നന്മകൾക്ക്‌ പ്രചോദനമാവുക

''വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.'' [അദ്ധ്യായം 4 നിസാഅ് 85]

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് മനുഷ്യർ. ആത്മപ്രേരണയാലും പരപ്രേരണ കൊണ്ടും കാര്യങ്ങൾ ചെയ്യുന്നവരുണ്ട്‌. പൊതുവേ ചെറുതും ലളിതവുമായ കാര്യങ്ങൾ സ്വയം ചെയ്യാൻ തയ്യാറാവുന്നവർ, സങ്കീർണ്ണവും ത്യാഗപൂർണ്ണവുമായ കാര്യങ്ങൾ മറ്റുള്ളവരുടെ പ്രേരണകളും മാതൃകകളും ഉണ്ടാവുമ്പോഴാണ് പ്രവർത്തിക്കാറുള്ളത്‌. മറ്റുള്ളവരെ നന്മയിലേക്ക്‌ ആകർഷിക്കാൻ ഉപയുക്തമായ പ്രവർത്തനങ്ങളും പ്രേരണകളും നമ്മിൽ നിന്നുണ്ടാവണം. ഇത്‌ നന്മകളുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് മാത്രമല്ല; നന്മകളെ നമ്മുടെ പങ്കാളിത്തം ഉറപ്പിക്കുന്നതും പ്രതിഫലം നേടിത്തരുന്നതുമായിരിക്കും. വ്യക്തിക്കും സമൂഹത്തിനും നാടിനും ഗുണകരമായ കാര്യങ്ങൾ ഉണ്ടാവുന്നതിനു വേണ്ടിയുള്ള നമ്മുടെ പ്രോൽസാഹനങ്ങളും ശുപാർശകളും നിർദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഒരാൾ നല്ല തരത്തിലുള്ള വല്ല ശുപാർശകളും ഒരാൾക്ക്‌ വേണ്ടി നിർവ്വഹിച്ചാൽ അതിന്റെ ഗുണങ്ങളിൽ നിന്നുള്ള ഒരു വിഹിതവും ചീത്തയായ കാര്യങ്ങൾക്ക്‌ വേണ്ടി ശുപാർശയും പ്രേരണയും നടത്തിയാൽ അതിന്റെ തിന്മകളിൽ നിന്നുള്ള ഒരു പങ്കും അവനു ലഭ്യമായിത്തീരും എന്ന് അല്ലാഹു അറിയിക്കുന്നു. കാരണം അവന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമായാണ് ആ നന്മയും തിന്മയും നിലവിൽ വരുന്നത്‌.

നല്ല ഒരു കാര്യത്തിന്ന് വേണ്ടി നാം നടത്തുന്ന ഉപദേശനിർദ്ദേശങ്ങൾ, പ്രേരണകൾ, പ്രോൽസാഹനങ്ങൾ, പ്രാർത്ഥനകൾ, സഹായങ്ങൾ എല്ലാം നമ്മെ ആ നന്മയുടെ ഭാഗമാക്കിത്തീർക്കുന്നതാണ്. അതിന്റെ പ്രതിഫലം മരണാനന്ത ജീവിതത്തിലേക്ക്‌പോലും നമുക്ക്‌ ലഭ്യമായിത്തീരുന്നു. എന്നാൽ ചീത്തയായ കാര്യത്തിനാണ് നമ്മുടെ ശുപാർശയും ഒത്താശയും പ്രോൽസാഹനവും നിമിത്തമാവുന്നതെങ്കിൽ നാം ഏറെ ഭയപ്പെടേണ്ടതുണ്ട്‌. കാരണം നാമും ആ തെറ്റിൽ അറിയാതെ പങ്കാളിയായിത്തീരുകയാണ്.

"നീ മുഖേന ഒരാൾ സന്മാർഗ്ഗത്തിലായാൽ ഈ ലോകത്തെ മുഴുവൻ സ്വത്തും ലഭിക്കുന്നതേക്കാൾ നല്ലതാണ്" എന്ന് നബി (സ) പഠിപ്പിക്കുന്നു. നന്മകളുടെ മാതൃകകളായി ജീവിക്കാനും നന്മയും ക്ഷമയും പരസ്പരം ഉപദേശിച്ച്‌ സൽകർമ്മ ജീവിതത്തിന് വഴികാട്ടാനുമായിരിക്കണം ഒരു വിശ്വാസിയുടെ ശ്രമം. നാം ചെയ്യുന്ന ഓരോ കാര്യവും അല്ലാഹുവിന്റെ മേൽനോട്ടത്തിലാണ് എന്നോർക്കുക. അവൻ നമ്മുടെ അകവും പുറവും കണ്ടുകൊണ്ടിരിക്കുന്നു. അതിനാൽ നമ്മുടെ വാക്കും പ്രവൃത്തിയും മറ്റുള്ളവരിൽ നന്മകൾ വളർത്താൻ പര്യാപ്തമാവുന്നതാകട്ടെ.

By അബ്‌ദു സലഫി @ പുടവ മാസിക