കണ്ണേറും പിരാക്കും

ഒരാളുടെ നോട്ടം കാരണം മറ്റൊരാളുടെ വിലപിടിച്ച വസ്‌തു നശിക്കുമെന്നോ നാക്കുകൊണ്ടുള്ള ശാപം കാരണം മറ്റൊരാളുടെ വസ്‌തുവിന്‌ കേടുപാടുകൾ സംഭവിക്കുമെന്നോ വിശ്വസിച്ചുപോരുന്നവരാണ്‌ വിവിധ മതങ്ങളിൽപെട്ട ബഹുഭൂരിപക്ഷം ആളുകളും. നോട്ടം കാരണത്താൽ സംഭവിക്കുന്ന നാശത്തിന് `കണ്ണേറ്‌' എന്നും നാക്കുകൊണ്ടുള്ള നാശത്തിന്‌ `പിരാക്ക്‌' എന്നും പറയപ്പെടുന്നു. ഇത്തരം കാര്യങ്ങൾ വിശുദ്ധ ഖുർആനിനും സാമാന്യബുദ്ധിക്കും അനുഭവ സത്യങ്ങൾക്കും വിരുദ്ധമാണ്‌. അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങൾക്കതീവുമായ നിലയിൽ മനുഷ്യന്‌ നന്മയും തിന്മയും ചെയ്യാൻ അല്ലാഹു ഒരു കണ്ണിനും നാക്കിനും കഴിവു നൽകിയിട്ടില്ല. അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങൾക്കതീതവുമായ നിലയിൽ ഖൈറും ശർറും വരുത്താൻ അല്ലാഹുവിന്‌ മാത്രമേ സാധിക്കൂ. ഖൈറും ശർറും (അദൃശ്യമായ നിലയിൽ) വരുത്തിവെക്കുന്നത്‌ അല്ലാഹുവാണെന്നത്‌ ഈമാനിന്റെ ആറു കാര്യങ്ങളിൽ ഒന്നാണ്‌. ആ വിശ്വാസം കണ്ണേറും പിരാക്കും യാഥാർഥ്യമാണെന്ന്‌ വിശ്വസിക്കുന്നതിന്‌ എതിരാണ്‌.

അല്ലാഹു ഈ ലോകത്തുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതും നടപ്പിൽ വരുത്തുന്നതും രണ്ടു വിധത്തിലാണ്‌.

ഒന്ന്‌ : മനുഷ്യരടക്കമുള്ള സൃഷ്‌ടികൾ മുഖേന. ഉദാഹണത്തിന്‌ ഒരാളുടെ കയ്യാൽ മറ്റൊരാൾ വധിക്കപ്പെടുന്നു. അതുപോലെ ഒരാളുടെ കയ്യാൽ മറ്റൊരാൾ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നു. ഇവ രണ്ടും സംഭവിക്കുന്നത്‌ ദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങൾക്ക്‌ അധീനവുമായിട്ടാണ്‌.

രണ്ട്‌ : അല്ലാഹു നേരിട്ട്‌ നടപ്പിൽ വരുത്തുന്ന കാര്യങ്ങൾ. മഴ പെയ്യാൻ സാധ്യതയില്ലാത്ത സന്ദർഭങ്ങളിൽ മഴ നൽകി അനുഗ്രഹിക്കുന്നതും നാം വിചാരിക്കാത്ത വിധം മഴ വർഷിച്ച്‌ നാശം സംഭവിക്കുന്നതും സർവ സാധാരണമാണ്‌. ഒന്നാമത്‌ പറഞ്ഞ മനുഷ്യർ മുഖേന അല്ലാഹു നടപ്പിൽ വരുത്തുന്ന കാര്യങ്ങൾ ദൃശ്യവും കാര്യകാരണ ബന്ധങ്ങൾക്കധീനവുമാണെങ്കിൽ അല്ലാഹു നേർക്കുനേരെ നടപ്പിൽ വരുത്തുന്ന കാര്യങ്ങൾ അദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങൾക്കധീതവുമായിട്ടാണ്‌.

