നന്മ ചെയ്താല്‍ പകരം നന്മ

തോട്ടം കാവല്‍ക്കാരനായ യുവാവ് ഉച്ചഭക്ഷണമായ റൊട്ടി തിന്നുകയാണ്. എവിടെനിന്നോ ഒരു നായ അവന്‍െറ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാലാട്ടി യുവാവിന്‍െറ കണ്ണിലേക്ക് ആര്‍ത്തിയോടെ നോക്കുന്നു. അവന് ദയ തോന്നി. റൊട്ടി മുറിച്ച് ഒരു കഷണം വായിലിടുമ്പോള്‍ മറ്റൊരു കഷണം നായക്ക് ഇട്ടുകൊടുക്കുന്നു. അന്നേരം ആ വഴി ഒരു യാത്രക്കാരന്‍ കടന്നുവന്നു -പ്രവാചകന്‍െറ പൗത്രന്‍ ഹസന്‍ ഇബ്നു അലി. അദ്ദേഹം രംഗം കൗതുകത്തോടെ നോക്കിനിന്നു. ‘എന്താണ് ഈ നായക്ക് റൊട്ടി കൊടുക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്?’ -ഹസന്‍ ചോദിച്ചു. ‘അത് വായിലേക്ക് നോക്കിനില്‍ക്കുന്നു. അപ്പോള്‍ അതിന് കൊടുക്കാതെ ഞാന്‍ എങ്ങനെ തിന്നും’? - മറുപടി കേട്ടയുടന്‍ ഹസന്‍ തോട്ടമുടമയുടെ വീട്ടിലേക്ക് പോയി. പണംകൊടുത്ത് അടിമയായ ആ യുവാവിനെ സ്വതന്ത്രനാക്കി. പിന്നെ തോട്ടം വിലക്കുവാങ്ങി അതവന് ദാനമായി നല്‍കി. നായ - ഇസ്ലാമിക വിധിപ്രകാരം അത് തലയിട്ട പാത്രം വൃത്തിയാകാന്‍ ഏഴുപ്രാവശ്യം കഴുകണം. ചീത്ത മനുഷ്യരെ നായയോട് ഉപമിക്കുക സാധാരണം. ഈ മിണ്ടാപ്രാണിക്ക് വിശപ്പടക്കാന്‍ റൊട്ടി കൊടുക്കുമ്പോള്‍ ആ സദ്കൃത്യം ആരെങ്കിലും കാണണമെന്ന് യുവാവ് കൊതിച്ചില്ല, പ്രതീക്ഷിച്ചതുമില്ല. മറിച്ച് നായയോട് സ്നേഹവും ദയയും തോന്നി. അതിന് വിശപ്പടക്കാന്‍ കൊടുക്കേണ്ടത് തന്‍െറ കടമയാണെന്ന് കണ്ടു.

ഒരു വിശ്വാസിയുടെ മനസ്സ് എപ്പോഴും ഇങ്ങനെയായിരിക്കണം. താന്‍ വിശപ്പടക്കുമ്പോള്‍ വിശന്നുവലയുന്നവരെപ്പറ്റി ചിന്തയുണ്ടാകണം. ‘അണുത്തൂക്കം നന്മ ആരെങ്കിലും ചെയ്താല്‍ അത് അവന്‍ കാണും’ -ഖുര്‍ആന്‍ വാഗ്ദത്തം ചെയ്യുന്നു. എന്നാല്‍, ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാള്‍ നന്മ ചെയ്യുമ്പോള്‍ ദൈവപ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും ഉള്ളിലുണ്ടാകാന്‍ പാടില്ല. മാനുഷികമായ ഒരു കടമ നിര്‍വഹിക്കുകയാണെന്ന വിചാരം മാത്രം. ഇങ്ങനെ ശുദ്ധമായ മനസ്സോടെ നന്മ ചെയ്താല്‍ നന്മ തിരിച്ചുകിട്ടുകതന്നെ ചെയ്യും. ഇഹലോകത്തും അവര്‍ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും അതിന്‍െറ സ്വാഭാവിക ഗുണം ലഭിച്ചെന്നു വരും. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഒരു ബ്രിട്ടീഷ് സമ്പന്നകുടുംബം വാരാന്ത്യ വിശ്രമത്തിനായി ഗ്രാമത്തിലെ ഒരു തോട്ടത്തിലത്തെി. കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് അടുത്തുള്ള ഒരു കുളത്തില്‍ നീന്താനിറങ്ങി. ഒരു കുട്ടി വെള്ളത്തിനടിയിലേക്ക് താഴുന്നു. തോട്ടക്കാരന്‍െറ പുത്രനായ ബാലന്‍ ഈ രംഗം കണ്ടു. അവന്‍ കുളത്തിലേക്ക് എടുത്തുചാടി കുട്ടിയെ മരണത്തില്‍നിന്ന് രക്ഷിച്ചു. കഥയറിഞ്ഞ സമ്പന്നകുടുംബത്തിന് അവന് എന്തെങ്കിലും പാരിതോഷികം കൊടുക്കണമെന്ന് നിര്‍ബന്ധം. ബാലന്‍െറ പിതാവിനോട് സംസാരിച്ചു. അവന് പഠിക്കാന്‍ വലിയ മോഹമാണ്. വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്താല്‍ മതി -അയാള്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. ആ ദരിദ്ര ബാലനാണ് പിന്നീട് വലിയ ശാസ്ത്രജ്ഞനായി മാറിയ, പെന്‍സിലിന്‍ കണ്ടുപിടിച്ച ഡോ. അലക്സാണ്ടര്‍ ഫ്ളെമിങ്! ആ ബാലന്‍ രക്ഷിച്ച കുട്ടിയാണ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഉയര്‍ന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍!

ഒരു ഭൗതിക താല്‍പര്യവുമില്ലാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക. ഇങ്ങനെ നന്മ ചെയ്യുന്നവര്‍ക്ക് ദൈവം എത്രയോ ഇരട്ടി ഗുണങ്ങള്‍ പകരമായി തരും. നന്മ പ്രവര്‍ത്തിക്കുന്നതിന്‍െറ പ്രതിഫലം നന്മയല്ലാതെ മറ്റെന്തെങ്കിലുമാണോ? -ഖുര്‍ആന്‍ ചോദിക്കുന്നു.

By മുഹമ്മദ് കുട്ടശ്ശേരി @ മാധ്യമം ദിനപത്രം 

ആത്മനിയന്ത്രണത്തിന്‍െറ വ്രതം

റമദാനിലാണ് നോമ്പ് നിര്‍ബന്ധമാക്കിയ കല്‍പന വരുന്നത്. വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണമാസത്തെയാണ് നിര്‍ബന്ധ നോമ്പിനായി അല്ലാഹു തെരഞ്ഞെടുത്തത്. മൂന്ന് ഘട്ടങ്ങളായാണ് നോമ്പ് നിര്‍ബന്ധമായി മാറിയത്. നോമ്പ് അനുഷ്ഠിക്കുകയോ അല്ലെങ്കില്‍ ഒരു അഗതിക്ക് ആഹാരം നല്‍കുകയോ ചെയ്യുക, അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമായിരുന്നു. അതായിരുന്നു ഒന്നാമത്തെ ഘട്ടം. രണ്ടാം ഘട്ടം നോമ്പ് നിര്‍ബന്ധമാണെന്ന കല്‍പനയാണ്. യാത്രക്കാരോ രോഗികളോ ആണെങ്കില്‍ ആ എണ്ണം മറ്റൊരു ദിവസം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെട്ടു. നോമ്പിന്‍െറ സ്വഭാവത്തിലുള്ള വ്യത്യാസമാണ് മൂന്നാംഘട്ടം. അല്ലാഹുവിന്‍െറ നിര്‍ദേശം വന്നത് പ്രഭാതം പൊട്ടിവിടരുമ്പോള്‍ നോമ്പ് തുടങ്ങാനും സൂര്യാസ്തമയം വരെ അത് തുടരാനുമാണ്. രാത്രിയില്‍ ആഹാരപദാര്‍ഥവും സ്ത്രീ പുരുഷ ബന്ധവും അനുവദിച്ചു. ഈ രൂപത്തിലുള്ള വ്രതാനുഷ്ഠാനമാണ് സത്യവിശ്വാസികള്‍ നിര്‍വഹിക്കേണ്ടത്.

ആത്മനിയന്ത്രണമാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. ജീവിതത്തില്‍ വീഴ്ച വന്നാല്‍ പ്രായശ്ചിത്തമായി നോമ്പ് എടുക്കണമെന്നാണ് നിര്‍ദേശം. സാമൂഹികഭദ്രത, പട്ടിണി നിര്‍മാര്‍ജനം ഇതിനെല്ലാം വ്രതം പ്രയോജനം നല്‍കും. അതുകൊണ്ടാണ് നോമ്പിന് പരിഹാരമായി ആഹാരം നല്‍കണമെന്ന നിര്‍ദേശം നല്‍കിയത്. ഹജ്ജിലെ നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ വല്ല തകരാറും സംഭവിച്ചാല്‍ നോമ്പ് എടുക്കുകയോ പാവങ്ങള്‍ക്ക് ധര്‍മം ചെയ്യുകയോ മൃഗത്തെ ബലി നല്‍കി ദാനം നല്‍കുകയോ വേണമെന്ന് നിര്‍ദേശിച്ചു. അബദ്ധത്തില്‍ കൊലപാതകം സംഭവിച്ചാലും പ്രതിജ്ഞ ലംഘിച്ചാലും ഹറമില്‍നിന്ന് വല്ല ജീവികളെയും വേട്ടയാടി വധിച്ചാലും പ്രായശ്ചിത്തമായി നോമ്പ് അനുഷ്ഠിക്കാനാണ് മതം പറയുന്നത്.

ചുരുക്കത്തില്‍, മനുഷ്യനെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രനാക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരം നല്‍കി ജീവിതസൗകര്യം നല്‍കുകയും ചെയ്യുകയെന്നതിന് വ്രതാനുഷ്ഠാനം പ്രചോദനം നല്‍കുന്നു. ശരീരവികാരമാണ് ഏറ്റവുമധികം നിയന്ത്രിക്കേണ്ടത്. വല്ലവനും നോമ്പ് അനുഷ്ഠിച്ച് ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പ് അനുഷ്ഠിക്കണമെന്നും അല്ലെങ്കില്‍ 50 പാവങ്ങള്‍ക്ക് ആഹാരം നല്‍കണമെന്നുമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഈ പ്രത്യേക നിര്‍ദേശമെല്ലാംതന്നെ പാവങ്ങളുടെ വിശപ്പ് മനസ്സിലാക്കി ആഹാരം നല്‍കാനുള്ള പ്രചോദനമാണെന്ന് വ്യക്തമാക്കുന്നു.

By സി പി ഉമർ സുല്ലമി @ മാധ്യമം ദിനപത്രം 

വ്രതം: പകരമാകില്ല, മറ്റൊന്നും

റമസാനിലെ വ്രതാനുഷ്ഠാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. പ്രവാചകാനുചരൻ അബൂഉമാമ ഒരിക്കൽ ചോദിച്ചു:‘പ്രവാചകരേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ:‘നീ വ്രതമനുഷ്ഠിക്കുക, അതിന് തുല്യമായി മാറ്റൊന്നില്ല’. അനുചരൻ വീണ്ടും: ‘മറ്റൊരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ: ‘നോമ്പെടുക്കൂ അതിനെക്കാൾ നല്ലതൊന്ന് വേറെയില്ല’. അനുചരൻ: ‘മറ്റൊന്നു കൂടി പറഞ്ഞു തരൂ’. മൂന്നാമതും പ്രവാചകൻ ആവർത്തിച്ചു: ‘വ്രതമനുഷ്ഠിക്കൂ, അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല’. ഇതാണ് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം.

മറ്റാർക്കും കണ്ടെത്താനാവാത്ത വിധം കുറ്റകൃത്യങ്ങൾ സ്വകാര്യവത്കരിക്കപ്പെട്ട ലോകമാണ് നമ്മുടേത്. സ്വകാര്യതകളിലെ പോരായ്മകൾ മറച്ചുപിടിച്ച് മറ്റൊരു മുഖവുമായാണ് മനുഷ്യരിലധികവും പുറത്തിറങ്ങുന്നത്. ഏത് ദുർമോഹവും നിമിഷവേഗം കൊണ്ട് കൈവരിക്കാനും എത്രയും നിഗൂഢമാക്കാനും വളരെ എളുപ്പം. ചീഞ്ഞുനാറുന്ന പാപങ്ങളുടെ സ്വകാര്യലോകത്തെയാണ് റമസാൻ കാര്യമായി ചികിത്സിക്കുന്നത്. അവിടെയുള്ള അഴുക്കിനെ അകറ്റുകയും ശീലങ്ങളെ മാറ്റുകയും മോഹങ്ങളെ മെരുക്കുകയും ചെയ്തുകൊണ്ട് അകവും പുറവും ശുദ്ധമാക്കി പൂർണവിശുദ്ധിയോടെ ജീവിക്കാൻ പരിശീലിപ്പിക്കുന്നു. ഭക്തിയും ശുദ്ധിയും പരസ്യമെന്നതിലേറെ രഹസ്യമാണല്ലോ! അതാണ് വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സാരവും ചൈതന്യവും.

‘നന്മ ചെയ്യുക, പ്രചരിപ്പിക്കുക; തിന്മ വർജിക്കുക, അത് പ്രതിരോധിക്കുക’ എന്നതാണ് ഇസ്‌ലാമിക ആശയങ്ങളുടെ ആകെത്തുക. തിന്മ ഉപേക്ഷിക്കുന്നതിനെക്കാൾ എളുപ്പമാണ് നന്മ ചെയ്യൽ. ആരാധനാ കർമങ്ങൾ, ദാനധർമങ്ങൾ, ഖുർആൻ പാരായണം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയവയെല്ലാം എളുപ്പമാണ്. അത്ര എളുപ്പമല്ല, നാവിനെ സൂക്ഷിക്കലും കണ്ണിനെ നിയന്ത്രിക്കലും കോപം അടക്കലും. ഇതിനു കൂടുതൽ അധ്വാനവും ശ്രമവും ആവശ്യമാണ്. അനുവദനീയമായ ഭക്ഷണവും പാനീയങ്ങളും പോലും നിശ്ചിത സമയത്തേക്കു വേണ്ടെന്നുവച്ച് ശക്തമായ പരിശീലനം നൽകി, നിഷിദ്ധമായതിലേക്ക് അടുക്കാതിരിക്കുവാനുള്ള വഴിയൊരുക്കുകയാണ് റമസാൻ വ്രതം.

 by എം.സ്വലാഹുദ്ദീൻ മദനി @ മനോരമ ദിനപത്രം 

കേട്ടതെല്ലാം സത്യമോ?

"സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു." [അദ്ധ്യായം 4 നിസാഅ് 83] 

 മനുഷ്യർ ഒട്ടേറെ കാര്യങ്ങളിൽ വൈവിധ്യം പുലർത്തുന്നതുപോലെ കാര്യഗ്രഹണത്തിലും ചിന്താശേഷിയിലും വ്യത്യസ്തത പുലർത്തുന്നുണ്ട്‌. ഒരു ക്ലാസിലോ സദസ്സിലോ പറയുന്ന ഒരു കാര്യം പലരും വിവിധ രൂപത്തിൽ മനസ്സിലാക്കാറുണ്ട്‌. കേട്ട കാര്യം മുൻപിൻ നോക്കാതെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാണാം. ചിലർ കാര്യങ്ങൾ പഠിച്ചും അന്വേഷിച്ചും മാത്രമേ മറ്റുള്ളവർക്ക്‌ കൈമാറുകയുള്ളൂ. കപട വിശ്വാസികളുടേയും ചില ദുർബലരായ മുസ്‌ലിംകളുടേയും ഒരു തെറ്റായ പ്രവണതയേയാണ് മേൽ ഖുർആനിക വചനം സൂചിപ്പിക്കുന്നത്‌. ഭയപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ എന്തെങ്കിലും കാര്യം കേട്ടാൽ അതിന്റെ യാഥാർത്ഥ്യമോ പൊരുളോ അന്വേഷിക്കാൻ തുനിയാതെ ഉടനെ അതങ്ങ്‌ പ്രചരിപ്പിച്ചു തുടങ്ങും. കാര്യങ്ങൾ കൂടുതൽ ഗൗരവത്തിൽ ചിന്തിച്ചു മനസ്സിലാക്കാൻ പ്രാപ്തിയുള്ള പ്രവാചകനോടോ തന്റേടവും ചിന്താശീലവുമുള്ള നേതാക്കളോടോ അക്കാര്യം കൂടിയാലോചിച്ച്‌ തികച്ചും യുക്തവും സത്യസന്ധവുമായ ഒരു നിലപാടാണ് അവർ കൈകൊള്ളേണ്ടത്‌. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമേ അത്‌ പ്രചരിപ്പിക്കാൻ തുനിയാവൂ.

 ആരെങ്കിലും സോഷ്യൽ മീഡിയകളിൽ ഫോർ വേഡ്‌ ചെയ്യുന്ന പല മെസേജുകളും യാഥാർത്ഥ്യം അന്വേഷിക്കാതെ മറ്റുള്ളവരുമായി പങ്കുവെക്കുന്നവർ മേൽ വചനത്തിന്റെ ഗൗരവം ഉൾക്കൊള്ളേണ്ടതുണ്ട്‌. ഊഹങ്ങളുടേയും അസത്യങ്ങളുടേയും പ്രചാരകരാവരുത്‌ മുസ്‌ലിംകൾ. അറിഞ്ഞകാര്യം ഉത്തരവാദപ്പെട്ട നേതാക്കളോടോ കാര്യപ്രാപ്തിയുള്ള വ്യക്തികളോടോ കൂടിയാലോചിച്ച്‌ സമൂഹത്തിൽ ഗുണകരമാകുന്ന തരത്തിൽ മാത്രമേ പ്രചരിപ്പിക്കാവൂ. നമുക്ക്‌ മനസ്സിലാകത്തക്കകാര്യം അറിവുള്ളവരോട്‌ ആരാഞ്ഞ്‌ മനസ്സിലുറപ്പിക്കണം. "കേട്ടതെല്ലാം പ്രചരിപ്പിക്കുന്ന സ്വഭാവം മാത്രം മതി ഒരാൾ കുറ്റവാളിയായിത്തീരാൻ" എന്ന് നബി (സ) പഠിപ്പിക്കുന്നു. ''നിങ്ങൾ ഊഹത്തിന്റെ പിന്നാലെ പോകരുത്‌. ഊഹം വലിയ കളവാകാം" എന്നു ഇസ്‌ലാമിക അധ്യാപനങ്ങളിൽ കാണാം. അസത്യവും അർദ്ധസത്യവും പ്രചരിപ്പിക്കുന്നത്‌ പിശാചിനെ സഹായിക്കലാണ്. സമൂഹത്തിൽ ദൂരവ്യാപകമായ വിപത്തുകൾ സൃഷ്ടിക്കാൻ അത്‌ കാരണമാവും. പിശാച്‌ വിജയിക്കുന്ന സാഹചര്യം ഉടലെടുക്കും. അതിനാൽ എന്ത്‌ കേട്ടാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കണം.

By പി അബ്ദു സലഫി @ പുടവ

Popular ISLAHI Topics

ISLAHI visitors