പുകയിലയുടെ ഇസ്‌ലാമിക സമീപനം

ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി. പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

 1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

 2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (17 ഇസ്‌റാഅ്‌ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു: ``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

 3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

 4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

 ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല. പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

By സി അനീസുര്‍റഹ്‌മാന്‍ @ ശബാബ് വാരിക 


ദുശ്ശീലങ്ങൾക്ക്‌ വിട

മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയരാക്കേണ്ടവരാണ് നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവർ. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ് മനസ്സിനുള്ളത്‌. നന്മയേക്കാൾ തിന്മയിലേക്കാണ് അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മനസ്സെന്ന് വിശുദ്ധ ഖുർആൻ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകർഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകൾ കൊണ്ടും മാത്രമേ രക്ഷപ്പെടാൻ സാധിക്കൂ. ശീലങ്ങളിലേക്കാണ് മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ നയിക്കുന്ന മനസ്സിനെ നല്ല ശീലങ്ങളിൽ ഉറപ്പിക്കണമെങ്കിൽ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതിൽ നിന്ന് പിന്മാറ്റുന്ന റസൂൽ (സ)യുടെ രീതി നോക്കൂ :

 " ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തിൽ നീ ഇഷ്ടപ്പെടുമോ? " 
" റസൂലേ ആരുമത്‌ ഇഷ്ടപ്പെടില്ല " 
" നിന്റെ മകളുടെ കാര്യത്തിലോ " 
" റസൂലേ അതാരും ഇഷ്ടപ്പെടില്ല " 
" നിന്റെ സഹോദരിയുടെ കാര്യത്തിലോ " 
" ആരുമത്‌ ഇഷ്ടപ്പെടില്ല റസൂലേ " 
" പിതൃ സഹോദരിയാണെങ്കിലോ? " 
" അതും ആരും ഇഷ്ടപ്പെടില്ല " 
" മാതൃസഹോദരിയാണെങ്കിലോ? " 
" അല്ലാഹുവാണെ സത്യം, ആരുമത്‌ ഇഷ്ടപ്പെടില്ല " 

 ഇത്രയുമായപ്പോൾ ആ യുവാവിന്റെ ശിരസ്സിൽ കൈ വെച്ച്‌ റസൂൽ (സ) ഇങ്ങനെ പ്രാർഥിച്ചു : "അല്ലാഹുവേ ഈ യുവാവിന്റെ തെറ്റുകൾ നീ പൊറുത്തുകൊടുക്കേണമേ, ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കേണമേ, രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തുസൂക്ഷിക്കേണമേ " [ഇബ്നു കസീർ :38]

 തിരുനബി (സ) ചോദിച്ച ചോദ്യങ്ങൾ അയാൾ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകർഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം. " എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിർത്താൻ കഴിയുന്നില്ല "എന്ന് സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ള്‌ കുടിച്ചിരുന്നവർ അഞ്ചുനേരം നമസ്കരിക്കുന്നവരായി മാറിയ ചരിത്രമറിയുന്ന നമ്മൾ ഇങ്ങനെ പറയുന്നതിന്റെ അർഥമെന്താണ്? "അതിനെ സംസ്കരിച്ചവർ വിജയിച്ചു" [9:16] എന്നാണ് മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണർത്തുന്നത്‌. സംസ്കരണം കറ കളയലാണ്. അഴുക്കുകളിൽ നിന്നെല്ലാമുള്ള ശുദ്ധീകരണം. സ്വർഗ്ഗാവകാശികളുടെ സദ്ഗുണങ്ങൾ വിശദീകരിക്കുമ്പോൾ അല്ലാഹു പറയുന്നു : "ചെയ്തുപോയ ദുശ്പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ " (3:135) ദുശ്പ്രവൃത്തികളിൽ ഉറച്ചുനിൽക്കലാണ് ദുശ്ശീലം. ദുശ്ശീലങ്ങളിൽ നിന്നകലുന്നതും സുശീലങ്ങൾ തുടരുന്നതും അല്ലാഹു എന്ന ഓർമ്മയാൽ ആകണമെന്നാണ് ആയത്തിന്റെ ആശയം.

