ഇടിമിന്നലുകൾ

"ഭയവും ആശയും ജനിപ്പിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ മിന്നൽപ്പിണർ കാണിച്ചുതരുന്നത്‌ അവനത്രെ. ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഇടിവാളുകൾ അയക്കുകയും താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുകയും ചെയ്യുന്നു." [അദ്ധ്യായം 13 റഅദ്‌ 12,13]

അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുവാൻ പോരുന്നതും നിത്യാനുഭവങ്ങളിൽപെട്ടതുമായ ചില കാര്യങ്ങളെ ഓർമ്മിപ്പിക്കുകയാണ്. മിന്നൽ ഉണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കംമൂലം മനുഷ്യൻ ഭയപ്പെട്ടു ഞെട്ടിപ്പോവുന്നു. അതിനെത്തുടർന്നുണ്ടാകുന്ന മഴയേയും അതിന്റെ ഉപയോഗത്തേയും ഓർത്തു മോഹവും ആശയും തോന്നുകയും ചെയ്യും. അതാണ് 'ഭയവും ആശയും കൊണ്ട്‌' എന്ന് പറഞ്ഞിരിക്കുന്നത്‌. 'ഭാരമുള്ള മേഘങ്ങളെ' എന്നത്‌ അവയിൽ വർഷിക്കുന്ന മഴവെള്ളത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. കാറ്റുമൂലം മേഘങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന ഒരുതരം വൈദ്യുത പ്രവാഹം നിമിത്തം മിന്നൽ പ്രകാശവും ഇടിനാദവും ഉണ്ടായിത്തീരുന്നുവെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ സമയത്തുണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവധാനത്തിലുമായതിനാൽ ആദ്യം നമുക്കനുഭവപ്പെടുന്നത്‌ മിന്നലായിരിക്കും. അതുകൊണ്ടായിരിക്കാം ആദ്യം അല്ലാഹു മിന്നലിനെപ്പറ്റി പ്രസ്താവിച്ചത്‌.

മലക്കുകൾ അല്ലാഹുവിനെ ഭയന്ന് തസ്ബീഹ്‌ (പ്രകീർത്തനം) നടത്തുമെന്നതിന്റെ താൽപര്യം വ്യക്തമാണ്. എന്നാൽ, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ്‌ നടത്തുകയും ചെയ്യുന്നത്‌ എന്താണ്? അല്ലാഹു അദ്ധ്യായം 17 ഇസ്‌റാഅ്‌ 44ൽ ഇങ്ങനെ പറയുന്നു : "ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്ന് തസ്ബീഹ്‌ നടത്തുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്‌ തസ്ബീഹ്‌ നടത്താത്തതായി ഇല്ല. പക്ഷേ,അവരുടെ തസ്ബീഹ്‌ നിങ്ങൾ ഗ്രഹിക്കുകയില്ല." അതുകൊണ്ട്‌ ഇടിയുടെ സ്തുതികീർത്തനങ്ങൾ എന്താണെന്ന് നമുക്ക്‌ ഗ്രഹിക്കാൻ സാധിക്കില്ല. അതുപോലെ ഇടിവാളിന്റെ ഭയങ്കരതയും അതുമൂലം ഉണ്ടാകാറുള്ള അത്യാഹിതങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. പെട്ടെന്നുള്ള ജീവനാശം മാത്രമല്ല, വലിയ കെട്ടിടങ്ങൾ, അണക്കെട്ടുകൾ, പാറക്കൂട്ടങ്ങൾ വരെ നിമിഷനേരംകൊണ്ട്‌ തകർന്നു തരിപ്പണമാവുന്നു. എന്നാൽ ഇടി ഉണ്ടാകുമ്പോഴെല്ലാം ആപത്ത്‌ സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും അവൻ ഉദ്ദേശിക്കുന്നവർക്കും മാത്രമേ ആപത്ത്‌ നേരിടുന്നുള്ളൂ. അതാണ് 'താനുദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപ്പിക്കുന്നു ' എന്ന് പറഞ്ഞത്‌.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നതായി ഇബ്നു ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു : "അല്ലാഹുവേ, നിന്റെ കോപംകൊണ്ട്‌ ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷകൊണ്ട്‌ ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പ്‌ നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!" (തുർമുദി, നസാഈ)

ഇടി കേൾക്കുമ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നുവെന്ന് അബൂഹുറൈറ (റ) പ്രസ്താവിച്ചിരിക്കുന്നു : "യാതൊരുവനെ സ്തുതിച്ചുകൊണ്ട്‌ ഇടി തസബീഹ്‌ നടത്തുന്നുവോ അവൻ മഹാപരിശുദ്ധൻ - അവനെ ഞാൻ വാഴ്തുന്നു." (ഇബ്നു ജരീർ)

By മുഹമ്മദ്‌ അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം