ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

വിശുദ്ധ ഖുര്‍ആനിന്‌ ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌' എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം' എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍' ദൈവികവചനങ്ങളും `മുസ്‌ഹഫ്‌' ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന വിശേഷണങ്ങളാണ്‌ ചുവടെ:

 കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം) 

 "അലിഫ്‌ ലാം റാ... സുവ്യക്തമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിനു വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നു.'' (യൂസുഫ്‌ 1,2)

ബലാഗുന്‍ (വ്യക്തമായ ഉദ്‌ബോധനം) 

"ഇത്‌ മനുഷ്യര്‍ക്കുവേണ്ടിയുള്ള വ്യക്തമായ ഒരു ഉദ്‌ബോധനമാകുന്നു. ഇത്‌ മുഖേന അവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കപ്പെടേണ്ടതിനും അവന്‍ ഒരാരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്മാര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ഉത്‌ബോധനം.'' (ഇബ്‌റാഹീം 52) 

മുഹൈമിന്‍ (കാത്തുരക്ഷിക്കുന്നത്‌) 

"(നബിയേ) താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‌പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റിപ്പോകരുത്‌.'' (മാഇദ 48)

അഹ്‌സനുല്‍ ഹദീസ്‌ (ഉത്തമമായ വര്‍ത്തമാനം) 

"അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്‌പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്‌മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു.'' (സുമര്‍ 23)

മൗഇദ്വത്തുന്‍ (സദുപദേശം)

"മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നു കിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57)

ശിഫാഉന്‍ (ശമനം)

"സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്‌ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല.'' (ഇസ്‌റാഅ്‌ 82)

ഹുദന്‍ (സന്മാര്‍ഗം) 

"ജനങ്ങള്‍ക്ക്‌ സന്മാര്‍ഗമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (അല്‍ബഖറ:185). ഇതിനു പുറമെ ഖുര്‍ആന്‍ സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 2:2ലും സത്യവിശ്വാസികള്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 10:57 ലും സദ്‌വൃത്തര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 31:3ലും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌. "നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയും അവയില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്‌തവനേക്കാള്‍ കടുത്ത അതിക്രമി ആരുണ്ട്‌?'' (അന്‍ആം 157)

 ബുര്‍ഹാന്‍ (ന്യായപ്രമാണം) 

"മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.'' (നിസാഅ്‌ 174). `ന്യായപ്രമാണം' എന്ന്‌ ഇവിടെയും വ്യക്തമായ പ്രമാണം (ബയ്യിനത്തുന്‍) എന്ന്‌ 7:157 ലും അല്ലാഹു ഖുര്‍ആനിനെ വിശേഷിപ്പിച്ചിട്ടുണ്ട്‌.

റൂഹുന്‍ (ചൈതന്യവത്തായ സന്ദേശം) 

"അപ്രകാരം നാം നിനക്ക്‌ നമ്മുടെ കല്‌പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനംചെയ്‌തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‌കുന്നത്‌.'' (ശൂറാ 52)

തന്‍സീലുന്‍ (അവതരിപ്പിക്കപ്പെട്ടത്‌) 

"തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവിനാല്‍ അവതരിപ്പിക്കപ്പെട്ടത്‌ തന്നെയാകുന്നു. വിശ്വസ്‌താത്മാവ്‌ (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതും കൊണ്ടവതരിച്ചിരിക്കുന്നു. നീ താക്കീതു നല്‌കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്‌. സ്‌പഷ്‌ടമായ അറബിഭാഷയിലാണ്‌ അത്‌ അവതരിപ്പിച്ചത്‌.'' (ശുഅറാ 192-195)

അലിയ്യുന്‍ ഹകീം (വിജ്ഞാനസമ്പന്നവും ഉന്നതവുമായത്‌ ) 

"തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ). അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാണ്‌.'' (സുഖ്‌റുഫ്‌ 4)

ഹിക്‌മത്തുന്‍ ബാലിഗത്തുന്‍ (പരിപൂര്‍ണമായ വിജ്ഞാനം) 

"നിഷേധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കാന്‍ പര്യാപ്‌തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. അതെ, പരിപൂര്‍ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്‌തമാകുന്നില്ല.'' (ഖമര്‍ 45)

ലാറയ്‌ബഫീഹി (സംശയരഹിതമായത്‌) 

"അലിഫ്‌, ലാം, മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശകമത്രെ അത്‌.'' (അല്‍ബഖറ 1,2). ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആനു തുല്യം ഖുര്‍ആന്‍ മാത്രം എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ടുവരാനോ നിര്‍മിച്ചുണ്ടാക്കാനോ ലോകാവസാനം വരെ ലോകത്താര്‍ക്കും സാധ്യമല്ല എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മനുഷ്യരെ സംബന്ധിച്ചും മനുഷ്യരുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചും സത്യമാണെന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട്‌ ഒരാള്‍ ജീവിച്ചാല്‍ അയാള്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ദിവ്യഗ്രന്ഥം ലോകാവസാനം വരെ നിലനില്‍ക്കുമെന്ന കാര്യത്തിലും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെ ഒട്ടനവധി അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ `സംശയരഹിതമായ ഗ്രന്ഥം' എന്ന വിശേഷണം.

ഇനിയുമുണ്ട്‌ ഖുര്‍ആനിന്‌ വിശേഷണങ്ങള്‍ ധാരാളം. പരസ്‌പരം സാദൃശ്യമുള്ള വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌ എന്ന അര്‍ഥത്തിലുള്ള മുതശാബിഹ്‌ എന്നും (39:23) ആവര്‍ത്തിച്ചുവരുന്ന വചനങ്ങള്‍ എന്ന അര്‍ഥത്തിലുള്ള മസാനിയ എന്നും (39:23) ഖുര്‍ആനില്‍ പരാമര്‍ശം കാണാം.പ്രതാപമുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനുന്‍ മജീദ്‌ (ബുറൂജ്‌ 21), ആദരണീയമായ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ കരീം (വാഖിഅ 77), യുക്തിഭദ്രമയ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ ഹകീം (യാസീന്‍ 2), അറബിഭാഷയിലുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനന്‍ അറബിയ്യല്‍ (യൂസുഫ്‌ 2) എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിച്ച പ്രയോഗങ്ങളും ഖുര്‍ആനില്‍ കാണാം.

By ശംസുദ്ദീൻ പാലക്കോട് @ ശബാബ് വാരിക 

സഹായം കാത്തുകഴിയുന്നവർ

സമ്പത്തും ജീവിതസൗകര്യങ്ങളും വർദ്ദിച്ചുവരുമ്പോൾ മറ്റുള്ളവന്റെ നേരെ കണ്ണു തുറക്കാനാണ് നാം മനസ്സു വെക്കേണ്ടത്‌. തനിക്കു ലഭിച്ച ദൈവികാനുഗ്രഹങ്ങളെ ചുറ്റുവട്ടത്തെ ദുരിതമനുഭവിക്കുന്നവർക്കായി പങ്കുവെക്കാൻ മനസ്സിനെ പാകപ്പെടുത്തണം. പ്രയാസമനുഭവിക്കുന്നവന്റെ ജീവിതാവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയണം. ഒരിക്കൽ പ്രവാചക സന്നിദാനത്തേക്ക്‌ ഒരുപറ്റം പാവങ്ങൾ കയറിവന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരുന്ന അവരുടെ ദുരിതങ്ങൾ ആ മുഖങ്ങളിൽ പ്രകടമായിരുന്നു. പ്രവാചകൻ (സ) അവിടെയുള്ളവരുമായി ഇപ്രകാരം പറഞ്ഞു : "ദീനാറൊ, ദിർഹമോ, വസ്ത്രമോ, ഈത്തപ്പഴമോ എന്തും ഓരോരുത്തരും കൊണ്ടു വരിക." സഹാബികൾ തങ്ങളുടെ വീടുകളിൽ പോയി കിട്ടിയ വസ്തുക്കളുമായി തിരിച്ചു വന്നു. പ്രതിസന്ധികളിൽ ജീവിതം വഴിമുട്ടിപ്പോയ പട്ടിണിപ്പാവങ്ങളെ എങ്ങനെയാണു പ്രവാചകൻ (സ) പരിഗണിച്ചത്‌ എന്നതിനു ഇത്തരം നിരവധി സംഭവങ്ങൾ നമുക്ക്‌ കാണാവുന്നതാണ്.

