താടിയുടെ മഹത്വം

ഒരു വ്യക്തിയെ സ്വർഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: "അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കർമങ്ങളിലേക്കുമാണ്‌." (മുസ്‌ലിം). നമ്മുടെ കർമങ്ങൾ അല്ലാഹു സ്വീകരിക്കണമെങ്കിൽ മനസ്സുകൾ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കർമങ്ങൾ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയിൽനിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണർത്തുന്നുണ്ട്‌: "തീർച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവൻ പരാജയപ്പെടുകയും ചെയ്‌തു." (അശ്ശംസ്‌ 9,10). മൂസാനബി(അ) അല്ലാഹുവോട്‌ പ്രാർഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: "നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നൽകേണമേ?" (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. "നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?" (ശര്‍ഹ്‌ 1).

ഒരാളെ സ്വർഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സൽകർമങ്ങളും മനശ്ശുദ്ധിയും നിലനിർത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങൾ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവർ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാൽ താടിയുടെ പിന്നിൽ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തിൽ വന്നതിനാൽ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. താടി വളർത്താൻ കൽപിച്ച ഹദീസും മുടിക്ക്‌ ചായം കൊടുക്കാൻ കൽപിച്ച ഹദീസും ഒരേ പദവിയിലുള്ളതും രണ്ടും സ്വഹാബികളോടായി നബി(സ) പറഞ്ഞതും ഇമാം ബുഖാരി റിപ്പോർട്ടു ചെയ്‌തിട്ടുള്ളതാണ്‌. ഇബ്‌നുഉമർ (റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിച്ചു: ``നിങ്ങൾ ബഹുദൈവ വിശ്വാസികൾക്ക്‌ വിരുദ്ധരാവുക. താടി സമ്പൂർണമാക്കുക.'' (ബുഖാരി). നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പ്രസ്‌താവിച്ചു: ``നിശ്ചയമായും യഹൂദികളും നസ്വാറാക്കളും മുടിക്ക്‌ ചായം കൊടുക്കാറില്ല. നിങ്ങൾ (ചായംകൊടുത്ത്‌) അവർക്കെതിരാകണം'' (ബുഖാരി). ഈ രണ്ടു ഹദീസുകളും ഒരേ നിലയിലുള്ളതാണ്‌. ഒന്നാമത്തെ ഹദീസില്‍ മുശ്‌രിക്കുകൾക്ക്‌ വിരുദ്ധമായി താടി വളർത്താനും രണ്ടാമത്തെ ഹദീസില്‍ യഹൂദീ-നസ്വാറാക്കൾക്കു വിരുദ്ധരായി മുടിക്ക്‌ ചായംകൊടുക്കാനും കൽപിക്കുന്നു.

രണ്ടു കൽപനകളും നിർബന്ധമായ കൽപനകളല്ലെന്ന്‌ രണ്ടാമത്തെ ഹദീസിന്റെ വ്യാഖ്യാനം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഇബ്‌നുഹജർ (റ) രേഖപ്പെടുത്തുന്നു: ``അലി(റ) ഉബയ്യുബ്‌നു കഅ്‌ബ്‌(റ), സലമതുബ്‌നുല്‍ അക്‌വഅ്‌(റ), അനസ്‌(റ) എന്നിവരും ഒരു സംഘം സ്വഹാബികളും മുടിക്ക്‌ ചായംപൂശുക എന്നത്‌ ഒഴിവാക്കിയിരുന്നു'' (ഫത്‌ഹുല്‍ബാരി 13:359). യഹൂദീ നസ്വാറാക്കാള്‍ക്കു വിരുദ്ധമായി നിങ്ങൾ മുടിക്ക്‌ ചായം കൊടുക്കണം എന്ന ബുഖാരിയുടെ ഹദീസ്‌ നിർബന്ധ കൽപനയല്ലെന്ന്‌ ഇതിൽനിന്ന്‌ മനസ്സിലാക്കാം. മറിച്ച്‌ മുസ്‌ലിംകളെ തിരിച്ചറിയാനുള്ള ഒരു പ്രോത്സഹനം എന്ന നിലയിൽ പറഞ്ഞതാണ്‌. നിർബന്ധമായിരുന്നെങ്കിൽ മേൽപറഞ്ഞ സ്വഹാബിമാർ ചായം കൊടുക്കൽ ഒഴിവാക്കുമായിരുന്നില്ല. അതേ വിധി തന്നെയാണ്‌ ബുഖാരിയുടെ മുശ്‌രിക്കുകൾക്ക്‌ വിരുദ്ധമായി നിങ്ങൾ താടി സമ്പൂർണമാക്കണം എന്നുപറഞ്ഞ ഹദീസിനുമുള്ളത്‌. താടി വടിച്ചുകളയൽ ഹറമാണെങ്കിൽ മുടിക്ക്‌ ചായം കൊടുക്കാതിരിക്കലും ഹറാമാകണം. കാരണം നബി(സ)യുടെ കൽപന മുടിക്ക്‌ ചായം കൊടുക്കാനാണ്‌. മേൽ ഹദീസിനെ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``ഇയാദ്വ്‌ (റ) പ്രസ്‌താവിച്ചു: താടി വടിച്ചുകളയലും ഇല്ലായ്‌മ ചെയ്യലും കറാഹത്താണ്‌ (ഉത്തമമല്ലാത്തത്‌)'' (ഫത്‌ഹുല്‍ബാരി 13:351). ശാഫിഇ മദ്‌ഹബിൽ കറാഹത്തിന്‌ ഉത്തമമല്ല എന്നർഥമാണ്‌. അഥവാ സുന്നത്തിനെതിരാണ്‌ എന്നു മാത്രം. അപ്പോൾ താടി വടിച്ചുകളയൽ ഹറാമല്ല എന്നാണ്‌ ഇബ്‌നുഹജർ (റ) ഉദ്ധരിക്കുന്നത്‌.

