടുക്കുന്നത്‌. നിങ്ങൾക്ക്‌ എത്തിപ്പിടിക്കാൻ സാധിക്കാത്തതാണ് നിങ്ങൾ ആഗ്രഹിക്കുന്നത്‌. നിങ്ങളുടെ പൂർവ്വികരും ഇങ്ങനെയൊക്കെയായിരുന്നു. എന്നിട്ടെന്തായി? അവർ കൂട്ടിവെച്ചതെല്ലാം നശിച്ചുപോയി. അവരുടെ ആഗ്രഹങ്ങളൊക്കെയും വഞ്ചകാത്മകമായിരുന്നു. അവരുടെ വീടുകളൊക്കെയും ഖബറുകളായി മാറി. അദ്ൻ മുതൽ അമ്മാവൻ വരെ സമ്പത്തും സന്താനങ്ങളും സ മൃദ്ധമായുണ്ടായിരുന്ന ആദ്‌ സമുദായമായിരുന്നു അത്‌." 

അബുദ്ദർദ്ദാഇന്റെ മറ്റു ചില ഉപദേശങ്ങൾ ഇങ്ങനെ :

"സമ്പത്തും സന്താനങ്ങളും വർദ്ധിക്കലല്ല പുണ്യം. സഹനം കൈകൊള്ളുക. അറിവ്‌ വർദ്ധിക്കുക. അല്ലാഹുവിനെ ആരാധിക്കുന്നതിൽ മറ്റുള്ളവരോട്‌ മൽസരിക്കുക എന്നിവയാണ് പുണ്യം." 

"യഥാർത്ഥ സൗഭാഗ്യം എന്നത്‌ ദുനിയാവിനെ നീ ഉടമപ്പെടുത്തലാണ്. ദുനിയാവ്‌ നിന്നെ ഉടമപ്പെടുത്തലല്ല." 

"കാലം മുഴുവൻ നിങ്ങൾ നന്മ അന്വേഷിച്ചു കൊണ്ടേയിരിക്കുക." 

"നിങ്ങളിലൊരാൾക്കും വിജ്ഞാനിയാവാതെ ഭക്തനാവാൻ കഴിയില്ല. നിങ്ങളുടെ അറിവിന് ഭംഗി കൈവരുന്നത്‌ ആ അറിവനുസരിച്ച്‌ നിങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമാണ്." 

"നിന്റെ കൈവശമുള്ള ദുനിയാവിലെ ഏതൊരു വിഭവവും നിനക്ക്‌ മുമ്പ്‌ മറ്റൊരാളുടേതായിരുന്നു. നിനക്ക്‌ ശേഷം അത്‌ മറ്റൊരാൾക്കുള്ളതുമാണ്. നിന്റേതെന്ന് പറയാവുന്നത്‌ അവയിൽ നിന്ന് നിനക്ക്‌ വേണ്ടി നീ ശേഖരിച്ചുവെച്ച നന്മകൾ മാത്രമാണ്." 

"ദൃഢവിശ്വാസവും ഭയഭക്തിയുമുള്ളവൻ ചെയ്യുന്ന ഒരു അണുത്തൂക്കം പുണ്യം ഭൗതികതയിൽ വഞ്ചിതരായവർ ചെയ്യുന്ന പർവ്വതസമാനമായ ആരാധനയേക്കാൾ പ്രബലവും പവിത്രവുമാണ്." 

"മനുഷ്യൻ മൂന്നു വിധമാണ്. പണ്ഡിതൻ, വിദ്യാർത്ഥി, ഒരു നന്മയുമില്ലാത്ത ദുർബലൻ." 

"ഒരു മണിക്കൂർ ചിന്തിക്കുന്നതാണ് ഒരു രാത്രി മുഴുവൻ ആരാധനയിൽ മുഴുകുന്നതിനേക്കാൾ ഉത്തമം." 

"സമ്പത്ത്‌ കുറച്ചുമാത്രം ഉണ്ടാവുകയും അതുകൊണ്ട്‌ തൃപ്തിയാവുകയും ചെയ്യുന്നതാണ് സമ്പത്ത്‌ കൂടുതലുണ്ടായിട്ട്‌ ധൂർത്തിലും അശ്രദ്ധയിലും മുഴുകുന്നതിനേക്കാൾ നല്ലത്‌." 

"ഐഹിക ജീവിതം ഒരാളുടെ മുഖ്യവിചാരമായി മാറിയാൽ അല്ലാഹു അയാളുടെ സമാധാനം തകർക്കുകയും ദാരിദ്ര്യത്തെ കണ്മുമ്പിൽ കൊണ്ടുവരികയും ചെയ്യും." 

"പരലോക ജീവിതം ഒരാളുടെ മുഖ്യചിന്താവിഷയമായാൽ അല്ലാഹു അയാളുടെ ഹൃദയത്തിൽ ധന്യതയുണ്ടാക്കുകയും അവന്റെ എല്ലാ കാര്യങ്ങളും അല്ലാഹു എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും." 

"ഐഹിക കാര്യങ്ങളിൽ ഹലാലായത്‌ (അനുവദനീയം) മാത്രം സ്വീകരിക്കുക. അത്‌ തന്നേയും സാവകാശത്തിലും മിതത്വത്തോടെയുമാവുക. വിനാശകരവും ആർത്തിപൂണ്ട അവസ്ഥയിലും അതിനെ സമീപിക്കരുത്‌." 

"നല്ലതല്ലാതെ നീ ഭക്ഷിക്കരുത്‌. നല്ലതല്ലാത്തതൊന്നും നീ സമ്പാദിക്കരുത്‌. നല്ലതല്ലാത്തതൊന്നും നീ നിന്റെ വീട്ടിൽ പ്രവേശിപ്പിക്കരുത്‌." 

"സന്താനത്തിനു വേണ്ടി സമ്പത്ത്‌ ശേഖരിക്കുന്നതിനേക്കാൾ സ്വന്തത്തിനുവേണ്ടി പുണ്യം ശേഖരിക്കാനാണ് നീ ശ്രമിക്കേണ്ടത്‌." 

"സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹുവിന്റെ അടുത്തുള്ള സമ്പത്തിൽ നീ വിശ്വാസമർപ്പിക്കുക. നീ നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യുക." 

"ശാശ്വതഭവനത്തിലേക്കും യഥാർത്ഥ സമ്പത്തിലേക്കും നമുക്ക്‌ എത്തിച്ചേരാനുള്ള പാലമായി മാത്രം ഈ ദുനിയാവിനെ നോക്കിക്കാണുക. എങ്കിൽ പൂർണ്ണമായ അർത്ഥത്തിലുള്ള സൗഭാഗ്യം കരഗതമാവും." 

by ശംസുദ്ദീൻ പാലക്കോട്‌ @ പുടവ 

അദ്ധ്യായം 99 സൽസല

"ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം . ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌. അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും." [അദ്ധ്യായം 99 സൽസല 1 - 8] 

അന്ത്യനാളിലെ അതിഭയങ്കര സംഭവങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്‌. ഭൂമി അതിന്റെ അവസാനത്തേതും ഏറ്റവും ഘോരമായതുമായ കമ്പനത്തിനും ക്ഷോഭത്തിനും വിധേയമാകുന്നു. മരണപ്പെട്ടു മണ്ണടഞ്ഞവരടക്കം ഭൂമിക്കുള്ളിൽ കിടപ്പുള്ള നിക്ഷേപങ്ങളെല്ലാം അത്‌ വെളിക്കുവരുത്തുന്നു. ഇതെല്ലാം കാണുമ്പോൾ മനുഷ്യൻ അന്താളിച്ചു ഭയവിഹ്വലനായിത്തീരും. അവൻ പറയും : 'ഹാ, എന്താണിത്‌! ഭൂമിക്ക്‌ എന്തുപറ്റി?!' എന്നൊക്കെ. ഇങ്ങിനെയുള്ള ആ ഗൗരവഘട്ടത്തിൽ ഭൂമിയിൽ ഒളിഞ്ഞിരിപ്പുള്ള രഹസ്യങ്ങളെല്ലാം വെളിക്കുവരും. അതെ, ഭൂമിക്ക്‌ അതിനുവേണ്ടുന്ന ബോധനവും അനുമതിയും അല്ലാഹു നൽകുകയും ഭൂമി അതെല്ലാം തുറന്നു കാട്ടുകയും ചെയ്യും. നാലാമത്തെ വചനം ഓതിക്കൊണ്ട്‌ റസൂൽ (സ) പറഞ്ഞു: "അതിന്റെ വർത്തമാനങ്ങൾ എന്നാൽ,ആണും പെണ്ണുമായ ഓരോ മനുഷ്യനും ഭൂമിക്കു മീതെ പ്രവർത്തിച്ചതിനെപ്പറ്റി സാക്ഷി പറയലാകുന്നു. അതായത്‌, ഇന്നിന്ന ദിവസം അവൻ ഇന്നിന്നത്‌ ചെയ്തു എന്ന് പറയും" (അഹമദ്‌, നസാഈ, തുർമുദി) സന്തുഷ്ടരായിക്കൊണ്ടും സങ്കടപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്ന മുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും, സത്യവിശ്വാസവും സൽക്കർമ്മവും സ്വീകരിച്ചവരായും അവ നിഷേധിച്ചവരായും അങ്ങിനെ പലതരക്കാരുമായി ജനങ്ങളെല്ലാം ഖബറുകളിൽ നിന്ന് വിചാരണ സ്ഥലത്തേക്ക്‌ രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തരുടേയും സകലകർമ്മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച്‌ ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും മനുഷ്യനു കാണിച്ചുകൊടുക്കും. അതതിന്റെ ഫലം അതതിന്റെ ആളുകൾക്ക്‌ അനുഭവപ്പെടുകയും ചെയ്യും.

 നബി (സ)യുടെ ചില വചനങ്ങൾ ഇവിടെ സ്മരിക്കുന്നത്‌ സമയോചിതമായിരിക്കും. പ്രവാചകൻ (സ) പറയുന്നു : 

 1. "സദാചാരത്തിൽ (സൽക്കാര്യത്തിൽ) പെട്ട ഒന്നിനേയും നീ അവഗണിക്കരുത്‌. വെള്ളം കുടിക്കുവാൻ വരുന്നവന്റെ പാത്രത്തിൽ നിന്റെ കൊട്ടക്കോരിയിൽ നിന്ന് അൽപം വെള്ളം ഒഴിച്ചുകൊടുക്കുക എന്നുള്ളതായാലും ശരി. അല്ലെങ്കിൽ നിന്റെ സഹോദരനെ പ്രസന്നതയോടെ അഭിമുഖീകരിക്കുക എന്നതായാലും ശരി." (ബുഖാരി) 

2. "സത്യവിശ്വാസിനികളേ, ആടിന്റെ കുളമ്പാണുള്ളതെങ്കിലും ഒരു അയൽക്കാരി അവളുടെ അയൽക്കാരിക്ക്‌ (ഒട്ടും കൊടുക്കാതെ) അവഗണിക്കരുത്‌." (ബുഖാരി) 

3. "ആയിശാ, നിസ്സാര പാപങ്ങളെ സൂക്ഷിച്ചു കൊള്ളണം. കാരണം, അല്ലാഹുവിങ്കൽ നിന്നും അവയെ അന്വേഷിക്കുന്നതായ ഒരാളുണ്ട്‌." (അഹമദ്‌, നസാഈ) 

4. "നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കണം. കാരണം, അവ മനുഷ്യന്റെമേൽ ഒരുമിച്ചു കൂടുകയും അങ്ങനെ അവ അവനെ നാശത്തിലകപ്പെടുത്തുകയും ചെയ്യും." (അഹ്മദ്‌)

ഒരു കാര്യം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്‌. ഒരു അണുവോളം നന്മയോ തിന്മയോ ചെയ്താൽ അതിന്റെ ഫലം മനുഷ്യർ അനുഭവിക്കുമെന്നു പറയുമ്പോൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകൾ സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു പരലോകത്ത്‌ നല്ല പ്രതിഫലം ലഭിക്കുമെന്ന് വല്ലവരും ധരിച്ചേക്കാം. എന്നാൽ അത്തരക്കാരുടെ സൽക്കർമ്മങ്ങൾക്ക്‌ പരലോകത്ത്‌ അല്ലാഹു യാതൊരു പ്രതിഫലവും നൽകുകയില്ലെന്നും അവരുടെ പ്രതിഫലം ഇഹലോകത്ത്‌ തന്നെ അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്നും അദ്ധ്യായം ഹൂദ്‌, ഫുർഖാൻ തുടങ്ങിയവയിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌.

by മുഹമ്മദ്‌ അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം 

ഈദുൽഫിത്‌റിന്റെ സന്ദേശം

ഈദുല്‍ ഫിത്വ്‌ര്‍ ദിനത്തില്‍ വിശ്വാസികള്‍ `അല്ലാഹു അക്‌ബര്‍' എന്ന ധ്വനി അത്യുച്ചത്തില്‍ ആഹ്ലാദപൂര്‍വം മുഴക്കുകയാണ്‌. ഇതിന്‌ വലിയ അര്‍ഥതലങ്ങളുണ്ട്‌. മനുഷ്യന്‌ അല്ലാഹു എണ്ണിയാല്‍ കണക്കാക്കാന്‍ കഴിയാത്ത അത്ര ഗ്രന്ഥങ്ങള്‍ നല്‌കിയിട്ടുണ്ട്‌. എന്നാല്‍ അവയില്‍ ഏറ്റവും മഹത്തരമായതത്രെ ഖുര്‍ആന്റെ അവതരണം. കാരണം അത്‌ മുഖേനയാണ്‌ മനുഷ്യന്‍ സ്വര്‍ഗപാത കണ്ടെത്തിയത്‌. സത്യവും അസത്യവും, ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചറിഞ്ഞത്‌. ഈ ഖുര്‍ആന്റെ അവതരണം ആരംഭിച്ച ദിനത്തിന്റെ പേരില്‍ നിശ്ചയിക്കപ്പെട്ട ഒരു മാസത്തെ ആഘോഷമത്രെ നോമ്പ്‌. ഈ പുണ്യകര്‍മമാകട്ടെ മനുഷ്യന്‌ സംശുദ്ധവും സുകൃതങ്ങള്‍ കൊണ്ട്‌ സജീവവുമായ ഒരു ജീവിതം നയിക്കാനുള്ള പരിശീലനവും. ഇത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, ഈ അനുഗ്രഹങ്ങളെല്ലാം നല്‌കിയ അല്ലാഹുവിനുള്ള നന്ദിയുമാണ്‌ തക്‌ബീര്‍ ധ്വനിയിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്‌. സന്തോഷം നിറഞ്ഞ പെരുന്നാള്‍ സുദിനം എത്ര സുന്ദരമാണ്‌. ഈദുല്‍ ഫിത്വ്‌ര്‍ അല്ലാഹു മനുഷ്യന്‌ നല്‌കിയ ഒരു ഉപഹാരമാണ്‌.

