റമദാൻ : സാമൂഹിക സുരക്ഷയുടെ സന്ദേശം

വ്രതാനുഷ്‌ഠാനം വിശ്വാസികൾക്ക് ഒരു ശുദ്ധീകരണകാലമാണ്. ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുവാനുള്ള ശക്‌തി നൽകുന്ന ഊർജസ്രോതസ്സാണു നോമ്പുകാലം. വിശുദ്ധ റമസാൻ മാസത്തെ വരവേൽക്കുന്ന മുസ്‌ലിംസമൂഹം അത്തരത്തിലുള്ള ഒരു പരിവർത്തനത്തിനു തയാറാവുകയാണ്. വ്രതത്തിന്റെ ശക്‌തിയും സ്വാധീനവും സർവാംഗീകൃതമാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതവിഭാഗങ്ങളിലും വ്രതം നിയമമാക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുമതത്തിലും ക്രിസ്‌തുമതത്തിലും ജൂതമതത്തിലുമെല്ലാം പലതരത്തിലുള്ള നോമ്പുകളുണ്ട്. ഏകാദശിയും ഈസ്‌റ്ററും മറ്റു വ്രതങ്ങളും മനുഷ്യരുടെ സാധാരണ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്ന ആരാധനകളാണ്. എല്ലാ വേദഗ്രന്ഥങ്ങളിലും നിർബന്ധമായും ഐച്‌ഛികമായുമുള്ള ഒട്ടേറെ നോമ്പുകളുണ്ട്. വ്രതശുദ്ധിയെന്ന പ്രയോഗംതന്നെ നോമ്പിന്റെ സദ്‌ഫലങ്ങളെ സൂചിപ്പിക്കുന്നു. തോറയിലും ബൈബിളിലും ഗീതയിലും ഉപവാസാനുഷ്‌ഠാനത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ഖുർആനിൽ ഇക്കാര്യം പുനഃപ്രഖ്യാപനം നടത്തുന്നുണ്ട്: "സത്യവിശ്വാസികളേ! നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതം നിയമമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതം നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മശാലികളായി ജീവിക്കാൻ." (വിശുദ്ധ ഖുർആൻ 2:183). 

വ്രതകാലം പലർക്കും വെറും പട്ടിണിയുടെ കാലമാണ്. ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള പട്ടിണികിടക്കൽ കൊണ്ടു യാതൊരു ഫലവുമില്ലെന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. നല്ല സംസാരം, നല്ല പെരുമാറ്റം, ഉദാരത, സൗമ്യത, വിട്ടുവീഴ്‌ച, ഭക്‌തി തുടങ്ങിയവയാണു നോമ്പിന്റെ പാർശ്വഫലങ്ങളായുണ്ടാവേണ്ട സദ്‌ഗുണങ്ങൾ. വ്രതമെടുത്ത മനുഷ്യനെ ആരെങ്കിലും ചീത്തവിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്നു മാത്രം പ്രതികരിച്ചാൽ മതിയെന്നും നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. വ്രതത്തിന് അറബി ഭാഷയിൽ ‘സൗം’ എന്നാണു പറയുക. സൗം എന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായ അടക്കവും ഒതുക്കവും ശീലമാക്കാൻ നോമ്പുകൊണ്ടു സാധിക്കണമെന്നർഥം. പകരത്തിനു പകരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം വ്രതത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കണം.

