കേട്ടതെല്ലാം സത്യമോ?

"സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു." [അദ്ധ്യായം 4 നിസാഅ് 83] 

 മനുഷ്യർ ഒട്ടേറെ കാര്യങ്ങളിൽ വൈവിധ്യം പുലർത്തുന്നതുപോലെ കാര്യഗ്രഹണത്തിലും ചിന്താശേഷിയിലും വ്യത്യസ്തത പുലർത്തുന്നുണ്ട്‌. ഒരു ക്ലാസിലോ സദസ്സിലോ പറയുന്ന ഒരു കാര്യം പലരും വിവിധ രൂപത്തിൽ മനസ്സിലാക്കാറുണ്ട്‌. കേട്ട കാര്യം മുൻപിൻ നോക്കാതെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാണാം. ചിലർ കാര്യങ്ങൾ പഠിച്ചും അന്വേഷിച്ചും മാത്രമേ മറ്റുള്ളവർക്ക്‌ കൈമാറുകയുള്ളൂ. കപട വിശ്വാസികളുടേയും ചില ദുർബലരായ മുസ്‌ലിംകളുടേയും ഒരു തെറ്റായ പ്രവണതയേയാണ് മേൽ ഖുർആനിക വചനം സൂചിപ്പിക്കുന്നത്‌. ഭയപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ എന്തെങ്കിലും കാര്യം കേട്ടാൽ അതിന്റെ യാഥാർത്ഥ്യമോ പൊരുളോ അന്വേഷിക്കാൻ തുനിയാതെ ഉടനെ അതങ്ങ്‌ പ്രചരിപ്പിച്ചു തുടങ്ങും. കാര്യങ്ങൾ കൂടുതൽ ഗൗരവത്തിൽ ചിന്തിച്ചു മനസ്സിലാക്കാൻ പ്രാപ്തിയുള്ള പ്രവാചകനോടോ തന്റേടവും ചിന്താശീലവുമുള്ള നേതാക്കളോടോ അക്കാര്യം കൂടിയാലോചിച്ച്‌ തികച്ചും യുക്തവും സത്യസന്ധവുമായ ഒരു നിലപാടാണ് അവർ കൈകൊള്ളേണ്ടത്‌. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമേ അത്‌ പ്രചരിപ്പിക്കാൻ തുനിയാവൂ.

 ആരെങ്കിലും സോഷ്യൽ മീഡിയകളിൽ ഫോർ വേഡ്‌ ചെയ്യുന്ന പല മെസേജുകളും യാഥാർത്ഥ്യം അന്വേഷിക്കാതെ മറ്റുള്ളവരുമായി പങ്കുവെക്കുന്നവർ മേൽ വചനത്തിന്റെ ഗൗരവം ഉൾക്കൊള്ളേണ്ടതുണ്ട്‌. ഊഹങ്ങളുടേയും അസത്യങ്ങളുടേയും പ്രചാരകരാവരുത്‌ മുസ്‌ലിംകൾ. അറിഞ്ഞകാര്യം ഉത്തരവാദപ്പെട്ട നേതാക്കളോടോ കാര്യപ്രാപ്തിയുള്ള വ്യക്തികളോടോ കൂടിയാലോചിച്ച്‌ സമൂഹത്തിൽ ഗുണകരമാകുന്ന തരത്തിൽ മാത്രമേ പ്രചരിപ്പിക്കാവൂ. നമുക്ക്‌ മനസ്സിലാകത്തക്കകാര്യം അറിവുള്ളവരോട്‌ ആരാഞ്ഞ്‌ മനസ്സിലുറപ്പിക്കണം. "കേട്ടതെല്ലാം പ്രചരിപ്പിക്കുന്ന സ്വഭാവം മാത്രം മതി ഒരാൾ കുറ്റവാളിയായിത്തീരാൻ" എന്ന് നബി (സ) പഠിപ്പിക്കുന്നു. ''നിങ്ങൾ ഊഹത്തിന്റെ പിന്നാലെ പോകരുത്‌. ഊഹം വലിയ കളവാകാം" എന്നു ഇസ്‌ലാമിക അധ്യാപനങ്ങളിൽ കാണാം. അസത്യവും അർദ്ധസത്യവും പ്രചരിപ്പിക്കുന്നത്‌ പിശാചിനെ സഹായിക്കലാണ്. സമൂഹത്തിൽ ദൂരവ്യാപകമായ വിപത്തുകൾ സൃഷ്ടിക്കാൻ അത്‌ കാരണമാവും. പിശാച്‌ വിജയിക്കുന്ന സാഹചര്യം ഉടലെടുക്കും. അതിനാൽ എന്ത്‌ കേട്ടാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കണം.

By പി അബ്ദു സലഫി @ പുടവ