റസൂല്‍(സ) പറയുന്നു: "പെരുന്നാള്‍ ദിവസം മലക്കുകള്‍ വഴിയോരങ്ങളില്‍ നിന്ന്‌ ഇങ്ങനെ വിളിച്ചുപറയും: `മുസ്‌ലിംകളേ, നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേക്ക്‌ പോവുക. അവന്‍ നിങ്ങള്‍ക്ക്‌ നന്മ നേടാനുള്ള ഒരു മാര്‍ഗം നിര്‍ദേശിച്ചു. പിന്നെ അതിന്‌ മഹത്തായ പ്രതിഫലവും നല്‌കി. രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ നിങ്ങളോട്‌ കല്‌പിച്ചു. നിങ്ങള്‍ അപ്രകാരം ചെയ്‌തു. പകല്‍ നോമ്പനുഷ്‌ഠിച്ചു. നിങ്ങള്‍ നിങ്ങളുടെ നാഥന്റെ കല്‌പന അനുസരിച്ചു. അതിനാല്‍ നിങ്ങളുടെ ഉപഹാരം സ്വീകരിക്കുക.' പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ മലക്ക്‌ ഇങ്ങനെ വിളിച്ചുപറയും : 'അറിയുക, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ മാപ്പ്‌ നല്‍കിയിരിക്കുന്നു. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരായി വീടുകളിലേക്ക്‌ തിരിച്ചുപോവുക. ഇന്ന്‌ ഉപഹാരദിനമാണ്‌.' ഈ ദിനത്തിന്‌ ആകാശത്തും ഉപഹാരദിനം എന്നുതന്നെയാണ്‌ പറയുക.'' (ത്വബ്‌റാനി) 

നോമ്പ്‌ വ്യക്തിനിഷ്‌ഠമായ ആരാധനയാണെങ്കിലും പെരുന്നാള്‍ ആഘോഷം സാമൂഹ്യാരാധനയാണ്‌. അതുകൊണ്ടാണ്‌ പെരുന്നാള്‍ പ്രാര്‍ഥനാസ്ഥലത്ത്‌ നമസ്‌കരിക്കാന്‍ പാടില്ലാത്ത സ്‌ത്രീകള്‍ പോലും പങ്കെടുക്കാന്‍ നബി കല്‌പിച്ചത്‌. പെരുന്നാള്‍ ദിവസം പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നിങ്ങനെ പരസ്‌പരം ആശംസിക്കാന്‍ നബി കല്‌പിക്കുന്നു.സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ബോധമാണ്‌ ഈ ദിനം നല്‍കുന്ന സന്ദേശം. മുസ്‌ലിംകളോട്‌ മാത്രമല്ല, അമുസ്‌ലിംകളോടും ബന്ധം സുദൃഡമാക്കാനും സ്‌നേഹത്തിന്റെ പൊട്ടിയ സ്വര്‍ണക്കമ്പികള്‍ വിളക്കിച്ചേര്‍ക്കാനും ഈ ദിനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. നബിയുടെ കാലത്ത്‌ നടന്ന ഈ സംഭവം മനുഷ്യര്‍ക്ക്‌ എന്നും പാഠമായിരിക്കട്ടെ. ഒരു മനുഷ്യന്‍ ഇങ്ങനെ പരാതിപ്പെട്ടു: "ഞാന്‍ കുടുംബബന്ധമുള്ളവരോട്‌ ബന്ധം ചേര്‍ക്കുന്നു. അവരാകട്ടെ എന്നോട്‌ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക്‌ ഉപകാരം ചെയ്യുന്നു. അവരാകട്ടെ എനിക്ക്‌ ഉപദ്രവമാണ്‌ ചെയ്യുന്നത്‌. ഞാന്‍ അവരില്‍ നിന്ന്‌ എല്ലാം സഹിക്കുന്നു. അവരാകട്ടെ എന്നോട്‌ അതിക്രമമാണ്‌ കാണിക്കുന്നത്‌." നബി അയാളോട്‌ അയാള്‍ സ്വീകരിച്ച അതേ നിലപാട്‌ തന്നെ തുടരാന്‍ നിര്‍ദേശിച്ചുകൊണ്ട്‌ പറഞ്ഞു: "താങ്കള്‍ ആ നിലപാട്‌ സ്വീകരിക്കുന്നേടത്തോളം കാലം താങ്കള്‍ക്ക്‌ ദൈവസഹായമുണ്ടാകും''. 

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാത സ്വീകരിക്കാന്‍ ഈദുല്‍ഫിത്വ്‌ര്‍ വെളിച്ചമേകട്ടെ. ഈദുല്‍ഫിത്വ്‌ര്‍ മുസ്‌ലിം സമൂഹത്തില്‍ കൂരിരുള്‍ നീക്കി ഒരു പുതിയ പ്രഭാതത്തിന്റെ ഉദയത്തെപ്പറ്റിയുള്ള ശുഭപ്രതീക്ഷയുണര്‍ത്തുന്നു. കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട്‌ നീങ്ങാന്‍ കരുത്തേകുന്നു. ആഘോഷങ്ങള്‍ തളര്‍ന്ന ശക്തിക്ക്‌ പുനര്‍ജീവന്‍ നല്‍കി നവോന്മേഷം പ്രദാനം ചെയ്യും. നോമ്പ്‌ വ്യക്തിയില്‍ വല്ല മാറ്റവും സൃഷ്‌ടിച്ചിട്ടുണ്ടോ? അതോ അന്ന്‌ പ്രകടമായിരുന്ന ഭക്തിയും കര്‍മാവേശവും ആവര്‍ത്തിക്കപ്പെടുന്ന വെറുമൊരു ചടങ്ങ്‌ മാത്രമായിരുന്നുവോ? തുടര്‍ന്നുള്ള ജീവിതമാണ്‌ നോമ്പിന്റെ ഗുണഫലവും സ്വാധീനതയും തെളിയിക്കേണ്ടത്‌. ഭക്തിയും സ്‌നേഹവും ഐക്യവും നിറഞ്ഞ പ്രസന്നമായ ജീവിതം -ഇതായിരിക്കട്ടെ ഈദിന്റെ സന്ദേശം.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ശബാബ് വാരിക 

റമദാൻ : സാമൂഹിക സുരക്ഷയുടെ സന്ദേശം

വ്രതാനുഷ്‌ഠാനം വിശ്വാസികൾക്ക് ഒരു ശുദ്ധീകരണകാലമാണ്. ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുവാനുള്ള ശക്‌തി നൽകുന്ന ഊർജസ്രോതസ്സാണു നോമ്പുകാലം. വിശുദ്ധ റമസാൻ മാസത്തെ വരവേൽക്കുന്ന മുസ്‌ലിംസമൂഹം അത്തരത്തിലുള്ള ഒരു പരിവർത്തനത്തിനു തയാറാവുകയാണ്. വ്രതത്തിന്റെ ശക്‌തിയും സ്വാധീനവും സർവാംഗീകൃതമാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതവിഭാഗങ്ങളിലും വ്രതം നിയമമാക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുമതത്തിലും ക്രിസ്‌തുമതത്തിലും ജൂതമതത്തിലുമെല്ലാം പലതരത്തിലുള്ള നോമ്പുകളുണ്ട്. ഏകാദശിയും ഈസ്‌റ്ററും മറ്റു വ്രതങ്ങളും മനുഷ്യരുടെ സാധാരണ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്ന ആരാധനകളാണ്. എല്ലാ വേദഗ്രന്ഥങ്ങളിലും നിർബന്ധമായും ഐച്‌ഛികമായുമുള്ള ഒട്ടേറെ നോമ്പുകളുണ്ട്. വ്രതശുദ്ധിയെന്ന പ്രയോഗംതന്നെ നോമ്പിന്റെ സദ്‌ഫലങ്ങളെ സൂചിപ്പിക്കുന്നു. തോറയിലും ബൈബിളിലും ഗീതയിലും ഉപവാസാനുഷ്‌ഠാനത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ഖുർആനിൽ ഇക്കാര്യം പുനഃപ്രഖ്യാപനം നടത്തുന്നുണ്ട്: "സത്യവിശ്വാസികളേ! നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതം നിയമമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതം നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മശാലികളായി ജീവിക്കാൻ." (വിശുദ്ധ ഖുർആൻ 2:183). 

വ്രതകാലം പലർക്കും വെറും പട്ടിണിയുടെ കാലമാണ്. ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള പട്ടിണികിടക്കൽ കൊണ്ടു യാതൊരു ഫലവുമില്ലെന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. നല്ല സംസാരം, നല്ല പെരുമാറ്റം, ഉദാരത, സൗമ്യത, വിട്ടുവീഴ്‌ച, ഭക്‌തി തുടങ്ങിയവയാണു നോമ്പിന്റെ പാർശ്വഫലങ്ങളായുണ്ടാവേണ്ട സദ്‌ഗുണങ്ങൾ. വ്രതമെടുത്ത മനുഷ്യനെ ആരെങ്കിലും ചീത്തവിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്നു മാത്രം പ്രതികരിച്ചാൽ മതിയെന്നും നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. വ്രതത്തിന് അറബി ഭാഷയിൽ ‘സൗം’ എന്നാണു പറയുക. സൗം എന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായ അടക്കവും ഒതുക്കവും ശീലമാക്കാൻ നോമ്പുകൊണ്ടു സാധിക്കണമെന്നർഥം. പകരത്തിനു പകരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം വ്രതത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കണം.

നബി പൊതുവേ ഉദാരനായിരുന്നു. റമസാനിൽ അദ്ദേഹത്തിന്റെ ഔദാര്യം അടിച്ചുവീശുന്ന കാറ്റുപോലെ വ്യാപകമായിരുന്നുവെന്ന് സഹാബികൾ (അനുചരന്മാർ) പറയുന്നു. ദരിദ്രരോടും കഷ്‌ടപ്പെടുന്നവരോടും ആർദ്രത കാണിക്കാൻ റമസാനിൽ പ്രചോദനമുണ്ടാകുന്നത് നോമ്പെടുത്തവൻ വിശപ്പ് അനുഭവിച്ചറിയുന്നതുകൊണ്ടാണ്. പകലന്തിയോളം വിശപ്പും ദാഹവും സഹിക്കുന്ന പണക്കാരന് പാവങ്ങളുടെ വിശപ്പിന്റെ കാഠിന്യം പിന്നീടു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ അയാൾക്കു നോമ്പെടുത്ത പ്രതിഫലം ലഭിക്കുമെന്നാണു പ്രമാണം. റമസാനിന്റെ പരിസമാപ്‌തിയായെത്തുന്ന പെരുന്നാൾ സുദിനത്തിൽ ആരും പട്ടിണികിടക്കാതിരിക്കാനാണ് ഫിത്‌ർ സകാത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. വെറുമൊരു അനുഷ്‌ഠാനമെന്നതിനപ്പുറം വ്യവസ്‌ഥാപിതമായ ഒരു സാമൂഹിക സുരക്ഷാ സംവിധാനംകൂടിയാണു റമദാൻ വ്രതം. ജീവിതശൈലിയിൽ വന്ന മാറ്റംമൂലം കഷ്‌ടപ്പെടുന്നവരാണു കൂടുതൽപേരും.

അമിതാഹാരംകൊണ്ടുണ്ടാവുന്ന രോഗങ്ങൾക്ക് ഏറെ ഫലപ്രദമായ ചികിൽസയാണ് ഉപവാസം. ഉപവാസംമൂലം ശരീരത്തിന്റെ ആന്തരാവയവങ്ങൾക്കു വേണ്ടത്ര വിശ്രമവും ലഭിക്കും. ഏതൊരു യന്ത്രവും ദീർഘകാലം നിർത്താതെ പ്രവർത്തിപ്പിച്ചാൽ അതു പെട്ടെന്നു കേടുവരുമല്ലോ. അതുപോലെതന്നെയാണു മനുഷ്യശരീരവും. ശരീരത്തിനു വിശ്രമം നൽകാൻ ഉപവാസം ഏറെ നല്ലതാണ്. പക്ഷേ, പകൽ മുഴുവൻ പട്ടിണികിടക്കുകയും രാത്രി മുഴുവൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഏറെയും. അശാസ്‌ത്രീയവും അനാരോഗ്യകരവും അനവസരത്തിലുള്ളതുമായ ഈ ഭക്ഷണരീതി വ്രതകാലത്തു ശരിയല്ല. നബി തിരുമേനി അൽപം ഈത്തപ്പഴവും പച്ചവെള്ളവുമായിരുന്നു നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും കഴിച്ചിരുന്നത്. രാത്രി നമസ്‌കാരങ്ങളിലും ഇഅ്‌തികാഫിനും ഖുർആൻ പാരായണത്തിനുമെല്ലാം അലസത വരാതിരിക്കാനും വ്രതകാലത്തു ലഘുഭക്ഷണം ശീലമാക്കുന്നതാണു നല്ലത്. മനുഷ്യസമൂഹത്തിനു മുഴുവൻ മാർഗദർശനമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഖുർആനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുവാൻ വിശ്വാസികൾക്കു ബാധ്യതയുണ്ട്.

by ഹുസൈൻ മടവൂർ @ മലയാള മനോരമ 

പാപമോചനത്തിന്റെ ഫലങ്ങള്‍

പാപം ചെയ്‌ത മനുഷ്യന്‍, പശ്ചാത്തപിച്ച്‌ അല്ലാഹുവിലേക്ക്‌ മടങ്ങുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം തന്റെ ദാസന്റെ മേല്‍ അനുഗ്രഹങ്ങളായി വര്‍ഷിക്കുന്നവനാണ്‌ കാരുണ്യവാനായ നാഥന്‍. പാപമോചനത്തിലേക്ക്‌ മനുഷ്യനെ ക്ഷണിക്കുന്ന മിക്ക വചനങ്ങളിലും അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. ജീവിതവിജയത്തിന്റെ നിദാനമായി പാപമോചനത്തെ അവതരിപ്പിക്കുന്ന ഇസ്‌ലാം (ഖുര്‍ആന്‍ 24:31) പാപമോചനത്തിന്റെ നിസ്‌തുലമായ ശ്രേഷ്‌ടതകളെ വിശ്വാസികളെ ബോധിപ്പിക്കുന്നു.

1) ശിക്ഷയില്‍ നിന്ന്‌ നിര്‍ഭയത്വം: "താങ്കള്‍ അവരിലുണ്ടാകുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം നടത്തുന്നവരാകുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.'' (ഖുര്‍ആന്‍ 8:33). ഉപര്യുക്ത സൂക്തത്തില്‍ രണ്ടു കാര്യങ്ങളാണ്‌ ശിക്ഷയില്ലാതിരിക്കാന്‍ പറഞ്ഞത്‌. ഒന്ന്‌, പ്രവാചക തിരുമേനിയുടെ സാന്നിധ്യം (അത്‌ കഴിഞ്ഞുപോയി). രണ്ട്‌: ജനത പാപമോചനം നടത്തുന്നവരാകുക (അത്‌ ഖിയാമത്ത്‌ നാള്‍ വരെ നിലനില്‌ക്കുന്നതാണ്‌)

2) ദു:ഖങ്ങളകറ്റുന്നു: ഇബ്‌നു അബ്ബാസില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: "ആരെങ്കിലും പാപമോചനം പതിവാക്കിയാല്‍, അല്ലാഹു അവന്റെ എല്ലാ ദു:ഖങ്ങള്‍ക്കും വിടുതിനല്‍കുന്നു. അവന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നു. വിചാരിക്കാത്ത രീതിയില്‍ ഉപജീവനം നല്‌കുന്നു.'' (അബൂദാവൂദ്‌, ഇബ്‌നുമാജ, മുഹമ്മദ്‌ അഹ്‌മദ്‌). അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌ത പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന്‌ അറിഞ്ഞോ അറിയാതെയോ ചെയ്‌ത പാപങ്ങള്‍ക്കുവേണ്ടി നാഥനോട്‌ വിനീതമായി ഏറ്റുപറയാത്തത്‌ തന്നെയാണ്‌.

