കൈകൾ ഉയർത്തുക

വേനൽ കടുത്തു. കുടിനീർ വറ്റി. പതിവിലും കവിഞ്ഞ ചൂട്‌. അഗോള താപനം. കാരണങ്ങളിൽ ചിലതെങ്കിലും മനുഷ്യപ്രവർത്തനം. ശാസ്ത്രം കണ്ടെത്തിപ്പറയുന്നു : 'അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ആസക്തി നിറഞ്ഞ ആഢംബര ഭ്രമവും ആഗോളതാപത്തിന് വഴിയൊരുക്കുന്നു'. മനുഷ്യർ കൈവരിച്ച നേട്ടമാണ് ശാസ്ത്ര പുരോഗതി. ജീവിതം സൗകര്യപ്രദമായി മാറുന്നു. പക്ഷേ, സമാധാനം നഷ്ടപ്പെടുകയാണ്. ജൈവ വനങ്ങൾ വെട്ടിക്കുറക്കുന്നു. കോൺഗ്രീറ്റ്‌ കാടുകൾ കൂടുന്നു. കെട്ടിടങ്ങൾക്കകത്ത്‌ ഏസികൾ പെരുകുന്നു. എണ്ണമറ്റ വാഹനങ്ങൾ വിഷപ്പുക തുപ്പുന്നു. ഇതിലപ്പുറം എന്താണ് സംഭവിക്കാനുള്ളത്‌? മുൻ കലങ്ങളിലില്ലാത്തവിധം സൂര്യതാപം മനുഷ്യനെ പിടികൂടുന്നു. പക്ഷേ, എന്തുണ്ട്‌ പരിഹാരം? ഏതു പ്രതിസന്ധികൾക്കും പരിഹാരം കാണുന്ന ശാസ്ത്ര സാങ്കേതികത തികച്ചും നിസ്സഹായമായി കൈമലർത്തുന്നു. ഒരു തുള്ളിവെള്ളം താഴേക്കിറക്കാൻ, ഉറവയാക്കാൻ മനുഷ്യനാവില്ല.

പ്രപഞ്ചനാഥന്റെ ചിന്തോദ്ദീപകമായ ഒരു ചോദ്യം വിശുദ്ധ ഖുർആൻ നമ്മുടെ മുന്നിലേക്ക്‌ ഇട്ടുതരുന്നു. "(നബിയേ) പറയുക: 'നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?'." [അദ്ധ്യായം 67 മുൽക്ക്‌ 30] 'ആരുമില്ല തമ്പുരാനേ, നീയല്ലാതെ' എന്നുമാത്രമേ മറുപടിയുള്ളൂ. ഇതാണ് വിശ്വാസിയുടെ ജീവിത ദർശനം. വിശ്വാസമില്ലാത്തവർക്കും വേറൊരു ഉത്തരമില്ല. ഇവിടെയാണ് വിനയാന്വിതനായ അടിമയുടെ താഴ്മയോടെയുള്ള പ്രാർത്ഥന. ഓരോ വിശ്വാസിയും നിരന്തരമായി മഴക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. വ്യക്തിഗതവും സാമൂഹികവുമായ ഈ ആവശ്യം മറ്റാരുടെ മുന്നിലും തുറന്നു വെക്കാനില്ല. നമസ്കാര വേളയിലും അല്ലാത്തപ്പോഴും കുടിവെള്ളത്തിന്റെ കാര്യം അല്ലാഹുവിനോട്‌ പറയുക.

 ഒരിക്കൽ നബി (സ) ജുമുഅയിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ ഒരാൾ എഴുനേറ്റുനിന്ന് പറയുന്നു : 'പ്രവാചകരേ, വരൾച്ച കൊണ്ട്‌ ഞങ്ങൾ വിഷമിക്കുന്നു. കാലികൾ ചത്തൊടുങ്ങുന്നു. അങ്ങ്‌ മഴക്കുവേണ്ടി പ്രാർത്ഥിച്ചാലും'. തിരുനബി (സ) ഉടനെ ഇരുകരങ്ങളും ഉയർത്തി പ്രാർത്ഥിച്ചു : "അല്ലാഹുവേ ഞങ്ങൾക്ക്‌ മഴ വർഷിപ്പിച്ചു തരണേ". ജുമുഅ തീരുന്നതിനു മുമ്പായി മഴ പെയ്തു. ഇത്‌ നമുക്ക്‌ മാതൃകയാക്കാം. റസൂൽ (സ) കാണിച്ചുതന്ന മറ്റൊരു മാതൃകയാണ് 'സ്വലാത്തുൽ ഇസ്തിസ്ഖാഅ്' അഥവാ മഴ തേടിക്കൊണ്ടുള്ള നമസ്കാരം. ഇമാം ജനങ്ങളോട്‌ ഉപദേശിക്കുന്നു. ശേഷം ഖിബ്‌ലക്ക്‌ നേരെ തിരിഞ്ഞ്‌ ദീർഘമായി പ്രാർത്ഥിക്കുന്നു. തുടർന്ന് ഫാതിഹയും സൂറത്തും ഉറക്കെ ഓതിക്കൊണ്ട്‌ രണ്ട്‌ റകഅത്‌ നമസ്കരിക്കുന്നു. ഇതാണ് ഇസ്തിസ്ഖാഅ്. ഒരു വശത്ത്‌ അതിശക്തനായ മനുഷ്യൻ. മറുവശത്ത്‌ നിസ്സഹായനായി കൈനീട്ടുന്നു! ഇത്‌ തന്നെയാണ് സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടികളായ മനുഷ്യരും തമ്മിലുള്ള ബന്ധം. ഇത്‌ മറക്കാതിരിക്കുക.

 📖 ശബാബ്‌ വാരിക