വയറാകുന്ന പാത്രം നിറക്കാതിരിക്കുക

പരവാവധി കുറ്റമറ്റൊരു ജീവിതം നയിക്കാൻ നിർദേശിക്കപ്പെട്ടവരാണ് വിശ്വാസികൾ. വിശ്വാസത്തിനൊത്ത്‌ ജീവിതം ക്രമീകരിക്കാൻ നമുക്ക്‌ കഴിയണം. ജീവിതരീതികൾ വിശ്വാസത്തിന്റെ വിശദീകരണമാവണം. വിശ്വാസത്താൽ ഒരാശ്വാസം അനുഭവപ്പെടണം. അങ്ങനെ വിശ്വാസം ഒരനുഭവമായി മാറി അതിന്റെ പൂർണ്ണത നാളെ പരലോകത്ത്‌ ആസ്വദിക്കത്തക്കതാവണം.

മിഖ്‌ദാദുബ്നു മഅ്‌ദീകരിബ്‌ (റ)ൽ നിന്ന് നിവേദനം : റസൂൽ (സ) പറഞ്ഞു : "തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടേയില്ല" [തുർമുദി]. ഈ  തിരുവചനം വിശ്വാസിയോട്‌ ഒരു ജീവിതക്രമം ആവശ്യപ്പെടുകയാണ്. അത്‌ തന്നിൽ നിന്നാവണം എന്നതാണതിന്റെ തേട്ടം. തന്റെ വയർ ഒരു മോശമായ പാത്രമല്ല. എന്നാലത്‌ നിറയുമ്പോൾ തന്റെ കയ്യാൽ നിറക്കപ്പെട്ട മോശമായ പാത്രം അതായിത്തീരുന്നു. എങ്കിലത്‌ നിറയാതെ കാത്തുസൂക്ഷിക്കപ്പെടണം. ഇതാണാ ക്രമീകരണം. വയറുനിറയെ ഭക്ഷണം കഴിക്കൽ ഒരു മനുഷ്യന് ചേർന്നതല്ല എന്നാണ് പ്രവാചകൻ (സ) പറയുന്നത്‌. എങ്കിലത്‌ ഒരു വിശ്വാസിക്ക്‌ തീരെ ചേർന്നതല്ലല്ലോ?

ഒരിക്കൽ പ്രവാചകന്നരികിൽ വെച്ച്‌ അബൂജുഹൈഫ വയറുനിറഞ്ഞ്‌ തികട്ടി ഏമ്പക്കമിട്ടപ്പോൾ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞു : "ഞാൻ വയറുനിറച്ചിട്ട്‌ മുപ്പത്‌ വർഷത്തോളമായി" [ത്വബ്‌റാനി] മറ്റൊരു പ്രവാചക വചനം ഇങ്ങനെ : "ഈ ലോകത്ത്‌ വയറുനിറയെ ആഹരിക്കുന്നവൻ നാളെ പരലോകത്ത്‌ വിശക്കുന്നവരോടൊപ്പമാണ്. പരലോകത്ത്‌ കൊതിയന്മാരും അതികായന്മാരും ഭീമാകാരന്മാരും വരും. ഒരീച്ചച്ചിറകിന്റെ ഘനം പോലും അവർക്ക്‌ അല്ലാഹുവിന്നരികിൽ ലഭ്യമല്ല" [അൽ ബസ്സാർ, ബൈഹഖി] മറ്റൊരവസരത്തിൽ ഒരു കുടവയറനെ നബി (സ) കാണാനിടയായി. അപ്പോൾ അയാളുടെ വയറു ചൂണ്ടിക്കൊണ്ട്‌ പ്രവാചകൻ (സ) പറഞ്ഞു : "ഇത്‌ മറ്റുവല്ലതുമായിരുന്നെങ്കിൽ നിനക്ക്‌ ഗുണകരമായേനെ" [ത്വബ്‌റാനി] "ആഗ്രഹിച്ചതെല്ലാം ആഹരിക്കൽ ആഢംബരത്തിൽ പെട്ടതാകുന്നു" എന്ന നബിവചനവും  ഇവിടെ നാം ഓർക്കേണ്ടതാകുന്നു.

ആവർത്തിച്ചു ഭക്ഷണം കഴിച്ച പത്നി ആയിശ (റ)യോട്‌ നബി (സ) ഒരിക്കൽ ചോദിച്ചത്‌ ഇപ്രകാരമായിരുന്നു : "ഓ ആയിശാ, വയറിന്റേതല്ലാത്ത മറ്റു കാര്യങ്ങളിൽ വ്യാപൃതയാവുന്നത്‌ നിനക്കിഷ്ടമല്ലേ?" നബി (സ) പറഞ്ഞു : "നിങ്ങൾ ആഹരിക്കുക, പാനം ചെയ്യുക, വസ്ത്രം ധരിക്കുക പക്ഷേ അതിരുകവിഞ്ഞോ അഹങ്കരിച്ചോ ആവരുത്‌ " [ത്വബ്‌റാനി] ഒരു സത്യനിഷേധി ഒരു രാത്രി നബി (സ) യുടെ അഥിതിയായെത്തി. നബി അദ്ദേഹത്തിന്ന് ഒരാടിനെ കറന്ന് പാൽ നൽകി. മതിവരാതെ വന്നപ്പോൾ മറ്റൊന്നിനെക്കൂടി കറന്നു നൽകി. വീണ്ടും മറ്റൊന്നു കറന്നു. അങ്ങനെ ഏഴാടു വരെ കറന്നെടുത്തു നൽകി. പ്രഭാതമായപ്പോൾ അയാൾ അല്ലാഹുവിലും പ്രവാചകനിലും വിശ്വാസമർപ്പിച്ചു മുസ്‌ലിമായി. ശേഷം അദ്ദേഹത്തിനു ഒരാടിനെ കറന്നു പാൽ നൽകാൻ നബി നിർദേശിച്ചു. അതു നൽകി മറ്റൊന്നു കൂടി കറന്നു. പക്ഷേ അത്‌ പൂർത്തീകരിക്കാൻ അനുവദിച്ചില്ല. എന്നിട്ട്‌ റസൂൽ (സ) ഇങ്ങനെ പറഞ്ഞു : "ഒരു സത്യവിശ്വാസി ഒരു കുടലിലേ കുടിക്കൂ. സത്യനിഷേധി ഏഴു കുടലിലും കുടിക്കും " [മുസ്‌ലിം]

സഹോദരങ്ങളേ, ഇവിടെ നാം കാണുന്നതെന്താണ്? വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യക്തമായ മാറ്റമാണിത്‌. വിശ്വാസം പകർന്നു നൽകുന്ന ജീവിതക്രമീകരണമാണിത്‌. ഈ അന്തരമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അന്തരം നഷ്ടപ്പെടുമ്പോൾ അകലം കുറയും. നാം സത്യനിഷേധത്തോടടുക്കുകയാണോ? അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

"അല്ലാഹുവേ, നീ ഞങ്ങളെ നേർവഴിയിൽ നടത്തേണമേ, നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. നിന്റെ കോപത്തിനു ഇരയായവരുടേയും നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടേയുമല്ലാത്ത വഴിയിൽ" ആമീൻ

by സഈദ്‌ ഫാറൂഖി @ ഹദീസ്‌ ചിന്തകൾ (യുവത)