3) അല്ലാഹുവിന്റെ കാരുണ്യത്തിന്‌ വിധേയമാകും: പ്രത്യേകമായി ലഭിക്കുന്ന അല്ലാഹുവിന്റെ കാരുണ്യം പങ്കുവെക്കാന്‍ കഴിയാത്ത അനുഭൂതിയാണ്‌. കാരുണ്യം ഉഷ്‌ണമാര്‍ന്ന ജീവിതയാത്രയിലെ തണലും കുളിരുമാണ്‌. സ്വര്‍ഗപ്രവേശം പോലും അല്ലാഹുവിന്റെ കാരുണ്യത്തെ ആസ്‌പദമാക്കിയാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാലിഹ്‌ നബി(അ) തന്റെ ജനങ്ങളോട്‌ പറയുന്നു: ``എന്റെ ജനങ്ങളെ നിങ്ങളെന്തിനാണ്‌ നന്മക്ക്‌ മുമ്പായി തിന്മക്ക്‌ തിടുക്കം കാണിക്കുന്നത്‌. നിങ്ങള്‍ക്ക്‌ അല്ലാഹുവോട്‌ പാപമോചനം തേടിക്കൂടെ, എങ്കില്‍ നിങ്ങള്‍ക്ക്‌ കാരുണ്യം നല്‌കപ്പെട്ടേക്കാം.'' (ഖുര്‍ആന്‍ 27:46). ഒരുത്തന്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കില്‍ പാപമോചനമാണ്‌ അതിനുള്ള പരിഹാരം. ``ആരെങ്കിലും വല്ല തിന്മ ചെയ്യുകയോ സ്വന്തത്തോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌ത്‌ അല്ലാഹുവോട്‌ പാപമോചനം തേടിയാല്‍ ഏറെ പൊറുക്കുന്നവനും ഏറെ കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌.'' (ഖുര്‍ആന്‍ 4:110) 

4) ഐഹിക ജീവിതത്തിന്നാശ്വാസം: വിശ്വാസികള്‍ നിരന്തരം പാപമോചനം നടത്തിയാല്‍ ഐഹിക ജീവിതത്തിന്‌ ആശ്വാസം നല്‍കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു. ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുകയും ചെയ്യുക. നിര്‍ണിതമായ ഒരു പരിധിവരെ അവന്‍ നിങ്ങള്‍ക്ക്‌ സൗഖ്യമനുഭവിപ്പിക്കുകയും ഉദാരതയുള്ളവര്‍ക്ക്‌ തങ്ങളുടെ, ഉദാരതകള്‍ക്ക്‌ പ്രതിഫലം നല്‌കുകയും ചെയ്യുന്നതാണ്‌.'' (വി.ഖു 11:3)

5) വരള്‍ച്ചയില്‍ നിന്ന്‌ മോചനം: പാപമോചനം നടത്തുന്ന സമൂഹത്തില്‍ വരള്‍ച്ചയുണ്ടാകില്ലെന്നും സമുദായത്തിന്‌ അന്തസ്സും ശക്തിയും നല്‌കുമെന്നും ഹൂദ്‌(അ) തന്റെ ജനതയോട്‌ പറയുന്നുണ്ട്‌. ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക, അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായ മഴ നല്‌കുന്നു. നിങ്ങളുടെ ശക്തിയിലേക്കവന്‍ കൂടുതല്‍ ശക്തിയും നല്‌കുന്നതാണ്‌.'' (വി.ഖു 11:52)

6) സന്താനങ്ങള്‍, ജീവിതാനുഗ്രഹങ്ങള്‍: നൂഹ്‌(അ) തന്റെ ജനതയോട്‌ പറയുന്നു: ``നിങ്ങള്‍ പാപമോചനം നടത്തുവീന്‍, അവന്‍ കൂടുതല്‍ പൊറുത്തു തരുന്നവനാണ്‌ എന്ന്‌ ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക്‌, സമൃദ്ധമായി മഴ അയക്കും. സ്വത്തുക്കളും സന്താനങ്ങള്‍ കൊണ്ടും നിങ്ങളെ അവന്‍ സമൃദ്ധമാക്കും, അരുവികളും തോട്ടങ്ങളും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ച്‌ തരുന്നതാണ്‌.'' (വി.ഖു 71:10-12) സച്ചരിതരായ വിശ്വാസികളുടെ മാതൃകാജീവിതം ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ പാപമോചനം അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കര്‍മമായിരുന്നുവെന്ന്‌ (51:18,3:17) വെളിപ്പെടുത്തുന്നുണ്ട്‌.

by സയ്യിദ്‌ അബ്ദുറഹ്മാൻ @ ശബാബ് 

ഇടിമിന്നലുകൾ

"ഭയവും ആശയും ജനിപ്പിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ മിന്നൽപ്പിണർ കാണിച്ചുതരുന്നത്‌ അവനത്രെ. ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഇടിവാളുകൾ അയക്കുകയും താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുകയും ചെയ്യുന്നു." [അദ്ധ്യായം 13 റഅദ്‌ 12,13]

അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുവാൻ പോരുന്നതും നിത്യാനുഭവങ്ങളിൽപെട്ടതുമായ ചില കാര്യങ്ങളെ ഓർമ്മിപ്പിക്കുകയാണ്. മിന്നൽ ഉണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കംമൂലം മനുഷ്യൻ ഭയപ്പെട്ടു ഞെട്ടിപ്പോവുന്നു. അതിനെത്തുടർന്നുണ്ടാകുന്ന മഴയേയും അതിന്റെ ഉപയോഗത്തേയും ഓർത്തു മോഹവും ആശയും തോന്നുകയും ചെയ്യും. അതാണ് 'ഭയവും ആശയും കൊണ്ട്‌' എന്ന് പറഞ്ഞിരിക്കുന്നത്‌. 'ഭാരമുള്ള മേഘങ്ങളെ' എന്നത്‌ അവയിൽ വർഷിക്കുന്ന മഴവെള്ളത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. കാറ്റുമൂലം മേഘങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന ഒരുതരം വൈദ്യുത പ്രവാഹം നിമിത്തം മിന്നൽ പ്രകാശവും ഇടിനാദവും ഉണ്ടായിത്തീരുന്നുവെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ സമയത്തുണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവധാനത്തിലുമായതിനാൽ ആദ്യം നമുക്കനുഭവപ്പെടുന്നത്‌ മിന്നലായിരിക്കും. അതുകൊണ്ടായിരിക്കാം ആദ്യം അല്ലാഹു മിന്നലിനെപ്പറ്റി പ്രസ്താവിച്ചത്‌.

മലക്കുകൾ അല്ലാഹുവിനെ ഭയന്ന് തസ്ബീഹ്‌ (പ്രകീർത്തനം) നടത്തുമെന്നതിന്റെ താൽപര്യം വ്യക്തമാണ്. എന്നാൽ, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ്‌ നടത്തുകയും ചെയ്യുന്നത്‌ എന്താണ്? അല്ലാഹു അദ്ധ്യായം 17 ഇസ്‌റാഅ്‌ 44ൽ ഇങ്ങനെ പറയുന്നു : "ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്ന് തസ്ബീഹ്‌ നടത്തുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്‌ തസ്ബീഹ്‌ നടത്താത്തതായി ഇല്ല. പക്ഷേ,അവരുടെ തസ്ബീഹ്‌ നിങ്ങൾ ഗ്രഹിക്കുകയില്ല." അതുകൊണ്ട്‌ ഇടിയുടെ സ്തുതികീർത്തനങ്ങൾ എന്താണെന്ന് നമുക്ക്‌ ഗ്രഹിക്കാൻ സാധിക്കില്ല. അതുപോലെ ഇടിവാളിന്റെ ഭയങ്കരതയും അതുമൂലം ഉണ്ടാകാറുള്ള അത്യാഹിതങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. പെട്ടെന്നുള്ള ജീവനാശം മാത്രമല്ല, വലിയ കെട്ടിടങ്ങൾ, അണക്കെട്ടുകൾ, പാറക്കൂട്ടങ്ങൾ വരെ നിമിഷനേരംകൊണ്ട്‌ തകർന്നു തരിപ്പണമാവുന്നു. എന്നാൽ ഇടി ഉണ്ടാകുമ്പോഴെല്ലാം ആപത്ത്‌ സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും അവൻ ഉദ്ദേശിക്കുന്നവർക്കും മാത്രമേ ആപത്ത്‌ നേരിടുന്നുള്ളൂ. അതാണ് 'താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുന്നു ' എന്ന് പറഞ്ഞത്‌.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നതായി ഇബ്നു ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു : "അല്ലാഹുവേ, നിന്റെ കോപംകൊണ്ട്‌ ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷകൊണ്ട്‌ ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പ്‌ നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!" (തുർമുദി, നസാഈ)

ഇടി കേൾക്കുമ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നുവെന്ന് അബൂഹുറൈറ (റ) പ്രസ്താവിച്ചിരിക്കുന്നു : "യാതൊരുവനെ സ്തുതിച്ചുകൊണ്ട്‌ ഇടി തസബീഹ്‌ നടത്തുന്നുവോ അവൻ മഹാപരിശുദ്ധൻ - അവനെ ഞാൻ വാഴ്തുന്നു." (ഇബ്നു ജരീർ)

By മുഹമ്മദ്‌ അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം 

പുകയിലയുടെ ഇസ്‌ലാമിക സമീപനം

ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി. പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

 1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

 2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (17 ഇസ്‌റാഅ്‌ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു: ``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

 3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

 4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

 ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല. പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

By സി അനീസുര്‍റഹ്‌മാന്‍ @ ശബാബ് വാരിക 


ദുശ്ശീലങ്ങൾക്ക്‌ വിട

മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയരാക്കേണ്ടവരാണ് നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവർ. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ് മനസ്സിനുള്ളത്‌. നന്മയേക്കാൾ തിന്മയിലേക്കാണ് അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മനസ്സെന്ന് വിശുദ്ധ ഖുർആൻ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകർഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകൾ കൊണ്ടും മാത്രമേ രക്ഷപ്പെടാൻ സാധിക്കൂ. ശീലങ്ങളിലേക്കാണ് മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ നയിക്കുന്ന മനസ്സിനെ നല്ല ശീലങ്ങളിൽ ഉറപ്പിക്കണമെങ്കിൽ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതിൽ നിന്ന് പിന്മാറ്റുന്ന റസൂൽ (സ)യുടെ രീതി നോക്കൂ :

 " ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തിൽ നീ ഇഷ്ടപ്പെടുമോ? " 
" റസൂലേ ആരുമത്‌ ഇഷ്ടപ്പെടില്ല " 
" നിന്റെ മകളുടെ കാര്യത്തിലോ " 
" റസൂലേ അതാരും ഇഷ്ടപ്പെടില്ല " 
" നിന്റെ സഹോദരിയുടെ കാര്യത്തിലോ " 
" ആരുമത്‌ ഇഷ്ടപ്പെടില്ല റസൂലേ " 
" പിതൃ സഹോദരിയാണെങ്കിലോ? " 
" അതും ആരും ഇഷ്ടപ്പെടില്ല " 
" മാതൃസഹോദരിയാണെങ്കിലോ? " 
" അല്ലാഹുവാണെ സത്യം, ആരുമത്‌ ഇഷ്ടപ്പെടില്ല " 

 ഇത്രയുമായപ്പോൾ ആ യുവാവിന്റെ ശിരസ്സിൽ കൈ വെച്ച്‌ റസൂൽ (സ) ഇങ്ങനെ പ്രാർഥിച്ചു : "അല്ലാഹുവേ ഈ യുവാവിന്റെ തെറ്റുകൾ നീ പൊറുത്തുകൊടുക്കേണമേ, ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കേണമേ, രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തുസൂക്ഷിക്കേണമേ " [ഇബ്നു കസീർ :38]

 തിരുനബി (സ) ചോദിച്ച ചോദ്യങ്ങൾ അയാൾ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകർഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം. " എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിർത്താൻ കഴിയുന്നില്ല "എന്ന് സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ള്‌ കുടിച്ചിരുന്നവർ അഞ്ചുനേരം നമസ്കരിക്കുന്നവരായി മാറിയ ചരിത്രമറിയുന്ന നമ്മൾ ഇങ്ങനെ പറയുന്നതിന്റെ അർഥമെന്താണ്? "അതിനെ സംസ്കരിച്ചവർ വിജയിച്ചു" [9:16] എന്നാണ് മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണർത്തുന്നത്‌. സംസ്കരണം കറ കളയലാണ്. അഴുക്കുകളിൽ നിന്നെല്ലാമുള്ള ശുദ്ധീകരണം. സ്വർഗ്ഗാവകാശികളുടെ സദ്ഗുണങ്ങൾ വിശദീകരിക്കുമ്പോൾ അല്ലാഹു പറയുന്നു : "ചെയ്തുപോയ ദുശ്പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ " (3:135) ദുശ്പ്രവൃത്തികളിൽ ഉറച്ചുനിൽക്കലാണ് ദുശ്ശീലം. ദുശ്ശീലങ്ങളിൽ നിന്നകലുന്നതും സുശീലങ്ങൾ തുടരുന്നതും അല്ലാഹു എന്ന ഓർമ്മയാൽ ആകണമെന്നാണ് ആയത്തിന്റെ ആശയം.

 'ഗോവർധന്റെ യാത്രകൾ' എന്ന നോവലിൽ രണ്ട്‌ അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനൻ അവരെ മോചിപ്പിച്ചപ്പോൾ അവർക്ക്‌ ജീവിക്കാൻ കഴിയുന്നില്ല. അടിമകളായേ അവർ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവിൽ വീണ്ടും അവർ അടിമകളായിത്തീർന്നു! ശീലങ്ങൾക്ക്‌ അടിമകളാകുന്നവർക്ക്‌ അവ അനിവാര്യമായിത്തീരുന്നതാണ്. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോൾ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവർത്തിക്കുമ്പോൾ കുറ്റബോധം കുറഞ്ഞുവരുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെപ്പറ്റി ഖുർആൻ (75:2) പറയുന്നുണ്ടല്ലോ. കുറ്റബോധമില്ലാതാവുമ്പോൾ പാപങ്ങൾ പെരുകും. തിരുനബി (സ) പറഞ്ഞതുപോലെ ഹൃദയത്തിൽ കറുത്ത അടയാളങ്ങൾ കനം വെക്കും. വലിയ തോട്ടങ്ങൾ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്. വമ്പൻ വീടുകളെപ്പോലും കേടുവരുത്താൻ ഇത്തിരിപ്പോന്ന ചിതലുകൾക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചു തള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ? ഓർത്തുനോക്കൂ!

 By പി എം എ ഗഫൂർ @‌ വിശ്വാസി ഓർമ്മിക്കേണ്ടത്‌ ഭാഗം 4 (യുവത)

ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌

"ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌". [അദ്ധ്യായം 6 അൻആം 151]

ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌. മനുഷ്യവധം തന്നെ ഒരു മഹാപാപം. അതു സ്വന്തം മക്കളെയാകുമ്പോൾ അതിന്റെ ക്രൂരത കൂടുതലാവുന്നു. അത്‌ ദാരിദ്ര്യഭയം നിമിത്തം കൂടിയാകുമ്പോഴോ?! സകല ജീവികൾക്കും ആഹാരം നൽകുന്നതാണെന്ന് അല്ലാഹു ഏറ്റിട്ടുള്ള ബാധ്യത അവൻ നിർവ്വഹിക്കുമെന്നതിലുള്ള വിശ്വാസക്കുറവ്‌, ആഹാരകാര്യങ്ങളുടെ നിയന്ത്രണമെല്ലാം തന്റെ കൈക്കു മാത്രമാണ് നടക്കുന്നതെന്ന മിഥ്യാബോധം, അല്ലാഹു നൽകുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുവാൻ തയ്യാറില്ലായ്മ, സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടെങ്കിലും സ്വന്തം ജീവിതം സുഖകരമാക്കണമെന്നുള്ള ദുർമ്മോഹം ഇതൊക്കെയാണ് ഇതിന്റെ പിന്നിലുള്ള പ്രേരണകൾ. വാസ്തവത്തിൽ ആ വധിക്കപ്പെടുന്ന മക്കൾക്ക്‌ മാത്രമല്ല ആ ക്രൂരകൃത്യം ചെയ്യുന്ന മാതാപിതാക്കൾക്കു തന്നെയും ആഹാരം നൽകുന്നത്‌ അല്ലാഹുവാകുന്നു. ഒരുപക്ഷേ, ആ വധിക്കപ്പെട്ട കുട്ടി ജീവിച്ചിരുന്നെങ്കിലായിരിക്കും അവരുടെ ജീവിതം കൂടുതൽ ധന്യമായിത്തീരുക. നേരെമറിച്ച്‌ ആ കുട്ടിയെ വധിച്ചതിനു ശേഷം ദാരിദ്ര്യം കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്‌. ഇതൊക്കെയാണ് 'നാമത്രെ നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത്‌ ' എന്ന ആയത്തിന്റെ സൂചനകൾ.

 ഇബ്നു മസ്‌ഊദ്‌ (റ) പറയുന്നു : പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : "നിന്നെ സൃഷ്ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന്നു സമന്മാരെ ഏർപ്പെടുത്തലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ്" . പിന്നീടു നബി (സ) സൂറത്തു ഫുർഖാനിലെ 68ആം വചനം "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും" ഓതി. [ബുഖാരി,മുസ്‌ലിം]

By മുഹമ്മദ്‌ അമാനി മൗലവി @ ഖുർആൻ വിവരണം 

എല്ലാ ക്ഷണവും സ്വീകരിക്കേണ്ടതുണ്ടോ?

ക്ഷണിക്കപ്പെടുന്ന കല്യാണങ്ങൾക്കും മറ്റു വിരുന്നുസൽക്കാരങ്ങൾക്കുമെല്ലാം പോകൽ നിർബന്ധമാണ് (ഫർൾ ഐൻ) എന്ന ഒരു മാനസിക നിലവാരത്തിലാണ് അധികമാളുകളും ഇന്നുള്ളത്‌. എന്നാൽ ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും പോകേണ്ടതുണ്ടോ? 'ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക' എന്ന വിശ്വാസികൾ തമ്മിലുള്ള ബാധ്യത വിവരിക്കുന്ന നബിവചനം ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും ബാധകമാണോ?

വീടുകളിലേക്ക്‌ അതിഥികളെ ക്ഷണിക്കുകയും അവർക്ക്‌ ഭക്ഷണം നൽകുകയും ചെയ്യുന്നത്‌ ഇസ്‌ലാമിൽ അനുവദനീയവും നല്ല കാര്യവുമാണ്. എന്നാൽ ഇന്ന് നടക്കുന്ന ഒട്ടുമിക്ക സൽക്കാര പരിപാടികളിൽ നടക്കുന്നതെന്താണ്? ഉദാഹരണത്തിന്ന് കല്യാണം തന്നെയെടുക്കാം. നമ്മുടെ നാട്ടിൽ നടക്കുന്ന കല്യാണങ്ങളധികവും ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയവയും അതിൽ പലതും ആ ഹറാമായ ധനം കൊണ്ടുതന്നെ നടത്തപ്പെടുന്നവയുമാണ്. ഇത്തരത്തിൽ പൊടിപൊടിച്ചു കൊണ്ട്‌ നടത്തപ്പെടുന്നവയുടെ ക്ഷണക്കത്തുകൾ, പന്തലുകൾ, ഭക്ഷണക്രമീകരണങ്ങൾ, മണിയറകൾ തുടങ്ങിയവയിലെല്ലാം പൊങ്ങച്ചത്തിന്റെയും ആർഭാടത്തിന്റേയും ധൂർത്തിന്റേയും നേർക്കാഴ്ചകൾ കാണുവാൻ സാധിക്കും. പോരാത്തതിന്ന് ഡാൻസും പാട്ടും കൂത്താട്ടവും വേറെയും. അതിൽ പങ്കെടുക്കുന്ന അതിഥികളെയാണെങ്കിൽ മാന്യമായി ക്ഷണിക്കാതെ ക്യൂനിർത്തി ഭക്ഷണകൗണ്ടറുകളിലേക്ക്‌ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്‌. അവസാനം വരന്റെ കൂട്ടുകാരുടെ വക പോക്രിത്തരങ്ങൾ വേറേയും!

ഇത്തരത്തിൽ ദിവസങ്ങളോളം നടത്തപ്പെടുന്ന ആഘോഷങ്ങൾക്ക്‌ നബി (സ)യുടേയോ സഹാബികളുടേയോ മാതൃക ചരിത്രത്തിലെവിടേയും കാണാൻ സാധിക്കില്ല. അനുവദനീയതയുടെ മറവിൽ ഹലാലും ഹറാമും കൂട്ടിക്കലർത്തി നടത്തപ്പെടുത്ത ഇത്തരം പരിപാടികൾക്ക്‌ പോകാതിരിക്കുകയാവും പുണ്യം എന്ന് മനസ്സിലാക്കാൻ ശരാശരി മതബോധമുള്ള ഏവർക്കും സാധിക്കും. അതിനാൽ ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന് നാലുവട്ടം ആലോചിച്ച്‌ തീരുമാനിക്കുന്നതായിരിക്കും സത്യവിശ്വാസികൾക്ക്‌ നല്ലത്‌. കൂടാതെ ഇസ്‌ലാമിക മൂല്യങ്ങളിൽ നിന്നുകൊണ്ട്‌ ലളിതമായി നടത്തപ്പെടുന്ന ഏറ്റവും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയൽവാസികളുടേയും ക്ഷണങ്ങൾക്ക്‌ മുഖ്യ പരിഗണന നൽകുക എന്ന സംസ്കാരം തീർച്ചയായും വളർത്തിക്കൊണ്ടു വരേണ്ടതുമുണ്ട്‌.

കടപ്പാട്‌ : ശംസുദ്ദീൻ പാലക്കോട്‌, ശബാബ് വാരിക 

സത്യമാർഗ്ഗത്തിൽ പതറാതെ മുന്നോട്ട്‌

സത്യം പലപ്പോഴും കയ്പ്പുള്ളതായിരിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന അന്ധവിശ്വാസങ്ങൾ അസത്യങ്ങളാണെന്ന് പറയുമ്പോൾ അസത്യവാദികളിൽ നിന്നുണ്ടാകുന്ന പ്രതികരണം തിക്തമായിരിക്കുമല്ലോ. തൗഹീദിന്റെ ശബ്ദവുവായി വന്ന പ്രവാചകന്മാർ 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്നു പ്രഖ്യാപിച്ചപ്പോൾ ശിർക്കൻ വിശ്വാസങ്ങളിൽ അടിയുറച്ച സമുദായങ്ങൾ അവരെ ഒറ്റപ്പെടുത്തുകയായിരുന്നു. പക്ഷേ എവിടെയും സത്യദീനിന്റെ ശബ്ദമുയർന്നു നിൽക്കണമെന്നാഗ്രഹിച്ച പ്രവാചകന്മാർ സമുദായത്തിന്റെ പിന്തുണയേക്കാളും വലുതായിക്കണ്ടിരുന്നത്‌ മതത്തിന്റെ പ്രബോധനമായിരുന്നു.

 ഇബ്രാഹിം നബി (അ) 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന് പ്രഖ്യാപിച്ചപ്പോൾ നംറൂദും നാട്ടുകാരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ബഹിഷ്കരണവും പരിഹാസങ്ങളും മർദ്ദനവും അഗ്നി പരീക്ഷണങ്ങളും! സഹിക്കുക തന്നെ. അവസാനം സത്യം ജയിച്ചു. തൗഹീദിന്റെ ഉയർത്തെഴുനേൽപ്പ്‌. ഇന്ന് ഇബ്‌ റാഹീം (അ)ന്റെ ആവേശം പലർക്കുമാവശ്യമുണ്ട്‌. പക്ഷേ, ആ മാതൃകാധന്യനായ പ്രവാചകന്റെ ആദർശ്ശം വേണ്ടതാനും. ഇബ്രാഹീമിന്റെ മക്കളിൽ ചിലർ നംറൂദിന്റെ ആദർശം സ്വീകരിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഒഴുക്കുനനുസരിച്ച്‌ നീങ്ങാനാണവർക്ക്‌ താൽപര്യം. ആ ഒഴുക്ക്‌ ചെന്നെത്തുന്നത്‌ മലിനമായ ജലാശയത്തിലായിരുന്നിട്ടും.

വിഗ്രഹങ്ങളും ജാറങ്ങളും മഖാമുകളും കെട്ടിയുണ്ടാക്കി സൃഷ്ടിപൂജ നടത്തുന്നവർക്കെതിരിൽ തൗഹീദിന്റെ സന്ദേശവുമായി നാം മുന്നിട്ടിറങ്ങണം. തക്ബീർ ധ്വനികളുടെ അർഥമുൾക്കൊണ്ട്‌ ജീവിക്കാൻ കരുത്താർജ്ജിക്കുകയാണ് നമ്മുടെ ബാധ്യത.

by ഹുസൈൻ മടവൂർ @ പ്രാസ്ഥാനിക ചിന്തകൾ (യുവത)

വയറാകുന്ന പാത്രം നിറക്കാതിരിക്കുക

പരവാവധി കുറ്റമറ്റൊരു ജീവിതം നയിക്കാൻ നിർദേശിക്കപ്പെട്ടവരാണ് വിശ്വാസികൾ. വിശ്വാസത്തിനൊത്ത്‌ ജീവിതം ക്രമീകരിക്കാൻ നമുക്ക്‌ കഴിയണം. ജീവിതരീതികൾ വിശ്വാസത്തിന്റെ വിശദീകരണമാവണം. വിശ്വാസത്താൽ ഒരാശ്വാസം അനുഭവപ്പെടണം. അങ്ങനെ വിശ്വാസം ഒരനുഭവമായി മാറി അതിന്റെ പൂർണ്ണത നാളെ പരലോകത്ത്‌ ആസ്വദിക്കത്തക്കതാവണം.

മിഖ്‌ദാദുബ്നു മഅ്‌ദീകരിബ്‌ (റ)ൽ നിന്ന് നിവേദനം : റസൂൽ (സ) പറഞ്ഞു : "തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടേയില്ല" [തുർമുദി]. ഈ  തിരുവചനം വിശ്വാസിയോട്‌ ഒരു ജീവിതക്രമം ആവശ്യപ്പെടുകയാണ്. അത്‌ തന്നിൽ നിന്നാവണം എന്നതാണതിന്റെ തേട്ടം. തന്റെ വയർ ഒരു മോശമായ പാത്രമല്ല. എന്നാലത്‌ നിറയുമ്പോൾ തന്റെ കയ്യാൽ നിറക്കപ്പെട്ട മോശമായ പാത്രം അതായിത്തീരുന്നു. എങ്കിലത്‌ നിറയാതെ കാത്തുസൂക്ഷിക്കപ്പെടണം. ഇതാണാ ക്രമീകരണം. വയറുനിറയെ ഭക്ഷണം കഴിക്കൽ ഒരു മനുഷ്യന് ചേർന്നതല്ല എന്നാണ് പ്രവാചകൻ (സ) പറയുന്നത്‌. എങ്കിലത്‌ ഒരു വിശ്വാസിക്ക്‌ തീരെ ചേർന്നതല്ലല്ലോ?

ഒരിക്കൽ പ്രവാചകന്നരികിൽ വെച്ച്‌ അബൂജുഹൈഫ വയറുനിറഞ്ഞ്‌ തികട്ടി ഏമ്പക്കമിട്ടപ്പോൾ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞു : "ഞാൻ വയറുനിറച്ചിട്ട്‌ മുപ്പത്‌ വർഷത്തോളമായി" [ത്വബ്‌റാനി] മറ്റൊരു പ്രവാചക വചനം ഇങ്ങനെ : "ഈ ലോകത്ത്‌ വയറുനിറയെ ആഹരിക്കുന്നവൻ നാളെ പരലോകത്ത്‌ വിശക്കുന്നവരോടൊപ്പമാണ്. പരലോകത്ത്‌ കൊതിയന്മാരും അതികായന്മാരും ഭീമാകാരന്മാരും വരും. ഒരീച്ചച്ചിറകിന്റെ ഘനം പോലും അവർക്ക്‌ അല്ലാഹുവിന്നരികിൽ ലഭ്യമല്ല" [അൽ ബസ്സാർ, ബൈഹഖി] മറ്റൊരവസരത്തിൽ ഒരു കുടവയറനെ നബി (സ) കാണാനിടയായി. അപ്പോൾ അയാളുടെ വയറു ചൂണ്ടിക്കൊണ്ട്‌ പ്രവാചകൻ (സ) പറഞ്ഞു : "ഇത്‌ മറ്റുവല്ലതുമായിരുന്നെങ്കിൽ നിനക്ക്‌ ഗുണകരമായേനെ" [ത്വബ്‌റാനി] "ആഗ്രഹിച്ചതെല്ലാം ആഹരിക്കൽ ആഢംബരത്തിൽ പെട്ടതാകുന്നു" എന്ന നബിവചനവും  ഇവിടെ നാം ഓർക്കേണ്ടതാകുന്നു.

