പാപമോചനത്തിന്റെ ഫലങ്ങള്‍

പാപം ചെയ്‌ത മനുഷ്യന്‍, പശ്ചാത്തപിച്ച്‌ അല്ലാഹുവിലേക്ക്‌ മടങ്ങുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം തന്റെ ദാസന്റെ മേല്‍ അനുഗ്രഹങ്ങളായി വര്‍ഷിക്കുന്നവനാണ്‌ കാരുണ്യവാനായ നാഥന്‍. പാപമോചനത്തിലേക്ക്‌ മനുഷ്യനെ ക്ഷണിക്കുന്ന മിക്ക വചനങ്ങളിലും അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. ജീവിതവിജയത്തിന്റെ നിദാനമായി പാപമോചനത്തെ അവതരിപ്പിക്കുന്ന ഇസ്‌ലാം (ഖുര്‍ആന്‍ 24:31) പാപമോചനത്തിന്റെ നിസ്‌തുലമായ ശ്രേഷ്‌ടതകളെ വിശ്വാസികളെ ബോധിപ്പിക്കുന്നു.

1) ശിക്ഷയില്‍ നിന്ന്‌ നിര്‍ഭയത്വം: "താങ്കള്‍ അവരിലുണ്ടാകുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം നടത്തുന്നവരാകുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.'' (ഖുര്‍ആന്‍ 8:33). ഉപര്യുക്ത സൂക്തത്തില്‍ രണ്ടു കാര്യങ്ങളാണ്‌ ശിക്ഷയില്ലാതിരിക്കാന്‍ പറഞ്ഞത്‌. ഒന്ന്‌, പ്രവാചക തിരുമേനിയുടെ സാന്നിധ്യം (അത്‌ കഴിഞ്ഞുപോയി). രണ്ട്‌: ജനത പാപമോചനം നടത്തുന്നവരാകുക (അത്‌ ഖിയാമത്ത്‌ നാള്‍ വരെ നിലനില്‌ക്കുന്നതാണ്‌)

2) ദു:ഖങ്ങളകറ്റുന്നു: ഇബ്‌നു അബ്ബാസില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: "ആരെങ്കിലും പാപമോചനം പതിവാക്കിയാല്‍, അല്ലാഹു അവന്റെ എല്ലാ ദു:ഖങ്ങള്‍ക്കും വിടുതിനല്‍കുന്നു. അവന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നു. വിചാരിക്കാത്ത രീതിയില്‍ ഉപജീവനം നല്‌കുന്നു.'' (അബൂദാവൂദ്‌, ഇബ്‌നുമാജ, മുഹമ്മദ്‌ അഹ്‌മദ്‌). അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌ത പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന്‌ അറിഞ്ഞോ അറിയാതെയോ ചെയ്‌ത പാപങ്ങള്‍ക്കുവേണ്ടി നാഥനോട്‌ വിനീതമായി ഏറ്റുപറയാത്തത്‌ തന്നെയാണ്‌.

