പിശാചിന്റെ പ്രവർത്തനങ്ങൾ

ജീവിതത്തിൽ തിന്മയുടെ വേലിയേറ്റം സൃഷ്ടിക്കുന്നതിനു പ്രേരണയായിത്തീരുന്നത്‌ മനുഷ്യമനസ്സിൽ ഉയിർകൊള്ളുന്ന ദുഷ്ചിന്തകളുടെ കടന്നുകയറ്റമാണു. തെറ്റായ പ്രേരണകളും പ്രോൽസാഹനങ്ങളും ചിന്തകളും എവിടെ നിന്നാണു കടന്നുവരുന്നത്‌ എന്നത്‌ ഒരു ലബോറട്ടറിയിലെ രക്ത സാമ്പിളിന്റെ പരിശോധനയിൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യമല്ല. എന്നാൽ മനസ്സിൽ ദുർചിന്ത ഉയിർകൊള്ളുന്നുണ്ടെന്നത്‌ ആർക്കും നിഷേധിക്കാനാവാത്ത യാഥാർഥ്യമാണു. ആ ദുഷ്‌ചിന്തയുടെ പ്രേരകൻ പിശാചാണു. അവൻ മനുഷ്യനെ കായികമായി ആക്രമിക്കുകയല്ല ചെയ്യുന്നത്‌. മനസ്സിൽ തെറ്റായ ചിന്തകൾ കടത്തിവിട്ട്‌ പിന്മാറിക്കളയുന്നു. ആ ചിന്തയുടെ പിന്നാലെ പ്രയാണം നടത്തുന്ന മനുഷ്യൻ തിന്മകളിൽ ചെന്നു പതിക്കുന്നു. മനുഷ്യരുടേയും ജിന്നുകളുടേയും കൂട്ടത്തിൽ നിന്നുള്ള പിശാചുക്കൾ വ്യാമോഹങ്ങളും വാഗ്ദാനങ്ങളും നൽകി വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. 

പിശാചുക്കൾ മനുഷ്യരെ വഴിതെറ്റിക്കുന്നതിനു അതീവസൂക്ഷ്മവും തന്ത്രപരവുമായ അടവുകൾ പയറ്റുന്നു. ഓരോ മനുഷ്യനേയും അവന്റെ തരവും രീതിയും നോക്കി അവനിൽ തെറ്റായ ചിന്തകൾ മനസ്സിൽ കടത്തി വിടുന്നു. ചിലരിൽ അഹന്ത ഉദ്ദീപിപ്പിക്കുന്നു. മറ്റു ചിലരിൽ അസൂയ ജനിപ്പിക്കുന്നു. ചിലരിൽ അമിതഭക്തി കടത്തി വിടുന്നു. മറ്റു ചിലരിൽ ഭൗതിക ജീവിതമോഹം കടത്തി വിടുന്നു. പണ്ഡിതനെ വഴിതെറ്റിക്കാൻ പറ്റിയ അടവുകൾ പയറ്റുന്നു. പാമരനെ തെറ്റിക്കാൻ അവനു വേണ്ടത്ര മോഹങ്ങൾ നൽകുന്നു. പണക്കാരനെ തെറ്റിക്കാൻ പണത്തിന്റെ പളുപളുപ്പ്‌ ഉപയോഗിക്കുന്നു. പാവപ്പെട്ടവനെ അബദ്ധത്തിൽ ചാടിക്കാൻ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളെ പെരുപ്പിച്ച്‌ കാണിക്കുന്നു. ഇങ്ങിനെ തരംപോലെ ഓരോരുത്തരേയും വഴിതെറ്റിക്കാൻ പാകത്തിലുള്ള അടവുകൾ പുറത്തെടുക്കുന്നു. ഒരു മനുഷ്യനേയും നിർബന്ധപൂർവ്വം തിന്മയിൽ പിടിച്ചുകെട്ടാൻ പിശാചിനാവില്ല. എന്നാൽ ശക്തമായ പ്രേരണകളുടെ അലമാലകൾ ഉതിർത്തുവിടും. നമ്മുടെ മനസ്സുകളിൽ പിശാച്‌ കടത്തിവിടാൻ വിചാരിക്കുന്ന ദുഷ്‌ചിന്തകളുടെ തരാതരങ്ങളെപ്പറ്റി നാം സദാ ബോധവാന്മാരാകണം. അതോടൊപ്പം നാമറിയാതെ നമ്മുടെ മനസ്സിൽ വേലിയേറ്റം നടത്താൻ സാധ്യതയുള്ള ദുഷ്‌ചിന്തകളിൽ നിന്നുള്ള മോചനത്തിനായി അല്ലാഹുവിൽ ശരണം തേടണം.

പിശാച്‌ മനുഷ്യരിൽ സ്വാധീനം ചെലുത്തുന്നത്‌ എപ്രകാരമാണെന്ന് ഖുർആൻ വിവരിച്ചു തരുന്നുണ്ട്‌. അതിനപ്പുറം ഊഹങ്ങൾ ഉപയോഗിച്ച്‌ പിശാച്‌ അത്‌ ചെയ്യും ഇത്‌ ചെയ്യും എന്ന് പറയുന്നത്‌ വിശ്വാസികൾക്ക്‌ ഭൂഷണമല്ല. മതപരമായ ആശയങ്ങളുടെ വിശകലനത്തിന് ശരിയായ അറിവിനെ മാത്രമേ പിൻതുടരാവൂ എന്നത്‌ ഖുർആനിന്റെ ആജ്ഞാപനമാണ്. പിശാചിന്റെ പ്രവർത്തനങ്ങൾ ഖുർആൻ വിവരിക്കുന്നത്‌ ശ്രദ്ധാപൂർവ്വം പഠിച്ച്‌ പിശാചിന്റെ വലയിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുകയും പടച്ചവന്റെ തൗഫീഖിനായി പ്രാർഥിക്കുകയും ചെയ്യേണ്ടതാണ്. പിശാച്‌ നമ്മുടെ ശത്രുവാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്‌. നാം പലരേയും ശത്രുവായി കാണുകയും യഥാർഥ ശത്രു നമ്മെ അടക്കിഭരിക്കുകയും ചെയ്യുന്നതിൽ നാം അശ്രദ്ധരാവുകയും ചെയ്യുന്നു. അതിനാൽ ഖുർആനിന്റെ പ്രഖ്യാപനം നാം ഗൗരവത്തിലെടുക്കുക. "തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌". [അദ്ധ്യായം 35 ഫാത്വിർ 6] പിശാചിന്റെ തന്ത്രകുതന്ത്രങ്ങൾ നാം ജാഗ്രത പാലിക്കുകയാണെങ്കിൽ അതിജയിക്കാവുന്നവ മാത്രമാണ്. അവന്റെ കുതന്ത്രങ്ങൾ അതീവ ദുർബലമാണ്. "തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു". [അദ്ധ്യായം 4 നിസാഅ്‌ 76] പിശാച്‌ നിങ്ങളുടെ മനസ്സിൽ ഭയം ഇട്ടുതരാൻ ശ്രമിക്കും. എന്നാൽ നിങ്ങൾ അവനെ ഭയപ്പെടരുത്‌. എന്നെ (അല്ലാഹുവെ) മാത്രം ഭയപ്പെടുക. "നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്‌. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍".[അദ്ധ്യായം 3 ആലു ഇംറാൻ 175]

പിശാച്‌ ബാധിക്കുകയെന്ന പ്രയോഗത്തിന്റെ യാഥാർഥ്യമെന്താണെന്നും അതിനുള്ള പ്രതിവിധിയെന്താണെന്നും ഖുർആൻ വിവരിക്കുന്നുണ്ട്‌. പലിശ വാങ്ങുന്നവർക്ക്‌ ബാധിക്കുന്ന അന്ധമായ മാനസികാവസ്ഥയെ സംബന്ധിച്ച്‌ പരാമർശിക്കുന്ന മധ്യേ ഖുർആൻ പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല". [അദ്ധ്യായം 2 ബഖറ 275] ഭ്രാന്തിനെ ഉദ്ദേശിച്ച്‌ مَسِّ എന്ന് അറബികൾ പറയാറുണ്ടായിരുന്നു. 'ബാധ, സ്പർശനം' എന്നൊക്കെയാണ് അതിന് വാക്കർഥം. പിശാചിന്റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നതെന്ന അവരുടെ ധാരണയിൽ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച്‌ ആ വാക്ക്‌ പ്രയോഗത്തിൽ വന്നത്‌. മരണാനന്തരം ഖബറുകളിൽ നിന്ന് പുനർജീവിച്ച്‌ എഴുനേൽക്കുമ്പോൾ പലിശ തീറ്റക്കാർക്കുണ്ടാകുന്ന അവസ്ഥയാണിത്‌ എന്ന അഭിപ്രായവുമുണ്ട്‌. പലിശ മുതൽ കൊണ്ട്‌ വയറു നിറച്ചതിന്റെ ഫലമായി ഖിയാമത്തുനാളിൽ അവർക്ക്‌ ശരിക്ക്‌ എഴുനേൽക്കുവാനോ നടക്കുവാനോ കഴിയാതെ ഭ്രാന്തന്മാരെപ്പോലെ ചരിഞ്ഞും മറിഞ്ഞും വീണു കൊണ്ടിരിക്കുമെന്ന് സാരം. ആദ്യത്തെ വീക്ഷണമനുസരിച്ച്‌ പലിശക്കാർ ഭ്രാന്തും ലഹരിയും പിടിക്കപ്പെട്ടവരെപ്പോലെയായിരി ക്കും ഭൂമിയിൽ വർത്തിക്കുക. അഥവാ ധനം ശേഖരിക്കുവാൻ വേണ്ടി അവർ ഭ്രാന്തന്മാരെപ്പോലെ എന്തും ചെയ്തു കൊണ്ടിരിക്കും. രണ്ടു വീക്ഷണപ്രകാരമായാലും ഭ്രാന്ത്‌ പിടിച്ചവരെപ്പോലെ എന്ന ഭാഷാ പ്രയോഗത്തിനു വേണ്ടിയാണ് 'പിശാചുബാധ' എന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. പിശാചിൽ നിന്നുള്ള വല്ല مَسِّ ഉണ്ടായാൽ തന്നെ അല്ലാഹുവിനെ ഓർക്കുന്നതോടു കൂടി അതിൽ നിന്ന് മോചിതമാകാനുള്ള ഉൾകാഴ്ചയുണ്ടായിത്തീരുമെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. അതിന്ന് അടിയുടേയും ഇടിയുടേയും അകമ്പടി വേണ്ടെന്ന് വ്യക്തം. "തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു". [അദ്ധ്യായം 7 അഅ്‌റാഫ്‌ 201].

പിശാചിൽ നിന്ന് വല്ല ദുഷ്‌പ്രേരണയും ഉണ്ടാവുകയാണെങ്കിൽ അല്ലാഹുവിൽ അഭയം തേടുകയാണ് വേണ്ടത്‌. "പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌". [അദ്ധ്യായം 7 അഅ്‌റാഫ്‌ 200] പിശാചിന്റെ പ്രവർത്തന രീതി എപ്രകാരമാണെന്നും അവൻ ആരെയാണ് വഴി തെറ്റിക്കുകയെന്നും ഖുർആൻ വ്യക്തമാക്കുന്നു. "അവന്‍ (പിശാച്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ". [അദ്ധ്യായം 15 ഹിജ്‌ർ 39,40]. പിശാച്‌ ദുർബോധനം നൽകുന്ന രീതി എപ്രകാരമാണെന്നതിന് ഖുർആൻ നൽകുന്ന ഉദാഹരണം കാണുക : "അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ?" [അദ്ധ്യായം 20 ത്വാഹ 120]