 'ഗോവർധന്റെ യാത്രകൾ' എന്ന നോവലിൽ രണ്ട്‌ അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനൻ അവരെ മോചിപ്പിച്ചപ്പോൾ അവർക്ക്‌ ജീവിക്കാൻ കഴിയുന്നില്ല. അടിമകളായേ അവർ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവിൽ വീണ്ടും അവർ അടിമകളായിത്തീർന്നു! ശീലങ്ങൾക്ക്‌ അടിമകളാകുന്നവർക്ക്‌ അവ അനിവാര്യമായിത്തീരുന്നതാണ്. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോൾ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവർത്തിക്കുമ്പോൾ കുറ്റബോധം കുറഞ്ഞുവരുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെപ്പറ്റി ഖുർആൻ (75:2) പറയുന്നുണ്ടല്ലോ. കുറ്റബോധമില്ലാതാവുമ്പോൾ പാപങ്ങൾ പെരുകും. തിരുനബി (സ) പറഞ്ഞതുപോലെ ഹൃദയത്തിൽ കറുത്ത അടയാളങ്ങൾ കനം വെക്കും. വലിയ തോട്ടങ്ങൾ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്. വമ്പൻ വീടുകളെപ്പോലും കേടുവരുത്താൻ ഇത്തിരിപ്പോന്ന ചിതലുകൾക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചു തള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ? ഓർത്തുനോക്കൂ!

 By പി എം എ ഗഫൂർ @‌ വിശ്വാസി ഓർമ്മിക്കേണ്ടത്‌ ഭാഗം 4 (യുവത)

ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌

"ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌". [അദ്ധ്യായം 6 അൻആം 151]

ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌. മനുഷ്യവധം തന്നെ ഒരു മഹാപാപം. അതു സ്വന്തം മക്കളെയാകുമ്പോൾ അതിന്റെ ക്രൂരത കൂടുതലാവുന്നു. അത്‌ ദാരിദ്ര്യഭയം നിമിത്തം കൂടിയാകുമ്പോഴോ?! സകല ജീവികൾക്കും ആഹാരം നൽകുന്നതാണെന്ന് അല്ലാഹു ഏറ്റിട്ടുള്ള ബാധ്യത അവൻ നിർവ്വഹിക്കുമെന്നതിലുള്ള വിശ്വാസക്കുറവ്‌, ആഹാരകാര്യങ്ങളുടെ നിയന്ത്രണമെല്ലാം തന്റെ കൈക്കു മാത്രമാണ് നടക്കുന്നതെന്ന മിഥ്യാബോധം, അല്ലാഹു നൽകുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുവാൻ തയ്യാറില്ലായ്മ, സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടെങ്കിലും സ്വന്തം ജീവിതം സുഖകരമാക്കണമെന്നുള്ള ദുർമ്മോഹം ഇതൊക്കെയാണ് ഇതിന്റെ പിന്നിലുള്ള പ്രേരണകൾ. വാസ്തവത്തിൽ ആ വധിക്കപ്പെടുന്ന മക്കൾക്ക്‌ മാത്രമല്ല ആ ക്രൂരകൃത്യം ചെയ്യുന്ന മാതാപിതാക്കൾക്കു തന്നെയും ആഹാരം നൽകുന്നത്‌ അല്ലാഹുവാകുന്നു. ഒരുപക്ഷേ, ആ വധിക്കപ്പെട്ട കുട്ടി ജീവിച്ചിരുന്നെങ്കിലായിരിക്കും അവരുടെ ജീവിതം കൂടുതൽ ധന്യമായിത്തീരുക. നേരെമറിച്ച്‌ ആ കുട്ടിയെ വധിച്ചതിനു ശേഷം ദാരിദ്ര്യം കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്‌. ഇതൊക്കെയാണ് 'നാമത്രെ നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത്‌ ' എന്ന ആയത്തിന്റെ സൂചനകൾ.

 ഇബ്നു മസ്‌ഊദ്‌ (റ) പറയുന്നു : പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : "നിന്നെ സൃഷ്ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന്നു സമന്മാരെ ഏർപ്പെടുത്തലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ്" . പിന്നീടു നബി (സ) സൂറത്തു ഫുർഖാനിലെ 68ആം വചനം "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും" ഓതി. [ബുഖാരി,മുസ്‌ലിം]

By മുഹമ്മദ്‌ അമാനി മൗലവി @ ഖുർആൻ വിവരണം 

എല്ലാ ക്ഷണവും സ്വീകരിക്കേണ്ടതുണ്ടോ?