നബി പൊതുവേ ഉദാരനായിരുന്നു. റമസാനിൽ അദ്ദേഹത്തിന്റെ ഔദാര്യം അടിച്ചുവീശുന്ന കാറ്റുപോലെ വ്യാപകമായിരുന്നുവെന്ന് സഹാബികൾ (അനുചരന്മാർ) പറയുന്നു. ദരിദ്രരോടും കഷ്‌ടപ്പെടുന്നവരോടും ആർദ്രത കാണിക്കാൻ റമസാനിൽ പ്രചോദനമുണ്ടാകുന്നത് നോമ്പെടുത്തവൻ വിശപ്പ് അനുഭവിച്ചറിയുന്നതുകൊണ്ടാണ്. പകലന്തിയോളം വിശപ്പും ദാഹവും സഹിക്കുന്ന പണക്കാരന് പാവങ്ങളുടെ വിശപ്പിന്റെ കാഠിന്യം പിന്നീടു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ അയാൾക്കു നോമ്പെടുത്ത പ്രതിഫലം ലഭിക്കുമെന്നാണു പ്രമാണം. റമസാനിന്റെ പരിസമാപ്‌തിയായെത്തുന്ന പെരുന്നാൾ സുദിനത്തിൽ ആരും പട്ടിണികിടക്കാതിരിക്കാനാണ് ഫിത്‌ർ സകാത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. വെറുമൊരു അനുഷ്‌ഠാനമെന്നതിനപ്പുറം വ്യവസ്‌ഥാപിതമായ ഒരു സാമൂഹിക സുരക്ഷാ സംവിധാനംകൂടിയാണു റമദാൻ വ്രതം. ജീവിതശൈലിയിൽ വന്ന മാറ്റംമൂലം കഷ്‌ടപ്പെടുന്നവരാണു കൂടുതൽപേരും.

അമിതാഹാരംകൊണ്ടുണ്ടാവുന്ന രോഗങ്ങൾക്ക് ഏറെ ഫലപ്രദമായ ചികിൽസയാണ് ഉപവാസം. ഉപവാസംമൂലം ശരീരത്തിന്റെ ആന്തരാവയവങ്ങൾക്കു വേണ്ടത്ര വിശ്രമവും ലഭിക്കും. ഏതൊരു യന്ത്രവും ദീർഘകാലം നിർത്താതെ പ്രവർത്തിപ്പിച്ചാൽ അതു പെട്ടെന്നു കേടുവരുമല്ലോ. അതുപോലെതന്നെയാണു മനുഷ്യശരീരവും. ശരീരത്തിനു വിശ്രമം നൽകാൻ ഉപവാസം ഏറെ നല്ലതാണ്. പക്ഷേ, പകൽ മുഴുവൻ പട്ടിണികിടക്കുകയും രാത്രി മുഴുവൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഏറെയും. അശാസ്‌ത്രീയവും അനാരോഗ്യകരവും അനവസരത്തിലുള്ളതുമായ ഈ ഭക്ഷണരീതി വ്രതകാലത്തു ശരിയല്ല. നബി തിരുമേനി അൽപം ഈത്തപ്പഴവും പച്ചവെള്ളവുമായിരുന്നു നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും കഴിച്ചിരുന്നത്. രാത്രി നമസ്‌കാരങ്ങളിലും ഇഅ്‌തികാഫിനും ഖുർആൻ പാരായണത്തിനുമെല്ലാം അലസത വരാതിരിക്കാനും വ്രതകാലത്തു ലഘുഭക്ഷണം ശീലമാക്കുന്നതാണു നല്ലത്. മനുഷ്യസമൂഹത്തിനു മുഴുവൻ മാർഗദർശനമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഖുർആനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുവാൻ വിശ്വാസികൾക്കു ബാധ്യതയുണ്ട്.

by ഹുസൈൻ മടവൂർ @ മലയാള മനോരമ 

പാപമോചനത്തിന്റെ ഫലങ്ങള്‍

പാപം ചെയ്‌ത മനുഷ്യന്‍, പശ്ചാത്തപിച്ച്‌ അല്ലാഹുവിലേക്ക്‌ മടങ്ങുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം തന്റെ ദാസന്റെ മേല്‍ അനുഗ്രഹങ്ങളായി വര്‍ഷിക്കുന്നവനാണ്‌ കാരുണ്യവാനായ നാഥന്‍. പാപമോചനത്തിലേക്ക്‌ മനുഷ്യനെ ക്ഷണിക്കുന്ന മിക്ക വചനങ്ങളിലും അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. ജീവിതവിജയത്തിന്റെ നിദാനമായി പാപമോചനത്തെ അവതരിപ്പിക്കുന്ന ഇസ്‌ലാം (ഖുര്‍ആന്‍ 24:31) പാപമോചനത്തിന്റെ നിസ്‌തുലമായ ശ്രേഷ്‌ടതകളെ വിശ്വാസികളെ ബോധിപ്പിക്കുന്നു.

