അബുദ്ദർദാഅ്‌ (റ)ന്റെ ഉപദേശങ്ങൾ

ഐഹിക വിഭവങ്ങളിൽ മുഴുകി ജീവിക്കുന്ന ശാം നിവാസികളോട്‌ ഒരിക്കൽ പ്രമുഖ സ്വഹാബിയായ അബുദ്ദർദാഅ്‌ (റ) ചെയ്ത പ്രസംഗം ഇപ്രകാരമാണ് : "നിങ്ങൾ മതത്തിൽ എന്റെ സഹോദരന്മാരാണ്. നാട്ടിൽ എന്റെ അയൽവാസികളാണ്. ശത്രുക്കൾക്കെതിരെ നമ്മൾ പരസ്പരം സഹായികളാണ്. എങ്കിലും നിങ്ങളെയോർത്ത്‌ ഞാൻ ലജ്ജിക്കുന്നു. കാരണം നിങ്ങൾക്ക്‌ ഭക്ഷിക്കാൻ കഴിയാത്തതാണ് നിങ്ങൾ ശേഖരിക്കുന്നത്‌. നിങ്ങൾക്ക്‌ താമസിക്കാൻ സാധിക്കാത്തതാണ് നിങ്ങൾ കെട്ടിപ്പടുക്കുന്നത്‌. നിങ്ങൾക്ക്‌ എത്തിപ്പിടിക്കാൻ സാധിക്കാത്തതാണ് നിങ്ങൾ ആഗ്രഹിക്കുന്നത്‌. നിങ്ങളുടെ പൂർവ്വികരും ഇങ്ങനെയൊക്കെയായിരുന്നു. എന്നിട്ടെന്തായി? അവർ കൂട്ടിവെച്ചതെല്ലാം നശിച്ചുപോയി. അവരുടെ ആഗ്രഹങ്ങളൊക്കെയും വഞ്ചകാത്മകമായിരുന്നു. അവരുടെ വീടുകളൊക്കെയും ഖബറുകളായി മാറി. അദ്ൻ മുതൽ അമ്മാവൻ വരെ സമ്പത്തും സന്താനങ്ങളും സ മൃദ്ധമായുണ്ടായിരുന്ന ആദ്‌ സമുദായമായിരുന്നു അത്‌." 

അബുദ്ദർദ്ദാഇന്റെ മറ്റു ചില ഉപദേശങ്ങൾ ഇങ്ങനെ :

"സമ്പത്തും സന്താനങ്ങളും വർദ്ധിക്കലല്ല പുണ്യം. സഹനം കൈകൊള്ളുക. അറിവ്‌ വർദ്ധിക്കുക. അല്ലാഹുവിനെ ആരാധിക്കുന്നതിൽ മറ്റുള്ളവരോട്‌ മൽസരിക്കുക എന്നിവയാണ് പുണ്യം." 

"യഥാർത്ഥ സൗഭാഗ്യം എന്നത്‌ ദുനിയാവിനെ നീ ഉടമപ്പെടുത്തലാണ്. ദുനിയാവ്‌ നിന്നെ ഉടമപ്പെടുത്തലല്ല." 

"കാലം മുഴുവൻ നിങ്ങൾ നന്മ അന്വേഷിച്ചു കൊണ്ടേയിരിക്കുക." 

"നിങ്ങളിലൊരാൾക്കും വിജ്ഞാനിയാവാതെ ഭക്തനാവാൻ കഴിയില്ല. നിങ്ങളുടെ അറിവിന് ഭംഗി കൈവരുന്നത്‌ ആ അറിവനുസരിച്ച്‌ നിങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമാണ്." 

"നിന്റെ കൈവശമുള്ള ദുനിയാവിലെ ഏതൊരു വിഭവവും നിനക്ക്‌ മുമ്പ്‌ മറ്റൊരാളുടേതായിരുന്നു. നിനക്ക്‌ ശേഷം അത്‌ മറ്റൊരാൾക്കുള്ളതുമാണ്. നിന്റേതെന്ന് പറയാവുന്നത്‌ അവയിൽ നിന്ന് നിനക്ക്‌ വേണ്ടി നീ ശേഖരിച്ചുവെച്ച നന്മകൾ മാത്രമാണ്." 

"ദൃഢവിശ്വാസവും ഭയഭക്തിയുമുള്ളവൻ ചെയ്യുന്ന ഒരു അണുത്തൂക്കം പുണ്യം ഭൗതികതയിൽ വഞ്ചിതരായവർ ചെയ്യുന്ന പർവ്വതസമാനമായ ആരാധനയേക്കാൾ പ്രബലവും പവിത്രവുമാണ്." 

"മനുഷ്യൻ മൂന്നു വിധമാണ്. പണ്ഡിതൻ, വിദ്യാർത്ഥി, ഒരു നന്മയുമില്ലാത്ത ദുർബലൻ." 

"ഒരു മണിക്കൂർ ചിന്തിക്കുന്നതാണ് ഒരു രാത്രി മുഴുവൻ ആരാധനയിൽ മുഴുകുന്നതിനേക്കാൾ ഉത്തമം." 

"സമ്പത്ത്‌ കുറച്ചുമാത്രം ഉണ്ടാവുകയും അതുകൊണ്ട്‌ തൃപ്തിയാവുകയും ചെയ്യുന്നതാണ് സമ്പത്ത്‌ കൂടുതലുണ്ടായിട്ട്‌ ധൂർത്തിലും അശ്രദ്ധയിലും മുഴുകുന്നതിനേക്കാൾ നല്ലത്‌." 

"ഐഹിക ജീവിതം ഒരാളുടെ മുഖ്യവിചാരമായി മാറിയാൽ അല്ലാഹു അയാളുടെ സമാധാനം തകർക്കുകയും ദാരിദ്ര്യത്തെ കണ്മുമ്പിൽ കൊണ്ടുവരികയും ചെയ്യും." 

"പരലോക ജീവിതം ഒരാളുടെ മുഖ്യചിന്താവിഷയമായാൽ അല്ലാഹു അയാളുടെ ഹൃദയത്തിൽ ധന്യതയുണ്ടാക്കുകയും അവന്റെ എല്ലാ കാര്യങ്ങളും അല്ലാഹു എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും." 

"ഐഹിക കാര്യങ്ങളിൽ ഹലാലായത്‌ (അനുവദനീയം) മാത്രം സ്വീകരിക്കുക. അത്‌ തന്നേയും സാവകാശത്തിലും മിതത്വത്തോടെയുമാവുക. വിനാശകരവും ആർത്തിപൂണ്ട അവസ്ഥയിലും അതിനെ സമീപിക്കരുത്‌." 

"നല്ലതല്ലാതെ നീ ഭക്ഷിക്കരുത്‌. നല്ലതല്ലാത്തതൊന്നും നീ സമ്പാദിക്കരുത്‌. നല്ലതല്ലാത്തതൊന്നും നീ നിന്റെ വീട്ടിൽ പ്രവേശിപ്പിക്കരുത്‌." 

"സന്താനത്തിനു വേണ്ടി സമ്പത്ത്‌ ശേഖരിക്കുന്നതിനേക്കാൾ സ്വന്തത്തിനുവേണ്ടി പുണ്യം ശേഖരിക്കാനാണ് നീ ശ്രമിക്കേണ്ടത്‌." 

"സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹുവിന്റെ അടുത്തുള്ള സമ്പത്തിൽ നീ വിശ്വാസമർപ്പിക്കുക. നീ നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യുക." 

"ശാശ്വതഭവനത്തിലേക്കും യഥാർത്ഥ സമ്പത്തിലേക്കും നമുക്ക്‌ എത്തിച്ചേരാനുള്ള പാലമായി മാത്രം ഈ ദുനിയാവിനെ നോക്കിക്കാണുക. എങ്കിൽ പൂർണ്ണമായ അർത്ഥത്തിലുള്ള സൗഭാഗ്യം കരഗതമാവും." 

by ശംസുദ്ദീൻ പാലക്കോട്‌ @ പുടവ