ക്ഷണിക്കപ്പെടുന്ന കല്യാണങ്ങൾക്കും മറ്റു വിരുന്നുസൽക്കാരങ്ങൾക്കുമെല്ലാം പോകൽ നിർബന്ധമാണ് (ഫർൾ ഐൻ) എന്ന ഒരു മാനസിക നിലവാരത്തിലാണ് അധികമാളുകളും ഇന്നുള്ളത്‌. എന്നാൽ ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും പോകേണ്ടതുണ്ടോ? 'ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക' എന്ന വിശ്വാസികൾ തമ്മിലുള്ള ബാധ്യത വിവരിക്കുന്ന നബിവചനം ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും ബാധകമാണോ?

വീടുകളിലേക്ക്‌ അതിഥികളെ ക്ഷണിക്കുകയും അവർക്ക്‌ ഭക്ഷണം നൽകുകയും ചെയ്യുന്നത്‌ ഇസ്‌ലാമിൽ അനുവദനീയവും നല്ല കാര്യവുമാണ്. എന്നാൽ ഇന്ന് നടക്കുന്ന ഒട്ടുമിക്ക സൽക്കാര പരിപാടികളിൽ നടക്കുന്നതെന്താണ്? ഉദാഹരണത്തിന്ന് കല്യാണം തന്നെയെടുക്കാം. നമ്മുടെ നാട്ടിൽ നടക്കുന്ന കല്യാണങ്ങളധികവും ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയവയും അതിൽ പലതും ആ ഹറാമായ ധനം കൊണ്ടുതന്നെ നടത്തപ്പെടുന്നവയുമാണ്. ഇത്തരത്തിൽ പൊടിപൊടിച്ചു കൊണ്ട്‌ നടത്തപ്പെടുന്നവയുടെ ക്ഷണക്കത്തുകൾ, പന്തലുകൾ, ഭക്ഷണക്രമീകരണങ്ങൾ, മണിയറകൾ തുടങ്ങിയവയിലെല്ലാം പൊങ്ങച്ചത്തിന്റെയും ആർഭാടത്തിന്റേയും ധൂർത്തിന്റേയും നേർക്കാഴ്ചകൾ കാണുവാൻ സാധിക്കും. പോരാത്തതിന്ന് ഡാൻസും പാട്ടും കൂത്താട്ടവും വേറെയും. അതിൽ പങ്കെടുക്കുന്ന അതിഥികളെയാണെങ്കിൽ മാന്യമായി ക്ഷണിക്കാതെ ക്യൂനിർത്തി ഭക്ഷണകൗണ്ടറുകളിലേക്ക്‌ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്‌. അവസാനം വരന്റെ കൂട്ടുകാരുടെ വക പോക്രിത്തരങ്ങൾ വേറേയും!

ഇത്തരത്തിൽ ദിവസങ്ങളോളം നടത്തപ്പെടുന്ന ആഘോഷങ്ങൾക്ക്‌ നബി (സ)യുടേയോ സഹാബികളുടേയോ മാതൃക ചരിത്രത്തിലെവിടേയും കാണാൻ സാധിക്കില്ല. അനുവദനീയതയുടെ മറവിൽ ഹലാലും ഹറാമും കൂട്ടിക്കലർത്തി നടത്തപ്പെടുത്ത ഇത്തരം പരിപാടികൾക്ക്‌ പോകാതിരിക്കുകയാവും പുണ്യം എന്ന് മനസ്സിലാക്കാൻ ശരാശരി മതബോധമുള്ള ഏവർക്കും സാധിക്കും. അതിനാൽ ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന് നാലുവട്ടം ആലോചിച്ച്‌ തീരുമാനിക്കുന്നതായിരിക്കും സത്യവിശ്വാസികൾക്ക്‌ നല്ലത്‌. കൂടാതെ ഇസ്‌ലാമിക മൂല്യങ്ങളിൽ നിന്നുകൊണ്ട്‌ ലളിതമായി നടത്തപ്പെടുന്ന ഏറ്റവും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയൽവാസികളുടേയും ക്ഷണങ്ങൾക്ക്‌ മുഖ്യ പരിഗണന നൽകുക എന്ന സംസ്കാരം തീർച്ചയായും വളർത്തിക്കൊണ്ടു വരേണ്ടതുമുണ്ട്‌.

കടപ്പാട്‌ : ശംസുദ്ദീൻ പാലക്കോട്‌, ശബാബ് വാരിക 

Popular ISLAHI Topics

ISLAHI visitors