 ഹറാമിന്റെയും ഹലാലിന്റെയും വിഷയത്തിൽ ഒരിക്കലും പണ്ഡിതാഭിപ്രായം സ്വീകരിക്കാൻ ഖുർആനും സുന്നത്തും അനുവദിക്കുന്നില്ല. കാരണം ഹലാലും ഹാറാമും വേർതിരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വിശുദ്ധഖുർആനും നബിചര്യയുമാണ്‌. അല്ലാഹു പറയുന്നു: ``തീർച്ചയായും നിങ്ങളുടെ മേൽനിഷിദ്ധമാക്കിയതെല്ലാം നിങ്ങൾക്ക്‌ വിശദീകരിച്ചുതന്നിട്ടുണ്ട്‌'' (അൻആം 119). നബി(സ) പറയുന്നു: ``അനുവദനീയം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അനുവദിച്ചിട്ടുള്ളവയാണ്‌. നിഷിദ്ധം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ നിഷിദ്ധമാക്കിയിട്ടുള്ളവയാണ്‌. ഹലാലോ ഹറാമോ എന്ന വിഷയത്തിൽ അവൻ നിശ്ശബ്‌ദത പാലിച്ച കാര്യങ്ങൾ നിങ്ങൾക്കവൻ വിട്ടുവീഴ്‌ച ചെയ്‌തുതന്നിരിക്കുന്നു.'' (തിർമിദി, ഇബ്‌നുമാജ, ഹാകിം) അല്ലാഹു ഒരു കാര്യം ഹലാലാക്കുകയോ ഹറാമാക്കുകയോ ചെയ്‌താൽ അത്‌ വിശുദ്ധ ഖുർആനിലുണ്ടാകും എന്നാണ്‌ അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്‌. താടിയെ സംബന്ധിച്ച്‌ വിശുദ്ധ ഖുർആനിൽ വന്ന പരാമർശം മൂസാനബി(അ) ഹാറൂന്‍ നബി(അ)യുടെ താടിയും തലയും പിടിച്ചുവലിച്ച സംഭവം മാത്രമാണ്‌ (സൂറതുത്ത്വാഹ). അല്ലാതെ താടി നിർബന്ധമാണെന്നോ അതെടുത്തു കളയൽ നിഷിദ്ധമാണെന്നോ ഖുര്‍ആനിൽ ഒരിടത്തുമില്ല. തെളിവില്ലാതെ ഹറാമും ഹലാലുമാക്കുന്നതിനെ അല്ലാഹു ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ``നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്‌ ഹലാലാണ്‌, ഇത്‌ ഹറാമാണ്‌ എന്നിങ്ങനെ നിങ്ങൾ നുണ പറയരുത്‌. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ നുണ കെട്ടിച്ചമക്കാൻ വേണ്ടിയത്രെ ഇത്‌. തീർച്ചയായും അല്ലാഹുവിന്റെ പേരിൽ നുണകെട്ടിച്ചമയ്‌ക്കുന്നവർ വിജയിക്കുകയില്ല.'' (നഹ്‌ല്‍ 116)

താടി വളർത്തൽ നിർബന്ധമാണെന്നും അത്‌ വടിച്ചുകളയൽ നിഷിദ്ധമാണെന്നുമുള്ള വാദം മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷവും അംഗീകരിക്കാത്തത്‌ അതിന്‌ വ്യക്തമായ രേഖയില്ലാത്തതുകൊണ്ടാണ്‌. താടി വളർത്തൽ പ്രബലമായ സുന്നത്തോ സാധാരണ സുന്നത്തോ ആയിട്ടുള്ള നിലയിലാണ്‌ മുസ്‌ലിംകൾ പരിഗണിച്ചുവരുന്നത്‌. ഹറാമാണെങ്കിൽ താടിയില്ലാത്തവന്റെ നമസ്‌കാരം പോലും അല്ലാഹു സ്വീകരിക്കുന്നതല്ല. കാരണം ലഹരി ഉപയോഗിച്ചും സ്വർണചെയിൻ അണിഞ്ഞും നമസ്‌കരിക്കുന്ന പുരുഷന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ലല്ലോ. താടി നിർണായകമാക്കി തീവ്രത പുലർത്തലും താടിയിൽ ഒന്നുമില്ല എന്നു പറഞ്ഞു നിസ്സാരപ്പെടുത്തലും ദീനിന്‌ ഗുണകരമല്ല. നബി(സ)യുടെ എല്ലാ കല്‌പനകളും നിർബന്ധമോ, വിരുദ്ധം പ്രവർത്തിക്കൽ ഹറാമോ അല്ല.

 By പി കെ മൊയ്‌തീൻ സുല്ലമി

ബിദ്‌അത്ത്‌ - ഉത്‌ഭവവും വ്യാപനവും

 ശൈഖുൽ  ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: "വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂൽ  (സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: "എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.'' 

ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു.

പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌. ശൈഖുൽ  ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: "നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌. ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. "ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല" എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുകയാണ്‌ ബിദ്‌അത്തിലും പിഴവിലും അകപ്പെടുന്നതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: "ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിമ്പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ചുകളയും" [അദ്ധ്യായം 6 അൻആം 153]. നബി(സ) അത്‌ ഇങ്ങനെ വ്യക്തമാക്കി:- "ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി ഞങ്ങള്‍ക്ക്‌ ഒരു വര വരച്ചുതന്നു. തുടര്‍ന്നു പറഞ്ഞു: "ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം." പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു: "ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌." തുടര്‍ന്ന്‌ അദ്ദേഹം മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യമോതി." അപ്പോള്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ആരെങ്കിലും മുഖം തിരിച്ചാല്‍ പിഴപ്പിക്കുന്ന വഴികളും പുത്തന്‍ ബിദ്‌അത്തുകളും അവനോട്‌ പിടിവലി നടത്തും.

താഴെ പറയുന്ന കാര്യങ്ങളാലാണ്‌ ബിദ്‌അത്തുകള്‍ ജന്മമെടുക്കുക:-

 1. മതനിയമങ്ങളെപ്പറ്റിയുള്ള അജ്ഞത 

 കാലം മുന്നോട്ടുപോവുകയും റസൂലിന്റെ കാലടിപ്പാടുകളില്‍ നിന്ന്‌ ജനങ്ങള്‍ അകലുകയും ചെയ്‌ത ക്രമത്തില്‍ വിജ്ഞാനം കുറയുകയും അജ്ഞത വ്യാപിക്കുകയും ചെയ്‌തു. റസൂല്‍(സ) ഇത്‌ വ്യക്തമാക്കിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: "എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസം അവന്‍ കാണും.'' റസൂല്‍ ഇപ്രകാരവും പറഞ്ഞു: "അല്ലാഹു ഇല്‍മിനെ പിടിച്ചുകൊണ്ടുപോവുക ജനങ്ങളില്‍ നിന്ന്‌ അതിനെ തട്ടിയെടുത്തല്ല. മറിച്ച്‌ പണ്ഡിതന്മാരെ പിടിച്ചുകൊണ്ടുപോവുക മുഖേനയാണ്‌. അങ്ങനെ അവന്‍ ഒരു പണ്ഡിതനെയും ബാക്കിവെക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ ആളുകളെ നേതാക്കളാക്കും. അവരോട്‌ ആളുകള്‍ ചോദിക്കും. അവര്‍ വിവരമില്ലാതെ ഫത്‌വാ നല്‌കും. അങ്ങനെ അവർ  പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അപ്പോൾ  ഇല്‍മും ഉലമാക്കളും ഇല്ലാതാകുമ്പോൾ  ബിദ്‌അത്തുകള്‍ക്ക്‌ രംഗത്തുവരാനും അതിന്റെ ആളുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനും സൗകര്യമാകും.'' 

 2. തന്നിഷ്‌ടം പിമ്പറ്റുക 

 കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മുഖം തിരിക്കുന്നവന്‍ പിന്നെ അവന്റെ തന്നിഷ്‌ടത്തെയാണ്‌ പിമ്പറ്റുക. അല്ലാഹു പറയുന്നു: ``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഇടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു 45:23). ബിദ്‌അത്തുകള്‍ തന്നിഷ്‌ടത്തിന്റെ സൃഷ്‌ടിയാണ്‌.

 3. ചില അഭിപ്രായങ്ങളോടും ആളുകളോടുമുള്ള പക്ഷപാതിത്വം 

 ഇത്‌ തെളിവുകള്‍ പരിശോധിച്ചു സത്യം കണ്ടെത്തുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനെ പിമ്പറ്റുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: 'എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികരെ എന്തൊന്നിലാണോ കണ്ടിട്ടുള്ളതെങ്കില്‍ അതിനെയാണ്‌ പിമ്പറ്റുക'.'' (വി.ഖു 2:170). ചില മദ്‌ഹബുകളും സ്വൂഫിസവും പിമ്പറ്റുന്നവരും ഖബ്‌ര്‍ ആരാധകരുമായ പക്ഷപാത ചിന്താഗതിക്കാരുടെ നിലപാട്‌ ഇതാണ്‌. സുന്നത്ത്‌ പിമ്പറ്റേണമെന്നും ഇതിനു വിരുദ്ധമായി ഇവര്‍ സ്വീകരിച്ചുവരുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇവരോട്‌ പറഞ്ഞാല്‍ മദ്‌ഹബിന്റെയും മശാഇഖിന്റെയും പൂര്‍വികരുടെയും പേര്‌ പറഞ്ഞ്‌ വാദിക്കുകയാണ്‌ അവര്‍ ചെയ്യുക.

 4. അവിശ്വാസികളെ അനുകരിക്കൽ 

 ഇതാണ്‌ മനുഷ്യരെ ബിദ്‌അത്തുകളില്‍ വീഴ്‌ത്തുന്ന ഏറ്റവും ചീത്തയായ കാര്യം. ഇതിനുദാഹരണം അബൂവാഖിദില്ലൈസി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ വിവരിച്ച സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ റസൂലിന്റെ(സ) കൂടെ ഹുനൈനിലേക്ക്‌ പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെയും കുഫ്‌റിലായിരുന്നു. മുശ്‌രിക്കുകള്‍ക്ക്‌ ഒരു നബ്‌ഖ്‌ മരമുണ്ട്‌. അവര്‍ അതിനടുത്ത്‌ ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു. 'ദാത്തുഅന്‍വാത്ത്‌' എന്നാണ്‌ ഈ മരത്തെ വിളിക്കുക. അങ്ങനെ ഒരു നബ്‌ഖ്‌ മരത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'അവര്‍ക്ക്‌ ദാത്തുഅന്‍വാത്ത്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തുഅന്‍വാത്ത്‌ ഏര്‍പ്പെടുത്തണം തിരുമേനീ'. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: "ഇത്‌ പൂര്‍വികരുടെ സമ്പ്രദായമാണ്‌. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ ബനൂഇസ്‌റാഈല്‍ മൂസായോട്‌ പറഞ്ഞതുപോലെ പറയുകയാണ്‌: 'അവര്‍ക്ക്‌ ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ വെച്ചുതരൂ!' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്‌. നിങ്ങളുടെ മുമ്പുള്ളവരുടെ നടപടിക്രമങ്ങള്‍ നിങ്ങള്‍ പിമ്പറ്റുകതന്നെ ചെയ്യും'. (തിര്‍മിദി).

 കാഫിറുകളെ അനുകരിച്ചതുകൊണ്ടാണ്‌ ബനൂഇസ്‌റാഈലും നബിയുടെ അനുയായികളില്‍ ചിലരും അവരുടെ നബിയോട്‌ ഈ ചീത്ത ആവശ്യം- അല്ലാഹുവിനെ കൂടാതെ അവര്‍ക്ക്‌ ആരാധിക്കാനും ബര്‍കത്ത്‌ തേടാനും ഇലാഹുകളെ വെച്ചുതരിക- ഉന്നയിച്ചത്‌. ഇത്‌ തന്നെയാണ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിംകളില്‍ അധികപേരും ശിര്‍ക്കും ബിദ്‌അത്തും പ്രവര്‍ത്തിക്കുന്നതില്‍ കാഫിറുകളെ അനുകരിക്കുകയാണ്‌. ജന്മദിനാഘോഷം, ചില പ്രത്യേക കര്‍മങ്ങള്‍ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും നിശ്ചയിക്കുക, മതചടങ്ങുകളും അനുസ്‌മരണങ്ങളും ആഘോഷിക്കുക, പ്രതിമകളും സ്‌മാരകങ്ങളും സ്ഥാപിക്കുക, ചരമദിനങ്ങള്‍ ആഘോഷിക്കുക, മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ബിദ്‌അത്തുകള്‍, ഖബ്‌റുകള്‍ക്കു മുകളിലെ കെട്ടിടനിര്‍മാണം തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്‌.

 By ശൈഖ്‌ സ്വാലിഹ്‌ ഫൗസാൻ 

Popular ISLAHI Topics

ISLAHI visitors