3) അല്ലാഹുവിന്റെ കാരുണ്യത്തിന്‌ വിധേയമാകും: പ്രത്യേകമായി ലഭിക്കുന്ന അല്ലാഹുവിന്റെ കാരുണ്യം പങ്കുവെക്കാന്‍ കഴിയാത്ത അനുഭൂതിയാണ്‌. കാരുണ്യം ഉഷ്‌ണമാര്‍ന്ന ജീവിതയാത്രയിലെ തണലും കുളിരുമാണ്‌. സ്വര്‍ഗപ്രവേശം പോലും അല്ലാഹുവിന്റെ കാരുണ്യത്തെ ആസ്‌പദമാക്കിയാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാലിഹ്‌ നബി(അ) തന്റെ ജനങ്ങളോട്‌ പറയുന്നു: ``എന്റെ ജനങ്ങളെ നിങ്ങളെന്തിനാണ്‌ നന്മക്ക്‌ മുമ്പായി തിന്മക്ക്‌ തിടുക്കം കാണിക്കുന്നത്‌. നിങ്ങള്‍ക്ക്‌ അല്ലാഹുവോട്‌ പാപമോചനം തേടിക്കൂടെ, എങ്കില്‍ നിങ്ങള്‍ക്ക്‌ കാരുണ്യം നല്‌കപ്പെട്ടേക്കാം.'' (ഖുര്‍ആന്‍ 27:46). ഒരുത്തന്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കില്‍ പാപമോചനമാണ്‌ അതിനുള്ള പരിഹാരം. ``ആരെങ്കിലും വല്ല തിന്മ ചെയ്യുകയോ സ്വന്തത്തോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌ത്‌ അല്ലാഹുവോട്‌ പാപമോചനം തേടിയാല്‍ ഏറെ പൊറുക്കുന്നവനും ഏറെ കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌.'' (ഖുര്‍ആന്‍ 4:110) 

4) ഐഹിക ജീവിതത്തിന്നാശ്വാസം: വിശ്വാസികള്‍ നിരന്തരം പാപമോചനം നടത്തിയാല്‍ ഐഹിക ജീവിതത്തിന്‌ ആശ്വാസം നല്‍കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു. ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുകയും ചെയ്യുക. നിര്‍ണിതമായ ഒരു പരിധിവരെ അവന്‍ നിങ്ങള്‍ക്ക്‌ സൗഖ്യമനുഭവിപ്പിക്കുകയും ഉദാരതയുള്ളവര്‍ക്ക്‌ തങ്ങളുടെ, ഉദാരതകള്‍ക്ക്‌ പ്രതിഫലം നല്‌കുകയും ചെയ്യുന്നതാണ്‌.'' (വി.ഖു 11:3)

5) വരള്‍ച്ചയില്‍ നിന്ന്‌ മോചനം: പാപമോചനം നടത്തുന്ന സമൂഹത്തില്‍ വരള്‍ച്ചയുണ്ടാകില്ലെന്നും സമുദായത്തിന്‌ അന്തസ്സും ശക്തിയും നല്‌കുമെന്നും ഹൂദ്‌(അ) തന്റെ ജനതയോട്‌ പറയുന്നുണ്ട്‌. ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക, അവനിലേക്ക്‌ ഖേദിച്ച്‌ മടങ്ങുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായ മഴ നല്‌കുന്നു. നിങ്ങളുടെ ശക്തിയിലേക്കവന്‍ കൂടുതല്‍ ശക്തിയും നല്‌കുന്നതാണ്‌.'' (വി.ഖു 11:52)

6) സന്താനങ്ങള്‍, ജീവിതാനുഗ്രഹങ്ങള്‍: നൂഹ്‌(അ) തന്റെ ജനതയോട്‌ പറയുന്നു: ``നിങ്ങള്‍ പാപമോചനം നടത്തുവീന്‍, അവന്‍ കൂടുതല്‍ പൊറുത്തു തരുന്നവനാണ്‌ എന്ന്‌ ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക്‌, സമൃദ്ധമായി മഴ അയക്കും. സ്വത്തുക്കളും സന്താനങ്ങള്‍ കൊണ്ടും നിങ്ങളെ അവന്‍ സമൃദ്ധമാക്കും, അരുവികളും തോട്ടങ്ങളും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ച്‌ തരുന്നതാണ്‌.'' (വി.ഖു 71:10-12) സച്ചരിതരായ വിശ്വാസികളുടെ മാതൃകാജീവിതം ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ പാപമോചനം അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കര്‍മമായിരുന്നുവെന്ന്‌ (51:18,3:17) വെളിപ്പെടുത്തുന്നുണ്ട്‌. 

✍🏻 സയ്യിദ്‌ അബ്ദുറഹ്മാൻ  
© ശബാബ്