പിശാച്‌ മനുഷ്യരുടെ രക്തധമനികളിൽ സഞ്ചരിക്കുമെന്ന പ്രയോഗം വന്നിട്ടുള്ള ഹദീസിന്റെ സന്ദർഭം പരിഗണിക്കാതെ പിശാച്‌ ശരീരത്തിൽ കൂടുമെന്നതിന്ന് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്‌. ഹദീസും അതിന്റെ സാരവും ശ്രദ്ധിക്കുക : "നബി (സ)യുടെ അടുത്ത്‌ സഫിയ്യ (റ) വന്നു. അവർ തിരിച്ചു പോവുമ്പോൾ നബി (സ) അവരോടൊപ്പം നീങ്ങി. തൽസമയം അൻസാറുകളിൽ പെട്ട രണ്ടുപേർ അതുവഴി കടന്നുപോയി. നബി (സ) അവരെ അടുത്തേക്ക്‌ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു 'ഇത്‌ എന്റെ ഭാര്യ സഫിയ്യ ആണ്'. അപ്പോൾ അവർ പറഞ്ഞു ' സുബ്‌ഹാനല്ലാഹ്‌, (ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിക്കുമോ നബിയേ?)' അപ്പോൾ നബി (സ) പറഞ്ഞു : 'തീർച്ചയായും പിശാച്‌ ആദം സന്തതികളുടെ രക്തസഞ്ചാരമുണ്ടാകുന്നിടത്തൊക്കെ സഞ്ചരിക്കും". [ബുഖാരി 7171] മനുഷ്യമനസ്സിൽ പിശാചുണ്ടാക്കുന്ന ദുർമന്ത്രണങ്ങളെ സംബന്ധിച്ചാണു ഈ ഹദീസിൽ പരാമർശ്ശിക്കുന്നതെന്ന് വ്യക്തമാണ്. പിശാചിന്റെ പ്രവേശനത്തിന്റെ യാഥാർത്ഥ്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ് : "നിശ്ചയമായും മനുഷ്യനിൽ പിശാചിന്ന് ഒരുതരം പ്രവേശനമുണ്ട്‌. മലക്കിനും ഒരുതരം പ്രവേശനമുണ്ട്‌. പിശാചിന്റെ പ്രവേശനം, തിന്മയെക്കുറിച്ചുള്ള വാഗ്ദത്തവും യാഥാർഥ്യത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്ദത്തവും യാഥാർഥ്യത്തെ സത്യമാക്കലുമായിരിക്കും. ഇത്‌ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ അത്‌ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവൻ അറിഞ്ഞു കൊള്ളട്ടെ. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു കൊള്ളട്ടെ. പിശാചിന്റേത്‌ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ ആട്ടപ്പെട്ട പിശാചിൽ നിന്നും അവൻ അല്ലാഹുവിനോട്‌ ശരണം തേടട്ടെ. പിന്നീട്‌ നബി (സ) 'പിശാച്‌ നിങ്ങളോട്‌ ദാരിദ്ര്യത്തെക്കുറിച്ച്‌ താക്കീത്‌ നൽകുകയും നീചവൃത്തി കൊണ്ട്‌ കൽപ്പിക്കുകയും ചെയ്യുന്നു' എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു". (തുർമുദി 2988)

 പിശാചിന്ന് ആരേയും നിർബന്ധിച്ച്‌ തിന്മയിലകപ്പെടുത്താൻ സാദ്ധ്യമല്ല. നന്മ ചെയ്യാനുദ്ദേശിച്ചുപോകുന്ന ഒരു മനുഷ്യനെ ശാരീരികമായി ദ്രോഹിച്ച്‌ തിന്മയിലകപ്പെടുത്താൻ പിശാചിന് സാധ്യമല്ല. ഈ കാര്യം പിശാചിന്റെ പ്രസ്താവനയിലൂടെ ഖുർആൻ വ്യക്തമാക്കുന്നു : "കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌". [അദ്ധ്യായം 14 ഇബ്രാഹിം 22]

 by കെ പി സകരിയ്യ @ ശബാബ് വാരിക