പരീക്ഷണങ്ങള്‍ അനുകൂലമാക്കുന്നവര്‍

പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കര്‍മദോഷമോ പ്രകൃതിയില്‍ സംഭവിക്കാനുള്ളതോ ആയ സംഗതികളായി വിലയിരുത്തപ്പെടുന്നു. അപകടങ്ങള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിങ്ങനെ ശാരീരികമോ, നിരാശ, അവഗണന, എന്നിങ്ങനെ മാനസികമോ ആയ തരത്തില്‍ പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. ഇസ്‌ലാമികാദര്‍ശ പ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു. അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വേദഗ്രന്ഥങ്ങളിലും മറ്റും ഫറോവയുടെ ആളുകള്‍ക്കും നൂഹിന്റെ സമുദായത്തിനും വന്നുചേര്‍ന്ന പരിണതി അതാണ് വ്യക്തമാക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ തെറ്റു ചെയ്യുന്നവരാണെങ്കില്‍ കൂടിയും പരീക്ഷണത്തെ അപ്പാടെ ശിക്ഷയായി വ്യവഹരിക്കുകയില്ല. മറിച്ച് അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം എന്ന് അവര്‍ തിരിച്ചറിയുന്നു. ഈ അര്‍ഥത്തിലാണ് നബിതിരുമേനി(സ) പറഞ്ഞത്: 'അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു' (ബുഖാരി).

ഇത്തരം പരീക്ഷണങ്ങള്‍ ഒരു പക്ഷേ കണ്ണിന്റെ ശക്തിക്ഷയമോ സ്ഥായിയായ വൈകല്യമോ പോലെ മാരകമായിരിക്കാം. ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : 'തന്റെ ദാസന്റെ വിലപ്പെട്ട രണ്ടുസംഗതികളെ ഞാന്‍ നീക്കിക്കളയുകയും അവന്‍ അതിന്റെ പേരില്‍ ക്ഷമിക്കുകയും ചെയ്താല്‍ അതിന് പ്രതിഫലമായി നാം സ്വര്‍ഗം നല്‍കുന്നതാണ്' (ബുഖാരി).   അല്ലാഹുവിന്റെ സത്യസന്ദേശവുമായി രംഗപ്രവേശം ചെയ്ത മുഹമ്മദ്‌ നബി (സ)യ്ക്ക് ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത് അതിനാലാണ്. ഈസാനബിയുടെ ചരിത്രം നമുക്കറിയാവുന്നതാണല്ലോ. തന്റെ കൂട്ടത്തിലെ കപടവിശ്വാസികളുടെ ചതിപ്രയോഗത്താല്‍ കുരിശാരോഹണഭീഷണിനേരിടേണ്ടിവന്ന അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. അയ്യൂബ് നബി ഏറെനാള്‍ രോഗത്താല്‍ കഷ്ടപ്പെട്ടുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. പ്രവാചകശ്രേഷ്ഠരൊന്നും തന്നെ സുഖലോലുപജീവിതം നയിച്ചവരായിരുന്നില്ല. അല്ലാഹു അവരെ അത്യധികം സ്‌നേഹിച്ചതുകൊണ്ട് അവരെല്ലാം ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

 പരീക്ഷണങ്ങള്‍ ഒരുവേള പാപപരിഹാരാര്‍ഥം വരുന്നതാകാം. അതിലൂടെ പശ്ചാതാപബോധം ജനിപ്പിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിക്കാന്‍ വിശ്വാസിയെ അത് പ്രാപ്തനാക്കുന്നു. ഈ കാഴ്ചപ്പാടിലാണ് നബിതിരുമേനി (സ) പറഞ്ഞത്. 'ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടു മാത്രമാണ്' (ബുഖാരി). മറ്റൊരിക്കല്‍ നബി തിരുമേനി ഇപ്രകാരം അരുളി:'മരത്തില്‍നിന്ന് ഇല പൊഴിയുംപോലെ കുറ്റകൃത്യങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ യാതൊരുക്ലേശവും മുസ്‌ലിം അനുഭവിക്കുന്നില്ല.' തനിക്ക് ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടിവന്നാല്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുന്നുവെന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. അതുവരെ താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദുര്‍മാര്‍ഗം കൈവിട്ട് അവന്‍ നമസ്‌കാരവും പ്രാര്‍ഥനകളുമായി അല്ലാഹുവിങ്കലേക്ക് ഓടിയെത്തുന്നു. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളില്‍പെട്ട് ഉഴലുന്ന അധികമാളുകളും പിന്നീട് അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാന്‍ അതോടെ ദൃഢനിശ്ചയംചെയ്യുന്നു. അത് അയാള്‍ക്ക് അനുഗ്രഹമായിത്തീരുന്നു അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ.

by കെ എം ഫൈസി തരിയോട് @ ഫേസ്ബുക്ക്