1) ശിക്ഷയില്‍ നിന്ന്‌ നിര്‍ഭയത്വം: "താങ്കള്‍ അവരിലുണ്ടാകുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം നടത്തുന്നവരാകുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.'' (ഖുര്‍ആന്‍ 8:33). ഉപര്യുക്ത സൂക്തത്തില്‍ രണ്ടു കാര്യങ്ങളാണ്‌ ശിക്ഷയില്ലാതിരിക്കാന്‍ പറഞ്ഞത്‌. ഒന്ന്‌, പ്രവാചക തിരുമേനിയുടെ സാന്നിധ്യം (അത്‌ കഴിഞ്ഞുപോയി). രണ്ട്‌: ജനത പാപമോചനം നടത്തുന്നവരാകുക (അത്‌ ഖിയാമത്ത്‌ നാള്‍ വരെ നിലനില്‌ക്കുന്നതാണ്‌)

2) ദു:ഖങ്ങളകറ്റുന്നു: ഇബ്‌നു അബ്ബാസില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: "ആരെങ്കിലും പാപമോചനം പതിവാക്കിയാല്‍, അല്ലാഹു അവന്റെ എല്ലാ ദു:ഖങ്ങള്‍ക്കും വിടുതിനല്‍കുന്നു. അവന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നു. വിചാരിക്കാത്ത രീതിയില്‍ ഉപജീവനം നല്‌കുന്നു.'' (അബൂദാവൂദ്‌, ഇബ്‌നുമാജ, മുഹമ്മദ്‌ അഹ്‌മദ്‌). അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌ത പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന്‌ അറിഞ്ഞോ അറിയാതെയോ ചെയ്‌ത പാപങ്ങള്‍ക്കുവേണ്ടി നാഥനോട്‌ വിനീതമായി ഏറ്റുപറയാത്തത്‌ തന്നെയാണ്‌.

3) അല്ലാഹുവിന്റെ കാരുണ്യത്തിന്‌ വിധേയമാകും: പ്രത്യേകമായി ലഭിക്കുന്ന അല്ലാഹുവിന്റെ കാരുണ്യം പങ്കുവെക്കാന്‍ കഴിയാത്ത അനുഭൂതിയാണ്‌. കാരുണ്യം ഉഷ്‌ണമാര്‍ന്ന ജീവിതയാത്രയിലെ തണലും കുളിരുമാണ്‌. സ്വര്‍ഗപ്രവേശം പോലും അല്ലാഹുവിന്റെ കാരുണ്യത്തെ ആസ്‌പദമാക്കിയാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാലിഹ്‌ നബി(അ) തന്റെ ജനങ്ങളോട്‌ പറയുന്നു: ``എന്റെ ജനങ്ങളെ നിങ്ങളെന്തിനാണ്‌ നന്മക്ക്‌ മുമ്പായി തിന്മക്ക്‌ തിടുക്കം കാണിക്കുന്നത്‌. നിങ്ങള്‍ക്ക്‌ അല്ലാഹുവോട്‌ പാപമോചനം തേടിക്കൂടെ, എങ്കില്‍ നിങ്ങള്‍ക്ക്‌ കാരുണ്യം നല്‌കപ്പെട്ടേക്കാം.'' (ഖുര്‍ആന്‍ 27:46). ഒരുത്തന്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കില്‍ പാപമോചനമാണ്‌ അതിനുള്ള പരിഹാരം. ``ആരെങ്കിലും വല്ല തിന്മ ചെയ്യുകയോ സ്വന്തത്തോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌ത്‌ അല്ലാഹുവോട്‌ പാപമോചനം തേടിയാല്‍ ഏറെ പൊറുക്കുന്നവനും ഏറെ കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌.'' (ഖുര്‍ആന്‍ 4:110) 