അല്ലാഹു പറയുന്നു : "(നബിയേ), താങ്കൾക്ക്‌ അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുന്ന പക്ഷം അത്‌ നീക്കംചെയ്യാൻ അനവല്ലാതെ മറ്റാരുമില്ല. നിനക്ക്‌ അവൻ വല്ല ഗുണവും വരുത്തുന്ന പക്ഷം അവൻ എല്ലാ കാര്യത്തിലും കഴിവു ള്ളവനാകുന്നു.'' (അന്‍ആം17). "നിനക്ക്‌ അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുന്ന പക്ഷം അത്‌ നീക്കംചെയ്യാൻ അവനൊഴികെ ഒരാളുമില്ല. അവൻ നിനക്ക്‌ വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാൾക്കും സാധ്യമല്ല.'' (യൂനുസ്‌ 107).  "എനിക്ക്‌ വല്ല ഉപദ്രവവും വരുത്താൻ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവർക്ക്‌ (അല്ലാഹു അല്ലാത്തവർക്ക്‌) അവന്റെ ഉപദ്രവം നീക്കം ചെയ്യാൻ സാധിക്കുമോ? അല്ലെങ്കിൽ അവൻ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാനുദ്ദേശിച്ചാൽ അവർക്ക്‌ അവന്റെ അനുഗ്രഹം പിടിച്ചുവെക്കാൻ കഴിയുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേൽപിക്കുന്നവർ ഭരമേൽപിക്കുന്നത്‌.''(സുമര്‍ 38).

നബി(സ) പറഞ്ഞതായി ഇബ്‌നുഅബ്ബാസ്‌(റ) പ്രസ്‌താവിക്കുന്നു: "നീ വല്ലതും ചോദിക്കുന്ന പക്ഷം അല്ലാഹുവോട്‌ ചോദിക്കുക. സഹായം തേടുന്ന പക്ഷം അല്ലാഹുവോട്‌ സഹായം തേടുക. നീ ഒരു കാര്യം മനസ്സിലാക്കണം. നിനക്ക്‌ ഏതെങ്കിലും നിലയിൽ ഒരു ഉപകാരം ചെയ്യണം എന്ന്‌ ലോകത്തുള്ള മുഴുവൻ സമൂഹവും ഉദ്ദേശിച്ചാൽപോലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക്‌ ഒരു ഉപകാരവും ചെയ്യാൻ ആർക്കും സാധ്യമാകുന്നതല്ല. മുഴുവൻ ജനങ്ങളും നിന്നെ ദ്രോഹിക്കാൻ  വേണ്ടി ഒരുമിച്ചുകൂടിയാലും ശരി അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ യാതൊരുവിധ ദ്രോഹവും വരുത്താനും ആർക്കും സാധ്യമല്ല'' (തിര്‍മിദി).

ഇമാം ഇബ്‌നു കസീർ (റ) രേഖപ്പെടുത്തുന്നു: ``തീർച്ചയായും നന്മയും തിന്മയും ഉപകാരവും ഉപദ്രവവും മടങ്ങുന്നത്‌ (സംഭവിക്കുന്നത്‌) അല്ലാഹുവിങ്കലേക്കാണ്‌. അതൊക്കെ വരുത്തിവെക്കുന്നത്‌ അവൻ മാത്രമാണ്‌. അവനതിൽ യാതൊരു പങ്കുകാരനുമില്ല.'' (2:434)

കണ്ണേറും നാക്കേറും ഫലിക്കും എന്ന അന്ധവിശ്വാസത്തെ പിഴുതെറിയുന്നതാണ്‌ നമസ്‌കാരശേഷമുള്ള പ്രാർഥന : "അല്ലാഹുവേ, നീ നൽകിയതിനെ തടുത്തു നിർത്തുന്നതോ, നീ തടഞ്ഞതിനെ നൽകുന്നതോ ആയിട്ടുള്ള യാതൊരു ശക്തിയുമില്ല. മഹത്വമുള്ളവന്റെ മഹത്വം നിന്റെയടുക്കൽ പ്രയോജനം ചെയ്യുന്നതല്ല'' (ബുഖാരി മുസ്‌ലിം). അല്ലാഹു ഒരാൾക്ക്‌ അനുഗ്രഹം നല്‌കാൻ ഉദ്ദേശിച്ചാലോ ഒരനുഗ്രഹം തടയാൻ ഉദ്ദേശിച്ചാലോ നൽകിയത്‌ തടയാനോ അവൻ തടഞ്ഞുവെച്ചത്‌ നൽകാനോ ഒരു കണ്ണിനും നാക്കിനും സാധ്യമല്ലെന്ന്‌ മേൽ വചനങ്ങൾ സംശയത്തിനിടവരുത്താത്ത വിധം വ്യക്തമാക്കുന്നു.

 കണ്ണേറും പിരാക്കും ഒന്നുതന്നെയാണ്‌. ഒന്ന്‌ കണ്ണുകൊണ്ടും മറ്റൊന്ന്‌ നാക്കുകൊണ്ടും എന്ന വ്യത്യാസം മാത്രം. രണ്ടിന്റെയും ഫലം ഒന്നുതന്നെ. കാര്യകാരണ ബന്ധത്തിന്നതീതമായും അഭൗതിക നിലയിലും കണ്ണിനും നാക്കിനും നാശമുണ്ടാക്കാൻ കഴിവുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇത്‌ മുഅ്‌ജിസത്തിനും കറാമത്തിനും അർഹരായ അമ്പിയാ ഔലിയാക്കൾക്കാണെങ്കിൽ സമ്മതിക്കാം. കാരണം അവരുടെ കണ്ണിനും നാക്കിനും അല്ലാഹു ചിലപ്പോൾ അമാനുഷികമായ കഴിവുകൾ നൽകിയേക്കാം. ഇവിടെ ചാത്തനായാലും കമ്മദായാലും വർഗീസായാലും കണ്ണേറും പിരാക്കും തട്ടും എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ഖൈറും ശർറും (അദൃശ്യമായ നിലയിൽ) വരുത്തിവെക്കുന്നത്‌ അല്ലാഹുവാണെന്ന വിശ്വാസത്തിന് എതിരാണിത്‌. ഈ വിഷയത്തിലുള്ള ഹദീസുകൾ നോക്കാം :

1. ജിബ്‌രീൽ (അ) നബി(സ)യോട്‌ പറയുകയുണ്ടായി: "താങ്കളെ ദ്രോഹിക്കുന്ന എല്ലാ വസ്‌തുക്കളിൽ നിന്നും എല്ലാ മനുഷ്യരുടെയും തിന്മയിൽ നിന്നും അല്ലെങ്കിൽ അസൂയ നിറഞ്ഞ കണ്ണിൽ നിന്നും (രക്ഷക്കുവേണ്ടി) താങ്കളിൽ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ മന്ത്രപ്രാർഥന നടത്തുന്നു.'' (മുസ്‌ലിം 7:424) 

2. അബൂഹുറൈറ (റ) പ്രസ്‌താവിച്ചു : "കണ്ണേൽക്കുക എന്നത്‌ സത്യമാണ്‌. ശൈത്വാൻ അതിനെ ഹാജറാക്കുന്നു. മനുഷ്യന്റെ അസൂസയും സത്യമാണ്‌.'' (അഹ്‌മദ്‌, ഫത്‌ഹുല്‍ബാരി 13:107)

 ഈ രണ്ട്‌ ഹദീസുകളിലും പ്രതിപാദിച്ച ഒരു കാര്യമാണ്‌ അസൂയ. ആദ്യത്തെ ഹദീസിൽ അസൂയ നിറഞ്ഞ കണ്ണിൽ നിന്നും രക്ഷതേടുന്നു. രണ്ടാമത്തെ ഹദീസിൽ അസൂയയുള്ള മനുഷ്യനിൽ നിന്നും രക്ഷ തേടേണ്ടതുണ്ട്‌ എന്ന സൂചനയുണ്ട്‌. അപ്പോൾ ഇവിടെ കണ്ണേറ്‌ എന്ന്‌ പരിഭാഷപ്പെടുത്തി വരുന്നത്‌ `അസൂയ വെച്ചുകൊണ്ടുള്ള നോട്ട'ത്തിനാണ്‌. അല്ലാതെ കേവലം കണ്ണും നാക്കും ഉപയോഗിച്ച്‌ മറ്റൊരാളെ `എറിയു'ന്നതിനല്ല. അത്‌ മനുഷ്യബുദ്ധിക്ക്‌ ഗ്രഹിക്കാനും സാധ്യമല്ല. കണ്ണേറുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ അസൂയയാണ്‌. ഒരു വ്യക്തിക്ക്‌ അല്ലാഹു നൽകിയ അനുഗ്രഹത്തിലുള്ള അസന്തുഷ്‌ടി. ആ അസന്തുഷ്‌ടി നോട്ടത്തിലൂടെ അവൻ പ്രകടിപ്പിക്കുന്നു എന്നു മാത്രം. കണ്ണേറ്‌ എന്നത്‌ ഒരു ഭാഷാപ്രയോഗം മാത്രമാണ്‌. 'കണ്ണുകടി' എന്ന പ്രയോഗം പോലെ. കണ്ണിന്‌ ചൊറിച്ചിലോ കടച്ചിലോ ഉണ്ടാകുന്നതിനല്ല അത്‌ പ്രയോഗിച്ചുവരുന്നത്‌. മറിച്ച്‌ അസൂയക്കാണ്‌. കണ്ണേറുകൊണ്ട്‌ ലക്ഷ്യമാക്കുന്നതും അസൂയയാണ്‌.

ഇബ്‌നുഹജർ (റ) പറയുന്നു: "അവന്റെ നോട്ടത്തിന്റെ ലക്ഷ്യം അസൂയയും അല്ലാഹു നൽകിയ അനുഗ്രഹം ഇല്ലായ്‌മ ചെയ്യുക എന്നതു മാത്രമാണ്‌." (ഫത്‌ഹുല്‍ബാരി 13:116). ഇത്തരം അസൂയാലുക്കളുടെ ശർറ്‌ നീങ്ങിക്കിട്ടാനാണ്‌ പ്രാർഥനാ മന്ത്രം നടത്താൻ കൽപിക്കപ്പെട്ടത്‌. അതിൽ നിന്നും മറ്റും മോചനം ലഭിക്കാനാണ്‌ സൂറത്തുൽ ഫലഖും സൂറത്തുന്നാസും അവതരിപ്പിക്കപ്പെട്ടത്‌. സൂറതുൽ ഫലഖിലെ അവസാനവചനം ഇപ്രകാരമാണ്‌: "അസൂയാലു അസൂയപ്പെടുമ്പോൾ അതിന്റെ തിന്മയിൽ നിന്നും (നിന്നോട്‌ ഞാൻ കാവലിനെ തേടുന്നു)'' (ഫലഖ്‌ 5). അസൂയാലു തന്റെ ശർറ്‌ ഒരു നോട്ടം കൊണ്ട്‌ അവസാനിപ്പിക്കുന്നതല്ല. ഭാവിയിലും താൻ ആരോടാണോ അസൂയ കാണിക്കുന്നത്‌ അവനെ തകർക്കാൻ ശ്രമം നടത്തും. ചിലപ്പോൾ അദ്ദേഹത്തിനെതിരിൽ ആളുകളെ സംഘടിപ്പിക്കും. മറ്റു ചിലപ്പോൾ അധികാരം ഉപയോഗിച്ചുപോലും തന്റെ പ്രതിയോഗിയെ തകർക്കാൻ ശ്രമം നടത്തും. അതുകൊണ്ടാണ്‌ അത്തരം നോട്ടങ്ങൾക്കെതിരിൽ അല്ലാഹുവോട്‌ കാവലിനെ തേടാൻ നബി (സ) കൽപിച്ചത്‌.

By പി കെ മൊയ്‌തീൻ സുല്ലമി @ ശബാബ്