ആവർത്തിച്ചു ഭക്ഷണം കഴിച്ച പത്നി ആയിശ (റ)യോട്‌ നബി (സ) ഒരിക്കൽ ചോദിച്ചത്‌ ഇപ്രകാരമായിരുന്നു : "ഓ ആയിശാ, വയറിന്റേതല്ലാത്ത മറ്റു കാര്യങ്ങളിൽ വ്യാപൃതയാവുന്നത്‌ നിനക്കിഷ്ടമല്ലേ?" നബി (സ) പറഞ്ഞു : "നിങ്ങൾ ആഹരിക്കുക, പാനം ചെയ്യുക, വസ്ത്രം ധരിക്കുക പക്ഷേ അതിരുകവിഞ്ഞോ അഹങ്കരിച്ചോ ആവരുത്‌ " [ത്വബ്‌റാനി] ഒരു സത്യനിഷേധി ഒരു രാത്രി നബി (സ) യുടെ അഥിതിയായെത്തി. നബി അദ്ദേഹത്തിന്ന് ഒരാടിനെ കറന്ന് പാൽ നൽകി. മതിവരാതെ വന്നപ്പോൾ മറ്റൊന്നിനെക്കൂടി കറന്നു നൽകി. വീണ്ടും മറ്റൊന്നു കറന്നു. അങ്ങനെ ഏഴാടു വരെ കറന്നെടുത്തു നൽകി. പ്രഭാതമായപ്പോൾ അയാൾ അല്ലാഹുവിലും പ്രവാചകനിലും വിശ്വാസമർപ്പിച്ചു മുസ്‌ലിമായി. ശേഷം അദ്ദേഹത്തിനു ഒരാടിനെ കറന്നു പാൽ നൽകാൻ നബി നിർദേശിച്ചു. അതു നൽകി മറ്റൊന്നു കൂടി കറന്നു. പക്ഷേ അത്‌ പൂർത്തീകരിക്കാൻ അനുവദിച്ചില്ല. എന്നിട്ട്‌ റസൂൽ (സ) ഇങ്ങനെ പറഞ്ഞു : "ഒരു സത്യവിശ്വാസി ഒരു കുടലിലേ കുടിക്കൂ. സത്യനിഷേധി ഏഴു കുടലിലും കുടിക്കും " [മുസ്‌ലിം]

സഹോദരങ്ങളേ, ഇവിടെ നാം കാണുന്നതെന്താണ്? വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യക്തമായ മാറ്റമാണിത്‌. വിശ്വാസം പകർന്നു നൽകുന്ന ജീവിതക്രമീകരണമാണിത്‌. ഈ അന്തരമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അന്തരം നഷ്ടപ്പെടുമ്പോൾ അകലം കുറയും. നാം സത്യനിഷേധത്തോടടുക്കുകയാണോ? അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

"അല്ലാഹുവേ, നീ ഞങ്ങളെ നേർവഴിയിൽ നടത്തേണമേ, നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. നിന്റെ കോപത്തിനു ഇരയായവരുടേയും നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടേയുമല്ലാത്ത വഴിയിൽ" ആമീൻ

by സഈദ്‌ ഫാറൂഖി @ ഹദീസ്‌ ചിന്തകൾ (യുവത) 

നേതൃത്വത്തിന്റെ സംസ്കാരം

സാമുദായിക പ്രശ്നങ്ങൾക്ക്‌ നേതൃത്വം നൽകുകയും മതപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരിൽ രണ്ട്‌ തരത്തിലുള്ള ആളുകളെ കാണാൻ സാധിക്കും. മതകാര്യങ്ങളിൽ വളരെ ശ്രദ്ധയും ശുഷ്കാന്തിയുമുള്ളവരും അത്തരം കാര്യങ്ങളിൽ അത്രയൊന്നും ശ്രദ്ധയില്ലാത്തവരും. പല പ്രദേശങ്ങളിലും കാര്യങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കാര്യപ്പെട്ടവർ ഈ രണ്ടാം വിഭാഗത്തിൽ പെട്ടവരാണെന്നത്‌ സങ്കടകരമാണ്. വ്യക്തിജീവിതത്തിൽ സംസ്കരണം സാധിച്ചിട്ടില്ലെങ്കിലും സമുദായ നേതൃത്വം ഏറ്റെടുക്കാൻ അത്തരം ആളുകൾക്ക്‌ സാധ്യമാകുന്നതെങ്ങനെയെന്ന് നാം ചിന്തിക്കണം.

മതശാസനകൾ മുറുകെ പിടിക്കുന്ന സൂക്ഷതയുളള നല്ല മനുഷ്യരേക്കാൾ പണവും പ്രതാപവും ശക്തിയുമുള്ളവർക്ക്‌ സമൂഹം ആദരവ്‌ കൽപ്പിക്കുന്നത്‌ കൊണ്ടാണിത്‌ സംഭവിക്കുന്നത്‌. ആഴ്ചയിലൊരിക്കൽ പോലും പള്ളിയിൽ വരാത്തവർ പള്ളിക്കമ്മിറ്റി ഭാരവാഹി! ഇസ്‌ലാമിക സ്ഥാപനം നടത്തുന്നവർ സ്വന്തം മക്കളെ അവിടെ പഠിപ്പിക്കുന്നില്ല! സമുദായത്തിന്റെ ഐഡന്റിറ്റിക്ക്‌ വേണ്ടി ബഹളം വെക്കുന്നവന്റെ ഭാര്യയും മക്കളും പാശ്ചാത്യ പരിഷ്ക്കാരത്തിന്റെ പ്രചാരകൻ! ഇവിടെയാണ് പൊയ്മുഖം വ്യക്തമാകുന്നത്‌. ഉന്നതരെന്നും കാര്യപ്പെട്ടവരെന്നും മുസ്‌ലിം തറവാട്ടുകാരെന്നും വിശേഷിക്കപ്പെടുന്ന പലരുടേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. അവരുടെ കുടുംബത്തിൽ പർദ്ദയില്ല. അവരുടെ വീടുകളിൽ ഖുർആൻ പാരായണമില്ല. അവരാരും തന്നെ ദീനീ സദസ്സുകൾ ഉപയോഗപ്പെടുത്തുന്നില്ല. അവരിൽ ദീനിന്റെ ചൈതന്യമില്ല. അവരുടെ സമ്പാദ്യവും വിനിയോഗവും മതകൽപ്പന അനുസരിച്ചുമല്ല. എന്നിട്ടും അവരെ സമുദായം ആദരിക്കുന്നു! അവരാണ് കാര്യപ്പെട്ടവർ എന്ന് കരുതുന്നു. അവരുടെ തോന്നിവാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. അവരാണെങ്കിൽ കൂടുതൽ വൃത്തികെട്ടു പോവുകയും അവരുടെ സ്വാധീനവും തറവാട്‌ മഹിമയും ഉപയോഗിച്ച്‌ അധാർമ്മികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഇവിടെ സത്യവിശ്വാസികൾ ഉണരേണ്ടതുണ്ട്‌. മതചിട്ടയില്ലാത്ത സമുദായത്തിന്ന് മതപരമായ അംഗീകാരമില്ലെന്ന് പ്രഖ്യാപിക്കുവാൻ നേരം വൈകി. മതനിഷ്ഠയും സദാചാരബോധവുമില്ലാത്തവരെ കാര്യപ്പെട്ടവരായി ചുമലിലേറ്റാൻ നമുക്ക്‌ ബാധ്യതയില്ല. പാവപ്പെട്ട വിശ്വാസികളെ അകറ്റിനിർത്തിയാൽ തങ്ങൾ ദീനിലേക്ക്‌ വരാമെന്ന് മക്കയിലെ ചില കാര്യപ്പെട്ടവർ നബി തിരുമേനി (സ)യോട്‌ പറഞ്ഞപ്പോൾ ഭക്തരായ ആ പാവപ്പെട്ടവരോടൊപ്പം നിൽക്കുകയാണ് അവിടുന്ന് ചെയ്തത്‌. പണവും പ്രതാപവുമെന്നതിലേറെ ജീവിതവിശുദ്ധിക്കായിരുന്നു നബി (സ) വില കൽപ്പിച്ചത്‌. ആ മാനദണ്ഡം നാം മറക്കാതിരിക്കുക.

 by ഹുസൈൻ മടവൂർ @ പ്രാസ്ഥാനിക ചിന്തകൾ (യുവത)

പരീക്ഷണങ്ങള്‍ അനുകൂലമാക്കുന്നവര്‍

പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കര്‍മദോഷമോ പ്രകൃതിയില്‍ സംഭവിക്കാനുള്ളതോ ആയ സംഗതികളായി വിലയിരുത്തപ്പെടുന്നു. അപകടങ്ങള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിങ്ങനെ ശാരീരികമോ, നിരാശ, അവഗണന, എന്നിങ്ങനെ മാനസികമോ ആയ തരത്തില്‍ പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. ഇസ്‌ലാമികാദര്‍ശ പ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു. അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വേദഗ്രന്ഥങ്ങളിലും മറ്റും ഫറോവയുടെ ആളുകള്‍ക്കും നൂഹിന്റെ സമുദായത്തിനും വന്നുചേര്‍ന്ന പരിണതി അതാണ് വ്യക്തമാക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ തെറ്റു ചെയ്യുന്നവരാണെങ്കില്‍ കൂടിയും പരീക്ഷണത്തെ അപ്പാടെ ശിക്ഷയായി വ്യവഹരിക്കുകയില്ല. മറിച്ച് അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം എന്ന് അവര്‍ തിരിച്ചറിയുന്നു. ഈ അര്‍ഥത്തിലാണ് നബിതിരുമേനി(സ) പറഞ്ഞത്: 'അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു' (ബുഖാരി).

ഇത്തരം പരീക്ഷണങ്ങള്‍ ഒരു പക്ഷേ കണ്ണിന്റെ ശക്തിക്ഷയമോ സ്ഥായിയായ വൈകല്യമോ പോലെ മാരകമായിരിക്കാം. ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : 'തന്റെ ദാസന്റെ വിലപ്പെട്ട രണ്ടുസംഗതികളെ ഞാന്‍ നീക്കിക്കളയുകയും അവന്‍ അതിന്റെ പേരില്‍ ക്ഷമിക്കുകയും ചെയ്താല്‍ അതിന് പ്രതിഫലമായി നാം സ്വര്‍ഗം നല്‍കുന്നതാണ്' (ബുഖാരി).   അല്ലാഹുവിന്റെ സത്യസന്ദേശവുമായി രംഗപ്രവേശം ചെയ്ത മുഹമ്മദ്‌ നബി (സ)യ്ക്ക് ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത് അതിനാലാണ്. ഈസാനബിയുടെ ചരിത്രം നമുക്കറിയാവുന്നതാണല്ലോ. തന്റെ കൂട്ടത്തിലെ കപടവിശ്വാസികളുടെ ചതിപ്രയോഗത്താല്‍ കുരിശാരോഹണഭീഷണിനേരിടേണ്ടിവന്ന അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. അയ്യൂബ് നബി ഏറെനാള്‍ രോഗത്താല്‍ കഷ്ടപ്പെട്ടുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. പ്രവാചകശ്രേഷ്ഠരൊന്നും തന്നെ സുഖലോലുപജീവിതം നയിച്ചവരായിരുന്നില്ല. അല്ലാഹു അവരെ അത്യധികം സ്‌നേഹിച്ചതുകൊണ്ട് അവരെല്ലാം ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

 പരീക്ഷണങ്ങള്‍ ഒരുവേള പാപപരിഹാരാര്‍ഥം വരുന്നതാകാം. അതിലൂടെ പശ്ചാതാപബോധം ജനിപ്പിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിക്കാന്‍ വിശ്വാസിയെ അത് പ്രാപ്തനാക്കുന്നു. ഈ കാഴ്ചപ്പാടിലാണ് നബിതിരുമേനി (സ) പറഞ്ഞത്. 'ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടു മാത്രമാണ്' (ബുഖാരി). മറ്റൊരിക്കല്‍ നബി തിരുമേനി ഇപ്രകാരം അരുളി:'മരത്തില്‍നിന്ന് ഇല പൊഴിയുംപോലെ കുറ്റകൃത്യങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ യാതൊരുക്ലേശവും മുസ്‌ലിം അനുഭവിക്കുന്നില്ല.' തനിക്ക് ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടിവന്നാല്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുന്നുവെന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. അതുവരെ താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദുര്‍മാര്‍ഗം കൈവിട്ട് അവന്‍ നമസ്‌കാരവും പ്രാര്‍ഥനകളുമായി അല്ലാഹുവിങ്കലേക്ക് ഓടിയെത്തുന്നു. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളില്‍പെട്ട് ഉഴലുന്ന അധികമാളുകളും പിന്നീട് അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാന്‍ അതോടെ ദൃഢനിശ്ചയംചെയ്യുന്നു. അത് അയാള്‍ക്ക് അനുഗ്രഹമായിത്തീരുന്നു അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ.

by കെ എം ഫൈസി തരിയോട് @ ഫേസ്ബുക്ക് 

അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നവർ

`നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌ (ഹലാൽ), ഇത് നിഷിദ്ധമാണ്‌ (ഹറാം) എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച´ [അദ്ധ്യായം 16 നഹ്‌ൽ 116]

മഹത്തായ ചില തത്വങ്ങളിലേക്ക്‌ ഈ സൂക്തം വെളിച്ചം നൽകുന്നു

 1. മതത്തിൽ ഒരു കാര്യം നിഷിദ്ധമാണെന്നു പറയണമെങ്കിൽ ശരിയായ അറിവ്‌ ആ കാര്യത്തിൽ ഉണ്ടായിരിക്കണം.

 2. പിൽക്കാലത്ത്‌ അറിവ്‌ ഉയർത്തപ്പെടുകയും അങ്ങനെ സമുദായം വിഢികളെപ്പിടിച്ച്‌ പണ്ഡിതന്മാരുടെ സ്ഥാനത്ത്‌ അവരോധിക്കുകയും ജനങ്ങൾ ഏതു പ്രശ്നത്തിനും അവരോട്‌ മതവിധി ചോദിച്ചാൽ ഉടൻ അവർ വിധി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് നബി (സ) പ്രവചിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം). റസൂലുള്ളയുടെ പ്രവചനം ഇന്ന് പുലർന്നു കൊണ്ടിരിക്കുന്നു.

 3. അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുക എന്നതിന്റെ ഉദ്ദേശ്യം ഈ സ്വഭാവത്തിന്റെ പര്യവസാനം വിവരിക്കുകയാണ്. അതായത്‌, ശരിയായ ജ്ഞാനം ഇല്ലാതെ ഒരു കാര്യം മതത്തിൽ നിഷിദ്ധമാണെന്നും അനുവദനീയമാണെന്നും നാം പ്രഖ്യാപിച്ചാൽ അതിന്റെ ഫലം അല്ലാഹുവിന്റെ പേരിൽ നാം കളവ്‌ കെട്ടിച്ചമക്കലായിത്തീരും. (ആ ലക്ഷ്യം ഇല്ലെങ്കിൽ പോലും).