4) ഐഹിക ജീവിതത്തിന്നാശ്വാസം: വിശ്വാസികള്‍ നിരന്തരം പാപമോചനം നടത്തിയാല്‍ ഐഹിക ജീവിതത്തിന്‌ ആശ്വാസം നല്‍കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു. ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുകയും ചെയ്യുക. നിര്‍ണിതമായ ഒരു പരിധിവരെ അവന്‍ നിങ്ങള്‍ക്ക്‌ സൗഖ്യമനുഭവിപ്പിക്കുകയും ഉദാരതയുള്ളവര്‍ക്ക്‌ തങ്ങളുടെ, ഉദാരതകള്‍ക്ക്‌ പ്രതിഫലം നല്‌കുകയും ചെയ്യുന്നതാണ്‌.'' (വി.ഖു 11:3)

5) വരള്‍ച്ചയില്‍ നിന്ന്‌ മോചനം: പാപമോചനം നടത്തുന്ന സമൂഹത്തില്‍ വരള്‍ച്ചയുണ്ടാകില്ലെന്നും സമുദായത്തിന്‌ അന്തസ്സും ശക്തിയും നല്‌കുമെന്നും ഹൂദ്‌(അ) തന്റെ ജനതയോട്‌ പറയുന്നുണ്ട്‌. ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക, അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായ മഴ നല്‌കുന്നു. നിങ്ങളുടെ ശക്തിയിലേക്കവന്‍ കൂടുതല്‍ ശക്തിയും നല്‌കുന്നതാണ്‌.'' (വി.ഖു 11:52)

6) സന്താനങ്ങള്‍, ജീവിതാനുഗ്രഹങ്ങള്‍: നൂഹ്‌(അ) തന്റെ ജനതയോട്‌ പറയുന്നു: ``നിങ്ങള്‍ പാപമോചനം നടത്തുവീന്‍, അവന്‍ കൂടുതല്‍ പൊറുത്തു തരുന്നവനാണ്‌ എന്ന്‌ ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക്‌, സമൃദ്ധമായി മഴ അയക്കും. സ്വത്തുക്കളും സന്താനങ്ങള്‍ കൊണ്ടും നിങ്ങളെ അവന്‍ സമൃദ്ധമാക്കും, അരുവികളും തോട്ടങ്ങളും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ച്‌ തരുന്നതാണ്‌.'' (വി.ഖു 71:10-12) സച്ചരിതരായ വിശ്വാസികളുടെ മാതൃകാജീവിതം ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ പാപമോചനം അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കര്‍മമായിരുന്നുവെന്ന്‌ (51:18,3:17) വെളിപ്പെടുത്തുന്നുണ്ട്‌.

by സയ്യിദ്‌ അബ്ദുറഹ്മാൻ @ ശബാബ് 

ഇടിമിന്നലുകൾ

"ഭയവും ആശയും ജനിപ്പിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ മിന്നൽപ്പിണർ കാണിച്ചുതരുന്നത്‌ അവനത്രെ. ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഇടിവാളുകൾ അയക്കുകയും താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുകയും ചെയ്യുന്നു." [അദ്ധ്യായം 13 റഅദ്‌ 12,13]

അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുവാൻ പോരുന്നതും നിത്യാനുഭവങ്ങളിൽപെട്ടതുമായ ചില കാര്യങ്ങളെ ഓർമ്മിപ്പിക്കുകയാണ്. മിന്നൽ ഉണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കംമൂലം മനുഷ്യൻ ഭയപ്പെട്ടു ഞെട്ടിപ്പോവുന്നു. അതിനെത്തുടർന്നുണ്ടാകുന്ന മഴയേയും അതിന്റെ ഉപയോഗത്തേയും ഓർത്തു മോഹവും ആശയും തോന്നുകയും ചെയ്യും. അതാണ് 'ഭയവും ആശയും കൊണ്ട്‌' എന്ന് പറഞ്ഞിരിക്കുന്നത്‌. 'ഭാരമുള്ള മേഘങ്ങളെ' എന്നത്‌ അവയിൽ വർഷിക്കുന്ന മഴവെള്ളത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. കാറ്റുമൂലം മേഘങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന ഒരുതരം വൈദ്യുത പ്രവാഹം നിമിത്തം മിന്നൽ പ്രകാശവും ഇടിനാദവും ഉണ്ടായിത്തീരുന്നുവെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ സമയത്തുണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവധാനത്തിലുമായതിനാൽ ആദ്യം നമുക്കനുഭവപ്പെടുന്നത്‌ മിന്നലായിരിക്കും. അതുകൊണ്ടായിരിക്കാം ആദ്യം അല്ലാഹു മിന്നലിനെപ്പറ്റി പ്രസ്താവിച്ചത്‌.

മലക്കുകൾ അല്ലാഹുവിനെ ഭയന്ന് തസ്ബീഹ്‌ (പ്രകീർത്തനം) നടത്തുമെന്നതിന്റെ താൽപര്യം വ്യക്തമാണ്. എന്നാൽ, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ്‌ നടത്തുകയും ചെയ്യുന്നത്‌ എന്താണ്? അല്ലാഹു അദ്ധ്യായം 17 ഇസ്‌റാഅ്‌ 44ൽ ഇങ്ങനെ പറയുന്നു : "ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്ന് തസ്ബീഹ്‌ നടത്തുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്‌ തസ്ബീഹ്‌ നടത്താത്തതായി ഇല്ല. പക്ഷേ,അവരുടെ തസ്ബീഹ്‌ നിങ്ങൾ ഗ്രഹിക്കുകയില്ല." അതുകൊണ്ട്‌ ഇടിയുടെ സ്തുതികീർത്തനങ്ങൾ എന്താണെന്ന് നമുക്ക്‌ ഗ്രഹിക്കാൻ സാധിക്കില്ല. അതുപോലെ ഇടിവാളിന്റെ ഭയങ്കരതയും അതുമൂലം ഉണ്ടാകാറുള്ള അത്യാഹിതങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. പെട്ടെന്നുള്ള ജീവനാശം മാത്രമല്ല, വലിയ കെട്ടിടങ്ങൾ, അണക്കെട്ടുകൾ, പാറക്കൂട്ടങ്ങൾ വരെ നിമിഷനേരംകൊണ്ട്‌ തകർന്നു തരിപ്പണമാവുന്നു. എന്നാൽ ഇടി ഉണ്ടാകുമ്പോഴെല്ലാം ആപത്ത്‌ സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും അവൻ ഉദ്ദേശിക്കുന്നവർക്കും മാത്രമേ ആപത്ത്‌ നേരിടുന്നുള്ളൂ. അതാണ് 'താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുന്നു ' എന്ന് പറഞ്ഞത്‌.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നതായി ഇബ്നു ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു : "അല്ലാഹുവേ, നിന്റെ കോപംകൊണ്ട്‌ ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷകൊണ്ട്‌ ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പ്‌ നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!" (തുർമുദി, നസാഈ)

ഇടി കേൾക്കുമ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നുവെന്ന് അബൂഹുറൈറ (റ) പ്രസ്താവിച്ചിരിക്കുന്നു : "യാതൊരുവനെ സ്തുതിച്ചുകൊണ്ട്‌ ഇടി തസബീഹ്‌ നടത്തുന്നുവോ അവൻ മഹാപരിശുദ്ധൻ - അവനെ ഞാൻ വാഴ്തുന്നു." (ഇബ്നു ജരീർ)

By മുഹമ്മദ്‌ അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം 

Popular ISLAHI Topics

ISLAHI visitors