ക്രിയാത്മകമായ ഇടപെടലുകളാണ് നബിയിൽ നമുക്ക്‌ കാണാവുന്നത്‌. നമുക്ക്‌ ചുറ്റും ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. വിവരസാങ്കേതികവിദ്യയുടെ ഉന്നതിയിലെത്തിയ IT സിറ്റിയെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈ നഗരത്തിൽ ഈയിടെയുണ്ടായ പ്രളയം എത്രപെട്ടെന്നാണ് മനുഷ്യജീവിതത്തെ മാറ്റിമറിച്ചത്‌! ആർത്തലച്ചുയരുന്ന വെള്ളത്തിനു നടുവിൽ ഒരു തുള്ളി കുടിനീരിനായ്‌ കൈ നീട്ടേണ്ടി വരുന്ന നിസ്സഹായാവസ്ഥ! ആർക്കും വന്നു പെട്ടേക്കാവുന്ന ദുരന്തങ്ങൾ! ഇത്തരത്തിൽ വെള്ളപ്പൊക്കം, വരൾച്ച, ഭൂചലനങ്ങൾ, രോഗം, പട്ടിണി, കടബാധ്യതകൾ, അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മനസ്സുനീറുന്നവർ നിരവധി! ഇത്തരം ആളുകൾക്ക്‌ നേരെ നാം കണ്ണുതുറക്കണം. സമ്പാദിക്കാനും കരുതിവെക്കാനും കൊതിയുള്ളപ്പോഴാണ് നാം മറ്റുള്ളവർക്ക്‌ വേണ്ടി എഴുനേറ്റു നിൽക്കേണ്ടത്‌.

 ഒരാൾ തിരുനബി (സ)യോട്‌ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരേ, ഏതുതരം ദാനമാണു കൂടുതൽ പ്രതിഫലം നേടിത്തരുക?" പ്രവാചകൻ (സ) പറഞ്ഞു : "നിങ്ങൾ ആരോഗ്യവാനും പണത്തിനു ആവശ്യമുള്ളവനുമായിരിക്കെ നൽകുന്ന ദാനം. അപ്പോൾ ദാരിദ്ര്യത്തെ നിങ്ങൾ ഭയക്കുന്നുണ്ടാവാം. ധനികനായിത്തീരണമെന്ന ആഗ്രഹവും പ്രതീക്ഷയും നിങ്ങൾക്കുണ്ടാവാം. മരണം ആസന്നമാകുന്നതുവരെ ദാനം ചെയ്യാനുള്ളത്‌ നിങ്ങൾ നീട്ടിവെക്കരുത്‌......" (ബുഖാരി) യുവത്വത്തെ സക്രിയമായി ഉപയോഗിക്കാനുള്ള ആഹ്വാനമാണ് ഈ പ്രവാചകവചനം നമ്മെ പഠിപ്പിക്കുന്നത്‌. ജീവിതം ഇരുളടഞ്ഞു പോയവർക്ക്‌ മുമ്പിൽ ഒരു മെഴുകുതിരിയായ്‌ ജ്വലിച്ചു നിൽക്കാൻ നമുക്ക്‌ കഴിയണം. 'ഭൂമിയിലുള്ളവർക്ക്‌ നേരെ കണ്ണ് തുറക്കുന്നവർക്ക്‌ മാത്രമേ ആകാശത്തുള്ളവൻ കണ്ണ് തുറക്കുകയുള്ളൂ' എന്ന മതത്തിന്റെ അകപ്പൊരുൾ അന്വർത്ഥമാക്കി കാലത്തിന്റെ മുമ്പിൽ നടക്കാൻ നാം കരുത്തരാവുക.

 By ഇബ്രാഹിം പാലത്ത്‌ @ ISM യൂത്ത്സമ്മിറ്റ് ഉപഹാരം

Popular ISLAHI Topics

ISLAHI visitors