 4. ഈ സൂക്തം ശരിക്കും ഗ്രഹിച്ചതിനാൽ മദ്‌ഹബിന്റെ ഇമാമുകൾ വരെ അറിയാത്ത കാര്യങ്ങൾ തങ്ങൾക്ക്‌ അറിയുകയില്ല എന്ന് പറയുവാൻ മടി കാണിച്ചിരുന്നില്ല.

 by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം  

തലമുടി പരിപാലനം ഇസ്‌ലാമിൽ

തലമുടി വളർത്തുകയും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം നിർദ്ദേശിച്ചു. നബി (സ) പറഞ്ഞു :"മുടിയുള്ളവൻ അതിനെ ആദരിക്കട്ടെ". (അബൂദാവൂദ്‌) നബി (സ)യും അനുചരന്മാരും പൊതുവേ മുടി വളർത്തിയിരുന്നു. ബർറാ (റ) പറയുന്നു : നബി (സ)ക്ക്‌ ചെവിക്കുന്നിയുടെ മേൽ മുടിയുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം).  ആയിശ (റ) പറയുന്നു : നബി (സ)യുടെ തലമുടി 'വഫ്‌റത്തി'ന്റെ മേലെയും 'ജുമ്മത്തി'ന്റെ താഴെയുമായിരുന്നു. (അബൂദാവൂദ്‌, തുർ മുദി). ചെവിക്കുന്നിയിലേക്ക്‌ എത്തുന്ന മുടിക്ക്‌ 'വഫ്‌റത്ത്‌' എന്നും ചുമലിന്റെ അടുത്തേക്ക്‌ എത്താവുന്ന മുടിക്ക്‌ 'ജുമ്മത്ത്‌' എന്നും പറയുന്നു. (ഫത്‌ഹുൽബാരി)

 അനസുബ്നു മാലിക്ക്‌ (റ) പറയുന്നു : നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത്‌ പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത്‌ അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു. (ബുഖാരി).  അബൂഖതാദ (റ) പറയുന്നു : തന്റെ തലമുടി നീണ്ടു തോൾ വരെ എത്തിയിരുന്നു. അതിനേക്കുറിച്ച്‌ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അതിനെ നല്ല നിലയിൽ പരിചരിക്കാനും എല്ലാ ദിനവും ചീകിവെക്കാനും അദ്ദേഹം കൽപ്പിച്ചു. (നസാഇ) എന്നാൽ അമിതമായി മുടി ചീകിയൊതുക്കുന്നതിനെ നബി (സ) നിരോധിച്ചു.  ഉബൈദ്‌ (റ) പറയുന്നു : അമിതമായി മുടി ചീകുന്നത്‌ നബി (സ) വിലക്കി. (നസാഇ).  അതുപോലെ മുടി ചീകുമ്പോൾ വലത്‌ ഭാഗത്ത്‌ നിന്നും ആരംഭിക്കുന്നതാണ് ഉത്തമം. ആയിശ (റ) പറയുന്നു : നബി (സ) മുടി ചീകുന്നതിലും അംഗ സ്നാനത്തിലും കഴിയുന്നത്ര വലതുഭാഗത്ത്‌ നിന്ന് തുടങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി)

 തലമുടി വളർത്തുമ്പോൾ അത്‌ വെട്ടി ശരിയാക്കേണ്ടതാണ്. മുടി പൂർണ്ണമായി മുണ്ഡനം ചെയ്യുന്നതും അനുവദനീയമാണ്. ഇബ്നു ഉമർ (റ) പറയുന്നു : നബി (സ) ഒരു കുട്ടിയെ കണ്ടു. അവന്റെ മുടി ഏതാനും ഭാഗം കളയുകയും ഏതാനും ഭാഗം അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോൾ നബി (സ) അത്‌ വിലക്കിക്കൊണ്ട്‌ പറഞ്ഞു : "നിങ്ങൾ അത്‌ മുഴുവൻ കളയുക. അല്ലെങ്കിൽ അത്‌ മുഴുവനും വളർത്തുക". (അബൂദാവൂദ്‌, അഹമ്മദ്‌, നസാഇ) ഇബ്‌നു ഉമർ (റ) നിവേദനം : നബി (സ) 'ഖസഅ്' നിരോധിച്ചു. അപ്പോൾ ഞാൻ ചോദിച്ചു : "എന്താണ് ഖസഅ്?" അപ്പോൾ പറയപ്പെട്ടു "തലമുടി കുറെ കളയുകയും കുറെ കളയാതിരിക്കുകയും ചെയ്യലാണ് അത്‌". (മുസ്‌ലിം) തലയുടെ ചുറ്റുമുള്ള മുടി കളയുകയും നടുക്ക്‌ അവശേഷിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം അവർക്കിടയിലുണ്ടായിരുന്നു. അത്‌ വെറുക്കപ്പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്‌. (ശറഹു മുസ്‌ ലിം).  ഉബൈദ്‌ (റ) നോട്‌ ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു : "ചെന്നിയിലേയും പിരടിയിലേയും മുടി നീക്കുന്നതിനു വിരോധമില്ല". (ബുഖാരി).

 മേൽ വചനങ്ങളെല്ലാം തലമുടി വളർത്തുന്നത്‌ സുന്നത്താണെന്ന് വ്യക്തമാക്കുന്നു. അതുപോലെ മുടി വളർത്തുന്നവൻ അത്‌ വൃത്തിയായി പരിചരിക്കുന്നത്‌ ഇസ്‌ലാമിക സംസ്കാരമാണെന്നും മനസ്സിലാക്കാം. എന്നാൽ തലമുടി കളയുന്നത്‌ അനുവദിക്കപ്പെട്ടതാണെന്നും പക്ഷേ അങ്ങനെ ചെയ്യുന്നവർ അത്‌ മുഴുവനായും കളയണമെന്നും ഇസ്‌ലാം നിഷ്കർഷിക്കുന്നു. എന്നാൽ ഇക്കാര്യം സ്ത്രീകൾക്ക്‌ അനുവദനീയമല്ല. അലി (റ) പറഞ്ഞു : "സ്ത്രീകൾ തലമുടി കളയുന്നത്‌ നബി (സ) നിരോധിച്ചിരിക്കുന്നു". (നസാഇ) മറ്റൊരു നിവേദനം ഇങ്ങനെയാണ് : "സ്ത്രീകൾക്ക്‌ മുണ്ഡനമില്ല. അവർക്കുള്ളത്‌ മുടിവെട്ടൽ മാത്രമാണ്". (അബൂദാവൂദ്‌) പരിചരിക്കാൻ സൗകര്യത്തിനു വേണ്ടിയോ സൗന്ദര്യം ഉദ്ദേശിച്ചോ സ്ത്രീകൾക്ക്‌ മുടി വെട്ടിച്ചെറുതാക്കുന്നത്‌ നിരോധിക്കപ്പെട്ടതല്ല. പ്രവാചക പത്നിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പുരുഷരൂപത്തിലാകരുത്‌. (അൽ അജ്‌വിബത്തുന്നാഫിഅ) 

from ഇസ്‌ലാം (വാല്യം 3) ധർമ്മവും സംസ്കാരവും (യുവത ബുക്ക് ഹൗസ്)

ഖുർആൻ ആയത്തുകളും ചികിത്സയും

അല്ലാഹു വിവിധ കാലഘട്ടങ്ങളില്‍ ജനങ്ങള്‍ യഥാര്‍ഥ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വ്യതിചലിച്ചപ്പോള്‍ പ്രവാചകന്മാരിലൂടെ ജനങ്ങള്‍ക്ക് ഇറക്കിക്കൊടുത്ത വേദഗ്രന്ഥങ്ങളാണ് തൗറാത്തും ഇന്‍ജീലും സബൂറും വിശുദ്ധ ഖുര്‍ആനുമെല്ലാം. ഇവയുടെ ലക്ഷ്യം മനുഷ്യരുടെ വിശ്വാസവും ആചാരങ്ങളും ശുദ്ധീകരിക്കുകയെന്നതാണ്. എന്നാല്‍ പൗരോഹിത്യം എക്കാലത്തും വേദഗ്രന്ഥങ്ങളെ അവരുടെ ഭൗതിക താല്പര്യങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈസായും(അ) ഉസൈറും(അ) ദൈവത്തിന്റെ പുത്രന്മാരായും മര്‍യം(അ) ദൈവത്തിന്റെ സഹധര്‍മിണിയായും അവതരിപ്പിച്ചത് അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. വേദഗ്രന്ഥങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പല രൂപത്തിലാണ്. വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിക്കലും പ്രസ്തുത വചനങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തലും അവ ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്‍പ്പെടുന്നതാണ്.

വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ രോഗശമനത്തിനെന്ന പേരില്‍ ചൂഷണം ചെയ്യുന്നത് അതില്‍ പെട്ടതാണ്. മനുഷ്യര്‍ക്ക് ശാരീരികമായി നിരവധി രോഗങ്ങള്‍ ബാധിക്കാറുണ്ട്. കാന്‍സര്‍, കോളറ, പ്ലേഗ്, പ്രമേഹം, ഷുഗര്‍ എന്നിവ അവയില്‍ ചിലതാണ്. അതുപോലെ മനുഷ്യര്‍ യുദ്ധംമൂലമോ പ്രകൃതി ദുരന്തങ്ങള്‍ കാരണത്താലോ വ്യത്യസ്തമായ നിലയില്‍ അപകടങ്ങളില്‍ പെട്ടുപോകാറുണ്ട്. തീപ്പൊള്ളല്‍, വാഹനാപകടങ്ങള്‍ മുതലായവയും നിത്യസംഭവങ്ങളാണ്. എന്നാല്‍ മേല്‍പറഞ്ഞ രോഗങ്ങള്‍ക്കോ അപടകങ്ങള്‍ക്കോ ചികിത്സ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനം പാരായണം ചെയ്യാന്‍ അല്ലാഹുവോ റസൂലോ പറഞ്ഞതായോ കല്‍പിച്ചതായോ അങ്ങനെ സ്വഹാബികളാരെങ്കിലും പ്രവര്‍ത്തിച്ചിരുന്നതായോ ഒരു രേഖയുമില്ല. എന്നാല്‍ രോഗങ്ങളോ അപകടങ്ങളോ മറ്റു പരീക്ഷണങ്ങളോ സംഭവിക്കുമ്പോള്‍ അതിനുള്ള ഭൗതികമായ ചികിത്സ നടത്തുകയും, രോഗം ഭേദമാകാന്‍ വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുകയെന്നതാണ് നബി(സ)യുടെ ചര്യ. ആ പ്രാര്‍ഥനക്കുവേണ്ടി മാത്രമാണ് വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്.

സൂറതുന്നാസ്, സൂറതുല്‍ഫലഖ്, സൂറതുല്‍ഇഖ്‌ലാസ്, ആയതുല്‍കുര്‍സിയ്യ് എന്നിവയും ഹദീസുകളില്‍ വന്നിട്ടുള്ള ചില പ്രാര്‍ഥനകളും രോഗശമനത്തിനും അവയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയും നടത്താവുന്നതാണ്. കാരണം, അവയൊക്കെ അല്ലാഹുവോടുള്ള പ്രാര്‍ഥനകളാണ്. എന്നാല്‍ ഇതിന് വിപരീതമായി വിശുദ്ധ ഖുര്‍ആനില്‍ ശാരീരികമായും മാനസികമായുമുള്ള എല്ലാ രോഗങ്ങള്‍ക്കും ശിഫയുണ്ട് എന്ന് പറഞ്ഞിട്ടുണ്ടെന്ന് ജല്പിച്ചുകൊണ്ട് ഏത് രോഗത്തിനും ഏതെങ്കിലും ഒരായത്തോതി ചിലര്‍ പാമരന്മാരെ പറ്റിക്കുന്നതായി കാണുന്നു. ഇത്തരം പ്രസ്താവനകള്‍ക്ക് ആധികാരികമായി യാതൊരുവിധ അറിവും വേണമെന്നില്ല. ഏതെങ്കിലും കുറച്ച് ഖുര്‍ആന്‍ വചനങ്ങള്‍ മനപ്പാഠമാക്കിയാല്‍ മതി. ആരെങ്കിലും ഇന്ന രോഗത്തിന് എന്താണ് ചികിത്സ എന്ന് ചോദിക്കുമ്പോള്‍ അതിന് ഇന്ന സൂറത്തിലെ ഇന്ന ആയത്ത് ഓതിയാല്‍ മതി എന്ന് കണ്ണും ചിമ്മി കാച്ചിവിടുകയാണ്. ടെലിവിഷന്‍ ചാനലുകള്‍ വരെ ഇത്തരക്കാര്‍ കയ്യടക്കിവെച്ചിട്ടുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. ഇത്തരക്കാര്‍ അല്ലാഹുവിന്റെ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവരും. ദുനിയാവ് അല്പകാലം മാത്രമേ ഉണ്ടാകൂ എന്ന ചിന്ത അശ്ശേഷം ഇല്ലാത്തവരാണ് ഇക്കൂട്ടര്‍.

ഖുര്‍ആനില്‍ രോഗത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുള്ള മിക്കതും മനസ്സിന്റെ രോഗത്തെ സംബന്ധിച്ചാണ്. മനസ്സിന്റെ രോഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭ്രാന്ത് പോലുള്ള മാനസികരോഗമല്ല. മറിച്ച്, കാപട്യമാണ്. അതിന് അറബി ഭാഷയില്‍ നിഫാഖ് എന്നാണ് പറയുക. അതിന് ഒരുദാഹരണം: ''അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കളവു പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക” (2:10) ഇവിടെ രോഗം എന്നു പറഞ്ഞത് കാപട്യത്തെ സംബന്ധിച്ചാണ് എന്ന് ഒരു വിശദീകരണവുമില്ലാതെ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പ്രസ്തുത രോഗം മാനസികമോ ശാരീരികമോ ആണെങ്കില്‍ എന്തിനാണ് അല്ലാഹു ശിക്ഷിക്കുന്നത്? രോഗം കാരണത്താലുള്ള വിഷമങ്ങള്‍ക്ക് പാപമോചനമാണ് അല്ലാഹുവിന്റെ റസൂല്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതുപോലെ മാഇദ 52-ലും അന്‍ഫാല്‍ 49-ലും തൗബ 125-ലും ഹജ്ജ് 53-ലും നൂര്‍ 50-ലും അഹ്‌സാബ് 12,32, 60 ആയത്തുകളിലും മുഹമ്മദ് 20,29-ലും മുദ്ദസിര്‍ 31-ലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള രോഗം കാപട്യമാണ്. അതിന്റെ തഫ്‌സീറുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ലാതെ തന്നെ പ്രസ്തുത വചനങ്ങളുടെ ആദ്യഭാഗവും അവസാനഭാഗവും പാരായണം ചെയ്യുമ്പോള്‍ തന്നെ അക്കാര്യം ബോധ്യപ്പെടും.

എന്നാല്‍ ശാരീരികമായ രോഗത്തെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. "ഞാന്‍ രോഗിയായാല്‍ അവന്‍ സുഖപ്പെടുത്തുന്നതാണ്” (ശുഅറാഅ് 80). രോഗം സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍ ചികിത്സ മാത്രം പോരാ, പ്രാര്‍ഥനയും കൂടിവേണം എന്നാണ് മേല്‍വചനം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ശിഫാഅ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് മേല്‍പറഞ്ഞ 12 സ്ഥലങ്ങളില്‍ ഏത് രോഗമാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അതിനൊക്കെയുള്ള ശിഫയാണ്. കാപട്യം എന്ന് പറയുന്നത് ഒരുപാട് ദുസ്സ്വഭാവങ്ങള്‍ ഉരുത്തിരിഞ്ഞ് ഉണ്ടാകുന്നതാണ്. ശിര്‍ക്ക്, കുഫ്‌റ്, കിബ്‌റ്, അസൂയ, ഏഷണി എന്നിവ കാപട്യത്തിന്റെ ഉല്‍പന്നങ്ങളാണ്. അതിനൊക്കെയുള്ള ശിഫയാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാതെ കാന്‍സര്‍, ബ്ലീഡിംഗ് തുടങ്ങിയവയ്ക്കുള്ള ശിഫയല്ല ഖുര്‍ആന്‍. ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശിഫയും(ശമനം) നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു.” (യൂനുസ് 57). ഈ വചനത്തില്‍ പറഞ്ഞ രോഗം ശാരീരികമോ മാനസികമോ ഭ്രാന്തുപോലെയുള്ളതോ അല്ല. മറിച്ച്, അനിസ്‌ലാമികമായ സ്വഭാവങ്ങളും ചിന്താഗതികളുമാകുന്നു. ഈ വചനം വിശദീകരിച്ച് ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ”ഹൃദയങ്ങളിലുള്ള രോഗത്തിന് ഖുര്‍ആന്‍ ശമനമാണ് എന്ന് പറഞ്ഞത് എല്ലാ മാനസികമായ സംശയങ്ങള്‍ക്കും അവ്യക്തമായ കാര്യങ്ങള്‍ക്കും ശമനമാണ് എന്നാണ്. അഥവാ അനിസ്‌ലാമികമായ എല്ലാ മ്ലേച്ഛതകളും മാലിന്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ നീക്കം ചെയ്യും എന്നാണ്” (ഇബ്‌നുകസീര്‍ 2/421). അതുപോലെ തന്നെയാണ് സൂറതു ഇസ്‌റാഈലിലെ 82-ാം വചനവും ഫുസ്സിലത്തിലെ 44-ാം വചനവും. അവിടെയൊന്നും വിശുദ്ധ ഖുര്‍ആന്‍ ശാരീരികമായ രോഗത്തിന് ശിഫയാണെന്ന് പറഞ്ഞിട്ടേയില്ല.

വിശുദ്ധ ഖുര്‍ആനില്‍ ശിഫയാണെന്നു പറഞ്ഞത് തേനിനെക്കുറിച്ച് മാത്രമാണ്. അത് സൂറതുന്നഹ്‌ലിലെ 69-ാം വചനത്തിലാണ്. അതും മൊത്തത്തില്‍ പറഞ്ഞു എന്നതല്ലാതെ ഇന്ന രോഗത്തിന് തേന്‍ ശമനമാണ് എന്ന് പറഞ്ഞിട്ടില്ല. ചുരുക്കത്തില്‍ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനം ഓതിയാല്‍ ശാരീരികമായ ഏതെങ്കിലും ഒരു രോഗം ഭേദപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ എവിടെയും പരാമര്‍ശമില്ല. എന്നിരിക്കെ ഇന്ന രോഗം വന്നാല്‍ ഇന്ന വചനം ഓതിയാല്‍ ഭേദപ്പെടും എന്ന് ജനങ്ങളെ പറഞ്ഞുപറ്റിക്കല്‍ വലിയ തട്ടിപ്പാണ്. ഇതിന് സമാനമായ തട്ടിപ്പുതന്നെയാണ് ഗര്‍ഭിണികള്‍ക്കും മറ്റും സുഖപ്രസവത്തിനു വേണ്ടി പിഞ്ഞാണത്തില്‍ കറുത്ത മഷികൊണ്ട് ഖുര്‍ആന്‍ എഴുതി കുടിപ്പിക്കല്‍. പഴയകാലത്ത് വ്യാപകമായതും ഇപ്പോള്‍ പരിമിതമായും നടക്കുന്ന ഒരനാചാരമാണിത്. പിഞ്ഞാണത്തില്‍ എഴുതാറുള്ളത് സൂറത്ത് ഇന്‍ശിഖാഖിലെ ഏതാനും വചനങ്ങളാണ്. പ്രസ്തുത വചനങ്ങള്‍ അന്ത്യദിനത്തിന്റെ ലക്ഷണങ്ങളായി വരുന്നവയാണ്. ഗര്‍ഭത്തെ സംബന്ധിച്ച് ഒന്നും തന്നെ പിഞ്ഞാണത്തില്‍ എഴുതപ്പെടുന്നവയില്‍ ഇല്ല എന്നതാണ് വസ്തുത.

by പി കെ മൊയ്തീന്‍ സുല്ലമി @ ശബാബ് വാരിക 

ഉപകാരപ്രദമായ വിജ്ഞാനം

നബി (സ) പറഞ്ഞു : "അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചു കൊണ്ട്‌ പഠിപ്പിക്കേണ്ട ഒരു വിജ്ഞാനം ആരെങ്കിലും ഭൗതിക നേട്ടങ്ങൾക്ക്‌ വേണ്ടി പഠിപ്പിച്ചാൽ പുനരുത്ഥാന നാളിൽ സ്വർഗത്തിന്റെ നറുമണം അവർ ആസ്വദിക്കുകയില്ല". [അഹമ്മദ്‌, ഇബ്നുമാജ]

കേവല ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളേക്കാളുപരി പാരത്രിക നേട്ടമായിരിക്കണം അധ്യാപനം കൊണ്ട്‌ ലക്ഷ്യം വെക്കേണ്ടതെന്ന് മേൽ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. തലമുറകളിലൂടെ പകർന്നു നൽകപ്പെടുന്ന വിജ്ഞാനം സദുദ്ദേശ്യപരമാണെങ്കിൽ ഇഹത്തിലും പരത്തിലും നേട്ടമുണ്ടാക്കുന്ന കാര്യമായിരിക്കുമെന്ന് പ്രവാചകൻ (സ) ഉണർത്തി.

മനുഷ്യന്റെ കർമ്മങ്ങളെല്ലാം മരണത്തോടെ നിലച്ചു പോകുന്നു. എന്നാൽ നിലച്ചുപോകാതെ തുടരുന്ന കർമ്മങ്ങളിലൊന്നായി അദ്ദേഹം എണ്ണിയതു ഉപകാരപ്രദമായ വിജ്ഞാനം എന്നാണ് (മുസ്‌ലിം).

കേവല ഭൗതിക നേട്ടങ്ങൾക്കായി വിദ്യ നൽകിയ വ്യക്തിയെ പരലോകത്ത്‌ വിചാരണ ചെയ്യുന്നതും അവസാനം അയാൾ നരകത്തിലെറിയപ്പെടുന്നതും മറ്റൊരു നബിവചനത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്‌ (മുസ്‌ലിം).

നല്ല വിജ്ഞാനം പകർന്നുകൊടുക്കുന്ന ആളുകൾക്ക്‌ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും ലഭിക്കുന്നതാണ്. വിജ്ഞാനം മനുഷ്യനു വഴികാട്ടിയായി മാറുന്നുവെന്നതാണ് അതിനു കാരണം.

നബി (സ) പറഞ്ഞു : "അല്ലാഹുവും അവന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും വിജ്ഞാനം പകർന്നുകൊടുക്കുന്നവർക്ക്‌ വേണ്ടി കരുണ ചൊരിയുന്നു" (തുർമുദി, ദാരിമി)

By സി മുഹമ്മദ്‌ സലീം സുല്ലമി @ മുഹമ്മദ്‌ നബി : മാതൃകാധ്യാപകൻ by യുവത ബുക്ക്‌ ഹൗസ് 

ചിന്തിക്കുന്നവർ ബുദ്ധിമാന്മാർ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) "ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ". അദ്ധ്യായം 3 ആലു ഇംറാൻ 190 - 191 

 ഖുർആൻ അല്ലാഹുവിന്റെ വചനം വിവരിക്കുന്ന ഗ്രന്ഥമാണ്. ശാസ്‌ത്രം അല്ലാഹുവിന്റെ പ്രവൃത്തിയെ വിവരിക്കുന്ന വിജ്ഞാന ശാഖയാണ്. രണ്ടും ദൈവത്തിലേക്ക്‌ മനുഷ്യരെ എത്തിക്കുന്നു. അതിനാൽ ഖുർആൻ ശാസ്ത്രം പഠിക്കുവാൻ മനുഷ്യസമൂഹത്തോട്‌ പ്രത്യേകിച്ച്‌ ബുദ്ധിജീവികളോട്‌ നിർദ്ദേശിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗോളങ്ങളും അന്തരീക്ഷത്തിൽ അതിന്റേതായ സഞ്ചാരപഥത്തിലൂടെ പരസ്പരം കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നു. ആരാണ് ഇവ ഓരോന്നിനും ഈ വ്യവസ്ഥ നിർണ്ണയിച്ചു കൊടുത്തത്‌? പ്രകൃതിയാണെന്നാണ് മറുപടിയെങ്കിൽ ഈ പ്രകൃതിക്ക്‌ ദീർഘദൃഷ്ടിയും മുൻ തീരുമാനവും ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും.

 ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം : ഞാൻ ആയിശ (റ)യോട് ചോദിച്ചു : "പ്രവാചകൻ (സ)ൽ നിന്ന് നിങ്ങൾ ദർശിച്ച ഏറ്റവും വിചിത്രമായ സംഗതി എനിക്ക് പറഞ്ഞു തരിക. അപ്പോൾ അവർ കരഞ്ഞു. കരച്ചിൽ ദീർഘമാക്കി. ശേഷം പറഞ്ഞു : "പ്രവാചകന്റെ സർവ്വ സംഗതികളും അത്ഭുതകരമായിരുന്നു.എന്റെ രാത്രിയിൽ അദ്ദേഹം എന്റെ അടുത്ത് പ്രവേശിക്കും.എന്നിട്ട് ചോദിക്കും.'ആയിശാ,ഈ രാത്രി എന്റെ റബ്ബിന് ആരാധനയിലായി ചെലവഴിക്കാൻ നീ അനുവദിക്കുമോ?' അപ്പോൾ ഞാൻ പറയും : നിങ്ങളുടെ സഹാവാസത്തെ ഞാൻ ആഗ്രഹിക്കുന്നു. അതിലുപരി നിങ്ങൾ നിങ്ങളുടെ റബ്ബിന് ആരാധന ചെയ്യുന്നതിനെയും. അപ്പോൾ അദ്ദേഹം (സ) വുളുവെടുത്ത് ദീഘമായി നമസ്കരിക്കും. പിന്നീട് കുറെ കരയും. അപ്പോൾ ഞാൻ ചോദിക്കും : താങ്കൾ എന്തിനാണു കരയുന്നത്? നിങ്ങളുടെ ചെറിയ തെറ്റുകൾ പോലും അല്ലാഹു മാപ്പാക്കിയിട്ടുണ്ടല്ലോ? അപ്പോൾ അദ്ദേഹം (സ) മറുപടി നൽകും : 'ഞാൻ എങ്ങനെ കരയാതിരിക്കും? എനിക്ക് അല്ലാഹു ഇപ്രകാരം (ഇന്നഫീ ഖൽക്വിസ്സമാവാത്തി....) അവതരിപ്പിച്ചു തന്നിരിക്കുന്നു.ഈ ആയത്തുകൾ ഓതുകയും ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവന് നാശം!' "(ഇബ്നു ഹിബ്ബാൻ)

 ഒരു വലിയ കൊട്ടാരം നാം കാണുന്നു. അകത്തു പ്രവേശിച്ച്‌ നോക്കിയപ്പോൾ എല്ലാ സൗകര്യങ്ങളുമുണ്ട്‌. പക്ഷേ മനുഷ്യരെ ആരേയും കാണുന്നില്ല. ഒരു പൂച്ചയെ മാത്രം കാണുന്നു. അല്ലെങ്കിൽ ഒരു എലിയെ. ആ കൊട്ടാരം ആ പൂച്ചക്കോ അല്ലെങ്കിൽ ആ എലിക്കോ വേണ്ടി സൃഷ്ടിച്ചതാണെന്ന് വല്ലവനും പറയുകയാണെങ്കിൽ ആ നിർമ്മാണം നിരർത്ഥകമാണ്, പാഴ്‌വേലയാണ്. അതുപോലെ ഈ വിശാല പ്രപഞ്ചം മനുഷ്യന്റെ ഭൗതികമായ ക്ഷണിക ജീവിതത്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറയുന്നത്‌ അതിനേക്കാൾ നിരർത്ഥകമാണ്.

 by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം

പിശാചിന്റെ പ്രവർത്തനങ്ങൾ

ജീവിതത്തിൽ തിന്മയുടെ വേലിയേറ്റം സൃഷ്ടിക്കുന്നതിനു പ്രേരണയായിത്തീരുന്നത്‌ മനുഷ്യമനസ്സിൽ ഉയിർകൊള്ളുന്ന ദുഷ്ചിന്തകളുടെ കടന്നുകയറ്റമാണു. തെറ്റായ പ്രേരണകളും പ്രോൽസാഹനങ്ങളും ചിന്തകളും എവിടെ നിന്നാണു കടന്നുവരുന്നത്‌ എന്നത്‌ ഒരു ലബോറട്ടറിയിലെ രക്ത സാമ്പിളിന്റെ പരിശോധനയിൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യമല്ല. എന്നാൽ മനസ്സിൽ ദുർചിന്ത ഉയിർകൊള്ളുന്നുണ്ടെന്നത്‌ ആർക്കും നിഷേധിക്കാനാവാത്ത യാഥാർഥ്യമാണു. ആ ദുഷ്‌ചിന്തയുടെ പ്രേരകൻ പിശാചാണു. അവൻ മനുഷ്യനെ കായികമായി ആക്രമിക്കുകയല്ല ചെയ്യുന്നത്‌. മനസ്സിൽ തെറ്റായ ചിന്തകൾ കടത്തിവിട്ട്‌ പിന്മാറിക്കളയുന്നു. ആ ചിന്തയുടെ പിന്നാലെ പ്രയാണം നടത്തുന്ന മനുഷ്യൻ തിന്മകളിൽ ചെന്നു പതിക്കുന്നു. മനുഷ്യരുടേയും ജിന്നുകളുടേയും കൂട്ടത്തിൽ നിന്നുള്ള പിശാചുക്കൾ വ്യാമോഹങ്ങളും വാഗ്ദാനങ്ങളും നൽകി വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. 

പിശാചുക്കൾ മനുഷ്യരെ വഴിതെറ്റിക്കുന്നതിനു അതീവസൂക്ഷ്മവും തന്ത്രപരവുമായ അടവുകൾ പയറ്റുന്നു. ഓരോ മനുഷ്യനേയും അവന്റെ തരവും രീതിയും നോക്കി അവനിൽ തെറ്റായ ചിന്തകൾ മനസ്സിൽ കടത്തി വിടുന്നു. ചിലരിൽ അഹന്ത ഉദ്ദീപിപ്പിക്കുന്നു. മറ്റു ചിലരിൽ അസൂയ ജനിപ്പിക്കുന്നു. ചിലരിൽ അമിതഭക്തി കടത്തി വിടുന്നു. മറ്റു ചിലരിൽ ഭൗതിക ജീവിതമോഹം കടത്തി വിടുന്നു. പണ്ഡിതനെ വഴിതെറ്റിക്കാൻ പറ്റിയ അടവുകൾ പയറ്റുന്നു. പാമരനെ തെറ്റിക്കാൻ അവനു വേണ്ടത്ര മോഹങ്ങൾ നൽകുന്നു. പണക്കാരനെ തെറ്റിക്കാൻ പണത്തിന്റെ പളുപളുപ്പ്‌ ഉപയോഗിക്കുന്നു. പാവപ്പെട്ടവനെ അബദ്ധത്തിൽ ചാടിക്കാൻ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളെ പെരുപ്പിച്ച്‌ കാണിക്കുന്നു. ഇങ്ങിനെ തരംപോലെ ഓരോരുത്തരേയും വഴിതെറ്റിക്കാൻ പാകത്തിലുള്ള അടവുകൾ പുറത്തെടുക്കുന്നു. ഒരു മനുഷ്യനേയും നിർബന്ധപൂർവ്വം തിന്മയിൽ പിടിച്ചുകെട്ടാൻ പിശാചിനാവില്ല. എന്നാൽ ശക്തമായ പ്രേരണകളുടെ അലമാലകൾ ഉതിർത്തുവിടും. നമ്മുടെ മനസ്സുകളിൽ പിശാച്‌ കടത്തിവിടാൻ വിചാരിക്കുന്ന ദുഷ്‌ചിന്തകളുടെ തരാതരങ്ങളെപ്പറ്റി നാം സദാ ബോധവാന്മാരാകണം. അതോടൊപ്പം നാമറിയാതെ നമ്മുടെ മനസ്സിൽ വേലിയേറ്റം നടത്താൻ സാധ്യതയുള്ള ദുഷ്‌ചിന്തകളിൽ നിന്നുള്ള മോചനത്തിനായി അല്ലാഹുവിൽ ശരണം തേടണം.

