അദ്ധ്യായം 99 സൽസല

"ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം . ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌. അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും." [അദ്ധ്യായം 99 സൽസല 1 - 8] 

അന്ത്യനാളിലെ അതിഭയങ്കര സംഭവങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്‌. ഭൂമി അതിന്റെ അവസാനത്തേതും ഏറ്റവും ഘോരമായതുമായ കമ്പനത്തിനും ക്ഷോഭത്തിനും വിധേയമാകുന്നു. മരണപ്പെട്ടു മണ്ണടഞ്ഞവരടക്കം ഭൂമിക്കുള്ളിൽ കിടപ്പുള്ള നിക്ഷേപങ്ങളെല്ലാം അത്‌ വെളിക്കുവരുത്തുന്നു. ഇതെല്ലാം കാണുമ്പോൾ മനുഷ്യൻ അന്താളിച്ചു ഭയവിഹ്വലനായിത്തീരും. അവൻ പറയും : 'ഹാ, എന്താണിത്‌! ഭൂമിക്ക്‌ എന്തുപറ്റി?!' എന്നൊക്കെ. ഇങ്ങിനെയുള്ള ആ ഗൗരവഘട്ടത്തിൽ ഭൂമിയിൽ ഒളിഞ്ഞിരിപ്പുള്ള രഹസ്യങ്ങളെല്ലാം വെളിക്കുവരും. അതെ, ഭൂമിക്ക്‌ അതിനുവേണ്ടുന്ന ബോധനവും അനുമതിയും അല്ലാഹു നൽകുകയും ഭൂമി അതെല്ലാം തുറന്നു കാട്ടുകയും ചെയ്യും. നാലാമത്തെ വചനം ഓതിക്കൊണ്ട്‌ റസൂൽ (സ) പറഞ്ഞു: "അതിന്റെ വർത്തമാനങ്ങൾ എന്നാൽ,ആണും പെണ്ണുമായ ഓരോ മനുഷ്യനും ഭൂമിക്കു മീതെ പ്രവർത്തിച്ചതിനെപ്പറ്റി സാക്ഷി പറയലാകുന്നു. അതായത്‌, ഇന്നിന്ന ദിവസം അവൻ ഇന്നിന്നത്‌ ചെയ്തു എന്ന് പറയും" (അഹമദ്‌, നസാഈ, തുർമുദി) സന്തുഷ്ടരായിക്കൊണ്ടും സങ്കടപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്ന മുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും, സത്യവിശ്വാസവും സൽക്കർമ്മവും സ്വീകരിച്ചവരായും അവ നിഷേധിച്ചവരായും അങ്ങിനെ പലതരക്കാരുമായി ജനങ്ങളെല്ലാം ഖബറുകളിൽ നിന്ന് വിചാരണ സ്ഥലത്തേക്ക്‌ രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തരുടേയും സകലകർമ്മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച്‌ ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും മനുഷ്യനു കാണിച്ചുകൊടുക്കും. അതതിന്റെ ഫലം അതതിന്റെ ആളുകൾക്ക്‌ അനുഭവപ്പെടുകയും ചെയ്യും.

 നബി (സ)യുടെ ചില വചനങ്ങൾ ഇവിടെ സ്മരിക്കുന്നത്‌ സമയോചിതമായിരിക്കും. പ്രവാചകൻ (സ) പറയുന്നു : 

 1. "സദാചാരത്തിൽ (സൽക്കാര്യത്തിൽ) പെട്ട ഒന്നിനേയും നീ അവഗണിക്കരുത്‌. വെള്ളം കുടിക്കുവാൻ വരുന്നവന്റെ പാത്രത്തിൽ നിന്റെ കൊട്ടക്കോരിയിൽ നിന്ന് അൽപം വെള്ളം ഒഴിച്ചുകൊടുക്കുക എന്നുള്ളതായാലും ശരി. അല്ലെങ്കിൽ നിന്റെ സഹോദരനെ പ്രസന്നതയോടെ അഭിമുഖീകരിക്കുക എന്നതായാലും ശരി." (ബുഖാരി) 

2. "സത്യവിശ്വാസിനികളേ, ആടിന്റെ കുളമ്പാണുള്ളതെങ്കിലും ഒരു അയൽക്കാരി അവളുടെ അയൽക്കാരിക്ക്‌ (ഒട്ടും കൊടുക്കാതെ) അവഗണിക്കരുത്‌." (ബുഖാരി) 

3. "ആയിശാ, നിസ്സാര പാപങ്ങളെ സൂക്ഷിച്ചു കൊള്ളണം. കാരണം, അല്ലാഹുവിങ്കൽ നിന്നും അവയെ അന്വേഷിക്കുന്നതായ ഒരാളുണ്ട്‌." (അഹമദ്‌, നസാഈ) 

4. "നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കണം. കാരണം, അവ മനുഷ്യന്റെമേൽ ഒരുമിച്ചു കൂടുകയും അങ്ങനെ അവ അവനെ നാശത്തിലകപ്പെടുത്തുകയും ചെയ്യും." (അഹ്മദ്‌)

ഒരു കാര്യം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്‌. ഒരു അണുവോളം നന്മയോ തിന്മയോ ചെയ്താൽ അതിന്റെ ഫലം മനുഷ്യർ അനുഭവിക്കുമെന്നു പറയുമ്പോൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകൾ സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു പരലോകത്ത്‌ നല്ല പ്രതിഫലം ലഭിക്കുമെന്ന് വല്ലവരും ധരിച്ചേക്കാം. എന്നാൽ അത്തരക്കാരുടെ സൽക്കർമ്മങ്ങൾക്ക്‌ പരലോകത്ത്‌ അല്ലാഹു യാതൊരു പ്രതിഫലവും നൽകുകയില്ലെന്നും അവരുടെ പ്രതിഫലം ഇഹലോകത്ത്‌ തന്നെ അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്നും അദ്ധ്യായം ഹൂദ്‌, ഫുർഖാൻ തുടങ്ങിയവയിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌.

by മുഹമ്മദ്‌ അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം