ദുശ്ശീലങ്ങൾക്ക്‌ വിട

മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയരാക്കേണ്ടവരാണ് നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവർ. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ് മനസ്സിനുള്ളത്‌. നന്മയേക്കാൾ തിന്മയിലേക്കാണ് അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മനസ്സെന്ന് വിശുദ്ധ ഖുർആൻ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകർഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകൾ കൊണ്ടും മാത്രമേ രക്ഷപ്പെടാൻ സാധിക്കൂ. ശീലങ്ങളിലേക്കാണ് മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ നയിക്കുന്ന മനസ്സിനെ നല്ല ശീലങ്ങളിൽ ഉറപ്പിക്കണമെങ്കിൽ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതിൽ നിന്ന് പിന്മാറ്റുന്ന റസൂൽ (സ)യുടെ രീതി നോക്കൂ :

 " ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തിൽ നീ ഇഷ്ടപ്പെടുമോ? " 
" റസൂലേ ആരുമത്‌ ഇഷ്ടപ്പെടില്ല " 
" നിന്റെ മകളുടെ കാര്യത്തിലോ " 
" റസൂലേ അതാരും ഇഷ്ടപ്പെടില്ല " 
" നിന്റെ സഹോദരിയുടെ കാര്യത്തിലോ " 
" ആരുമത്‌ ഇഷ്ടപ്പെടില്ല റസൂലേ " 
" പിതൃ സഹോദരിയാണെങ്കിലോ? " 
" അതും ആരും ഇഷ്ടപ്പെടില്ല " 
" മാതൃസഹോദരിയാണെങ്കിലോ? " 
" അല്ലാഹുവാണെ സത്യം, ആരുമത്‌ ഇഷ്ടപ്പെടില്ല " 

 ഇത്രയുമായപ്പോൾ ആ യുവാവിന്റെ ശിരസ്സിൽ കൈ വെച്ച്‌ റസൂൽ (സ) ഇങ്ങനെ പ്രാർഥിച്ചു : "അല്ലാഹുവേ ഈ യുവാവിന്റെ തെറ്റുകൾ നീ പൊറുത്തുകൊടുക്കേണമേ, ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കേണമേ, രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തുസൂക്ഷിക്കേണമേ " [ഇബ്നു കസീർ :38]

 തിരുനബി (സ) ചോദിച്ച ചോദ്യങ്ങൾ അയാൾ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകർഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം. " എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിർത്താൻ കഴിയുന്നില്ല "എന്ന് സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ള്‌ കുടിച്ചിരുന്നവർ അഞ്ചുനേരം നമസ്കരിക്കുന്നവരായി മാറിയ ചരിത്രമറിയുന്ന നമ്മൾ ഇങ്ങനെ പറയുന്നതിന്റെ അർഥമെന്താണ്? "അതിനെ സംസ്കരിച്ചവർ വിജയിച്ചു" [9:16] എന്നാണ് മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണർത്തുന്നത്‌. സംസ്കരണം കറ കളയലാണ്. അഴുക്കുകളിൽ നിന്നെല്ലാമുള്ള ശുദ്ധീകരണം. സ്വർഗ്ഗാവകാശികളുടെ സദ്ഗുണങ്ങൾ വിശദീകരിക്കുമ്പോൾ അല്ലാഹു പറയുന്നു : "ചെയ്തുപോയ ദുശ്പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ " (3:135) ദുശ്പ്രവൃത്തികളിൽ ഉറച്ചുനിൽക്കലാണ് ദുശ്ശീലം. ദുശ്ശീലങ്ങളിൽ നിന്നകലുന്നതും സുശീലങ്ങൾ തുടരുന്നതും അല്ലാഹു എന്ന ഓർമ്മയാൽ ആകണമെന്നാണ് ആയത്തിന്റെ ആശയം.

 'ഗോവർധന്റെ യാത്രകൾ' എന്ന നോവലിൽ രണ്ട്‌ അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനൻ അവരെ മോചിപ്പിച്ചപ്പോൾ അവർക്ക്‌ ജീവിക്കാൻ കഴിയുന്നില്ല. അടിമകളായേ അവർ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവിൽ വീണ്ടും അവർ അടിമകളായിത്തീർന്നു! ശീലങ്ങൾക്ക്‌ അടിമകളാകുന്നവർക്ക്‌ അവ അനിവാര്യമായിത്തീരുന്നതാണ്. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോൾ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവർത്തിക്കുമ്പോൾ കുറ്റബോധം കുറഞ്ഞുവരുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെപ്പറ്റി ഖുർആൻ (75:2) പറയുന്നുണ്ടല്ലോ. കുറ്റബോധമില്ലാതാവുമ്പോൾ പാപങ്ങൾ പെരുകും. തിരുനബി (സ) പറഞ്ഞതുപോലെ ഹൃദയത്തിൽ കറുത്ത അടയാളങ്ങൾ കനം വെക്കും. വലിയ തോട്ടങ്ങൾ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്. വമ്പൻ വീടുകളെപ്പോലും കേടുവരുത്താൻ ഇത്തിരിപ്പോന്ന ചിതലുകൾക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചു തള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ? ഓർത്തുനോക്കൂ!

 By പി എം എ ഗഫൂർ @‌ വിശ്വാസി ഓർമ്മിക്കേണ്ടത്‌ ഭാഗം 4 (യുവത)