എല്ലാം നാഥനോട്‌ ചോദിക്കാം

"നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്‌. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്‌. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." [അദ്ധ്യായം 4 നിസാഅ്‌ 32] 

എണ്ണമറ്റ വൈവിധ്യങ്ങളുമായാണ് മനുഷ്യവർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഒരാൾ സമ്പന്നനാണെങ്കിൽ മറ്റൊരാൾ ദരിദ്രനാണ്. ഓരോരുത്തരുടേയും സൗന്ദര്യം വ്യത്യസ്തമാണ്. ശാരീരികവും മാനസികവുമായ കരുത്തിലും ഈ വൈവിധ്യം കാണാം. ചിലർക്ക്‌ ശ്രുതിമധുരമായ സ്വരമാണുള്ളതെങ്കിൽ മറ്റു ചിലരുടേത്‌ പരുക്കൻ സ്വരമാണ്. ജന്മനാ പോരായ്മകളുള്ളവരും ഇല്ലാത്തവരുമുണ്ട്‌. ധനം, ജോലി, മക്കൾ, സൗകര്യങ്ങൾ ഇവയെല്ലാം പലർക്കും ഏറ്റക്കുറവുകളോടേയാണ് ലഭിച്ചിട്ടുള്ളത്‌. ഈ സ്വാഭാവിക വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനോ കൃത്രിമ സമത്വം രൂപപ്പെടുത്താനോ ശ്രമിക്കുന്നത്‌ പ്രകൃതി വിരുദ്ധമാണ്.

 എല്ലാവർക്കും എല്ലാം നൽകിയത്‌ സർവ്വശക്തനായ അല്ലാഹുവാണ്. മറ്റൊരാൾക്ക്‌ ലഭിച്ചത്‌ താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചാൽ അത്‌ നാനാതരത്തിലുള്ള കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തും. തനിക്കില്ലാത്ത പലതും മറ്റുള്ളവർക്ക്‌ ലഭിച്ചെന്നിരിക്കാം. എന്നാൽ അവ അന്യായമായ വഴികളിലൂടെ തന്റേതാക്കാൻ കൊതിക്കുന്നത്‌ കൊടും പാതകമാണ്. സുഖസൗകര്യങ്ങൾ, സ്ഥാനമാനങ്ങൾ, നൈസർഗ്ഗിഗ ശേഷികൾ, സ്വഭാവ ഗുണങ്ങൾ എന്നിവയെല്ലാം ചിലരിൽ ഉയർന്ന നിലവാരത്തിലുണ്ടാവും. ഇതിനോട്‌ അസൂയ കാണിക്കുകയോ അവിഹിത വഴികളിലൂടെ അവ തന്റേതാക്കി മാറ്റാൻ ശ്രമിക്കുകയോ അരുത്‌. ഇതെല്ലാം വിഭജിച്ച്‌ നൽകിയത്‌ സർവ്വശക്തനായ അല്ലാഹുവാണ്.

 സ്ത്രീക്കും പുരുഷനും യാതൊരു പക്ഷഭേദവുമില്ലാതെ അല്ലാഹു പ്രതിഫലം നൽകും. ഓരോരുത്തരും പ്രവർത്തിക്കുന്നത്‌ അവർക്കുതന്നെ ഗുണം ചെയ്യുന്നതാണ്. ചെറിയ ഒരു പ്രവർത്തനം പോലും ആത്മാർത്ഥമായുണ്ടായെങ്കിൽ അല്ലാഹു അംഗീകരിക്കും. അവനാണ് ആർക്ക്‌ എങ്ങനെ പ്രതിഫലം നൽകണം എന്ന് തീരുമാനിക്കുന്നതും. അതിനാൽ നമുക്ക്‌ കിട്ടാതെ പോയ അനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള വഴി, കിട്ടിയവരോട്‌ അസൂയ പുലർത്താനോ അവ നശിച്ചു കാണാൻ ആഗ്രഹിക്കലോ അല്ല. മറിച്ച്‌ ആത്മാർത്ഥമായി അല്ലാഹുവിനോട്‌ അപേക്ഷിച്ചു കൊണ്ടേയിരിക്കലാണ്. എല്ലാം അറിയുന്ന എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അല്ലാഹു നമുക്ക്‌ ഏതനുഗ്രഹവും തരാൻ കഴിവുള്ളവനാണ്. ആത്മാർത്ഥമായി അവനോട്‌ നിരന്തരം ചോദിച്ചുകൊണ്ടിരുന്നാൽ അവൻ ഒരിക്കലും ഒഴിവാക്കുന്നവനല്ല. ഇന്നല്ലെങ്കിൽ നാളെ അത്‌ നമ്മെ തേടിയെത്തും. അതിനാൽ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച്‌ അവനോട്‌ എല്ലാം ചോദിക്കുക.

By അബ്ദു സലഫി @ പുടവ മാസിക