പിശാച്‌ മനുഷ്യരിൽ സ്വാധീനം ചെലുത്തുന്നത്‌ എപ്രകാരമാണെന്ന് ഖുർആൻ വിവരിച്ചു തരുന്നുണ്ട്‌. അതിനപ്പുറം ഊഹങ്ങൾ ഉപയോഗിച്ച്‌ പിശാച്‌ അത്‌ ചെയ്യും ഇത്‌ ചെയ്യും എന്ന് പറയുന്നത്‌ വിശ്വാസികൾക്ക്‌ ഭൂഷണമല്ല. മതപരമായ ആശയങ്ങളുടെ വിശകലനത്തിന് ശരിയായ അറിവിനെ മാത്രമേ പിൻതുടരാവൂ എന്നത്‌ ഖുർആനിന്റെ ആജ്ഞാപനമാണ്. പിശാചിന്റെ പ്രവർത്തനങ്ങൾ ഖുർആൻ വിവരിക്കുന്നത്‌ ശ്രദ്ധാപൂർവ്വം പഠിച്ച്‌ പിശാചിന്റെ വലയിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുകയും പടച്ചവന്റെ തൗഫീഖിനായി പ്രാർഥിക്കുകയും ചെയ്യേണ്ടതാണ്. പിശാച്‌ നമ്മുടെ ശത്രുവാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്‌. നാം പലരേയും ശത്രുവായി കാണുകയും യഥാർഥ ശത്രു നമ്മെ അടക്കിഭരിക്കുകയും ചെയ്യുന്നതിൽ നാം അശ്രദ്ധരാവുകയും ചെയ്യുന്നു. അതിനാൽ ഖുർആനിന്റെ പ്രഖ്യാപനം നാം ഗൗരവത്തിലെടുക്കുക. "തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌". [അദ്ധ്യായം 35 ഫാത്വിർ 6] പിശാചിന്റെ തന്ത്രകുതന്ത്രങ്ങൾ നാം ജാഗ്രത പാലിക്കുകയാണെങ്കിൽ അതിജയിക്കാവുന്നവ മാത്രമാണ്. അവന്റെ കുതന്ത്രങ്ങൾ അതീവ ദുർബലമാണ്. "തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു". [അദ്ധ്യായം 4 നിസാഅ്‌ 76] പിശാച്‌ നിങ്ങളുടെ മനസ്സിൽ ഭയം ഇട്ടുതരാൻ ശ്രമിക്കും. എന്നാൽ നിങ്ങൾ അവനെ ഭയപ്പെടരുത്‌. എന്നെ (അല്ലാഹുവെ) മാത്രം ഭയപ്പെടുക. "നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്‌. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍".[അദ്ധ്യായം 3 ആലു ഇംറാൻ 175]

പിശാച്‌ ബാധിക്കുകയെന്ന പ്രയോഗത്തിന്റെ യാഥാർഥ്യമെന്താണെന്നും അതിനുള്ള പ്രതിവിധിയെന്താണെന്നും ഖുർആൻ വിവരിക്കുന്നുണ്ട്‌. പലിശ വാങ്ങുന്നവർക്ക്‌ ബാധിക്കുന്ന അന്ധമായ മാനസികാവസ്ഥയെ സംബന്ധിച്ച്‌ പരാമർശിക്കുന്ന മധ്യേ ഖുർആൻ പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല". [അദ്ധ്യായം 2 ബഖറ 275] ഭ്രാന്തിനെ ഉദ്ദേശിച്ച്‌ مَسِّ എന്ന് അറബികൾ പറയാറുണ്ടായിരുന്നു. 'ബാധ, സ്പർശനം' എന്നൊക്കെയാണ് അതിന് വാക്കർഥം. പിശാചിന്റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നതെന്ന അവരുടെ ധാരണയിൽ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച്‌ ആ വാക്ക്‌ പ്രയോഗത്തിൽ വന്നത്‌. മരണാനന്തരം ഖബറുകളിൽ നിന്ന് പുനർജീവിച്ച്‌ എഴുനേൽക്കുമ്പോൾ പലിശ തീറ്റക്കാർക്കുണ്ടാകുന്ന അവസ്ഥയാണിത്‌ എന്ന അഭിപ്രായവുമുണ്ട്‌. പലിശ മുതൽ കൊണ്ട്‌ വയറു നിറച്ചതിന്റെ ഫലമായി ഖിയാമത്തുനാളിൽ അവർക്ക്‌ ശരിക്ക്‌ എഴുനേൽക്കുവാനോ നടക്കുവാനോ കഴിയാതെ ഭ്രാന്തന്മാരെപ്പോലെ ചരിഞ്ഞും മറിഞ്ഞും വീണു കൊണ്ടിരിക്കുമെന്ന് സാരം. ആദ്യത്തെ വീക്ഷണമനുസരിച്ച്‌ പലിശക്കാർ ഭ്രാന്തും ലഹരിയും പിടിക്കപ്പെട്ടവരെപ്പോലെയായിരി ക്കും ഭൂമിയിൽ വർത്തിക്കുക. അഥവാ ധനം ശേഖരിക്കുവാൻ വേണ്ടി അവർ ഭ്രാന്തന്മാരെപ്പോലെ എന്തും ചെയ്തു കൊണ്ടിരിക്കും. രണ്ടു വീക്ഷണപ്രകാരമായാലും ഭ്രാന്ത്‌ പിടിച്ചവരെപ്പോലെ എന്ന ഭാഷാ പ്രയോഗത്തിനു വേണ്ടിയാണ് 'പിശാചുബാധ' എന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. പിശാചിൽ നിന്നുള്ള വല്ല مَسِّ ഉണ്ടായാൽ തന്നെ അല്ലാഹുവിനെ ഓർക്കുന്നതോടു കൂടി അതിൽ നിന്ന് മോചിതമാകാനുള്ള ഉൾകാഴ്ചയുണ്ടായിത്തീരുമെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. അതിന്ന് അടിയുടേയും ഇടിയുടേയും അകമ്പടി വേണ്ടെന്ന് വ്യക്തം. "തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു". [അദ്ധ്യായം 7 അഅ്‌റാഫ്‌ 201].

പിശാചിൽ നിന്ന് വല്ല ദുഷ്‌പ്രേരണയും ഉണ്ടാവുകയാണെങ്കിൽ അല്ലാഹുവിൽ അഭയം തേടുകയാണ് വേണ്ടത്‌. "പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌". [അദ്ധ്യായം 7 അഅ്‌റാഫ്‌ 200] പിശാചിന്റെ പ്രവർത്തന രീതി എപ്രകാരമാണെന്നും അവൻ ആരെയാണ് വഴി തെറ്റിക്കുകയെന്നും ഖുർആൻ വ്യക്തമാക്കുന്നു. "അവന്‍ (പിശാച്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ". [അദ്ധ്യായം 15 ഹിജ്‌ർ 39,40]. പിശാച്‌ ദുർബോധനം നൽകുന്ന രീതി എപ്രകാരമാണെന്നതിന് ഖുർആൻ നൽകുന്ന ഉദാഹരണം കാണുക : "അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ?" [അദ്ധ്യായം 20 ത്വാഹ 120]

പിശാച്‌ മനുഷ്യരുടെ രക്തധമനികളിൽ സഞ്ചരിക്കുമെന്ന പ്രയോഗം വന്നിട്ടുള്ള ഹദീസിന്റെ സന്ദർഭം പരിഗണിക്കാതെ പിശാച്‌ ശരീരത്തിൽ കൂടുമെന്നതിന്ന് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്‌. ഹദീസും അതിന്റെ സാരവും ശ്രദ്ധിക്കുക : "നബി (സ)യുടെ അടുത്ത്‌ സഫിയ്യ (റ) വന്നു. അവർ തിരിച്ചു പോവുമ്പോൾ നബി (സ) അവരോടൊപ്പം നീങ്ങി. തൽസമയം അൻസാറുകളിൽ പെട്ട രണ്ടുപേർ അതുവഴി കടന്നുപോയി. നബി (സ) അവരെ അടുത്തേക്ക്‌ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു 'ഇത്‌ എന്റെ ഭാര്യ സഫിയ്യ ആണ്'. അപ്പോൾ അവർ പറഞ്ഞു ' സുബ്‌ഹാനല്ലാഹ്‌, (ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിക്കുമോ നബിയേ?)' അപ്പോൾ നബി (സ) പറഞ്ഞു : 'തീർച്ചയായും പിശാച്‌ ആദം സന്തതികളുടെ രക്തസഞ്ചാരമുണ്ടാകുന്നിടത്തൊക്കെ സഞ്ചരിക്കും". [ബുഖാരി 7171] മനുഷ്യമനസ്സിൽ പിശാചുണ്ടാക്കുന്ന ദുർമന്ത്രണങ്ങളെ സംബന്ധിച്ചാണു ഈ ഹദീസിൽ പരാമർശ്ശിക്കുന്നതെന്ന് വ്യക്തമാണ്. പിശാചിന്റെ പ്രവേശനത്തിന്റെ യാഥാർത്ഥ്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ് : "നിശ്ചയമായും മനുഷ്യനിൽ പിശാചിന്ന് ഒരുതരം പ്രവേശനമുണ്ട്‌. മലക്കിനും ഒരുതരം പ്രവേശനമുണ്ട്‌. പിശാചിന്റെ പ്രവേശനം, തിന്മയെക്കുറിച്ചുള്ള വാഗ്ദത്തവും യാഥാർഥ്യത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്ദത്തവും യാഥാർഥ്യത്തെ സത്യമാക്കലുമായിരിക്കും. ഇത്‌ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ അത്‌ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവൻ അറിഞ്ഞു കൊള്ളട്ടെ. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു കൊള്ളട്ടെ. പിശാചിന്റേത്‌ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ ആട്ടപ്പെട്ട പിശാചിൽ നിന്നും അവൻ അല്ലാഹുവിനോട്‌ ശരണം തേടട്ടെ. പിന്നീട്‌ നബി (സ) 'പിശാച്‌ നിങ്ങളോട്‌ ദാരിദ്ര്യത്തെക്കുറിച്ച്‌ താക്കീത്‌ നൽകുകയും നീചവൃത്തി കൊണ്ട്‌ കൽപ്പിക്കുകയും ചെയ്യുന്നു' എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു". (തുർമുദി 2988)

 പിശാചിന്ന് ആരേയും നിർബന്ധിച്ച്‌ തിന്മയിലകപ്പെടുത്താൻ സാദ്ധ്യമല്ല. നന്മ ചെയ്യാനുദ്ദേശിച്ചുപോകുന്ന ഒരു മനുഷ്യനെ ശാരീരികമായി ദ്രോഹിച്ച്‌ തിന്മയിലകപ്പെടുത്താൻ പിശാചിന് സാധ്യമല്ല. ഈ കാര്യം പിശാചിന്റെ പ്രസ്താവനയിലൂടെ ഖുർആൻ വ്യക്തമാക്കുന്നു : "കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌". [അദ്ധ്യായം 14 ഇബ്രാഹിം 22]

 by കെ പി സകരിയ്യ @ ശബാബ് വാരിക

പള്ളികൾ അല്ലാഹുവിന്റെ ഭവനങ്ങൾ

ഇസ്‌ലാമിക സമൂഹത്തിൽ പള്ളികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയിൽ മാത്രമല്ല, സാംസ്കാരിക കേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്‌. സാഷ്ടാംഗം (സുജൂദ്‌) ചെയ്യുന്ന സ്ഥലം എന്ന അർഥത്തിൽ 'മസ്ജിദ്‌' എന്നാണ് പള്ളിക്ക്‌ അല്ലാഹു നൽകിയ പേര്. നമസ്കാരം നിർവ്വഹിക്കുവാനും അല്ലാഹുവിന്റെ സ്മരണ നിലനിർത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കേന്ദ്രമായി പള്ളികൾ പ്രവർത്തിക്കുന്നു.

 "പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ കൂടെ മറ്റാരേയും വിളിച്ചു പ്രാർഥിക്കരുത്‌ ". 72:18 "ആരെങ്കിലും അല്ലാഹുവിനു വേണ്ടി പള്ളി നിർമ്മിച്ചാൽ അല്ലാഹു അവനു വേണ്ടി ഒരു ഭവനം ഒരുക്കിവെക്കും". (ബുഖാരി, മുസ്‌ലിം)

 പള്ളി നിർമ്മിക്കുക എന്നാൽ പണിത്‌ വെക്കുക എന്നതല്ല; മറിച്ച്‌ അതിൽ അല്ലാഹുവിനെ സ്മരിക്കാനും നമസ്കാരം നിലനിർത്താനും മറ്റു ഇസ്‌ലാമിക കർമ്മങ്ങൾ സജീവമായി നിർവ്വഹിക്കാനും ആളുകൾ വേണം. പള്ളി നിർമ്മാണം പോലെ പള്ളിപരിപാലനവും ഏറ്റവും പുണ്യകരമായ പ്രവർത്തനമാണ്. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികൾ ആരുടേയും സ്വന്തം വകയല്ല. അവിടെ ആരാധന നടത്തുന്നതിന്ന് ആർക്കും വിലക്ക്‌ കൽപ്പിക്കപ്പെട്ടു കൂടാ.

പൂജക്ക്‌ വേണ്ടി നട തുറക്കുകയും ശേഷം നടയടക്കുകയും ചെയ്യുന്ന മറ്റു സമുദായക്കാരുടെ ആരാധനാലയങ്ങൾ പോലെയല്ല മുസ്‌ലിം പള്ളികൾ. അവ ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ സർവീസിംഗിനു വേണ്ടി മാത്രം തുറക്കപ്പെടേണ്ടവയുമല്ല. നേരെ മറിച്ച്‌ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയും യാത്രയാൽ കഷ്ടപ്പെടുന്നവർക്കും നിരാലംബർക്കും ആശ്രയമേകുകയും ചെയ്തുകൊണ്ട്‌ ഏതുനേരവും സജീവമായി നിലകൊള്ളേണ്ട സാംസ്കാരിക കേന്ദ്രമത്രെ പള്ളി. 

by അബ്ദുൽജബ്ബാർ തൃപ്പനച്ചി @ നമസ്കാരം (യുവത ബുക്ക്‌ ഹൗസ്‌)

Popular ISLAHI Topics

ISLAHI visitors