എല്ലാ ക്ഷണവും സ്വീകരിക്കേണ്ടതുണ്ടോ?

ക്ഷണിക്കപ്പെടുന്ന കല്യാണങ്ങൾക്കും മറ്റു വിരുന്നുസൽക്കാരങ്ങൾക്കുമെല്ലാം പോകൽ നിർബന്ധമാണ് (ഫർൾ ഐൻ) എന്ന ഒരു മാനസിക നിലവാരത്തിലാണ് അധികമാളുകളും ഇന്നുള്ളത്‌. എന്നാൽ ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും പോകേണ്ടതുണ്ടോ? 'ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക' എന്ന വിശ്വാസികൾ തമ്മിലുള്ള ബാധ്യത വിവരിക്കുന്ന നബിവചനം ക്ഷണിക്കപ്പെടുന്ന എല്ലാത്തിനും ബാധകമാണോ?

വീടുകളിലേക്ക്‌ അതിഥികളെ ക്ഷണിക്കുകയും അവർക്ക്‌ ഭക്ഷണം നൽകുകയും ചെയ്യുന്നത്‌ ഇസ്‌ലാമിൽ അനുവദനീയവും നല്ല കാര്യവുമാണ്. എന്നാൽ ഇന്ന് നടക്കുന്ന ഒട്ടുമിക്ക സൽക്കാര പരിപാടികളിൽ നടക്കുന്നതെന്താണ്? ഉദാഹരണത്തിന്ന് കല്യാണം തന്നെയെടുക്കാം. നമ്മുടെ നാട്ടിൽ നടക്കുന്ന കല്യാണങ്ങളധികവും ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയവയും അതിൽ പലതും ആ ഹറാമായ ധനം കൊണ്ടുതന്നെ നടത്തപ്പെടുന്നവയുമാണ്. ഇത്തരത്തിൽ പൊടിപൊടിച്ചു കൊണ്ട്‌ നടത്തപ്പെടുന്നവയുടെ ക്ഷണക്കത്തുകൾ, പന്തലുകൾ, ഭക്ഷണക്രമീകരണങ്ങൾ, മണിയറകൾ തുടങ്ങിയവയിലെല്ലാം പൊങ്ങച്ചത്തിന്റെയും ആർഭാടത്തിന്റേയും ധൂർത്തിന്റേയും നേർക്കാഴ്ചകൾ കാണുവാൻ സാധിക്കും. പോരാത്തതിന്ന് ഡാൻസും പാട്ടും കൂത്താട്ടവും വേറെയും. അതിൽ പങ്കെടുക്കുന്ന അതിഥികളെയാണെങ്കിൽ മാന്യമായി ക്ഷണിക്കാതെ ക്യൂനിർത്തി ഭക്ഷണകൗണ്ടറുകളിലേക്ക്‌ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്‌. അവസാനം വരന്റെ കൂട്ടുകാരുടെ വക പോക്രിത്തരങ്ങൾ വേറേയും!

ഇത്തരത്തിൽ ദിവസങ്ങളോളം നടത്തപ്പെടുന്ന ആഘോഷങ്ങൾക്ക്‌ നബി (സ)യുടേയോ സഹാബികളുടേയോ മാതൃക ചരിത്രത്തിലെവിടേയും കാണാൻ സാധിക്കില്ല. അനുവദനീയതയുടെ മറവിൽ ഹലാലും ഹറാമും കൂട്ടിക്കലർത്തി നടത്തപ്പെടുത്ത ഇത്തരം പരിപാടികൾക്ക്‌ പോകാതിരിക്കുകയാവും പുണ്യം എന്ന് മനസ്സിലാക്കാൻ ശരാശരി മതബോധമുള്ള ഏവർക്കും സാധിക്കും. അതിനാൽ ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന് നാലുവട്ടം ആലോചിച്ച്‌ തീരുമാനിക്കുന്നതായിരിക്കും സത്യവിശ്വാസികൾക്ക്‌ നല്ലത്‌. കൂടാതെ ഇസ്‌ലാമിക മൂല്യങ്ങളിൽ നിന്നുകൊണ്ട്‌ ലളിതമായി നടത്തപ്പെടുന്ന ഏറ്റവും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയൽവാസികളുടേയും ക്ഷണങ്ങൾക്ക്‌ മുഖ്യ പരിഗണന നൽകുക എന്ന സംസ്കാരം തീർച്ചയായും വളർത്തിക്കൊണ്ടു വരേണ്ടതുമുണ്ട്‌.

കടപ്പാട്‌ : ശംസുദ്ദീൻ പാലക്കോട്‌, ശബാബ് വാരിക